വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരാതന ക്യൂണിഫോം രേഖകളും ബൈബിളും

പുരാതന ക്യൂണിഫോം രേഖകളും ബൈബിളും

പുരാതന ക്യൂണിഫോം രേഖകളും ബൈബിളും

ബാബേലിൽവെച്ച്‌ ദൈവം ഭാഷ കലക്കിയതിനുശേഷം വിവിധങ്ങളായ എഴുത്തുരീതികൾ മനുഷ്യൻ വികസിപ്പിച്ചെടുത്തു. മെസൊപ്പൊത്താമ്യയിൽ ജീവിച്ചിരുന്ന സുമേറിയക്കാരും ബാബിലോണിയരും ക്യൂണിഫോം രീതി അവലംബിച്ചു. ആപ്പിന്റെ ആകൃതിയിലുള്ള എന്ന്‌ അർഥം വരുന്ന ലാറ്റിൻ പദത്തിൽനിന്നാണ്‌ ക്യൂണിഫോം എന്ന വാക്കിന്റെ ഉത്ഭവം. നാരായംകൊണ്ട്‌ കളിമൺ ഫലകത്തിൽ ത്രികോണാകൃതിയിൽ അഥവാ ആപ്പിന്റെ ആകൃതിയിൽ അടയാളം പതിക്കുന്നതിനെ ഇത്‌ കുറിക്കുന്നു.

തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളെയും ആളുകളെയും പരാമർശിക്കുന്ന ക്യൂണിഫോം രേഖകൾ ഉത്‌ഖനനത്തിലൂടെ പുരാവസ്‌തുഗവേഷകർ കണ്ടെത്തിയിട്ടുണ്ട്‌. ഈ പുരാതന എഴുത്തുരീതിയെക്കുറിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം? ബൈബിളിന്റെ ആശ്രയയോഗ്യതയെക്കുറിച്ച്‌ ഇവ എന്തു സാക്ഷ്യം നൽകുന്നു?

നിലനിന്ന രേഖകൾ

ആദ്യകാലങ്ങളിൽ ചിത്രലിപികളാണ്‌—ഒരു ചിത്രം ഉപയോഗിച്ച്‌ ഒരു വാക്കോ ആശയമോ അവതരിപ്പിക്കുന്ന രീതി—മെസൊപ്പൊത്താമ്യയിൽ പ്രചാരത്തിലുണ്ടായിരുന്നതെന്ന്‌ പണ്ഡിതന്മാർ അനുമാനിക്കുന്നു. ഉദാഹരണത്തിന്‌, ഒരു കാളയുടെ ചിഹ്നം കാളയുടെ തലപോലെയുള്ളതായിരുന്നു. രേഖകൾ സൂക്ഷിക്കേണ്ട ആവശ്യം കൂടിവന്നപ്പോൾ, ക്യൂണിഫോം രീതി വികസിപ്പിച്ചെടുത്തു. എൻഐവി ആർക്കിയോളജിക്കൽ സ്റ്റഡി ബൈബിൾ വിശദീകരിക്കുന്നു: “ഒരു ക്യൂണിഫോം ചിഹ്നത്തിന്‌ ഒരു പദം മാത്രമല്ല പദാംഗങ്ങളെയും അർഥമാക്കുവാൻ സാധിക്കുമായിരുന്നു—അത്തരം പല പദാംഗങ്ങൾ കൂട്ടിച്ചേർത്താൽ ഒരു പദത്തെയും. ഒടുവിലായപ്പോഴേക്കും, 200 വ്യത്യസ്‌ത ചിഹ്നങ്ങൾ ഉപയോഗിച്ച്‌, “വ്യാകരണവും പദങ്ങളുടെ സങ്കീർണതയും ഉൾപ്പെടെ വാചകങ്ങൾ” ക്യൂണിഫോമിൽ “രേഖപ്പെടുത്താൻ” സാധിക്കുമായിരുന്നു.

അബ്രാഹാമിന്റെ കാലമായപ്പോഴേക്കും (ഏതാണ്ട്‌ ബി.സി. 2000) ക്യൂണിഫോം രചനാരീതി നന്നായി വികാസം പ്രാപിച്ചിരുന്നു. തുടർന്നുവന്ന 20 നൂറ്റാണ്ടുകളിൽ ഏതാണ്ട്‌ 15 ഭാഷകൾ ഈ രീതി അവലംബിച്ചു. കണ്ടെടുക്കപ്പെട്ട ക്യൂണിഫോം രേഖകളിൽ 99 ശതമാനവും കളിമൺ ഫലകങ്ങളിൽ എഴുതപ്പെട്ടവയാണ്‌. കഴിഞ്ഞ 150 വർഷത്തിനുള്ളിൽ ഇത്തരം ഫലകങ്ങൾ ഊർ, യുറിക്‌, ബാബിലോൺ, നിമ്രാദ്‌, നിപ്പൂർ, ആഷുർ, നീനെവേ, മാരി, എബ്ലാ, ഉഗാറിത്ത്‌, അമർനാ എന്നിവിടങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്‌. ആർക്കിയോളജി ഒഡിസ്സി പ്രസ്‌താവിക്കുന്നു: “പത്തുലക്ഷത്തിനും ഇരുപതുലക്ഷത്തിനും ഇടയിൽ ക്യൂണിഫോം ഫലകങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. ഏതാണ്ട്‌ 25,000 ഫലകങ്ങൾ ഓരോ വർഷവും പുതുതായി കണ്ടെത്തുകയും ചെയ്യുന്നു.”

ലോകമെങ്ങും ക്യൂണിഫോം രേഖകൾ പഠിക്കുന്ന പണ്ഡിതന്മാർ നേരിടുന്ന ഒരു വലിയ പ്രശ്‌നം ഇതെല്ലാം പരിഭാഷപ്പെടുത്തുക എന്നതാണ്‌—അവ അത്ര അധികമുണ്ട്‌, വായിച്ചെടുക്കുക വളരെ ബുദ്ധിമുട്ടുമാണ്‌. ഒരു കണക്കനുസരിച്ച്‌, “നിലവിൽ കണ്ടെത്തിയിട്ടുള്ള ക്യൂണിഫോം രേഖകളുടെ ഏതാണ്ട്‌ പത്തിലൊന്നു മാത്രമേ ആധുനിക കാലത്ത്‌ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളൂ.”

ക്യൂണിഫോം ലിപി ഉപയോഗിച്ച്‌ പല ഭാഷകളിൽ ഒരേ വിവരങ്ങൾ എഴുതിയ ഫലകങ്ങൾ കണ്ടെത്താനായത്‌ അവ വായിച്ചു മനസ്സിലാക്കുന്നതിന്‌ പണ്ഡിതന്മാരെ സഹായിച്ചു. പേരുകളും, സ്ഥാനപ്പേരുകളും രാജാക്കന്മാരുടെ വംശാവലിയും ആത്മപ്രശംസയും പലപ്പോഴും ആവർത്തിച്ചതും ക്യൂണിഫോം രേഖകളുടെ അർഥം മനസ്സിലാക്കുന്നതിന്‌ ഉപകരിച്ചു.

1850-കളായപ്പോഴേക്കും, പുരാതന മധ്യപൂർവ ദേശത്തെയും അക്കാഡ്‌ ദേശത്തെയും (അസീറിയ-ബാബിലോൺ) ക്യൂണിഫോമിലെഴുതിയ വ്യവഹാരഭാഷ വായിക്കാൻ ഗവേഷകർക്കു സാധിക്കുമായിരുന്നു. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശദീകരിക്കുന്നു: “അക്കാഡിയൻ വായിച്ചു മനസ്സിലാക്കിയപ്പോൾ, ക്യൂണിഫോം രചനയുടെ സങ്കേതം മുഴുവൻ മനസ്സിലാക്കാനായി. മറ്റു ഭാഷകളിലുള്ള ക്യൂണിഫോം രേഖകൾ മനസ്സിലാക്കുന്നതിനായി അക്കാഡിയൻ ഭാഷയിലുള്ള ക്യൂണിഫോമിന്റെ മാതൃക ഉപയോഗിക്കുകയും ചെയ്‌തു.” ഈ രേഖകളും ബൈബിളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

ബൈബിൾ എഴുത്തുകൾക്കു സാക്ഷ്യം നൽകുന്നു

ഏതാണ്ട്‌ ബി.സി. 1070-ൽ ദാവീദ്‌ പിടിച്ചടക്കുന്നതുവരെ യെരൂശലേം കനാന്യ രാജാക്കന്മാരുടെ അധീനതയിൽ ആയിരുന്നുവെന്ന്‌ ബൈബിൾ പ്രസ്‌താവിക്കുന്നു. (യോശു. 10:1; 2 ശമൂ. 5:4-9) ചില പണ്ഡിതന്മാർക്ക്‌ പക്ഷേ ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ 1887-ൽ ഈജിപ്‌തിലെ അമർനായിൽനിന്ന്‌ ഒരു കർഷക സ്‌ത്രീ കണ്ടെത്തിയ ഏതാണ്ട്‌ 380 കളിമൺ ഫലകങ്ങൾ മറ്റൊരു കഥയാണു പറയുന്നത്‌. അവ പരിഭാഷപ്പെടുത്തിയപ്പോൾ, ഈജിപ്‌തിലെ ഭരണാധിപന്മാരും (ആമെൻഹോറ്റെപ്പ്‌ മൂന്നാമനും അഖ്‌നാതെനും) കനാന്യ രാജ്യവും തമ്മിലുണ്ടായിരുന്ന നയതന്ത്രപരമായ എഴുത്തുകുത്തുകളായിരുന്നു അവയെന്നാണ്‌ മനസ്സിലാക്കാനായത്‌. യെരൂശലേമിലെ ഭരണാധികാരിയായ ഒബ്‌ദിഹെബയുടേതായിരുന്നു ആറു കത്തുകൾ.

ബിബ്ലിക്കൽ ആർക്കിയോളജി റിവ്യൂ പ്രസ്‌താവിക്കുന്നു: “അമർനാ ഫലകങ്ങൾ, യെരൂശലേമിനെ ഒരു എസ്റ്റേറ്റ്‌ എന്നല്ലാതെ ഒരു പട്ടണമെന്നും, 50 ഈജിപ്‌ഷ്യൻ പട്ടാളക്കാരും യെരൂശലേമിൽ ആസ്ഥാനവുമുള്ള ഭരണാധികാരിയായി ഒബ്‌ദിഹെബയെ വിശേഷിപ്പിച്ചിരിക്കുന്നതും യെരൂശലേം . . . ഒരു ചെറിയ രാജ്യം ആണെന്നു തെളിയിക്കുന്നു.” ഇതേ ജേർണൽ പിന്നീട്‌ പറഞ്ഞു: “അമർനാ രേഖകളുടെ അടിസ്ഥാനത്തിൽ, അക്കാലത്ത്‌ പ്രമുഖസ്ഥാനം വഹിച്ചിരുന്ന ഒരു പട്ടണം സ്ഥിതിചെയ്‌തിരുന്നുവെന്ന്‌ നമുക്ക്‌ ഉറപ്പാക്കാം.”

അസീറിയൻ, ബാബിലോണിയൻ രേഖകളിലെ പേരുകൾ

അസീറിയക്കാരും പിന്നീട്‌ ബാബിലോണിയരും തങ്ങളുടെ ചരിത്രം കളിമൺ ഫലകങ്ങളിലും അതുപോലെ സ്‌തംഭങ്ങളിലും പ്രിസങ്ങളിലും ചരിത്രസ്‌മാരകങ്ങളിലും രേഖപ്പെടുത്തിവെച്ചു. പണ്ഡിതന്മാർ അക്കാഡിയൻ ക്യൂണിഫോം വായിച്ചപ്പോൾ അതിൽ ബൈബിളിൽ പറഞ്ഞിരിക്കുന്ന വ്യക്തികളെ പരാമർശിച്ചിരിക്കുന്നതായി കണ്ടെത്തി.

ദ ബൈബിൾ ഇൻ ബ്രിട്ടീഷ്‌ മ്യൂസിയം എന്ന പുസ്‌തകം പറയുന്നു: “1870-ൽ ഡോ. സാമുവൽ ബിർക്‌, പുതുതായി രൂപംകൊണ്ട സൊസൈറ്റി ഓഫ്‌ ബിബ്ലിക്കൽ ആർക്കിയോളജിയിൽവെച്ച്‌, [ക്യൂണിഫോം ലിപിയിൽ എഴുതിയ] ഒമ്രി, ആഹാബ്‌, അസര്യാവ്‌, . . . മെനഹേം, പേക്കഹ്‌, ഹോശേയ, ഹിസ്‌കീയാവ്‌, മനശ്ശെ, എന്നീ എബ്രായ രാജാക്കന്മാരുടെ പേരുകളും, തിഗ്ലത്ത്‌-പിലേസർ മൂന്നാമൻ, സർഗോൻ, സൻഹേരിബ്‌, എസെർഹദ്ദോൻ, അശൂർബാനിപ്പാൽ എന്നീ അസീറിയൻ രാജാക്കന്മാരുടെയും സിറിയക്കാരായ ബെൻഹദദ്‌, ഹസായേൽ, രെസിൻ എന്നിവരുടെയും പേരുകൾ തിരിച്ചറിഞ്ഞു.”

ദ ബൈബിൾ ആന്റ്‌ റേഡിയോകാർബൺ ഡേറ്റിങ്ങ്‌ എന്ന പുസ്‌തകം ഇസ്രായേലിന്റെയും യഹൂദയുടെയും ബൈബിൾചരിത്രം പുരാതന ക്യൂണിഫോം രേഖകളുമായി താരതമ്യം ചെയ്‌തു. ഫലമോ? “മറ്റു രാജ്യങ്ങളുടെ ചരിത്രത്തിൽ യഹൂദയുടെയും ഇസ്രായേലിന്റെയും ഏതാണ്ട്‌ 15/16 രാജാക്കന്മാരെ പരാമർശിക്കുന്നുണ്ട്‌. അവരുടെ പേരും അവർ ജീവിച്ചിരുന്ന സമയവും ബൈബിളിലെ രാജാക്കന്മാരുടെ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുമായി തികച്ചും യോജിപ്പിലാണ്‌. രാജാക്കന്മാരുടെ പുസ്‌തകത്തിൽ രേഖപ്പെടുത്താത്ത ഒരു പേരും മറ്റു ചരിത്രങ്ങളിൽ കണ്ടെത്താനായിട്ടില്ല.”

പ്രശസ്‌തമായ ഒരു ക്യൂണിഫോം രേഖയാണ്‌ 1879-ൽ കണ്ടെത്തിയ സൈറസ്‌ സിലിണ്ടർ. ബി.സി. 539-ൽ ബാബിലോണിനെ കീഴടക്കിയശേഷം കോരെശ്‌ ബന്ദികളെ അവരവരുടെ നാടുകളിലേക്ക്‌ മടക്കി അയച്ചുവെന്ന്‌ അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. യഹൂദരും അക്കൂട്ടത്തിൽപ്പെടും. (എസ്രാ 1:1-4) 19-ാം നൂറ്റാണ്ടിലെ പല പ്രമുഖ പണ്ഡിതന്മാരും ബൈബിൾചരിത്രത്തെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ പേർഷ്യൻ കാലഘട്ടത്തിൽനിന്നുള്ള സൈറസ്‌ സിലിണ്ടർ ഉൾപ്പെടെയുള്ള ക്യൂണിഫോം രേഖകൾ ബൈബിൾചരിത്രം വസ്‌തുനിഷ്‌ഠമാണെന്ന്‌ സംശയലേശമന്യേ തെളിയിക്കുന്നു.

ബാബിലോണിനടുത്തുള്ള നിപ്പൂരിൽനിന്ന്‌ 1883-ൽ 700 ക്യൂണിഫോം രേഖകളുടെ ഒരു ശേഖരം കണ്ടെത്തുകയുണ്ടായി. അതിൽ പരാമർശിച്ചിരിക്കുന്ന 2,500 പേരുകളിൽ ഏതാണ്ട്‌ എഴുപതെണ്ണം യഹൂദന്മാരുടേതാണ്‌. ചരിത്രകാരനായ എഡ്വിൻ യൊമുച്ചി പറയുന്നു: “ഉടമ്പടികളിലെ കക്ഷികൾ, ഏജന്റുമാർ, സാക്ഷികൾ, നികുതി പിരിവുകാർ, കൊട്ടാര ഉദ്യോഗസ്ഥർ എന്നീ നിലകളിലൊക്കെയാണ്‌ ഈ പേരുകൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.” ബാബിലോണിന്റെ സമീപ പ്രദേശങ്ങളിൽ യഹൂദർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നുള്ളത്‌ പ്രസക്തമായ ഒരു കാര്യമാണ്‌. ഇത്‌ ബൈബിൾ പ്രവചനം ശരിയാണ്‌ എന്നുള്ളതിന്റെ ഒരു തെളിവാണ്‌. അസീറിയയിലെയും ബാബിലോണിലെയും പ്രവാസത്തിൽനിന്ന്‌ ഇസ്രായേല്യരുടെ “ഒരു ശേഷിപ്പ്‌” മാത്രം യഹൂദയിലേക്കു മടങ്ങിയപ്പോൾ പലരും അവിടെ തുടരുകയായിരുന്നു.—യെശ. 10:21, 22.

ബി.സി. ഒന്നാം സഹസ്രാബ്ദത്തിൽ ക്യൂണിഫോം രചനാരീതിയും അക്ഷരങ്ങൾ ഉപയോഗിച്ചുള്ള രചനാരീതിയും ഒരുപോലെ നിലവിലുണ്ടായിരുന്നു. എന്നാൽ അസീറിയക്കാരും ബാബിലോണിയരും പിൽക്കാലത്ത്‌ ക്യൂണിഫോം രചനാരീതി ഉപേക്ഷിച്ചു.

മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിന്‌ ഫലകങ്ങൾ ഇനിയും വായിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബൈബിളിന്റെ ആശ്രയയോഗ്യതയ്‌ക്കു പിന്തുണ നൽകുന്നതാണ്‌ പണ്ഡിതന്മാർ ഇതിനോടകം വായിച്ചിട്ടുള്ള ക്യൂണിഫോം ഫലകങ്ങൾ. ഇനിയും വായിക്കാത്തവയിൽ എത്രയധികം തെളിവുകൾ ഒളിഞ്ഞുകിടക്കുന്നുണ്ടാകും, ആർക്കറിയാം!

[21-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Photograph taken by courtesy of the British Museum