വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളിപ്പാട്‌ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 1

വെളിപ്പാട്‌ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 1

യഹോവയുടെ വചനം ജീവനുള്ളത്‌

വെളിപ്പാട്‌ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 1

വയോധികനായ യോഹന്നാൻ അപ്പൊസ്‌തലന്‌ പത്മൊസ്‌ ദ്വീപിൽ തടവിലായിരിക്കെ 16 ദർശനങ്ങൾ ലഭിക്കുന്നു. കർത്തൃദിവസത്തിൽ യഹോവയാം ദൈവവും യേശുക്രിസ്‌തുവും ചെയ്യുന്ന കാര്യങ്ങളുടെ ഒരു പൂർവവീക്ഷണമാണ്‌ അവന്‌ അതിലൂടെ ലഭിക്കുന്നത്‌. 1914-ൽ ദൈവരാജ്യം സ്ഥാപിതമായതുമുതൽ ക്രിസ്‌തുവിന്റെ സഹസ്രാബ്ദവാഴ്‌ചയുടെ അവസാനംവരെയുള്ള കാലഘട്ടത്തെയാണ്‌ കർത്തൃദിവസം എന്നു വിളിക്കുന്നത്‌. യോഹന്നാൻ കണ്ട വിസ്‌മയിപ്പിക്കുന്ന ദർശനങ്ങളുടെ ഒരു വിവരണമാണ്‌ എ.ഡി. 96-ൽ എഴുതിയ വെളിപ്പാട്‌ പുസ്‌തകം.

ആദ്യത്തെ 12 അധ്യായങ്ങളിലെ മുഖ്യ ആശയങ്ങൾ നമുക്കിപ്പോൾ ശ്രദ്ധിക്കാം. യോഹന്നാന്‌ ലഭിച്ച ദർശനങ്ങളിൽ ആദ്യത്തെ ഏഴെണ്ണം ഈ അധ്യായങ്ങളിൽ കാണാനാകും. ഇന്നു ലോകത്ത്‌ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവങ്ങളോടും സമീപഭാവിയിൽ യഹോവ കൈക്കൊള്ളാൻ പോകുന്ന നടപടികളോടും ബന്ധപ്പെട്ട ഈ ദർശനങ്ങൾ താത്‌പര്യത്തോടെ പഠിക്കുന്നത്‌ നമുക്ക്‌ പ്രയോജനം ചെയ്യും. വിശ്വാസമുള്ള ഒരു മനസ്സോടെ ഈ ദർശനങ്ങൾ വെളിപ്പാട്‌ പുസ്‌തകത്തിൽനിന്നു വായിച്ചിട്ടുള്ളവർക്ക്‌ ആശ്വാസവും പ്രോത്സാഹനവും നേടാനായിട്ടുണ്ട്‌.—എബ്രാ. 4:12.

“കുഞ്ഞാട്‌” ആറു മുദ്രകൾ പൊട്ടിക്കുന്നു

(വെളി. 1:1–7:17)

സ്വർഗീയ മഹത്ത്വത്തിലിരിക്കുന്ന യേശുക്രിസ്‌തുവിനെ യോഹന്നാൻ ദർശനത്തിൽ കാണുന്നു. ‘ഒരു പുസ്‌തകത്തിൽ എഴുതി ഏഴു സഭകൾക്ക്‌ അയയ്‌ക്കാനുള്ള’ സന്ദേശങ്ങൾ യേശുവിൽനിന്ന്‌ അവൻ കൈപ്പറ്റുന്നു. (വെളി. 1:10, 11) തുടർന്ന്‌ ഒരു സ്വർഗീയ സിംഹാസനത്തിന്റെ ദർശനം അവനു ലഭിക്കുന്നു. സിംഹാസനത്തിൽ ഇരിക്കുന്നവൻ ഏഴു മുദ്രകളിട്ട ഒരു പുസ്‌തകം വലതുകൈയിൽ പിടിച്ചിരിക്കുന്നു. ആ പുസ്‌തകം തുറക്കാൻ യോഗ്യതയുള്ളത്‌ ‘യെഹൂദാഗോത്രത്തിലെ സിംഹത്തിന്‌’ അഥവാ ‘ഏഴു കൊമ്പും ഏഴു കണ്ണും’ ഉള്ള ‘കുഞ്ഞാടിനു’ മാത്രമാണ്‌ എന്നു നാം കാണുന്നു.—വെളി. 4:2; 5:1, 2, 5, 6.

“കുഞ്ഞാട്‌” ആറു മുദ്രകൾ ഓരോന്നായി തുറക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന്‌ മൂന്നാമത്തെ ദർശനം വെളിപ്പെടുത്തുന്നു. ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായി, മഹാകോപദിവസം വന്നെത്തി. (വെളി. 6:1, 12, 17) 1,44,000-ന്റെ മുദ്രയിടൽ പൂർത്തിയാകുന്നതുവരെ “നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു” നിൽക്കുന്നതായി നാലാമത്തെ ദർശനം കാണിക്കുന്നു. മുദ്ര ഏൽക്കാത്തവരായ “ഒരു മഹാപുരുഷാരം” ‘സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിൽക്കുന്നതായും’ അവൻ കാണുന്നു.—വെളി. 7:1, 9.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:4; 3:1; 4:5; 5:6—‘ഏഴ്‌ ആത്മാക്കൾ’ എന്ന പ്രയോഗം എന്ത്‌ അർഥമാക്കുന്നു? ദൈവിക വീക്ഷണത്തിൽ “ഏഴ്‌” എന്ന സംഖ്യ തികവിനെ അഥവാ പൂർണതയെ അർഥമാക്കുന്നു. അതുകൊണ്ട്‌, ‘ഏഴു സഭകൾക്കുള്ള’ സന്ദേശം ആത്യന്തികമായി ബാധകമാകുന്നത്‌ ഇന്ന്‌ ഒരുലക്ഷത്തിലധികം സഭകളിലായി കൂടിവരുന്ന മുഴുദൈവജനത്തിനുമാണ്‌. (വെളി. 1:11, 20) അതുപോലെ, ‘ഏഴ്‌ ആത്മാക്കൾ’ എന്ന പ്രയോഗം എന്തിനെയായിരിക്കാം സൂചിപ്പിക്കുന്നത്‌? തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനാണല്ലോ യഹോവ പരിശുദ്ധാത്മാവിനെ അയയ്‌ക്കുന്നത്‌. അപ്പോൾ, ഈ പ്രവചനം പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതു ഗ്രഹിക്കാൻ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ ദൈവം പരിശുദ്ധാത്മാവിനെ പൂർണ അളവിൽ ചൊരിയുമെന്നാണ്‌ അതിന്റെ അർഥം. “ഏഴ്‌ സഭകൾ,” “ഏഴ്‌ നക്ഷത്രം” എന്നിങ്ങനെ ഏഴ്‌ എന്ന സംഖ്യ ചേർത്തുള്ള പ്രയോഗങ്ങൾ വെളിപ്പാട്‌ പുസ്‌തകത്തിലുടനീളം നമുക്കു കാണാനാകും. ഏഴ്‌ എന്ന സംഖ്യ തികവിനെ അഥവാ പൂർണതയെ കുറിക്കുന്നതിനാൽ “ദൈവത്തിന്റെ മർമ്മം” ‘നിവൃത്തിയിലേക്ക്‌’ അഥവാ പൂർത്തീകരണത്തിലേക്ക്‌ നീങ്ങുന്നതിനെക്കുറിച്ച്‌ ഈ പുസ്‌തകം ചർച്ചചെയ്യുന്നു.—വെളി. 10:6.

1:8, 17—‘അല്‌ഫയും ഓമേഗയും’ ‘ആദ്യനും അന്ത്യനും’ എന്നീ വിശേഷണങ്ങൾ ആർക്കൊക്കെ ബാധകമാകുന്നു? യഹോവയ്‌ക്കു മുമ്പും പിമ്പും സർവശക്തനായ മറ്റൊരു ദൈവവുമില്ലാത്തതിനാൽ ‘അല്‌ഫയും ഓമേഗയും’ എന്നു പറഞ്ഞിരിക്കുന്നത്‌ അവനെക്കുറിച്ചാണ്‌ (വാക്യം 8). അതേ കാരണത്താലാണ്‌ 22:13-ൽ അവനെ ‘ഒന്നാമനും ഒടുക്കത്തവനും’ എന്ന്‌ വിളിച്ചിരിക്കുന്നത്‌. അവൻതന്നെയാണ്‌ “ആദിയും അന്തവും.” (വെളി. 21:6) എന്നാൽ വെളിപ്പാട്‌ 1-ാം അധ്യായത്തിന്റെ സാഹചര്യം പരിശോധിച്ചാൽ ‘ആദ്യനും അന്ത്യനും’ എന്ന വിശേഷണം യേശുവിനു ബാധകമാണെന്നു കാണാം (വാക്യം 17). അതായത്‌, അമർത്യ ആത്മജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെട്ട ആദ്യ മനുഷ്യൻ യേശുവാണ്‌, യഹോവ നേരിട്ട്‌ അമർത്യ ആത്മജീവനിലേക്ക്‌ ഉയിർപ്പിച്ച അവസാനത്തെ വ്യക്തിയും അവനാണ്‌.—കൊലൊ. 1:18.

2:7—എന്താണ്‌ ‘ദൈവത്തിന്റെ പറുദീസ?’ അഭിഷിക്ത ക്രിസ്‌ത്യാനികളോടുള്ള വാക്കുകളാണിവ. അതുകൊണ്ട്‌ ‘പറുദീസ’ എന്ന്‌ ഇവിടെ പരാമർശിച്ചിരിക്കുന്നത്‌ പറുദീസാതുല്യമായ സ്വർഗീയ മണ്ഡലത്തെ അതായത്‌ ദൈവത്തിന്റെ സാന്നിധ്യമുള്ള ഇടത്തെയാണ്‌. വിശ്വസ്‌തരായ അഭിഷിക്തർക്ക്‌ “ജീവവൃക്ഷത്തിന്റെ ഫലം” ഭക്ഷിക്കാനും അമർത്യത ആസ്വദിക്കാനുമുള്ള അനുഗ്രഹം ലഭിക്കും.—1 കൊരി. 15:53.

3:7—യേശുവിന്‌ എന്നാണ്‌ ‘ദാവീദിന്റെ താക്കോൽ’ ലഭിച്ചത്‌, അവൻ അത്‌ എങ്ങനെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു? എ.ഡി. 29-ൽ സ്‌നാനമേറ്റപ്പോൾ യേശു ദാവീദിന്റെ വംശത്തിൽ നിയുക്ത രാജാവായിത്തീർന്നു. എന്നാൽ എ.ഡി. 33-ൽ സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തേക്ക്‌ ഉയർത്തപ്പെട്ടതുവരെ യേശുവിന്‌ ആ താക്കോൽ ലഭിച്ചില്ല. അവിടെ ദാവീദിക രാജ്യത്തിന്റെ സർവ അവകാശവും അവനു ലഭിച്ചു. അന്നുമുതൽ ദൈവരാജ്യ താത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനുവേണ്ടി അവൻ ആ താക്കോൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 1919-ൽ, വിശ്വസ്‌തനും വിവേകിയുമായ അടിമയെ ‘തനിക്കുള്ള സകലത്തിന്റെയും’ ഉത്തരവാദിത്വം ഏൽപ്പിച്ചുകൊണ്ട്‌ യേശു “ദാവീദ്‌ഗൃഹത്തിന്റെ താക്കോൽ” അടിമവർഗത്തിനു കൈമാറി.—യെശ. 22:22; മത്താ. 24:45, 47.

3:12—യേശുവിന്റെ ‘പുതിയ നാമം’ എന്താണ്‌? അത്‌ യേശുവിന്‌ പുതുതായി ലഭിച്ച ചുമതലകളോടും പദവികളോടും ബന്ധപ്പെട്ടിരിക്കുന്നു. (ഫിലി. 2:9-11) അതിലുൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന്‌ യേശുവിനെപ്പോലെ വേറെ ആർക്കും അറിയാനാകില്ലെങ്കിലും ആ നാമം അവൻ തന്റെ വിശ്വസ്‌ത അഭിഷിക്ത സഹോദരന്മാരുടെമേൽ എഴുതിക്കൊണ്ട്‌ അവരെ താനുമായി ഒരു അടുത്തബന്ധത്തിലേക്കു കൊണ്ടുവരുന്നു. (വെളി. 19:12) അവരെ തന്റെ പദവികളിൽ പങ്കുകാരാക്കുകപോലും ചെയ്യുന്നു.

നമുക്കുള്ള പാഠങ്ങൾ:

1:3. സാത്താന്റെ ലോകത്തിന്മേലുള്ള ദൈവത്തിന്റെ ന്യായവിധിയുടെ ‘സമയം അടുത്തിരിക്കുന്നതിനാൽ’ വെളിപ്പാട്‌ പുസ്‌തകത്തിൽ അടങ്ങിയിരിക്കുന്ന സന്ദേശം മനസ്സിലാക്കേണ്ടതും അതിനു ചേർച്ചയിൽ പ്രവർത്തിക്കേണ്ടതും അടിയന്തിരമാണ്‌.

3:17, 18. ആത്മീയമായി സമ്പന്നരായിരിക്കണമെങ്കിൽ നാം യേശുവിൽനിന്ന്‌ ‘തീയിൽ ഊതിക്കഴിച്ചപൊന്ന്‌’ വിലയ്‌ക്കു വാങ്ങേണ്ടതുണ്ട്‌, അതായത്‌ സൽപ്രവൃത്തികളിൽ സമ്പന്നരായിരിക്കാൻ നാം യത്‌നിക്കേണ്ടതുണ്ട്‌. (1 തിമൊ. 6:17-19) ക്രിസ്‌തുവിന്റെ അനുഗാമികളെന്ന്‌ നമ്മെ തിരിച്ചറിയിക്കുന്ന ‘ശുഭ്രമായ വിശേഷവസ്‌ത്രം’ ധരിക്കുകയും വേണം. അതോടൊപ്പം ആത്മീയ വിവേകം നേടേണ്ടതിന്‌ ‘കണ്ണിൽ എഴുതുന്ന ലേപം’ ഉപയോഗിക്കണം, അതായത്‌ വീക്ഷാഗോപുരം മാസികയിലൂടെ ലഭിക്കുന്നതുപോലുള്ള ബുദ്ധിയുപദേശങ്ങൾ നാം പ്രയോജനപ്പെടുത്തണം.—വെളി. 19:8.

7:13, 14. സ്വർഗീയ മഹത്ത്വത്തിലേക്ക്‌ ഉയർത്തപ്പെട്ട 1,44,000 പേരെയാണ്‌ 24 മൂപ്പന്മാർ പ്രതിനിധാനം ചെയ്യുന്നത്‌. രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കാനുള്ള പദവി അവർക്കുണ്ട്‌. ദാവീദ്‌ രാജാവ്‌ 24 ഗണങ്ങളായി തിരിച്ച പുരാതന ഇസ്രായേലിലെ പുരോഹിതന്മാർ ഇവരെ മുൻനിഴലാക്കി. 24 മൂപ്പന്മാരിൽ ഒരാളാണ്‌ യോഹന്നാന്‌ മഹാപുരുഷാരത്തെക്കുറിച്ച്‌ വെളിപ്പെടുത്തിക്കൊടുക്കുന്നത്‌. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ പുനരുത്ഥാനം 1935-നു മുമ്പ്‌ ആരംഭിച്ചിരിക്കണം എന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. എന്തുകൊണ്ടാണ്‌ ഇങ്ങനെ പറയുന്നത്‌? കാരണം, ഭൂമിയിലുള്ള അഭിഷിക്ത ദൈവദാസന്മാർക്ക്‌ മഹാപുരുഷാരത്തെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ലഭിച്ചത്‌ ആ വർഷമാണ്‌.—ലൂക്കൊ. 22:28-30; വെളി. 4:4; 7:9.

ഏഴാം മുദ്ര പൊട്ടിക്കുന്നു, ഏഴു കാഹളം മുഴങ്ങുന്നു

(വെളി. 8:1–12:17)

കുഞ്ഞാട്‌ ഏഴാം മുദ്ര പൊട്ടിക്കുന്നു. തുടർന്ന്‌ ഏഴു ദൂതന്മാർക്ക്‌ ഏഴു കാഹളം ലഭിക്കുന്നു. മനുഷ്യവർഗത്തിൽ ‘മൂന്നിലൊന്നിന്‌’ അതായത്‌ ക്രൈസ്‌തവലോകത്തിന്‌ എതിരെ ന്യായവിധിദൂത്‌ പ്രഖ്യാപിച്ചുകൊണ്ട്‌ അവരിൽ ആറു ദൂതന്മാർ കാഹളം മുഴക്കുന്നു. (വെളി. 8:1, 2, 7-12; 9:15, 18) യോഹന്നാനു ലഭിച്ച അഞ്ചാമത്തെ ദർശനത്തിലാണ്‌ ഇക്കാര്യങ്ങളൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നത്‌. അടുത്ത ദർശനത്തിൽ യോഹന്നാൻ ഒരു ചെറുപുസ്‌തകം തിന്നുന്നതായും ആലയമന്ദിരത്തെ അളക്കുന്നതായും നാം വായിക്കുന്നു. ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ, “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്‌തുവിന്നും ആയിത്തീർന്നിരിക്കുന്നു” എന്ന്‌ സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടാകുന്നു.—വെളി. 10:10; 11:1, 15.

ഏഴാമത്തെ ദർശനം വെളിപ്പാട്‌ 11:15, 17 വാക്യങ്ങളുടെ ഒരു വിശദീകരണം നൽകുന്നു. സ്വർഗത്തിൽ ഒരു അടയാളം കാണുന്നു. സ്വർഗീയ സ്‌ത്രീ ഒരു ആൺകുട്ടിക്കു ജന്മം നൽകുന്നു. പിന്നെ യോഹന്നാൻ കാണുന്നത്‌ പിശാചിനെ സ്വർഗത്തിൽനിന്ന്‌ ഭൂമിയിലേക്ക്‌ തള്ളിയിടുന്നതാണ്‌. പിശാച്‌ സ്‌ത്രീയോടു കോപിച്ച്‌ “അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‌വാൻ” പുറപ്പെടുന്നു.—വെളി. 12:1, 5, 9, 17.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

8:1-5—സ്വർഗത്തിൽ നിശ്ശബ്ദത ഉണ്ടാകാനുള്ള കാരണമെന്ത്‌, തുടർന്ന്‌ ഭൂമിയിലേക്ക്‌ എന്താണ്‌ എറിയുന്നത്‌? ഭൂമിയിലെ വിശുദ്ധന്മാരുടെ പ്രാർഥനകൾ കേൾക്കുന്നതിനുവേണ്ടിയാണ്‌ സ്വർഗത്തിൽ പ്രതീകാത്മക നിശ്ശബ്ദത ഉണ്ടായത്‌. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിലായിരുന്നു ഇത്‌. ജാതികളുടെ കാലം അവസാനിക്കുമ്പോൾ സ്വർഗത്തിലേക്ക്‌ എടുക്കപ്പെടുമെന്ന്‌ അനേകം അഭിഷിക്ത ക്രിസ്‌ത്യാനികൾ കരുതിയെങ്കിലും അങ്ങനെ സംഭവിച്ചില്ല. യുദ്ധകാലത്തുടനീളം അവർ ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയി. അതുകൊണ്ട്‌ മാർഗനിർദേശത്തിനുവേണ്ടി അവർ മുട്ടിപ്പായി പ്രാർഥിച്ചു. അവരുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരമായി ദൂതൻ ഒരു പ്രതീകാത്മക തീ ഭൂമിയിലേക്ക്‌ എറിഞ്ഞു. അത്‌ അവരെ കൂടുതലായ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു. എണ്ണത്തിൽ കുറവായിരുന്നിട്ടും അവർ ഒരു ലോകവ്യാപക പ്രസംഗ പരിപാടിക്കു തുടക്കമിട്ടു. അത്‌ ദൈവരാജ്യത്തെ ചൂടുപിടിച്ച ഒരു ചർച്ചാവിഷയമാക്കി. ക്രൈസ്‌തവലോകത്തെ ഇതു വല്ലാതെ ബാധിച്ചു. ബൈബിളിൽനിന്നുള്ള മുന്നറിയിപ്പുകൾ ഇടിമുഴക്കംപോലെ അനുഭവപ്പെട്ടു, തിരുവെഴുത്തു സത്യം മിന്നൽപ്പിണർപോലെ ദീപ്‌തമായി, ഭൂകമ്പത്തിൽ കെട്ടിടങ്ങൾ ആടിയുലയുന്നതുപോലെ മതമണ്ഡലത്തിന്റെ അടിസ്ഥാനങ്ങൾവരെ ഇളകി.

8:6-12; 9:1, 13; 11:15—എപ്പോഴാണ്‌ ഏഴു ദൂതന്മാർ കാഹളം ഊതാൻ ഒരുങ്ങിനിന്നത്‌, എപ്പോൾ, എങ്ങനെയാണ്‌ അതു മുഴങ്ങിയത്‌? 1919 മുതൽ 1922 വരെയുള്ള കാലത്ത്‌ ഭൂമിയിലുള്ള പുനർജീവിക്കപ്പെട്ട യോഹന്നാൻവർഗത്തിലെ അംഗങ്ങൾക്ക്‌ നിർദേശങ്ങൾ കൈമാറിയത്‌ ഈ ഒരുക്കത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെ ഫലമായി, പരസ്യശുശ്രൂഷ പുനഃസംഘടിപ്പിക്കുകയും അച്ചടിസൗകര്യങ്ങൾ വിപുലമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ അഭിഷിക്തർ തിരക്കോടെ ഏർപ്പെട്ടു. (വെളി. 12:13, 14) ദൂതന്മാരോടു ചേർന്ന്‌ ദൈവജനം സാത്താന്റെ ലോകത്തിനെതിരെ നിർഭയം യഹോവയുടെ ന്യായവിധി ദൂതുകൾ ഘോഷിക്കുന്നതിനെ കാഹളം മുഴക്കൽ അർഥമാക്കുന്നു. 1922-ൽ ഒഹായോയിലെ സീഡാർ പോയിന്റിൽ നടന്ന കൺവെൻഷനോടെ അതിനു തുടക്കം കുറിച്ചു; മഹോപദ്രവംവരെയും അതു തുടരും.

8:13; 9:12; 11:14—അവസാനത്തെ മൂന്നു കാഹളം മുഴക്കൽ “കഷ്ടം” വരുത്തിയത്‌ എങ്ങനെ? ആദ്യത്തെ നാലു കാഹളങ്ങളുടെ മുഴക്കൽ ക്രൈസ്‌തവലോകത്തിന്റെ ആത്മീയ മൃതാവസ്ഥ തുറന്നുകാട്ടിയ പ്രഖ്യാപനങ്ങളായിരുന്നെങ്കിൽ, അവസാനത്തെ മൂന്നെണ്ണം ചില പ്രത്യേക സംഭവങ്ങളോടു ബന്ധപ്പെട്ട കഷ്ടമാണ്‌. അഞ്ചാം കാഹളത്തിന്റെ മുഴക്കൽ, 1919-ൽ ദൈവജനം ‘അഗാധകൂപത്തിൽനിന്ന്‌’ വിടുവിക്കപ്പെട്ടതിനോടും ക്രൈസ്‌തവലോകത്തിനു മരണകരമായ ബാധപോലെ അനുഭവപ്പെട്ട അവരുടെ അക്ഷീണമായ പ്രസംഗ പ്രവർത്തനത്തോടും ബന്ധപ്പെട്ടിരിക്കുന്നു. (വെളി. 9:1) ആറാമത്തേത്‌, ചരിത്രത്തിലെ ഏറ്റവും വലിയ കുതിരപ്പടയുടെ സവാരിയെയും 1922-ൽ ആരംഭിച്ച ലോകവ്യാപക പ്രസംഗ പരിപാടിയെയും കുറിക്കുന്നു. അവസാനത്തെ കാഹളം മുഴക്കൽ മിശിഹൈക രാജ്യത്തിന്റെ ജനനത്തോടു ബന്ധപ്പെട്ടിരിക്കുന്നു.

നമുക്കുള്ള പാഠങ്ങൾ:

9:10, 19. ദൈവവചനത്തിൽ അധിഷ്‌ഠിതവും ആധികാരികവുമായ, വിശ്വസ്‌തനും വിവേകിയുമായ അടിമയുടെ പ്രസിദ്ധീകരണങ്ങളിൽ കുത്തിത്തുളയ്‌ക്കുന്ന ഒരു സന്ദേശം അടങ്ങിയിരിക്കുന്നു. (മത്താ. 24:45) ഈ സന്ദേശം ‘തേളിനുള്ളതുപോലെ വിഷമുള്ള്‌’ ഉള്ള വെട്ടുക്കിളികളുടെ വാലിനോടും ‘സർപ്പത്തെപ്പോലെയും തലയുള്ളതുമായ’ വാലുള്ള കുതിരപ്പടയിലെ കുതിരകളോടും സമാനമാണ്‌. എങ്ങനെ? യഹോവയുടെ ‘പ്രതികാരദിവസത്തെക്കുറിച്ചു’ മുന്നറിയിപ്പുനൽകുന്നവയാണ്‌ ഈ പ്രസിദ്ധീകരണങ്ങൾ. (യെശ. 61:2) ധൈര്യത്തോടും തീക്ഷ്‌ണതയോടും കൂടെ നമുക്ക്‌ അവ വിതരണം ചെയ്യാം.

9:20, 21. ‘ശേഷം മനുഷ്യർ’ എന്നു പരാമർശിച്ചിരിക്കുന്നത്‌ ക്രൈസ്‌തവ മണ്ഡലത്തിനു വെളിയിലുള്ള ആളുകളെയാണ്‌. ക്രൈസ്‌തവേതര രാജ്യങ്ങളിലുള്ള സൗമ്യരായ അനേകർ സുവാർത്തയോട്‌ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും അവരുടെ ഒരു കൂട്ടപരിവർത്തനം നാം പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും നാം സ്ഥിരോത്സാഹത്തോടെ ശുശ്രൂഷയിൽ ഏർപ്പെടുകതന്നെ ചെയ്യും.

12:15, 16. “ഭൂമി”—സാത്താന്റെ വ്യവസ്ഥിതിയിലെ ഘടകങ്ങൾ അല്ലെങ്കിൽ വിവിധ ദേശങ്ങളിലെ ഭരണകൂടങ്ങൾ—ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നു. 1940-കളുടെ തുടക്കംമുതൽ അവ ‘മഹാസർപ്പം വായിൽനിന്നു ചാടിച്ച [പീഡനത്തിന്റെ] നദിയെ വായ്‌തുറന്നു വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.’ തന്റെ ഹിതം നിവർത്തിക്കുന്നതിന്‌ എപ്പോൾ വേണമെങ്കിലും യഹോവയ്‌ക്ക്‌ ഭരണകൂടങ്ങളെ സ്വാധീനിക്കാനാകും. അതുകൊണ്ട്‌ സദൃശവാക്യങ്ങൾ 21:1 ഇങ്ങനെ പറയുന്നു: “രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.” ദൈവത്തിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്താൻ മതിയായ കാരണമല്ലേ ഇത്‌?