വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യിരെമ്യാവിനെപ്പോലെ ആയിരിക്കാൻ മിഷനറിമാരെ പ്രോത്സാഹിപ്പിക്കുന്നു

യിരെമ്യാവിനെപ്പോലെ ആയിരിക്കാൻ മിഷനറിമാരെ പ്രോത്സാഹിപ്പിക്കുന്നു

125-ാം ഗിലെയാദ്‌ സ്‌കൂൾ

യിരെമ്യാവിനെപ്പോലെ ആയിരിക്കാൻ മിഷനറിമാരെ പ്രോത്സാഹിപ്പിക്കുന്നു

“ഗിലെയാദിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌ ഈ ക്ലാസ്‌,” ഭരണസംഘാംഗമായ ജഫ്രി ജാക്‌സൺ സഹോദരന്റെ വാക്കുകളാണിവ. വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 125-ാം ക്ലാസ്സിന്റെ ബിരുദദാന ചടങ്ങിനായി കൂടിവന്ന 6,156 പേരെ അഭിസംബോധന ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2008 സെപ്‌റ്റംബർ 13-നായിരുന്നു അത്‌. ഈ ക്ലാസ്സിൽനിന്നുള്ള 56 ബിരുദധാരികളുംകൂടെ ചേർന്നപ്പോൾ, ഗിലെയാദ്‌ സ്‌കൂളിൽനിന്ന്‌ പരിശീലനം നൽകി മിഷനറിമാരായി “ഭൂമിയുടെ അറ്റത്തോളവും” അയച്ചവരുടെ എണ്ണം 8,000-ത്തിൽ അധികമായി.—പ്രവൃ. 1:8.

ബിരുദദാന ചടങ്ങുകളുടെ അധ്യക്ഷനായി സേവിച്ചത്‌ ജാക്‌സൺ സഹോദരനായിരുന്നു. “നിങ്ങളുടെ വിശ്വാസ്യത ശുശ്രൂഷയുടെ മേന്മ വർധിപ്പിക്കുമോ?” എന്ന ചോദ്യം ചോദിച്ച അദ്ദേഹം, വിശ്വാസ്യത വർധിപ്പിക്കുന്ന നാലു കാര്യങ്ങൾ പട്ടികപ്പെടുത്തി: 1) ശരിയായ മനോഭാവം ഉണ്ടായിരിക്കുക, 2) നല്ല മാതൃക വെക്കുക, 3) ദൈവവചനത്തിൽ അധിഷ്‌ഠിതമായി പഠിപ്പിക്കുക, 4) യഹോവയുടെ നാമം പ്രസിദ്ധമാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക.

ടീച്ചിങ്‌ കമ്മിറ്റിയിൽ സേവിക്കുന്ന ഡേവിഡ്‌ ഷാഫെറിന്റെ പ്രസംഗവിഷയം “നിങ്ങൾ സകലതും തിരിച്ചറിയുന്നുവോ?” എന്നതായിരുന്നു. യഹോവയാം ദൈവത്തെ ‘അന്വേഷിക്കുകയും’ വിശ്വസ്‌തനും വിവേകിയുമായ അടിമയുടെ മാർഗനിർദേശങ്ങൾ വിനയത്തോടെ കൈക്കൊള്ളുകയും ചെയ്യുന്നെങ്കിൽ, മിഷനറിമാരായി സേവിക്കാനാവശ്യമായ ‘സകലതും’ അവർക്ക്‌ ‘തിരിച്ചറിയാനാകുമെന്ന്‌’ അദ്ദേഹം വിദ്യാർഥികൾക്ക്‌ വിശദീകരിച്ചുകൊടുത്തു.—സദൃ. 28:5; മത്താ. 24:45.

അടുത്ത പ്രസംഗകൻ ഭരണസംഘാംഗമായ ജോൺ ഇ. ബാർ സഹോദരനായിരുന്നു. അദ്ദേഹത്തിന്റെ വിഷയം “ദൈവസ്‌നേഹത്തിൽനിന്നു യാതൊന്നും നിങ്ങളെ വേർപിരിക്കാതിരിക്കട്ടെ” എന്നതായിരുന്നു. പിതൃനിർവിശേഷമായ സ്‌നേഹത്തോടെ അദ്ദേഹം കൊടുത്ത ഉപദേശം, മിഷനറി സേവനത്തെക്കുറിച്ച്‌ ഗിലെയാദ്‌ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും എന്തെങ്കിലും ആശങ്ക ബാക്കിയുണ്ടായിരുന്നെങ്കിൽ അതു നീക്കാൻ പര്യാപ്‌തമായിരുന്നു. “ദൈവസ്‌നേഹത്തിൽ നിലനിൽക്കുന്നെങ്കിൽ ജീവിതത്തിലെ ഏറ്റവും സുഖകരവും സുരക്ഷിതവുമായ സ്ഥാനത്തായിരിക്കും നിങ്ങൾ,” മിഷനറിമാരോടായി അദ്ദേഹം പറഞ്ഞു. മനപ്പൂർവം അവർ ദൈവത്തിൽനിന്ന്‌ തങ്ങളെത്തന്നെ വേർപെടുത്താത്തപക്ഷം യാതൊന്നിനോ യാതൊരാൾക്കോ അവരെ ദൈവസ്‌നേഹത്തിൽനിന്നു വേർപിരിക്കാനാവില്ല.

പാറ്റേഴ്‌സണിലെ ദിവ്യാധിപത്യ സ്‌കൂൾ ഡിപ്പാർട്ടുമെന്റിൽ പ്രവർത്തിക്കുന്ന സാം റോബോഴ്‌സണിന്റെ പ്രസംഗം “ഏറ്റവും വിശേഷമായ വസ്‌ത്രം” ധരിക്കാൻ സദസ്യരെ പ്രോത്സാഹിപ്പിച്ചു. യേശു ചെയ്‌ത കാര്യങ്ങൾ പഠിച്ചും അവ ജീവിതത്തിൽ ബാധകമാക്കിയും നിങ്ങൾക്ക്‌ ‘കർത്താവായ യേശുക്രിസ്‌തുവിനെ ധരിക്കാൻ’ സാധിക്കുമെന്ന്‌ ബിരുദധാരികളോടായി അദ്ദേഹം പറഞ്ഞു. (റോമ. 13:14) പാറ്റേഴ്‌സണിലെ ദിവ്യാധിപത്യ സ്‌കൂളുകളുടെ മേൽവിചാരകനായ വില്യം സാമുവെൽസൺ, ഒരു വ്യക്തിയെ ആദരണീയനാക്കുന്നത്‌ എന്താണ്‌ എന്നതിനെക്കുറിച്ചാണ്‌ സംസാരിച്ചത്‌. മനുഷ്യരുടേതല്ല ദൈവത്തിന്റെ വീക്ഷണമാണ്‌ ഒരാളെ ആദരണീയനാക്കുന്നത്‌.

ഗിലെയാദ്‌ സ്‌കൂളിലെ ഒരു അധ്യാപകനായ മൈക്കൾ ബെർനെറ്റ്‌ വയൽസേവന അനുഭവങ്ങളെക്കുറിച്ച്‌ വിദ്യാർഥികളുമായി അഭിമുഖം നടത്തി. പലവട്ടം പ്രവർത്തിച്ചുതീർത്ത പ്രദേശങ്ങളിലാണു ഭൂരിപക്ഷം വിദ്യാർഥികളെയും സ്‌കൂൾ കാലഘട്ടത്തിൽ വയൽസേവനത്തിനു നിയമിച്ചിരുന്നതെങ്കിലും അവിടെയും താത്‌പര്യക്കാരെ കണ്ടെത്താൻ അവർക്കായി. ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കായുള്ള ക്ലാസ്സിൽ പങ്കെടുക്കാൻ പാറ്റേഴ്‌സണിൽ എത്തിയ മൂന്നു സഹോദരങ്ങളുമായി കൺവെൻഷൻ ഓഫീസിൽ സേവിക്കുന്ന ജെറാൾഡ്‌ ഗ്രിസെൽ സഹോദരൻ അഭിമുഖം നടത്തി. ഗിലെയാദ്‌ വിദ്യാർഥികൾക്ക്‌ അവരുടെ വിദേശ നിയമനത്തിൽ എന്തു പ്രതീക്ഷിക്കാം എന്ന്‌ മനസ്സിലാക്കാൻ ഈ അഭിമുഖം സഹായകമായി.

“യിരെമ്യാവിനെപ്പോലെ ആയിരിക്കുക” എന്ന പ്രസംഗം നടത്തിയത്‌ ഭരണസംഘത്തിലെ അംഗമായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോദരനാണ്‌. ഗിലെയാദ്‌ സ്‌കൂളിന്റെ 42-ാമത്തെ ക്ലാസ്സിൽനിന്നും അദ്ദേഹം ബിരുദം എടുത്തിരുന്നു. യിരെമ്യാവിന്‌, ലഭിച്ച നിയമനം നിർവഹിക്കാൻ താൻ പ്രാപ്‌തനാണോ എന്ന സന്ദേഹം ഉണ്ടായിരുന്നെങ്കിലും യഹോവ അവനു ധൈര്യം പകർന്നു. (യിരെ. 1:7, 8) അതേപോലെ, പുതിയ മിഷനറിമാർക്കും യഹോവയുടെ പിന്തുണ തീർച്ചയായും പ്രതീക്ഷിക്കാം. സ്‌പ്ലെയ്‌ൻ സഹോദരൻ തുടർന്നു പറഞ്ഞു: “നിങ്ങൾക്ക്‌ ആരെങ്കിലുമായി ഒരു പ്രശ്‌നം ഉണ്ടാകുന്നെങ്കിൽ, ഒരു പേപ്പറെടുത്ത്‌ ആ വ്യക്തിയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന 10 നല്ല ഗുണങ്ങൾ എഴുതുക. 10 എണ്ണം തികച്ചെഴുതാൻ നിങ്ങൾക്കു സാധിക്കുന്നില്ലെങ്കിൽ, നിങ്ങൾ ആ വ്യക്തിയെ ഇനിയും മനസ്സിലാക്കേണ്ടതുണ്ട്‌ എന്നാണ്‌ അർഥം.”

സ്വയം ത്യജിക്കാൻ സന്നദ്ധനായിരുന്നു യിരെമ്യാവ്‌. നിയമനം ഉപേക്ഷിച്ചുപോകണം എന്നു തോന്നിയപ്പോൾ അവൻ യഹോവയോടു പ്രാർഥിച്ചു, യഹോവ അവനെ സഹായിക്കുകയും ചെയ്‌തു. (യിരെ. 20:11) “നിരാശതോന്നുമ്പോൾ, അത്‌ യഹോവയോട്‌ പറയുക, അവന്റെ ആശ്വാസകരങ്ങൾ നിങ്ങളെ മുറുകെപ്പിടിക്കുന്നത്‌ നിങ്ങൾക്ക്‌ അനുഭവപ്പെടുകതന്നെ ചെയ്യും,” സ്‌പ്ലെയ്‌ൻ സഹോദരൻ പറഞ്ഞുനിറുത്തി.

വിശ്വാസ്യത വർധിപ്പിക്കാനാകുന്ന വിവിധ മാർഗങ്ങൾ ബിരുദധാരികൾ പഠിക്കുകയുണ്ടായി എന്ന്‌ ഉപസംഹാര പ്രസംഗത്തിൽ അധ്യക്ഷൻ പരാമർശിച്ചു. മിഷനറിമാർ വിശ്വാസയോഗ്യരാണെന്ന്‌ തിരിച്ചറിയുമ്പോൾ അവരുടെ സന്ദേശത്തിന്‌ ആളുകളിൽ കൂടുതൽ ശക്തമായ പ്രഭാവം ചെലുത്താനാകും.—യെശ. 43:8-12.

[22-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്‌

പ്രതിനിധാനം ചെയ്യപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 6

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 21

വിദ്യാർഥികളുടെ എണ്ണം: 56

ശരാശരി വയസ്സ്‌: 32.9

സത്യത്തിലായിരുന്ന ശരാശരി വർഷം: 17.4

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13

[23-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 125-ാമത്തെ ക്ലാസ്സ്‌

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക്‌ എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) അഗി ഹജ്‌സൺ, ആൻ വോൾ, ക്രിസ്റ്റീന ബെറൻസ്‌, മാരീ ഹൊർട്ടലനോ, ലെസ്‌ലി ന്യൂമാൻ, ആനി ഡികാസോ. (2) ജെന്നിഫർ ജെൻകെൻസ്‌, റ്റംയൂല ജാർസെംസ്‌കി, നാൻസി മെൻഡസ്‌, വീന കൊറോണാ, ലേല കനാലെറ്റ. (3) ഹെതർ ഫ്രയർ, മെലനി സവിജ്‌, കിം റ്റിഡ്വൽ, നിക്കി എറിക്‌സൺ, എസ്ഥേർ ഡിക്‌, റിബേക്ക മക്‌ബെത്‌. 4) ലാലി പെറസ്‌, ലിസ പിയൂസ്‌, ആംമ്പർ സ്‌കിഡ്‌മോർ, ബിലിൻഡ യങ്‌, നിക്കോൾ മക്‌ബ്രൈഡ്‌, പൗള റൻഡൻ, എറിക്ക ഗുഡ്‌മാൻ. (5)  എം. ബെറൻസ്‌, ജെസ്സിക്ക ഫെർഗുസൻ, നടാഷ പിയേഴ്‌സൺ, ലിസ ചാപ്‌മെൻ, ജെന്നിഫർ വൊർഡൽ, എം. കനാലെറ്റ. (6) പി. പെറസ്‌, ഡി. ഡികാസോ, റ്റി. യങ്‌, ഡി. റൻഡൻ, ജി. ഗുഡ്‌മാൻ, എം. ജെൻകെൻസ്‌, ജി. ഡിക്‌. (7) എം. കൊറോണാ, ആർ. വോൾ, എസ്സ്‌. പിയൂസ്‌, എഫ്‌. മെൻഡസ്‌, എസ്സ്‌. ജാർസെംസ്‌കി, റ്റി. സവിജ്‌. (8) സി. ന്യൂമാൻ, ഡി. ഫെർഗുസൻ, ഡി. സ്‌കിഡ്‌മോർ, റ്റി. എറിക്‌സൺ, ജെ. മക്‌ബ്രൈഡ്‌, എം. പിയേഴ്‌സൺ, എം. ചാപ്‌മെൻ. (9) കെ. ഹജ്‌സൺ, എ. വൊർഡൽ, എ. മക്‌ബെത്‌, റ്റി. റ്റിഡ്വൽ, ജെ. ഫ്രയർ, ജെ. ഹൊർട്ടലനോ.