വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങുന്നു’

‘യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങുന്നു’

‘യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങുന്നു’

ക്രിസ്റ്റബൽ കൊനെൽ പറഞ്ഞപ്രകാരം

ക്രിസ്റ്റഫറിന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം കൊടുത്തുകൊണ്ടിരുന്ന്‌ സമയം പോയത്‌ ഞങ്ങൾ അറിഞ്ഞതേയില്ല. നേരം പാതിരാത്രിയോട്‌ അടുത്തിരുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ ക്രിസ്റ്റഫർ ജനലിലൂടെ വെളിയിലേക്കു നോക്കുന്നതൊന്നും ഞങ്ങളുടെ കണ്ണിൽപ്പെട്ടില്ല. കുറേ സമയം കഴിഞ്ഞ്‌ അദ്ദേഹം പറഞ്ഞു: “ഇനി പോകാം, കുഴപ്പമില്ല.” ഞങ്ങൾ സൈക്കിളുകൾ വെച്ചിരുന്ന സ്ഥലംവരെ അദ്ദേഹം കൂട്ടുവന്നു. യാത്രപറഞ്ഞ്‌ ഞങ്ങൾ പിരിഞ്ഞു. അപകടകരമായ എന്താണ്‌ അദ്ദേഹം അന്നു വെളിയിൽ കണ്ടത്‌?

ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ 1927-നാണ്‌ ഞാൻ ജനിക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഞങ്ങളുടെ വീട്‌ ഒരു ബോംബാക്രമണത്തിൽ തകർന്നുപോയിരുന്നതിനാൽ എന്റെ വല്യമ്മച്ചിയുടെ കൂടെനിന്നാണ്‌ ഞാൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്‌. എന്തുകൊണ്ടാണ്‌ ഇത്രയധികം ദുഷ്ടതയും അക്രമവുമൊക്കെ നടക്കുന്നത്‌ എന്ന്‌ വിദ്യാർഥിയായിരിക്കെ കോൺവെന്റ്‌ സ്‌കൂളിലെ കന്യാസ്‌ത്രിമാരോടു ഞാൻ എപ്പോഴും ചോദിക്കുമായിരുന്നു. ഈ ചോദ്യം ഞാൻ മറ്റു പലരോടും ആവർത്തിച്ചു, തൃപ്‌തികരമായ ഒരു ഉത്തരംതരാൻ ആർക്കും കഴിഞ്ഞില്ല.

രണ്ടാം ലോകമഹായുദ്ധം കെട്ടടങ്ങിയിരുന്നു. കൊറിയൻ യുദ്ധത്തിനായി എന്റെ ചേട്ടൻ പോയി. നഴ്‌സിങ്‌ പഠനം പൂർത്തിയാക്കിയ എനിക്ക്‌ ലണ്ടനിലെ പഡിങ്‌റ്റൻ ജനറൽ ആശുപത്രിയിൽ ജോലി ലഭിച്ചു. എന്നാൽ ആ നഗരത്തിലും ഞാൻ കണ്ടത്‌ അക്രമങ്ങൾതന്നെയായിരുന്നു. അത്‌ എന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ആശുപത്രിക്കു വെളിയിൽ രണ്ടുപേർ തമ്മിൽ പൊരിഞ്ഞ അടിനടക്കുന്നത്‌ ഒരിക്കൽ ഞാൻ കാണാനിടയായി. അടികൊള്ളുന്ന ആളെ രക്ഷിക്കാൻ ആരും മുന്നോട്ടുവന്നില്ല; ശക്തമായ അടിയേറ്റ്‌ അയാളുടെ കാഴ്‌ച നഷ്ടപ്പെട്ടുപോകുകപോലും ചെയ്‌തു. അന്നൊക്കെ എന്നെയും കൂട്ടി അമ്മ ആത്മമധ്യവർത്തികളുടെ അടുത്തു പോകുക പതിവായിരുന്നു. ദുഷ്ടത ഇത്രയും അധികമായിരിക്കുന്നതിന്റെ കാരണം അറിയാനുള്ള എന്റെ ആഗ്രഹം അവിടെയും ഫലംകണ്ടില്ല.

ബൈബിൾ പഠിക്കാനുള്ള പ്രോത്സാഹനം

യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്ന എന്റെ മറ്റൊരു ചേട്ടൻ, ജോൺ ഒരു ദിവസം വീട്ടിൽവന്നു. “നിനക്കറിയാമോ എന്തുകൊണ്ടാണ്‌ ഇക്കണ്ട ദുഷ്ടതകളെല്ലാം നടക്കുന്നതെന്ന്‌?” ചേട്ടൻ എന്നോടു ചോദിച്ചു. “ഇല്ല” ഞാൻ പറഞ്ഞു. ബൈബിൾ തുറന്ന്‌ ചേട്ടൻ വെളിപ്പാടു 12:7-12 വായിച്ചു കേൾപ്പിച്ചു. പ്രധാനമായും സാത്താനും ഭൂതങ്ങളുമാണ്‌ തിന്മയുടെ പിന്നിലെന്ന്‌ എനിക്കതോടെ ബോധ്യമായി. ചേട്ടന്റെ വാക്ക്‌ സ്വീകരിച്ച്‌ ഒരു ബൈബിളധ്യയനത്തിനു ഞാൻ സമ്മതിച്ചു. എന്നാൽ മനുഷ്യഭയം എനിക്കൊരു കെണിയായിരുന്നു, അതുകൊണ്ടുതന്നെ സ്‌നാനമേൽക്കാൻ ഞാൻ മടിച്ചു.—സദൃ. 29:25.

ചേച്ചി ഡൊറത്തിയും ഒരു സാക്ഷിയായിരുന്നു. ന്യൂയോർക്കിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷൻ (1953) കഴിഞ്ഞ്‌ എത്തിയ ചേച്ചിയെയും പ്രതിശ്രുത വരൻ ബിൽ റോബർട്ട്‌സിനെയും കണ്ടപ്പോൾ സാക്ഷികളുടെകൂടെ ബൈബിൾ പഠിച്ചിരുന്ന കാര്യം ഞാൻ അവരോടു പറഞ്ഞു. അപ്പോൾ വന്നു ബില്ലിന്റെ ചോദ്യം: “പഠിച്ച പുസ്‌തകത്തിലെ എല്ലാ വാക്യങ്ങളും നീ എടുത്തു നോക്കിയിട്ടുണ്ടോ? പഠിക്കുമ്പോൾ നീ പുസ്‌തകത്തിൽ അടിവരയിടുമായിരുന്നോ?” “ഇല്ല” എന്ന എന്റെ ഉത്തരം കേട്ടമാത്രയിൽ അദ്ദേഹം പറഞ്ഞു: “എന്നാൽ നീ പഠിച്ചിട്ടില്ല! എത്രയും പെട്ടെന്ന്‌ ആ സഹോദരിയെ കണ്ടുപിടിച്ച്‌ വീണ്ടും അധ്യയനം തുടങ്ങ്‌!” ആ കാലത്ത്‌ ഭൂതങ്ങൾ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. എന്നെ രക്ഷിക്കാനും ഭൂതങ്ങളുടെ സ്വാധീനത്തിൽനിന്ന്‌ വിടുവിക്കാനുമായി ഞാൻ യഹോവയോടു പ്രാർഥിക്കുന്നത്‌ ഇന്നും എന്റെ മനസ്സിലുണ്ട്‌.

പയനിയറിങ്ങുമായി സ്‌കോട്ട്‌ലൻഡിലും അയർലൻഡിലും

1954 ജനുവരി 16-ന്‌ ആയിരുന്നു എന്റെ സ്‌നാനം. മേയ്‌ മാസത്തോടെ നഴ്‌സിങ്‌ കരാർ തീർന്നു, ജൂണിൽ പയനിയറിങ്‌ തുടങ്ങി. എട്ടുമാസം കഴിഞ്ഞപ്പോൾ എനിക്ക്‌ സ്‌കോട്ട്‌ലൻഡിലെ ഗ്രാൻഗേമൗത്തിൽ പ്രത്യേക പയനിയറായി നിയമനം ലഭിച്ചു. ആ ഒറ്റപ്പെട്ട പ്രദേശത്തു പ്രവർത്തിക്കുമ്പോൾ യഹോവയുടെ ദൂതന്മാർ എനിക്കു ‘ചുറ്റും പാളയമിറങ്ങിയിരിക്കുന്നതായാണ്‌’ എനിക്ക്‌ അനുഭവപ്പെട്ടത്‌.—സങ്കീ. 34:7.

അയർലൻഡിൽ സേവിക്കാനുള്ള ക്ഷണം കിട്ടുന്നത്‌ 1956-ലാണ്‌. ഗാൽവേ നഗരത്തിൽ മറ്റു രണ്ടു സഹോദരിമാരെക്കൂടെ നിയമിച്ചിരുന്നു. ആദ്യദിവസംതന്നെ ഞാൻ ഒരു കത്തോലിക്കാ പുരോഹിതന്റെ വീട്ടിൽ ചെന്നുകയറി. മിനിട്ടുകൾക്കകം ഒരു പോലീസുകാരൻ വന്ന്‌ എന്നെയും കൂടെയുണ്ടായിരുന്ന സഹോദരിയെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഞങ്ങളുടെ പേരും മേൽവിലാസവും കിട്ടിയപാടെ ആ പോലീസുകാരൻ ഫോണിന്റെ അടുത്തേക്കുപോയി. “ഫാദർ, അവർ എവിടെയാണു താമസിക്കുന്നതെന്ന്‌ എനിക്കു പിടികിട്ടി,” അയാൾ ഫോണിൽക്കൂടി പറയുന്നത്‌ ഞങ്ങൾ കേട്ടു. സത്യത്തിൽ ആ പുരോഹിതൻ വിളിച്ചുവരുത്തിയതായിരുന്നു അയാളെ! ഞങ്ങളെ വീട്ടിൽനിന്നു പുറത്താക്കണമെന്ന്‌ ചിലർ വീട്ടുടമസ്ഥനെ നിർബന്ധിച്ചു. അതുകൊണ്ട്‌, ആ പ്രദേശം വിട്ടുപൊയ്‌ക്കൊള്ളാൻ ബ്രാഞ്ചോഫീസ്‌ ഞങ്ങൾക്കു നിർദേശം നൽകി. റെയിൽവേ സ്റ്റേഷനിൽ ഞങ്ങൾ പത്തുമിനിട്ടു വൈകിയാണ്‌ എത്തിയതെങ്കിലും ട്രെയിൻ പോയിരുന്നില്ല. എന്നുതന്നെയല്ല, ഞങ്ങൾ അകത്തുകയറി എന്നുറപ്പാക്കാൻ ഒരാൾ അവിടെ കാത്തുനിൽക്കുന്നുമുണ്ടായിരുന്നു. വെറും മൂന്നേമൂന്ന്‌ ആഴ്‌ചയാണ്‌ ഞങ്ങൾ ഗാൽവേയിൽ കഴിഞ്ഞത്‌!

കത്തോലിക്കാ സഭയുടെ ശക്തികേന്ദ്രമായിരുന്ന ലിംറിക്‌ നഗരത്തിലായിരുന്നു അടുത്ത നിയമനം. ജനക്കൂട്ടത്തിന്റെ പരിഹാസവും അധിക്ഷേപവും നിത്യസംഭവങ്ങളായിരുന്നു അവിടെ. ഞങ്ങൾ ചെല്ലുമ്പോൾ വാതിൽ തുറക്കാൻപോലും പലർക്കും പേടിയായിരുന്നു. അതിന്‌ ഒരുവർഷംമുമ്പ്‌ അടുത്തുള്ള പട്ടണമായ ക്ലൂൺലാറായിൽവെച്ച്‌ ഒരു സഹോദരനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. അങ്ങനെയൊരു അവസരത്തിൽ, ആദ്യം പറഞ്ഞ ക്രിസ്റ്റഫർ തന്റെ ബൈബിൾ ചോദ്യങ്ങൾക്ക്‌ ഉത്തരംനൽകാനായി മടങ്ങിവരാൻ പറഞ്ഞപ്പോൾ ഞങ്ങൾക്ക്‌ എന്തെന്നില്ലാത്ത സന്തോഷംതോന്നി. ഞങ്ങൾ ക്രിസ്റ്റഫറിന്റെ വീട്ടിൽ ഇരിക്കുമ്പോൾ ഒരു പുരോഹിതൻ അകത്തേക്കു കയറിവന്ന്‌, ഞങ്ങളെ അവിടെനിന്നു ഇറക്കിവിടാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. “ഈ സ്‌ത്രീകൾ ഞാൻ ക്ഷണിച്ചിട്ടു വന്നതാണ്‌. എന്റെ അനുവാദം ചോദിച്ചിട്ടാണ്‌ അവർ അകത്തു കയറിയത്‌. താങ്കളെ ഞാൻ ക്ഷണിച്ചിട്ടുമില്ല, താങ്കളൊട്ട്‌ അനുവാദം ചോദിച്ചുമില്ല” ക്രിസ്റ്റഫറിന്റെ വാക്കുകേട്ട്‌ ദേഷ്യത്തോടെ അദ്ദേഹം ഇറങ്ങിപ്പോയി.

ആ പുരോഹിതൻ പോയി ഒരു വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച്‌ ഞങ്ങളെ പിടിക്കുന്നതിനുവേണ്ടി ക്രിസ്റ്റഫറിന്റെ വീടിനു പുറത്ത്‌ കാത്തുനിന്ന കാര്യം ഞങ്ങൾ അറിഞ്ഞിരുന്നില്ല. എന്നാൽ ക്രിസ്റ്റഫർ അതെല്ലാം കാണുന്നുണ്ടായിരുന്നു. ജനക്കൂട്ടം കലിതുള്ളി നിൽക്കുകയാണെന്നു മനസ്സിലാക്കി അദ്ദേഹം ചെയ്‌ത കാര്യമാണ്‌ തുടക്കത്തിൽ പരാമർശിച്ചത്‌. ആളുകളെല്ലാം പിരിഞ്ഞുപോകുന്നതുവരെ ഞങ്ങളെ അവിടെ പിടിച്ചിരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അധികം താമസിയാതെ അദ്ദേഹവും കുടുംബവും ആ നാടുവിട്ടു പോകാൻ നിർബന്ധിതരായെന്ന്‌ ഞങ്ങൾ അറിഞ്ഞു, പിന്നീട്‌ അവർ ഇംഗ്ലണ്ടിലേക്കു കുടിയേറി.

ഗിലെയാദ്‌ സ്‌കൂളിലേക്കുള്ള ക്ഷണം

1958-ൽ ന്യൂയോർക്കിൽ നടക്കാനിരുന്ന “ദിവ്യഹിത” അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോഴാണ്‌ 33-ാം ഗിലെയാദ്‌ ക്ലാസ്സിലേക്കുള്ള ക്ഷണം ലഭിക്കുന്നത്‌. സമ്മേളനം കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങാതെ ഞാൻ കാനഡയിലെ ഒൺടേറിയോയിലുള്ള കോളിങ്‌വുഡിലേക്കു പോയി. 1959-ൽ ഗിലെയാദ്‌ ക്ലാസ്‌ തുടങ്ങുന്നതുവരെ ഞാൻ അവിടെ സേവിച്ചു. സമ്മേളന സ്ഥലത്തുവെച്ച്‌ ഞാൻ എറിക്‌ കൊനെലിനെ പരിചയപ്പെട്ടിരുന്നു. 1957-ൽ സത്യം കിട്ടിയ അദ്ദേഹം 1958-ൽ പയനിയറിങ്‌ തുടങ്ങി. പരിചയപ്പെട്ട നാൾമുതൽ എല്ലാ ദിവസവും അദ്ദേഹം എനിക്ക്‌ കത്തെഴുതുമായിരുന്നു. ഞാൻ കാനഡയിൽ ആയിരുന്നപ്പോഴും പിന്നെ ഗിലെയാദ്‌ ക്ലാസ്സിലായിരുന്നപ്പോഴും അദ്ദേഹം ആ പതിവ്‌ തെറ്റിച്ചില്ല. എന്റെ ഗിലെയാദ്‌ പഠനം കഴിഞ്ഞാൽ ഞങ്ങൾ എന്തു ചെയ്യും എന്നായിരുന്നു എന്റെ ആശങ്ക മൊത്തവും.

ഗിലെയാദ്‌ പഠനകാലം എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ അനുഭവങ്ങളിലൊന്നാണ്‌. ഡൊറത്തിയും ഭർത്താവും അതേ ക്ലാസ്സിൽ എന്നോടൊപ്പം ഉണ്ടായിരുന്നു. അവരെ മിഷനറിമാരായി നിയമിച്ചത്‌ പോർട്ടുഗലിലേക്കായിരുന്നു. എന്നെയാകട്ടെ അയർലൻഡിലേക്കും. ചേച്ചിയോടൊപ്പമല്ല പോകുന്നതെന്നറിഞ്ഞപ്പോൾ എനിക്കുണ്ടായ നിരാശ എത്രയായിരുന്നെന്നോ? “ഞാൻ എന്തെങ്കിലും തെറ്റു ചെയ്‌തതുകൊണ്ടാണോ ഇങ്ങനെ?” ഞങ്ങളെ പഠിപ്പിച്ചിരുന്ന ഒരു സഹോദരനോടു ഞാൻ ചോദിച്ചു. “ഒരിക്കലുമല്ല. ലോകത്തിൽ എവിടെയും പോയി സേവിക്കാമെന്ന്‌ നീയും നിന്റെ കൂട്ടുകാരി ഇലീൻ മെയോണിയും സമ്മതിച്ചിരുന്നതല്ലേ?” അദ്ദേഹം ചോദിച്ചു. അയർലൻഡും ആ കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു രാജ്യമായിരുന്നു.

അയർലൻഡിലേക്കൊരു മടക്കയാത്ര

1959 ആഗസ്റ്റിലാണ്‌ ഞാൻ അയർലൻഡിൽ മടങ്ങിയെത്തുന്നത്‌. ഡൺലെറി സഭയിലായിരുന്നു നിയമനം. ഇതിനിടെ ഇംഗ്ലണ്ടിൽ തിരികെയെത്തിയിരുന്ന എറിക്കിന്‌ ഞാൻ അത്രയും അടുത്തെത്തിയതിന്റെ സന്തോഷമായിരുന്നു. അദ്ദേഹവും ഒരു മിഷനറിയാകാൻ ആഗ്രഹിച്ചു. അയർലൻഡിൽ കൂടുതൽ മിഷനറിമാരെ ആവശ്യമുള്ളതിനാൽ അവിടെവന്ന്‌ പയനിയറിങ്‌ തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഡൺലെറി സഭയിലേക്ക്‌ അദ്ദേഹവും വന്നു. തുടർന്ന്‌ 1961-ൽ ഞങ്ങൾ വിവാഹിതരായി.

ആറുമാസം കഴിഞ്ഞപ്പോൾ എറിക്‌ ഗുരുതരമായ ഒരു ബൈക്കപകടത്തിൽപ്പെട്ടു. തലയോട്ടിക്ക്‌ പൊട്ടലുള്ളതിനാൽ അദ്ദേഹത്തിന്റെ നില പരുങ്ങലിലാണെന്ന്‌ ഡോക്‌ടർമാർ വിധിയെഴുതി. എന്നാൽ മൂന്നാഴ്‌ച കഴിഞ്ഞ്‌ അദ്ദേഹം ആശുപത്രിവിട്ടു. തുടർന്ന്‌ പൂർണമായി സുഖംപ്രാപിക്കുന്നതുവരെ അഞ്ചുമാസം അദ്ദേഹത്തിനു വേണ്ടുന്ന പരിചരണം നൽകാൻ എനിക്കു കഴിഞ്ഞു. കഴിവിന്റെ പരമാവധി ശുശ്രൂഷയിൽ ഏർപ്പെടാൻ ഞാൻ ശ്രദ്ധിക്കുകയും ചെയ്‌തു.

വടക്കുപടിഞ്ഞാറൻ തീരത്തെ തുറമുഖ നഗരമായ സ്ലിഗോയിലേക്ക്‌ 1965-ൽ ഞങ്ങളെ നിയമിച്ചു. അന്ന്‌ ആ സഭയിലുള്ളത്‌ മൊത്തം എട്ടുപ്രസാധകർ. മൂന്നുവർഷം കഴിഞ്ഞ്‌, അൽപ്പം വടക്കുമാറിയുള്ള ലൺഡൺഡെറി എന്ന ഒരു കൊച്ചുസഭയിലേക്ക്‌ ഞങ്ങൾ പോയി. ഞങ്ങളുടെ വീടിന്റെ മുന്നിലുള്ള റോഡിനു കുറുകെ മുള്ളുവേലി ഇട്ടിരിക്കുന്നതാണ്‌ ഒരു ദിവസം വയൽസേവനം കഴിഞ്ഞു മടങ്ങിവന്ന ഞങ്ങൾ കണ്ടത്‌. വടക്കൻ അയർലൻഡിൽ അതിനോടകം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. യുവാക്കൾ സംഘം ചേർന്ന്‌ കാറുകൾ അഗ്നിക്കിരയാക്കി. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും രണ്ടായി പിരിഞ്ഞ്‌ നഗരത്തെ പകുത്തെടുത്തു. നഗരത്തിൽ ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്കു പോകുന്നത്‌ ഒട്ടും സുരക്ഷിതമല്ലാതായി.

കലാപനാളുകളിലെ ജീവിതവും സാക്ഷീകരണവും

അപ്പോഴും സുവാർത്തയുമായി ഞങ്ങൾ എങ്ങും സഞ്ചരിച്ചു. ദൂതന്മാർ ചുറ്റും പാളയമിറങ്ങിയിരിക്കുന്നതുപോലെയാണ്‌ അന്നു ഞങ്ങൾക്ക്‌ അനുഭവപ്പെട്ടത്‌. ഒരു പ്രദേശത്ത്‌ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു എന്നു കാണുമ്പോൾ ഞങ്ങൾ അവിടം വിട്ടുപോകും, അതു കെട്ടടങ്ങിയശേഷം തിരികെയെത്തും, ഇതായിരുന്നു ഞങ്ങളുടെ പതിവ്‌. ഒരിക്കൽ ഞങ്ങളുടെ അപ്പാർട്ടുമെന്റിനടുത്ത്‌ ഒരു കലാപംനടന്നു. അടുത്തുള്ള പെയിന്റുകടയുടെ ഒരു ഭാഗം തീപിടിത്തത്തിൽ പറന്നുവന്ന്‌ വീണത്‌ ഞങ്ങളുടെ ജനാലപ്പടിയിലാണ്‌. എപ്പോഴാണ്‌ ഞങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളിലേക്കു തീ പടരുകയെന്നു പേടിച്ച്‌ ആ രാത്രി ഞങ്ങൾ ഉറക്കമിളച്ചിരുന്നു. 1970-ൽ ഞങ്ങൾ ബെൽഫാസ്റ്റിലേക്കു താമസം മാറ്റി. അവിടെവെച്ച്‌ ഞങ്ങൾ അറിഞ്ഞു, ഒരു പെട്രോൾ ബോംബ്‌ എറിഞ്ഞ്‌ ആ പെയിന്റുകട കത്തിച്ചെന്നും അതോടൊപ്പം ഞങ്ങൾ അന്നു താമസിച്ചിരുന്ന അപ്പാർട്ടുമെന്റ്‌ കത്തിയമർന്നെന്നും.

ഞാനും മറ്റൊരു സഹോദരിയും വയൽസേവനത്തിലായിരുന്ന ഒരു ദിവസം. ഒരു ജനാലപ്പടിയിൽ സംശയാസ്‌പദമായനിലയിൽ ഒരു പൈപ്പിരിക്കുന്നതു കണ്ടു. ഞങ്ങൾ നടന്നുനീങ്ങി ഏതാനും മിനിട്ടു കഴിഞ്ഞുകാണും, അതു പൊട്ടിത്തെറിച്ചു. ഓടിക്കൂടിയ നാട്ടുകാർ കരുതിയത്‌ ഞങ്ങളാണ്‌ അത്‌ അവിടെ വെച്ചത്‌ എന്നായിരുന്നു. അപ്പോഴാണ്‌ അതിനടുത്തു താമസിക്കുന്ന ഒരു സഹോദരി ഞങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്‌, അവർ ഞങ്ങളെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. ഞങ്ങൾ നിരപരാധികളാണെന്ന്‌ അതോടെ നാട്ടുകാർക്കു ബോധ്യമായി.

1971-ൽ ഒരു സഹോദരിയെ സന്ദർശിക്കാൻ ഞങ്ങൾ ലൺഡൺഡെറിയിൽ പോയി. ഞങ്ങൾ വന്ന വഴിയെക്കുറിച്ചും ബാരിക്കേഡിനെക്കുറിച്ചും പറഞ്ഞപ്പോൾ സഹോദരി ചോദിച്ചു: “ബാരിക്കേഡിനടുത്ത്‌ ആരുമില്ലായിരുന്നോ?” “ഉണ്ടായിരുന്നു, പക്ഷേ അവർ ഞങ്ങളെ കണ്ടതായിപ്പോലും ഭാവിച്ചില്ല” എന്നു പറഞ്ഞപ്പോൾ സഹോദരിക്ക്‌ വിശ്വസിക്കാനായില്ല. അതിനടുത്ത ദിവസങ്ങളിലായിരുന്നു കലാപകാരികൾ ഒരു ഡോക്‌ടറുടെയും പോലീസുകാരന്റെയും കാറുകൾ തട്ടിയെടുത്ത്‌ ചാമ്പലാക്കിയത്‌.

1972-ൽ ഞങ്ങൾ കോർക്ക്‌ എന്ന സ്ഥലത്തേക്കു മാറി. പിന്നീട്‌ നാസിലും അർക്ക്‌ലോയിലും സേവിച്ചു. ഇപ്പോൾ ഞങ്ങൾ സേവിക്കുന്ന കാസിൽബാറിലേക്ക്‌ ഞങ്ങളെ നിയമിക്കുന്നത്‌ 1987-ലാണ്‌. ഇവിടത്തെ രാജ്യഹാൾ പണിയുന്നതിൽ സഹായിക്കാനായത്‌ ഒരു വലിയ പദവിയായാണ്‌ ഞങ്ങൾ കരുതുന്നത്‌. 1999–ൽ എറിക്കിന്‌ ഗുരുതരമായ ഒരു രോഗം ബാധിച്ചു. യഹോവയുടെ സഹായവും സഭയുടെ സ്‌നേഹപുരസ്സരമായ പിന്തുണയുമാണ്‌ പിടിച്ചുനിൽക്കാനും അദ്ദേഹത്തെ പരിചരിക്കാനും എന്നെ സഹായിച്ചത്‌.

എറിക്കിനും എനിക്കും രണ്ടുതവണ പയനിയർ സേവന സ്‌കൂളിൽ പങ്കെടുക്കാനായി. അദ്ദേഹം ഇന്നും ഒരു മൂപ്പനായി സേവിക്കുന്നു. ഒരു കടുത്ത ആർത്രൈറ്റിസ്‌ രോഗിയാണ്‌ ഞാൻ. എന്റെ ഇടുപ്പെല്ലുകളും മുട്ടുചിരട്ടകളും ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കിയിട്ടുണ്ട്‌. എനിക്ക്‌ മതത്തിന്റെ ശക്തമായ എതിർപ്പ്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌, രാഷ്‌ട്രീയ, സാമൂഹിക അരാജകത്വം കൊടികുത്തിവാണിരുന്ന സമയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്‌; എങ്കിലും ഇതിലെല്ലാം വലിയ വെല്ലുവിളി വന്നത്‌ ഡ്രൈവിങ്ങിനോടു വിടപറയേണ്ടി വന്നപ്പോഴാണ്‌. എന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്മേൽ കടിഞ്ഞാൺ വീണത്‌ ഒരു പരിശോധന തന്നെയായിരുന്നു. എനിക്കൊപ്പം നിന്നുകൊണ്ട്‌ സഭ ഒരുപാട്‌ സഹായിച്ചു. ഒരു ഊന്നുവടിയുടെ സഹായത്തോടെയാണ്‌ ഞാനിപ്പോൾ നടക്കുന്നത്‌, അൽപ്പം ദൂരത്തേക്കൊക്കെ പോകാൻ ബാറ്ററി ഘടിപ്പിച്ച ഒരു മുച്ചക്ര സൈക്കിളുണ്ട്‌.

എറിക്കും ഞാനും കൂടി പ്രത്യേകപയനിയർ സേവനത്തിൽ മൊത്തം 100 വർഷം പിന്നിട്ടിരിക്കുന്നു, അതിൽ 98 വർഷവും അയർലൻഡിലായിരുന്നു. വിരമിക്കുന്നതിനെക്കുറിച്ച്‌ ഞങ്ങൾ ചിന്തിച്ചിട്ടേയില്ല. അത്ഭുതങ്ങൾ ഒന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല, പക്ഷേ ഒന്നു ഞങ്ങൾക്കറിയാം: യഹോവയെ ഭയപ്പെടുകയും വിശ്വസ്‌തമായി സേവിക്കുകയും ചെയ്യുന്നവർക്കു ചുറ്റും അവന്റെ ശക്തരായ ദൂതന്മാർ ‘പാളയമിറങ്ങുന്നുണ്ട്‌.’