വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വന്ന്‌ എന്നെ അനുഗമിക്കുക’

‘വന്ന്‌ എന്നെ അനുഗമിക്കുക’

‘വന്ന്‌ എന്നെ അനുഗമിക്കുക’

“എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ്‌ എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.”—ലൂക്കൊ 9:23.

1, 2. (എ) ഊഷ്‌മളമായ ഏതു ക്ഷണമാണ്‌ യേശു വെച്ചുനീട്ടിയത്‌? (ബി) യേശുവിന്റെ ക്ഷണത്തോട്‌ നിങ്ങൾ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?

യേശുവിന്റെ ശുശ്രൂഷയുടെ അവസാന നാളുകൾ; യോർദ്ദാന്‌ അക്കരെ യെഹൂദ്യക്ക്‌ വടക്കുകിഴക്കുള്ള പെരിയയിൽ സാക്ഷീകരിക്കുകയാണ്‌ അവൻ. ‘നിത്യജീവൻ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?’ ഒരു യുവഭരണാധികാരി അവനോടു ചോദിച്ചു. ന്യായപ്രമാണം വിശ്വസ്‌തതയോടെ പിൻപറ്റിയിരുന്ന ഒരുവനാണ്‌ ആ യുവാവെന്നു മനസ്സിലാക്കിയ യേശു പറഞ്ഞു: “നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കും സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും.” തുടർന്ന്‌ ഹൃദയോഷ്‌മളമായ ഈ ക്ഷണം അവൻ വെച്ചുനീട്ടുന്നു: “വന്നു എന്നെ അനുഗമിക്ക.” (മർക്കൊ 10:21) അത്യുന്നതനായ ദൈവത്തിന്റെ ഏകജാതപുത്രനെ പിൻചെല്ലാനുള്ള ക്ഷണം!

2 ആ യുവഭരണാധികാരി പക്ഷേ ആ ക്ഷണം തള്ളിക്കളഞ്ഞു. എന്നാൽ മറ്റുപലരും ആ ക്ഷണം സ്വീകരിച്ചു. അവരിലൊരാളായിരുന്നു ഫിലിപ്പോസ്‌. ശുശ്രൂഷയുടെ ആരംഭദശയിൽ ഫിലിപ്പോസിനോട്‌ ‘എന്നെ അനുഗമിക്കുക’ എന്നു യേശു പറഞ്ഞപ്പോൾ അവൻ ആ ക്ഷണം സ്വീകരിക്കുകയും പിന്നീട്‌ ഒരു അപ്പൊസ്‌തലനായിത്തീരുകയും ചെയ്‌തു. (യോഹ. 1:43) ഇതേ ക്ഷണം യേശു മത്തായിക്കും നീട്ടിക്കൊടുത്തു; അവനും ആ ക്ഷണം സ്വീകരിച്ചു. (മത്താ. 9:9; 10:2-4) വാസ്‌തവത്തിൽ, നീതിസ്‌നേഹികളായ സകലരോടും യേശു പറഞ്ഞു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ച്‌ നാൾതോറും തന്റെ ക്രൂശ്‌ എടുത്തുംകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ.” (ലൂക്കൊ. 9:23) യഥാർഥ ആഗ്രഹമുള്ള ഏതൊരാൾക്കും യേശുവിന്റെ അനുഗാമിയായിരിക്കാൻ കഴിയും. നിങ്ങൾക്ക്‌ ആ ആഗ്രഹം ഉണ്ടോ? നമ്മിൽ മിക്കവരും യേശുവിന്റെ ക്ഷണം സന്തോഷപൂർവം സ്വീകരിച്ചവരാണ്‌. വയൽ ശുശ്രൂഷയിലൂടെ നാം ആ ക്ഷണം ആവർത്തിക്കുകയും ചെയ്യുന്നു.

3. യേശുവിനെ അനുഗമിക്കുന്നതിൽനിന്നു പിൻവാങ്ങി പോകാതിരിക്കാൻ നാം എന്തു ചെയ്യണം?

3 ചിലർ ശുഷ്‌കാന്തിയോടെ ബൈബിൾ പഠിച്ചുതുടങ്ങുന്നു; എന്നാൽ ക്രമേണ അവരുടെ താത്‌പര്യം തണുത്തുപോകുകയും യേശുവിനെ അനുഗമിക്കുന്നതിൽനിന്നു പിൻവാങ്ങുകയും ചെയ്യുന്നു. (എബ്രാ. 2:1) അത്തരമൊരു കെണി നമുക്ക്‌ എങ്ങനെ ഒഴിവാക്കാം? ഇങ്ങനെയൊന്നു ചിന്തിക്കൂ: ‘യേശുവിനെ അനുഗമിക്കാൻ ഞാൻ തീരുമാനിച്ചത്‌ എന്തുകൊണ്ടാണ്‌? അവനെ അനുഗമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌?’ ഇവയ്‌ക്കുള്ള ഉത്തരങ്ങൾ മനസ്സിൽപ്പിടിക്കുന്നത്‌, നാം തിരഞ്ഞെടുത്ത ശ്രേഷ്‌ഠമായ പാതയിൽ തുടരാനും യേശുവിനെ അനുഗമിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും നമ്മെ സഹായിക്കും.

യേശുവിനെ അനുഗമിക്കേണ്ടതിന്റെ കാരണം

4, 5. നമ്മുടെ നായകനാകാൻ യേശു യോഗ്യനായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 യിരെമ്യാ പ്രവാചകൻ എഴുതി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെ. 10:23) യിരെമ്യാവിന്റെ വാക്കുകൾ സത്യമാണെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സ്വയം ഭരിക്കാൻ അപൂർണ മനുഷ്യൻ അപ്രാപ്‌തനാണ്‌, ഈ വസ്‌തുത നാൾക്കുനാൾ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ നായകനാകാൻ മറ്റൊരു മനുഷ്യനും ഇല്ലാത്ത യോഗ്യതകൾ യേശുവിനുണ്ടെന്ന്‌ ബോധ്യമായതുകൊണ്ടാണ്‌ അവനെ അനുഗമിക്കാനുള്ള ക്ഷണം നാം സ്വീകരിച്ചത്‌. യേശുവിന്റെ അനിതരസാധാരണമായ ചില യോഗ്യതകൾ എന്തൊക്കെയാണെന്നു നമുക്ക്‌ നോക്കാം.

5 ഒന്ന്‌, മിശിഹായും നായകനുമായി യേശുവിനെ തിരഞ്ഞെടുത്തത്‌ യഹോവയാം ദൈവമാണ്‌. നമുക്കേറ്റവും അനുയോജ്യനായ നായകൻ ആരാണെന്ന്‌ നമ്മുടെ സ്രഷ്ടാവിനെക്കാൾ മെച്ചമായി ആർക്കാണ്‌ അറിയാവുന്നത്‌? രണ്ട്‌, നമ്മുടെ ആദരവു പിടിച്ചുപറ്റുന്നതും നമുക്ക്‌ അനുകരിക്കാനാകുന്നതും ആയ ഗുണങ്ങൾ യേശുവിനുണ്ട്‌. (യെശയ്യാവ്‌ 11:2, 3 വായിക്കുക.) അവൻ നമുക്കു തന്ന മാതൃക പൂർണതയുള്ളതാണ്‌. (1 പത്രൊ. 2:21) മൂന്ന്‌, തന്നെ അനുഗമിക്കുന്നവരുടെ കാര്യത്തിൽ അതീവ തത്‌പരനാണ്‌ യേശു; സ്വന്തം ജീവൻ അവർക്കുവേണ്ടി നൽകിയപ്പോൾ അവൻ അതാണു തെളിയിച്ചത്‌. (യോഹന്നാൻ 10:14, 15 വായിക്കുക.) ഇപ്പോൾ സന്തുഷ്ടി കൈവരുത്തുന്നതും ഭാവിയിലെ മഹത്തായ അനുഗ്രഹങ്ങളിലേക്കു നയിക്കുന്നതുമായ ഒരു ജീവിതപാതയിലൂടെ നമ്മെ വഴിനടത്തിക്കൊണ്ട്‌ കരുതലുള്ള ഇടയനാണെന്ന്‌ അവൻ തെളിയിക്കുന്നു. (യോഹ. 10:10, 11; വെളി. 7:16, 17) ഇവയും മറ്റു കാരണങ്ങളും നിമിത്തം അവനെ അനുഗമിക്കാൻ നിശ്ചയിച്ചപ്പോൾ നാം എടുത്തത്‌ ജ്ഞാനപൂർവമായ ഒരു തീരുമാനമായിരുന്നു. അങ്ങനെയെങ്കിൽ യേശുവിനെ അനുഗമിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

6. യേശുവിനെ അനുഗമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണ്‌?

6 ക്രിസ്‌ത്യാനികളെന്നു വിളിക്കപ്പെടുന്നതുകൊണ്ടുമാത്രം നാം ക്രിസ്‌തുവിന്റെ അനുഗാമികളാകുന്നില്ല. ക്രിസ്‌ത്യാനികളെന്ന്‌ ഏതാണ്ട്‌ ഇരുനൂറുകോടി ആളുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും അവർ ‘അധർമ്മം പ്രവർത്തിക്കുന്നവരാണെന്ന്‌’ അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നു. (മത്തായി 7:21-23 വായിക്കുക.) ഇതിൽനിന്നു വ്യത്യസ്‌തമായി, സത്യക്രിസ്‌ത്യാനികൾ യേശുവിന്റെ വാക്കുകൾക്കും മാതൃകയ്‌ക്കും ചേർച്ചയിലാണ്‌ ഓരോ ദിവസവും ജീവിക്കുന്നതെന്ന്‌ അവനെ അനുഗമിക്കാൻ താത്‌പര്യം കാണിക്കുന്നവർ അറിയേണ്ടതുണ്ട്‌. യേശുവിനെ സംബന്ധിച്ച പരിചിതമായ ചില വിവരങ്ങൾ പുനർവിചിന്തനം ചെയ്‌തുകൊണ്ട്‌, അവനെ അനുഗമിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന്‌ അൽപ്പം വിശദമായി നമുക്ക്‌ പഠിക്കാം.

യേശുവിന്റെ ജ്ഞാനം അനുകരിക്കുക

7, 8. (എ) എന്താണ്‌ ജ്ഞാനം, യേശുവിന്‌ അത്‌ ധാരാളമായി ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌? (ബി) യേശു ജ്ഞാനപൂർവം പ്രവർത്തിച്ചത്‌ എങ്ങനെ, നമുക്ക്‌ അവനെ എങ്ങനെ അനുകരിക്കാം?

7 മഹദ്‌ഗുണങ്ങൾ അനന്യമായി സമ്മേളിച്ച ഒരു വ്യക്തിയായിരുന്നു യേശു. എന്നാൽ നമുക്കിപ്പോൾ അവന്റെ ജ്ഞാനം, താഴ്‌മ, ശുശ്രൂഷയിലുള്ള തീക്ഷ്‌ണത, സ്‌നേഹം എന്നീ നാലു ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഒന്നാമതായി അവന്റെ ജ്ഞാനത്തെക്കുറിച്ച്‌, അതായത്‌ അറിവും ഗ്രാഹ്യവും പ്രായോഗികതലത്തിൽ കൊണ്ടുവരാനുള്ള അവന്റെ പ്രാപ്‌തിയെക്കുറിച്ചു ചിന്തിക്കാം. “അവനിൽ [യേശുവിൽ] ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്‌തമായിട്ടു ഇരിക്കുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (കൊലൊ. 2:3) ഈ ജ്ഞാനം അവന്‌ എവിടെനിന്നാണു ലഭിച്ചത്‌? യേശുവിന്റെതന്നെ വാക്കുകൾ ശ്രദ്ധിക്കുക: ‘പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ [ഞാൻ] സംസാരിക്കുന്നു.’ (യോഹ. 8:28) യഹോവയിൽനിന്നാണ്‌ അവനു ജ്ഞാനം ലഭിച്ചത്‌; അതുകൊണ്ടുതന്നെ എല്ലാകാര്യങ്ങളിലും അവൻ തികഞ്ഞ ന്യായബോധം പ്രകടമാക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ല.

8 ഉദാഹരണത്തിന്‌ തന്റെ ജീവിതഗതി തിരഞ്ഞെടുക്കുന്നതിൽ യേശു നല്ല ന്യായബോധം പ്രകടമാക്കി. ലളിതജീവിതം തിരഞ്ഞെടുത്ത അവൻ ദൈവേഷ്ടം ചെയ്യുക എന്ന ഒരൊറ്റ കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനായി തന്റെ സമയവും ഊർജവുമെല്ലാം അവൻ ജ്ഞാനപൂർവം ഉപയോഗിച്ചു. നമുക്ക്‌ എങ്ങനെ യേശുവിന്റെ മാതൃക പിന്തുടരാനാകും? സമയവും ഊർജവും കവർന്നെടുക്കുന്ന അനാവശ്യകാര്യങ്ങൾ ഒഴിവാക്കി ലളിതമായ ഒരു ജീവിതം നയിച്ചുകൊണ്ട്‌. (മത്താ. 6:22) ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കുകയെന്ന ഉദ്ദേശ്യത്തിൽ അനേകം ക്രിസ്‌ത്യാനികൾ ജീവിതം ലളിതമാക്കിയിരിക്കുന്നു. ഇതുവഴി ചിലർക്ക്‌ പയനിയർ ശുശ്രൂഷ ആരംഭിക്കാനായിട്ടുണ്ട്‌. അവരിൽ ഒരാളാണു നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ‘മുമ്പെ രാജ്യവും നീതിയും അന്വേഷിക്കുന്നത്‌’ വലിയ സന്തോഷവും സംതൃപ്‌തിയും കൈവരുത്തും.—മത്താ. 6:33.

യേശുവിനെപ്പോലെ താഴ്‌മയുള്ളവരായിരിക്കുക

9, 10. യേശുവിന്റെ താഴ്‌മ പ്രകടമായത്‌ എങ്ങനെ?

9 യേശുവിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു സവിശേഷതയായ താഴ്‌മയെക്കുറിച്ച്‌ നമുക്ക്‌ ഇനി ചിന്തിക്കാം. അപൂർണ മനുഷ്യർക്ക്‌ അധികാരം ലഭിക്കുമ്പോൾ ‘തങ്ങൾ ആരൊക്കെയോ എന്തൊക്കെയോ ആണ്‌’ എന്ന ഭാവം അവരിൽ ഉണ്ടാകാറുണ്ട്‌. ഇതിൽനിന്നൊക്കെ എത്ര വിഭിന്നനായിരുന്നു യേശു! യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ സുപ്രധാന പങ്കുണ്ടായിരുന്നിട്ടും അഹങ്കാരത്തിന്റെ ഒരു നേരിയ ലാഞ്‌ഛനപോലും അവനിൽ ഇല്ലായിരുന്നു. നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതും ഇതുതന്നെയാണ്‌. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ക്രിസ്‌തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി.” (ഫിലി. 2:5-8) അങ്ങനെ ചെയ്യുന്നതിൽ എന്തൊക്കെ ഉൾപ്പെട്ടിരുന്നു?

10 പിതാവിനോടൊപ്പം സ്വർഗീയ മഹത്ത്വത്തിൽ വസിക്കാനുള്ള മഹത്തായ പദവി യേശുവിനുണ്ടായിരുന്നു; എന്നാൽ അവൻ സ്വമനസ്സാലെ തനിക്കുള്ളതെല്ലാം വിട്ടുകളഞ്ഞു. ഒരു യഹൂദ കന്യകയുടെ ഉദരത്തിലേക്കു മാറ്റിയ അവന്റെ ജീവൻ ഒൻപതുമാസംകൊണ്ട്‌ വളർച്ചപ്രാപിച്ച്‌ നിസ്സഹായനായ ഒരു ശിശുവായി ഒരു പാവപ്പെട്ട മരപ്പണിക്കാരന്റെ കുടുംബത്തിൽ പിറന്നു. യോസേഫിന്റെ വീട്ടിൽ ഒരു പിഞ്ചുകുഞ്ഞായി, ബാലനായി, കൗമാരപ്രായക്കാരനായി അവൻ വളർന്നു. പാപരഹിതനായിരുന്നു അവൻ; എന്നിട്ടും തന്റെ യൗവനത്തിലുടനീളം അപൂർണരും പാപികളുമായ മാതാപിതാക്കൾക്ക്‌ അവൻ കീഴടങ്ങിയിരുന്നു. (ലൂക്കൊ. 2:51, 52) അന്യാദൃശമായ താഴ്‌മ!

11. ഏതൊക്കെ വിധങ്ങളിൽ നമുക്ക്‌ യേശുവിന്റെ താഴ്‌മ അനുകരിക്കാം?

11 എളിയതെന്നു തോന്നുന്ന നിയമനങ്ങൾ പൂർണമനസ്സോടെ സ്വീകരിക്കുമ്പോൾ നാം യേശുവിന്റെ താഴ്‌മ അനുകരിക്കുകയാണ്‌. സുവാർത്ത പ്രസംഗിക്കാനുള്ള നിയോഗംതന്നെ ഉദാഹരണമായി എടുക്കാം. അത്‌ ഒരു എളിയ നിയമനമായി തോന്നിയേക്കാം, വിശേഷിച്ചും ആളുകൾ നിസ്സംഗത കാണിക്കുകയോ കളിയാക്കുകയോ എതിർക്കുകയോ ഒക്കെ ചെയ്യുമ്പോൾ. എന്നിരുന്നാലും മടുത്തുപോകാതെ പ്രസംഗവേലയിൽ തുടരുമ്പോൾ, തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണം സ്വീകരിക്കാൻ ആളുകളെ സഹായിക്കുകയാണ്‌ നാം; അങ്ങനെ അവരുടെ ജീവൻ രക്ഷിക്കാനും. (2 തിമൊഥെയൊസ്‌ 4:1-5 വായിക്കുക.) രാജ്യഹാൾ ശുചീകരണത്തിന്റെ കാര്യമെടുത്താലോ? മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും തറ തുടയ്‌ക്കുന്നതും ടോയ്‌ലറ്റ്‌ വൃത്തിയാക്കുന്നതും പോലുള്ള എളിയ ജോലികൾ അതിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ, നമ്മുടെ പ്രദേശത്ത്‌ നിർമലാരാധനയുടെ കേന്ദ്രമായി വർത്തിക്കുന്ന രാജ്യഹാൾ നല്ലനിലയിൽ സൂക്ഷിക്കുന്നത്‌ വിശുദ്ധസേവനത്തിന്റെ ഭാഗമാണെന്ന്‌ നമുക്കറിയാം. താണതെന്നു തോന്നുന്ന കാര്യങ്ങൾ മനസ്സോടെ ചെയ്‌തുകൊണ്ട്‌ നമുക്ക്‌ താഴ്‌മയുള്ളവരായിരിക്കാം, അങ്ങനെ ക്രിസ്‌തുവിന്റെ കാലടികൾ പിന്തുടരാം.

യേശുവിനെപ്പോലെ തീക്ഷ്‌ണതയുള്ളവരായിരിക്കുക

12, 13. (എ) യേശു തീക്ഷ്‌ണത ഉള്ളവനായിരുന്നുവെന്ന്‌ എങ്ങനെ അറിയാം, അതിന്‌ അവനെ പ്രേരിപ്പിച്ചത്‌ എന്താണ്‌? (ബി) ശുശ്രൂഷയിൽ തീക്ഷ്‌ണത ഉള്ളവരായിരിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കേണ്ടതാണ്‌?

12 ശുശ്രൂഷയിൽ യേശു കാണിച്ച തീക്ഷ്‌ണതയെക്കുറിച്ചു ചിന്തിക്കുക. ഭൂമിയിലായിരിക്കെ അവൻ വളരെയേറെ കാര്യങ്ങൾ ചെയ്‌തു. വളർത്തുപിതാവായ യോസേഫിനൊപ്പം ചെറുപ്പത്തിൽ ഒരു മരപ്പണിക്കാരനായി അവൻ പണിയെടുത്തിരിക്കാം. ശുശ്രൂഷയിലുടനീളം അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചു—രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്‌തു. എന്നാൽ അവന്റെ മുഖ്യശ്രദ്ധ സുവാർത്ത പ്രസംഗിക്കുന്നതിലും താത്‌പര്യം കാണിച്ചവരെ പഠിപ്പിക്കുന്നതിലുമായിരുന്നു. (മത്താ. 4:23) അവന്റെ അനുഗാമികളായ നമുക്കും അതേ നിയോഗമാണുള്ളത്‌. അവന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുകരിക്കാം? യേശുവിന്‌ ഉണ്ടായിരുന്ന അതേ മനോഭാവം വളർത്തിയെടുത്തുകൊണ്ട്‌.

13 എല്ലാറ്റിനും ഉപരി ദൈവത്തോടുള്ള സ്‌നേഹമായിരുന്നു ശുശ്രൂഷയിൽ യേശുവിന്‌ പ്രേരകമായത്‌. താൻ പഠിപ്പിച്ച സത്യത്തെയും അവൻ സ്‌നേഹിച്ചിരുന്നു; വില മതിക്കാനാകാത്ത ഒരു നിധിപോലെ അവൻ അതിനെ കരുതി; മറ്റുള്ളവരുമായി അത്‌ പങ്കുവെക്കാനും അവൻ അതിയായി വാഞ്‌ഛിച്ചു. ബൈബിൾ പഠിപ്പിക്കുന്നവരായ നമുക്കും അതേ മനോഭാവമല്ലേ ഉണ്ടായിരിക്കേണ്ടത്‌? ദൈവവചനത്തിൽനിന്ന്‌ നാം കണ്ടെത്തിയിരിക്കുന്ന ചില അമൂല്യ സത്യങ്ങളെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. അഖിലാണ്ഡ പരമാധികാര വിവാദത്തെക്കുറിച്ചും അതു പരിഹരിക്കപ്പെടുന്നത്‌ എങ്ങനെയെന്നും നമുക്കറിയാം. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചും പുതിയലോകത്തിലെ അനുഗ്രഹങ്ങളെക്കുറിച്ചും തിരുവെഴുത്തുകൾ എന്താണു പറയുന്നതെന്നു നാം നന്നായി മനസ്സിലാക്കിയിരിക്കുന്നു. അത്തരം സത്യങ്ങൾ നാം പഠിച്ചത്‌ അടുത്തകാലത്തായിരുന്നാലും വളരെക്കാലം മുമ്പായിരുന്നാലും അവയുടെ മൂല്യത്തിന്‌ ഒരുകാലത്തും കുറവു സംഭവിക്കില്ല; ‘പഴയതോ പുതിയതോ’ ആകട്ടെ അവ വിലപ്പെട്ട നിധികളാണ്‌. (മത്തായി 13:52 വായിക്കുക.) യഹോവ നമ്മെ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളോടുള്ള സ്‌നേഹം, അത്യുത്സാഹത്തോടെ പ്രസംഗവേലയിൽ ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കണം.

14. യേശു പഠിപ്പിച്ച വിധം നമുക്കെങ്ങനെ അനുകരിക്കാം?

14 യേശു പഠിപ്പിച്ചത്‌ എങ്ങനെയെന്ന്‌ നമുക്കു നോക്കാം. പ്രധാനപ്പെട്ട പല ആശയങ്ങളും അവൻ അവതരിപ്പിച്ചത്‌ “എന്നു എഴുതിയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ്‌. (മത്താ. 4:4; 21:13) അതെ, അവൻ എല്ലായ്‌പോഴും ശ്രോതാക്കളുടെ ശ്രദ്ധ തിരുവെഴുത്തുകളിലേക്കു തിരിച്ചുവിട്ടു. എബ്രായ തിരുവെഴുത്തുകളിലെ പകുതിയിലേറെ പുസ്‌തകങ്ങളിൽനിന്ന്‌ അവൻ നേരിട്ട്‌ ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്‌തിട്ടുള്ളതായി ബൈബിൾ പരിശോധിച്ചാൽ നമുക്കു മനസ്സിലാകും. യേശുവിനെപ്പോലെ നാമും എല്ലായ്‌പോഴും ബൈബിളിൽനിന്ന്‌ പഠിപ്പിക്കുന്നു, സാധിക്കുമ്പോഴെല്ലാം ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കാൻ നാം ശ്രദ്ധിക്കും. അതുവഴി, സ്വന്തം ആശയങ്ങളല്ല ദൈവത്തിന്റെ ചിന്തകളാണു നാം പഠിപ്പിക്കുന്നതെന്ന്‌ ആത്മാർഥഹൃദയർക്ക്‌ തിരിച്ചറിയാനാകും. ദൈവവചനം പഠിക്കാനും അതിന്റെ മൂല്യവും അർഥവും ചർച്ചചെയ്യാനും ആരെങ്കിലും താത്‌പര്യം കാണിക്കുമ്പോൾ നമുക്ക്‌ എന്തു സന്തോഷമായിരിക്കും! അവർ യേശുവിന്റെ അനുഗാമികളാകാനുള്ള ക്ഷണം സ്വീകരിക്കുമ്പോൾ നമുക്കുണ്ടാകുന്ന സന്തോഷം അതിരറ്റതാണ്‌.

മറ്റുള്ളവരെ സ്‌നേഹിച്ചുകൊണ്ട്‌ യേശുവിനെ അനുഗമിക്കുക

15. യേശുവിന്റെ ഏറ്റവും പ്രമുഖമായ ഗുണം ഏതായിരുന്നു, അതിനെക്കുറിച്ചു ധ്യാനിക്കുന്നത്‌ നമ്മെ എങ്ങനെ സ്വാധീനിക്കും?

15 യേശുവിന്റെ വ്യക്തിത്വത്തിലെ ഏറ്റവും സവിശേഷമായ വശമാണ്‌ നാം അവസാനമായി ചർച്ചചെയ്യുന്നത്‌—സഹമനുഷ്യരോടുള്ള സ്‌നേഹം. പൗലൊസ്‌ എഴുതി: “ക്രിസ്‌തുവിന്റെ സ്‌നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു.” (2 കൊരി. 5:14) മുഴുമനുഷ്യരോടും, വ്യക്തിപരമായി നമ്മോടും യേശു കാണിച്ച സ്‌നേഹത്തെക്കുറിച്ച്‌ ധ്യാനിക്കുന്നത്‌ നമ്മുടെ ഹൃദയത്തെ സ്‌പർശിക്കുകയും അവന്റെ കാൽച്ചുവട്‌ പിന്തുടരാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും.

16, 17. ഏതെല്ലാം വിധങ്ങളിൽ യേശു മറ്റുള്ളവരോട്‌ സ്‌നേഹം കാണിച്ചു?

16 ഏതെല്ലാം വിധങ്ങളിലാണ്‌ യേശു സ്‌നേഹം കാണിച്ചത്‌? മാനവകുലത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കാനുള്ള മനസ്സൊരുക്കം അവന്റെ സ്‌നേഹത്തിന്‌ ഉത്തമ ദൃഷ്ടാന്തമാണ്‌. (യോഹ. 15:13) എന്നിരുന്നാലും മറ്റുവിധങ്ങളിലും അവന്റെ സ്‌നേഹം പ്രകടമായിരുന്നു. ഉദാഹരണത്തിന്‌, കഷ്ടത അനുഭവിക്കുന്നവരോട്‌ അവനു സഹാനുഭൂതി ഉണ്ടായിരുന്നു. ലാസറിന്റെ മരണത്തിൽ ദുഃഖിച്ചു കരയുന്ന മറിയയെയും ബന്ധുമിത്രാദികളെയും കണ്ടപ്പോൾ യേശുവിന്‌ ദുഃഖം അടക്കാനായില്ല. അവൻ ലാസറിനെ ഉയിർപ്പിക്കാൻ പോകുകയായിരുന്നു; എന്നിട്ടും അവൻ “കണ്ണുനീർ വാർത്തു.”—യോഹ. 11:32-35.

17 യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ ഒരു കുഷ്‌ഠരോഗി അവനെ സമീപിച്ച്‌ ഇങ്ങനെ അപേക്ഷിച്ചു: “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും.” യേശു എങ്ങനെയാണു പ്രതികരിച്ചത്‌? അവനു “മനസ്സലിഞ്ഞു” എന്ന്‌ വിവരണം പറയുന്നു. തുടർന്ന്‌ യേശു ചെയ്‌തത്‌ അസാധാരണമായ ഒരു കാര്യമാണ്‌: “കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞു.” ഫലമോ? “ഉടനെ കുഷ്‌ഠം അവനെ വിട്ടുമാറി അവന്നു ശുദ്ധിവന്നു.” മോശൈക ന്യായപ്രമാണം അനുസരിച്ച്‌ കുഷ്‌ഠരോഗികൾ അശുദ്ധരായിരുന്നു. യേശുവിന്‌ ആ മനുഷ്യനെ തൊടാതെതന്നെ സുഖപ്പെടുത്താമായിരുന്നു. എന്നാൽ യേശു അവനെ തൊട്ടു സുഖപ്പെടുത്തി; അങ്ങനെ മറ്റൊരു മനുഷ്യന്റെ കരസ്‌പർശം ഏൽക്കാൻ അയാൾക്കു കഴിഞ്ഞു—ഒരുപക്ഷേ അനേക വർഷങ്ങൾക്കുശേഷം ആദ്യമായി. സഹാനുഭൂതിയുടെ ഉദാത്ത മാതൃക!—മർക്കൊ. 1:40-42.

18. നമുക്ക്‌ “സഹതാപം” കാണിക്കാനാകുന്നത്‌ എങ്ങനെ?

18 ക്രിസ്‌തുവിന്റെ അനുഗാമികളായ നാമും മറ്റുള്ളവരോടു “സഹതാപം” കാണിച്ചുകൊണ്ട്‌ സ്‌നേഹമുള്ളവരായിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. (1 പത്രൊ. 3:8) ഗുരുതരമായ രോഗത്തിന്റെയോ കടുത്ത വിഷാദത്തിന്റെയോ പിടിയിൽ ആയിരിക്കുന്ന ഒരു സഹവിശ്വാസിയുടെ വികാരങ്ങൾ ഉൾക്കൊള്ളാൻ നമുക്കായെന്നു വരില്ല, വിശേഷിച്ചും നാം അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടില്ലെങ്കിൽ. ഒരിക്കൽപ്പോലും രോഗം ബാധിച്ചിരുന്നില്ലെങ്കിലും യേശുവിനു രോഗികളോടു സഹാനുഭൂതി ഉണ്ടായിരുന്നു. സമാനമായ വിധത്തിൽ നമുക്കെങ്ങനെ സഹാനുഭൂതി കാണിക്കാനാകും? പ്രയാസം അനുഭവിക്കുന്നവർ അവരുടെ വിഷമങ്ങൾ നമ്മോടു തുറന്നു പറയുമ്പോൾ ക്ഷമയോടെ എല്ലാം കേട്ടുകൊണ്ട്‌. നമുക്ക്‌ ഇങ്ങനെയും ചിന്തിക്കാം: ‘അവരുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കിൽ എന്റെ വികാരം എന്തായിരിക്കുമായിരുന്നു?’ മറ്റുള്ളവരുടെ വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ ‘ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്താൻ’ നമുക്കു ശ്രമിക്കാം. (1 തെസ്സ. 5:14) അങ്ങനെ ചെയ്യുമ്പോൾ നാം യേശുവിനെ അനുഗമിക്കുകയാണ്‌.

19. യേശുവിന്റെ മാതൃക നിങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു?

19 വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശുക്രിസ്‌തു കാണിച്ചുതന്ന കാര്യങ്ങളെക്കുറിച്ചു പഠിക്കുന്നത്‌ എത്ര ആവേശകരമാണ്‌! അവനെക്കുറിച്ച്‌ എത്രയധികം പഠിക്കുന്നുവോ അവനെപ്പോലെയാകാൻ അത്രയധികം നാം ആഗ്രഹിക്കും, അതുതന്നെ ചെയ്യാൻ മറ്റുള്ളവരെ നാം പ്രേരിപ്പിക്കുകയും ചെയ്യും. അതുകൊണ്ട്‌ ഇന്നു മാത്രമല്ല, എന്നും നമുക്കു മിശിഹൈക രാജാവിനെ സന്തോഷത്തോടെ അനുഗമിക്കാം!

വിശദീകരിക്കാമോ?

• യേശു ചെയ്‌തതുപോലെ നമുക്ക്‌ എങ്ങനെ ജ്ഞാനം പ്രകടമാക്കാൻ സാധിക്കും?

• താഴ്‌മ ആവശ്യമായിരിക്കുന്ന ചില മേഖലകൾ ഏവ?

• ശുശ്രൂഷയിൽ നമുക്ക്‌ എങ്ങനെ തീക്ഷ്‌ണത നട്ടുവളർത്താം?

• സ്‌നേഹത്തിന്റെ കാര്യത്തിൽ യേശുവിനെ നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ അനുകരിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[5-ാം പേജിലെ ചതുരം/ചിത്രം]

ക്രിസ്‌തുവിനെ അനുകരിക്കാൻ നമ്മെ സഹായിക്കുന്ന ഒരു പുസ്‌തകം

‘വന്ന്‌ എന്നെ അനുഗമിക്കുക’ (ഇംഗ്ലീഷ്‌) എന്ന തലക്കെട്ടോടുകൂടിയ 192 പേജുള്ള ഒരു പുസ്‌തകം 2007-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പ്രകാശനം ചെയ്‌തു. യേശുവിലേക്ക്‌, വിശേഷാൽ അവന്റെ ഗുണങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും ക്രിസ്‌ത്യാനികളുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌ ഈ പുസ്‌തകം തയ്യാർ ചെയ്‌തിരിക്കുന്നത്‌. രണ്ട്‌ ആമുഖ അധ്യായങ്ങൾക്കുശേഷം പുസ്‌തകത്തിന്റെ ആദ്യഭാഗം യേശുവിന്റെ സവിശേഷ വ്യക്തിത്വത്തെക്കുറിച്ച്‌, അവന്റെ താഴ്‌മ, ധൈര്യം, ജ്ഞാനം, അനുസരണം, സഹിഷ്‌ണുത എന്നീ ഗുണങ്ങളെക്കുറിച്ച്‌ ഒരു അവലോകനം നടത്തുന്നു.

സുവാർത്തയുടെ പ്രസംഗകനും അധ്യാപകനും എന്നനിലയിൽ യേശു ചെയ്‌ത പ്രവർത്തനങ്ങളെക്കുറിച്ചും അവന്റെ മഹത്തായ സ്‌നേഹത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഭാഗങ്ങളാണ്‌ തുടർന്നുവരുന്നത്‌. യേശുവിനെ അനുകരിക്കാൻ ഒരു ക്രിസ്‌ത്യാനിയെ പ്രാപ്‌തനാക്കുന്ന വിധത്തിലാണ്‌ വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്‌.

‘ഞാൻ യഥാർഥത്തിൽ യേശുവിനെ അനുഗമിക്കുന്നുവോ? അവനെ കൂടുതൽ അടുത്തു പിന്തുടരാൻ എനിക്കെങ്ങനെ സാധിക്കും?’ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ ഒരു ആത്മപരിശോധന നടത്താൻ വായനക്കാരെ ഈ പുസ്‌തകം പ്രോത്സാഹിപ്പിക്കുമെന്ന്‌ ഞങ്ങൾ പ്രത്യാശിക്കുന്നു. ‘നിത്യജീവനായി നിയമിക്കപ്പെട്ട’ ഏവരെയും ക്രിസ്‌തുവിന്റെ അനുഗാമികളാകാൻ ഈ പുസ്‌തകം സഹായിക്കട്ടെ!—പ്രവൃ. 13:48.

[4-ാം പേജിലെ ചിത്രം]

ഭൂമിയിൽ ഒരു മനുഷ്യശിശുവായി ജനിക്കാൻ യേശു മനസ്സുകാണിച്ചു. അതിന്‌ ഏതു ഗുണമാണ്‌ അവന്‌ ആവശ്യമായിരുന്നത്‌?

[6-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ തീക്ഷ്‌ണത ഉള്ളവരായിരിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കും?