വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ നിഷ്‌കളങ്കപാതയിൽ നടക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങൾ നിഷ്‌കളങ്കപാതയിൽ നടക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങൾ നിഷ്‌കളങ്കപാതയിൽ നടക്കേണ്ടത്‌ എന്തുകൊണ്ട്‌?

‘യഹോവേ, എന്റെ പരമാർഥതയ്‌ക്കു തക്കവണ്ണം എന്നെ വിധിക്കേണമേ.’—സങ്കീ. 7:8.

1, 2. ക്രിസ്‌ത്യാനികളുടെ നിഷ്‌കളങ്കത പരിശോധിക്കുന്ന ചില സാഹചര്യങ്ങൾ ഏവ?

പിൻവരുന്ന മൂന്നു രംഗങ്ങളൊന്നു ഭാവനയിൽ കാണുക. ഒരു സ്‌കൂൾ വിദ്യാർഥിയെ സഹപാഠികൾ പിറകെനടന്നു ശല്യം ചെയ്യുന്നു; അസഭ്യം പറഞ്ഞുകൊണ്ടോ വഴക്കുണ്ടാക്കിക്കൊണ്ടോ അവൻ അതേ നാണയത്തിൽ തിരിച്ചടിക്കുമോ, അതോ ഒന്നുംമിണ്ടാതെ അവിടംവിട്ടു പോകുമോ? ഇന്റർനെറ്റിൽ ചില വിവരങ്ങൾ തിരയുകയാണ്‌ ഒരു ഭർത്താവ്‌; അദ്ദേഹം ഇപ്പോൾ വീട്ടിൽ തനിച്ചാണ്‌. ഒരു അശ്ലീല വെബ്‌സൈറ്റിലേക്കു നയിക്കുന്ന ‘വിൻഡോ’ അദ്ദേഹത്തിന്റെ മുന്നിൽ തെളിഞ്ഞുവരുന്നു. അദ്ദേഹം ആ സൈറ്റ്‌ തുറന്നുനോക്കുമോ അതോ ഒരു കാരണവശാലും അത്‌ തുറക്കില്ലെന്ന്‌ ഉറപ്പുവരുത്തുമോ? ഒരു സഹോദരി മറ്റു ചില സഹോദരിമാരോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കുന്നു. സാവധാനത്തിൽ ആ സംഭാഷണം അപവാദം പറച്ചിലായി മാറുന്നു. അവൾ അതിൽ പങ്കുചേരുമോ അതോ വിഷയം മാറ്റാൻ ശ്രമിക്കുമോ?

2 ഈ മൂന്നു സാഹചര്യങ്ങളും വ്യത്യസ്‌തമാണെങ്കിലും ഇവയിലെല്ലാം പൊതുവായ ഒന്നുണ്ട്‌: അവർ ദൈവമുമ്പാകെ നിഷ്‌കളങ്കരായി, വിശ്വസ്‌തരായി നടക്കുമോ എന്ന്‌ പരിശോധിച്ച സാഹചര്യങ്ങളായിരുന്നു അവ. ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങൾ—ആകുലതകളും ആവശ്യങ്ങളും ലക്ഷ്യങ്ങളും മറ്റും—കൈകാര്യം ചെയ്യുമ്പോൾ നിങ്ങളുടെ നിഷ്‌കളങ്കത അല്ലെങ്കിൽ വിശ്വസ്‌തത അതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? സൗന്ദര്യം, ആരോഗ്യം, സുഹൃദ്‌ബന്ധങ്ങൾ, ജീവിതപ്രാരബ്ധങ്ങൾ; ഇവയെക്കുറിച്ചൊക്കെ ചിന്തിക്കാൻ ആളുകൾ വളരെയധികം സമയം ചെലവഴിക്കുന്നു. നമ്മുടെ കാര്യത്തിലും ഇത്‌ സത്യമായിരുന്നേക്കാം. എന്നാൽ യഹോവ നമ്മുടെ ഹൃദയങ്ങളെ ശോധനചെയ്യുമ്പോൾ വിശേഷിച്ചും എന്തു കാണാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌? (സങ്കീ. 139:23, 24) നമ്മുടെ നിഷ്‌കളങ്കത.

3. എന്തു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്കു നൽകിയിരിക്കുന്നു, ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

3 “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്ന യഹോവ നമുക്കോരോരുത്തർക്കും വിവിധങ്ങളായ സമ്മാനങ്ങൾ നൽകിയിരിക്കുന്നു. (യാക്കോ. 1:17) ശരീരം, മനസ്സ്‌, ആരോഗ്യം, പ്രാപ്‌തികൾ എന്നിങ്ങനെ നമുക്കുള്ളതെല്ലാം അവന്റെ ദാനമാണ്‌. (1 കൊരി. 4:7) എന്നിരുന്നാലും നിഷ്‌കളങ്കരായി, വിശ്വസ്‌തതയോടെ നടക്കണമെന്നൊന്നും യഹോവ ആരെയും നിർബന്ധിക്കുന്നില്ല; ആ തീരുമാനം അവൻ നമുക്കു വിട്ടിരിക്കുന്നു. (ആവ. 30:19) അങ്ങനെയെങ്കിൽ ദൈവമുമ്പാകെ നിഷ്‌കളങ്കരായി അഥവാ നിർമലരായി നടക്കുക എന്നു പറഞ്ഞാൽ എന്താണ്‌ അർഥമാക്കുന്നതെന്ന്‌ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്‌ അതിപ്രധാനമായിരിക്കുന്നതിന്റെ മൂന്നു കാരണങ്ങളും നാം ചിന്തിക്കുന്നതായിരിക്കും.

നിഷ്‌കളങ്കത: തിരുവെഴുത്തുവീക്ഷണം

4. നിഷ്‌കളങ്കത എന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു, മൃഗയാഗങ്ങളോടു ബന്ധപ്പെട്ട്‌ യഹോവ നൽകിയിരുന്ന നിയമം നമ്മെ എന്തു പഠിപ്പിക്കുന്നു?

4 നിഷ്‌കളങ്കത, പരമാർഥത എന്നൊക്കെ കേൾക്കുമ്പോൾ മിക്കവരും സത്യസന്ധതയെക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്‌. നിഷ്‌കളങ്കതയിൽ സത്യസന്ധത ഉൾപ്പെടുന്നുണ്ടെങ്കിലും, പിഴവറ്റതും തികഞ്ഞതുമായ ധാർമികതയെ അഥവാ സദാചാരനിഷ്‌ഠയെ സൂചിപ്പിക്കാനാണ്‌ ഈ വാക്കുകൾ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നത്‌. ദൈവത്തോടുള്ള പൂർണ വിശ്വസ്‌തതയിൽ നിന്നുളവാകുന്ന ഒരു ഗുണമാണ്‌ നിഷ്‌കളങ്കത എന്നു പറയാനാകും. പൂർണമായ, കുറ്റമറ്റ, ഊനമില്ലാത്ത എന്നൊക്കെ അർഥമുള്ള എബ്രായ വാക്കുകളിൽനിന്നാണ്‌ നിഷ്‌കളങ്കത, പരമാർഥത എന്നീ വാക്കുകൾ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. യഹോവയ്‌ക്കു വഴിപാടുകഴിക്കുന്നതുമായി ബന്ധപ്പെട്ടു നൽകിയ ഒരു നിയമത്തിൽ ഈ വാക്കുകളിലൊന്ന്‌ കാണാനാകും. ഊനമില്ലാത്ത അഥവാ വൈകല്യമില്ലാത്ത യാഗമൃഗത്തെ അർപ്പിച്ചാൽ മാത്രമേ യഹോവ പ്രസാദിക്കുമായിരുന്നുള്ളൂ. (ലേവ്യപുസ്‌തകം 22:19, 20 വായിക്കുക.) മുടന്തുള്ളതോ ദീനംപിടിച്ചതോ കണ്ണുപൊട്ടിയതോ ആയ മൃഗങ്ങളെ യാഗം അർപ്പിച്ചുകൊണ്ട്‌ തന്റെ നിയമം കാറ്റിൽപ്പറത്തിയവരെ യഹോവ നിശിതമായി വിമർശിച്ചു.—മലാ. 1:6-8.

5, 6. (എ) പൂർണതയുള്ളവയെ നാം വിലമതിക്കുന്നുവെന്ന്‌ ഏതൊക്കെ ഉദാഹരണങ്ങൾ കാണിക്കുന്നു? (ബി) അപൂർണ മനുഷ്യരുടെ കാര്യത്തിൽ നിഷ്‌കളങ്കതയും പൂർണതയും തമ്മിലുള്ള ബന്ധം എന്ത്‌?

5 പൂർണതയുള്ള എന്തിനെങ്കിലുംവേണ്ടി അന്വേഷിക്കുന്നതോ അതിനു വിലകൽപ്പിക്കുന്നതോ അസാധാരണമായ ഒരു കാര്യമല്ല. ഉദാഹരണത്തിന്‌ ഒരു പുസ്‌തകപ്രേമി വളരെക്കാലത്തെ അന്വേഷണത്തിനുശേഷം, താൻ തേടിനടന്ന ഒരു പുസ്‌തകം കണ്ടെത്തുന്നു. എന്നാൽ അതു മറിച്ചുനോക്കിയപ്പോഴാണ്‌ പ്രധാനപ്പെട്ട ചില താളുകൾ നഷ്ടപ്പെട്ടിരിക്കുന്നതായി മനസ്സിലാകുന്നത്‌. നിരാശയോടെ അദ്ദേഹം അത്‌ തിരിച്ചുവെക്കുന്നു. കടൽത്തീരത്തടിയുന്ന മനോഹരമായ ചിപ്പികൾ പെറുക്കിയെടുക്കുന്ന ഒരു സ്‌ത്രീയെ മനസ്സിൽക്കാണുക. അവയുടെ ഭംഗിയും വൈവിധ്യവും അവളെ ആകർഷിക്കുന്നു. എന്നാൽ എങ്ങനെയുള്ള ചിപ്പികളായിരിക്കും അവൾ സൂക്ഷിച്ചുവെക്കുക? പൊട്ടലുകൾ ഒന്നുമില്ലാത്ത, കുറ്റമറ്റ ചിപ്പികൾ. ഇതുപോലെ ദൈവവും, ‘കുറ്റമറ്റ ഹൃദയമുള്ളവരെയാണ്‌’ തിരയുന്നത്‌.—2 ദിന. 16:9, ഓശാന ബൈബിൾ.

6 എന്നാൽ കുറ്റമറ്റ ഹൃദയമുള്ളവരായിരിക്കുന്നതിന്‌, നിഷ്‌കളങ്കരായിരിക്കുന്നതിന്‌ നമുക്കു പൂർണത വേണമെന്നുണ്ടോ? പാപവും അപൂർണതയും നമ്മെ താളുകൾ നഷ്ടമായ പുസ്‌തകത്തിന്റെയോ പൊട്ടിയ ചിപ്പികളുടെയോ സ്ഥിതിയിലാക്കിയെന്ന്‌ ചിലരെങ്കിലും ചിന്തിക്കുന്നു. നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചിന്തിക്കാനിടയായിട്ടുണ്ടോ? നാം എല്ലാ അർഥത്തിലും പൂർണരായിരിക്കണമെന്ന്‌ യഹോവ പ്രതീക്ഷിക്കുന്നില്ല എന്നോർക്കുക. നമുക്കു ചെയ്യാനാവുന്നതിന്‌ അപ്പുറം യഹോവ നമ്മിൽനിന്ന്‌ ആഗ്രഹിക്കുന്നില്ല. * (സങ്കീ. 103:14; യാക്കോ. 3:2) എന്നിരുന്നാലും നാം നിഷ്‌കളങ്കരായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ പൂർണതയും നിഷ്‌കളങ്കതയും തമ്മിൽ എന്തു ബന്ധമാണുള്ളത്‌? ഈ ദൃഷ്ടാന്തം നോക്കുക: തന്റെ പ്രതിശ്രുതവധു എല്ലാം തികഞ്ഞവളായിരിക്കണമെന്ന്‌ ഒരു ചെറുപ്പക്കാരൻ ചിന്തിച്ചാൽ അത്‌ എത്ര ബുദ്ധിശൂന്യമായിരിക്കും! എന്നാൽ അവൾക്കു തന്നോടുള്ള സ്‌നേഹം നിഷ്‌കളങ്കമായിരിക്കണം, അവൾ തന്നെ മാത്രമേ പ്രണയിക്കാവൂ എന്ന്‌ അയാൾ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടും ഉചിതമാണ്‌. യഹോവ നമ്മിൽനിന്ന്‌ സമ്പൂർണഭക്തി പ്രതീക്ഷിക്കുന്നത്‌ സമാനമായ ഒരു വിധത്തിലാണ്‌. (പുറ. 20:5) നാം പൂർണരായിരിക്കാനല്ല, മറിച്ച്‌ തന്നെ മാത്രം ആരാധിച്ചുകൊണ്ട്‌ മുഴുഹൃദയാ തന്നെ സ്‌നേഹിക്കണം എന്നാണ്‌ അവൻ ആഗ്രഹിക്കുന്നത്‌.

7, 8. (എ) നിഷ്‌കളങ്കതയുടെ കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു? (ബി) തിരുവെഴുത്തുകളുടെ വീക്ഷണത്തിൽ എന്താണു നിഷ്‌കളങ്കത?

7 എല്ലാറ്റിലും മുഖ്യ കൽപ്പന ഏത്‌ എന്ന ചോദ്യത്തിന്‌ യേശു നൽകിയ ഉത്തരം നാം ഇപ്പോൾ ഓർമിച്ചേക്കാം. (മർക്കൊസ്‌ 12:28-30 വായിക്കുക.) കേവലം ഉത്തരം കൊടുക്കുക മാത്രമല്ല അവൻ ചെയ്‌തത്‌, അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌തു. യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടെ സ്‌നേഹിച്ചതിന്റെ മകുടോദാഹരണമാണ്‌ അവന്റെ ജീവിതം. വെറും വാക്കുകളല്ല ശുദ്ധമായ ആന്തരത്തിൽനിന്ന്‌ ഉത്ഭവിക്കുന്ന സത്‌പ്രവൃത്തികളാണ്‌ നിഷ്‌കളങ്കതയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ അവൻ തെളിയിച്ചു. അതുകൊണ്ട്‌ നിഷ്‌കളങ്കരായിരിക്കണമെങ്കിൽ നാം യേശുവിന്റെ കാലടികൾ പിന്തുടരേണ്ടതുണ്ട്‌.—1 പത്രൊ. 2:21.

8 തിരുവെഴുത്തുകളുടെ വീക്ഷണത്തിൽ നിഷ്‌കളങ്കതയെ ഇങ്ങനെ നിർവചിക്കാം: സ്വർഗീയപിതാവായ യഹോവയാം ദൈവത്തോടു മാത്രമുള്ള ഹൃദയംനിറഞ്ഞ ഭക്തി, അവന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോടുള്ള വിശ്വസ്‌തമായ പറ്റിനിൽപ്പ്‌. നിഷ്‌കളങ്കരായി നടക്കുക എന്നാൽ, നിത്യജീവിതത്തിൽ എല്ലാറ്റിനുംമേലായി യഹോവയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുക എന്നാണ്‌ അർഥം. അവന്റെ മുൻഗണനകൾക്കു ചേർച്ചയിലായിരിക്കണം എല്ലായ്‌പോഴും നമ്മുടെ മുൻഗണനകൾ. നിഷ്‌കളങ്കത പ്രധാനമായിരിക്കുന്നതിന്റെ മൂന്നു കാരണങ്ങൾ നമുക്കു നോക്കാം.

1. നമ്മുടെ നിഷ്‌കളങ്കതയും പരമാധികാര വിവാദവും

9. നമ്മുടെ നിഷ്‌കളങ്കതയും പരമാധികാര വിവാദവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

9 യഹോവയുടെ പരമാധികാരം നിലനിൽക്കുന്നത്‌ നമ്മുടെ നിഷ്‌കളങ്കതയെ ആശ്രയിച്ചല്ല. അത്‌ നീതിയുക്തവും അനശ്വരവും സാർവത്രികവുമാണ്‌. അത്‌ എന്നും അങ്ങനെതന്നെ ആയിരിക്കും, ആര്‌ എന്തു പറഞ്ഞാലും ചെയ്‌താലും. എന്നിരുന്നാലും സ്വർഗത്തിലും ഭൂമിയിലും അവന്റെ പരമാധികാരം വലിയ അളവിൽ നിന്ദിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അവന്റെ ഭരണത്തിന്മേൽവീണ നിന്ദ നീക്കപ്പെടേണ്ടതുണ്ട്‌. അത്‌ ഉചിതവും നീതിപൂർവകവും സ്‌നേഹത്താൽ പ്രേരിതവും ആണെന്ന്‌ ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളുടെയും മുമ്പാകെ തെളിയിക്കപ്പെടുകയും വേണം. കേൾക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളോടും ദൈവത്തിന്റെ പരമാധികാരത്തെക്കുറിച്ചു പറയാൻ യഹോവയുടെ സാക്ഷികളായ നമുക്കു സന്തോഷമേയുള്ളൂ. ഈ വിവാദവിഷയത്തിൽ നമ്മുടെ നിലപാടു വ്യക്തമാക്കാൻ നമുക്കോരോരുത്തർക്കും എന്തു ചെയ്യാനാകും? യഹോവയാണ്‌ നമ്മുടെ പരമാധികാരി എന്ന്‌ നാം എങ്ങനെ തെളിയിക്കും? നമ്മുടെ നിഷ്‌കളങ്കത മുറുകെപ്പിടിച്ചുകൊണ്ട്‌.

10. മനുഷ്യരുടെ നിഷ്‌കളങ്കത സംബന്ധിച്ച്‌ സാത്താൻ ഏത്‌ ആരോപണം ഉന്നയിച്ചിരിക്കുന്നു, നിങ്ങൾ അതിനോട്‌ എങ്ങനെ പ്രതികരിക്കും?

10 നമ്മുടെ ഓരോരുത്തരുടെയും നിഷ്‌കളങ്കത ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ദൂതന്മാരുടെ ഒരു വലിയ സംഘത്തിനുമുമ്പാകെ പിശാച്‌ യഹോവയോടു പറഞ്ഞു: “ത്വക്കിന്നു പകരം ത്വക്ക്‌; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.” (ഇയ്യോ. 2:4) യഹോവയുടെ പരമാധികാരത്തിനുവേണ്ടി ഒരു മനുഷ്യൻപോലും നിലയുറപ്പിക്കില്ലെന്ന്‌ അതായത്‌ ആരും നിസ്സ്വാർഥമായി യഹോവയെ സേവിക്കില്ലെന്നായിരുന്നു ഫലത്തിൽ അവൻ അവകാശപ്പെട്ടത്‌. സാത്താൻ ഈ ആരോപണം ഇയ്യോബിൽ ഒതുക്കിനിറുത്തിയില്ലെന്നതു ശ്രദ്ധിക്കുക, പകരം ഒരു പൊതുതത്ത്വം ആയിട്ടാണ്‌ അവൻ അത്‌ അവതരിപ്പിച്ചത്‌. അതുകൊണ്ട്‌ ‘നമ്മുടെ സഹോദരന്മാരെ കുറ്റം ചുമത്തുന്ന അപവാദി’ എന്ന്‌ ബൈബിൾ അവനെ വിളിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. (വെളി. 12:10) നിങ്ങളുൾപ്പെടെ, ക്രിസ്‌ത്യാനികളാരും വിശ്വസ്‌തരായിരിക്കില്ല എന്ന്‌ വാദിച്ചുകൊണ്ട്‌ അവൻ യഹോവയെ പരിഹസിക്കുന്നു. സ്വന്തം ജീവൻ രക്ഷിക്കുന്നതിനുവേണ്ടി യഹോവയെ തള്ളിപ്പറയണമെങ്കിൽ നിങ്ങൾ അതും ചെയ്യുമെന്ന്‌ സാത്താൻ ആരോപിക്കുന്നു. നിങ്ങൾക്കെതിരെ നിരത്തിയിരിക്കുന്ന ഈ ആരോപണങ്ങളോട്‌ നിങ്ങൾ എങ്ങനെ പ്രതികരിക്കും? സാത്താന്റെ ആരോപണങ്ങൾ പൊള്ളയാണെന്നു തെളിയിക്കാനുള്ള അവസരം നിങ്ങൾ ഇരുകൈയുംനീട്ടി സ്വീകരിക്കില്ലേ? നിഷ്‌കളങ്കത കൈവിടാതിരിക്കുന്നെങ്കിൽ സാത്താൻ ഒരു നുണയനാണെന്നു നിശ്ചയമായും നിങ്ങൾക്കു തെളിയിക്കാനാകും.

11, 12. (എ) അനുദിന തീരുമാനങ്ങൾ നിഷ്‌കളങ്കതയുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്ന്‌ ഉദാഹരിക്കുക. (ബി) നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുന്നത്‌ ഒരു പദവിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 നമ്മുടെ നിഷ്‌കളങ്കത ഉൾപ്പെട്ടിരിക്കുന്നതിനാൽ നിത്യജീവിതത്തിലെ നമ്മുടെ ഓരോ തിരഞ്ഞെടുപ്പും ഓരോ പ്രവൃത്തിയും പ്രാധാന്യമുള്ളതാണ്‌. തുടക്കത്തിൽ പരാമർശിച്ച മൂന്നു സാഹചര്യങ്ങൾ ഒരിക്കൽക്കൂടി പരിഗണിക്കാം. അവർക്കെങ്ങനെ നിഷ്‌കളങ്കത മുറുകെപ്പിടിക്കാനാകുമായിരുന്നു? തന്നെ ശല്യംചെയ്‌ത സഹപാഠികൾക്കുനേരെ തട്ടിക്കയറാൻ അവനു ശരിക്കും പ്രലോഭനം ഉണ്ടായി. എന്നാൽ, “പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും” എന്ന ഉദ്‌ബോധനം അവൻ ഓർത്തു. (റോമ. 12:19) അവൻ അവിടെനിന്നു പോകുന്നു. ഇന്റർനെറ്റ്‌ ഉപയോഗിക്കുകയായിരുന്ന ആ ഭർത്താവിന്‌ വേണമെങ്കിൽ ലൈംഗികവികാരങ്ങൾ ഉണർത്തുന്ന ആ സൈറ്റിലേക്കു പോകാമായിരുന്നു; എന്നാൽ, “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” എന്ന ഇയ്യോബിന്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്ന തത്ത്വം അദ്ദേഹത്തിന്റെ മനസ്സിലെത്തി. (ഇയ്യോ. 31:1) തന്റെ കണ്ണുകൾ അശ്ലീലദൃശ്യങ്ങളിൽ വ്യാപരിക്കാൻ അദ്ദേഹം അനുവദിച്ചില്ല, വിഷംപോലെ വർജ്യമായിരുന്നു അദ്ദേഹത്തിന്‌ അത്‌. മറ്റൊരാളെക്കുറിച്ചുള്ള അപവാദം കേൾക്കാനിടയായ സഹോദരി അതിൽ പങ്കുചേരാതെ പിൻവരുന്ന നിർദേശം അനുസരിക്കാൻ തീരുമാനിച്ചു: “നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.” (റോമ. 15:2) അപവാദം ഒരിക്കലും അതിന്‌ ഇരയാകുന്നവരുടെ ആത്മികവർധനയ്‌ക്ക്‌ ഉതകില്ല, അത്‌ അവരുടെ സത്‌പേര്‌ നശിപ്പിക്കുകയും ചെയ്യും. എന്നുതന്നെയല്ല അത്‌ യഹോവയ്‌ക്ക്‌ അനിഷ്ടവുമാണ്‌. അതുകൊണ്ട്‌ അവൾ സ്വയം നിയന്ത്രിക്കുന്നു, വിഷയം മാറ്റുന്നു.

12 ഈ മൂന്നുപേരും ഫലത്തിൽ ഇങ്ങനെ പറയുകയായിരുന്നു: ‘യഹോവയാണ്‌ എന്റെ പരമാധികാരി, ഇക്കാര്യത്തിൽ അവനെ പ്രസാദിപ്പിക്കാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌.’ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളിലൂടെയും തീരുമാനങ്ങളിലൂടെയും യഹോവയെ പ്രസാദിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? അങ്ങനെ ചെയ്യുന്നെങ്കിൽ സദൃശവാക്യങ്ങൾ 27:11-ലെ “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്ന ഹൃദയോഷ്‌മളമായ വാക്കുകൾക്കു ചേർച്ചയിൽ ജീവിക്കുകയായിരിക്കും നിങ്ങൾ. ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക; എത്ര വലിയ പദവി! നിഷ്‌കളങ്കത കാത്തുസൂക്ഷിക്കാനുള്ള ഓരോ ശ്രമവും മൂല്യവത്താണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?

2. ദിവ്യന്യായവിധിയുടെ അടിസ്ഥാനം

13. യഹോവ നമ്മെ ന്യായംവിധിക്കുന്നത്‌ നിഷ്‌കളങ്കതയുടെ അടിസ്ഥാനത്തിലാണെന്ന്‌ ഇയ്യോബിന്റെയും ദാവീദിന്റെയും വാക്കുകൾ സൂചിപ്പിക്കുന്നത്‌ എങ്ങനെ?

13 യഹോവയുടെ പരമാധികാരത്തിനുവേണ്ടി നിലകൊള്ളാൻ നിഷ്‌കളങ്കത നമ്മെ പ്രാപ്‌തരാക്കുന്നുവെന്ന്‌ നാം കണ്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിഷ്‌കളങ്കതയുടെ അടിസ്ഥാനത്തിൽ ദൈവത്തിനു നമ്മെ ന്യായംവിധിക്കാനാകും. ഈ വസ്‌തുത തിരിച്ചറിഞ്ഞ വ്യക്തിയാണ്‌ ഇയ്യോബ്‌. (ഇയ്യോബ്‌ 31:6 വായിക്കുക.) തന്റെ പൂർണതയുള്ള, നീതിനിഷ്‌ഠമായ “ഒത്ത ത്രാസിൽ” ദൈവം മനുഷ്യവർഗത്തിന്റെ നിഷ്‌കളങ്കത്വം തൂക്കിനോക്കുന്നുവെന്ന്‌ അവന്‌ അറിയാമായിരുന്നു. സമാനമായി ദാവീദും ഇങ്ങനെ പറഞ്ഞു: ‘യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർഥതയ്‌ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.’ (സങ്കീ. 7:8, 9) നമ്മുടെ “ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും” കാണാൻ അതായത്‌ നമ്മുടെ ഉള്ളറിയാൻ ദൈവത്തിനാകും. എന്നാൽ അവൻ എന്തിനുവേണ്ടിയാണ്‌ അന്വേഷിക്കുന്നത്‌? ദാവീദ്‌ പറഞ്ഞത്‌ ഓർക്കുക: യഹോവ നമ്മുടെ പരമാർഥതയ്‌ക്ക്‌ അഥവാ നിഷ്‌കളങ്കതയ്‌ക്കു തക്കവണ്ണമാണ്‌ നമ്മെ വിധിക്കുന്നത്‌.

14. പാപികളും അപൂർണരുമാണെങ്കിലും നമുക്കു നിഷ്‌കളങ്കരായിരിക്കാനാകുമോ? വിശദീകരിക്കുക.

14 ശതകോടിക്കണക്കിനുവരുന്ന മനുഷ്യഹൃദയങ്ങൾ യഹോവ പരിശോധിക്കുന്നു! (1 ദിന. 28:9) എത്രപേരെ നിഷ്‌കളങ്കരായി അവനു കണ്ടെത്താനാകും? വളരെ കുറച്ചുപേരെ മാത്രം! എന്നിരുന്നാലും നിഷ്‌കളങ്കരായിരിക്കാൻ ആകാത്തവിധം വീഴ്‌ചഭവിച്ചവരാണ്‌ നാമെന്നു ചിന്തിക്കരുത്‌. നാം അപൂർണരാണെങ്കിലും യഹോവ നമ്മെ നിഷ്‌കളങ്കരായി കണ്ടെത്തുമെന്ന്‌ ദാവീദിനെയും ഇയ്യോബിനെയും പോലെ ഉറച്ചു വിശ്വസിക്കുന്നതിന്‌ നമുക്കു നല്ല കാരണമുണ്ട്‌. പൂർണരായതുകൊണ്ടുമാത്രം നിഷ്‌കളങ്കരായി നടക്കണമെന്നു നിർബന്ധമില്ല. പൂർണരായ മൂന്നുപേർ മാത്രമേ ഈ ഭൂമുഖത്തു ജീവിച്ചിരുന്നിട്ടുള്ളൂ. അതിൽ രണ്ടുപേരും, ആദാമും ഹവ്വയും, നിഷ്‌കളങ്കരായി നടക്കുന്നതിൽ പരാജയപ്പെട്ടു. എന്നിട്ടും, ലക്ഷക്കണക്കിന്‌ അപൂർണമനുഷ്യർ അതിൽ വിജയിച്ചിരിക്കുന്നു. നിങ്ങൾക്കും അതിനാകും.

3. പ്രത്യാശയ്‌ക്ക്‌ അനിവാര്യം

15. നമ്മുടെ പ്രത്യാശയ്‌ക്കു നിഷ്‌കളങ്കത അനിവാര്യമാണെന്ന്‌ ദാവീദ്‌ കാണിച്ചുതന്നത്‌ എങ്ങനെ?

15 യഹോവ നമ്മെ ന്യായംവിധിക്കുന്നതിന്റെ അടിസ്ഥാനം നിഷ്‌കളങ്കത ആയതിനാൽ, നമ്മുടെ പ്രത്യാശയ്‌ക്കും അത്‌ അനിവാര്യമാണ്‌. ദാവീദിന്‌ ഈ സത്യം അറിയാമായിരുന്നു. (സങ്കീർത്തനം 41:12 വായിക്കുക.) ദൈവാംഗീകാരം ഉള്ളവനായി എക്കാലവും ജീവിക്കാനാകുമെന്നുള്ള പ്രതീക്ഷയെ അവൻ നിധിപോലെ കരുതി. ഇന്നത്തെ സത്യക്രിസ്‌ത്യാനികളെപ്പോലെ ദാവീദും എന്നേക്കും ജീവിക്കാൻ, യഹോവയാം ദൈവത്തെ സേവിച്ചുകൊണ്ട്‌ അവനോടു കൂടുതൽ കൂടുതൽ അടുത്തുചെല്ലാൻ ആഗ്രഹിച്ചു. ഈ ആഗ്രഹം സഫലമാകാൻ നിഷ്‌കളങ്കപാതയിൽ നടക്കേണ്ടതുണ്ടെന്ന്‌ ദാവീദ്‌ തിരിച്ചറിഞ്ഞിരുന്നു. സമാനമായി നാമും നിഷ്‌കളങ്കരായി നടക്കുമ്പോൾ യഹോവ നമ്മെ സഹായിക്കും, നമ്മെ പഠിപ്പിക്കും, നമ്മെ വഴിനയിക്കും, നമ്മെ അനുഗ്രഹിക്കും.

16, 17. (എ) നിഷ്‌കളങ്ക പാതയിൽ എന്നും നടക്കുമെന്ന്‌ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) അടുത്ത ലേഖനം ഏതൊക്കെ ചോദ്യങ്ങൾ ചർച്ചചെയ്യും?

16 ഇപ്പോഴത്തെ സന്തോഷത്തിനും പ്രത്യാശ കൂടിയേതീരൂ. പ്രയാസനാളുകളിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ സന്തോഷം പകരാൻ അതിനു കഴിയും. നമ്മുടെ ചിന്ത വഴിവിട്ടുപോകാതിരിക്കാനും അതു സഹായിക്കും. പ്രത്യാശയെ ബൈബിൾ ശിരസ്‌ത്രത്തോട്‌ ഉപമിച്ചിരിക്കുന്നു എന്ന്‌ ഓർക്കുക. (1 തെസ്സ. 5:8) അന്ത്യം കാത്തുകഴിയുന്ന ഈ ലോകത്തിൽ സാത്താൻ ഉന്നമിപ്പിക്കുന്ന നിഷേധാത്മക, അശുഭചിന്തകളിൽനിന്ന്‌ നമ്മുടെ മനസ്സിനെ സംരക്ഷിക്കാൻ പ്രത്യാശയ്‌ക്കാകും; ഒരു ശിരസ്‌ത്രം യോദ്ധാവിന്റെ തല സംരക്ഷിക്കുന്നതുപോലെ. പ്രത്യാശയില്ലാത്ത ജീവിതം നിരർഥകമാണ്‌. നാം എത്ര നിഷ്‌കളങ്കതയോടെ നടക്കുന്നു, നമ്മുടെ പ്രത്യാശ എത്ര ശക്തമാണ്‌ എന്നൊക്കെ സത്യസന്ധമായി വിലയിരുത്തേണ്ടതാണ്‌. ഓർക്കുക: നിഷ്‌കളങ്കതയോടെ നടക്കുമ്പോൾ നിങ്ങൾ യഹോവയുടെ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുകയാണ്‌; നിങ്ങളുടെ പ്രത്യാശ കാത്തുസൂക്ഷിക്കുകയാണ്‌. നിഷ്‌കളങ്കതയുടെ പാതയിൽ നടക്കാൻ എല്ലായ്‌പോഴും നിങ്ങൾക്കു കഴിയട്ടെ!

17 നിഷ്‌കളങ്കത ഇത്ര പ്രധാനമായിരിക്കുന്നതിനാൽ മറ്റു ചില ചോദ്യങ്ങൾക്കൂടി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. നമുക്കെങ്ങനെ നിഷ്‌കളങ്കത സ്വായത്തമാക്കാം, അത്‌ എങ്ങനെ നിലനിറുത്താം? നിഷ്‌കളങ്കപാതയിൽ നടക്കാൻ ഒരുവൻ എപ്പോഴെങ്കിലും പരാജയപ്പെടുന്നെങ്കിലെന്ത്‌? അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുന്നതായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 6 “നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ” എന്ന്‌ യേശു പറഞ്ഞു. (മത്താ. 5:48) ഒരു ആപേക്ഷിക അർഥത്തിൽ അപൂർണ മനുഷ്യർക്ക്‌ തികവുള്ളവരും പൂർണരും ആയിരിക്കാനാകുമെന്ന്‌ പറയുകയായിരുന്നു അവൻ. മറ്റുള്ളവരെ ഉദാരമായി സ്‌നേഹിക്കുക എന്ന കൽപ്പന നിറവേറ്റാൻ നമുക്കാകും, അങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കാനും. എന്നാൽ എല്ലാ അർഥത്തിലും പൂർണതയുള്ളവനാണ്‌ യഹോവ. ദൈവത്തോടുള്ള ബന്ധത്തിൽ ഉപയോഗിക്കുമ്പോൾ നിഷ്‌കളങ്കത എന്ന പദത്തിൽ പൂർണതയും ഉൾപ്പെടുന്നു.—സങ്കീ. 18:30.

ഉത്തരം പറയാമോ?

• എന്താണു നിഷ്‌കളങ്കത?

• നിഷ്‌കളങ്കതയും പരമാധികാര വിവാദവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

• നിഷ്‌കളങ്കത നമ്മുടെ പ്രത്യാശയ്‌ക്കു നിദാനമായിരിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[5-ാം പേജിലെ ചിത്രങ്ങൾ]

നിത്യജീവിതത്തിൽ നിഷ്‌കളങ്കത പലവിധങ്ങളിൽ പരിശോധിക്കപ്പെടുന്നു