വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പ്രാർഥന: യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലോ?

നിങ്ങളുടെ പ്രാർഥന: യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലോ?

നിങ്ങളുടെ പ്രാർഥന: യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലോ?

“ഈ വചനങ്ങളെ യേശു പറഞ്ഞുതീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്‌മയിച്ചു.”—മത്താ. 7:28.

1, 2. യേശുവിന്റെ പഠിപ്പിക്കലിൽ ജനങ്ങൾ വിസ്‌മയിച്ചത്‌ എന്തുകൊണ്ട്‌?

ഗിരിപ്രഭാഷണം ശ്രവിച്ച ജനങ്ങൾ യേശുവിന്റെ “ഉപദേശത്തിൽ വിസ്‌മയിച്ചു” എന്നു നാം വായിക്കുന്നു. മറ്റാർക്കും അവനെപ്പോലെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ദൈവത്തിന്റെ ഏകജാതപുത്രന്റെ വാക്കുകൾ കൈക്കൊള്ളാനും അവ ബാധകമാക്കാനും നാം സന്നദ്ധരാണോ?—മത്തായി 7:28, 29 വായിക്കുക.

2 അപൂർണമനുഷ്യരുടെ ഉപദേശങ്ങളെ അടിസ്ഥാനമാക്കി വാഗ്വിലാസങ്ങൾ നടത്തിയിരുന്ന ശാസ്‌ത്രിമാരെപ്പോലെയല്ല ദൈവപുത്രൻ പഠിപ്പിച്ചത്‌. ‘അധികാരമുള്ളവനായിട്ടാണ്‌’ ക്രിസ്‌തു ഉപദേശിച്ചത്‌; കാരണം അവൻ പഠിപ്പിച്ചത്‌ ദൈവം കൽപ്പിച്ച കാര്യങ്ങളായിരുന്നു. (യോഹ. 12:50) അതുകൊണ്ട്‌ ഗിരിപ്രഭാഷണത്തിലെ യേശുവിന്റെ ഉപദേശം നമ്മുടെ പ്രാർഥനയെ എങ്ങനെ, എന്തുകൊണ്ട്‌ സ്വാധീനിക്കണം എന്നു നമുക്കു നോക്കാം.

ഒരിക്കലും കപടഭക്തിക്കാരെപ്പോലെ പ്രാർഥിക്കരുത്‌

3. മത്തായി 6:5-ലെ യേശുവിന്റെ വാക്കുകൾ ചുരുക്കിപ്പറയുക.

3 സത്യാരാധനയുടെ ഒരു അവിഭാജ്യ ഘടകമാണ്‌ പ്രാർഥന, അതുകൊണ്ടുതന്നെ നാം യഹോവയോട്‌ പതിവായി പ്രാർഥിക്കുന്നത്‌ ഉചിതമാണ്‌. എന്നാൽ ആ പ്രാർഥനയെ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞ കാര്യങ്ങൾ സ്വാധീനിക്കേണ്ടതുണ്ട്‌. അവൻ പറഞ്ഞു: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”മത്താ. 6:5.

4-6. (എ) പരീശന്മാർ “പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ” ഇഷ്ടപ്പെട്ടിരുന്നത്‌ എന്തുകൊണ്ട്‌? (ബി) “അവർക്കു പ്രതിഫലം കിട്ടിപ്പോയി” എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

4 പ്രാർഥിക്കുമ്പോൾ യേശുവിന്റെ ശിഷ്യന്മാർ ഭക്തിയുടെ പരിവേഷം ധരിച്ച സ്വയനീതിക്കാരും കപടഭക്തരുമായ പരീശന്മാരെ അനുകരിക്കരുതായിരുന്നു. (മത്താ. 23:13-32) ആ കപടഭക്തർ “മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ” ഇഷ്ടപ്പെട്ടു. ആലയത്തിൽ ഹോമയാഗം നടക്കുന്ന സമയത്ത്‌ (രാവിലെ ഒമ്പതുമണിക്കും ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്കും) പ്രാർഥിക്കുകയെന്നത്‌ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരുടെ ഒരു പതിവായിരുന്നു. അവരെക്കൂടാതെ യെരൂശലേം നഗരവാസികളിൽ പലരും ആലയപ്രാകാരത്തിൽ കൂടിവന്ന്‌ പ്രാർഥിക്കാറുണ്ടായിരുന്നു. നഗരത്തിനു വെളിയിലുള്ള വിശ്വാസികളായ യഹൂദന്മാർ ദിവസം രണ്ടുപ്രാവശ്യം ‘പള്ളികളിൽപ്പോയി’ പ്രാർഥിച്ചിരുന്നു.—ലൂക്കൊസ്‌ 18:11, 13 താരതമ്യം ചെയ്യുക.

5 എന്നാൽ ആലയത്തിന്റെയോ ഏതെങ്കിലും പള്ളിയുടെയോ സമീപത്തല്ലായിരുന്നു മിക്കവരും താമസിച്ചിരുന്നത്‌. മേൽപ്പറഞ്ഞ പ്രാർഥനകളുടെ സമയത്ത്‌ എവിടെ ആയിരുന്നാലും അവിടെനിന്നുകൊണ്ട്‌ പ്രാർഥിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. പ്രാർഥനയുടെ സമയമാകുമ്പോൾ ‘തെരുക്കോണുകളിൽ’ ആയിരിക്കാൻ ചിലർ മനപ്പൂർവം ഒരു ശ്രമം നടത്തിയിരുന്നു. ആളുകൾ കാണണം, അവരുടെ മതിപ്പു നേടണം; ഇതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിനുവേണ്ടി ആ കപടവിശ്വാസികൾ ‘ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കുകപോലും’ ചെയ്‌തിരുന്നു. (ലൂക്കൊ. 20:47) ഈ മനോഭാവമല്ല നമുക്ക്‌ ഉണ്ടായിരിക്കേണ്ടത്‌.

6 “അവർക്കു പ്രതിഫലം കിട്ടിപ്പോയി” എന്ന്‌ യേശു പറഞ്ഞു. സഹമനുഷ്യരിൽനിന്നുള്ള അംഗീകാരവും പുകഴ്‌ചയും അവർ അതിയായി ആഗ്രഹിച്ചു, വാസ്‌തവത്തിൽ അതുമാത്രമേ അവർക്കു പ്രതീക്ഷിക്കാൻ ഉണ്ടായിരുന്നുള്ളൂ. അവരുടെ കാപട്യം നിറഞ്ഞ പ്രാർഥനകൾക്ക്‌ യഹോവ ഉത്തരം നൽകുമായിരുന്നില്ല. എന്നാൽ ക്രിസ്‌തുവിന്റെ യഥാർഥ അനുഗാമികളുടെ പ്രാർഥനയ്‌ക്ക്‌ ദൈവം ഉത്തരമരുളുമെന്ന്‌ യേശുവിന്റെ പിൻവരുന്ന വാക്കുകൾ സൂചിപ്പിക്കുന്നു.

7. ‘അറയിൽ കടന്ന്‌ പ്രാർഥിക്കുക’ എന്നതിന്റെ പൊരുളെന്താണ്‌?

7 “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” (മത്താ. 6:6) ‘അറയിൽ കടന്ന്‌ വാതിൽ അടച്ച്‌ പ്രാർഥിക്കുക’ എന്നു യേശു പറഞ്ഞപ്പോൾ, ആർക്കും സഭയെ പ്രതിനിധീകരിച്ച്‌ പ്രാർഥിക്കാൻ സാധിക്കില്ല എന്നാണോ അവൻ അർഥമാക്കിയത്‌? അല്ല. പ്രശംസ പിടിച്ചുപറ്റുന്നതിനും നമ്മിലേക്കു ശ്രദ്ധയാകർഷിക്കുന്നതിനും ഉള്ള വേദിയാക്കി പരസ്യപ്രാർഥനകളെ മാറ്റരുതെന്നു പറയുകയായിരുന്നു അവൻ. ദൈവജനത്തെ പ്രാർഥനയിൽ പ്രതിനിധീകരിക്കാൻ പദവി ലഭിക്കുന്നവർ ഇക്കാര്യം മനസ്സിൽപ്പിടിക്കണം. തുടർന്ന്‌ യേശു എന്തു പറഞ്ഞു എന്നു നമുക്കു നോക്കാം.

8. മത്തായി 6:7 അനുസരിച്ച്‌ അനുചിതമായ എന്ത്‌ നാം പ്രാർഥനയിൽ ഒഴിവാക്കണം?

8 “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്‌പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്‌.” (മത്താ. 6:7) പ്രാർഥനയിൽ ഉചിതമല്ലാത്ത മറ്റൊരു കാര്യത്തെക്കുറിച്ച്‌ യേശു ഇവിടെ സൂചിപ്പിക്കുന്നു—നിരർഥജൽപ്പനം അഥവാ അനുചിതമായ ആവർത്തനം. പക്ഷേ, നന്ദിവാക്കുകളും മനസ്സുനീറിയുള്ള അപേക്ഷകളും ആവർത്തിക്കരുതെന്നല്ല യേശു പറഞ്ഞത്‌. മരണത്തിന്റെ തലേ രാത്രിയിൽ ഗെത്ത്‌ശേമന തോട്ടത്തിൽവെച്ച്‌ യേശു, “പിന്നെയും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു” എന്ന കാര്യം ഓർക്കുക.—മർക്കൊ. 14:32-39.

9, 10. പ്രാർഥനകൾ ആവർത്തിക്കരുത്‌ എന്നു പറയുന്നത്‌ ഏതർഥത്തിലാണ്‌?

9 ‘ജാതികളെ’ അനുകരിച്ച്‌ പ്രാർഥനകൾ മനപ്പാഠമാക്കി ഉരുവിടുന്നത്‌ നമുക്കു ചേർന്നതല്ല. പഠിച്ചുവെച്ചിരിക്കുന്ന വാക്കുകൾ അർഥമില്ലാതെ ഉരുവിടുകയാണവർ. ഏലീയാവിന്റെ നാളിൽ, “ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ” വിളിച്ചപേക്ഷിച്ച ബാലാരാധകർക്ക്‌ അതു യാതൊരു പ്രയോജനവും ചെയ്‌തില്ല. (1 രാജാ. 18:26) ‘ഉത്തരം കിട്ടും’ എന്ന്‌ വ്യാമോഹിച്ച്‌ ഇന്നും ലക്ഷക്കണക്കിനാളുകൾ പ്രാർഥനകൾ ആവർത്തിച്ച്‌ ഉരുവിടുന്നു. ദീർഘമായ, ഒരേ കാര്യംതന്നെ ആവർത്തിക്കുന്ന ‘അതിഭാഷണപരമായ’ പ്രാർഥനകൾക്ക്‌ യഹോവയുടെ മുന്നിൽ ഒരു വിലയുമില്ലെന്നു മനസ്സിലാക്കാൻ യേശു നമ്മെ സഹായിക്കുന്നു. അവൻ തുടർന്നു പറഞ്ഞു:

10 “അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുമ്മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.” (മത്താ. 6:8) യഹൂദ മതനേതാക്കന്മാരിൽ പലരും പ്രാർഥനയിൽ ജാതികളെപ്പോലെ വാചകക്കസർത്തു കാണിക്കാൻ മുതിർന്നിരുന്നു. ഹൃദയംഗമമായ പ്രാർഥനകൾ സത്യാരാധനയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്‌. നന്ദിയും സ്‌തുതിയും അപേക്ഷയും എല്ലാം നാം അർപ്പിക്കുന്നത്‌ ഇത്തരം പ്രാർഥനകളിലൂടെയാണ്‌. (ഫിലി. 4:6) എന്നാൽ നമ്മുടെ ആവശ്യങ്ങൾ ഓർമിപ്പിച്ചുകൊണ്ടിരുന്നില്ലെങ്കിൽ ദൈവം അതു മറന്നുപോകും എന്ന മട്ടിൽ ഒരേ കാര്യം തന്നെയും പിന്നെയും ആവർത്തിക്കുന്നത്‌ ശരിയായിരിക്കില്ല. നമുക്ക്‌ ‘ആവശ്യമുള്ളതു ഇന്നതെന്നു [നാം] യാചിക്കുമ്മുമ്പെ അറിയുന്ന’ ദൈവത്തോടാണ്‌ പ്രാർഥിക്കുന്നതെന്ന കാര്യം നമ്മുടെ മനസ്സിലുണ്ടായിരിക്കണം.

11. പരസ്യപ്രാർഥന നടത്താൻ പദവി ലഭിക്കുമ്പോൾ നാം എന്ത്‌ ഓർക്കണം?

11 അസ്വീകാര്യമായ പ്രാർഥനകളെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ നമ്മെ ഒരു കാര്യം ഓർമിപ്പിക്കുന്നു: ഘനഗംഭീരമായ പദങ്ങളോ വാക്കുകളുടെ ധാരാളിത്തമോ ദൈവത്തെ പ്രസാദിപ്പിക്കില്ല. കേൾക്കുന്നവരുടെ മതിപ്പുനേടുക എന്നതായിരിക്കരുത്‌ പ്രാർഥനയുടെ ലക്ഷ്യം. അതുപോലെ, ‘ഇത്‌ എപ്പോഴൊന്നു തീരും’ എന്ന്‌ ആളുകളെക്കൊണ്ടു ചിന്തിപ്പിക്കുന്ന വിധത്തിലും ആയിരിക്കരുത്‌ പ്രാർഥന. അറിയിപ്പുകൾ നടത്താനോ ബുദ്ധിയുപദേശം കൊടുക്കാനോ ഉള്ള അവസരമായി പ്രാർഥനയെ ഉപയോഗിക്കുന്നെങ്കിൽ ഗിരിപ്രഭാഷണത്തിലെ യേശുവിന്റെ വാക്കുകൾക്കു വിരുദ്ധമായിരിക്കും അത്‌.

എങ്ങനെ പ്രാർഥിക്കണമെന്ന്‌ യേശു പഠിപ്പിച്ചു

12. “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന അപേക്ഷയുടെ ഔചിത്യം വിശദീകരിക്കുക.

12 പ്രാർഥന എന്ന ശ്രേഷ്‌ഠപദവി ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പു നൽകിയതോടൊപ്പം എങ്ങനെ പ്രാർഥിക്കണമെന്നും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്തായി 6:9-13 വായിക്കുക.) മനപ്പാഠമാക്കി ഉരുവിടുന്നതിനല്ല അവൻ മാതൃകാ പ്രാർഥന നൽകിയത്‌. മറിച്ച്‌, നമ്മുടെ പ്രാർഥനകൾ എങ്ങനെ ആയിരിക്കണമെന്നു കാണിക്കുകയായിരുന്നു അവൻ. ഉദാഹരണത്തിന്‌ പ്രാരംഭവാക്കുകളിൽത്തന്നെ, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പറഞ്ഞുകൊണ്ട്‌ യേശു ദൈവത്തിന്‌ ഒന്നാം സ്ഥാനം നൽകി. (മത്താ. 6:9) സ്വർഗത്തിൽ വസിക്കുന്ന നമ്മുടെ സ്രഷ്ടാവായ യഹോവയെ “ഞങ്ങളുടെ പിതാവേ” എന്നു വിളിക്കുന്നത്‌ തികച്ചും ഉചിതമാണ്‌. (ആവ. 32:6; 2 ദിന. 6:21; പ്രവൃ. 17:24, 28) “ഞങ്ങളുടെ” എന്ന പ്രയോഗം ദൈവവുമായി സഹവിശ്വാസികൾക്കും ഒരു ഉറ്റബന്ധമുണ്ടെന്നു നമ്മെ ഓർമിപ്പിക്കുന്നു. ഇനി, “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നതിന്റെ അർഥമോ? ‘ഏദെനിലെ മത്സരംമുതൽ അങ്ങയുടെ നാമത്തിന്മേൽ വീണിരിക്കുന്ന നിന്ദ നീക്കി അങ്ങയെ വിശുദ്ധീകരിക്കേണമേ’ എന്ന്‌ യഹോവയോട്‌ അപേക്ഷിക്കുകയാണ്‌ ഈ പ്രാർഥനയിലൂടെ നാം. ആ പ്രാർഥനയ്‌ക്കുള്ള ഉത്തരമെന്നവണ്ണം യഹോവ ഭൂമിയിൽനിന്ന്‌ ദുഷ്ടത നീക്കം ചെയ്യും, തന്നെ വിശുദ്ധീകരിക്കുകയും ചെയ്യും.—യെഹെ. 36:23.

13. (എ) “നിന്റെ രാജ്യം വരേണമേ” എന്ന അപേക്ഷ എങ്ങനെ നിറവേറും? (ബി) ഭൂമിയിൽ ദൈവേഷ്ടം നിറവേറുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

13 മാതൃകാ പ്രാർഥനയിലെ അടുത്ത വാക്കുകൾ ശ്രദ്ധിക്കുക: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്താ. 6:10) “രാജ്യം” എന്നത്‌ യേശുവിന്റെയും പുനരുത്ഥാനം പ്രാപിക്കുന്ന ‘വിശുദ്ധന്മാരുടെയും’ കൈകളിലുള്ള സ്വർഗീയ മിശിഹൈക ഗവണ്മെന്റാണെന്ന വസ്‌തുത ഓർക്കാൻ ഈ അപേക്ഷ നമ്മെ സഹായിക്കുന്നു. (ദാനീ. 7:13, 14, 18; യെശ. 9:6, 7) അതു “വരേണമേ” എന്ന്‌ പ്രാർഥിക്കുമ്പോൾ, ദിവ്യഭരണത്തെ എതിർക്കുന്ന സകലരെയും നശിപ്പിച്ചുകൊണ്ട്‌ ദൈവരാജ്യം ഭൂമിയുടെ ഭരണം കയ്യേൽക്കണമേ എന്ന്‌ അപേക്ഷിക്കുകയാണ്‌ നാം. നീതിയും സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരു ആഗോള പറുദീസയ്‌ക്കു വഴിയൊരുക്കിക്കൊണ്ട്‌ അതു വേഗം സംഭവിക്കും. (സങ്കീ. 72:1-15; ദാനീ. 2:44; 2 പത്രൊ. 3:13) സ്വർഗത്തിൽ യഹോവയുടെ ഇഷ്ടം നിറവേറിയതുപോലെ ഭൂമിയിലും നിറവേറണമേ എന്ന്‌ പ്രാർഥിക്കാൻ യേശു അടുത്തതായി പ്രോത്സാഹിപ്പിക്കുന്നു. പണ്ടു ചെയ്‌തതുപോലെ ഇന്നും ശത്രുക്കളെ നിഗ്രഹിച്ചുകൊണ്ട്‌ നമ്മുടെ ഭൂഗ്രഹത്തെക്കുറിച്ചുള്ള ഉദ്ദേശ്യം നിറവേറ്റണമേ എന്നുള്ള അപേക്ഷയാണ്‌ അത്‌.—സങ്കീർത്തനം 83:1, 2, 13-18 വായിക്കുക.

14. “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ” എന്ന പ്രാർഥന ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ.” (മത്താ. 6:11; ലൂക്കൊ. 11:3) അതാതു ദിവസത്തേക്കു വേണ്ടുന്ന ആഹാരത്തിനായുള്ള അഭ്യർഥനയാണ്‌ ഇത്‌. ദിനംതോറും നമ്മെ പരിപാലിക്കാനുള്ള യഹോവയുടെ പ്രാപ്‌തിയിലുള്ള വിശ്വാസമാണ്‌ അതിലൂടെ നാം പ്രകടമാക്കുന്നത്‌. കൂടുതൽ ലഭിക്കുന്നതിനുള്ള അപേക്ഷയല്ല ഇത്‌. അനുദിന ആവശ്യങ്ങൾക്കായുള്ള ഈ പ്രാർഥന, “ഓരോ ദിവസത്തേക്കു” വേണ്ട മന്നാ “അന്നന്നു പെറുക്കിക്കൊള്ളേണം” എന്ന്‌ യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചതു നമ്മെ ഓർമിപ്പിച്ചേക്കും.—പുറ. 16:4.

15. “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന വാക്കുകളുടെ അർഥമെന്താണ്‌?

15 വ്യക്തിപരമായി നാം ചെയ്യേണ്ട ഒരു കാര്യത്തിലേക്ക്‌ മാതൃകാ പ്രാർഥനയിലെ അടുത്ത അപേക്ഷ വിരൽചൂണ്ടുന്നു. “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ.” (മത്താ. 6:12) ‘കടങ്ങൾ’ എന്ന്‌ ഇവിടെ പരാമർശിച്ചിരിക്കുന്നത്‌ ‘പാപങ്ങളെയാണ്‌’ എന്ന്‌ ലൂക്കൊസിന്റെ സുവിശേഷത്തിൽനിന്നു നമുക്കു മനസ്സിലാക്കാനാകും. (ലൂക്കൊ. 11:4) നമ്മോടു പാപം ചെയ്‌തവരോടു നാം ‘ക്ഷമിച്ചിട്ടുണ്ടെങ്കിൽ’ മാത്രമേ യഹോവയിൽനിന്നു നമുക്കു ക്ഷമ പ്രതീക്ഷിക്കാനാകൂ. (മത്തായി 6:14, 15 വായിക്കുക.) മറ്റുള്ളവരോട്‌ ഉപാധികളേതുമില്ലാതെ ഉദാരമായി നാം ക്ഷമിക്കേണ്ടതുണ്ട്‌.—എഫെ. 4:32; കൊലൊ. 3:13.

16. പരീക്ഷയും ദുഷ്ടനിൽനിന്നുള്ള വിടുതലും സംബന്ധിച്ചുള്ള അപേക്ഷകൾ നാം എങ്ങനെ മനസ്സിലാക്കണം?

16 “ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.” (മത്താ. 6:13) ഈ പ്രസ്‌താവന നാം എങ്ങനെ മനസ്സിലാക്കണം? ഒരു കാര്യം തീർച്ചയാണ്‌: പാപം ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ട്‌ യഹോവ നമ്മെ ആരെയും പരീക്ഷിക്കുന്നില്ല. (യാക്കോബ്‌ 1:13 വായിക്കുക.) ദുഷ്ടനായ സാത്താനാണ്‌ യഥാർഥ “പരീക്ഷകൻ.” (മത്താ. 4:3) ചിലപ്പോൾ, ദൈവം അനുവദിച്ചിട്ട്‌ സംഭവിച്ച കാര്യങ്ങളെ ദൈവം ചെയ്‌ത കാര്യങ്ങളായി ബൈബിൾ പറയുന്നുണ്ട്‌. (രൂത്ത്‌ 1:20, 21; സഭാ. 11:5, NW) ദൈവത്തോട്‌ അനുസരണക്കേടു കാണിക്കാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ അതിൽ വീണുപോകാതിരിക്കാൻ സഹായിക്കണമേ എന്നുള്ള അർഥനയാണ്‌ ‘ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ’ എന്നത്‌. “ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ” എന്ന അപേക്ഷയുടെ കാര്യമോ? നമ്മെ കീഴടക്കാൻ സാത്താനെ അനുവദിക്കരുതേ എന്ന്‌ യഹോവയോടു യാചിക്കുകയാണു നാം. “കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ” ദൈവം ‘സമ്മതിക്കുകയില്ല’ എന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.—1 കൊരിന്ത്യർ 10:13 വായിക്കുക.

‘ചോദിച്ചുകൊണ്ടിരിക്കുവിൻ, അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, മുട്ടിക്കൊണ്ടിരിക്കുവിൻ’

17, 18. ‘ചോദിച്ചുകൊണ്ടിരിക്കുവിൻ, അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, മുട്ടിക്കൊണ്ടിരിക്കുവിൻ’ എന്ന ആഹ്വാനത്തിനു ചേർച്ചയിൽ നമുക്ക്‌ എങ്ങനെ പ്രവർത്തിക്കാം?

17 “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. (റോമ. 12:13) യേശുവിന്റെ തുടർന്നുള്ള പ്രസ്‌താവനയുമായി യോജിപ്പിലാണത്‌: “ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും; എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു; മുട്ടുന്ന ഏവനും തുറന്നുകിട്ടുന്നു.” (മത്താ. 7:7, 8, NW) ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള എന്തിനുവേണ്ടിയും ‘ചോദിച്ചുകൊണ്ടിരിക്കുന്നത്‌’ ഉചിതമാണ്‌. സമാനമായ ഒരാശയം അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “അവന്റെ [ദൈവത്തിന്റെ] ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു.”—1 യോഹ. 5:14.

18 ‘ചോദിച്ചുകൊണ്ടിരിക്കാനും അന്വേഷിച്ചുകൊണ്ടിരിക്കാനും’ ഉപദേശിച്ചപ്പോൾ, ഉപേക്ഷ വിചാരിക്കാതെ ഏകാഗ്രമനസ്സോടെ പ്രാർഥിക്കണം എന്നാണ്‌ യേശു അർഥമാക്കിയത്‌. ‘മുട്ടിക്കൊണ്ടിരുന്നെങ്കിൽ’ മാത്രമേ നമുക്ക്‌ ദൈവരാജ്യത്തിൽ കടക്കാനും അതിലെ അനുഗ്രഹങ്ങളും പ്രതിഫലങ്ങളും ആസ്വദിക്കാനും സാധിക്കൂ. എന്നാൽ ദൈവം നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുമെന്ന്‌ നമുക്ക്‌ ഉറപ്പോടെ വിശ്വസിക്കാനാകുമോ? വിശ്വസിക്കാം, നാം യഹോവയോട്‌ വിശ്വസ്‌തരാണെങ്കിൽ. അതുകൊണ്ടാണ്‌ “ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു; മുട്ടുന്ന ഏവനും തുറന്നുകിട്ടുന്നു” എന്ന്‌ യേശു പറഞ്ഞത്‌. ‘പ്രാർഥന കേൾക്കുന്നവനാണ്‌’ യഹോവയെന്ന്‌ ദൈവദാസരുടെ അനേക അനുഭവങ്ങൾ തെളിയിക്കുന്നു.—സങ്കീ. 65:2.

19, 20. യഹോവ സ്‌നേഹവാനായ പിതാവാണെന്ന്‌ മത്തായി 7:9-11-ലെ യേശുവിന്റെ വാക്കുകൾ കാണിക്കുന്നത്‌ എങ്ങനെ?

19 മക്കൾക്ക്‌ നല്ലതുമാത്രം നൽകുന്ന സ്‌നേഹവാനായ ഒരു പിതാവിനോടാണ്‌ യേശു യഹോവയെ ഉപമിച്ചത്‌. ഗിരിപ്രഭാഷണ സമയത്ത്‌ നിങ്ങൾ അവിടെ ഉണ്ടായിരുന്നുവെന്നും യേശുവിന്റെ പിൻവരുന്ന വാക്കുകൾ കേട്ടുവെന്നും കരുതുക: “മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളു? മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!”മത്താ. 7:9-11.

20 പാപികളും ‘ദോഷികളും’ ആണെങ്കിൽപ്പോലും പിതാക്കന്മാർക്കു സ്വന്തം മക്കളോടു പ്രതിപത്തി തോന്നുക സ്വാഭാവികമാണ്‌. ഒരു പിതാവ്‌ സ്വന്തം മക്കളെ വഞ്ചിക്കില്ല, പകരം അവർക്കു “നല്ല ദാനങ്ങളെ” കൊടുക്കാൻ ശ്രമിക്കും. പിതൃവാത്സല്യത്തോടെ യഹോവയാം ദൈവം നമുക്ക്‌ അവന്റെ പരിശുദ്ധാത്മാവ്‌ പോലുള്ള “നല്ല ദാനങ്ങളെ” നൽകുന്നു. (ലൂക്കൊ. 11:13) “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്ന സ്വർഗീയ പിതാവിനെ അവനു സ്വീകാര്യമായ വിധത്തിൽ സേവിക്കാൻ ഇതു നമ്മെ പ്രാപ്‌തരാക്കും.—യാക്കോ. 1:17.

യേശുവിന്റെ വാക്കുകളിൽനിന്ന്‌ പ്രയോജനം നേടിക്കൊണ്ടിരിക്കുവിൻ

21, 22. ഗിരിപ്രഭാഷണത്തെ ശ്രദ്ധേയമാക്കുന്നത്‌ എന്താണ്‌, ഗിരിപ്രഭാഷണം നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു?

21 മനുഷ്യർ കേട്ടിട്ടുള്ളതിലേക്കും മഹത്തരമായ പ്രസംഗമാണ്‌ ഗിരിപ്രഭാഷണം. ആത്മീയ അന്തഃസത്തയുടെയും സുതാര്യതയുടെയും പേരിൽ അത്‌ എന്നെന്നും സ്‌മരിക്കപ്പെടും. ഈ ലേഖന പരമ്പരകളിൽ നാം കണ്ടതുപോലെ അതിൽ അടങ്ങിയിരിക്കുന്ന ഉപദേശങ്ങൾ ബാധകമാക്കുന്നെങ്കിൽ നമുക്കു വളരെയധികം പ്രയോജനം നേടാനാകും. അത്‌ ഇന്നുതന്നെ നമ്മുടെ ജീവിതം മെച്ചപ്പെടുത്തുന്നു, ഒപ്പം ഒരു സന്തുഷ്ട ഭാവിയുടെ പ്രത്യാശയും നമുക്കു വെച്ചുനീട്ടുന്നു.

22 യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ അടങ്ങിയിരിക്കുന്ന അമൂല്യ രത്‌നങ്ങളിൽ ഏതാനും ചിലതു മാത്രമാണ്‌ ഈ ലേഖനങ്ങളിലൂടെ നാം പരിശോധിച്ചത്‌. ആ അമൂല്യ വചസ്സുകൾ ശ്രവിച്ചവർ ‘അവന്റെ ഉപദേശത്തിൽ വിസ്‌മയിച്ചുപോയതിൽ’ അതിശയിക്കാനില്ല. (മത്താ. 7:28) ആ അനർഘ രത്‌നങ്ങൾ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ദീപ്‌തമാക്കട്ടെ!

നിങ്ങളുടെ ഉത്തരം എന്താണ്‌?

• നാട്യരൂപേണയുള്ള പ്രാർഥനകളെക്കുറിച്ച്‌ യേശു എന്തു പറഞ്ഞു?

• പ്രാർഥനയിൽ വാക്കുകളുടെ ആവർത്തനം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ഏതെല്ലാം അപേക്ഷകൾ അടങ്ങിയതാണ്‌ യേശുവിന്റെ മാതൃകാ പ്രാർഥന?

• ‘ചോദിച്ചുകൊണ്ടിരിക്കുവിൻ, അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, മുട്ടിക്കൊണ്ടിരിക്കുവിൻ’ എന്ന ആഹ്വാനത്തിനു ചേർച്ചയിൽ നമുക്ക്‌ എങ്ങനെ പ്രവർത്തിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

ആളുകളുടെ പ്രശംസ പിടിച്ചുപറ്റാനുള്ള പ്രാർഥനയെ യേശു കുറ്റംവിധിച്ചു

[17-ാം പേജിലെ ചിത്രം]

അന്നന്നത്തേക്കുള്ള ആഹാരത്തിനായി പ്രാർഥിക്കുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?