നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള “നിർമലഭാഷ” നമുക്കെങ്ങനെ ഒഴുക്കോടെ സംസാരിക്കാം? (സെഫ. 3:9, NW)
ഏതൊരു ഭാഷയുടെയും കാര്യത്തിലെന്നപോലെ നിർമലഭാഷയും ഒഴുക്കോടെ സംസാരിക്കാൻ നാം ശ്രദ്ധിച്ചു കേൾക്കണം, ഒഴുക്കോടെ സംസാരിക്കുന്നവരെ അനുകരിക്കണം, ബൈബിൾ പുസ്‌തകങ്ങളുടെ പേരുകളും ചില ബൈബിൾ വാക്യങ്ങളും മനഃപാഠമാക്കണം, പഠിക്കുന്ന കാര്യങ്ങൾ കൂടെക്കൂടെ മനസ്സിലേക്കു കൊണ്ടുവരണം, ഉച്ചത്തിൽ വായിക്കണം, സത്യത്തിന്റെ ‘വ്യാകരണം’ അഥവാ മാതൃക മനസ്സിലാക്കണം, പുരോഗതി വരുത്തിക്കൊണ്ടിരിക്കണം, പഠനത്തിനായി സമയം വേർതിരിക്കണം, സംസാരിച്ച് പരിശീലിക്കണം.—8/15, പേജ് 21-25.
• വിവാഹബന്ധത്തിൽ “മുപ്പിരിച്ചരട്” എന്ന പ്രയോഗത്തിന്റെ അർഥമെന്ത്?
“മുപ്പിരിച്ചരട്” എന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്. (സഭാ. 4:12) വിവാഹബന്ധത്തിൽ ഭാര്യയും ഭർത്താവുമാണ് രണ്ട് ഇഴകൾ. മൂന്നാമത്തെ ഇഴ ദൈവവും. ദമ്പതികൾക്ക് യഹോവയുമായി അടുത്തബന്ധം ഉണ്ടായിരുന്നാൽ മാത്രമേ പ്രശ്‌നങ്ങൾ നേരിടാനുള്ള ആത്മീയബലം ലഭിക്കൂ. സന്തുഷ്ട ദാമ്പത്യത്തിന്റെ താക്കോൽ അതാണ്.—9/15, പേജ് 16.
• എബ്രായർ 6:1-ൽ പറഞ്ഞിരിക്കുന്ന “കൈവെപ്പ്” എന്തിനെ അർഥമാക്കുന്നു?
മൂപ്പന്മാരുടെ നിയമനത്തെയല്ല, പുതുതായി വിശ്വാസികളായവർക്കു പരിശുദ്ധാത്മാവിന്റെ വരം ലഭിക്കേണ്ടതിന് അവരുടെമേൽ കൈവെപ്പു നടത്തുന്നതിനെയാണ് ഇത് അർഥമാക്കുന്നത്. (പ്രവൃ. 8:14-17; 19:6)—9/15, പേജ് 32.
• നേതൃത്വമെടുക്കുന്നവർക്ക് മറ്റു സഹോദരങ്ങളോട് എങ്ങനെ ബഹുമാനം കാണിക്കാം?
തനിക്കു ചെയ്യാൻ പറ്റാത്ത ഒരു കാര്യം ചെയ്യാൻ മറ്റുള്ളവരോട് ആവശ്യപ്പെടാതിരിക്കുക എന്നതാണ് ഒരു മാർഗം. സഹോദരങ്ങളോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുകയോ ഒരു നിർദേശം നൽകുകയോ ചെയ്യുമ്പോൾ മൂപ്പന്മാർ അതിന്റെ കാരണംകൂടി വ്യക്തമാക്കും.—10/15, പേജ് 22.
• ഇസ്രായേലിലെ ഇടയന്മാർ ഒരറ്റം വളഞ്ഞ കോൽ ഉപയോഗിച്ചിരുന്നു എന്ന വസ്‌തുതയിൽനിന്ന് ക്രിസ്‌തീയ മൂപ്പന്മാർക്ക് എന്തു പഠിക്കാം?
ആടുകളെ നയിച്ചുകൊണ്ടുപോകുന്നതിന് ഇടയന്മാർ ഒരറ്റം വളഞ്ഞ നീണ്ട കോൽ ഉപയോഗിച്ചിരുന്നു. അവയെ തൊഴുത്തിലേക്കു കയറ്റുമ്പോഴോ ഇറക്കുമ്പോഴോ “കോലിൻ കീഴെ കടന്നുപോകുന്ന” ഒരോന്നിനെയും എണ്ണാൻ ഇടയനു സാധിച്ചിരുന്നു. (ലേവ്യ. 27:32) സമാനമായി ക്രിസ്‌തീയ ഇടയന്മാർ തങ്ങളുടെ പരിപാലനയിലുള്ള ആടുകളെ അറിയുന്നവരും അവരുടെ കാര്യത്തിൽ ശ്രദ്ധയുള്ളവരും ആയിരിക്കണം.—11/15, പേജ് 9.