വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തുഷ്ടി കണ്ടെത്തുക: യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട്‌!

സന്തുഷ്ടി കണ്ടെത്തുക: യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട്‌!

സന്തുഷ്ടി കണ്ടെത്തുക: യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട്‌!

‘[യേശു] മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്‌മൊഴിഞ്ഞു അവരെ ഉപദേശിച്ചു.’—മത്താ. 5:1, 2.

1, 2. (എ) യേശു ഗിരിപ്രഭാഷണം നടത്തിയ സന്ദർഭം ഏത്‌? (ബി) എന്തു പറഞ്ഞുകൊണ്ടാണ്‌ യേശു പ്രഭാഷണം ആരംഭിച്ചത്‌?

വർഷം എ.ഡി. 31. ഗലീലയിലെ പ്രസംഗപര്യടനം തത്‌കാലം നിറുത്തിവെച്ച്‌ യേശു യെരൂശലേമിൽ പെസഹ ആഘോഷിക്കാൻ പോകുന്നു. (യോഹ. 5:1) മടങ്ങിയെത്തിയ അവൻ 12 അപ്പൊസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നതിനുമുമ്പ്‌ ദിവ്യമാർഗനിർദേശത്തിനായി ഒരു രാത്രി മുഴുവൻ പ്രാർഥിക്കുന്നു. അടുത്ത ദിവസം യേശു രോഗികളെ സൗഖ്യമാക്കുന്നതു കണ്ട്‌ ജനം അവനു ചുറ്റും തടിച്ചുകൂടി. അപ്പോൾ അവൻ ഒരു മലഞ്ചെരുവിലേക്കു കയറി, ശിഷ്യന്മാരെയും പുരുഷാരത്തെയും ഉപദേശിച്ചുതുടങ്ങി.—മത്താ. 4:23–5:2; ലൂക്കൊ. 6:12-19.

2 ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കുന്നതാണ്‌ സന്തുഷ്ടിയുടെ അടിസ്ഥാനമെന്നു കാണിച്ചുകൊണ്ട്‌ യേശു പ്രഭാഷണം ആരംഭിച്ചു. ഈ പ്രഭാഷണമാണ്‌ പിന്നീടു ഗിരിപ്രഭാഷണം എന്ന പേരിൽ പ്രശസ്‌തമായത്‌. (മത്തായി 5:1-12 വായിക്കുക.) * തൃപ്‌തിമുതൽ അളവറ്റ സന്തോഷംവരെയുള്ള ക്ഷേമാവസ്ഥകളിൽ ഏതൊന്നിനെയും സന്തുഷ്ടി എന്നതുകൊണ്ട്‌ അർഥമാക്കാനാകും. സന്തുഷ്ടിക്കുള്ള ഒമ്പതുമാർഗങ്ങൾ യേശു കാണിച്ചുതരുകയുണ്ടായി. ക്രിസ്‌ത്യാനികൾ സന്തുഷ്ടരായിരിക്കുന്നതിന്റെ കാരണം അവ വെളിവാക്കുന്നു. ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ അവൻ പറഞ്ഞ കാര്യങ്ങൾ അന്നത്തെപ്പോലെതന്നെ ഇന്നും പ്രായോഗികവും പ്രയോജനപ്രദവുമാണ്‌. നമുക്കിപ്പോൾ അവ ഒന്നൊന്നായി പരിശോധിക്കാം.

“ആത്മാവിൽ ദരിദ്രരായവർ”

3. “ആത്മാവിൽ ദരിദ്രരായവർ” ആരാണ്‌?

3 “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്‌.” (മത്താ. 5:3) ആത്മീയ ആവശ്യം സംബന്ധിച്ചു ബോധമുള്ളവരെയാണ്‌ “ആത്മാവിൽ ദരിദ്രരായവർ” എന്നു വിളിച്ചിരിക്കുന്നത്‌, ദൈവത്തിൽനിന്നു കരുണ ലഭിക്കേണ്ടതിന്റെ ആവശ്യകതയും അവർ തിരിച്ചറിയുന്നു.

4, 5. (എ) ആത്മാവിൽ ദരിദ്രരായവർ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) നമുക്ക്‌ എങ്ങനെ നമ്മുടെ ആത്മീയ ആവശ്യം തൃപ്‌തിപ്പെടുത്താനാകും?

4 ആത്മാവിൽ ദരിദ്രരായവർ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌? “സ്വർഗ്ഗരാജ്യം അവർക്കുള്ളത്‌” എന്ന്‌ യേശു പറയുന്നു. സ്വർഗീയ രാജ്യത്തിൽ യേശുവിന്റെ സഹഭരണാധികാരികൾ ആയിരിക്കാനുള്ള അവസരമാണ്‌ അവനെ മിശിഹയായി അംഗീകരിച്ച ആദ്യകാല ശിഷ്യന്മാർക്കു തുറന്നുകിട്ടിയത്‌. (ലൂക്കൊ. 22:28-30) സ്വർഗത്തിൽ ക്രിസ്‌തുവിന്റെ സഹഭരണാധികാരികൾ ആയിരിക്കുക അല്ലെങ്കിൽ രാജ്യഭരണത്തിൻകീഴിൽ ഭൗമിക പറുദീസയിൽ നിത്യം ജീവിക്കുക—നമ്മുടെ പ്രത്യാശ എന്തുതന്നെ ആയിരുന്നാലും നാം ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ച്‌ അവബോധമുള്ളവർ, മറ്റുവാക്കുകളിൽ പറഞ്ഞാൽ ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം ശരിക്കും തിരിച്ചറിയുന്നവരാണെങ്കിൽ നമുക്കു സന്തുഷ്ടരായിരിക്കാനാകും.

5 ആത്മീയ ആവശ്യങ്ങൾ തിരിച്ചറിയുന്നവരല്ല എല്ലാവരും. അനേകരും അഭക്തരും വിശ്വാസമില്ലാത്തവരുമാണ്‌, വിശുദ്ധകാര്യങ്ങളെ അവർ വിലമതിക്കുന്നുമില്ല. (2 തെസ്സ. 3:1, 2; എബ്രാ. 12:16) എന്നാൽ ബൈബിളിന്റെ ഉത്സാഹത്തോടെയുള്ള പഠനം, ശിഷ്യരാക്കൽ വേലയിലെ തീക്ഷ്‌ണതയോടെയുള്ള പങ്കുപറ്റൽ, ക്രിസ്‌തീയ യോഗങ്ങളിലെ ക്രമമായ ഹാജരാകൽ എന്നിവയിലൂടെയെല്ലാം നമുക്കു നമ്മുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താനാകും.—മത്താ. 28:19, 20; എബ്രാ. 10:23-25.

“ദുഃഖിക്കുന്നവർ” സന്തുഷ്ടർ

6. ആരാണ്‌ “ദുഃഖിക്കുന്നവർ,” അവർ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 “ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.” (മത്താ. 5:4) ‘ദുഃഖിക്കുന്നവരും’ ‘ആത്മാവിൽ ദരിദ്രരായവരും’ ഒരേ തട്ടിലുള്ളവരാണ്‌. ജീവിതസാഹചര്യങ്ങളിൽ അതൃപ്‌തരായി പരാതിപറയുന്നവരല്ല, പകരം സ്വന്തം പാപാവസ്ഥയെയും മനുഷ്യ അപൂർണതയുടെ ഫലമായി ലോകത്തിൽ നടമാടുന്ന കാര്യങ്ങളെയുംപ്രതി ദുഃഖിക്കുന്നവരാണ്‌ അവർ. എന്നാൽ അവർ സന്തുഷ്ടരാണ്‌, കാരണം അവർ ദൈവത്തിലും ക്രിസ്‌തുവിലും വിശ്വസിക്കുന്നു; കൂടാതെ, ആശ്വാസത്തിന്റെ ഉറവായ യഹോവയുമായി അവർക്ക്‌ നല്ലൊരു ബന്ധവുമുണ്ട്‌.—യോഹ. 3:36.

7. സാത്താന്റെ ലോകത്തെ നാം എങ്ങനെയാണ്‌ വീക്ഷിക്കേണ്ടത്‌?

7 സാത്താന്റെ ലോകത്തിൽ ഇന്നു നടമാടുന്ന അനീതി നിങ്ങളെ ദുഃഖിപ്പിക്കുന്നുണ്ടോ? ഈ ലോകം വെച്ചുനീട്ടുന്ന കാര്യങ്ങളെ നിങ്ങൾ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? ‘ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവിൽനിന്നല്ല’ എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. (1 യോഹ. 2:16) ഇനി, ‘ലോകത്തിന്റെ ആത്മാവ്‌’ അതായത്‌ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട മനുഷ്യവർഗത്തിന്റെ ഇടയിൽ പ്രബലമായിരിക്കുന്ന മനോഭാവം, നിങ്ങളുടെ ആത്മീയതയെ സാരമായി ബാധിക്കുന്നുവെന്ന്‌ മനസ്സിലാകുന്നെങ്കിലെന്ത്‌? മുട്ടിപ്പായി പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും മൂപ്പന്മാരുടെ സഹായം തേടുകയും ചെയ്യുക. അതെ, നമ്മുടെ പ്രശ്‌നം എന്തുതന്നെ ആണെങ്കിലും യഹോവയോട്‌ കൂടുതൽ അടുത്തു ചെല്ലുമ്പോൾ തീർച്ചയായും നമുക്ക്‌ ‘ആശ്വാസം’ ലഭിക്കും.—1 കൊരി. 2:12; സങ്കീ. 119:52; യാക്കോ. 5:14, 15.

“സൌമ്യതയുള്ളവർ” എത്ര സന്തുഷ്ടർ!

8, 9. സൗമ്യരായിരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌, അവർ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്താ. 5:5) “സൌമ്യത” ബലഹീനതയുടെ ലക്ഷണമല്ല, കപടവിനയവും അല്ല. (1 തിമൊ. 6:11) സൗമ്യരാണെങ്കിൽ നാം യഹോവയുടെ ഇഷ്ടം ചെയ്യുകയും അവന്റെ മാർഗനിർദേശം സ്വീകരിക്കുകയും ചെയ്യും. കൂടാതെ, സഹവിശ്വാസികളോടും മറ്റുള്ളവരോടുമുള്ള ഇടപെടലുകളിലും നമ്മുടെ സൗമ്യത ദൃശ്യമായിരിക്കും. സമാനമായ ആശയമാണ്‌ അപ്പൊസ്‌തലനായ പൗലൊസിന്റെ ബുദ്ധിയുപദേശത്തിലും അടങ്ങിയിരിക്കുന്നത്‌.—റോമർ 12:17-19 വായിക്കുക.

9 സൗമ്യതയുള്ളവർ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌? യേശു പറയുന്നു: “അവർ ഭൂമിയെ അവകാശമാക്കും.” സൗമ്യതയുടെ ഉത്തമ ദൃഷ്ടാന്തമായ യേശുവാണ്‌ ഭൂമിയുടെ മുഖ്യ അവകാശി. (സങ്കീ. 2:8; മത്താ. 11:29; എബ്രാ. 2:8, 9) സൗമ്യരായതിനാൽ ‘ക്രിസ്‌തുവിന്റെ കൂട്ടവകാശികളും’ അവനോടൊപ്പം ഭൂമിയെ അവകാശമാക്കും. (റോമ. 8:16, 17) മിശിഹൈക രാജ്യത്തിൻ കീഴിൽ സൗമ്യതയുള്ള മറ്റനേകർക്ക്‌ ഭൂമിയിലെ നിത്യജീവൻ അവകാശമായി ലഭിക്കും.—സങ്കീ. 37:10, 11.

10. നാം സൗമ്യരല്ലെങ്കിൽ അതു നമ്മുടെ സേവന പദവികളെയും മറ്റുള്ളവരുമായുള്ള ബന്ധത്തെയും എങ്ങനെ ബാധിച്ചേക്കാം?

10 നാം സൗമ്യതയുള്ളവരായിരിക്കണം, യേശുവിനെപ്പോലെ. എന്നാൽ കലഹിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന സ്വഭാവമാണ്‌ നമുക്കുള്ളതെങ്കിലോ? ആളുകൾ നമ്മിൽനിന്ന്‌ അകന്നുമാറിയേക്കാം. മാത്രമല്ല, സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ കാംക്ഷിക്കുന്ന ഒരു സഹോദരനാണു നിങ്ങളെങ്കിൽ നിങ്ങൾ ആ പദവികൾക്ക്‌ അയോഗ്യനായിരിക്കുകയും ചെയ്യും. (1 തിമൊ. 3:1, 3) പൗലൊസ്‌ തീത്തൊസിന്‌ എഴുതിയതു ശ്രദ്ധിക്കുക: “കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും അവരെ [ക്രേത്തയിലെ സഹോദരങ്ങളെ] ഓർമ്മപ്പെടുത്തുക.” (തീത്തൊ. 3:1, 2) അത്തരം സൗമ്യത മറ്റുള്ളവർ എത്ര വിലമതിക്കും!

നീതിക്കായി’ വിശക്കുന്നവർ

11-13. (എ) നീതിക്കുവേണ്ടി വിശന്നു ദാഹിക്കുക എന്നാൽ അർഥമെന്ത്‌? (ബി) നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ‘തൃപ്‌തരാകുന്നത്‌’ എങ്ങനെ?

11 “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്‌തിവരും.” (മത്താ. 5:6) യഹോവയുടെ ഇഷ്ടത്തിന്‌ അനുസൃതമായും അവന്റെ കൽപ്പനകളോടുള്ള യോജിപ്പിലും പ്രവർത്തിച്ചുകൊണ്ട്‌ ശരി ചെയ്യുന്നതിനെയാണ്‌ “നീതി” എന്നതുകൊണ്ട്‌ യേശു അർഥമാക്കിയത്‌. ദൈവത്തിന്റെ നീതിപൂർവമായ അനുശാസനങ്ങൾ അറിയാനുള്ള വ്യഗ്രതയാൽ തന്റെ “മനസ്സു സദാ എരിയുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 119:20, ഓശാന ബൈബിൾ) ‘വിശക്കുകയും ദാഹിക്കുകയും’ ചെയ്യുന്നു എന്നു പറയാവുന്ന അളവോളം നീതിക്കായി നാം വാഞ്‌ഛിക്കുന്നുണ്ടോ?

12 നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ സന്തുഷ്ടരായിരിക്കുമെന്ന്‌ യേശു പറഞ്ഞു; കാരണം “അവർക്കു തൃപ്‌തിവരും.” എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനുശേഷം ഇതു സാധ്യമായി; കാരണം അന്നുമുതൽ യഹോവയുടെ പരിശുദ്ധാത്മാവ്‌ ‘നീതിയെക്കുറിച്ചു ലോകത്തിനു ബോധം വരുത്താൻ’ തുടങ്ങി. (യോഹ. 16:8) ‘നീതിയിലെ അഭ്യാസത്തിന്‌’ അല്ലെങ്കിൽ പരിശീലനത്തിന്‌ വളരെയധികം പ്രയോജനപ്പെടുന്ന ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ തയ്യാറാക്കാൻ ദൈവം പരിശുദ്ധാത്മാവിനാൽ മനുഷ്യരെ നിശ്വസ്‌തരാക്കി. (2 തിമൊ. 3:16, 17) “നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ” ധരിക്കാനും ദൈവാത്മാവ്‌ നമ്മെ സഹായിക്കുന്നു. (എഫെ. 4:24) യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ മനസ്‌താപത്തോടെ പാപങ്ങളെക്കുറിച്ചു ദൈവത്തോടു ക്ഷമയാചിക്കുന്നവർക്ക്‌ ദൈവമുമ്പാകെ നീതിയുള്ള നില നേടാനാകുമെന്നത്‌ എത്ര ആശ്വാസദായകമാണ്‌!—റോമർ 3:23, 24 വായിക്കുക.

13 ഭൂമിയിൽ ജീവിക്കാനുള്ള പ്രത്യാശയാണു നമുക്കുള്ളതെങ്കിൽ, നീതിക്കായുള്ള നമ്മുടെ വിശപ്പും ദാഹവും നീതിവസിക്കുന്ന പുതിയഭൂമിയിൽ അനന്തമായി ജീവിക്കുമ്പോൾ പൂർണമായി തൃപ്‌തിപ്പെടും. അതുവരെ യഹോവയുടെ നിലവാരങ്ങൾക്കൊത്തു ജീവിക്കാനായിരിക്കട്ടെ നമ്മുടെ ദൃഢനിശ്ചയം. “മുമ്പെ അവന്റെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ” എന്ന്‌ യേശു പറഞ്ഞു. (മത്താ. 6:33) നാം അങ്ങനെ ചെയ്യുന്നെങ്കിൽ, ദൈവസേവനത്തിൽ നമുക്കു ധാരാളം പ്രവർത്തിക്കാനുണ്ടായിരിക്കും, നാം സന്തുഷ്ടരായിരിക്കുകയും ചെയ്യും.—1 കൊരി. 15:58.

“കരുണയുള്ളവർ” സന്തുഷ്ടർ: എന്തുകൊണ്ട്‌?

14, 15. നമുക്ക്‌ എങ്ങനെ കരുണ കാണിക്കാം, “കരുണയുള്ളവർ” സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.” (മത്താ. 5:7) ദയയും മനസ്സലിവും ഉള്ളവരെയാണ്‌ “കരുണയുള്ളവർ” എന്നു വിളിക്കുന്നത്‌. മനസ്സലിവുതോന്നിയ യേശു പലരെയും കഷ്ടതകളിൽനിന്ന്‌ അത്ഭുതകരമായി വിടുവിച്ചുവെന്ന്‌ നാം വായിക്കുന്നു. (മത്താ. 14:14) അനുതാപമുള്ളവരോടു ക്ഷമിക്കുന്ന യഹോവയുടെ മാതൃക അനുകരിച്ചുകൊണ്ട്‌, നമ്മോടു തെറ്റുചെയ്യുന്നവരോടു ക്ഷമിക്കുക എന്നതാണ്‌ കരുണയുള്ളവർ ആയിരിക്കുന്നതിനുള്ള മറ്റൊരു മാർഗം. (പുറ. 34:6, 7; സങ്കീ. 103:10) പ്രതികൂല സാഹചര്യങ്ങളിൽ ആയിരിക്കുന്നവരോട്‌ ആശ്വാസപൂർവം സംസാരിച്ചും ദയാപൂർവം അവരെ സഹായിച്ചും നമുക്കു കരുണ കാണിക്കാനാകും. മറ്റുള്ളവരുമായി ബൈബിൾസത്യങ്ങൾ പങ്കുവെക്കുന്നത്‌ കരുണ കാണിക്കാനുള്ള ഒരു ഉത്തമമാർഗമാണ്‌. യേശുവിന്റെ ദൃഷ്ടാന്തം നോക്കുക; മനസ്സലിവുതോന്നിയ അവൻ ആളുകളെ “പലതും ഉപദേശിച്ചുതുടങ്ങി” എന്നു ബൈബിൾ പറയുന്നു.—മർക്കൊ. 6:34.

15 “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും” എന്ന യേശുവിന്റെ വാക്കുകളോടു യോജിക്കുന്നതിന്‌ നമുക്കു നല്ല കാരണമുണ്ട്‌. നാം കരുണയുള്ളവരാണെങ്കിൽ മറ്റുള്ളവർ നമ്മോടും കരുണ കാണിക്കാനിടയുണ്ട്‌; മാത്രമല്ല, ന്യായവിസ്‌താര സമയത്ത്‌ നമുക്കു ദൈവത്തിൽനിന്ന്‌ കരുണയോടെയുള്ള ന്യായത്തീർപ്പും പ്രതീക്ഷിക്കാം. (യാക്കോ. 2:13) പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതും നിത്യജീവൻ ലഭിക്കുന്നതും കരുണയുള്ളവർക്കു മാത്രമാണ്‌.—മത്താ. 6:15.

“ഹൃദയശുദ്ധിയുള്ളവർ” സന്തുഷ്ടർ: എന്തുകൊണ്ട്‌?

16. “ഹൃദയശുദ്ധിയുള്ളവർ” ആയിരിക്കുക എന്നാൽ എന്താണ്‌ അർഥം, അവർ എങ്ങനെയാണ്‌ ‘ദൈവത്തെ കാണുന്നത്‌?’

16 “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.” (മത്താ. 5:8) നാം “ഹൃദയശുദ്ധിയുള്ളവർ” ആണെങ്കിൽ നമ്മുടെ ആന്തരവും ആഗ്രഹാഭിലാഷങ്ങളും ശുദ്ധമായിരിക്കുമെന്നു മാത്രമല്ല, ആളുകളോടും വസ്‌തുക്കളോടുമുള്ള നമ്മുടെ പ്രിയത്തിലും ആ ശുദ്ധി പ്രകടമായിരിക്കും. ഒരു ‘ശുദ്ധഹൃദയത്തിൽനിന്ന്‌’ പുറപ്പെടുന്ന കറയറ്റ സ്‌നേഹമായിരിക്കും നമുക്കുള്ളത്‌. (1 തിമൊ. 1:5) ഹൃദയം ശുദ്ധമായതിനാൽ നാം “ദൈവത്തെ കാണും.” എന്നാൽ ദൈവത്തെ നേരിട്ടു കാണുന്നതിനെ ഇത്‌ അവശ്യം അർഥമാക്കണമെന്നില്ല; കാരണം “ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” എന്നു ദൈവം പറയുന്നു. (പുറ. 33:20) ദൈവത്തിന്റെ വ്യക്തിത്വം അതേപടി പ്രതിഫലിപ്പിച്ച യേശുവിന്‌, “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറയാൻ കഴിഞ്ഞു. (യോഹ. 14:7-9) യഹോവ നമുക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിച്ചുകൊണ്ട്‌ അവന്റെ ആരാധകരായ നമുക്ക്‌ (അഭിഷിക്ത ശേഷിപ്പിനും വേറെ ആടുകൾക്കും) ഇപ്പോൾ ‘ദൈവത്തെ കാണാൻ’ സാധിക്കും. (ഇയ്യോ. 42:5) ആത്മജീവികളായി പുനരുത്ഥാനം പ്രാപിക്കുമ്പോൾ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ സ്വർഗീയ പിതാവിനെ അക്ഷരാർഥത്തിൽ കാണാനാകും.—1 യോഹ. 3:2.

17. ഒരു ശുദ്ധഹൃദയം ഉണ്ടായിരിക്കുന്നതിന്റെ ഗുണമെന്ത്‌?

17 ഹൃദയശുദ്ധിയുള്ളവർ അഥവാ ധാർമികവും ആത്മികവുമായി നിർമലരായവർ യഹോവയുടെ ദൃഷ്ടിയിൽ അശുദ്ധമായ കാര്യങ്ങൾ ചിന്തിച്ചുകൊണ്ടിരിക്കില്ല. (1 ദിന. 28:9; യെശ. 52:11) ഹൃദയം ശുദ്ധമാണെങ്കിൽ നമ്മുടെ വാക്കിലും പ്രവൃത്തിയിലുമെല്ലാം ആ ശുദ്ധി ദൃശ്യമായിരിക്കും, കാപട്യമേതും ഇല്ലാതെയായിരിക്കും നാം ദൈവത്തെ സേവിക്കുന്നത്‌.

“സമാധാനം ഉണ്ടാക്കുന്നവർ” ദൈവത്തിന്റെ പുത്രന്മാരാകും

18, 19. “സമാധാനം ഉണ്ടാക്കുന്നവർ” എന്തു ചെയ്യും, എന്തു ചെയ്യില്ല?

18 “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” (മത്താ. 5:9) സമാധാനമുണ്ടാക്കുന്നവർ ആരാണെന്ന്‌, അവർ എന്തു ചെയ്യുന്നു അല്ലെങ്കിൽ എന്തു ചെയ്യുന്നില്ല എന്നതിൽനിന്നു മനസ്സിലാക്കാനാകും. സമാധാനം ഉണ്ടാക്കുന്നവർ എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്‌, ആർക്കും “തിന്മെക്കുപകരം തിന്മ” ചെയ്യാതെ ‘എപ്പോഴും നന്മ ചെയ്‌തുകൊണ്ടിരിക്കുന്നവരാണ്‌.’—1 തെസ്സ. 5:15.

19 സമാധാനം സ്ഥാപിക്കാൻ മുൻകൈയെടുക്കുന്നവരാണ്‌ സമാധാനം ഉണ്ടാക്കുന്നവർ. അവർ “മിത്രങ്ങളെ ഭേദിപ്പിക്കുന്ന” യാതൊന്നും ചെയ്യില്ല. (സദൃ. 16:28) സമാധാനപ്രിയരായ നാം ‘എല്ലാവരോടും സമാധാനം ആചരിക്കാൻ’ വേണ്ട നടപടികൾ കൈക്കൊള്ളും.—എബ്രാ. 12:14.

20. ആരാണ്‌ ഇപ്പോൾ “ദൈവത്തിന്റെ പുത്രന്മാർ,” ഭാവിയിൽ ആർ ദൈവമക്കളായിത്തീരും?

20 സമാധാനം ഉണ്ടാക്കുന്നവർ സന്തുഷ്ടരാണ്‌, എന്തുകൊണ്ടെന്നാൽ “അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” വിശ്വസ്‌തരായ അഭിഷിക്ത ക്രിസ്‌ത്യാനികളെ യഹോവ ദത്തെടുത്തിരിക്കുകയാണ്‌, അതുകൊണ്ടുതന്നെ അവർ “ദൈവത്തിന്റെ പുത്രന്മാർ” ആണ്‌. ക്രിസ്‌തുവിൽ വിശ്വസിക്കുകയും ‘സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവത്തെ’ പൂർണഹൃദയത്തോടെ ആരാധിക്കുകയും ചെയ്യുന്നതിനാൽ അവർക്ക്‌ ഇപ്പോൾത്തന്നെ ദൈവവുമായി ഒരു അടുത്തബന്ധമുണ്ട്‌, പിതൃപുത്ര ബന്ധം. (2 കൊരി. 13:11; യോഹ. 1:12) സമാധാനപ്രിയരായ യേശുവിന്റെ ‘വേറെ ആടുകളെ’ സംബന്ധിച്ചെന്ത്‌? സഹസ്രാബ്ദവാഴ്‌ചയിൽ യേശുവായിരിക്കും അവരുടെ “നിത്യപിതാവ്‌.” എന്നാൽ അതിന്റെ അന്ത്യത്തിൽ അവൻ തന്നെത്തന്നെ ദൈവത്തിനു കീഴ്‌പെടുത്തുമ്പോൾ പൂർണമായ അർഥത്തിൽ അവരും ദൈവത്തിന്റെ മക്കളായിത്തീരും.—യോഹ. 10:16; യെശ. 9:6; റോമ. 8:21; 1 കൊരി. 15:27, 28.

21. ‘ആത്മാവിനാൽ ജീവിക്കുന്നെങ്കിൽ’ നാം എങ്ങനെ പെരുമാറും?

21 ‘ആത്മാവിനാൽ ജീവിക്കുന്നെങ്കിൽ’ നാം സമാധാനപ്രിയരായിരിക്കും, ആ വസ്‌തുത മറ്റുള്ളവർക്ക്‌ സ്‌പഷ്ടമായി കാണാനുമാകും. “അന്യോന്യം പോരിന്നു” വിളിക്കുന്നവരായിരിക്കില്ല നാം. (ഗലാ. 5:22-26) പകരം, ‘സകലമനുഷ്യരോടും സമാധാനത്തിലായിരിക്കാൻ’ നാം ശ്രമിക്കും.—റോമ. 12:18.

ഉപദ്രവിക്കപ്പെടുന്നവർ” എങ്കിലും സന്തുഷ്ടർ!

22-24. (എ) നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) അടുത്ത രണ്ടുലേഖനങ്ങളിൽ നാം എന്തു ചർച്ചചെയ്യും?

22 “നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്‌.” (മത്താ. 5:10) യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നേ ഉപദ്രവിച്ചുവല്ലോ.”മത്താ. 5:11, 12.

23 പുരാതനകാലത്തെ ദൈവദാസന്മാരെപ്പോലെ, ക്രിസ്‌ത്യാനികളായ നമ്മെ “നീതിനിമിത്തം” ആളുകൾ പഴിക്കുകയും ഉപദ്രവിക്കുകയും നമ്മെക്കുറിച്ച്‌ എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമെന്ന്‌ നാം പ്രതീക്ഷിക്കുന്നു. എന്നാൽ അത്തരം പരിശോധനകൾ വിശ്വസ്‌തതയോടെ സഹിച്ചുനിൽക്കുമ്പോൾ യഹോവയെ പ്രസാദിപ്പിക്കുന്നതിന്റെയും അവനു മഹത്ത്വം കരേറ്റുന്നതിന്റെയും ചാരിതാർഥ്യം നമുക്ക്‌ ഉണ്ടായിരിക്കും. (1 പത്രൊ. 2:19-21) യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം കെടുത്തിക്കളയാൻ ഇന്നെന്നല്ല ഒരിക്കലും പരിശോധനകൾക്കാവില്ല. ക്രിസ്‌തുവിനോടൊപ്പം സ്വർഗീയ രാജ്യത്തിൽ ഭരിക്കുന്നവരുടെയോ ഭൂമിയിൽ പ്രജകളായി നിത്യജീവൻ ആസ്വദിക്കുന്നവരുടെയോ സന്തോഷം കുറച്ചുകളയാൻ അതിനു കഴിയില്ല. ദൈവത്തിന്റെ പ്രീതിയുടെയും മഹാമനസ്‌കതയുടെയും ഔദാര്യത്തിന്റെയും തെളിവാണ്‌ ആ അനുഗ്രഹങ്ങൾ.

24 ഗിരിപ്രഭാഷണത്തിൽനിന്ന്‌ ഇനിയും ധാരാളം പഠിക്കാനുണ്ട്‌. അടുത്ത രണ്ടുലേഖനങ്ങളിൽ അതിൽനിന്നുള്ള പല പാഠങ്ങളും നാം ചർച്ചചെയ്യും. യേശുക്രിസ്‌തുവിന്റെ ആ വചനങ്ങൾ എങ്ങനെ ബാധകമാക്കാനാകും എന്നു നമുക്കു നോക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 2 ഈ തിരുവെഴുത്തിൽ ഭാഗ്യവാന്മാർ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ മൂലപദത്തിന്‌ സന്തുഷ്ടർ എന്നും അർഥമുണ്ട്‌.

എന്താണു നിങ്ങളുടെ ഉത്തരം?

• “ആത്മാവിൽ ദരിദ്രരായവർ” സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ‘സൗമ്യരായവരുടെ’ സന്തുഷ്ടിക്കു കാരണമെന്താണ്‌?

• ഉപദ്രവിക്കപ്പെടുന്നെങ്കിലും ക്രിസ്‌ത്യാനികൾ സന്തുഷ്ടരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• സന്തുഷ്ടിക്കുള്ള ഒമ്പതുമാർഗങ്ങളിൽ ഏതാണ്‌ നിങ്ങളെ ഏറ്റവും അധികം ആകർഷിച്ചത്‌?

[അധ്യയന ചോദ്യങ്ങൾ]

[7-ാം പേജിലെ ചിത്രം]

സന്തുഷ്ടിക്കുള്ള ഒമ്പതുമാർഗങ്ങൾ യേശുവിന്റെ കാലത്തെന്നപോലെ ഇന്നും പ്രായോഗികമാണ്‌

[8-ാം പേജിലെ ചിത്രം]

കരുണ കാണിക്കുന്നതിനുള്ള ഒരു ഉത്തമമാർഗം മറ്റുള്ളവരുമായി ബൈബിൾസത്യങ്ങൾ പങ്കുവെക്കുക എന്നതാണ്‌