വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇതാ, യഹോവ പ്രസാദിച്ചിരിക്കുന്ന ദാസൻ!

ഇതാ, യഹോവ പ്രസാദിച്ചിരിക്കുന്ന ദാസൻ!

ഇതാ, യഹോവ പ്രസാദിച്ചിരിക്കുന്ന ദാസൻ!

“ഇതാ, . . . എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ.”—യെശ. 42:1.

1. സ്‌മാരകാചരണം അടുത്തുവരവേ എന്തു ചെയ്യാനാണ്‌ ദൈവജനത്തെ പ്രോത്സാഹിപ്പിച്ചിരിക്കുന്നത്‌, എന്തുകൊണ്ട്‌?

ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണം അടുത്തുവരവേ, “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക” എന്ന പൗലൊസ്‌ അപ്പൊസ്‌തലന്റെ ആഹ്വാനത്തിനു ദൈവജനം ശ്രദ്ധനൽകേണ്ടതുണ്ട്‌. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.” (എബ്രാ. 12:2, 3) ബലിമരണത്തോളമുള്ള ക്രിസ്‌തുവിന്റെ വിശ്വസ്‌തഗതി മനസ്സിലടുപ്പിച്ചു നിറുത്തുന്നത്‌ യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്നതിൽ തുടരാനും ‘ക്ഷീണിച്ചു മടുക്കാതിരിക്കാനും’ അഭിഷിക്ത ക്രിസ്‌ത്യാനികളെയും അവരുടെ സഹകാരികളായ വേറെയാടുകളെയും സഹായിക്കും.—ഗലാത്യർ 6:9 താരതമ്യം ചെയ്യുക.

2. ദൈവപുത്രനെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

2 തന്റെ പുത്രനു നേരിട്ടു ബാധകമാകുന്ന നിരവധി പ്രവചനങ്ങൾ രേഖപ്പെടുത്താൻ യഹോവ പ്രവാചകനായ യെശയ്യാവിനെ നിശ്വസ്‌തനാക്കി. ‘വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കാൻ,’ അവനിൽ ദൃഷ്ടിപതിപ്പിക്കാൻ ആ പ്രവചനങ്ങൾ നമ്മെ സഹായിക്കും. * യേശുവിന്റെ വ്യക്തിത്വത്തെയും അവൻ അനുഭവിച്ച കഷ്ടതകളെയും നമ്മുടെ രാജാവും വീണ്ടെടുപ്പുകാരനുമായി ദൈവം അവനെ ഉയർത്തിയതിനെയും കുറിച്ച്‌ അവ വിശദീകരിക്കുന്നു. ആ പ്രവചനങ്ങൾ സ്‌മാരകാചരണത്തെക്കുറിച്ചുള്ള നമ്മുടെ അറിവു വർധിപ്പിക്കും. ഈ വർഷം ഏപ്രിൽ 9 വ്യാഴാഴ്‌ച സൂര്യാസ്‌തമയശേഷം ആയിരിക്കും നാം അത്‌ ആചരിക്കുന്നത്‌.

ദാസൻ” ആരാണ്‌?

3, 4. (എ) യെശയ്യാ പ്രവചനത്തിൽ “ദാസൻ” എന്ന വാക്ക്‌ ആരെയൊക്കെ കുറിക്കുന്നു? (ബി) യെശയ്യാവു 42, 49, 50, 52, 53 എന്നീ അധ്യായങ്ങളിൽ പരാമർശിച്ചിരിക്കുന്ന ദാസൻ ആരാണെന്ന്‌ മറ്റു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നത്‌ എങ്ങനെ?

3 “ദാസൻ” എന്ന വാക്ക്‌ യെശയ്യാവിന്റെ പുസ്‌തകത്തിൽ പലതവണ കാണുന്നു. ചിലപ്പോഴൊക്കെ അത്‌ യെശയ്യാ പ്രവാചകനെത്തന്നെ കുറിക്കുന്നു. (യെശ. 20:3; 44:26) യാക്കോബിന്‌ അതായത്‌ മുഴു ഇസ്രായേൽ ജനത്തിന്‌ ബാധകമാക്കിക്കൊണ്ടും ഈ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നു. (യെശ. 41:8, 9; 44:1, 2, 21) എന്നാൽ യെശയ്യാവു 42, 49, 50, 52, 53 എന്നീ അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന, യഹോവയുടെ ദാസനെക്കുറിച്ചുള്ള സുപ്രധാന പ്രവചനങ്ങളെ സംബന്ധിച്ച്‌ എന്തു പറയാനാകും? ഈ അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന ദാസൻ ആരാണെന്ന്‌ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ സംശയലേശമന്യേ വ്യക്തമാക്കുന്നു. എത്യോപ്യൻ കൊട്ടാര ഉദ്യോഗസ്ഥന്റെ അടുക്കലേക്ക്‌ സുവിശേഷകനായ ഫിലിപ്പൊസിനെ ആത്മാവു നയിച്ചതായി പ്രവൃത്തികളുടെ പുസ്‌തകത്തിൽ നാം വായിക്കുന്നു. ഈ പ്രവചനങ്ങളിലൊന്നായിരുന്നു അപ്പോൾ ആ ഉദ്യോഗസ്ഥൻ വായിച്ചുകൊണ്ടിരുന്നത്‌ എന്നതു ശ്രദ്ധേയമാണ്‌. യെശയ്യാവു 53:7, 8-ൽ ഇന്നു നാം കാണുന്ന വിവരണം വായിച്ച അദ്ദേഹം ഫിലിപ്പൊസിനോട്‌, “ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.” മിശിഹായായ യേശുവിനെക്കുറിച്ചാണ്‌ പ്രവാചകൻ ഇതു പറഞ്ഞതെന്ന്‌ ഫിലിപ്പൊസ്‌ വിശദീകരിച്ചുകൊടുത്തു.—പ്രവൃ. 8:26-35.

4 ശിശുവായിരുന്ന യേശുവിനെക്കുറിച്ച്‌, അവൻ ‘ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശം’ ആയിത്തീരുമെന്ന്‌ നീതിമാനായ ശിമ്യോൻ ആത്മനിയോഗത്താൽ പ്രസ്‌താവിച്ചു. (യെശ. 42:7; 49:6; ലൂക്കൊ. 2:25-32) കൂടാതെ, യേശുവിനെ വിചാരണചെയ്‌ത രാത്രിയിൽ അവൻ അനുഭവിച്ച നിന്ദയെക്കുറിച്ച്‌ യെശയ്യാവു 50:6-9-ലെ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്താ. 26:67; ലൂക്കൊ. 22:63) യഹോവയുടെ “ദാസൻ” യേശുവാണെന്ന്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനുശേഷം അപ്പൊസ്‌തലനായ പത്രൊസ്‌ വ്യക്തമായി തിരിച്ചറിയിച്ചു. (യെശ. 52:13; 53:11; പ്രവൃത്തികൾ 3:13, 26 വായിക്കുക.) ഈ മിശിഹൈക പ്രവചനങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

യഹോവ തന്റെ ദാസനെ പരിശീലിപ്പിക്കുന്നു

5. ദൈവത്തിന്റെ ദാസന്‌ എന്തു പരിശീലനമാണു ലഭിച്ചത്‌?

5 ദൈവത്തിന്റെ ദാസനെക്കുറിച്ചുള്ള യെശയ്യാവിന്റെ ഒരു പ്രവചനം, ഭൂമിയിലേക്കു വരുന്നതിനുമുമ്പ്‌ യഹോവയുമായി അവന്റെ ആദ്യജാത പുത്രന്‌ ഉണ്ടായിരുന്ന അഭേദ്യമായ ബന്ധത്തിലേക്കു വെളിച്ചംവീശുന്നതാണ്‌. (യെശയ്യാവു 50:4-9 വായിക്കുക.) “ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു” എന്നു പറഞ്ഞുകൊണ്ട്‌, യഹോവ തന്നെ നിരന്തരം പരിശീലിപ്പിച്ചിരുന്നതായി ഈ ദാസൻ വെളിപ്പെടുത്തുന്നു. (യെശ. 50:4) അക്കാലത്തുടനീളം തന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടും അവനിൽനിന്ന്‌ പഠിച്ചുകൊണ്ടും യഹോവയുടെ ഈ ദാസൻ അനുസരണമുള്ള ഒരു ശിഷ്യനായിത്തീർന്നു. മുഴുപ്രപഞ്ചത്തിന്റെയും സ്രഷ്ടാവിനാൽ പഠിപ്പിക്കപ്പെടുന്നത്‌ എത്ര വിശിഷ്ടമായ ഒരു പദവിയാണ്‌!

6. ദൈവത്തിന്റെ ദാസൻ പിതാവിനോട്‌ സമ്പൂർണ കീഴ്‌പെടൽ പ്രകടമാക്കിയത്‌ എങ്ങനെ?

6 പ്രസ്‌തുത പ്രവചനത്തിൽ, “പരമാധികാര കർത്താവായ യഹോവ” (NW) എന്നാണ്‌ ഈ ദാസൻ തന്റെ പിതാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്‌. യഹോവയാണ്‌ സാർവത്രിക പരമാധികാരിയെന്ന അടിസ്ഥാന സത്യം അവൻ മനസ്സിലാക്കിയിരുന്നുവെന്ന്‌ ഇതു കാണിക്കുന്നു. തന്റെ പിതാവിനോടുള്ള സമ്പൂർണമായ കീഴ്‌പെടൽ അവന്റെ പിൻവരുന്ന വാക്കുകളിൽ കാണാം: “യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിൻതിരിഞ്ഞതുമില്ല.” (യെശ. 50:5) പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ചപ്പോൾ ഈ ദാസൻ യഹോവയുടെ അടുക്കൽ “ശില്‌പി ആയിരുന്നു.” അവൻ ‘ഇടവിടാതെ [യഹോവയുടെ] മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പത്രി അവന്റെ പ്രമോദമായിരുന്നു.’ “അവന്റെ ഭൂതലത്തിൽ ഞാൻ [യേശു] വിനോദിച്ചുകൊണ്ടിരുന്നു” എന്നും “എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു” എന്നും നാം വായിക്കുന്നു.—സദൃ. 8:22-31.

7. പരിശോധനാകാലത്തുടനീളം തന്റെ പിതാവിന്റെ പിന്തുണയിൽ ഈ ദാസന്‌ ഉറപ്പുണ്ടായിരുന്നെന്ന്‌ എന്തു തെളിയിക്കുന്നു?

7 ഈ പരിശീലനവും മനുഷ്യവർഗത്തോടുള്ള സ്‌നേഹവുമാണ്‌ ഭൂമിയിലായിരിക്കെ കടുത്ത എതിർപ്പു നേരിട്ടപ്പോൾ പിടിച്ചുനിൽക്കാൻ യഹോവയുടെ ദാസനെ പ്രാപ്‌തനാക്കിയത്‌. അതിരൂക്ഷമായ പീഡനത്തിന്മധ്യേയും തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ അവൻ സന്തോഷമുള്ളവനായിരുന്നു. (സങ്കീ. 40:8; മത്താ. 26:42; യോഹ. 6:38) ഭൂമിയിൽ പരിശോധനകൾ നേരിട്ടപ്പോഴെല്ലാം തന്റെ പിതാവിന്റെ അംഗീകാരവും പിന്തുണയും ഉണ്ടെന്ന്‌ യേശുവിന്‌ ഉറപ്പുണ്ടായിരുന്നു. യെശയ്യാവ്‌ പ്രവചിച്ചിരുന്നതുപോലെ, അവന്‌ ഇപ്രകാരം പറയാനായി: “എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവൻ ആർ? . . . ഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നു.” (യെശ. 50:8, 9) യെശയ്യാവിന്റെ മറ്റൊരു പ്രവചനം പ്രസ്‌താവിച്ചതുപോലെ, യഹോവ തന്റെ വിശ്വസ്‌ത ദാസന്റെ ഭൗമിക ശുശ്രൂഷക്കാലത്തുടനീളം അവനെ പിന്തുണയ്‌ക്കുകതന്നെ ചെയ്‌തു.

യഹോവയുടെ ദാസന്റെ ഭൗമിക ശുശ്രൂഷ

8. യെശയ്യാവു 42:1-ൽ പറഞ്ഞിരിക്കുന്ന യഹോവയുടെ “വൃതൻ” യേശുവാണെന്ന്‌ എന്തു തെളിയിക്കുന്നു?

8 എ.ഡി. 29-ൽ യേശു സ്‌നാനമേറ്റപ്പോൾ എന്താണു സംഭവിച്ചതെന്ന്‌ ബൈബിൾ വിവരണം പറയുന്നു: “പരിശുദ്ധാത്മാവു . . . അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കൊ. 3:21, 22) അങ്ങനെ, യെശയ്യാവിന്റെ പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന തന്റെ “വൃതൻ” അഥവാ തിരഞ്ഞെടുക്കപ്പെട്ടവൻ യേശുവാണെന്ന്‌ യഹോവ സംശയത്തിന്‌ ഇടനൽകാത്തവിധം വെളിപ്പെടുത്തി. (യെശയ്യാവു 42:1-7 വായിക്കുക.) ഭൂമിയിലെ ശുശ്രൂഷക്കാലത്ത്‌ യേശു ഈ പ്രവചനം ശ്രദ്ധേയമായ ഒരു വിധത്തിൽ നിവർത്തിച്ചു. മത്തായി തന്റെ സുവിശേഷത്തിൽ യെശയ്യാവു 42:1-4 ഉദ്ധരിക്കുകയും അത്‌ യേശുവിനു ബാധകമാക്കുകയും ചെയ്‌തു.—മത്താ. 12:15-21.

9, 10. (എ) യേശു തന്റെ ശുശ്രൂഷക്കാലത്ത്‌ യെശയ്യാവ്‌ 42:3-ലെ വാക്കുകൾ നിവർത്തിച്ചത്‌ എങ്ങനെ? (ബി) ഭൂമിയിലായിരുന്നപ്പോൾ ക്രിസ്‌തു ‘ന്യായം പ്രസ്‌താവിച്ചത്‌’ എങ്ങനെ, എപ്പോഴാണ്‌ അവൻ ‘ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നത്‌?’

9 സാധാരണക്കാരായ യഹൂദന്മാരെ അവരുടെ മതനേതാക്കന്മാർ പുച്ഛത്തോടെയാണു കണ്ടിരുന്നത്‌. (യോഹ. 7:47-49) പരുഷമായ പെരുമാറ്റത്തിനു വിധേയരായിരുന്ന അവരെ ‘ചതഞ്ഞ ഓടയോടും’ അണയാറായ ‘തിരിയോടും’ ഉപമിക്കാനാകുമായിരുന്നു. എന്നിരുന്നാലും യേശു പാവങ്ങളോടും ദുരിതം അനുഭവിക്കുന്നവരോടും മനസ്സലിവു കാണിച്ചു. (മത്താ. 9:35, 36) അവൻ അവർക്ക്‌ ആശ്വാസദായകമായ ഈ ക്ഷണം നൽകി: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” (മത്താ. 11:28) കൂടാതെ, ശരിയും തെറ്റും സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾ പഠിപ്പിച്ചുകൊണ്ട്‌ യേശു ‘ന്യായം പ്രസ്‌താവിച്ചു.’ (യെശ. 42:3) ദൈവത്തിന്റെ ന്യായപ്രമാണം കരുണാപൂർവം ന്യായബോധത്തോടെ ബാധകമാക്കേണ്ടതാണെന്നും അവൻ കാണിച്ചുകൊടുത്തു. (മത്താ. 23:23) പാവങ്ങളോടും പണക്കാരോടും ഒരുപോലെ സുവിശേഷം പ്രസംഗിച്ചുകൊണ്ടും യേശു ന്യായത്തോടും നീതിയോടും കൂടെ പ്രവർത്തിച്ചു.—മത്താ. 11:5; ലൂക്കൊ. 18:18-23.

10 യഹോവയുടെ ഈ “വൃതൻ” “ഭൂമിയിൽ ന്യായം സ്ഥാപിക്കും” എന്നും യെശയ്യാവിന്റെ പ്രവചനം മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യെശ. 42:4) മിശിഹൈക രാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു താമസിയാതെ എല്ലാ ഭരണകൂടങ്ങളെയും നശിപ്പിച്ച്‌ നീതിയുള്ള ഭരണം സ്ഥാപിക്കുമ്പോൾ ആ വാക്കുകൾക്കു നിവൃത്തിവരും. അവൻ “നീതി വസിക്കുന്ന” ഒരു പുതിയലോകം ആനയിക്കും.—2 പത്രൊ. 3:13; ദാനീ. 2:44.

പ്രകാശവും’ ‘ഉടമ്പടിയും

11. ഏത്‌ അർഥത്തിലാണ്‌ ഒന്നാം നൂറ്റാണ്ടിൽ യേശു ‘ജാതികളുടെ പ്രകാശം’ ആയിരുന്നത്‌, നമ്മുടെ കാലത്തും അതു സത്യമായിരിക്കുന്നത്‌ എങ്ങനെ?

11 യെശയ്യാവു 42:7-ലെ വാക്കുകൾ നിവർത്തിച്ചുകൊണ്ട്‌ താൻ ‘ജാതികളുടെ പ്രകാശം’ ആണെന്നു യേശു തെളിയിച്ചു. ഭൂമിയിലെ ശുശ്രൂഷക്കാലത്ത്‌ അവൻ മുഖ്യമായും യഹൂദന്മാർക്ക്‌ ആത്മീയ വെളിച്ചം പകർന്നു. (മത്താ. 15:24; പ്രവൃ. 3:26) എന്നാൽ “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന്‌ യേശു പ്രസ്‌താവിക്കുകയുണ്ടായി. (യോഹ. 8:12) ആത്മീയ വെളിച്ചം പകർന്നുകൊണ്ടു മാത്രമല്ല, മുഴുമനുഷ്യവർഗത്തിനുംവേണ്ടി തന്റെ പൂർണതയുള്ള മനുഷ്യജീവൻ മറുവിലയായി നൽകിക്കൊണ്ടും അവൻ യഹൂദന്മാർക്കും ജാതികൾക്കും പ്രകാശമായിത്തീർന്നു. (മത്താ. 20:28) “ഭൂമിയുടെ അറ്റത്തോളവും” തന്റെ സാക്ഷികളായിത്തീരാൻ പുനരുത്ഥാനശേഷം യേശു ശിഷ്യന്മാരോട്‌ കൽപ്പിച്ചു. (പ്രവൃ. 1:8) ‘ജാതികളുടെ പ്രകാശം’ എന്ന യെശയ്യാവിന്റെ വാക്കുകൾ പൗലൊസും ബർന്നബാസും ഒരിക്കൽ ഉദ്ധരിക്കുകയും വിജാതീയരുടെ ഇടയിൽ അവർ നിർവഹിച്ചിരുന്ന പ്രസംഗ പ്രവർത്തനത്തിന്‌ ബാധകമാക്കുകയും ചെയ്‌തു. (പ്രവൃ. 13:46-48; യെശയ്യാവു 49:6 താരതമ്യം ചെയ്യുക.) ആത്മീയ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ടും ‘ജാതികളുടെ പ്രകാശമായ’ യേശുവിൽ വിശ്വാസമർപ്പിക്കാൻ ആളുകളെ സഹായിച്ചുകൊണ്ടും ഭൂമിയിലുള്ള അവന്റെ അഭിഷിക്ത സഹോദരന്മാരും അവരുടെ സഹകാരികളും ആ വേലയിൽ ഇന്നും തുടരുന്നു.

12. യഹോവ തന്റെ ദാസനെ ഒരു “ഉടമ്പടിയായി” നൽകിയിരിക്കുന്നത്‌ എങ്ങനെ?

12 അതേ പ്രവചനത്തിൽ യഹോവ തന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസനോട്‌ ഇപ്രകാരം പറഞ്ഞു: “ഞാൻ . . . നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും [‘ഉടമ്പടിയും,’ ഓശാന ബൈബിൾ] . . . ആക്കും.” (യെശ. 42:7) യേശുവിനെ നശിപ്പിക്കാനും ഭൂമിയിലെ അവന്റെ ശുശ്രൂഷ പൂർത്തീകരിക്കുന്നതു തടയാനും സാത്താൻ അക്ഷീണം ശ്രമിച്ചു. എന്നാൽ യേശു മരിക്കേണ്ടിയിരുന്ന നിയമിത സമയംവരെയും യഹോവ അവനെ കാത്തുരക്ഷിച്ചു. (മത്താ. 2:13; യോഹ. 7:30) പിന്നീട്‌ യഹോവ യേശുവിനെ ഉയിർപ്പിക്കുകയും മനുഷ്യർക്ക്‌ അവനെയൊരു “ഉടമ്പടിയായി” നൽകുകയും ചെയ്‌തു. ആത്മീയ അന്ധകാരത്തിലുള്ളവരെ വിടുവിച്ചുകൊണ്ട്‌ യഹോവയുടെ വിശ്വസ്‌ത ദാസൻ ‘ജാതികളുടെ പ്രകാശം’ ആയിരിക്കുന്നതിൽ തുടരുമെന്ന്‌ ആ ദിവ്യ ഉടമ്പടി ഉറപ്പുനൽകി.—യെശയ്യാവു 49:8, 9 വായിക്കുക. *

13. “അന്ധകാരത്തിൽ ഇരിക്കുന്നവരെ” യേശു വിടുവിച്ചത്‌ എങ്ങനെ, ഇന്ന്‌ അവൻ അത്‌ എങ്ങനെ ചെയ്യുന്നു?

13 ഈ ഉടമ്പടിക്കു ചേർച്ചയിൽ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ദാസൻ ‘കുരുട്ടുകണ്ണുകളെ തുറക്കുകയും’ “ബദ്ധന്മാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും” വിടുവിക്കുകയും ചെയ്യണമായിരുന്നു. (യെശ. 42:6) വ്യാജമത സമ്പദ്രായങ്ങളെ തുറന്നുകാട്ടിക്കൊണ്ടും രാജ്യസുവാർത്ത ഘോഷിച്ചുകൊണ്ടും യേശു ആ തിരുവെഴുത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. (മത്താ. 15:3; ലൂക്കൊ. 8:1) അങ്ങനെ, ശിഷ്യരായിത്തീർന്ന യഹൂദർക്ക്‌ ആത്മീയ വിമോചനം സാധ്യമാക്കി. (യോഹ. 8:31, 32) കൂടാതെ, യഹൂദരല്ലാത്ത ദശലക്ഷങ്ങൾക്കും ആത്മീയ വിടുതലിനുള്ള അവസരം അവൻ ഒരുക്കി. “പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന്‌ അവൻ തന്റെ അനുഗാമികളോടു കൽപ്പിക്കുകയും “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌” എന്ന വാഗ്‌ദാനം നൽകുകയും ചെയ്‌തു. (മത്താ. 28:19, 20) യേശുക്രിസ്‌തു ഇന്ന്‌ സ്വർഗത്തിലിരുന്നുകൊണ്ട്‌ ആഗോള പ്രസംഗ പ്രവർത്തനത്തിന്‌ മേൽനോട്ടം വഹിക്കുകയാണ്‌.

യഹോവ തന്റെ ‘ദാസനെ’ ഉയർത്തിയിരിക്കുന്നു

14, 15. യഹോവ തന്റെ ദാസനെ ഉയർത്തിയത്‌ എങ്ങനെയാണ്‌, എന്തുകൊണ്ട്‌?

14 മിശിഹൈക ദാസനെക്കുറിച്ചുള്ള മറ്റൊരു പ്രവചനത്തിൽ യഹോവ പറയുന്നു: “എന്റെ ദാസൻ കൃതാർത്ഥനാകും; അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതനായിരിക്കും.” (യെശ. 52:13) തന്റെ പരമാധികാരത്തിന്‌ വിശ്വസ്‌തമായി കീഴ്‌പെട്ടുകൊണ്ട്‌ അങ്ങേയറ്റം ദുഷ്‌കരമായ പരിശോധനയിലും വിശ്വസ്‌തനായി നിലനിന്നതിനാൽ യഹോവ തന്റെ പുത്രനെ ഉയർത്തി.

15 യേശുവിനെക്കുറിച്ച്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി: “അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്‌പെട്ടുമിരിക്കുന്നു.” (1 പത്രൊ. 3:22) പൗലൊസ്‌ അപ്പൊസ്‌തലനും അവനെക്കുറിച്ച്‌ ഇങ്ങനെ എഴുതി: ‘തന്നെത്താൻ താഴ്‌ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, [യേശു] അനുസരണമുളളവനായിത്തീർന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്‌കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്‌തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.’—ഫിലി. 2:8-11.

16. യേശു 1914-ൽ ‘അത്യന്തം ഉന്നതനാക്കപ്പെട്ടത്‌’ എങ്ങനെ, അന്നുമുതൽ അവൻ എന്തു നേട്ടം കൈവരിച്ചിരിക്കുന്നു?

16 യഹോവ യേശുവിനെ വീണ്ടും ഉയർത്തി, 1914-ൽ. മിശിഹൈക രാജ്യത്തിന്റെ രാജാവായി യഹോവ അവനെ അവരോധിച്ചപ്പോൾ അവൻ ‘അത്യന്തം ഉന്നതനാക്കപ്പെട്ടു.’ (സങ്കീ. 2:6; ദാനീ. 7:13, 14) അന്നുമുതൽ ക്രിസ്‌തു ‘ശത്രുക്കളുടെ മധ്യേ വാഴുകയാണ്‌.’ (സങ്കീ. 110:2) ആദ്യമായി, അവൻ സാത്താനെയും ഭൂതങ്ങളെയും ജയിച്ചടക്കി അവരെ ഭൂമിയുടെ പരിസരത്തേക്കു തള്ളിയിട്ടു. (വെളി. 12:7-12) തുടർന്ന്‌ വലിയ കോരെശായ അവൻ ‘മഹതിയാം ബാബിലോന്റെ’ പിടിയിൽനിന്ന്‌ ഭൂമിയിലെ തന്റെ അഭിഷിക്ത സഹോദരന്മാരുടെ ശേഷിപ്പിനെ വിടുവിച്ചു. (വെളി. 18:2; യെശ. 44:28) ഇന്ന്‌ ആഗോള പ്രസംഗവേലയ്‌ക്കു മേൽനോട്ടം വഹിക്കുകയാണ്‌ അവൻ. തന്റെ ആത്മീയ സഹോദരന്മാരിൽ ‘ശേഷിച്ചവരെയും’ തുടർന്ന്‌ ‘ചെറിയ ആട്ടിൻകൂട്ടത്തിന്റെ’ വിശ്വസ്‌ത സഹചാരികളായ ദശലക്ഷക്കണക്കിനു ‘വേറെ ആടുകളെയും’ കൂട്ടിച്ചേർക്കുന്നതിന്‌ അത്‌ ഇടയാക്കിയിരിക്കുന്നു.—വെളി. 12:17; യോഹ. 10:16; ലൂക്കൊ. 12:32.

17. യഹോവയുടെ ‘ദാസനെ’ കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനങ്ങളിൽനിന്ന്‌ ഇതുവരെ നാം എന്തു പഠിച്ചു?

17 യെശയ്യാ പ്രവചനത്തിലെ അതിമഹത്തായ ഈ പ്രവചനങ്ങളുടെ പഠനം രാജാവും വീണ്ടെടുപ്പുകാരനുമായ യേശുക്രിസ്‌തുവിനോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിച്ചിരിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? സ്വർഗത്തിൽവെച്ച്‌ യേശുവിനു ലഭിച്ച പരിശീലനത്തിന്റെ തെളിവായിരുന്നു ഭൂമിയിലായിരുന്നപ്പോൾ അവൻ തന്റെ പ്രിയപിതാവിനോടു കാണിച്ച കീഴ്‌പെടൽ. തന്റെ ശുശ്രൂഷ മുഖാന്തരവും ഇന്നേ ദിവസംവരെ അവൻ മേൽനോട്ടം വഹിച്ചിരിക്കുന്ന പ്രസംഗവേലയാലും താൻതന്നെയാണ്‌ ‘ജാതികളുടെ പ്രകാശം’ എന്ന്‌ യേശു തെളിയിച്ചിരിക്കുന്നു. അടുത്ത ലേഖനത്തിൽ കാണാൻ പോകുന്നതുപോലെ മറ്റൊരു പ്രവചനം, ഈ മിശിഹൈക ദാസൻ നമ്മുടെ നന്മയ്‌ക്കായി കഷ്ടം അനുഭവിക്കുകയും ജീവൻ ബലിയായി നൽകുകയും ചെയ്യുമെന്ന്‌ വെളിപ്പെടുത്തുന്നു. യേശുവിന്റെ മരണത്തിന്റെ സ്‌മാരകം അടുത്തുവരവേ നാം ഇക്കാര്യങ്ങൾ ‘ധ്യാനിക്കുന്നതു’ നന്നായിരിക്കും.—എബ്രാ. 12:2, 3.

[അടിക്കുറിപ്പുകൾ]

^ ഖ. 2 യെശയ്യാവു 42:1-7; 49:1-12; 50:4-9; 52:13–53:12 എന്നീ തിരുവെഴുത്തുകളിൽ ഈ പ്രവചനങ്ങൾ കാണാനാകും.

പുനരവലോകനത്തിന്‌

• യെശയ്യാവിന്റെ പ്രവചനങ്ങളിൽ പറഞ്ഞിരിക്കുന്ന “ദാസൻ” ആരാണ്‌, അതു നാം എങ്ങനെ അറിയുന്നു?

• യഹോവയിൽനിന്ന്‌ ഈ ദാസന്‌ എന്തു പരിശീലനം ലഭിച്ചു?

• യേശു ‘ജാതികൾക്കു പ്രകാശം’ ആയിരിക്കുന്നത്‌ എങ്ങനെ?

• യഹോവയുടെ ദാസൻ ഉയർത്തപ്പെട്ടത്‌ എങ്ങനെയാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

മിശിഹായായ യേശുവാണ്‌ യെശയ്യാ പ്രവചനത്തിലെ “ദാസൻ” എന്ന്‌ ഫിലിപ്പൊസ്‌ വ്യക്തമാക്കി

[23-ാം പേജിലെ ചിത്രം]

യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ദാസനായ യേശു പാവങ്ങളോടും ദുരിതം അനുഭവിക്കുന്നവരോടും മനസ്സലിവു കാണിച്ചു

[24-ാം പേജിലെ ചിത്രം]

യഹോവ യേശുവിനെ ഉയർത്തുകയും മിശിഹൈക രാജ്യത്തിന്റെ രാജാവായി അവരോധിക്കുകയും ചെയ്‌തു