വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവകൃപയുടെ ഒരു നല്ല കാര്യവിചാരകനാണോ നിങ്ങൾ?

ദൈവകൃപയുടെ ഒരു നല്ല കാര്യവിചാരകനാണോ നിങ്ങൾ?

ദൈവകൃപയുടെ ഒരു നല്ല കാര്യവിചാരകനാണോ നിങ്ങൾ?

“സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.”—റോമ. 12:10.

1. ദൈവവചനം നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

ഹൃദയം തകർന്നവർക്കും നിരാശിതർക്കും യഹോവ തുണനിൽക്കുമെന്ന്‌ ദൈവവചനം പലയാവർത്തി നമുക്ക്‌ ഉറപ്പു നൽകുന്നു. പിൻവരുന്ന ആശ്വാസവചനങ്ങൾ അതിന്‌ ഉദാഹരണമാണ്‌. “വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.” “മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.” (സങ്കീ. 145:14; 147:3) യെശയ്യാവു 41:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന സ്വർഗീയ പിതാവിന്റെ വാക്കുകളും നമുക്കു ധൈര്യം പകരുന്നവയാണ്‌. അവിടെ നാം വായിക്കുന്നു: ‘നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയും.’

2. തന്റെ ദാസർക്ക്‌ ആവശ്യമായ പിന്തുണ യഹോവ നൽകുന്നത്‌ എങ്ങനെയാണ്‌?

2 എന്നാൽ ‘നമ്മുടെ കൈ പിടിക്കാൻ’ സ്വർലോകങ്ങളിൽ വസിക്കുന്ന യഹോവയ്‌ക്ക്‌ എങ്ങനെ സാധിക്കും? ഹൃദയവേദനയുടെ ഭാരം താങ്ങാനാവാതെ ‘നാം കുനിഞ്ഞിരിക്കുമ്പോൾ’ അവൻ നമ്മെ നിവർത്തുന്നത്‌ എങ്ങനെയാണ്‌? ആവശ്യമായ സഹായം പ്രദാനം ചെയ്യുന്നതിന്‌ യഹോവയാം ദൈവം വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്‌ പരിശുദ്ധാത്മാവ്‌ മുഖേന തന്റെ ജനത്തിന്‌ അവൻ “അത്യന്തശക്തി” നൽകുന്നു. (2 കൊരി. 4:7; യോഹ. 14:16, 17) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവ്യനിശ്വസ്‌ത വചനങ്ങൾ ദൈവദാസർക്ക്‌ ഉത്തേജനം പകരുന്നവയാണ്‌. (എബ്രാ. 4:12) എന്നാൽ, ഇതൊന്നുമല്ലാതെ മറ്റേതെങ്കിലും വിധത്തിൽ യഹോവ ഇന്നു നമ്മെ ശക്തിപ്പെടുത്തുന്നുണ്ടോ? പത്രൊസിന്റെ ഒന്നാമത്തെ ലേഖനത്തിൽ അതിനുള്ള ഉത്തരമുണ്ട്‌.

ദൈവകൃപ വ്യത്യസ്‌ത വിധങ്ങളിൽ

3. (എ) പരിശോധനകൾ സംബന്ധിച്ച്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എന്തു പറഞ്ഞു? (ബി) പത്രൊസിന്റെ ഒന്നാമത്തെ ലേഖനത്തിന്റെ അവസാനഭാഗത്ത്‌ ചർച്ചചെയ്യുന്നത്‌ എന്താണ്‌?

3 വലിയ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നതുകൊണ്ട്‌ ആത്മാഭിഷിക്തരായ സഹവിശ്വാസികൾക്ക്‌ സന്തോഷിക്കുന്നതിനു നല്ല കാരണമുണ്ടെന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി. തുടർന്ന്‌ അവൻ കൂട്ടിച്ചേർത്തു: “നിങ്ങൾ ഇപ്പോൾ അല്‌പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി” വരും. (1 പത്രൊ. 1:1-6) “നാനാപരീക്ഷകളാൽ” എന്ന്‌ പത്രൊസ്‌ എഴുതിയതു ശ്രദ്ധിക്കുക. പരിശോധനകൾ വ്യത്യസ്‌തങ്ങൾ അഥവാ വിവിധങ്ങളായിരിക്കും എന്നാണ്‌ അവൻ അർഥമാക്കിയത്‌. ഇതുപോലുള്ള പരീക്ഷകൾ തരണംചെയ്യാനാകുമോ എന്ന്‌ അതു വായിക്കുന്ന ക്രിസ്‌ത്യാനികൾ ആശങ്കപ്പെടാൻ ഇടയുണ്ടായിരുന്നു. എന്നാൽ, നേരിടുന്ന ഓരോ പരിശോധനയും സഹിച്ചുനിൽക്കാൻ ആവശ്യമായ സഹായം യഹോവ നിശ്ചയമായും നൽകുമെന്ന്‌ പത്രൊസ്‌ തന്റെ സഹോദരങ്ങൾക്ക്‌ ഉറപ്പു നൽകുന്നു. തന്റെ ലേഖനത്തിന്റെ ഉത്തരഭാഗത്ത്‌, ‘എല്ലാറ്റിന്റെയും അവസാനത്തോടു’ ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുമ്പോഴാണ്‌ അവൻ ആ ഉറപ്പു നൽകുന്നത്‌.—1 പത്രൊ. 4:7.

4. പത്രൊസിന്റെ വാക്കുകൾ ആശ്വാസദായകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 പത്രൊസ്‌ പ്രസ്‌താവിക്കുന്നു: “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി [‘കാര്യവിചാരകന്മാരായി,’ NW] അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.” (1 പത്രൊ. 4:10) “വിവിധമായുള്ള” എന്ന വാക്ക്‌ പത്രൊസ്‌ ഈ വാക്യത്തിൽ ഉപയോഗിക്കുന്നത്‌ ശ്രദ്ധിക്കുക. ‘പരിശോധനകൾ വിവിധരൂപത്തിൽ വരുമെങ്കിൽ ദൈവകൃപയും അതുപോലെ വിവിധരൂപത്തിൽ പ്രത്യക്ഷമാകും’ എന്നാണ്‌ അവൻ പറഞ്ഞതിന്റെ സാരം. ഈ പ്രസ്‌താവന ആശ്വാസദായകമല്ലേ? നാം നേരിടുന്ന പരിശോധന എന്തുതന്നെ ആയാലും എല്ലായ്‌പോഴും അതിനൊത്ത ദൈവകൃപയും നമുക്ക്‌ ലഭിക്കും. എന്നാൽ പത്രൊസിന്റെ പ്രസ്‌താവനയിൽ, ദൈവകൃപ അതായത്‌ യഹോവയുടെ അനർഹദയ നമ്മിലെത്തുന്നത്‌ എങ്ങനെയെന്നു നിങ്ങൾ ശ്രദ്ധിച്ചോ? സഹവിശ്വാസികൾ മുഖേന!

“അന്യോന്യം ശുശ്രൂഷിപ്പിൻ”

5. (എ) ഓരോ ക്രിസ്‌ത്യാനിയും എന്തു ചെയ്യണം? (ബി) ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു?

5 ക്രിസ്‌തീയ സഭയിലെ എല്ലാവരോടുമായി പത്രൊസ്‌ പറഞ്ഞു: “സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ. . . . ഓരോരുത്തന്നു വരം ലഭിച്ചതുപോലെ . . . അന്യോന്യം ശുശ്രൂഷിപ്പിൻ.” (1 പത്രൊ. 4:8, 10) സഹവിശ്വാസികളെ ശക്തിപ്പെടുത്തുന്നതിൽ ഓരോ ക്രിസ്‌ത്യാനിക്കും ഒരു പങ്കുവഹിക്കാനുണ്ടെന്നല്ലേ ഇതു കാണിക്കുന്നത്‌? യഹോവയ്‌ക്ക്‌ അവകാശപ്പെട്ടതും വിലയേറിയതുമായ ഒരു സംഗതി അവൻ നമ്മുടെ ഉത്തരവാദിത്വത്തിൽ ഏൽപ്പിച്ചിരിക്കുകയാണ്‌; അതു വിതരണം ചെയ്യാനുള്ള ചുമതല നമുക്കാണ്‌. പക്ഷേ, എന്താണ്‌ അവൻ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നത്‌? പത്രൊസ്‌ പറയുന്നു: ഒരു “വരം.” എന്താണ്‌ ആ വരം? ‘അന്യോന്യം ശുശ്രൂഷിക്കാൻ’ നമുക്ക്‌ അതെങ്ങനെ ഉപയോഗിക്കാം?

6. ക്രിസ്‌ത്യാനികളെ ഏൽപ്പിച്ചിരിക്കുന്ന ചില വരങ്ങൾ ഏതൊക്കെയാണ്‌?

6 “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു” എന്ന്‌ ദൈവവചനം പറയുന്നു. (യാക്കോ. 1:17) വാസ്‌തവത്തിൽ ദൈവം തന്റെ ജനത്തിനു നൽകിയിട്ടുള്ള എല്ലാ വരങ്ങളും അവന്റെ അനർഹദയയുടെ തെളിവാണ്‌. അത്തരത്തിൽ യഹോവ നമുക്കു നൽകുന്ന ശ്രേഷ്‌ഠമായ ഒരു വരമാണ്‌ പരിശുദ്ധാത്മാവ്‌. സ്‌നേഹം, പരോപകാരം, സൗമ്യത എന്നീ ഗുണങ്ങൾ നമ്മിൽ വളർത്താൻ അത്‌ സഹായിക്കും. ഈ ഗുണങ്ങളാകട്ടെ, സഹവിശ്വാസികളെ അകമഴിഞ്ഞു സ്‌നേഹിക്കാനും മനസ്സോടെ അവർക്കുവേണ്ട സഹായങ്ങൾ ചെയ്‌തുകൊടുക്കാനും നമ്മെ പ്രേരിപ്പിക്കും. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ആർജിക്കാനാകുന്ന നല്ല വരങ്ങളിൽപ്പെടുന്നു യഥാർഥ ജ്ഞാനവും അറിവും. (1 കൊരി. 2:10-16; ഗലാ. 5:22, 23) നമ്മുടെ കഴിവുകളും പ്രാപ്‌തികളും ഉൾപ്പെടെ നമുക്കുള്ളതെല്ലാം, സ്വർഗീയ പിതാവിനെ സ്‌തുതിക്കാനും അവനു മഹത്വം കരേറ്റാനുമുള്ള ‘വരങ്ങളായി’ നമുക്കു വീക്ഷിക്കാം. അതേ, നമ്മുടെ പ്രാപ്‌തികളും ഗുണങ്ങളും ഉപയോഗിച്ച്‌ ദൈവകൃപ സഹവിശ്വാസികൾക്കു പകർന്നുകൊടുക്കാനുള്ള ദൈവദത്ത ഉത്തരവാദിത്വം നമുക്കുണ്ട്‌.

‘അന്യോന്യം ശുശ്രൂഷിക്കാനുള്ള’ മാർഗങ്ങൾ

7. (എ) ‘ഓരോരുത്തനു ലഭിച്ചതുപോലെ’ എന്നു പറയുന്നതിൽനിന്ന്‌ നാം എന്തു മനസ്സിലാക്കണം? (ബി) ഏതൊക്കെ ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കണം, എന്തുകൊണ്ട്‌?

7 നമുക്ക്‌ ലഭിച്ചിട്ടുള്ള വരങ്ങളെക്കുറിച്ച്‌ പത്രൊസ്‌ എഴുതുന്നു: “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ . . . അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ.” (1 പത്രൊ. 4:10) ‘ഓരോരുത്തനു ലഭിച്ചതുപോലെ’ എന്നു പറയുന്നതിൽനിന്ന്‌ ഓരോരുത്തർക്കും ലഭിച്ചിട്ടുള്ള പ്രാപ്‌തികളും കഴിവുകളും അതിന്റെ അളവിലും പ്രകൃതത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്‌ നമുക്കു മനസ്സിലാക്കാം. എന്നിരുന്നാലും ലഭിച്ചിട്ടുള്ള വരങ്ങൾ ഉപയോഗിച്ച്‌ അന്യോന്യം ശുശ്രൂഷിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. മാത്രമല്ല “നല്ല കാര്യവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ” എന്നത്‌ ഒരു കൽപ്പനയാണെന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ട്‌ നാം ഓരോരുത്തരും നമ്മോടുതന്നെ ചോദിക്കണം: ‘എനിക്കു ലഭിച്ചിട്ടുള്ള വരങ്ങൾ സഹവിശ്വാസികളെ ശക്തിപ്പെടുത്താൻ ഞാൻ യഥാർഥത്തിൽ ഉപയോഗിക്കുന്നുണ്ടോ?’ (1 തിമൊഥെയൊസ്‌ 5:9, 10 താരതമ്യം ചെയ്യുക.) ‘അതോ അവയൊക്കെ എന്റെ സ്വന്തം താത്‌പര്യങ്ങൾക്കുവേണ്ടി, ഒരുപക്ഷേ ധനാർജനത്തിനും സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കുന്നതിനുംവേണ്ടി ഉപയോഗിക്കുകയാണോ ഞാൻ?’ (1 കൊരി. 4:7) നമുക്കു ലഭിച്ചിട്ടുള്ള വരങ്ങൾ ‘അന്യോന്യം ശുശ്രൂഷിക്കുന്നതിനുവേണ്ടി’ ഉപയോഗിക്കുന്നെങ്കിൽ അത്‌ യഹോവയെ പ്രസാദിപ്പിക്കും.—സദൃ. 19:17; എബ്രായർ 13:16 വായിക്കുക.

8, 9. (എ) ലോകവ്യാപകമായി സഹവിശ്വാസികളെ ക്രിസ്‌ത്യാനികൾ ഏതൊക്കെ വിധങ്ങളിൽ സഹായിക്കുന്നു? (ബി) നിങ്ങളുടെ സഭയിലെ സഹോദരീസഹോദരന്മാർ അന്യോന്യം സഹായിക്കുന്നത്‌ എങ്ങനെയാണ്‌?

8 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ‘അന്യോന്യം ശുശ്രൂഷിച്ച’ വിവിധ മാർഗങ്ങളെക്കുറിച്ച്‌ ദൈവവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. (റോമർ 15:25, 26; 2 തിമൊഥെയൊസ്‌ 1:16-18 വായിക്കുക.) ഇന്നും, ക്രിസ്‌ത്യാനികൾ തങ്ങൾക്കു ലഭിച്ചിട്ടുള്ള വരങ്ങൾ സഹവിശ്വാസികളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി സന്തോഷത്തോടെ ഉപയോഗിക്കുന്നു. സഹവിശ്വാസികളെ സേവിക്കാനാകുന്ന ചില വിധങ്ങളേവയാണ്‌?

9 സഭാപരിപാടികൾ തയ്യാറാകുന്നതിനുവേണ്ടി അനേക സഹോദരന്മാർ ഓരോ മാസവും മണിക്കൂറുകൾ ചെലവഴിക്കുന്നു. അവരുടെ പഠനത്തിൽനിന്നു കണ്ടെടുത്ത ചില ആത്മീയ മുത്തുകൾ യോഗങ്ങളിലൂടെ അവർ പങ്കുവെക്കുമ്പോൾ സഭയിലെല്ലാവർക്കും അതു പ്രോത്സാഹനമാകും, സഹിച്ചുനിൽക്കാൻ പ്രേരിതരാകുകയും ചെയ്യും. (1 തിമൊ. 5:17) സഹവിശ്വാസികളോടുള്ള പരിഗണനയ്‌ക്കും സഹാനുഭൂതിക്കും പേരുകേട്ടവരാണ്‌ പല സഹോദരീസഹോദരന്മാരും. (റോമ. 12:15) വിഷാദത്തിന്‌ അടിപ്പെട്ടവരെ ക്രമമായി ചെന്നുകാണാനും അവരോടൊത്തു പ്രാർഥിക്കാനും ചിലർ സമയം കണ്ടെത്തുന്നു. (1 തെസ്സ. 5:14) പരിശോധനകൾ നേരിടുന്ന സഹക്രിസ്‌ത്യാനികൾക്ക്‌ ഹൃദയത്തിന്റെ ഭാഷയിൽ കത്തുകൾ എഴുതിക്കൊണ്ട്‌ അവരോടു പരിഗണന കാണിക്കുന്നു ചില ക്രിസ്‌ത്യാനികൾ. ശാരീരിക അവശതയുള്ളവരെ യോഗങ്ങൾക്കു വന്നുചേരാൻ സഹായിച്ചുകൊണ്ട്‌ ചിലർ അവരോടു കരുണ കാണിക്കുന്നു. പ്രകൃതിവിപത്തുകളിൽ നാശം സംഭവിച്ച വീടുകൾ പുനർനിർമിക്കാൻ സഹായിച്ചുകൊണ്ടുംമറ്റും ആയിരക്കണക്കിന്‌ സാക്ഷികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ഇതുപോലുള്ള സഹോദരീസഹോദരന്മാർ കരുതലോടെ നൽകുന്ന പ്രായോഗിക സഹായവും അവരുടെ ആർദ്രസ്‌നേഹവും “ദൈവകൃപയുടെ” വിവിധരൂപങ്ങളാണ്‌.—1 പത്രൊസ്‌ 4:11 വായിക്കുക.

പ്രാധാന്യമേറിയത്‌ ഏതാണ്‌?

10. (എ) ദൈവസേവനത്തിലെ ഏതു രണ്ടു വശങ്ങളെക്കുറിച്ചു പൗലൊസ്‌ ബോധവാനായിരുന്നു? (ബി) നാം ഇന്നു പൗലൊസിനെ അനുകരിക്കുന്നത്‌ എങ്ങനെ?

10 സഹവിശ്വാസികൾക്കുവേണ്ടി ഉപയോഗിക്കാൻ നമുക്കെല്ലാവർക്കും വരം ലഭിച്ചിട്ടുണ്ട്‌, അതുമാത്രമല്ല സഹമനുഷ്യരുമായി പങ്കുവെക്കാൻ ഒരു സന്ദേശവും നമ്മുടെ പക്കലുണ്ട്‌. ദൈവസേവനത്തിലെ ഈ രണ്ടു വശങ്ങളും അപ്പൊസ്‌തലനായ പൗലൊസ്‌ തിരിച്ചറിഞ്ഞിരുന്നു. എഫെസൊസിലെ ക്രിസ്‌ത്യാനികളുടെ പ്രയോജനത്തിനായി തനിക്കു ലഭിച്ച “ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ച്‌” അവൻ എഴുതി. (എഫെ. 3:2) അതുപോലെ, “ഞങ്ങളെ സുവിശേഷം ഭരമേല്‌പിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തിന്നു കൊള്ളാകുന്നവരായി തെളിഞ്ഞു” എന്നും അവൻ എഴുതി. (1 തെസ്സ. 2:4) ദൈവരാജ്യത്തിന്റെ സുവിശേഷകരെന്ന നിയമനം നമുക്കുണ്ടെന്നു പൗലൊസിനെപ്പോലെ നാമും തിരിച്ചറിയുന്നു. പ്രസംഗ പ്രവർത്തനത്തിൽ സതീക്ഷ്‌ണം പങ്കെടുത്തുകൊണ്ട്‌ സുവാർത്ത അക്ഷീണം ഘോഷിച്ച പൗലൊസിന്റെ ദൃഷ്ടാന്തം അനുകരിക്കാൻ നാം ശ്രമിക്കുന്നു. (പ്രവൃ. 20:20, 21; 1 കൊരി. 11:1) രാജ്യസന്ദേശം ഘോഷിക്കുന്നത്‌ ആളുകൾക്ക്‌ ജീവരക്ഷ കൈവരുത്തുമെന്ന്‌ നമുക്കറിയാം. അതോടൊപ്പം, സഹവിശ്വാസികൾക്ക്‌ “ആത്മികവരം വല്ലതും” നൽകുന്നതിനുള്ള അവസരത്തിനായി നോക്കിയിരുന്നുകൊണ്ടും നമുക്ക്‌ പൗലൊസിനെ അനുകരിക്കാം.—റോമർ 1:11, 12; 10:13-15 വായിക്കുക.

11. സുവാർത്ത പ്രസംഗിക്കാനും സഹവിശ്വാസികളെ ശക്തീകരിക്കാനുമുള്ള നിയോഗങ്ങളെ നാം എങ്ങനെ വീക്ഷിക്കണം?

11 ഈ രണ്ടു ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ പ്രാധാന്യമേറിയത്‌ ഏതാണ്‌? ഇത്‌, ഒരു പക്ഷിയുടെ ഏതു ചിറകിനാണു കൂടുതൽ പ്രാധാന്യം എന്നു ചോദിക്കുന്നതുപോലെയാണ്‌. നന്നായി പറക്കണമെങ്കിൽ അതിനു രണ്ടു ചിറകും ആവശ്യമാണ്‌. അതുപോലെ ദൈവസേവനത്തിന്റെ രണ്ടു മേഖലയിലും പങ്കെടുത്തെങ്കിൽ മാത്രമേ ഒരു ക്രിസ്‌ത്യാനിയുടെ ഉത്തരവാദിത്വം പൂർണമാകൂ. അതുകൊണ്ട്‌ സുവാർത്ത പ്രസംഗിക്കാനും സഹവിശ്വാസികളെ ശക്തീകരിക്കാനുമുള്ള നിയോഗങ്ങൾ അന്യോന്യം ബന്ധമില്ലാത്തവയാണെന്നു ചിന്തിക്കുന്നതിനു പകരം, അപ്പൊസ്‌തലന്മാരായ പൗലൊസിനെയും പത്രൊസിനെയുംപോലെ അവയെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി നാം കാണുന്നു. അത്‌ അങ്ങനെ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

12. യഹോവ നമ്മെ ഉപയോഗിക്കുന്നത്‌ ഏതു വിധങ്ങളിൽ?

12 ദൈവരാജ്യസന്ദേശം സഹമനുഷ്യരുടെ ഹൃദയങ്ങളിൽ എത്തണമെന്ന്‌ നാം ആഗ്രഹിക്കുന്നു. നമുക്കുള്ള ഏതൊരു പ്രാപ്‌തിയും അതിനുവേണ്ടി ഉപയോഗിക്കാൻ സുവാർത്താഘോഷകരായ നാം തയ്യാറാണ്‌. ആ വിധത്തിൽ, ക്രിസ്‌തുവിന്റെ അനുഗാമികളായിത്തീരാൻ അവരെ സഹായിക്കാനാകുമെന്ന്‌ നാം പ്രതീക്ഷിക്കുന്നു. അതുപോലെതന്നെ, സഹവിശ്വാസികളെ വാക്കുകളാൽ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ പ്രായോഗിക സഹായം ചെയ്‌തുകൊടുക്കാനും നമുക്കുള്ള കഴിവുകളും മറ്റു ‘വരങ്ങളും’ നാം ഉപയോഗിക്കുന്നു. അങ്ങനെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും നമുക്ക്‌ ദൈവകൃപ പകർന്നുകൊടുക്കാം. (സദൃ. 3:27; 12:25) ആ വിധത്തിൽ, ക്രിസ്‌തുവിന്റെ അനുഗാമികളായിത്തുടരാൻ അവരെ സഹായിക്കാനാകുമെന്ന്‌ നാം പ്രതീക്ഷിക്കുന്നു. ഈ രണ്ടു വിധത്തിലും—സുവാർത്ത പ്രസംഗിച്ചുകൊണ്ടും ‘അന്യോന്യം ശുശ്രൂഷിച്ചുകൊണ്ടും’ യഹോവയാൽ ഉപയോഗിക്കപ്പെടാനുള്ള മഹത്തായ പദവി നമുക്കുണ്ട്‌.—ഗലാ. 6:10.

സഹോദരപ്രീതി” ഉള്ളവരായിരിക്കുക

13. ‘അന്യോന്യം ശുശ്രൂഷിക്കുന്നതിൽനിന്നു’ വിട്ടുനിന്നാൽ എന്തു സംഭവിക്കാം?

13 “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന്‌ സഹവിശ്വാസികളെ പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു. (റോമ. 12:10) സഹോദരങ്ങളോടുള്ള നമ്മുടെ സ്‌നേഹം, ദൈവകൃപയുടെ കാര്യവിചാരകന്മാരായി മുഴുഹൃദയാ പ്രവർത്തിക്കുന്നതിനുള്ള ചാലകശക്തിയാണ്‌. ‘അന്യോന്യം ശുശ്രൂഷിക്കുന്നതിൽനിന്നു’ നമ്മെ തടയാനായാൽ സാത്താനു നമ്മുടെ ഐക്യം തകർക്കാനാകും. (കൊലൊ. 3:14) ഐക്യം നഷ്ടമായാലോ, പ്രസംഗ പ്രവർത്തനത്തിലുള്ള തീക്ഷ്‌ണത കെട്ടുപോകും. ശുശ്രൂഷയുടെ ഈ രണ്ടു വശങ്ങളിൽ ഏതെങ്കിലും ഒന്നിനു ഭംഗംവരുത്താൻ കഴിഞ്ഞാൽ നമ്മുടെ ക്രിസ്‌തീയ ജീവിതം ഒരു പരാജയമായിത്തീരുമെന്നു സാത്താനറിയാം.

14. ‘അന്യോന്യം ശുശ്രൂഷിക്കുന്നത്‌’ ആർക്കെല്ലാം പ്രയോജനംചെയ്യും? ഒരു ഉദാഹരണം പറയുക.

14 ‘അന്യോന്യം ശുശ്രൂഷിക്കുന്നത്‌’ ദൈവകൃപ എത്തിച്ചുകൊടുക്കുന്നവർക്കും അതു ലഭിക്കുന്നവർക്കും ഒരുപോലെ അനുഗ്രഹദായകമാണ്‌. (സദൃ. 11:25) ഇതിനൊരു ഉദാഹരണമാണ്‌ ഐക്യനാടുകളിലെ ഇല്ലിനോയിസ്സിലുള്ള റയന്റെയും ഭാര്യ റോണിയുടെയും ജീവിതം. കത്രീന ചുഴലിക്കൊടുങ്കാറ്റ്‌ നൂറുകണക്കിന്‌ സഹവിശ്വാസികളുടെ ഭവനങ്ങൾ നശിപ്പിച്ചുകളഞ്ഞു എന്നറിഞ്ഞപ്പോൾ, സഹോദരങ്ങളോടുള്ള സ്‌നേഹത്താൽ പ്രേരിതരായി, അവർ ജോലിയും താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റും ഉപേക്ഷിച്ച്‌, ഒരു സെക്കന്റ്‌ഹാൻഡ്‌ ട്രെയിലർ വാങ്ങി നന്നാക്കിയെടുത്ത്‌, 1,440 കിലോമീറ്റർ സഞ്ചരിച്ച്‌ ലൂസിയാനയിൽ എത്തി. ഒരു വർഷത്തിനുമേൽ അവർ അവിടെ താമസിച്ച്‌ അവരുടെ സമയവും ഊർജവും വിഭവങ്ങളുമെല്ലാം സഹോദരങ്ങളെ സഹായിക്കാനായി വിനിയോഗിച്ചു. 29-വയസ്സുള്ള റയൻ പറയുന്നു: “ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാനായത്‌ എന്നെ ദൈവത്തോടു കൂടുതൽ അടുപ്പിച്ചു. യഹോവ തന്റെ ജനത്തിനുവേണ്ടി എങ്ങനെ കരുതുന്നുവെന്നും എനിക്കു കാണാനായി. എന്നെക്കാൾ പ്രായമുള്ള സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കാനായത്‌ സഹോദരങ്ങൾക്കുവേണ്ടി കരുതേണ്ടതെങ്ങനെയെന്ന്‌ എന്നെ പഠിപ്പിച്ചു. യഹോവയുടെ സംഘടനയിൽ യുവാക്കൾക്ക്‌ വളരെയധികം ചെയ്യാനുണ്ടെന്നും ഈ അനുഭവം എനിക്കു കാണിച്ചുതന്നു.” 25 വയസ്സുള്ള റോണി പറയുന്നു: “മറ്റുള്ളവരെ സഹായിക്കാൻ ലഭിച്ച ഈ അവസരത്തെപ്രതി ഞാൻ നന്ദിയുള്ളവളാണ്‌. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാലമായിരുന്നു അത്‌. അതിൽനിന്നു ലഭിച്ച അനുഗ്രഹങ്ങൾ വരുംവർഷങ്ങളിലേക്കും നീണ്ടുനിൽക്കും എന്ന്‌ എനിക്ക്‌ അറിയാം.”

15. ‘ദൈവകൃപയുടെ നല്ല കാര്യവിചാരകന്മാരായി’ തുടരുന്നതിന്‌ എന്തു നല്ല കാരണങ്ങളുണ്ട്‌?

15 സുവാർത്ത പ്രസംഗിക്കാനുള്ള നിയോഗം നിറവേറ്റുന്നതും സഹവിശ്വാസികളെ ശക്തീകരിക്കുന്നതും എല്ലാവർക്കും അനുഗ്രഹങ്ങൾ കൈവരുത്തും. സഹായം സ്വീകരിക്കുന്നവർ ആത്മീയമായി ശക്തിപ്പെടുന്നു; അതു നൽകുന്നവർക്ക്‌ ‘കൊടുക്കുന്നതിന്റെ’ സന്തോഷവും ലഭിക്കുന്നു. (പ്രവൃ. 20:35) സഭയിലെ എല്ലാവർക്കും സ്‌നേഹപൂർവമായ താത്‌പര്യം അന്യോന്യമുള്ളപ്പോൾ സഭയുടെ അന്തരീക്ഷം കൂടുതൽ ഊഷ്‌മളമായിത്തീരും. മാത്രവുമല്ല പരസ്‌പരസ്‌നേഹവും കരുതലും നാം സത്യക്രിസ്‌ത്യാനികളാണെന്നതിന്റെ വ്യക്തമായ തെളിവുകളാണ്‌. യേശു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹ. 13:35) ഇതിനെല്ലാം ഉപരിയായി, നമ്മെക്കുറിച്ചു കരുതലുള്ള സ്വർഗീയ പിതാവിനെ ആദരിക്കുകയാണ്‌ നാം; കാരണം സഹായം ആവശ്യമുള്ളവരെ പിന്തുണയ്‌ക്കാനുള്ള അവന്റെ മനസ്ഥിതിയാണല്ലോ നാം ഇതിലൂടെ പ്രതിഫലിപ്പിക്കുന്നത്‌! ‘ദൈവകൃപയുടെ നല്ല കാര്യവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിക്കുന്നതിന്‌’ എത്ര നല്ല കാരണങ്ങൾ! അങ്ങനെ ചെയ്യുന്നതിൽ നിങ്ങൾ തുടരുമോ?—എബ്രായർ 6:10 വായിക്കുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവ തന്റെ ദാസന്മാരെ ശക്തിപ്പെടുത്തുന്നത്‌ എങ്ങനെ?

• നമ്മെ എന്തു ഭരമേൽപ്പിച്ചിരിക്കുന്നു?

• സഹവിശ്വാസികളെ സേവിക്കാനാകുന്ന ചില വിധങ്ങളേവ?

• ‘അന്യോന്യം ശുശ്രൂഷിക്കുന്നതിൽ’ തുടരാൻ നമ്മെ എന്തു പ്രേരിപ്പിക്കും?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങൾക്കു ലഭിച്ചിട്ടുള്ള “വരം” സ്വന്തം താത്‌പര്യത്തിനായി വിനിയോഗിക്കുമോ അതോ മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കുമോ?

[15-ാം പേജിലെ ചിത്രങ്ങൾ]

നാം മറ്റുള്ളവരെ സുവാർത്ത അറിയിക്കുന്നു, സഹക്രിസ്‌ത്യാനികൾക്കു സഹായമേകുന്നു

[16-ാം പേജിലെ ചിത്രം]

ദുരിതാശ്വാസ പ്രവർത്തകരുടെ ആത്മത്യാഗമനോഭാവം അഭിനന്ദനാർഹമാണ്‌