ക്രിസ്‌തീയ ശവസംസ്‌കാരങ്ങൾ മാന്യവും ലളിതവും ദൈവത്തിനു പ്രസാദകരവും
ക്രിസ്‌തീയ ശവസംസ്‌കാരങ്ങൾ മാന്യവും ലളിതവും ദൈവത്തിനു പ്രസാദകരവും
നിലവിളികൾകൊണ്ടു മുഖരിതമായ അന്തരീക്ഷം. പ്രത്യേക കറുത്ത വസ്‌ത്രം ധരിച്ച ചിലർ നിലത്തുവീണുകിടന്ന് ദുഃഖാർത്തരായി അലമുറയിടുന്നു. ദ്രുതതാളത്തിലുള്ള സംഗീതത്തിനൊപ്പം നൃത്തംചവിട്ടുന്നു ചിലർ. ഇനി കുറേപ്പേർ തിന്നുകുടിച്ച് ആഘോഷത്തിമിർപ്പിലാണ്! ചിലരാകട്ടെ, കയ്യുംകണക്കുമില്ലാതെ വിളമ്പുന്ന മദ്യം കുടിച്ചു കിറുങ്ങിക്കിടക്കുകയാണ്. അവിടെ എന്താണു സംഭവിക്കുന്നതെന്ന് ഊഹിക്കാമോ? ഒരു ശവസംസ്‌കാര ചടങ്ങാണ് രംഗം! പരേതന് യാത്രാമൊഴി ചൊല്ലാനായി നൂറുക്കണക്കിന് ആളുകൾ കൂടിവരുന്ന ഇത്തരം ചടങ്ങുകൾ ലോകത്തിന്റെ ചില ഭാഗങ്ങളിൽ അപൂർവമല്ല.
മരിച്ചവരെ ഭയക്കുന്ന, കടുത്ത അന്ധവിശ്വാസികളായ ബന്ധുക്കളും അയൽക്കാരുമൊക്കെയുള്ള ഒരു സമൂഹത്തിലാണ് യഹോവയുടെ സാക്ഷികളിൽ പലരും വസിക്കുന്നത്. മരിച്ചുപോയ പൂർവികർക്ക് ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാനും സഹായിക്കാനുമൊക്കെയുള്ള പ്രാപ്‌തിയുണ്ടെന്ന് ദശലക്ഷങ്ങൾ വിശ്വസിക്കുന്നു. പല ശവസംസ്‌കാര ചടങ്ങുകളും ഈ വിശ്വാസത്തിൽനിന്നാണ് ഉടലെടുത്തിരിക്കുന്നത്. മരിച്ച ഒരാളെപ്രതി ദുഃഖിക്കുന്നത് തികച്ചും സ്വാഭാവികമാണ്. പ്രിയപ്പെട്ടവരുടെ മരണത്തിൽ യേശുവും ശിഷ്യന്മാരും ദുഃഖിച്ചു കരഞ്ഞ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. (യോഹ. 11:33-35, 38; പ്രവൃ. 8:2; 9:39) എന്നാൽ ഒരിക്കൽപ്പോലും അവർ, അന്നു സാധാരണമായിരുന്നതുപോലെ അതിരുവിട്ട ദുഃഖപ്രകടനങ്ങൾ നടത്തിയില്ല. (ലൂക്കൊ. 23:27, 28; 1 തെസ്സ. 4:13) മരണത്തെക്കുറിച്ചുള്ള സത്യം അവർക്ക് അറിയാമായിരുന്നു എന്നതാണ് ഒരു കാരണം.
ബൈബിൾ വ്യക്തമായി പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല . . . അവരുടെ സ്‌നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി . . . നീ ചെല്ലുന്ന പാതാളത്തിൽ [മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയിൽ] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാ. 9:5, 6, 10) മരിച്ചുകഴിഞ്ഞാൽ മനുഷ്യൻ ഒന്നിനെക്കുറിച്ചും ബോധവാനല്ലെന്ന് ഈ നിശ്വസ്‌ത തിരുവെഴുത്ത് കാണിക്കുന്നു; അവന് വികാരവിചാരങ്ങളോ ആശയവിനിമയത്തിനുള്ള പ്രാപ്‌തിയോ എന്തെങ്കിലും മനസ്സിലാക്കാനുള്ള കഴിവോ അപ്പോൾ ഇല്ല. ഈ സുപ്രധാന ബൈബിൾ സത്യം ക്രിസ്‌തീയ ശവസംസ്‌കാരങ്ങൾ നടത്തുമ്പോൾ നമ്മുടെ മനസ്സിലുണ്ടായിരിക്കേണ്ടതല്ലേ?
“അശുദ്ധമായതു ഒന്നും തൊടരുത്”
മരിച്ചവർക്ക് എല്ലാം അറിയാമെന്നും അവർക്കു ജീവിച്ചിരിക്കുന്നവരെ സ്വാധീനിക്കാനാകുമെന്നുമുള്ള വിശ്വാസത്തിലധിഷ്‌ഠിതമായ ഏതൊരു ആചാരവും യഹോവയുടെ സാക്ഷികൾ—വംശീയ സാംസ്‌കാരിക പശ്ചാത്തലം ഏതുതന്നെ ആയിരുന്നാലും—പാടേ ഒഴിവാക്കുന്നു. ശവശരീരത്തിനടുത്ത് ഒരു അനുഷ്‌ഠാനമെന്നവണ്ണം ഉണർന്നിരിക്കുക, ശവസംസ്‌കാരത്തിനുശേഷം ആഘോഷം നടത്തുക, ചരമദിനങ്ങളും ചരമവാർഷികവും ആചരിക്കുക, മരിച്ചവർക്കുവേണ്ടി കർമങ്ങൾ നടത്തുക, വൈധവ്യകർമങ്ങൾ നിർവഹിക്കുക എന്നിവയെല്ലാം അശുദ്ധവും ദൈവത്തിന് അപ്രീതികരവുമാണ്. ദേഹി മരിക്കില്ല എന്ന തിരുവെഴുത്തുവിരുദ്ധവും ഭൂതനിശ്വസ്‌തവുമായ പഠിപ്പിക്കലിൽ അധിഷ്‌ഠിതമാണ് ഈ ആചാരങ്ങളെല്ലാം. (യെഹെ. 18:4) ക്രിസ്‌ത്യാനികൾക്ക് ഒരേസമയം ‘കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാൻ’ സാധ്യമല്ല. (1 കൊരി. 10:21) അതുകൊണ്ടുതന്നെ അവർ ഈ ആചാരങ്ങളിൽ പങ്കെടുക്കില്ല. “വേർപ്പെട്ടിരിപ്പിൻ . . . അശുദ്ധമായതു ഒന്നും തൊടരുത്” എന്ന കൽപ്പന അവർ അനുസരിക്കുന്നു. (2 കൊരി. 6:16) എന്നാൽ, അങ്ങനെയൊരു നിലപാട് എടുക്കുക എല്ലായ്‌പോഴും അത്ര എളുപ്പമല്ല.
ചില പ്രത്യേക ചടങ്ങുകൾ നടത്തിയില്ലെങ്കിൽ പൂർവികരുടെ ആത്മാക്കൾ കോപിക്കുമെന്നാണ് ആഫ്രിക്കയിലും അതുപോലെ മറ്റിടങ്ങളിലുമുള്ള വിശ്വാസം. അതിൽ വീഴ്‌ചവരുത്തിയാൽ അത് സമുദായത്തിനു മൊത്തം ശാപം വരുത്തിവെക്കുമെന്ന് അവർ വിശ്വസിക്കുന്നു. ഇതുപോലെയുള്ള തിരുവെഴുത്തുവിരുദ്ധമായ ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നതുനിമിത്തം യഹോവയുടെ സാക്ഷികളിൽ പലരും വിമർശനത്തിനും അപമാനത്തിനും പാത്രമായിട്ടുണ്ട്, ചിലരെ കുടുംബത്തിൽനിന്നും ഗ്രാമ
ത്തിൽനിന്നും ഭ്രഷ്ടരാക്കുകപോലും ചെയ്‌തിരിക്കുന്നു. സാമൂഹികവിരുദ്ധരായും മരിച്ചവരോട് അനാദരവു കാണിക്കുന്നവരായും അവരെ മുദ്രകുത്തുകപോലും ചെയ്‌തിട്ടുണ്ട്. ക്രിസ്‌ത്യാനികളിൽ ചിലരുടെ ശവസംസ്‌കാരം അവരുടെ അവിശ്വാസികളായ ബന്ധുക്കൾ ബലം പ്രയോഗിച്ച് നടത്തിയിട്ടുള്ള സാഹചര്യങ്ങളും ഉണ്ട്. അതുകൊണ്ട് ദൈവത്തെ അപ്രീതിപ്പെടുത്തുന്ന ആചാരാനുഷ്‌ഠാനങ്ങൾ പിൻപറ്റാൻ മറ്റാരെങ്കിലും നമ്മെ നിർബന്ധിക്കുന്ന സാഹചര്യങ്ങൾ നമുക്ക് എങ്ങനെ ഒഴിവാക്കാം? അതിലും പ്രധാനമായി, അശുദ്ധമായ ആചാരങ്ങളിൽനിന്നെല്ലാം ഒഴിഞ്ഞുനിന്നുകൊണ്ട് യഹോവയുമായുള്ള നമ്മുടെ ബന്ധം കാത്തുസൂക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?നിങ്ങളുടെ നിലപാട് വ്യക്തമാക്കുക
ചില സ്ഥലങ്ങളിൽ, ശവസംസ്‌കാരം എങ്ങനെയായിരിക്കണം എന്നു നിശ്ചയിക്കുന്നതിൽ സ്വന്തക്കാർക്കും കരപ്രമാണിമാർക്കും ചെറുതല്ലാത്ത ഒരു പങ്കുണ്ട്. അതുകൊണ്ട് ശവസംസ്‌കാര ചടങ്ങുകൾ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ യഹോവയുടെ സാക്ഷികൾ നടത്തുമെന്ന് ക്രിസ്‌ത്യാനികളായ കുടുംബാംഗങ്ങൾ വ്യക്തമാക്കിക്കൊടുക്കണം. (2 കൊരി. 6:14-16) ക്രിസ്‌തീയ ശവസംസ്‌കാര ചടങ്ങുകൾ സഹവിശ്വാസികളുടെ മനസ്സാക്ഷിയെ മുറിവേൽപ്പിക്കരുത്, മരിച്ചവരെക്കുറിച്ചുള്ള നമ്മുടെ വിശ്വാസവും പഠിപ്പിക്കലും അറിയാവുന്നവർക്കും അത് ഇടർച്ചയ്‌ക്കു കാരണമാകരുത്.
ശവസംസ്‌കാര ചടങ്ങ് നടത്താൻ ഒരു ക്രിസ്‌തീയ സഹോദരനോട് ആവശ്യപ്പെടുമ്പോൾ, എല്ലാ കാര്യങ്ങളും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ഉചിതമായി നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകാൻ മൂപ്പന്മാർക്കു സാധിക്കും. അവിശ്വാസികൾ ആരെങ്കിലും അവരുടെ ആചാരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ, ക്രിസ്‌തീയ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് ധൈര്യപൂർവം നമ്മുടെ ഭാഗം സൗമ്യതയോടും ആദരവോടുംകൂടെ വ്യക്തമാക്കണം. (1 പത്രൊ. 3:15) എന്നിട്ടും, അനാചാരങ്ങൾ ഉൾപ്പെടുത്തുന്നതിനുവേണ്ടി അവിശ്വാസികളായ ബന്ധുക്കൾ നിർബന്ധംപിടിക്കുന്നെങ്കിൽ എന്ത്? വിശ്വാസികളായ കുടുംബാംഗങ്ങൾക്കു ശവസംസ്‌കാര ചടങ്ങുകളിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിക്കാവുന്നതാണ്. (1 കൊരി. 10:20) ഇങ്ങനെ സംഭവിച്ചാൽ രാജ്യഹാളിലോ അനുയോജ്യമായ മറ്റൊരു സ്ഥലത്തോ ലളിതമായ ഒരു അനുസ്‌മരണയോഗം നടത്തുന്നത് ഉചിതമായിരുന്നേക്കാം. പ്രിയപ്പെട്ട ആളിന്റെ മരണത്തിൽ സങ്കടപ്പെടുന്നവർക്ക് ‘തിരുവെഴുത്തുകളാൽ ഉളവാകുന്ന ആശ്വാസം’ പ്രദാനം ചെയ്യുന്നതിന് ഇത് ഉപകരിക്കും. (റോമ. 15:4) മരിച്ചയാളിന്റെ ശരീരം അവിടെ ഇല്ലെങ്കിലും ഇങ്ങനെയൊരു ക്രമീകരണം മാന്യവും സ്വീകാര്യവുമാണ്. (ആവ. 34:5, 6, 8) അവിശ്വാസികളുടെ ഭാഗത്തുനിന്നുള്ള ദയാരഹിതമായ ഇടപെടലുകൾ സമ്മർദവും മനോവേദനയും ഇരട്ടിപ്പിച്ചേക്കാം. എന്നാൽ ശരിചെയ്യാനുള്ള നമ്മുടെ തീരുമാനം യഹോവ കാണാതെപോകില്ല. “അത്യന്തശക്തി” നൽകി നമ്മെ വീഴാതെ താങ്ങാൻ അവനു കഴിയുമെന്നറിയുന്നത് എത്ര ആശ്വാസദായകമാണ്.—2 കൊരി. 4:7.
എഴുതിവെക്കുക
ശവസംസ്‌കാരത്തോടു ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം മുന്നമേ എഴുതിവെക്കുന്നെങ്കിൽ അവിശ്വാസികളായ ബന്ധുക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എളുപ്പമായിരിക്കും. മരിച്ചയാളിന്റെ അഭിലാഷങ്ങൾക്ക് അവർ വിലകൽപ്പിക്കാനുള്ള സാധ്യത ഏറെയാണ്. എങ്ങനെ, എവിടെവെച്ച് ശവസംസ്‌കാരം നടത്തണം, ആർക്കായിരിക്കണം അതിന്റെയൊക്കെ ചുമതല എന്നതുപോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എഴുതിവെക്കുക. (ഉല്‌പ. 50:5) സാക്ഷികളുടെ മുമ്പാകെ ഒപ്പുവെച്ച രേഖയ്‌ക്കാണ് ഏറ്റവും വിലയുള്ളത്. ബൈബിൾ തത്ത്വങ്ങളുടെ വെളിച്ചത്തിൽ ജ്ഞാനത്തോടെയും ദീർഘദൃഷ്ടിയോടെയും കാര്യങ്ങൾ ചെയ്യുന്നവർ ഇങ്ങനെ എഴുതിവെക്കുന്നതിന് തീർത്തും പ്രായമാകുന്നതുവരെയോ ഗുരുതരമായ രോഗം പിടിപെടുന്നതുവരെയോ കാത്തിരിക്കില്ല.—സദൃ. 22:3; സഭാ. 9:12.
ചിലർക്ക് ഇക്കാര്യങ്ങളൊക്കെ എഴുതിവെക്കുന്നതിന് മനസ്സുകൊണ്ടൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ക്രിസ്‌തീയപക്വതയുടെയും മറ്റുള്ളവരോടുള്ള പരിഗണനയുടെയും ലക്ഷണമാണ്. (ഫിലി. 2:4) ഇത്തരം കാര്യങ്ങളിലുള്ള തീരുമാനങ്ങൾ മറ്റുള്ളവർക്കു വിടാതെ സ്വയം എടുക്കുന്നതായിരിക്കും നല്ലത്. അല്ലാത്തപക്ഷം, നിങ്ങൾ വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്ത അനാചാരങ്ങൾ ശവസംസ്‌കാര ചടങ്ങുകളിൽ ഉൾപ്പെടുത്താനുള്ള സമ്മർദം ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കു നേരിടേണ്ടിവന്നേക്കാം.
ലളിതമായ ശവസംസ്‌കാരം
ശവസംസ്‌കാര ചടങ്ങുകൾ വിപുലവും ആകർഷകവുമായ രീതിയിൽ നടത്തിയില്ലെങ്കിൽ പിതൃക്കൾ കോപിക്കുമെന്ന വിശ്വാസം ആഫ്രിക്കയിലെ പലഭാഗങ്ങളിലും ശക്തമാണ്. മറ്റു ചിലർ “പ്രതാപം” കാണിക്കുന്നതിനുള്ള അവസരമായി ഇതിനെ വീക്ഷിക്കുന്നു. (1 യോഹ. 2:16) ധാരാളം പണവും സമയവും ശ്രമവും ചെലവഴിച്ചാണ് ഒരു ‘മാന്യമായ’ ശവസംസ്‌കാരം അവർ നടത്തുന്നത്. കഴിയുന്നത്ര ആളുകളെ കൂട്ടുന്നതിന്, മരിച്ച ആളിന്റെ വലിയ പോസ്റ്ററുകൾ പല ഇടങ്ങളിലായി സ്ഥാപിച്ചുകൊണ്ട് ശവസംസ്‌കാരത്തിന് വലിയ പരസ്യം കൊടുക്കും. ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ വരുന്നവർക്കായി പരേതന്റെ പടമുള്ള ടീ-ഷർട്ടുകൾ വിതരണം ചെയ്യും. കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്നതിനായി വിലകൂടിയതും മോടിപിടിപ്പിച്ചതുമായ ശവപ്പെട്ടികൾ ഉപയോഗിക്കും. ഒരു ആഫ്രിക്കൻ നാട്ടിൽ പണവും പത്രാസുമൊക്ക പ്രദർശിപ്പിക്കുന്നതിനായി കാറിന്റെയും വിമാനത്തിന്റെയും ബോട്ടിന്റെയും മറ്റും ആകൃതിയിൽ ശവപ്പെട്ടികൾ ഉണ്ടാക്കിക്കുന്നവരുണ്ട്. ശവപ്പെട്ടിയിൽനിന്നെടുത്ത് മൃതശരീരം വിശേഷാൽ അലങ്കരിച്ച കട്ടിലിൽ പ്രദർശനത്തിനുവെക്കുന്ന ഒരു പതിവുമുണ്ട്. സ്‌ത്രീയാണെങ്കിൽ വെളുത്ത വിവാഹവസ്‌ത്രം ധരിപ്പിച്ച് സർവാഭരണവിഭൂഷിതയാക്കി കിടത്താറാണു പതിവ്. ദൈവജനത്തിന് അനുകരിക്കാൻ സാധിക്കുന്ന കാര്യങ്ങളാണോ ഇതൊക്കെ?
ദൈവിക തത്ത്വങ്ങൾ അറിയുകയോ വിലമതിക്കുകയോ ചെയ്യാത്ത ആളുകൾ കാണിക്കുന്ന ഇത്തരം അമിതത്വങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് പക്വതയുള്ള ക്രിസ്‌ത്യാനികൾ മനസ്സിലാക്കുന്നു. അനുചിതവും തിരുവെഴുത്തുകൾക്കു നിരക്കാത്തതുമായ ഇത്തരം ആചാരങ്ങളെല്ലാം “പിതാവിൽനിന്നല്ല” ‘ഒഴിഞ്ഞുപോകുന്ന’ “ലോകത്തിൽനിന്നത്രേ” എന്ന് നമുക്കറിയാം. (1 യോഹ. 2:15-17) ക്രിസ്‌ത്യാനികൾക്കു ചേരാത്ത മത്സരമനോഭാവവും മറ്റുള്ളവരെ കടത്തിവെട്ടാനുള്ള ആഗ്രഹവും ഒഴിവാക്കാൻ നാം നല്ല ശ്രമം ചെയ്യണം. (ഗലാ. 5:26) മരിച്ചവരെക്കുറിച്ചുള്ള ഭയം ചൂഴ്‌ന്നുനിൽക്കുന്ന സമൂഹങ്ങളിൽ നടക്കുന്ന ശവസംസ്‌കാരങ്ങൾക്ക് സാധാരണയായി വളരെയധികം ആളുകൾ തടിച്ചുകൂടാറുണ്ടെന്ന് അനുഭവങ്ങൾ കാണിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോകുക എളുപ്പമാണ്. മരിച്ചവരെ പൂജിക്കുന്ന ചടങ്ങുകൾ അവിശ്വാസികളായ ആളുകളെ അശുദ്ധമായ മറ്റു പലകാര്യങ്ങളും ചെയ്യാൻ പ്രേരിപ്പിച്ചേക്കും. അത്തരം ശവസംസ്‌കാരങ്ങളിൽ അലമുറയിട്ടു കരയൽ, ശവശരീരത്തെ വീണ്ടുംവീണ്ടും ആശ്ലേഷിക്കൽ, ജീവിച്ചിരിക്കുന്നവരോടെന്നപോലെ അതിനോടു സംസാരിക്കൽ, പണവും മറ്റു വസ്‌തുക്കളും അതിനോടൊപ്പംവെക്കൽ എന്നിവയൊക്കെ സാധാരണമാണ്. ഒരു ക്രിസ്‌തീയ ശവസംസ്‌കാരത്തിൽ ഇതുപോലുള്ള കാര്യങ്ങൾ നടക്കുന്നെങ്കിൽ അത് യഹോവയുടെ നാമത്തിനും അവന്റെ ജനത്തിനും വലിയ നിന്ദയായിരിക്കും.—1 പത്രൊ. 1:14-16.
മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച സത്യം അറിയാവുന്ന നമുക്ക് ലോകത്തിന്റെ രീതികൾ അനുകരിക്കാതെ ശവസംസ്‌കാരം നടത്തുന്നതിനുള്ള ആർജവം ഉണ്ടായിരിക്കേണ്ടതാണ്. (എഫെ. 4:17-19) ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായിരുന്നിട്ടുപോലും ആളുകളുടെ ശ്രദ്ധയാകർഷിക്കാതെയും ലളിതമായ വിധത്തിലുമാണ് യേശുവിനെ അടക്കം ചെയ്‌തത്. (യോഹ. 19:40-42) “ക്രിസ്‌തുവിന്റെ മനസ്സുളളവരുടെ” ദൃഷ്ടിയിൽ, ലളിതമായ ശവസംസ്‌കാരം മാന്യവും ആദരണീയവുമാണ്. (1 കൊരി. 2:16) ശവസംസ്‌കാരം ലളിതമാണെങ്കിൽ തിരുവെഴുത്തു വിരുദ്ധമായ രീതികൾ ഒഴിവാക്കാനും അത് മാന്യവും അഭികാമ്യവും സത്യാരാധകർക്ക് ഇണങ്ങുന്നതുമായ വിധത്തിൽ സമാധാനപരമായി നടത്താനും കഴിയും.
സന്തോഷിക്കുന്നതിനുള്ള അവസരമോ?
ശവസംസ്‌കാരത്തിനുശേഷം ബന്ധുമിത്രാദികളും അയൽവാസികളും ഉൾപ്പെടെ ഒരു വലിയകൂട്ടം ആളുകൾ കൂടിവന്ന് വിരുന്നു കഴിക്കുകയും ഉച്ചത്തിലുള്ള പാട്ടിനൊപ്പിച്ചു നൃത്തംവെക്കുകയും ചെയ്യുന്നതായി ചിലയിടങ്ങളിൽ കണ്ടുവരുന്നു. കുടിച്ചുകൂത്താടുന്നതും അധാർമിക പ്രവൃത്തികളിൽ ഏർപ്പെടുന്നതും മിക്കപ്പോഴും ഇത്തരം ആഘോഷങ്ങളുടെ ഭാഗമാണ്. മരണത്തിന്റെ ദുഃഖം അകറ്റാൻ ഇത് ഉപകരിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ‘ഇത് ഞങ്ങളുടെ നാട്ടിലെ രീതിയാണ്’ എന്നാണ് മറ്റു ചിലരുടെ വാദം. എന്നാൽ, മരിച്ചയാളെ ആദരിക്കുന്നതിനും അയാളുടെ ആത്മാവ് പൂർവികരോടൊപ്പം ചേരുന്നതിനും ഇങ്ങനെയൊരു ആഘോഷം കൂടിയേതീരൂ എന്ന് അനേകർ വിശ്വസിക്കുന്നു.
സത്യക്രിസ്‌ത്യാനികൾ പിൻവരുന്ന തിരുവെഴുത്തു ബുദ്ധിയുപദേശത്തിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം തിരിച്ചറിയും: “ചിരിയെക്കാൾ വ്യസനം നല്ലതു മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും.” (സഭാ. 7:3) ജീവിതത്തിന്റെ ക്ഷണികതയെയും പുനരുത്ഥാന പ്രത്യാശയെയും കുറിച്ചു ശാന്തമായി ചിന്തിക്കുന്നതിന്റെ പ്രയോജനങ്ങളും അവർക്കറിയാം. യഹോവയുമായി ഒരു ഉറ്റബന്ധമുള്ളവരുടെ കാര്യത്തിൽ “മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം” ആയിരിക്കും എന്നതിൽ സംശയമേതുമില്ല. (സഭാ. 7:1) അമർത്യാത്മാവിലുള്ള വിശ്വാസവും അധാർമികതയും അലിഞ്ഞുചേർന്നിരിക്കുന്ന ശവസംസ്‌കാര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതോ അതിനു മേൽനോട്ടം വഹിക്കുന്നതോ ഒരു സത്യക്രിസ്‌ത്യാനിക്ക് ഒട്ടും ചേർന്നതല്ല. ഇത്തരം ആഘോഷങ്ങൾക്കു പോകുന്നത് ദൈവത്തോടും സഹാരാധകരുടെ മനസ്സാക്ഷിയോടുമുള്ള അനാദരവാണ്.
വ്യത്യാസം പ്രകടമായിരിക്കട്ടെ!
ആത്മീയ അന്ധകാരത്തിൽ കഴിയുന്നവരിൽനിന്നും വ്യത്യസ്‌തമായി മരിച്ചവരെക്കുറിച്ചുള്ള ഭയത്തിൽനിന്ന് നാം സ്വതന്ത്രരാണ്. (യോഹ. 8:32) ‘വെളിച്ചത്തിലുള്ളവരായ’ നാം നമുക്കു ലഭിച്ചിരിക്കുന്ന ആത്മീയ പ്രകാശത്തിനു ചേർച്ചയിൽ മാന്യവും ആദരണീയവും അടിയുറച്ച പുനരുത്ഥാന പ്രത്യാശ പ്രതിഫലിപ്പിക്കുന്നതുമായ വിധത്തിലായിരിക്കണം പ്രവർത്തിക്കേണ്ടത്. (എഫെ. 5:8, 9; യോഹ. 5:28, 29) “പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ” അതിഭാവുകത്വം നിറഞ്ഞ ദുഃഖപ്രകടനങ്ങൾ നടത്താതിരിക്കാനും മനുഷ്യഭയത്തിനു കീഴടങ്ങാതെ നിർമലാരാധനയ്‌ക്കായി ധീരമായ നിലപാട് എടുക്കാനും പുനരുത്ഥാന പ്രത്യാശ നമ്മെ സഹായിക്കും.—1 തെസ്സ. 4:13; 1 പത്രൊ. 3:13, 14.
ദൈവവചനത്തിലെ തത്ത്വങ്ങളോടുള്ള നമ്മുടെ വിശ്വസ്‌തമായ പറ്റിനിൽപ്പ് “ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം” കാണാൻ മറ്റുള്ളവർക്ക് ഒരു അവസരമൊരുക്കും. (മലാ. 3:18) മരണമില്ലാത്ത ഒരു കാലം വരുന്നു. (വെളി. 21:5) ആ മഹത്തായ പ്രത്യാശ യാഥാർഥ്യമാകുന്നതുവരെ യഹോവ നമ്മെ കറയും കളങ്കവും ഇല്ലാത്തവരും ദുഷ്ടലോകത്തിൽനിന്നും അതിന്റെ ദൈവനിന്ദാകരമായ നടപടികളിൽനിന്നും പൂർണമായി വിട്ടുനിൽക്കുന്നവരുമായി കണ്ടെത്തട്ടെ!—2 പത്രൊ. 3:14.
[30-ാം പേജിലെ ചിത്രം]
ശവസംസ്‌കാരം എങ്ങനെയായിരിക്കണം എന്ന് എഴുതിവെക്കുന്നത് ജ്ഞാനമാണ്
[31-ാം പേജിലെ ചിത്രം]
ക്രിസ്‌തീയ ശവസംസ്‌കാരങ്ങൾ ലളിതവും മാന്യവും ആയിരിക്കണം