വെളിപ്പാടു പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 2
യഹോവയുടെ വചനം ജീവനുള്ളത്
വെളിപ്പാടു പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 2
സത്യദൈവത്തിന്റെ ആരാധകരെ കാത്തിരിക്കുന്നത് എന്താണ്, അങ്ങനെയല്ലാത്തവരുടെ ഭാവി എന്തായിരിക്കും? സാത്താനും ഭൂതങ്ങൾക്കും എന്തു സംഭവിക്കാനിരിക്കുന്നു? ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചക്കാലത്ത് അനുസരണമുള്ള മനുഷ്യവർഗത്തിന് എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാം? ഈ ചോദ്യങ്ങൾക്കും ഇതുപോലുള്ള മറ്റു പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ വെളിപ്പാടു 13 മുതൽ 22 വരെയുള്ള അധ്യായങ്ങൾ നമ്മെ സഹായിക്കും. * എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് യോഹന്നാൻ അപ്പൊസ്‌തലനു ലഭിച്ച 16 ദർശനങ്ങളിൽ അവസാനത്തെ ഒമ്പതെണ്ണമാണ് ഈ അധ്യായങ്ങളിൽ അടങ്ങിയിരിക്കുന്നത്.
യോഹന്നാൻ എഴുതുന്നു: “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ.” (വെളി. 1:3; 22:7) വെളിപ്പാടു പുസ്‌തകം വായിക്കുകയും വായിക്കുന്ന കാര്യങ്ങൾ ബാധകമാക്കുകയും ചെയ്യുന്നത് ദൈവത്തെ സേവിക്കാനുള്ള നമ്മുടെ ആഗ്രഹം ശക്തിപ്പെടുത്തും. കൂടാതെ, ദൈവത്തിലും അവന്റെ പുത്രനായ യേശുക്രിസ്‌തുവിലുമുള്ള നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കുകയും ശോഭനമായ ഒരു ഭാവി പ്രത്യാശ നൽകുകയും ചെയ്യും. *—എബ്രാ. 4:12.
ദൈവകോപത്തിന്റെ ഏഴുകലശങ്ങൾ ഒഴിക്കുന്നു
‘ജാതികൾ കോപിച്ചു: [ദൈവത്തിന്റെ] കോപവും . . . ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനുള്ള കാലവും വന്നു’ എന്ന് വെളിപ്പാടു 11:18-ൽ നാം വായിക്കുന്നു. ദൈവകോപത്തിന്റെ കാരണം വ്യക്തമാക്കുന്ന എട്ടാമത്തെ ദർശനത്തിൽ, “പത്തു കൊമ്പും ഏഴുതലയും” ഉള്ള കാട്ടുമൃഗത്തിന്റെ പ്രവർത്തനങ്ങളാണ് നാം കാണുന്നത്.—വെളി. 13:1.
ഒമ്പതാമത്തെ ദർശനത്തിൽ, “സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ . . . നൂറ്റിനാല്‌പത്തിനാലായിരം പേരും നില്‌ക്കുന്നത്” യോഹന്നാൻ കാണുന്നു. ‘മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നവരാണ്’ അവർ. (വെളി. 14:1, 4) തുടർന്നു നാം കേൾക്കുന്നത് ദൂതന്മാരുടെ പ്രഖ്യാപനങ്ങളാണ്. അടുത്ത ദർശനത്തിൽ ഏഴുബാധകളുമായി ഏഴുദൂതന്മാരെ യോഹന്നാൻ കാണുന്നു. സാത്താന്റെ ലോകത്തിന്റെ വിവിധ ഘടകങ്ങളുടെമേൽ “ക്രോധകലശം ഏഴും” ഒഴിക്കാൻ സാധ്യതയനുസരിച്ച് യഹോവതന്നെയാണ് ദൂതന്മാരോടു കൽപ്പിക്കുന്നത്. ദിവ്യന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും പ്രഖ്യാപനങ്ങളുമാണ് ഈ കലശങ്ങളിൽ അടങ്ങിയിരിക്കുന്നത്. (വെളി. 15:1; 16:1) ഏഴാമത്തെ കാഹളം മുഴക്കലിനോടും മൂന്നാമത്തെ കഷ്ടത്തോടും ബന്ധപ്പെട്ട് ദൈവരാജ്യം നടപ്പിലാക്കാൻ പോകുന്ന മറ്റു ന്യായവിധികളുടെ വിശദാംശങ്ങൾ നൽകുന്നവയാണ് ഈ രണ്ടുദർശനങ്ങൾ.—വെളി. 11:14, 15.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
13:8—‘കുഞ്ഞാടിന്റെ ജീവപുസ്‌തകം’ എന്താണ്? യേശുക്രിസ്‌തുവിനോടുകൂടെ സ്വർഗീയ രാജ്യത്തിൽ ഭരിക്കുന്നവരുടെ പേരുകൾ മാത്രമേ ഈ ആലങ്കാരിക പുസ്‌തകത്തിൽ കാണുന്നുള്ളൂ. സ്വർഗീയ ജീവന്റെ പ്രത്യാശയുള്ള, ഇന്നു ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളുടെ പേരുകളും ഇതിൽ ഉണ്ട്.
13:11-13—രണ്ടുകൊമ്പുള്ള കാട്ടുമൃഗം മഹാസർപ്പം എന്നപോലെ പ്രവർത്തിക്കുകയും ആകാശത്തുനിന്ന് തീ ഇറങ്ങുമാറാക്കുകയും ചെയ്യുന്നത് എങ്ങനെ? ആംഗ്ലോ-അമേരിക്കൻ ലോകശക്തിയാണ് രണ്ടുകൊമ്പുള്ള കാട്ടുമൃഗം. ഇത് മഹാസർപ്പത്തെപ്പോലെ സംസാരിക്കുന്നു എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് ഭീഷണിയും സമ്മർദവും അക്രമവുമൊക്കെ ഉപയോഗിച്ചുകൊണ്ട് അതിന്റെ ഭരണം അംഗീകരിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുന്നു എന്നാണ്. കാട്ടുമൃഗം ആകാശത്തുനിന്ന് തീ ഇറക്കുന്നു എന്ന വസ്‌തുത ഒരു പ്രവാചകനായിരിക്കാൻ യോഗ്യതയുണ്ടെന്ന് അതു സ്വയം കരുതുന്നതിനെ സൂചിപ്പിക്കുന്നു. 20-ാം നൂറ്റാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങളിലൂടെ തിന്മയുടെ ശക്തികളെ തുടച്ചുനീക്കിയതായും കമ്മ്യൂണിസത്തിന്മേൽ വിജയം നേടിയിരിക്കുന്നതായും അവകാശപ്പെട്ടുകൊണ്ടാണ് അത് അപ്രകാരം പ്രവർത്തിക്കുന്നത്.
16:17—ഏഴാമത്തെ കലശം ഒഴിക്കപ്പെടുന്ന “വായു” (NW) ഏതാണ്? ഈ “വായു” സാത്താന്യ ചിന്താഗതിയെ, “അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനെ [മാനസിക ചായ്‌വിനെ]” കുറിക്കുന്നു. സാത്താന്റെ മുഴു ദുഷ്ടവ്യവസ്ഥിതിയും ശ്വസിക്കുന്നത് ഈ വിഷവായുവാണ്.—എഫെ. 2:2.
നമുക്കുള്ള പാഠങ്ങൾ:
13:1-4, 18. “സമുദ്രത്തിൽ നിന്ന്” അതായത് പ്രക്ഷുബ്ധമായ മനുഷ്യസമൂഹത്തിൽനിന്നു കയറിവരുന്ന കാട്ടുമൃഗം മനുഷ്യഗവണ്മെന്റുകളെ ചിത്രീകരിക്കുന്നു. (യെശ. 17:12, 13; ദാനീ. 7:2-8, 17) അതിനെ സൃഷ്ടിച്ച് അധികാരം നൽകിയത് സാത്താനാണ്. അത് എത്രയോ അപൂർണമാണ് എന്നതിന്റെ സൂചനയാണ് അതിനു നൽകിയിരിക്കുന്ന 666 എന്ന സംഖ്യ. ഈ മൃഗത്തെക്കുറിച്ചു മനസ്സിലാക്കുന്നത് മനുഷ്യവർഗം പൊതുവിൽ ചെയ്യുന്നതുപോലെ ഭയഭക്തിബഹുമാനങ്ങളോടെ അതിനെ അനുഗമിക്കാതിരിക്കാനും അതിനെ ആരാധിക്കാതിരിക്കാനും നമ്മെ സഹായിക്കും.—യോഹ. 12:31; 15:19.
13:16, 17. ‘വാങ്ങുകയും വിൽക്കുകയും’ പോലെയുള്ള അനുദിനകാര്യങ്ങൾ ബുദ്ധിമുട്ടായേക്കാമെങ്കിലും കാട്ടുമൃഗത്തിന്റെ സമ്മർദതന്ത്രങ്ങൾക്കു നാം വഴങ്ങരുത്. “വലങ്കൈമേലോ നെറ്റിയിലോ” മൃഗത്തിന്റെ മുദ്രയേൽക്കുന്നെങ്കിൽ നമ്മുടെ പ്രവർത്തനങ്ങളെയും മനോഭാവത്തെയും നിയന്ത്രിക്കാൻ നാം ആ കാട്ടുമൃഗത്തെ അനുവദിക്കുന്നതിനു തുല്യമായിരിക്കും അത്.
14:6, 7. സ്ഥാപിതമായിരിക്കുന്ന ദൈവരാജ്യത്തിന്റെ സുവാർത്ത അടിയന്തിരതയോടെ പ്രസംഗിക്കേണ്ടതാണെന്ന് ദൂതന്റെ പ്രഖ്യാപനം നമ്മെ പഠിപ്പിക്കുന്നു. ഉചിതമായ ദൈവഭയം വളർത്തിയെടുക്കാനും യഹോവയ്‌ക്കു മഹത്ത്വം കൊടുക്കാനും ബൈബിൾ വിദ്യാർഥികളെ നാം സഹായിക്കേണ്ടതുണ്ട്.
14:14-20. “ഭൂമിയിലെ വിളവു” ശേഖരണം പൂർത്തിയാകുമ്പോൾ അതായത് രക്ഷപെടാനുള്ളവരുടെ കൂട്ടിച്ചേർക്കൽ പൂർത്തിയാകുമ്പോൾ ദൂതൻ “ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കിൽ” ഇടും. കുലകുലയായി ദുഷിച്ച ഫലം പുറപ്പെടുവിക്കുന്ന മുന്തിരിവള്ളി അതായത് മനുഷ്യവർഗത്തിന്മേലുള്ള സാത്താന്റെ ദുഷിച്ച ദൃശ്യ ഭരണസംവിധാനം എന്നെന്നേക്കുമായി നശിപ്പിക്കപ്പെടും. ഭൂമിയിലെ മുന്തിരിവള്ളിയുടെ സ്വാധീനത്തിൽ അകപ്പെടാതിരിക്കാൻ നാം നിശ്ചയിച്ചുറയ്‌ക്കണം.
16:13-16. ദൈവകോപത്തിന്റെ ഏഴുകലശങ്ങൾ ഒഴിക്കുമ്പോൾ ഭൂമിയിലെ രാജാക്കന്മാർ ദൈവപക്ഷത്തേക്കു മാറില്ലെന്ന് ഉറപ്പുവരുത്താനും യഹോവയുടെ ശത്രുപക്ഷത്തുതന്നെ നിലയുറപ്പിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനും ഉള്ള ഭൂതപ്രചാരണത്തെയാണ് “അശുദ്ധാത്മാക്കൾ” ചിത്രീകരിക്കുന്നത്.—മത്താ. 24:42, 44.
16:21. ഈ ലോകത്തിന്റെ അന്ത്യത്തിനു തൊട്ടുമുമ്പ് സാത്താന്റെ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെയുള്ള യഹോവയുടെ ന്യായവിധി ദൂത് അതികഠിനമായ ഭാഷയിൽ അറിയിക്കുന്നതിനെ ആയിരിക്കാം ഇത് അർഥമാക്കുന്നത്. അതു ‘കന്മഴപോലെ’ അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും മനുഷ്യരിൽ അധികപങ്കും ദൈവത്തെ ദുഷിക്കുന്നതിൽ തുടരും.
ജയശാലിയായ രാജാവു വാഴുന്നു
സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ മ്ലേച്ഛമായ ഒരു ഘടകമാണ് വ്യാജമത ലോകസാമ്രാജ്യമായ “മഹതിയാം ബാബിലോൻ.” “കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ” ഇരിക്കുന്ന ‘മഹാവേശ്യയായി’ 11-ാം ദർശനം അവളെ ചിത്രീകരിക്കുന്നു. അവളെ ചുമക്കുന്ന മൃഗത്തിന്റെ ‘പത്തു കൊമ്പ്’ അവളെ പൂർണമായി നശിപ്പിച്ചുകളയും. (വെളി. 17:1-3, 5, 16) വേശ്യയെ ഒരു ‘മഹാനഗരത്തോട്’ ഉപമിച്ചുകൊണ്ട് അടുത്ത ദർശനം അവളുടെ വീഴ്‌ചയെക്കുറിച്ച് ഉദ്‌ഘോഷിക്കുന്നു, ‘അവളെ വിട്ടുപോരാൻ’ ദൈവജനത്തിന് ഒരു അടിയന്തിര ആഹ്വാനവും നൽകുന്നു. മഹാനഗരത്തിന്റെ വീഴ്‌ചയിൽ അനേകർ വിലപിക്കുന്നു. എന്നാൽ “കുഞ്ഞാടിന്റെ കല്യാണം” നടക്കുന്ന സ്വർഗത്തിൽ ഇതു സന്തോഷത്തിന്റെ സമയമാണ്. (വെളി. 18:4, 9, 10, 15-19; 19:7) 13-ാമത്തെ ദർശനം, വെള്ളക്കുതിരപ്പുറത്ത് ഇരിക്കുന്നവൻ ജാതികളോടു യുദ്ധം ചെയ്യാൻ പുറപ്പെടുന്നതായി വിവരിക്കുന്നു. അവൻ സാത്താന്റെ ദുഷ്ടലോകത്തിന് അന്തം വരുത്തും.—വെളി. 19:11-16.
‘പിശാചും സാത്താനും എന്നുള്ള പഴയ പാമ്പിന്’ എന്തു സംഭവിക്കും? അവനെ എന്നാണ് ‘ഗന്ധകത്തീപ്പൊയ്‌കയിലേക്കു തള്ളിയിടുന്നത്?’ 14-ാം ദർശനത്തിൽ ഇവയ്‌ക്കുള്ള ഉത്തരമുണ്ട്. (വെളി. 20:2, 10) സഹസ്രാബ്ദ വാഴ്‌ചക്കാലത്തെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് അവസാനത്തെ രണ്ടുദർശനങ്ങൾ. “വെളിപ്പാടു” അതിന്റെ പാരമ്യത്തോട് അടുക്കുമ്പോൾ, ‘വീഥിയുടെ നടുവിലൂടെ’ ഒഴുകുന്ന ‘ജീവജലനദി’ യോഹന്നാൻ കാണുന്നു. ‘ദാഹിക്കുന്ന’ ഏവർക്കുമുള്ള ഒരു ക്ഷണവും അവൻ കേൾക്കുന്നു.—വെളി. 1:1; 22:1, 2, 17.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
17:16; 18:9, 10—“ഭൂരാജാക്കന്മാർ” അവർതന്നെ നശിപ്പിച്ചുകളഞ്ഞ മഹതിയാം ബാബിലോണിനെച്ചൊല്ലി വിലപിക്കുന്നത് എന്തുകൊണ്ട്? സ്വാർഥപരമായ കാരണംകൊണ്ടു മാത്രമാണ് അവർ വിലപിക്കുന്നത്. മഹതിയാം ബാബിലോണിന്റെ നാശത്തിനുശേഷമാണ് അവളെക്കൊണ്ട് എന്തുമാത്രം ഉപയോഗമുണ്ടായിരുന്നു എന്ന് ഭൂരാജാക്കന്മാർ തിരിച്ചറിയുന്നത്. മതത്തെ മുന്നിൽ നിറുത്തിയായിരുന്നല്ലോ അവർ അടിച്ചമർത്തലുകൾ നടത്തിയിരുന്നത്. യുവാക്കളെ സൈന്യത്തിൽ ചേർക്കാൻ സഹായിച്ചുകൊണ്ടും മഹതിയാം ബാബിലോൺ അവരെ പിന്തുണച്ചു. ആളുകളെ തന്റെ അധീനതയിൽ നിറുത്തുന്നതിൽ അവൾ വഹിച്ച പങ്ക് വലുതായിരുന്നു.
19:12—‘എഴുതീട്ടുള്ള ഒരു നാമം’ യേശുവിനല്ലാതെ ആർക്കും അറിയില്ലാത്തത് എന്തുകൊണ്ട്? കർത്തൃദിവസത്തിൽ യേശു അലങ്കരിക്കുന്ന, യെശയ്യാവു 9:6-ൽ കാണുന്നതുപോലുള്ള സ്ഥാനങ്ങളെയും പദവികളെയും ആയിരിക്കാം ഈ നാമം കുറിക്കുന്നത്. അവൻ വഹിക്കുന്ന പദവികളിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് യേശുവിനല്ലാതെ മറ്റാർക്കും മനസ്സിലാക്കാനാവില്ല. അത്ര അതുല്യമാണ് അവന്റെ ആ പദവികൾ. എന്നാൽ യേശു ഈ പദവികളിൽ ചിലത് മണവാട്ടിവർഗത്തിലെ അംഗങ്ങളുമായി പങ്കുവെക്കുന്നു, അങ്ങനെ തന്റെ ‘നാമം അവരുടെമേൽ എഴുതുന്നു.’—വെളി. 3:12.
19:14—അർമഗെദോനിൽ യേശുവിനോടൊപ്പം സവാരിചെയ്യുന്നത് ആരാണ്? ദൈവത്തിന്റെ യുദ്ധത്തിൽ യേശുവിനോടൊപ്പം പോകുന്ന ‘സ്വർഗ്ഗത്തിലെ സൈന്യത്തിൽ,’ ദൂതന്മാരും അതിനോടകം സ്വർഗീയ പ്രതിഫലം ലഭിച്ച അഭിഷിക്ത ക്രിസ്‌ത്യാനികളും ഉൾപ്പെടുന്നു.—മത്താ. 25:31, 32; വെളി. 2:26, 27.
20:11-15—ആരുടെ പേരുകളാണ് ‘ജീവന്റെ പുസ്‌തകത്തിൽ’ എഴുതിയിരിക്കുന്നത്? അഭിഷിക്ത ക്രിസ്‌ത്യാനികളും മഹാപുരുഷാരവും ‘നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ’ പങ്കുള്ള സകല വിശ്വസ്‌ത ദൈവദാസന്മാരും ഉൾപ്പെടെ നിത്യജീവന്റെ നിരയിലേക്കു വരുന്ന സകലരുടെയും പേരുകളാണ് ഈ പുസ്‌തകത്തിലുള്ളത്. (പ്രവൃ. 24:15; വെളി. 2:10; 7:9) ‘നീതികെട്ടവരുടെ പുനരുത്ഥാനത്തിലൂടെ’ ജീവനിലേക്കു വരുന്നവർ ആയിരംവർഷ വാഴ്‌ചക്കാലത്ത് തുറക്കപ്പെടുന്ന “പുസ്‌തകങ്ങളിൽ” എഴുതിയിരിക്കുന്ന നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ മാത്രമേ അവരുടെ പേരുകൾ ‘ജീവപുസ്‌തകത്തിൽ’ എഴുതപ്പെടുകയുള്ളൂ. എന്നാൽ മായ്‌ക്കാനാവാത്ത മഷികൊണ്ടല്ല ഈ പേരുകൾ എഴുതുന്നത്. മരണത്തോളം വിശ്വസ്‌തരാണെന്നു തെളിയിച്ച അഭിഷിക്തരുടെ പേരുകൾ അതിൽ മായാതെ നിലനിൽക്കും. (വെളി. 3:5) ആയിരംവർഷ വാഴ്‌ചയുടെ അവസാനം നടക്കുന്ന അന്തിമ പരിശോധനയിൽ വിജയികളാകുമ്പോൾ ഭൗമികപ്രത്യാശയുള്ളവരുടെ പേരുകൾ ശാശ്വതമായി എഴുതപ്പെടും.—വെളി. 20:7, 8.
നമുക്കുള്ള പാഠങ്ങൾ:
17:3, 5, 7, 16. “സ്‌ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന [കടുഞ്ചുവപ്പുള്ള] മൃഗത്തിന്റെയും മർമ്മം” മനസ്സിലാക്കാൻ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നമ്മെ സഹായിക്കുന്നു. (യാക്കോ. 3:17) ആദ്യം സർവരാജ്യസഖ്യമായി പ്രത്യക്ഷപ്പെട്ട ഈ പ്രതീകാത്മക കാട്ടുമൃഗം പിന്നീട് ഐക്യരാഷ്‌ട്രസംഘടന എന്ന പേരിൽ നിലവിൽവന്നു. ദൈവരാജ്യ സുവാർത്ത സതീക്ഷ്‌ണം ഘോഷിക്കാനും യഹോവയുടെ ന്യായവിധി ദിവസം പ്രസിദ്ധമാക്കാനും ഈ അറിവ് നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?
21:1-6. മുൻചൊന്ന രാജ്യാനുഗ്രഹങ്ങൾ യാഥാർഥ്യമായിത്തീരുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാം. കാരണം, അവയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “സംഭവിച്ചുതീർന്നു.”
22:1, 17. അനുസരണമുള്ള മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും ഉദ്ധരിക്കാൻ യഹോവ ചെയ്‌തിരിക്കുന്ന കരുതലുകളെയാണ് “ജീവജലനദി” അർഥമാക്കുന്നത്. ഈ ജലം ഒരളവോളം ഇന്നു ലഭ്യമാണ്. “ജീവജലം സൌജന്യമായി” വാങ്ങാനുള്ള ക്ഷണം നമുക്ക് നന്ദിയോടെ സ്വീകരിക്കുകയും ശുഷ്‌കാന്തിയോടെ ആ ക്ഷണം മറ്റുള്ളവർക്കു വെച്ചുനീട്ടുകയും ചെയ്യാം!
[അടിക്കുറിപ്പുകൾ]
^ ഖ. 3 വെളിപ്പാടു പുസ്‌തകത്തിലെ ആദ്യത്തെ 12 അധ്യായങ്ങളുടെ വിശദീകരണത്തിന് 2009 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിലെ “വെളിപ്പാട് പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ—ഭാഗം 1” കാണുക.
^ ഖ. 4 വെളിപ്പാടു പുസ്‌തകത്തിന്റെ വാക്യാനുവാക്യ പരിചിന്തനത്തിന് വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകം പരിശോധിക്കുക.
[5-ാം പേജിലെ ചിത്രം]
രാജ്യഭരണത്തിൻകീഴിൽ മനുഷ്യവർഗത്തെ കാത്തിരിക്കുന്നത് എത്ര മഹത്തായ അനുഗ്രഹങ്ങളാണ്!