സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കായി നിങ്ങൾ വാശിപിടിക്കുമോ?
സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കായി നിങ്ങൾ വാശിപിടിക്കുമോ?
കളിച്ചുകൊണ്ടിരിക്കുന്ന രണ്ടു കൊച്ചുകുട്ടികൾ. ഒരാളുടെ കൈയിൽനിന്ന് തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം തട്ടിപ്പറിച്ചുകൊണ്ട് മറ്റവൻ ഒച്ചവെക്കുന്നു: “ഇതെന്റെയാ. . . . ” അപൂർണ മനുഷ്യന്റെ സ്വാർഥത അവന്റെ കുട്ടിക്കാലത്തുതന്നെ കുറച്ചൊക്കെ പ്രകടമാണ്. (ഉല്‌പ. 8:21; റോമ. 3:23) പോരാത്തതിന് നാം ജീവിക്കുന്ന ലോകം ഉന്നമിപ്പിക്കുന്നതും ‘ഞാൻ . . . ഞാൻ . . . ’ എന്ന മനോഭാവത്തെയാണ്. ശക്തമായ നിലപാടെടുത്തെങ്കിലേ ഇത്തരം സ്വാർഥചായ്‌വുകൾ ഒഴിവാക്കാനാകൂ. അല്ലാത്തപക്ഷം അത് മറ്റുള്ളവർക്ക് ഇടർച്ചയായേക്കാം. യഹോവയുമായുള്ള നമ്മുടെ ബന്ധത്തിൽ വിള്ളൽവീഴ്‌ത്താനും അതിനു കഴിയും.—റോമ. 7:21-23.
നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരിൽ ഉളവാക്കിയേക്കാവുന്ന ഫലം കണക്കിലെടുക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് പൗലൊസ് അപ്പൊസ്‌തലൻ സംസാരിക്കുന്നു: “എല്ലാം അനുവദനീയം. എന്നാൽ എല്ലാം പ്രയോജനമുള്ളതല്ല. എല്ലാം അനുവദനീയം. എന്നാൽ എല്ലാം ആത്മീയവർധന വരുത്തുന്നില്ല.” അവൻ ഇങ്ങനെയും പറഞ്ഞു: “ആർക്കും ഇടർച്ചയ്‌ക്കു കാരണമാകാതിരിക്കുവിൻ.” (1 കൊരി. 10:23, 32, NW) നമ്മുടെ ഇഷ്ടാനിഷ്ടങ്ങളോടുള്ള ബന്ധത്തിൽ പിൻവരുന്നപ്രകാരം ചിന്തിക്കുന്നത് നന്നായിരിക്കും: ‘സഭയുടെ സമാധാനത്തെ ബാധിക്കുന്നെങ്കിൽ എന്റെ ചില അവകാശങ്ങളും താത്‌പര്യങ്ങളും വിട്ടുകളയാൻ ഞാൻ തയ്യാറാണോ? ബുദ്ധിമുട്ടാണെന്നു തോന്നുമ്പോഴും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ ഞാൻ ഒരുക്കമാണോ?’
ജോലി തിരഞ്ഞെടുക്കുമ്പോൾ
‘ഏതു ജോലി ചെയ്യണം എന്നതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണ്. അതു മറ്റുള്ളവരെ ബാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.’ മിക്കവരുടെയും ധാരണ ഇതാണ്. എന്നാൽ ഒരു വ്യാപാരിയുടെ അനുഭവം നമുക്കു നോക്കാം. ഒരു തെക്കേ അമേരിക്കൻ പട്ടണത്തിലെ പ്രധാന സ്‌പിരിറ്റ് വ്യാപാരിയായിരുന്നു അദ്ദേഹം. കരിമ്പ് വാറ്റിയെടുക്കുന്ന ശുദ്ധമായ ഈ സ്‌പിരിറ്റ് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെങ്കിലും ശീതളപാനീയങ്ങളിൽ കലർത്തി ലഹരിക്കുവേണ്ടി ഉപയോഗിക്കുകയായിരുന്നു ആ പ്രദേശത്തെ പതിവ്. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചതിന്റെ ഫലമായി അയാൾ ജീവിതത്തിൽ മാറ്റം വരുത്തിത്തുടങ്ങി, മദ്യപാനവും ചൂതുകളിയും ഉപേക്ഷിച്ചു. (2 കൊരി. 7:1) സഭയോടൊപ്പം വയൽസേവനത്തിൽ ഏർപ്പെടാൻ താത്‌പര്യമുണ്ടെന്നു സൂചിപ്പിച്ചപ്പോൾ, ഇപ്പോഴുള്ള ബിസിനസ്സിനെ മറ്റുള്ളവർ എങ്ങനെ വീക്ഷിക്കുന്നു, അത് അവരെ എങ്ങനെ ബാധിച്ചേക്കാം എന്നൊക്കെ ചിന്തിക്കാൻ ഒരു മൂപ്പൻ അദ്ദേഹത്തെ നയപൂർവം പ്രേരിപ്പിച്ചു.
പരസ്യശുശ്രൂഷയിൽ ഏർപ്പെടുകയും അതേസമയം ഈ വ്യാപാരത്തിൽ തുടരുകയും ചെയ്‌താൽ അത് സഭയ്‌ക്കു ദുഷ്‌പേരു വരുത്തുമെന്നു മാത്രമല്ല ദൈവവുമായുള്ള തന്റെ ബന്ധത്തെ ബാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു വലിയ കുടുംബത്തെ പുലർത്തേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ആ കച്ചവടം ഉപേക്ഷിച്ചു. കടലാസ് ഉത്‌പന്നങ്ങളാണ് അദ്ദേഹം ഇപ്പോൾ വിൽക്കുന്നത്. അദ്ദേഹവും ഭാര്യയും അവരുടെ അഞ്ചു കുട്ടികളിൽ രണ്ടുപേരും സ്‌നാനമേറ്റ സാക്ഷികളാണിപ്പോൾ, സംസാരസ്വാതന്ത്ര്യത്തോടെ സുവാർത്ത ഘോഷിക്കുന്ന തീക്ഷ്‌ണരായ സാക്ഷികൾ.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ
അവിശ്വാസികളുമായുള്ള സഹവാസത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ ബൈബിൾ തത്ത്വങ്ങൾക്കു പ്രസക്തിയുണ്ടോ അതോ നമ്മുടെ സ്വന്തം താത്‌പര്യങ്ങൾമാത്രം പരിഗണിച്ചാൽ മതിയോ? വിശ്വാസിയല്ലാത്ത ചെറുപ്പക്കാരനോടൊപ്പം പാർട്ടിക്കു പോകാൻ ഒരു സഹോദരി ആഗ്രഹിച്ചു. പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചിട്ടും “ഇത് എന്റെ വ്യക്തിപരമായ കാര്യമാണ്” എന്നു പറഞ്ഞ് അവൾ അവനോടൊപ്പം പോയി. അവിടെ എത്തിയ അവൾക്കു കുടിക്കാൻ കൊടുത്തത് മയക്കുമരുന്നു കലർത്തിയ ‘ഡ്രിംഗ്‌സ്’ ആയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോഴാണ് ആ ‘സുഹൃത്ത്’ തന്നെ ബലാത്സംഗം ചെയ്‌തതായി അവൾ തിരിച്ചറിഞ്ഞത്.—ഉല്‌പത്തി 34:2 താരതമ്യം ചെയ്യുക.
അവിശ്വാസികളോടൊപ്പം ആയിരിക്കുമ്പോൾ എല്ലായ്‌പോഴും ഇതുപോലുള്ള ദുരന്തങ്ങൾ സംഭവിക്കണമെന്നില്ല. എന്നാൽ ബൈബിളിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കുക: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃ. 13:20) അതെ, ദുഷിച്ച കൂട്ടുകാർ നമ്മെ അപകടത്തിലേക്കു നയിക്കും; ഒരു സംശയവുമില്ല. സദൃശവാക്യങ്ങൾ 22:3 പ്രസ്‌താവിക്കുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” നമ്മൾ ആരുമായി സഹവസിക്കുന്നുവോ അവർക്കു നമ്മെയും, ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും സ്വാധീനിക്കാനാകും.—1 കൊരി. 15:33; യാക്കോ. 4:4.
വസ്‌ത്രധാരണത്തിലും ചമയത്തിലും
കാലം മാറുന്നതോടൊപ്പം ഫാഷനും സ്റ്റൈലുമെല്ലാം മാറിമറിയുന്നു. എന്നാൽ വസ്‌ത്രധാരണത്തെയും ചമയത്തെയും കുറിച്ചുള്ള ബൈബിൾ തത്ത്വങ്ങൾ മാറ്റമില്ലാതെ തുടരുന്നു. “വിനയത്തോടും സുബോധത്തോടുംകൂടെ, 1 തിമൊ. 2:9, NW) തീർത്തും ലളിതമായ വസ്‌ത്രം ധരിക്കണമെന്നോ എല്ലാ ക്രിസ്‌ത്യാനികളും ഒരേ തരത്തിലുള്ള വസ്‌ത്രം ധരിക്കണമെന്നോ അല്ല പൗലൊസ് പറയുന്നത്. അപ്പോൾ ‘വിനയത്തോടെ വസ്‌ത്രം ധരിക്കണം’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്താണ്? ഒരു നിഘണ്ടു വിനയത്തെ “വസ്‌ത്രധാരണം, സംസാരം, സ്വഭാവം എന്നിവയിലെ ഔചിത്യബോധം; പൊങ്ങച്ചം ഇല്ലായ്‌മ” എന്നൊക്കെയാണ് നിർവചിച്ചിരിക്കുന്നത്.
യോഗ്യമായ വസ്‌ത്രധാരണത്താൽ തങ്ങളെത്തന്നെ അലങ്കരിക്കണമെന്നു” പൗലൊസ് ക്രിസ്‌തീയ സ്‌ത്രീകളെ ഉദ്‌ബോധിപ്പിക്കുന്നു. പുരുഷന്മാർക്കും ഈ തത്ത്വം ബാധകമാണ്. (ഇനി ഒന്നു ചിന്തിക്കൂ: ‘അനാവശ്യമായി ആളുകളുടെ ശ്രദ്ധയാകർഷിക്കും എന്നറിഞ്ഞിട്ടും ആ വിധത്തിൽ വസ്‌ത്രം ധരിക്കണമെന്നു നിർബന്ധംപിടിക്കുന്നതും, അത് എന്റെ അവകാശമാണെന്നു വാദിക്കുന്നതും എന്റെ പക്ഷത്തെ വിനയമില്ലായ്‌മയെ അല്ലേ കാണിക്കുന്നത്? ഞാൻ ആരാണെന്നതിനെക്കുറിച്ചും എന്റെ ധാർമികമൂല്യങ്ങളെക്കുറിച്ചും എന്റെ വസ്‌ത്രധാരണരീതി തെറ്റായ സന്ദേശം നൽകുമോ?’ “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്ന ഉപദേശം അനുസരിക്കുന്നെങ്കിൽ ഇക്കാര്യത്തിൽ ആർക്കും “ഇടർച്ചെക്കു ഹേതു” ആകാതിരിക്കാൻ നമുക്കാകും.—2 കൊരി. 6:3; ഫിലി. 2:4.
ബിസിനസ്സ് കാര്യങ്ങളിൽ
വഞ്ചനയും അതിനോടു ബന്ധപ്പെട്ട് വ്യവഹാരങ്ങളും ഉണ്ടായപ്പോൾ പൗലൊസ് കൊരിന്ത്യ സഭയ്‌ക്ക് എഴുതി: “നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?” സഹവിശ്വാസിയെ കോടതികയറ്റുന്നതിനു പകരം നഷ്ടം സഹിക്കാൻ പൗലൊസ് ക്രിസ്‌ത്യാനികളെ ഉപദേശിക്കുകയായിരുന്നു. (1 കൊരി. 6:1-7) ഐക്യനാടുകളിലുള്ള ഒരു സഹോദരൻ ഈ ഉപദേശം ജീവിതത്തിൽ ബാധകമാക്കി. ക്രിസ്‌ത്യാനിയായ ഒരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ജോലി ചെയ്‌ത വകയിൽ തനിക്കു കിട്ടേണ്ട പണത്തിന്റെ കാര്യത്തിൽ തൊഴിലുടമയുമായി അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമുണ്ടായി. തിരുവെഴുത്തിനു ചേർച്ചയിൽ, പ്രശ്‌നം പരിഹരിക്കാൻ അവർ പലവുരു കൂടിവന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ആ പ്രശ്‌നം അവർ ‘സഭയിൽ’ കൊണ്ടുവന്നു, അതായത് മൂപ്പന്മാരെ അറിയിച്ചു.—മത്താ. 18:15-17.
അവിടെയും കാര്യത്തിനു പരിഹാരമുണ്ടായില്ല. പലവട്ടം പ്രാർഥിച്ചശേഷം ആ സഹോദരൻ ഒരു തീരുമാനത്തിലെത്തി: തനിക്കു ന്യായമായി ലഭിക്കേണ്ടതെന്നു കരുതിയ പണത്തിന്റെ ഭൂരിഭാഗവും വേണ്ടെന്നുവെക്കുക. അദ്ദേഹം കാരണം വ്യക്തമാക്കുന്നു: “ഈ പ്രശ്‌നം എന്റെ സന്തോഷവും ആത്മീയ കാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കേണ്ടിയിരുന്ന സമയവുമെല്ലാം കവർന്നെടുക്കുകയായിരുന്നു.” കൈവിട്ടുപോയ സന്തോഷം മടങ്ങിവന്നതായി, യഹോവ തന്റെ സേവനത്തെ അനുഗ്രഹിക്കുന്നതായി ഇങ്ങനെയൊരു തീരുമാനമെടുത്തശേഷം അദ്ദേഹം തിരിച്ചറിഞ്ഞു.
ചെറിയ കാര്യങ്ങളിൽപ്പോലും
നല്ല ഫലങ്ങൾ കൈവരുത്തുമെന്നതിനാൽ ചെറിയ ചെറിയ കാര്യങ്ങളിൽപ്പോലും നമുക്ക് നിർബന്ധംപിടിക്കാതിരിക്കാം. ഒരു ഡിസ്‌ട്രിക്‌റ്റ് കൺവെൻഷന്റെ ആദ്യദിവസം നേരത്തെ എത്തിയ ഒരു പയനിയർ ദമ്പതികൾക്ക് അവർ ആഗ്രഹിച്ച ഇരിപ്പിടം കണ്ടെത്താൻ കഴിഞ്ഞു. പരിപാടി തുടങ്ങിയതും കുറേ കുട്ടികളുള്ള ഒരു കുടുംബം ആളുകൾ തിങ്ങിനിറഞ്ഞ ആ സ്റ്റേഡിയത്തിലേക്ക് ധൃതിയിൽ കടന്നുവന്നു. ആ കുടുംബത്തിന് ഇരിക്കാൻ മതിയായ ഇടം ഇല്ലെന്നു കണ്ട ദമ്പതികൾ അവരുടെ ഇരിപ്പിടം ഒഴിഞ്ഞുകൊടുത്തു. അതുകൊണ്ട് ആ കുടുംബത്തിന് ഒരുമിച്ചിരിക്കാനായി. കൺവെൻഷൻ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം ഈ പയനിയർ ദമ്പതികൾക്ക് ഒരു കത്തു ലഭിച്ചു. നന്ദി അറിയിച്ചുകൊണ്ട് ആ കുടുംബം അയച്ച കത്തായിരുന്നു അത്. കൺവെൻഷന് വൈകിപ്പോയല്ലോ എന്നോർത്തു വിഷമിച്ചു നിൽക്കുമ്പോൾ ഈ ദമ്പതികൾ കാണിച്ച ദയ എത്ര ആശ്വാസമായി എന്ന് അവർ ആ കത്തിൽ സ്‌മരിക്കുന്നു.
മറ്റുള്ളവർക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കാനുള്ള അവസരങ്ങൾ നമുക്കു വിട്ടുകളയാതിരിക്കാം. ‘സ്വാർഥം അന്വേഷിക്കാത്ത’ സ്‌നേഹം കാണിച്ചുകൊണ്ട് നമുക്ക് സഭയുടെ സമാധാനം കാത്തുസൂക്ഷിക്കാം ഒപ്പം അയൽക്കാരുമായുള്ള ബന്ധവും. (1 കൊരി. 13:5) യഹോവയുമായുള്ള സൗഹൃദം നിലനിറുത്താനാകും എന്നതാണ് അതിലൊക്കെ പ്രധാനം.
[20-ാം പേജിലെ ചിത്രം]
ഫാഷൻ തിരഞ്ഞെടുക്കുന്നതിൽ വ്യക്തിപരമായ താത്‌പര്യങ്ങൾ നിങ്ങൾ വേണ്ടെന്നുവെക്കുമോ?
[20, 21 പേജുകളിലെ ചിത്രം]
സഹോദരങ്ങൾക്കായി ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കാൻ നിങ്ങൾ തയ്യാറാകുമോ?