വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിഷ്യരാക്കൽ വേലയിൽ സന്തോഷം കണ്ടെത്തുക

ശിഷ്യരാക്കൽ വേലയിൽ സന്തോഷം കണ്ടെത്തുക

ശിഷ്യരാക്കൽ വേലയിൽ സന്തോഷം കണ്ടെത്തുക

‘ആകയാൽ നിങ്ങൾ പുറപ്പെട്ടു, സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.’—മത്താ. 28:19, 20.

1-3. (എ) ബൈബിളധ്യയനം നടത്താൻ അവസരം ലഭിച്ചിട്ടുള്ള അനേകരുടെയും വികാരം എന്താണ്‌? (ബി) ഏതെല്ലാം ചോദ്യങ്ങൾ നാം ചർച്ചചെയ്യും?

അമേരിക്കയിലെ ഒരു ഹിന്ദി ഭാഷാക്കൂട്ടത്തോടൊപ്പം പ്രവർത്തിക്കുന്ന ഒരു സഹോദരി എഴുതി: “കഴിഞ്ഞ 11 ആഴ്‌ചയായി ഒരു പാക്കിസ്ഥാനി കുടുംബത്തെ ബൈബിൾ പഠിപ്പിക്കുകയാണ്‌ ഞാൻ. ഇതിനോടകം ഞങ്ങൾ ഉറ്റ സുഹൃത്തുക്കളായി. ഈ കുടുംബം ഉടൻതന്നെ പാക്കിസ്ഥാനിലേക്കു മടങ്ങുകയാണ്‌. ഇനി അവരെ കാണാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു, അതേസമയം യഹോവയെക്കുറിച്ച്‌ അവരെ പഠിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക്‌ അളവറ്റ സന്തോഷവുമുണ്ട്‌.”

2 ഈ സഹോദരിയെപ്പോലെ നിങ്ങളും ഒരു ബൈബിളധ്യയനം നടത്തുന്നതിന്റെ സന്തോഷം അനുഭവിച്ചിട്ടുണ്ടോ? ശിഷ്യരാക്കൽ വേലയിൽ അതിരറ്റ സന്തോഷം കണ്ടെത്തിയവരാണ്‌ യേശുവും ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരും. താൻ പരിശീലിപ്പിച്ചയച്ച 70 ശിഷ്യന്മാർ സന്തോഷകരമായ റിപ്പോർട്ടുമായി മടങ്ങിവന്നപ്പോൾ യേശു “പരിശുദ്ധാത്മാവിൽ ആനന്ദിച്ചു” എന്നു നാം വായിക്കുന്നു. (ലൂക്കൊ. 10:17-21) ശിഷ്യരെ ഉളവാക്കുന്നതിൽ വളരെ സന്തോഷം ആസ്വദിക്കുന്നവരാണ്‌ ഇന്ന്‌ അനേകരും. ഉദാഹരണത്തിന്‌, 2007-ൽ ശരാശരി 65 ലക്ഷം ബൈബിളധ്യയനങ്ങളാണ്‌ സ്ഥിരോത്സാഹികളായ രാജ്യഘോഷകർ ഓരോ മാസവും നടത്തിയത്‌.

3 എന്നാൽ ചില പ്രസാധകർക്ക്‌ ഒരു ബൈബിളധ്യയനം നടത്തുന്നതിന്റെ സന്തോഷം ഇനിയും അനുഭവിക്കാനായിട്ടില്ല. മറ്റുചിലർക്കാകട്ടെ അടുത്തകാലത്തെങ്ങും ഒരു അധ്യയനം നടത്താനായിട്ടില്ല. ‘നിങ്ങൾ പുറപ്പെട്ടു, സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ’ എന്ന യേശുവിന്റെ കൽപ്പന അനുസരിക്കുന്നതുമായി ബന്ധപ്പെട്ട്‌ നാം നേരിട്ടേക്കാവുന്ന ചില പ്രതിബന്ധങ്ങൾ ഏവയാണ്‌? അവ മറികടക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ബൈബിളധ്യയനം നടത്താൻ നാം പരമാവധി ശ്രമിക്കുമ്പോൾ അത്‌ എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും?—മത്താ. 28:19.

സന്തോഷം കവർന്നെടുക്കുന്ന പ്രതിബന്ധങ്ങൾ

4, 5. (എ) ലോകത്തിന്റെ ചില ഭാഗങ്ങളിൽ സുവാർത്തയോടുള്ള പ്രതികരണം എങ്ങനെയുള്ളതാണ്‌? (ബി) മറ്റിടങ്ങളിൽ പ്രസാധകർ എന്തു വെല്ലുവിളികൾ നേരിടുന്നു?

4 നമ്മുടെ പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കാനും ബൈബിൾ പഠിക്കാനും ചില ദേശങ്ങളിലുള്ളവർക്കു വളരെ താത്‌പര്യമാണ്‌. അതിനൊരു ഉദാഹരണമാണ്‌ സാംബിയ. അവിടെ താത്‌കാലികമായി സേവിക്കുന്ന ഒരു ഓസ്‌ട്രേലിയൻ ദമ്പതികൾ എഴുതി: “കേട്ടതൊക്കെ സത്യമായിരുന്നു. സാംബിയ സുവാർത്താഘോഷകരുടെ പറുദീസയാണ്‌. തെരുവുസാക്ഷീകരണം ഞങ്ങൾ അതിയായി ആസ്വദിക്കുന്നു. ആളുകൾ ഞങ്ങളുടെ അടുത്തേക്കു വരാറുണ്ട്‌; മാസികകളുടെ പ്രത്യേക ലക്കങ്ങൾ ചിലർ ചോദിച്ചുവാങ്ങുകപോലും ചെയ്യുന്നു.” രണ്ടുലക്ഷത്തിലധികം ബൈബിളധ്യയനങ്ങളാണ്‌ സമീപവർഷങ്ങളിലൊന്നിൽ സഹോദരങ്ങൾ അവിടെ നടത്തിയത്‌, ശരാശരി എടുത്താൽ ഒരു പ്രസാധകന്‌ ഒന്നിലധികം അധ്യയനങ്ങൾ!

5 എന്നാൽ ചില സ്ഥലങ്ങളിൽ പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കാനോ ബൈബിളധ്യയനങ്ങൾ ക്രമമായി നടത്താനോ ബുദ്ധിമുട്ടു നേരിടുന്നു. എന്തായിരിക്കും ഇതിനു കാരണം? സഹോദരങ്ങൾ ചെല്ലുമ്പോൾ മിക്കവാറും ഭവനങ്ങളിൽ ആളുണ്ടായിരിക്കില്ല, ഇനി ഉണ്ടെങ്കിൽത്തന്നെ മതകാര്യങ്ങൾ ചർച്ചചെയ്യാൻ അവർക്കു താത്‌പര്യം ഇല്ലായിരിക്കാം. മതപരമായ ഒരു അന്തരീക്ഷത്തിൽ ആയിരിക്കില്ല അവർ വളർന്നത്‌, അല്ലെങ്കിൽ വ്യാജ മതങ്ങളിൽ നടമാടുന്ന കാപട്യം കണ്ട്‌ അവരുടെ മനസ്സുമടുത്തിരിക്കാം. വ്യാജ ഇടയന്മാരിൽനിന്ന്‌ ആത്മീയമായി മുറിവേറ്റ്‌ കുഴഞ്ഞവരും ചിന്നിയവരുമായി കഴിയുകയാണ്‌ അനേകരും. (മത്താ. 9:36) അത്തരക്കാർ ആത്മീയ കാര്യങ്ങളോടു നിസ്സംഗത കാണിക്കുന്നത്‌ നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.

6. ഏതെല്ലാം പ്രശ്‌നങ്ങളാണ്‌ ചിലരെ അലട്ടുന്നത്‌?

6 വിശ്വസ്‌തരായ ചില പ്രസാധകരുടെ സന്തോഷം കെടുത്തിക്കളയുന്നത്‌ മറ്റൊരു കാര്യമാണ്‌. ഒരുകാലത്ത്‌ ശിഷ്യരാക്കൽ വേലയിൽ വളരെ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ അനാരോഗ്യമോ പ്രായാധിക്യമോ അവരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. മറ്റുചിലർക്ക്‌ അവരുടെ അപര്യാപ്‌തതാബോധമായിരിക്കാം തടസ്സമായി നിൽക്കുന്നത്‌. ഉദാഹരണത്തിന്‌ ബൈബിളധ്യയനം നടത്താനുള്ള കഴിവ്‌ തനിക്കില്ലെന്ന്‌ ചിലർ ചിന്തിക്കുന്നു. നിങ്ങൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? ഫറവോനോടു സംസാരിക്കാൻ യഹോവ മോശെയെ നിയോഗിച്ചപ്പോൾ അവനു തോന്നിയതുപോലെ നിങ്ങൾക്കും തോന്നിയേക്കാം. മോശെ പറഞ്ഞു: “കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്‌സാമർത്ഥ്യമുള്ളവനല്ല.” (പുറ. 4:10) പരാജയഭീതിയും ഒരു തടസ്സമാകാറുണ്ട്‌. ‘ഞാൻ പഠിപ്പിച്ചാൽ ആരും സത്യത്തിൽ വരില്ല; ഒരാളെ പഠിപ്പിച്ചു സത്യത്തിൽ കൊണ്ടുവരാനുള്ള പ്രാപ്‌തിയൊന്നും എനിക്കില്ല’ എന്നൊക്കെ ആകുലപ്പെടുന്നവരുണ്ട്‌. അതുകൊണ്ട്‌ ബൈബിളധ്യയനങ്ങൾ നടത്താൻ ലഭിക്കുന്ന അവസരങ്ങൾ അവർ വേണ്ടെന്നുവെച്ചേക്കാം. ഇതുപോലുള്ള പ്രതിബന്ധങ്ങളെ തരണംചെയ്യാൻ നമുക്ക്‌ എങ്ങനെ കഴിയും?

ഹൃദയത്തെ സജ്ജമാക്കുക

7. ശുശ്രൂഷയിൽ ഏർപ്പെടാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു?

7 നമ്മുടെ ഹൃദയത്തെ സജ്ജമാക്കുക എന്നതാണ്‌ ആദ്യപടി. യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നത്‌.” (ലൂക്കൊ. 6:45) മറ്റുള്ളവരുടെ ക്ഷേമത്തിലുള്ള ആത്മാർഥമായ താത്‌പര്യം ശുശ്രൂഷയിൽ ഏർപ്പെടാൻ യേശുവിനെ പ്രേരിപ്പിച്ചു. സഹയഹൂദന്മാരുടെ പരിതാപകരമായ ആത്മീയ അവസ്ഥയിൽ യേശുവിന്റെ “മനസ്സലിഞ്ഞു.” ശിഷ്യന്മാരോടായി അവൻ പറഞ്ഞു: “കൊയ്‌ത്തു വളരെ ഉണ്ടു . . . ആകയാൽ കൊയ്‌ത്തിന്റെ യജമാനനോടു കൊയ്‌ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.”—മത്താ. 9:36-38.

8. (എ) നാം എന്തു ചിന്തിക്കുന്നത്‌ നന്നായിരിക്കും? (ബി) ഒരു ബൈബിൾ വിദ്യാർഥിയുടെ അഭിപ്രായത്തിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സിലാക്കാം?

8 നാം സത്യം തിരിച്ചറിഞ്ഞതും അതിൽനിന്നു പ്രയോജനംനേടിയതും മറ്റാരെങ്കിലും നമ്മെ ബൈബിൾ പഠിപ്പിക്കാൻ സമയം കണ്ടെത്തിയതുകൊണ്ടല്ലേ? ഇക്കാര്യം മനസ്സിലുണ്ടെങ്കിൽ ശിഷ്യരാക്കൽ വേലയിൽ നമുക്കത്‌ വളരെ പ്രയോജനം ചെയ്യും. ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്ന ആളുകളെക്കുറിച്ചും നമ്മുടെ സന്ദേശത്തിൽനിന്ന്‌ അവർക്കു നേടാനാകുന്ന പ്രയോജനങ്ങളെക്കുറിച്ചും ചിന്തിക്കുക. തന്റെ രാജ്യത്തെ ബ്രാഞ്ചോഫീസിലേക്ക്‌ ഒരു സ്‌ത്രീ എഴുതി: “എന്നെ വീട്ടിൽവന്ന്‌ പഠിപ്പിക്കുന്ന സാക്ഷികളോട്‌ എനിക്ക്‌ എത്ര നന്ദിയുണ്ടെന്നോ. ഒരുപാട്‌ ചോദ്യങ്ങൾ ചോദിച്ച്‌ ഞാൻ അവരുടെ വിലപ്പെട്ട സമയം പാഴാക്കാറുണ്ട്‌. പലപ്പോഴും ഞാൻ അവരെ ബുദ്ധിമുട്ടിക്കുകയാണെന്ന്‌ എനിക്കറിയാം. പക്ഷേ അവർ ക്ഷമയോടെ എന്നോട്‌ ഇടപെടുന്നു. അറിയാവുന്ന കാര്യങ്ങളൊക്കെ എനിക്കു പറഞ്ഞുതരാൻ അവർക്കു സന്തോഷമേയുള്ളൂ. അവരെ കണ്ടുമുട്ടാനായതിൽ യഹോവയോടും യേശുവിനോടും എനിക്ക്‌ തീർത്താൽത്തീരാത്ത നന്ദിയുണ്ട്‌.”

9. യേശു എന്തിലാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചത്‌, നമുക്ക്‌ എങ്ങനെ അവനെ അനുകരിക്കാം?

9 സഹായിക്കാൻ യേശു ശ്രമിച്ചെങ്കിലും അതിനോട്‌ എല്ലാവരും നന്നായി പ്രതികരിച്ചില്ല എന്നോർക്കുക. (മത്താ. 23:37) കുറച്ചുകാലം അവനെ അനുഗമിച്ച ചിലർ അവൻ പഠിപ്പിച്ച കാര്യങ്ങളോടുള്ള വിയോജിപ്പുനിമിത്തം “പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല” എന്നു ബൈബിൾ പറയുന്നു. (യോഹ. 6:66) എങ്കിലും തന്റെ സന്ദേശത്തിന്‌ ഒരു വിലയുമില്ലെന്ന്‌ യേശു ചിന്തിച്ചില്ല. വിതച്ച വിത്തിലേറെയും ഫലം തന്നില്ലെങ്കിലും ശുശ്രൂഷയിൽത്തന്നെ ആയിരുന്നു യേശുവിന്റെ ശ്രദ്ധ. നിലങ്ങൾ ‘കൊയ്‌ത്തിനു വെളുത്തിരിക്കുന്നതായി’ അവൻ കണ്ടു. കൊയ്‌ത്തിൽ പങ്കുചേരുന്നതിന്റെ സന്തോഷം അവൻ അനുഭവിച്ചു. (യോഹന്നാൻ 4:35, 36 വായിക്കുക.) അതുപോലെ നമുക്കും ആളുകൾ പ്രതികരിക്കുന്നില്ലല്ലോ എന്നോർത്തു വിഷമിക്കുന്നതിനു പകരം ഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെ കൊയ്‌ത്തിൽ ശ്രദ്ധകേന്ദ്രീകരിക്കരുതോ? ഇപ്രകാരം ശുഭാപ്‌തിവിശ്വാസത്തോടെ പ്രവർത്തിക്കാൻ നമുക്ക്‌ എങ്ങനെ സാധിക്കും?

കൊയ്‌ത്തു മുന്നിൽ കണ്ടു വിതയ്‌ക്കുക

10, 11. സന്തോഷം നിലനിറുത്താൻ എന്തു ചെയ്യാനാകും?

10 വിളവെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ്‌ ഒരു കർഷകൻ വിത്തുവിതയ്‌ക്കുന്നത്‌. അതുപോലെ ആയിരിക്കണം പ്രസംഗ പ്രവർത്തനവും; ബൈബിളധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യം നമ്മുടെ മനസ്സിലുണ്ടായിരിക്കണം. ക്രമമായി വയലിൽ സമയം ചെലവഴിക്കുന്നെങ്കിലും വളരെക്കുറച്ചു പേരെ മാത്രമേ വീടുകളിൽ കണ്ടെത്താനാകുന്നുള്ളോ? താത്‌പര്യം കാണിച്ചവരെ വീണ്ടും കണ്ടുമുട്ടാൻ കഴിയുന്നില്ല എന്നു തോന്നുന്നുണ്ടോ? ഇതു മടുപ്പുളവാക്കിയേക്കാം എന്നതു ശരിതന്നെ. എന്നാൽ അതുകൊണ്ട്‌ വീടുതോറുമുള്ള സാക്ഷീകരണം ഉപേക്ഷിക്കണമോ? കാലം മാറ്റുതെളിയിച്ചതാണ്‌ വീടുതോറുമുള്ള സാക്ഷീകരണത്തിന്റെ ഫലപ്രദത്വം. അനേകം ആളുകൾ ഇന്നും ആദ്യമായി സുവാർത്ത കേൾക്കുന്നത്‌ ഇതിലൂടെയാണ്‌.

11 ആളുകളെ കണ്ടെത്താൻ മറ്റു മാർഗങ്ങൾ അവലംബിച്ചുകൊണ്ടും ശുശ്രൂഷയിൽ സന്തോഷം നിലനിറുത്താനാകും. തെരുവിലോ ബിസിനസ്സ്‌ പ്രദേശത്തോ സാക്ഷീകരിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ടെലിഫോൺ സാക്ഷീകരണം പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? രാജ്യസന്ദേശം പങ്കുവെച്ചവരുമായി വീണ്ടും ബന്ധപ്പെടുന്നതിന്‌ അവരുടെ ഫോൺനമ്പർ ചോദിച്ചുവാങ്ങാറുണ്ടോ? ശുശ്രൂഷയിൽ സ്ഥിരോത്സാഹവും വഴക്കവും കാണിക്കുന്നെങ്കിൽ, രാജ്യസന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കുന്നവരെ കണ്ടെത്തുന്നതിന്റെ സന്തോഷം നിങ്ങൾക്ക്‌ അനുഭവിച്ചറിയാനാകും.

നിസ്സംഗതയെ നേരിടുക

12. പ്രദേശത്തുള്ള പലരും നിസ്സംഗത പുലർത്തുന്നവരാണെങ്കിൽ നമുക്ക്‌ എന്തു ചെയ്യാനാകും?

12 മതകാര്യങ്ങളോടു വിരക്തിയുള്ളവരാണോ നിങ്ങളുടെ പ്രദേശത്തെ പലരും? അവരുടെ താത്‌പര്യം പിടിച്ചുപറ്റുന്നവിധം നിങ്ങളുടെ സമീപനത്തിൽ മാറ്റംവരുത്താനാകുമോ? കൊരിന്തിലെ സഹവിശ്വാസികൾക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “യെഹൂദന്മാരെ നേടേണ്ടതിന്നു ഞാൻ യെഹൂദന്മാർക്കു യെഹൂദനെപ്പോലെ ആയി; . . . ദൈവത്തിന്നു ന്യായപ്രമാണമില്ലാത്തവൻ ആകാതെ, . . . ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന്നു ഞാൻ ന്യായപ്രമാണമില്ലാത്തവർക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.” തന്റെ ലക്ഷ്യം പൗലൊസ്‌ വെളിപ്പെടുത്തുന്നു: “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.” (1 കൊരി. 9:20-22) പൊതുതാത്‌പര്യമുള്ള വിഷയങ്ങൾ കണ്ടെത്താൻ പൗലൊസിനെപ്പോലെ നമുക്കും കഴിയില്ലേ? മതത്തിൽ താത്‌പര്യമില്ലെങ്കിലും കുടുംബജീവിതം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ്‌ പലരും. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും അവർ ചിന്തിക്കുന്നുണ്ടാകാം. അവരുടെ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ രാജ്യസന്ദേശം അവതരിപ്പിക്കാൻ നമുക്കു സാധിക്കില്ലേ?

13, 14. ശിഷ്യരാക്കൽ വേലയിലെ സന്തോഷം നമുക്കെങ്ങനെ വർധിപ്പിക്കാനാകും?

13 നല്ലൊരുപക്ഷം ആളുകളും സുവാർത്തയോടു താത്‌പര്യം കാണിക്കാത്ത പ്രദേശങ്ങളിൽപ്പോലും ശിഷ്യരാക്കൽ വേലയിലെ സന്തോഷം വർധിപ്പിക്കാൻ അനേകം പ്രസാധകർക്കു കഴിയുന്നുണ്ട്‌. എങ്ങനെയാണതു സാധ്യമാകുന്നത്‌? ഒരു വിദേശഭാഷ പഠിച്ചുകൊണ്ട്‌. തങ്ങളുടെ സഭയുടെ പ്രദേശത്ത്‌ ചൈനക്കാരായ ആയിരക്കണക്കിന്‌ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും താമസിക്കുന്നതായി അറുപതിലേറെ വയസ്സുള്ള ഒരു ദമ്പതികൾ കണ്ടെത്തി. ഭർത്താവു പറയുന്നു: “ഇത്‌ ചൈനീസ്‌ ഭാഷ പഠിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. അതിനായി ദിവസവും സമയം ചെലവഴിക്കേണ്ടിവന്നെങ്കിലും ചൈനക്കാരുമായി അനേകം ബൈബിളധ്യയനങ്ങൾ നടത്തുന്നതിന്റെ സന്തോഷം ഞങ്ങൾക്ക്‌ ആസ്വദിക്കാൻ കഴിഞ്ഞു.”

14 മറ്റൊരു ഭാഷ പഠിക്കാൻ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകം നിങ്ങൾക്ക്‌ ഉപകാരപ്പെടും. ആ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും നിങ്ങൾക്കു കൂടെക്കരുതാനാകും. മറ്റൊരു ഭാഷയിലും സംസ്‌കാരത്തിലുമുള്ള ആളുകളോട്‌ ആശയവിനിമയം നടത്താൻ കൂടുതൽ സമയവും ശ്രമവും വേണ്ടിവരുമെന്നതു ശരിയാണ്‌. എന്നാൽ ദൈവവചനത്തിലെ പിൻവരുന്ന തത്ത്വം ഓർക്കുക: “ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും.”—2 കൊരി. 9:6.

മുഴു സഭയുടെയും ഉത്തരവാദിത്വം

15, 16. (എ) ശിഷ്യരെ ഉളവാക്കുന്നത്‌ ഒരു കൂട്ടായ പ്രവർത്തനം ആയിരിക്കുന്നത്‌ എങ്ങനെ? (ബി) പ്രായമായവർക്ക്‌ ഇതിൽ എന്തു പങ്കുണ്ട്‌?

15 ഒരാൾ സത്യം സ്വീകരിക്കുന്നത്‌ ഒരു വ്യക്തിയുടെ ശ്രമംകൊണ്ടു മാത്രമല്ല; മുഴു സഭയ്‌ക്കും അതിലൊരു പങ്കുണ്ട്‌. അങ്ങനെ പറയാനുള്ള കാരണം എന്താണ്‌? യേശു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹ. 13:35) നമ്മുടെ സ്‌നേഹനിർഭരമായ കൂടിവരവുകൾ നമ്മോടൊപ്പം പഠിക്കുന്നവരെ ആകർഷിക്കാറുണ്ട്‌. ഒരു ബൈബിൾ വിദ്യാർഥി എഴുതി: “യോഗങ്ങൾ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌. അവിടെ എനിക്ക്‌ യാതൊരു അപരിചിതത്വവും തോന്നുന്നില്ല; അത്ര സ്‌നേഹത്തോടെയാണ്‌ എല്ലാവരും എന്നോടു പെരുമാറുന്നത്‌.” തന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ കുടുംബാംഗങ്ങളിൽനിന്നുപോലും എതിർപ്പു നേരിട്ടേക്കാമെന്ന്‌ യേശു പറഞ്ഞു. (മത്തായി 10:35-37 വായിക്കുക.) എന്നാൽ സഭയിൽ അവർക്ക്‌ നിരവധി “സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും” ലഭിക്കുമെന്ന്‌ അവൻ ഉറപ്പുകൊടുത്തു.—മർക്കൊ. 10:30.

16 പ്രായമായ സഹോദരങ്ങളും ബൈബിൾ വിദ്യാർഥികളുടെ പുരോഗതിയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഒരു ബൈബിളധ്യയനം നടത്താൻ അവരിൽ ചിലർക്കു സാധിക്കുന്നില്ലായിരിക്കാം. എന്നാൽപ്പോലും സഭായോഗങ്ങളിൽ പ്രോത്സാഹനം പകരുന്ന അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട്‌ അവർക്കു മറ്റുള്ളവരുടെ വിശ്വാസം ശക്തിപ്പെടുത്താനാകുന്നു. “നീതിയുടെ മാർഗ്ഗത്തിൽ” നടക്കുന്നവരെന്നു പേരെടുത്ത അവർ സഭയുടെ ആത്മീയ അന്തരീക്ഷം പ്രശോഭിതമാക്കുകയും ആത്മാർഥഹൃദയരെ ദൈവത്തിന്റെ സംഘടനയിലേക്ക്‌ ആകർഷിക്കുകയും ചെയ്യുന്നു.—സദൃ. 16:31.

ഭയത്തെ മറികടക്കുക

17. അപര്യാപ്‌തതാബോധം തരണംചെയ്യാൻ നമുക്ക്‌ എങ്ങനെ കഴിയും?

17 അപര്യാപ്‌തതാബോധവുമായി നിങ്ങൾ മല്ലിടുകയാണോ? എങ്കിൽ യഹോവ മോശെയെ എങ്ങനെ സഹായിച്ചു എന്നോർക്കുക. യഹോവ അവനു പരിശുദ്ധാത്മാവിനെ നൽകി; കൂട്ടിന്‌ അഹരോനെയും. (പുറ. 4:10-17) സമാനമായി യേശുവും നമ്മുടെ പ്രസംഗ പ്രവർത്തനത്തിന്‌ ദൈവാത്മാവിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്ന്‌ ഉറപ്പുനൽകി. (പ്രവൃ. 1:8) കൂടാതെ, രണ്ടു ശിഷ്യന്മാരെ വീതമാണ്‌ അവൻ അയച്ചതെന്നും നാം കാണുന്നു. (ലൂക്കൊ. 10:1) അതുകൊണ്ട്‌ ബൈബിളധ്യയനം നടത്തുന്നത്‌ പ്രയാസമുള്ള ഒരു കാര്യമായി തോന്നുന്നെങ്കിൽ, ജ്ഞാനം നൽകേണ്ടതിന്‌ യഹോവയുടെ ആത്മാവിനായി പ്രാർഥിക്കുക; നിങ്ങളുടെകൂടെ പ്രവർത്തിക്കാനായി അനുഭവപരിചയമുള്ള, ആത്മവിശ്വാസം പകരാൻ കഴിയുന്ന ഒരു സഹവിശ്വാസിയെ കണ്ടുപിടിക്കുക. മഹത്തായ ഈ പ്രവർത്തനത്തിനായി സാധാരണക്കാരിൽ സാധാരണക്കാരെയാണ്‌ അതായത്‌ ‘ലോകത്തിൽ ബലഹീനമായതിനെയാണ്‌’ യഹോവ തിരഞ്ഞെടുത്തിരിക്കുന്നത്‌. ഇത്‌ ഓർക്കുന്നത്‌ നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കും.—1 കൊരി. 1:26-29.

18. പരാജയഭീതിയെ എങ്ങനെ തരണംചെയ്യാം?

18 പരാജയഭീതിയെ നമുക്കെങ്ങനെ നേരിടാനാകും? ഒരു ഭക്ഷണം നല്ലതോ ചീത്തയോ ആകുന്നത്‌ പ്രധാനമായും ഒരു വ്യക്തിയെ അതായത്‌ പാചകക്കാരനെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ശിഷ്യരെ ഉളവാക്കുന്നത്‌ ഇതിൽനിന്നു വ്യത്യസ്‌തമാണ്‌. ആളുകളെ തന്നിലേക്ക്‌ ആകർഷിച്ചുകൊണ്ട്‌ യഹോവ ഇതിൽ സുപ്രധാന പങ്കുവഹിക്കുന്നു. (യോഹ. 6:44) ഫലപ്രദമായി പഠിപ്പിച്ചുകൊണ്ട്‌ നമുക്കും സഭയിലെ മറ്റുള്ളവർക്കും അഭിവൃദ്ധിപ്രാപിക്കാൻ വിദ്യാർഥിയെ സഹായിക്കാനാകും. (2 തിമൊഥെയൊസ്‌ 2:15 വായിക്കുക.) ഇനി, പഠിക്കുന്ന കാര്യങ്ങൾ വിദ്യാർഥി പ്രാവർത്തികമാക്കുകയും വേണം. (മത്താ. 7:24-27) ബൈബിൾ വിദ്യാർഥികൾ ശരിയായ തീരുമാനമെടുക്കണമെന്നാണ്‌ നമ്മുടെ ആഗ്രഹം. അതുകൊണ്ട്‌ അവർ പഠനം ഉപേക്ഷിക്കുമ്പോൾ നമുക്കു കടുത്ത നിരാശതോന്നിയേക്കാം. എന്നാൽ ‘ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടത്‌’ അവർ ഓരോരുത്തരുമാണെന്ന്‌ ഓർക്കുക.—റോമ. 14:12.

അനുഗ്രഹങ്ങൾ

19-21. (എ) ബൈബിളധ്യയനം നടത്തുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം? (ബി) സുവാർത്ത പ്രസംഗിക്കുന്ന ഓരോരുത്തരെയും യഹോവ എങ്ങനെ വീക്ഷിക്കുന്നു?

19 ഒന്നാമതു രാജ്യം അന്വേഷിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ബൈബിളധ്യയനങ്ങൾ നമ്മെ സഹായിക്കും. ദൈവവചനത്തിലെ സത്യങ്ങൾ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയാനും അതിടയാക്കും. എങ്ങനെ? ഒരു പയനിയറായ ബരക്‌ അതിനുള്ള ഉത്തരം നൽകുന്നു: “ബൈബിളിന്റെ നല്ലൊരു പഠിതാവായിരിക്കാൻ ബൈബിളധ്യയനങ്ങൾ നമ്മെ നിർബന്ധിതരാക്കും. ഒരു കാര്യം സംബന്ധിച്ച്‌ എനിക്കുള്ള ബോധ്യം ശക്തമായിരുന്നാൽ മാത്രമേ മറ്റൊരാളെ അതു നന്നായി പഠിപ്പിക്കാനാകൂ എന്നു ഞാൻ മനസ്സിലാക്കി.”

20 ഒരു ബൈബിളധ്യയനം ഇല്ലെന്നുവെച്ച്‌ നിങ്ങളുടെ സേവനത്തെ യഹോവ വിലകുറച്ചു കാണുന്നുണ്ടോ? തീർച്ചയായും ഇല്ല. തനിക്കു സ്‌തുതികരേറ്റാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ അങ്ങേയറ്റം വിലമതിക്കുന്നു. സുവാർത്ത പ്രസംഗിക്കുന്ന എല്ലാവരും “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആണ്‌. നാം പാകിയ വിത്ത്‌ ബൈബിളധ്യയനത്തിലൂടെ വളരാൻ ദൈവം ഇടയാക്കുന്നതു കാണുമ്പോൾ നമ്മുടെ സന്തോഷം എത്ര ഇരട്ടിയാകും! (1 കൊരി. 3:6, 9) എമി എന്ന പയനിയർ പറയുന്നതിങ്ങനെ: “ഒരു വിദ്യാർഥി പുരോഗമിക്കുന്നതു കാണുമ്പോൾ, നമുക്ക്‌ യഹോവയോട്‌ എന്തെന്നില്ലാത്ത നന്ദിതോന്നും. കാരണം ഒരു അമൂല്യ സമ്മാനം, അതായത്‌ യഹോവയെ അറിയാനും നിത്യജീവൻ നേടാനുമുള്ള അവസരം, മറ്റൊരാൾക്ക്‌ നൽകാൻ യഹോവ നമ്മെ ഉപയോഗിക്കുകയാണ്‌!”

21 ഒരു ബൈബിളധ്യയനം ആരംഭിക്കാനും തുടർന്നുകൊണ്ടുപോകാനും നാം പരമാവധി ശ്രമിക്കുന്നെങ്കിൽ, ദൈവസേവനത്തിൽനിന്ന്‌ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനും പുതിയ ലോകത്തിലേക്ക്‌ അതിജീവിക്കാമെന്നുള്ള പ്രത്യാശ ശക്തമാക്കാനും അത്‌ നമ്മെ സഹായിക്കും. യഹോവയുടെ സഹായത്താൽ, നമ്മെ ശ്രദ്ധിക്കുന്നവരെയും രക്ഷിക്കാൻ നമുക്കു കഴിഞ്ഞെന്നുവരും. (1 തിമൊഥെയൊസ്‌ 4:16 വായിക്കുക.) സന്തോഷിക്കാനുള്ള എത്ര നല്ല കാരണം!

നിങ്ങൾ ഓർമിക്കുന്നുവോ?

• ബൈബിളധ്യയനം നടത്തുന്നതിൽനിന്ന്‌ പലരെയും തടയുന്നത്‌ എന്തൊക്കെയാണ്‌?

• അനേകരും മതപരമായ കാര്യങ്ങളോടു നിസ്സംഗത പുലർത്തുന്നെങ്കിൽ എന്തു ചെയ്യാനാകും?

• ബൈബിളധ്യയനം നടത്തുന്നത്‌ എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തുന്നു?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രങ്ങൾ]

ആത്മാർഥഹൃദയരെ കണ്ടെത്താൻ നിങ്ങൾ വ്യത്യസ്‌ത വിധങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ?