വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിന്റെ ദൈവമായ യഹോവയെ മറന്നുകളയരുത്‌’

‘നിന്റെ ദൈവമായ യഹോവയെ മറന്നുകളയരുത്‌’

‘നിന്റെ ദൈവമായ യഹോവയെ മറന്നുകളയരുത്‌’

അവരിൽ ചിലർക്ക്‌ ഇതിനോടു സമാനമായ ഒരനുഭവം മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. എന്നാൽ ഭൂരിപക്ഷം പേർക്കും ഇത്‌ ആദ്യത്തെ അനുഭവമാണ്‌, അവസാനത്തെയും. സംഭവിച്ചത്‌ എന്താണെന്നു നോക്കാം. യോർദ്ദാൻ നദിയിലൂടെ ശക്തിയായി ഒഴുകിവന്ന വെള്ളം ഒരു ചിറകെട്ടിയതുപോലെ ഉയർന്നുനിൽക്കാൻ യഹോവ ഇടയാക്കുന്നു; ലക്ഷോപലക്ഷംവരുന്ന ഇസ്രായേൽജനം യോർദ്ദാൻ നദിയുടെ അടിത്തട്ടിലൂടെ കാൽ അൽപ്പംപോലും നനയാതെ വാഗ്‌ദത്തദേശത്തേക്കു നടന്നുനീങ്ങുന്നു. 40 വർഷംമുമ്പ്‌ ചെങ്കടൽ കടന്ന അവരുടെ പൂർവികരെപ്പോലെ ഇവരിൽ അനേകരും ഇപ്പോൾ ചിന്തിച്ചിട്ടുണ്ടാകും: ‘യഹോവ ചെയ്‌ത ഈ മഹാകാര്യം ഞാൻ ഒരുകാലത്തും മറക്കില്ല.’—യോശു. 3:13-17.

എന്നാൽ ഇവരിൽ ചിലരെങ്കിലും ‘വേഗത്തിൽ [തന്റെ] പ്രവൃത്തികളെ മറക്കും’ എന്ന്‌ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു. (സങ്കീ. 106:13) അതുകൊണ്ട്‌ ഇസ്രായേലിന്റെ നായകനായ യോശുവയോട്‌, നദിയുടെ അടിത്തട്ടിൽനിന്ന്‌ 12 കല്ല്‌ എടുത്ത്‌ അവർ ആദ്യം പാളയമടിക്കുന്നിടത്തു സ്ഥാപിക്കാൻ യഹോവ കൽപ്പിച്ചു. “ഈ കല്ലു യിസ്രായേൽമക്കൾക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം,” യോശുവ വിശദീകരിച്ചു. (യോശു. 4:1-8) ഈ സ്‌മാരകശിലകൾ യഹോവയുടെ വീര്യപ്രവൃത്തികളെക്കുറിച്ച്‌ അവരെ ഓർമിപ്പിക്കുകയും എപ്പോഴും യഹോവയെ വിശ്വസ്‌തതയോടെ സേവിക്കേണ്ടതിന്റെ ആവശ്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഈ ബൈബിൾ വിവരണത്തിൽനിന്നും ദൈവജനത്തിന്‌ ഇന്ന്‌ എന്തെങ്കിലും പഠിക്കാനുണ്ടോ? ഉണ്ട്‌. നാം യഹോവയെ ഒരിക്കലും മറന്നുകളയരുതെന്നും അവനെ നിരന്തരം വിശ്വസ്‌തതയോടെ സേവിക്കണമെന്നുംതന്നെ. ഇസ്രായേൽജനത്തിന്‌ കൊടുത്ത മറ്റു മുന്നറിയിപ്പുകളും യഹോവയുടെ ദാസന്മാരായ നമുക്കിന്നു ബാധകമാണ്‌. ഉദാഹരണത്തിന്‌ മോശെയുടെ വാക്കുകൾ ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്‌പിക്കുന്ന അവന്റെ കല്‌പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും . . . സൂക്ഷിച്ചുകൊള്ളേണം.” (ആവ. 8:11, 17) അതിന്റെ അർഥം, യഹോവയെ മറന്നുകളയുന്നത്‌ മനഃപൂർവം അനുസരണക്കേടു കാണിക്കുന്നതിലേക്കു നയിച്ചേക്കാം എന്നാണ്‌. ആ അപകടം ഇന്നുമുണ്ട്‌. ക്രിസ്‌ത്യാനികൾക്ക്‌ എഴുതവെ, മരുഭൂമിയിൽവെച്ച്‌ ഇസ്രായേല്യർ കാണിച്ച “അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം” പോകുന്നതിനെതിരെ അപ്പൊസ്‌തലനായ പൗലൊസ്‌ മുന്നറിയിപ്പു നൽകി.—എബ്രാ. 4:8-11.

നാം യഹോവയെ മറന്നുകളയാതിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ചില സംഭവങ്ങൾ ഇസ്രായേലിന്റെ ചരിത്രത്തിൽനിന്നു നമുക്കു പരിശോധിക്കാം. അതോടൊപ്പം, വിശ്വസ്‌തരായ രണ്ട്‌ ഇസ്രായേൽ പുരുഷന്മാരുടെ ജീവിതാനുഭവവും നമുക്കു നോക്കാം; അത്‌ സഹിഷ്‌ണുതയോടും നന്ദിയോടുംകൂടെ യഹോവയെ സേവിക്കാൻ നമ്മെ സഹായിക്കും.

യഹോവയെ ഓർക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഇസ്രായേല്യർ ഈജിപ്‌തിലായിരുന്ന കാലത്തൊന്നും യഹോവ അവരെ മറന്നുകളഞ്ഞില്ല. അവൻ ‘അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമം ഓർത്തു.’ (പുറ. 2:23, 24) അടിമത്തത്തിൽനിന്നും അവരെ മോചിപ്പിക്കുന്നതിന്‌ അവൻ അന്നു കൈക്കൊണ്ട നടപടികൾ അവരുടെ ഓർമയിൽ മായാതെനിൽക്കേണ്ട ഒന്നായിരുന്നു.

ഒമ്പതുബാധകളാൽ യഹോവ ഈജിപ്‌തിനെ പ്രഹരിച്ചു. ഫറവോന്റെ മന്ത്രവാദികൾക്ക്‌ അവയിലൊന്നുപോലും തടുക്കാനായില്ല. എന്നിട്ടും ഇസ്രായേല്യരെ വിട്ടയയ്‌ക്കാൻ വിസമ്മതിച്ചുകൊണ്ട്‌ ഫറവോൻ യഹോവയെ നിരാകരിച്ചു. (പുറ. 7:14–10:29) എന്നാൽ പത്താമത്തെ ബാധയോടെ, അഹങ്കാരിയായ ആ ഭരണാധികാരി യഹോവയെ അനുസരിക്കാൻ നിർബന്ധിതനായി. (പുറ. 11:1-10; 12:12) അങ്ങനെ, മോശെയുടെ നേതൃത്വത്തിൽ ഇസ്രായേല്യരും വലിയൊരു സമ്മിശ്ര പുരുഷാരവും അടങ്ങുന്ന 30 ലക്ഷത്തോളം ആളുകൾ ഈജിപ്‌തിൽനിന്നു പലായനം ചെയ്‌തു. (പുറ. 12:37, 38) എന്നാൽ ഫറവോന്റെ മനസ്സുമാറാൻ അധികസമയം വേണ്ടിവന്നില്ല. അവരെ പിന്തുടർന്നു പിടിച്ചുകൊണ്ടുവരാൻ യുദ്ധരഥങ്ങളും കുതിരപ്പടയും ഉൾപ്പെടുന്ന തന്റെ സൈന്യത്തോട്‌—അക്കാലത്തെ ഏറ്റവും പ്രബലമായ സൈന്യമായിരുന്നു അത്‌—അവൻ ആജ്ഞാപിച്ചു. അതേസമയം യഹോവയാകട്ടെ, ഇസ്രായേല്യരെ പീഹഹീരോത്തിലേക്കു നയിക്കാൻ മോശെയോട്‌ നിർദേശിച്ചു. ചെങ്കടലിനും മലനിരകൾക്കും ഇടയിലുള്ള ഒരു പ്രദേശമായിരുന്നു അത്‌. അവിടെ എത്തിയ ഇസ്രായേല്യർക്ക്‌ വഴിമുട്ടിയതുപോലെ തോന്നി.—പുറ. 14:1-9.

ഇസ്രായേല്യർ അവിടെ കുടുങ്ങിപ്പോയി എന്നുതന്നെ ഫറവോൻ കരുതി; അവന്റെ സൈന്യം അവരെ ആക്രമിക്കുന്നതിനായി പാഞ്ഞടുത്തു. എന്നാൽ യഹോവ നിറുത്തിയ ഒരു മേഘസ്‌തംഭവും അഗ്നിസ്‌തംഭവും ആ സൈന്യത്തിന്റെ വഴിതടഞ്ഞു. തുടർന്ന്‌ യഹോവ ചെങ്കടൽ രണ്ടായി വിഭജിച്ചു, ഇരുവശവും ഏകദേശം 15 മീറ്റർ ഉയരത്തിൽ ജലഭിത്തി തീർത്തുകൊണ്ട്‌ ഒരു ഇടനാഴി അവൻ ഇസ്രായേല്യർക്കായി തുറന്നു. ഉണങ്ങിയ കടൽത്തട്ടിലൂടെ അവർ മറുകര ലക്ഷ്യമാക്കി നടന്നു. കടൽത്തീരത്തെത്തിയ ഈജിപ്‌തുകാർ കണ്ടത്‌ മറുകരയിലേക്കു നടന്നുനീങ്ങുന്ന ഇസ്രായേല്യരെയാണ്‌.—പുറ. 13:21; 14:10-22.

വിവേകമുള്ള ഏതൊരു ഭരണാധികാരിയും ഇത്തരമൊരു സാഹചര്യത്തിൽ പിൻവാങ്ങിയേനെ; എന്നാൽ ഫറവോൻ അങ്ങനെയായിരുന്നില്ല. ഇസ്രായേല്യരെ പിന്തുടരുന്നതിനായി അമിത ആത്മവിശ്വാസത്തോടെ അവൻ തന്റെ സൈന്യത്തെ കടൽത്തട്ടിലേക്ക്‌ നയിച്ചു. പിന്നാലെ പാഞ്ഞുചെന്ന ആ ഈജിപ്‌ഷ്യൻ സൈന്യത്തിന്‌ പക്ഷേ, ഇസ്രായേല്യരെ പിടിക്കാനാകുന്നതിനുമുമ്പ്‌ ഭ്രാന്തമായ ആ പടയോട്ടം അവസാനിപ്പിക്കേണ്ടിവന്നു. യഹോവ അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു, അവർക്കു മുമ്പോട്ടു നീങ്ങാനായില്ല.—പുറ. 14:23-25; 15:9.

ചക്രങ്ങൾ ഊരിപ്പോയ രഥങ്ങളുമായി ഈജിപ്‌തുകാർ മല്ലടിക്കവെ, ഇസ്രായേല്യർ സുരക്ഷിതരായി മറുകരപറ്റി. തുടർന്ന്‌ മോശെ തന്റെ കൈ ചെങ്കടലിനുനേരെ നീട്ടി. അപ്പോൾ, ഭിത്തിപോലെ കെട്ടിനിറുത്തിയിരുന്ന ആ വെള്ളം മുഴുവൻ തകർന്നുവീഴാൻ യഹോവ ഇടയാക്കി. ആർത്തലച്ചുവന്ന ടൺകണക്കിന്‌ വെള്ളം ഫറവോനെയും അവന്റെ സൈന്യത്തെയും ചെങ്കടലിൽ മുക്കിക്കളഞ്ഞു. ഒരുത്തൻപോലും രക്ഷപ്പെട്ടില്ല. അതെ, ഇസ്രായേൽ മോചിപ്പിക്കപ്പെട്ടു!—പുറ. 14:26-28; സങ്കീ. 136:13-15.

ഈ സംഭവം ചുറ്റുമുള്ള ജനതകളെയെല്ലാം ഭീതിയിലാഴ്‌ത്തി. (പുറ. 15:14-16) 40 വർഷത്തിനുശേഷംപോലും യെരീഹോയിലെ രാഹാബ്‌ അത്‌ ഓർക്കുന്നുണ്ടായിരുന്നു. രണ്ട്‌ ഇസ്രായേല്യ പുരുഷന്മാരോട്‌ അവൾ പറഞ്ഞു: ‘നിങ്ങളെക്കുറിച്ചുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു.’ കാരണം ‘നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചത്‌ ഞങ്ങൾ കേട്ടിരിക്കുന്നു.’ (യോശു. 2:9, 10) യഹോവ തന്റെ ജനത്തെ അത്ഭുതകരമായി വിടുവിച്ചതിനെക്കുറിച്ച്‌ ആ അന്യദേശക്കാർപോലും മറന്നിരുന്നില്ല. യഹോവയെ മറക്കാതിരിക്കുന്നതിന്‌ ഇസ്രായേല്യർക്കു പക്ഷേ, കാരണങ്ങൾ അനവധി ഉണ്ടായിരുന്നു.

‘കണ്മണിപോലെ അവരെ സൂക്ഷിച്ചു’

ചെങ്കടൽ കടന്ന്‌ ഇസ്രായേൽജനം “വലിയതും ഭയങ്കരവുമായ” സീനായ്‌ മരുഭൂമിയിൽ എത്തി. ‘വെള്ളമില്ലാത്ത വരണ്ട’ ആ മരുപ്രദേശത്തുകൂടെ കടന്നുപോയ ലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ ആഹാരവും വെള്ളവുമൊക്കെ ആവശ്യമായിരുന്നു. അതെല്ലാം നൽകി യഹോവ അവരെ പരിപാലിച്ചു. മോശെ ഓർമിക്കുന്നു: യഹോവ ഇസ്രായേലിനെ “മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.” (ആവ. 8:15; 32:10) യഹോവ എങ്ങനെയാണ്‌ അതു ചെയ്‌തത്‌?

യഹോവ അവർക്കായി ‘ആകാശത്തുനിന്ന്‌ അപ്പം’ നൽകി. മന്നാ എന്നു വിളിച്ചിരുന്ന അത്‌ “മരുഭൂമിയിൽ എല്ലാടവും” വർഷിച്ചിരുന്നു. (പുറ. 16:4, 14, 15, 35) യഹോവ ‘തീക്കല്‌പാറയിൽനിന്നു വെള്ളവും പുറപ്പെടുവിച്ചു.’ മരുഭൂമിയിൽക്കഴിഞ്ഞ 40 വർഷക്കാലം യഹോവയുടെ അനുഗ്രഹത്താൽ അവരുടെ വസ്‌ത്രങ്ങൾ ജീർണിക്കുകയോ കാലുകൾ വീങ്ങുകയോ ചെയ്‌തില്ല. (ആവ. 8:4) യഹോവ അവരിൽനിന്ന്‌ ന്യായമായും എന്തു പ്രതീക്ഷിച്ചു? അതിനുള്ള ഉത്തരം മോശെയുടെ വാക്കുകളിലുണ്ട്‌: “കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്‌കാലത്തൊരിക്കലും അവ നിന്റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാൻ മാത്രം സൂക്ഷിച്ചു നിന്നെത്തന്നേ ജാഗ്രതയോടെ കാത്തുകൊൾക.” (ആവ. 4:9) യഹോവയുടെ രക്ഷാപ്രവൃത്തികൾ നന്ദിയോടെ സ്‌മരിച്ചിരുന്നെങ്കിൽ അവർ എന്നെന്നും അവനെ സേവിക്കുകയും അവന്റെ നിയമങ്ങൾ അനുസരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അവർ എന്താണു ചെയ്‌തത്‌?

നന്മകൾ മറന്നു, നന്ദികെട്ടവരായിത്തീർന്നു

മോശെ പ്രസ്‌താവിച്ചു: “നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്‌മരിച്ചു നിന്നെ ഉല്‌പാദിപ്പിച്ച ദൈവത്തെ മറന്നുകളഞ്ഞു.” (ആവ. 32:18) ചെങ്കടലിലൂടെ രക്ഷിച്ചുകൊണ്ടുവന്നതും മരുഭൂമിയിൽ പരിപാലിച്ചതും ഉൾപ്പെടെ യഹോവ ഇസ്രായേല്യർക്കായി ചെയ്‌ത എല്ലാ നന്മയും അവർ പെട്ടെന്നുതന്നെ വിസ്‌മരിച്ചു. അവർ മത്സരികളായിത്തീരുകയും ചെയ്‌തു.

വെള്ളം കിട്ടാതെവരുമെന്നു തോന്നിയ ഒരു സന്ദർഭത്തിൽ ഇസ്രായേല്യർ മോശെയോടു കലഹിച്ചു. (സംഖ്യാ. 20:2-5) ജീവൻ നിലനിറുത്താൻ സഹായിച്ച മന്നായെക്കുറിച്ച്‌ അവർ പരാതി പറഞ്ഞു: “ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു.” (സംഖ്യാ. 21:5) യഹോവയുടെ തീരുമാനങ്ങളെ അവർ ചോദ്യം ചെയ്യുകയും നായകനായിരുന്ന മോശെയെ തിരസ്‌കരിക്കുകയും ചെയ്‌തു. അവർ പരാതിപ്പെട്ടു: “മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. . . . നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക.”—സംഖ്യാ. 14:2-4.

ഇസ്രായേല്യരുടെ അനുസരണക്കേട്‌ കണ്ടപ്പോൾ യഹോവയ്‌ക്ക്‌ എന്തു തോന്നി? ആ സംഭവങ്ങളെ അനുസ്‌മരിച്ചുകൊണ്ട്‌ ഒരു സങ്കീർത്തനക്കാരൻ പിൽക്കാലത്ത്‌ എഴുതി: “മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അത്ഭുതങ്ങളെയും ചെയ്‌ത അവന്റെ കയ്യും അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല.” (സങ്കീ. 78:40-43) ഇസ്രായേൽജനം യഹോവ ചെയ്‌ത നന്മ പ്രവൃത്തികളെ മറന്നുകളഞ്ഞത്‌ അവനെ വല്ലാതെ വേദനിപ്പിച്ചു.

വ്യത്യസ്‌തരായ രണ്ടുപേർ

എന്നാൽ എല്ലാ ഇസ്രായേല്യരും യഹോവയെ മറന്നുകളഞ്ഞില്ല. അവരിൽ രണ്ടുപേരായിരുന്നു യോശുവയും കാലേബും. വാഗ്‌ദത്തദേശം ഒറ്റുനോക്കാൻ കാദേശ്‌-ബർന്നേയയിൽനിന്ന്‌ അയച്ച 12 പേരിൽ ഇവരും ഉണ്ടായിരുന്നു. പത്തുപേർ വാഗ്‌ദത്തദേശത്തെക്കുറിച്ച്‌ മോശമായ അഭിപ്രായം പറഞ്ഞപ്പോൾ യോശുവയും കാലേബും ജനത്തോട്‌ പറഞ്ഞു: “ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുത്‌.” ഇതു കേട്ട ജനം അവരെ കല്ലെറിയാൻ ആലോചിച്ചു. യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ ആ രണ്ടുപേരും ധൈര്യത്തോടെനിന്നു.—സംഖ്യാ. 14:6-10.

വർഷങ്ങൾക്കുശേഷം കാലേബ്‌ യോശുവയോടു പറഞ്ഞു: ‘യഹോവയുടെ ദാസനായ മോശെ കാദേശ്‌ബർന്നേയയിൽനിന്നു ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചു. ഞാൻ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു. എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നു.’ (യോശു. 14:6-8) യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ യോശുവയും കാലേബും പല പ്രതിബന്ധങ്ങളെയും അതിജീവിച്ചു. യഹോവയെ മറന്നുകളയാതിരിക്കാൻ ജീവിതത്തിൽ ഉടനീളം അവർ പ്രതിജ്ഞാബദ്ധരായിരുന്നു.

തന്റെ ജനത്തിന്‌ ഫലഭൂയിഷ്‌ഠമായ ദേശം നൽകുമെന്ന വാഗ്‌ദാനം നിറവേറ്റിയ യഹോവയോട്‌ യോശുവയും കാലേബും നന്ദിയുള്ളവരായിരുന്നു. അതെ, ഇസ്രായേൽജനം തങ്ങളുടെ ജീവനെപ്രതി യഹോവയോട്‌ നന്ദിയുള്ളവർ ആയിരിക്കേണ്ടിയിരുന്നു. യോശുവ എഴുതി: “യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്‌ത ദേശമെല്ലാം കൊടുത്തു; . . . യഹോവ യിസ്രായേൽഗൃഹത്തോടു അരുളിച്ചെയ്‌ത വാഗ്‌ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.” (യോശു. 21:43, 45) യോശുവയെയും കാലേബിനെയും പോലെ നമുക്കിന്ന്‌ എങ്ങനെ യഹോവയോടു നന്ദിയുള്ളവരായിരിക്കാം?

നന്ദിയുള്ളവരായിരിക്കുക

ദൈവഭക്തനായ ഒരു മനുഷ്യൻ ഒരിക്കൽ ചോദിച്ചു: “യഹോവ എനിക്കു ചെയ്‌ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” (സങ്കീ. 116:12) ഭൗതിക അനുഗ്രഹങ്ങൾ, ആത്മീയ വഴിനടത്തിപ്പ്‌, ഭാവിരക്ഷയ്‌ക്കായുള്ള കരുതലുകൾ—അതെ, എത്രതന്നെ കൊടുത്തുതീർത്താലും തീരാത്തത്ര കടപ്പാടാണ്‌ നമുക്ക്‌ യഹോവയോടുള്ളത്‌. നിത്യതയിലുടനീളം ശ്രമിച്ചാലും നമുക്കത്‌ കൊടുത്തുതീർക്കാനാവില്ല. എന്നാൽ നമുക്കെല്ലാവർക്കും ചെയ്യാനാകുന്ന ഒന്നുണ്ട്‌: അവനോട്‌ നന്ദി കാണിക്കുക.

പ്രശ്‌നങ്ങൾ ഒഴിവാക്കാൻ യഹോവയുടെ ഉപദേശങ്ങൾ നിങ്ങളെ സഹായിച്ചിട്ടുണ്ടോ? അവൻ ക്ഷമിച്ചതുകൊണ്ട്‌ നിങ്ങൾക്ക്‌ ശുദ്ധമനസ്സാക്ഷി വീണ്ടെടുക്കാനായിട്ടുണ്ടോ? ഇവയിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങൾ ദീർഘകാലം നിലനിൽക്കുന്നതാണ്‌; അതുകൊണ്ട്‌ അവനോടുള്ള നന്ദിയും എക്കാലവും നിലനിൽക്കണം. 14 വയസ്സുകാരിയായ സാന്ദ്ര ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോയെങ്കിലും യഹോവയുടെ സഹായത്താൽ അവയെല്ലാം തരണംചെയ്യാൻ അവൾക്കായി. അവൾ പറയുന്നു: “സഹായത്തിനായി ഞാൻ യഹോവയോടു പ്രാർഥിച്ചു. അവൻ എന്നെ സഹായിച്ചവിധം എനിക്ക്‌ ഒരിക്കലും മറക്കാനാവില്ല. എന്തുകൊണ്ടാണ്‌ എന്റെ പിതാവ്‌ മിക്കപ്പോഴും സദൃശവാക്യങ്ങൾ 3:5, 6 ഉദ്ധരിച്ചുകൊണ്ട്‌, ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും’ എന്ന്‌ പറയാറുണ്ടായിരുന്നതെന്ന്‌ ഇപ്പോൾ എനിക്കറിയാം. ഇതുവരെയും യഹോവ എന്നെ സഹായിച്ചു; തുടർന്നും അവൻ എന്നെ സഹായിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌.”

സഹിച്ചുനിന്നുകൊണ്ട്‌ യഹോവയെ മറന്നിട്ടില്ലെന്നു കാണിക്കുക

യഹോവയെ മറന്നുകളയാതിരിക്കുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഗുണത്തെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌: “നിങ്ങൾ ഒന്നിലും കുറവില്ലാതെ, പൂർണരും എല്ലാം തികഞ്ഞവരും ആകേണ്ടതിന്‌ നിങ്ങളുടെ സഹിഷ്‌ണുത അതിന്റെ ധർമം പൂർത്തീകരിക്കട്ടെ.” (യാക്കോ. 1:4, NW) “പൂർണരും എല്ലാം തികഞ്ഞവരും” ആയിരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? എന്തെല്ലാം പരിശോധനകൾ ഉണ്ടായാലും യഹോവയിൽ ആശ്രയിച്ചുകൊണ്ടും തളർന്നുപോകാതെ നിശ്ചയദാർഢ്യത്തോടെ പിടിച്ചുനിന്നുകൊണ്ടും അവയെ നേരിടുന്നതിനാവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കുന്നതാണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. ഇങ്ങനെ സഹിച്ചുനിൽക്കുന്നെങ്കിൽ, വിശ്വാസത്തിന്റെ പരിശോധനകൾ പൂർത്തിയാകുമ്പോൾ—അവ പൂർത്തിയാകുകതന്നെ ചെയ്യും—അത്‌ എന്തെന്നില്ലാത്ത നിർവൃതി കൈവരുത്തും.—1 കൊരി. 10:13.

സഹിച്ചുനിൽക്കാൻ തന്നെ സഹായിച്ചത്‌ എന്താണെന്ന്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുള്ള, ദീർഘകാലമായി യഹോവയെ സേവിക്കുന്ന ഒരാൾ പറയുന്നു: “എനിക്കു ചെയ്യാൻ ആഗ്രഹമുള്ള കാര്യങ്ങളെക്കുറിച്ചല്ല, മറിച്ച്‌ യഹോവ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ്‌ ഞാൻ ചിന്തിക്കുന്നത്‌. സ്വന്തം ഇഷ്ടങ്ങളിലല്ല, യഹോവയുടെ ഉദ്ദേശ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ്‌ വിശ്വസ്‌തത. കഷ്ടങ്ങൾ ഉണ്ടാകുമ്പോൾ, ‘യഹോവേ, എന്തുകൊണ്ട്‌ എനിക്ക്‌ ഇങ്ങനെ?’ എന്നു ഞാൻ പറയാറില്ല. അപ്രതീക്ഷിതമായി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നാലും ഞാൻ അവനോടു പറ്റിനിന്നുകൊണ്ട്‌ അവനെ സേവിക്കും.”

ഇന്ന്‌ ക്രിസ്‌തീയ സഭ യഹോവയെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നു. (യോഹ. 4:23, 24) ഇസ്രായേൽജനത യഹോവയെ മറന്നതുപോലെ സത്യക്രിസ്‌ത്യാനികൾ ഒരു കൂട്ടമെന്ന നിലയിൽ ദൈവത്തെ ഒരിക്കലും മറക്കില്ല. എന്നാൽ ആ ക്രിസ്‌തീയ സഭയിൽ ഒരംഗമാണ്‌ എന്നതുകൊണ്ടുമാത്രം വ്യക്തിപരമായി നാം വിശ്വസ്‌തരായിരിക്കുമെന്ന്‌ ഉറപ്പിച്ചുപറയാനാവില്ല. യോശുവയെയും കാലേബിനെയുംപോലെ നാം ഓരോരുത്തരും യഹോവയോടു നന്ദിയുള്ളവരായിരിക്കണം, അവന്റെ സേവനത്തിൽ സഹിഷ്‌ണുതയോടെ തുടരുകയും വേണം. അതിന്‌ തക്കതായ കാരണമുണ്ട്‌; ദുർഘടമായ ഈ അന്ത്യനാളുകളിൽ യഹോവ നമ്മെ വ്യക്തിപരമായി പരിപാലിക്കുകയും വഴിനടത്തുകയും ചെയ്‌തുകൊണ്ടാണിരിക്കുന്നത്‌.

യോശുവ സ്ഥാപിച്ച ആ സ്‌മാരകശിലകൾപോലെ യഹോവയുടെ രക്ഷാപ്രവൃത്തികളെക്കുറിച്ചുള്ള ലിഖിതരേഖ അവൻ നമ്മെ ഉപേക്ഷിക്കില്ല എന്നതിന്റെ ഉറപ്പാണ്‌. “ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും. ഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും” എന്ന്‌ എഴുതിയ സങ്കീർത്തനക്കാരന്റെ വികാരത്തോട്‌ നിങ്ങൾ യോജിക്കില്ലേ?—സങ്കീ. 77:11, 12.

[7-ാം പേജിലെ ചിത്രം]

‘വെള്ളമില്ലാത്ത വരണ്ട’ പ്രദേശത്തുകൂടി ഇസ്രായേൽ ജനതയ്‌ക്ക്‌ കടന്നുപോകേണ്ടിയിരുന്നു

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

[8-ാം പേജിലെ ചിത്രം]

കാദേശ്‌-ബർന്നേയയിൽ പാളയമടിച്ചപ്പോൾ ഇസ്രായേല്യർ വാഗ്‌ദത്തദേശത്തേക്ക്‌ ഒറ്റുകാരെ അയച്ചു

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

[9-ാം പേജിലെ ചിത്രം]

വർഷങ്ങളോളം മരുഭൂമിയിൽ കഴിഞ്ഞ ഇസ്രായേല്യർ ഫലഭൂയിഷ്‌ഠമായ വാഗ്‌ദത്തദേശത്തെപ്രതി നന്ദിയുള്ളവർ ആയിരിക്കേണ്ടിയിരുന്നു

[കടപ്പാട്‌]

Pictorial Archive (Near Eastern History) Est.

[10-ാം പേജിലെ ചിത്രം]

യഹോവയുടെ ഉദ്ദേശ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌ പ്രശ്‌നങ്ങളിന്മധ്യേ സഹിച്ചുനിൽക്കാൻ സഹായകമാണ്‌