വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമഗ്രസാക്ഷ്യം നൽകുക

സമഗ്രസാക്ഷ്യം നൽകുക

സമഗ്രസാക്ഷ്യം നൽകുക

‘ജനത്തോടു പ്രസംഗിക്കാനും സമഗ്രമായി സാക്ഷ്യം നൽകാനും അവൻ ഞങ്ങളോടു കൽപ്പിച്ചു.’—പ്രവൃ. 10:42, NW.

1. കൊർന്നേല്യൊസിനോടു സാക്ഷീകരിച്ചപ്പോൾ പത്രൊസ്‌ ഏതു നിയോഗത്തെക്കുറിച്ചു സംസാരിച്ചു?

ദൈവഭക്തനായ ഇറ്റാലിയൻ സൈനിക ഉദ്യോഗസ്ഥൻ കൊർന്നേല്യൊസ്‌ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി പത്രൊസിനായി കാത്തിരിക്കുകയാണ്‌. മനുഷ്യചരിത്രത്തിലെ ഒരു നിർണായക സംഭവത്തിൽ ഭാഗഭാക്കുകളാകാൻ പോകുകയാണ്‌ അവർ. അവിടെ വന്നുചേർന്ന പത്രൊസ്‌ അപ്പൊസ്‌തലൻ അവരോടായി പറഞ്ഞു: യേശുവിനെക്കുറിച്ച്‌ ‘ജനത്തോടു പ്രസംഗിക്കാനും സമഗ്രമായി സാക്ഷ്യം നൽകാനും’ അപ്പൊസ്‌തലന്മാരോടു കൽപ്പിച്ചിരിക്കുന്നു. പത്രൊസ്‌ അവിടെ നൽകിയ സമഗ്രസാക്ഷ്യം കൂടിവന്നവരുടെമേൽ ചെലുത്തിയ പ്രഭാവം വലുതായിരുന്നു. ദൈവാത്മാവ്‌ ലഭിച്ചപ്പോൾ, പരിച്ഛേദനയേൽക്കാത്ത ആ വിജാതീയർ സ്‌നാനമേറ്റ്‌ യേശുവിന്റെ സഹരാജാക്കന്മാരാകാനുള്ള പദവിനേടി. പത്രൊസിന്റെ ആ സമഗ്രസാക്ഷ്യം എത്ര നല്ല ഫലം പുറപ്പെടുവിച്ചിരിക്കുന്നു!—പ്രവൃ. 10:22, 34-48.

2. സാക്ഷ്യം നൽകാനുള്ള ഉത്തരവാദിത്വം 12 അപ്പൊസ്‌തലന്മാരിൽ മാത്രമായി ഒതുങ്ങിയില്ലെന്ന്‌ നാം എങ്ങനെ അറിയുന്നു?

2 ഇതെല്ലാം നടന്നത്‌ എ.ഡി. 36-ൽ ആയിരുന്നു. ഏതാണ്ട്‌ രണ്ടുവർഷംമുമ്പ്‌, ക്രിസ്‌ത്യാനികളെ നിഷ്‌ഠുരമായി ഉപദ്രവിച്ചിരുന്ന ഒരാൾക്ക്‌ ജീവിതം മാറ്റിമറിച്ച അനുഭവം ഉണ്ടായി. ദമസ്‌കൊസിലേക്കുള്ള യാത്രാമധ്യേ തർസൊസിലെ ശൗലിന്‌ പ്രത്യക്ഷനായ യേശു ഇങ്ങനെ പറഞ്ഞു: “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും.” ശൗൽ “ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും” സാക്ഷ്യം നൽകുമെന്ന്‌ യേശു ശിഷ്യനായ അനന്യാസിന്‌ ഉറപ്പുകൊടുത്തു. (പ്രവൃത്തികൾ 9:3-6, 13-20 വായിക്കുക.) അനന്യാസ്‌ ശൗലിനോടു പറഞ്ഞു: “നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ . . . നിയമിച്ചിരിക്കുന്നു. . . . സകലമനുഷ്യർക്കും നീ അവന്റെ സാക്ഷിയായിത്തീരും.(പ്രവൃ. 22:12-16) ആ ഉത്തരവാദിത്വം എത്ര ഗൗരവത്തോടെയാണ്‌ ശൗൽ (പിന്നീട്‌ പൗലൊസ്‌ എന്ന്‌ അറിയപ്പെട്ടു) ഏറ്റെടുത്തത്‌?

അവൻ സമഗ്രസാക്ഷ്യം നൽകി!

3. (എ) ഏതു വിവരണം നാം പരിശോധിക്കും? (ബി) പൗലൊസിന്റെ സന്ദേശത്തോട്‌ എഫെസൊസിലെ മൂപ്പന്മാർ എങ്ങനെ പ്രതികരിച്ചു, നമുക്ക്‌ ഇത്‌ എങ്ങനെ അനുകരിക്കാം?

3 പൗലൊസിന്റെ പിന്നീടുള്ള പ്രവർത്തനങ്ങളെക്കുറിച്ചെല്ലാം വിശദമായി പഠിക്കുന്നത്‌ രസകരമാണ്‌. എന്നാൽ എ.ഡി. 56-നോട്‌ അടുത്ത്‌ അവൻ നടത്തിയ ഒരു പ്രസംഗത്തിലേക്കു നമുക്കു ശ്രദ്ധതിരിക്കാം. പ്രവൃത്തികളുടെ പുസ്‌തകം 20-ാം അധ്യായത്തിൽ അതു രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ മൂന്നാം മിഷനറി യാത്രയുടെ അന്ത്യത്തോട്‌ അടുത്താണ്‌ അവൻ ഈ പ്രസംഗം നടത്തുന്നത്‌. ഈജിയൻ കടലിലെ ഒരു തുറമുഖമായ മിലേത്തൊസിൽ അവൻ കപ്പലിറങ്ങി. എഫെസൊസ്‌ സഭയിലെ മൂപ്പന്മാരെ വിളിക്കാൻ ആളയച്ചു. ഏകദേശം 50 കിലോമീറ്റർ ദൂരെയായിരുന്നു എഫെസൊസ്‌, പക്ഷേ വളവുംതിരിവുമുള്ള പാതകളിലൂടെ നടന്നെത്തണമെങ്കിൽ അതിലും കൂടുതൽ ദൂരം സഞ്ചരിക്കണം. പൗലൊസിന്റെ സന്ദേശം ലഭിച്ച എഫെസൊസിലെ മൂപ്പന്മാർ എത്ര സന്തോഷിച്ചിരിക്കണം! (സദൃശവാക്യങ്ങൾ 10:28 താരതമ്യം ചെയ്യുക.) എന്നാൽ മിലേത്തൊസിലേക്കു യാത്ര ചെയ്യുന്നതിന്‌ പല കാര്യങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. ചിലർക്ക്‌ ജോലിയിൽനിന്ന്‌ അവധിയെടുക്കേണ്ടി വന്നിരിക്കാം, ചിലർക്ക്‌ സ്വന്തം കടപൂട്ടിയിടേണ്ടി വന്നിരിക്കാം. ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളുടെ ഒരു സെഷൻപോലും നഷ്ടപ്പെടുത്താതിരിക്കാൻ ഇന്നും പല ക്രിസ്‌ത്യാനികൾ അങ്ങനെ ചെയ്യുന്നുണ്ട്‌.

4. എഫെസൊസിലായിരുന്ന ഏതാനും വർഷങ്ങൾ പൗലൊസ്‌ എങ്ങനെയാണു ചെലവഴിച്ചത്‌?

4 മൂപ്പന്മാർ എത്തുന്നതുവരെയുള്ള മൂന്നുനാലു ദിവസം പൗലൊസ്‌ മിലേത്തൊസിൽ എന്തു ചെയ്യുകയായിരുന്നു? നിങ്ങളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? (പ്രവൃത്തികൾ 17:16, 17 താരതമ്യം ചെയ്യുക.) എഫെസൊസിലെ മൂപ്പന്മാരോടുള്ള പൗലൊസിന്റെ വാക്കുകൾ അതിനുള്ള ഉത്തരം നൽകുന്നു. മുമ്പ്‌ എഫെസൊസിൽ ആയിരുന്നപ്പോൾ ചെയ്‌തതുൾപ്പെടെ വർഷങ്ങളായുള്ള തന്റെ ജീവിതശൈലി അവൻ അവരോടു വിവരിക്കുന്നു. (പ്രവൃത്തികൾ 20:18-21 വായിക്കുക.) ഉത്തമബോധ്യത്തോടെ അവൻ പറഞ്ഞു: “ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ . . . സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.” അതേ, യേശുവിൽനിന്നു തനിക്കു ലഭിച്ച നിയമനം നിറവേറ്റാൻ അവൻ നിശ്ചയിച്ചുറച്ചിരുന്നു. എഫെസൊസിൽ പൗലൊസ്‌ തന്റെ നിയമനം നിറവേറ്റിയത്‌ എങ്ങനെയാണ്‌? ആളുകളെ കണ്ടെത്താനാകുന്ന സ്ഥലങ്ങളിൽപ്പോയി യഹൂദന്മാരോടു സാക്ഷീകരിച്ചുകൊണ്ട്‌. എ.ഡി. 52-55 കാലഘട്ടത്തിൽ എഫെസൊസിൽ ആയിരുന്നപ്പോൾ പൗലൊസ്‌ പള്ളിയിൽ ചെന്ന്‌ ‘സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു’ എന്ന്‌ ലൂക്കൊസ്‌ എഴുതി. എന്നാൽ യഹൂദന്മാർ ‘കഠിനപ്പെട്ടു അനുസരിക്കാതെ’ വന്നപ്പോൾ, അവൻ അവിടംവിട്ട്‌ മറ്റൊരു സ്ഥലത്ത്‌ പോയി മറ്റുള്ളവരോടു പ്രസംഗിച്ചു. അങ്ങനെ, ആ വലിയ നഗരത്തിൽ അവൻ യഹൂദന്മാർക്കും യവനന്മാർക്കും സമഗ്രസാക്ഷ്യം നൽകി.—പ്രവൃ. 19:1, 8, 9.

5, 6. വീടുതോറും പ്രസംഗിച്ചപ്പോൾ പൗലൊസ്‌ സംസാരിച്ചത്‌ അവിശ്വാസികളോടായിരുന്നു എന്ന്‌ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

5 അന്ന്‌ ക്രിസ്‌ത്യാനികളായിത്തീർന്ന ചിലർ പിന്നീട്‌ മൂപ്പന്മാരായി, അവർ ഇപ്പോൾ പൗലൊസിനെ കാണാൻ മിലേത്തൊസിൽ എത്തിയിരിക്കുന്നു. താൻ അവലംബിച്ചിരുന്ന മാർഗത്തെക്കുറിച്ച്‌ പൗലൊസ്‌ അവരെ ഓർമിപ്പിക്കുന്നു: ‘പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്‌തു.’ സഹവിശ്വാസികൾക്ക്‌ നടത്തിയ ഇടയസന്ദർശനങ്ങളെക്കുറിച്ചാണ്‌ അവൻ ഇവിടെ പരാമർശിക്കുന്നതെന്ന്‌ ചിലർ ഇന്ന്‌ അവകാശപ്പെടുന്നു. എന്നാൽ അങ്ങനെയല്ല. ‘പരസ്യമായും വീടുതോറും ഉപദേശിച്ചു’ എന്ന പ്രസ്‌താവം ബാധകമാകുന്നത്‌ മുഖ്യമായും അവിശ്വാസികളുടെ ഇടയിലെ സുവിശേഷ പ്രവർത്തനത്തിനാണ്‌. ഈ വസ്‌തുത അവന്റെ അടുത്ത വാക്കുകളിൽനിന്നു കൂടുതൽ വ്യക്തമാകും. പൗലൊസ്‌ പറഞ്ഞു: “ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു.” മാനസാന്തരപ്പെട്ട്‌ യേശുവിൽ വിശ്വസിക്കേണ്ടിയിരുന്ന അവിശ്വാസികളോടാണ്‌ പൗലൊസ്‌ സാക്ഷീകരിച്ചതെന്നു വ്യക്തം.—പ്രവൃ. 20:20, 21.

6 ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളെക്കുറിച്ച്‌ വിശദമായ പഠനം നടത്തിയ ഒരു പണ്ഡിതൻ, പ്രവൃത്തികൾ 20:20-നെക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ: “പൗലൊസ്‌ എഫെസൊസിൽ മൂന്നുവർഷം ചെലവഴിച്ചു. അവിടെ അവൻ എല്ലാ വീടുകളും സന്ദർശിച്ചിരിക്കണം, ചുരുങ്ങിയപക്ഷം എല്ലാ ആളുകളോടും സാക്ഷീകരിച്ചിരിക്കണം (വാക്യം 26). വീടുതോറുമുള്ള സുവിശേഷ പ്രവർത്തനത്തെയും പരസ്യയോഗങ്ങളെയും തിരുവെഴുത്തുകൾ പിന്താങ്ങുന്നുവെന്നതിന്റെ തെളിവാണ്‌ ഇത്‌.” ഈ പണ്ഡിതൻ അവകാശപ്പെടുന്നതുപോലെ പൗലൊസ്‌ എല്ലാ വീടുകളും അക്ഷരാർഥത്തിൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, താൻ എങ്ങനെയാണു സാക്ഷ്യം നൽകിയതെന്നും അതിന്റെ ഫലം എന്തായിരുന്നുവെന്നും എഫെസൊസിലെ മൂപ്പന്മാർ മറന്നുപോകരുതെന്ന്‌ പൗലൊസ്‌ ആഗ്രഹിച്ചു. ലൂക്കൊസ്‌ എഴുതി: “ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.” (പ്രവൃ. 19:10) എന്നാൽ ആസ്യയിൽ പാർക്കുന്ന ‘എല്ലാവരും’ വചനം കേൾക്കാൻ ഇടയായത്‌ എങ്ങനെ? ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7. പൗലൊസ്‌ നേരിട്ടു സാക്ഷീകരിക്കാത്ത ആളുകളും സത്യം കേട്ടിരിക്കാൻ ഇടയുള്ളത്‌ എങ്ങനെ?

7 പൊതുസ്ഥലങ്ങളിലും വീടുകളിലും പൗലൊസ്‌ സാക്ഷീകരിച്ചതുവഴി അനേകർ അവന്റെ സന്ദേശം കേട്ടു എന്നതിനു സംശയമില്ല. അവരിൽ ചിലരെങ്കിലും പല കാരണങ്ങളാൽ അവിടംവിട്ടു പോയിട്ടുണ്ടാകാം. ചിലർ വ്യാപാരാവശ്യങ്ങൾക്കായി മാറിത്താമസിച്ചിരിക്കാം; മറ്റുചിലർ ബന്ധുക്കളുടെ അടുത്തേക്ക്‌ താമസം മാറ്റിയിരിക്കാം; ഇനിയും ചിലർ നഗരത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ്‌ നാട്ടിൻപുറങ്ങളിലേക്ക്‌ ചേക്കേറിയിട്ടുണ്ടാകാം. ഈ കാരണങ്ങൾക്കൊണ്ട്‌ ഇന്നും പലരും മാറിത്താമസിക്കുന്നുണ്ട്‌, ഒരുപക്ഷേ നിങ്ങളും അങ്ങനെ ചെയ്‌തിട്ടുണ്ടാകും. ഇനി അതു മാത്രമല്ല അന്ന്‌ മറ്റു പല സ്ഥലങ്ങളിൽനിന്നും ആളുകൾ വ്യാപാരത്തിനും മറ്റ്‌ ആവശ്യങ്ങൾക്കുമായി എഫെസൊസ്‌ സന്ദർശിച്ചിട്ടുണ്ടാകണം. അവിടെവെച്ച്‌ അവർ പൗലൊസിനോട്‌ നേരിട്ട്‌ സംസാരിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ അവൻ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ടാകാം. മടങ്ങിപ്പോയവർ എന്തു ചെയ്‌തിരിക്കാനുള്ള സാധ്യതയുണ്ട്‌? സത്യം സ്വീകരിച്ചവർ അതു മറ്റുള്ളവരോടു പറയും. സ്വീകരിക്കാത്തവരും, കേട്ട കാര്യങ്ങൾ മറ്റുള്ളവരോടു പറയാനുള്ള സാധ്യതയുണ്ട്‌. അങ്ങനെ ബന്ധുക്കളും അയൽക്കാരും ഇടപാടുകാരും ഒക്കെ സത്യം കേട്ടിരിക്കാം, അവരിൽ ചിലരെങ്കിലും സത്യം സ്വീകരിച്ചുകാണില്ലേ? (മർക്കൊസ്‌ 5:14 താരതമ്യം ചെയ്യുക.) സമഗ്രസാക്ഷ്യം നൽകുന്നതിനോടുള്ള ബന്ധത്തിൽ ഇന്നും ഇതു സത്യമാണ്‌.

8. ആസ്യയിലെങ്ങുമുള്ള ആളുകൾ സത്യം കേട്ടത്‌ എങ്ങനെയായിരിക്കാം?

8 എഫെസൊസിലെ തന്റെ മുൻകാല ശുശ്രൂഷയെക്കുറിച്ച്‌ പൗലൊസ്‌ എഴുതി: ‘എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരുന്നു.’ (1 കൊരി. 16:8, 9) ഏതു വാതിലിനെക്കുറിച്ചാണ്‌ അവൻ പരാമർശിക്കുന്നത്‌, ഏതർഥത്തിലാണ്‌ അത്‌ അവനുവേണ്ടി തുറന്നത്‌? പൗലൊസ്‌ എഫെസൊസിൽ തുടർന്നത്‌ സുവാർത്തയുടെ വ്യാപനത്തിന്‌ ഇടയാക്കി. കൊലൊസ്സ്യ, ലവുദിക്യ, ഹിയരപൊലി എന്നീ ഉൾനാടൻ നഗരങ്ങളുടെ കാര്യമെടുക്കുക. പൗലൊസ്‌ ഒരിക്കലും ആ സ്ഥലങ്ങൾ സന്ദർശിച്ചിട്ടില്ല, എന്നാൽ സുവാർത്ത അവിടെയെല്ലാം എത്തി. എപ്പഫ്രാസ്‌ ആ പ്രദേശത്തുനിന്നുള്ള ആളാണ്‌. (കൊലൊ. 2:1; 4:12, 13) എപ്പഫ്രാസ്‌ ക്രിസ്‌ത്യാനി ആയിത്തീർന്നത്‌ എഫെസൊസിൽവെച്ച്‌ പൗലൊസിന്റെ പ്രസംഗം കേട്ടിട്ടാണോ അല്ലയോ എന്നൊന്നും ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും സ്വദേശത്തു സത്യം പ്രചരിപ്പിക്കുന്നതിൽ എപ്പഫ്രാസ്‌ പൗലൊസിന്റെ പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ടാകാം. (കൊലൊ. 1:7) പൗലൊസ്‌ എഫെസൊസിൽ സാക്ഷീകരിക്കുന്ന സമയത്ത്‌ ഫിലദെൽഫ്യ, സർദ്ദിസ്‌, തുയഥൈര എന്നിവപോലുള്ള നഗരങ്ങളിലും ക്രിസ്‌തീയ സന്ദേശം എത്തിയിരിക്കണം.

9. (എ) പൗലൊസിന്റെ ആത്മാർഥമായ ആഗ്രഹം എന്തായിരുന്നു? (ബി)  2009-ലെ വാർഷിക വാക്യം ഏതാണ്‌?

9 “എന്റെ ജീവനെ ഞാൻ ഒട്ടും പ്രിയപ്പെട്ടതായി കരുതുന്നില്ല. എന്റെ ഓട്ടം തികയ്‌ക്കണമെന്നും ദൈവകൃപയെക്കുറിച്ചുള്ള സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകേണ്ടതിന്‌ കർത്താവായ യേശു എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കണമെന്നും മാത്രമേ എനിക്കുള്ളൂ” എന്നു പൗലൊസ്‌ പറഞ്ഞപ്പോൾ എഫെസൊസിലെ മൂപ്പന്മാർ അതിനോടു വിയോജിച്ചില്ല. ഈ വാക്യത്തിൽനിന്നാണ്‌ 2009-ലെ പ്രോത്സാഹജനകമായ വാർഷിക വാക്യം എടുത്തിരിക്കുന്നത്‌: ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക.’—പ്രവൃ. 20:24, NW.

ഇന്നു സമഗ്രസാക്ഷ്യം നൽകുന്നു

10. നാം സമഗ്രസാക്ഷ്യം നൽകേണ്ടതുണ്ടെന്ന്‌ എങ്ങനെ അറിയാം?

10 ‘ജനത്തോടു പ്രസംഗിക്കാനും സമഗ്രമായി സാക്ഷ്യം നൽകാനും’ ഉള്ള നിയോഗം അപ്പൊസ്‌തലന്മാരിൽ മാത്രമായി ഒതുങ്ങിയില്ല. പുനരുത്ഥാനശേഷം യേശു, ഗലീലയിൽ കൂടിവന്ന 500 ശിഷ്യന്മാരോടായി ഇങ്ങനെ കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” ഇന്നുള്ള സകല സത്യക്രിസ്‌ത്യാനികൾക്കും ഈ കൽപ്പന ബാധകമാണെന്ന്‌ യേശുവിന്റെ അടുത്ത വാക്കുകൾ സൂചിപ്പിക്കുന്നു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌.”—മത്താ. 28:19, 20.

11. യഹോവയുടെ സാക്ഷികൾ ഏതു പ്രവർത്തനത്തിനു പേരുകേട്ടവരാണ്‌?

11 സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകിക്കൊണ്ട്‌ തീക്ഷ്‌ണതയുള്ള ക്രിസ്‌ത്യാനികൾ ഇന്നും ആ കൽപ്പന അനുസരിക്കുന്നു. അതു ചെയ്യുന്നതിനുള്ള ഒരു മുഖ്യമാർഗം എഫെസൊസിലെ മൂപ്പന്മാരോടു പൗലൊസ്‌ പറഞ്ഞതുപോലെ വീടുതോറുമുള്ള സാക്ഷീകരണമാണ്‌. കാര്യക്ഷമമായ മിഷനറി പ്രവർത്തനത്തെക്കുറിച്ച്‌ 2007-ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്‌തകത്തിൽ ഡേവിഡ്‌ ജി. സ്റ്റുവർട്ട്‌, ജൂനിയർ എഴുതി: “യഹോവയുടെ സാക്ഷികളുടെ പ്രായോഗികവും ലക്ഷ്യബോധവുമുള്ള പ്രവർത്തനങ്ങൾ, അൾത്താരയിൽനിന്നുള്ള സൈദ്ധാന്തിക പ്രസംഗത്തെക്കാൾ ആളുകളെ സുവാർത്താ പ്രസംഗകരാകാൻ ഉത്തേജിപ്പിക്കുന്നു. യഹോവയുടെ സാക്ഷികളിൽ മിക്കവർക്കും വളരെ പ്രിയപ്പെട്ട ഒരു കാര്യമാണ്‌ ആളുകളുമായി സുവാർത്ത പങ്കുവെക്കുക എന്നത്‌.” “രണ്ടു പൗരസ്‌ത്യ യൂറോപ്യൻ തലസ്ഥാനങ്ങളിൽ 1999-ൽ ഞാൻ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ, മൊർമോൺ മിഷനറിമാർ (ലാറ്റർ-ഡേ സെയ്‌ന്റ്‌സ്‌) തങ്ങളെ സന്ദർശിച്ചതായി രണ്ടുമുതൽ നാലുശതമാനംവരെ ആളുകളേ അവകാശപ്പെട്ടുള്ളൂ. എന്നാൽ 70 ശതമാനത്തിലേറെപ്പേർ യഹോവയുടെ സാക്ഷികൾ തങ്ങളെ വ്യക്തിപരമായി—മിക്കപ്പോഴും ഒന്നിലധികം പ്രാവശ്യം—സന്ദർശിച്ചതായി സമ്മതിച്ചു.”

12. (എ) നമ്മുടെ പ്രദേശത്തുള്ള വീടുകൾ നാം പലവട്ടം സന്ദർശിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) നമ്മുടെ സന്ദേശത്തോടുള്ള മനോഭാവത്തിൽ മാറ്റംവന്ന ആരുടെയെങ്കിലും അനുഭവം പറയാമോ?

12 നിങ്ങളുടെ പ്രദേശത്തുള്ള ആളുകൾക്കും ഇതേ അനുഭവമായിരിക്കാം ഉള്ളത്‌. നിങ്ങൾക്കും അതിൽ ഒരു പങ്കുണ്ടായിരിക്കും. വീടുതോറുമുള്ള ശുശ്രൂഷയിൽ നിങ്ങൾ പുരുഷന്മാരെയും സ്‌ത്രീകളെയും ചെറുപ്പക്കാരെയും എല്ലാം ‘വ്യക്തിപരമായി സന്ദർശിച്ചിട്ടുണ്ടാകും.’ “ഒന്നിലധികം പ്രാവശ്യം” സന്ദർശിച്ചിട്ടും ചിലർ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നിങ്ങൾ ഒരു തിരുവെഴുത്താശയമോ അല്ലെങ്കിൽ തിരുവെഴുത്തോ ചർച്ചചെയ്‌തപ്പോൾ ചിലർ അൽപ്പം ശ്രദ്ധിച്ചുകാണും. എന്നാൽ ചിലരോട്‌ നന്നായി സാക്ഷീകരിക്കാനും അവർ സന്ദേശം സ്വീകരിക്കാനും ഇടയായിട്ടുണ്ടാകും. “സുവിശേഷത്തിനു സമഗ്രസാക്ഷ്യം” നൽകുമ്പോൾ ഇത്തരത്തിലുള്ള പ്രതികരണങ്ങളെല്ലാം നമുക്കു പ്രതീക്ഷിക്കാം. “ഒന്നിലധികം പ്രാവശ്യം” സന്ദർശിച്ചിട്ടും ശ്രദ്ധിക്കാതിരുന്ന ചിലർക്ക്‌ പിന്നീട്‌ മാറ്റം വന്നിട്ടുള്ളതിന്റെ നിരവധി ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കറിയാമായിരിക്കും. അവർക്കോ അവരുടെ പ്രിയപ്പെട്ടവർക്കോ സംഭവിച്ച എന്തെങ്കിലുമായിരിക്കാം അവരുടെ മനോഭാവത്തിനു മാറ്റം വരുത്തിയതും സത്യം സ്വീകരിക്കാൻ ഇടയാക്കിയതും. ഇപ്പോൾ അവർ നമ്മുടെ സഹോദരീസഹോദരന്മാരാണ്‌. അതുകൊണ്ട്‌, താത്‌പര്യമുള്ള ഒരുപാടുപേരെ അടുത്തകാലത്ത്‌ കാണാൻ പറ്റിയിട്ടില്ലെങ്കിലും നിങ്ങളുടെ ശ്രമം ഉപേക്ഷിക്കരുത്‌. എല്ലാവരും സത്യം സ്വീകരിക്കുമെന്ന്‌ നാം പ്രതീക്ഷിക്കുന്നില്ല. എന്നാൽ നാം ഉത്സാഹത്തോടും തീക്ഷ്‌ണതയോടുംകൂടെ സമഗ്രസാക്ഷ്യം നൽകുന്നതിൽ തുടരാനാണ്‌ ദൈവം പ്രതീക്ഷിക്കുന്നത്‌.

നാം അറിയാതെപോകുന്ന ഫലങ്ങൾ

13. നമ്മുടെ സാക്ഷീകരണത്തിന്‌ നാം പോലും അറിയാത്ത എന്തു ഫലങ്ങൾ ഉണ്ടായേക്കാം?

13 പൗലൊസിന്റെ ശുശ്രൂഷയിൽനിന്നു പ്രയോജനം നേടിയത്‌ അവൻ വ്യക്തിപരമായി സഹായിച്ച്‌ ക്രിസ്‌ത്യാനികളായവർ മാത്രമല്ല. നമ്മുടെ ശുശ്രൂഷയുടെ കാര്യത്തിലും ഇതു സത്യമാണ്‌. സാധിക്കുന്നത്ര ആളുകളോട്‌ സാക്ഷീകരിക്കാനും വീടുതോറുമുള്ള ശുശ്രൂഷയിൽ ക്രമമായ ഒരു പങ്കുണ്ടായിരിക്കാനും നാം ശ്രമിക്കുന്നു. അയൽക്കാരോടും സഹപ്രവർത്തകരോടും സഹപാഠികളോടും ബന്ധുക്കളോടും നാം സുവാർത്ത പങ്കുവെക്കുന്നു. ഇവയുളവാക്കുന്ന എല്ലാ ഫലങ്ങളും നാം അറിയുന്നുണ്ടോ? ചില ഫലങ്ങൾ പെട്ടെന്നു ദൃശ്യമായേക്കാം, മറ്റുചിലത്‌ നാം ഒരിക്കലും അറിഞ്ഞെന്നുവരില്ല. നാം പങ്കുവെക്കുന്ന സത്യത്തോട്‌ ചിലർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും മറ്റുചിലർ സത്യം സ്വീകരിക്കുന്നതിന്‌ അവർ കാരണമായേക്കാം. ഇനി അതൊന്നും സംഭവിച്ചില്ലെങ്കിൽത്തന്നെയും, നാം സംസാരിക്കുന്ന ആളുകൾ നമ്മുടെ വിശ്വാസത്തെക്കുറിച്ചും നാം പറഞ്ഞകാര്യങ്ങളെക്കുറിച്ചും നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറഞ്ഞേക്കാം. അതേ, അവർ അറിയാതെതന്നെ ആ വിത്തുകൾ നല്ലമണ്ണിൽ വിതയ്‌ക്കുകയാണ്‌.

14, 15. ഒരു സഹോദരന്റെ സാക്ഷീകരണത്തിന്‌ എന്തു ഫലമുണ്ടായി?

14 ഒരു ഉദാഹരണംമാത്രം നോക്കാം. യു.എസ്‌.എ-യിലെ ഫ്‌ളോറിഡയിൽ താമസിക്കുന്ന റയനും ഭാര്യ മാൻഡിക്കും ഉണ്ടായ അനുഭവമാണിത്‌. ജോലിസ്ഥലത്തുവെച്ചു റയൻ ഒരു സഹപ്രവർത്തകനോട്‌ സാക്ഷീകരിച്ചു. ഹിന്ദുമതവിശ്വാസി ആയിരുന്ന അയാൾക്ക്‌ റയന്റെ വസ്‌ത്രധാരണത്തിലും തന്നോടു സംസാരിച്ച വിധത്തിലും മതിപ്പുതോന്നി. പുനരുത്ഥാനം, മരിച്ചവരുടെ അവസ്ഥ എന്നിങ്ങനെയുള്ള വിഷയങ്ങളും അവർ സംസാരിച്ചു. ജനുവരിയിലെ ഒരു സായാഹ്നത്തിൽ അദ്ദേഹം ഭാര്യ ജ്യോതിയോട്‌ യഹോവയുടെ സാക്ഷികളെക്കുറിച്ചു കേട്ടിട്ടുണ്ടോ എന്നു ചോദിച്ചു. ഒരു കത്തോലിക്കാ വിശ്വാസിയായിരുന്ന അവൾക്ക്‌ യഹോവയുടെ സാക്ഷികൾ വീടുതോറും പ്രസംഗിക്കുന്നവരാണ്‌ എന്നുമാത്രം അറിയാമായിരുന്നു. ജ്യോതി ഇന്റർനെറ്റിൽ യഹോവയുടെ സാക്ഷികൾ (Jehovah’s Witnesses) എന്നു ‘സെർച്ച്‌’ ചെയ്‌തപ്പോൾ നമ്മുടെ വെബ്‌സൈറ്റ്‌ അഡ്രസ്സ്‌, www.watchtower.org, കണ്ടെത്തി. മാസങ്ങളോളം ജ്യോതി ഈ സൈറ്റിൽനിന്ന്‌ ബൈബിളും താത്‌പര്യം തോന്നിയ മറ്റുലേഖനങ്ങളും വായിച്ചു.

15 ഇതിനിടയിൽ ജ്യോതി റയന്റെ ഭാര്യ മാൻഡിയെ കണ്ടുമുട്ടി, രണ്ടുപേരും നഴ്‌സുമാരായിരുന്നു. ജ്യോതിയുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ മാൻഡിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ ഒരു നീണ്ട ചർച്ച നടത്താനുള്ള അവസരം അവർക്കുണ്ടായി. ‘ആദാം മുതൽ അർമഗെദോൻ വരെയുള്ള’ ചർച്ച എന്നാണ്‌ ജ്യോതി അതിനെ വിശേഷിപ്പിക്കുന്നത്‌. ഒരു ഭവന ബൈബിളധ്യയനത്തിനു സമ്മതിച്ച ജ്യോതി താമസിയാതെ രാജ്യഹാളിൽ വരാനും തുടങ്ങി; ആ വർഷം ഒക്ടോബറിൽ സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധികയാകുകയും അടുത്ത ഫെബ്രുവരിയിൽ സ്‌നാനമേൽക്കുകയും ചെയ്‌തു. അവൾ എഴുതുന്നു: “ഇപ്പോൾ എനിക്ക്‌ സത്യം അറിയാം, എന്റെ ജീവിതം ധന്യമായി.”

16. ഫ്‌ളോറിഡയിലെ സഹോദരനുണ്ടായ അനുഭവം സമഗ്രസാക്ഷ്യം വഹിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച്‌ നമ്മെ എന്തു പഠിപ്പിക്കുന്നു?

16 താൻ ഒരാളോട്‌ സാക്ഷീകരിച്ചത്‌ മറ്റൊരാൾ സത്യത്തിൽ വരാൻ കാരണമാകുമെന്ന്‌ റയൻ കരുതിയതേയില്ല. “സമഗ്രസാക്ഷ്യം നൽകാനുള്ള” തന്റെ മനസ്സൊരുക്കത്തിന്റെ ഫലം റയനു കാണാനായി. വീടുതോറുമോ ജോലിസ്ഥലത്തോ സ്‌കൂളിലോ മറ്റെവിടെയെങ്കിലുമോ സാക്ഷീകരിക്കുമ്പോൾ നിങ്ങൾ അറിയാതെതന്നെ അതു മറ്റു പലർക്കും സത്യം ലഭിക്കുന്നതിനുള്ള വാതിൽ തുറന്നുകൊടുത്തേക്കാം. ആസ്യയിലെ തന്റെ പ്രവർത്തനത്തിന്റെ എല്ലാ ഫലങ്ങളെക്കുറിച്ചും പൗലൊസിന്‌ അറിയില്ലായിരുന്നു, അതുപോലെ സമഗ്രസാക്ഷ്യം നൽകാനുള്ള നിങ്ങളുടെ ശ്രമങ്ങൾ എന്തെല്ലാം ഫലങ്ങൾ ഉളവാക്കുന്നുണ്ടെന്ന്‌ നിങ്ങൾക്കും അറിയില്ലായിരിക്കാം. (പ്രവൃത്തികൾ 23:11; 28:23 വായിക്കുക.) പക്ഷേ നിങ്ങൾ അങ്ങനെ ചെയ്യുന്നതിൽ തുടരുന്നത്‌ പ്രധാനമല്ലേ?

17. രണ്ടായിരത്തി ഒമ്പതിൽ എന്തു ചെയ്യാനാണു നിങ്ങളുടെ തീരുമാനം?

17 വീടുതോറുമുള്ള പ്രവർത്തനമുൾപ്പെടെ എല്ലാവിധങ്ങളിലും സാക്ഷീകരിക്കാനുള്ള നിയോഗം 2009-ൽ നമുക്കെല്ലാവർക്കും ഗൗരവത്തോടെ എടുക്കാം. അങ്ങനെ പൗലൊസിനെപ്പോലെ നമുക്കും പറയാനാകും: “എന്റെ ജീവനെ ഞാൻ ഒട്ടും പ്രിയപ്പെട്ടതായി കരുതുന്നില്ല. എന്റെ ഓട്ടം തികയ്‌ക്കണമെന്നും ദൈവകൃപയെക്കുറിച്ചുള്ള സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകേണ്ടതിന്‌ കർത്താവായ യേശു എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കണമെന്നും മാത്രമേ എനിക്കുള്ളൂ.”

ഉത്തരം പറയാമോ?

• അപ്പൊസ്‌തലന്മാരായ പത്രൊസും പൗലൊസും ഒന്നാം നൂറ്റാണ്ടിലെ മറ്റുള്ളവരും സമഗ്രസാക്ഷ്യം നൽകിയത്‌ എങ്ങനെ?

• നമ്മുടെ സാക്ഷീകരണം നമുക്ക്‌ അറിയാനാകുന്നതിലും ഏറെ ഫലങ്ങൾ ഉളവാക്കിയേക്കാവുന്നത്‌ എങ്ങനെ?

• 2009-ലെ വാർഷിക വാക്യം ഏതാണ്‌, അത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[19-ാം പേജിലെ ആകർഷക വാക്യം]

2009-ലെ വാർഷിക വാക്യം: ‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക.’ —പ്രവൃ. 20:24, NW.

[17-ാം പേജിലെ ചിത്രം]

പൗലൊസ്‌ വീടുതോറും സാക്ഷീകരിച്ചിരുന്നുവെന്ന്‌ എഫെസൊസിലെ മൂപ്പന്മാർക്ക്‌ അറിയാമായിരുന്നു

[18-ാം പേജിലെ ചിത്രം]

സമഗ്രസാക്ഷ്യം ദൂരവ്യാപക ഫലങ്ങൾ ഉളവാക്കിയേക്കാവുന്നത്‌ എങ്ങനെ?