വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശുശ്രൂഷയിൽ സഹിച്ചുനിൽക്കാൻ നിങ്ങൾക്കു കഴിയുമോ?

ശുശ്രൂഷയിൽ സഹിച്ചുനിൽക്കാൻ നിങ്ങൾക്കു കഴിയുമോ?

ശുശ്രൂഷയിൽ സഹിച്ചുനിൽക്കാൻ നിങ്ങൾക്കു കഴിയുമോ?

ക്ഷീണിതരും നിരുത്സാഹിതരുമായിട്ട്‌ പ്രസംഗവേല നിറുത്തിക്കളയാൻ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എതിർപ്പ്‌, ഉത്‌കണ്‌ഠ, അനാരോഗ്യം, സമപ്രായക്കാരിൽനിന്നുള്ള സമ്മർദം, ശുശ്രൂഷയിൽ ഫലം ലഭിക്കാത്ത അവസ്ഥ എന്നിവ നമ്മുടെ സഹിഷ്‌ണുത പരിശോധിച്ചേക്കാം. എന്നാൽ യേശുവിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്ത്‌” അതികഠിനമായ പരിശോധനകളിന്മധ്യേപോലും അവൻ സഹിച്ചുനിന്നു. (എബ്രാ. 12:2) ദൈവത്തിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നു തെളിയിക്കുന്നതിലൂടെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാകുമെന്ന്‌ അവന്‌ അറിയാമായിരുന്നു.—സദൃ. 27:11.

ശുശ്രൂഷയിൽ സഹിച്ചുനിന്നുകൊണ്ട്‌ നിങ്ങൾക്കും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനാകും. ചില പ്രതിബന്ധങ്ങൾ നിങ്ങളുടെ ആത്മീയ ഊർജം ചോർത്തിക്കളയുന്നെങ്കിലെന്ത്‌? പ്രായാധിക്യത്താലും അനാരോഗ്യത്താലും വലയുന്ന ക്രിസ്റ്റീന പറയുന്നു: “കൂടെക്കൂടെ എനിക്ക്‌ ക്ഷീണവും നിരാശയും അനുഭവപ്പെടുന്നു. അനാരോഗ്യവും പ്രായത്തിന്റേതായ ആകുലതകളുംപോലുള്ള പ്രശ്‌നങ്ങൾ എന്റെ തീക്ഷ്‌ണതയെ താത്‌കാലികമായെങ്കിലും കെടുത്തിക്കളയാറുണ്ട്‌.” ഇതുപോലുള്ള പ്രതിബന്ധങ്ങളിന്മധ്യേ നിങ്ങൾക്ക്‌ എങ്ങനെ ശുശ്രൂഷയിൽ സഹിച്ചുനിൽക്കാനാകും?

പ്രവാചകന്മാരെ അനുകരിക്കുക

പുരാതനകാലത്തെ പ്രവാചകന്മാരുടെ മനോഭാവം നട്ടുവളർത്തുന്നെങ്കിൽ വിശ്വസ്‌ത രാജ്യപ്രസാധകർക്ക്‌ ശുശ്രൂഷയിൽ സഹിച്ചുനിൽക്കാനാകും. യിരെമ്യാവിന്റെ കാര്യംതന്നെ എടുക്കാം. പ്രവാചകവൃത്തി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അവൻ ആദ്യമൊന്നു മടിച്ചു. എന്നിരുന്നാലും ദൈവത്തിൽ പൂർണമായി ആശ്രയിക്കാൻ പഠിച്ചതുകൊണ്ട്‌ 40-ലധികം വർഷം ആ ദുഷ്‌കരമായ നിയമനത്തിൽ തുടരാൻ അവനു സാധിച്ചു.—യിരെ. 1:6; 20:7-11.

യിരെമ്യാവിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ പ്രോത്സാഹനം ഉൾക്കൊള്ളുന്ന ഒരാളാണ്‌ ഹെൻറിക്‌. അദ്ദേഹം പറയുന്നു: “70-ലധികം വർഷമായി ഞാൻ ശുശ്രൂഷ തുടങ്ങിയിട്ട്‌. ഈ കാലഘട്ടത്തിൽ ഉടനീളം ആളുകളുടെ മോശമായ പ്രതികരണവും ശത്രുതാമനോഭാവവും നിസ്സംഗതയും പലപ്പോഴും എന്നെ നിരാശപ്പെടുത്തിയിട്ടുണ്ട്‌. അപ്പോഴെല്ലാം ഞാൻ പ്രവാചകനായ യിരെമ്യാവിനെ ഓർക്കും. യഹോവയോടുള്ള അവന്റെ സ്‌നേഹവും ശക്തമായ ആത്മീയതയുമാണല്ലോ പ്രവാചകവൃത്തിയിൽ തുടരാൻ അവനെ സഹായിച്ചത്‌.” (യിരെ. 1:17) യിരെമ്യാവിന്റെ മാതൃകയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട മറ്റൊരാളാണ്‌ റാഫോ. അദ്ദേഹം പറയുന്നു: “തന്നെക്കുറിച്ചോ തന്റെ വികാരങ്ങളെക്കുറിച്ചോ അധികം ചിന്തിക്കാതെ യിരെമ്യാവ്‌ ദൈവത്തിൽ ആശ്രയംവെച്ചു. ചുറ്റും ശത്രുക്കൾ അനവധി ഉണ്ടായിരുന്നപ്പോഴും അവൻ നിർഭയം തന്റെ പ്രവർത്തനം തുടർന്നു. ഇക്കാര്യം ഞാൻ എപ്പോഴും മനസ്സിൽപ്പിടിക്കാറുണ്ട്‌.”

ശുശ്രൂഷയിൽ സഹിച്ചുനിൽക്കുന്നതിന്‌ യെശയ്യാ പ്രവാചകന്റെ മാതൃകയും അനേകരെ സഹായിച്ചിട്ടുണ്ട്‌. സ്വന്തം ദേശക്കാർ അവന്റെ വാക്കുകൾക്കു ചെവികൊടുക്കില്ലെന്ന്‌ ദൈവം അവനോടു പറഞ്ഞു. “അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും . . . ചെയ്‌ക” എന്ന്‌ യഹോവ അരുളിച്ചെയ്‌തു. അതിന്റെ അർഥം യെശയ്യാവിന്റെ പ്രവാചകവൃത്തികൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടാകുമായിരുന്നില്ല എന്നാണോ? ദൈവത്തിന്റെ കാഴ്‌ചപ്പാടിൽ അത്‌ അങ്ങനെയല്ലായിരുന്നു. പ്രവാചകനായി നിയമനം ലഭിച്ചപ്പോൾ “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നാണ്‌ യെശയ്യാവ്‌ പ്രതികരിച്ചത്‌. (യെശ. 6:8-10) അതിനു ചേർച്ചയിൽ അവൻ പ്രവർത്തിക്കുകയും ചെയ്‌തു. പ്രസംഗിക്കാനുള്ള കൽപ്പനയോട്‌ അതേ വിധത്തിലാണോ നിങ്ങളും പ്രതികരിക്കുന്നത്‌?

ആളുകൾ നിസ്സംഗമനോഭാവം കാണിക്കുമ്പോഴും ശുശ്രൂഷയിൽ തുടരാൻ കഴിയേണ്ടതിന്‌ പ്രതികൂല പ്രതികരണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാതിരിക്കുക, അതാണ്‌ യെശയ്യാവ്‌ ചെയ്‌തത്‌. നിരുത്സാഹം ഉണ്ടാകുമ്പോൾ റാഫോ ചെയ്യുന്നത്‌ എന്താണെന്നു നോക്കുക: “ആരെങ്കിലും മോശമായി വല്ലതും പറഞ്ഞാൽ ഞാനത്‌ അവിടെവെച്ചുതന്നെ മറന്നുകളയും. ഞാൻ കണ്ടുമുട്ടുന്ന ആളുകൾക്ക്‌ എങ്ങനെ വേണമെങ്കിലും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌.” അന്ന പറയുന്നു: “സന്തോഷം കെടുത്തിക്കളയുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച്‌ ഞാൻ തലപുണ്ണാക്കാറില്ല. വയൽസേവനത്തിനു പോകുന്നതിനുമുമ്പ്‌ ഞാൻ പ്രാർഥിക്കുകയും ദിനവാക്യം പരിശോധിക്കുകയും ചെയ്യും; അതാണ്‌ സഹിച്ചുനിൽക്കാൻ എന്നെ സഹായിക്കുന്നത്‌. നിഷേധാത്മകചിന്തകൾ ഉണ്ടായാലും അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളയാൻ എനിക്കാകുന്നു.”

പ്രവാചകനായ യെഹെസ്‌കേൽ ആകട്ടെ, ബാബിലോണിൽ പ്രവാസത്തിലായിരുന്ന മത്സരികളായ യഹൂദന്മാരുടെ ഇടയിലാണു പ്രവർത്തിച്ചത്‌. (യെഹെ. 2:6) ദൈവത്തിന്റെ വചനം ആളുകളോട്‌ അറിയിക്കാതിരിക്കുകയും ദുഷ്ടന്മാരായ ആരെങ്കിലും മുന്നറിയിപ്പു ലഭിക്കാതെ മരിക്കുകയും ചെയ്‌തിരുന്നെങ്കിൽ യെഹെസ്‌കേലിന്‌ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരുമായിരുന്നു. “അവന്റെ രക്തമോ ഞാൻ നിന്നോടു ചോദിക്കും” എന്ന്‌ യഹോവ യെഹെസ്‌കേലിനോടു പറഞ്ഞു.—യെഹെ. 3:17, 18.

യെഹെസ്‌കേലിന്റെ അതേ വീക്ഷണം വെച്ചുപുലർത്താനാണ്‌ ഹെൻറിക്‌ ശ്രമിക്കുന്നത്‌: “രക്തപാതകം എന്റെ തലയിൽവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓരോ വ്യക്തിയുടെയും ജീവൻ വളരെ വിലയേറിയതാണല്ലോ?” (പ്രവൃ. 20:26, 27) സമാനമായ ചിന്തയാണ്‌ സ്‌ബിഗ്‌ന്യൂവിനും ഉള്ളത്‌: “ആളുകൾ എന്തുതന്നെ ചിന്തിച്ചാലും അതു ഗണ്യമാക്കാതെ യെഹെസ്‌കേലിനു തന്റെ നിയമനവുമായി മുന്നോട്ടു പോകേണ്ടിയിരുന്നു. പ്രസംഗ പ്രവർത്തനം സംബന്ധിച്ച സ്രഷ്ടാവിന്റെ വീക്ഷണം നിലനിറുത്താൻ ഇത്‌ എന്നെ സഹായിക്കുന്നു.”

നിങ്ങൾ ഒറ്റയ്‌ക്കല്ല

പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ നിങ്ങൾ ഒറ്റയ്‌ക്കല്ല എന്ന കാര്യം ഓർക്കുക. അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ നമുക്കും പറയാനാകും: “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ.” (1 കൊരി. 3:9) തുടക്കത്തിൽ പരാമർശിച്ച ക്രിസ്റ്റീനയ്‌ക്കു പറയാനുള്ളത്‌ എന്താണെന്നു നോക്കാം. ഇടയ്‌ക്കൊക്കെ നിരാശ തോന്നാറുള്ളതായി സമ്മതിക്കുന്ന അവർ പറയുന്നു: “അതുകൊണ്ടാണ്‌ ശക്തി ലഭിക്കുന്നതിനായി ഞാൻ നിരന്തരം യഹോവയോടു പ്രാർഥിക്കുന്നത്‌. ഞാൻ തളർന്നുപോകാൻ അവൻ അനുവദിക്കില്ലെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.” അതെ, ശുശ്രൂഷയിൽ ദൈവാത്മാവിന്റെ പിന്തുണ നമുക്കു കൂടിയേ തീരൂ!—സെഖ. 4:6.

വയൽസേവനത്തിൽ ഏർപ്പെടുമ്പോൾ ‘ആത്മാവിന്റെ ഫലം’ പ്രകടിപ്പിക്കാനും പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കുന്നു. (ഗലാ. 5:22, 23) അങ്ങനെ, എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും പ്രസംഗവേലയിൽ സ്ഥിരോത്സാഹം കാണിക്കാൻ നമുക്കു കഴിയും. ഹെൻറിക്‌ നിരീക്ഷിക്കുന്നു: “വയൽസേവനത്തിൽ ഏർപ്പെടുന്നതിലൂടെ എന്റെ വ്യക്തിത്വം മെച്ചപ്പെടുത്താൻ എനിക്കാകുന്നു. എളുപ്പം മടുത്തുപോകാതെ ക്ഷമയും പരിഗണനയും ഉള്ളവനായിരിക്കാൻ ഞാൻ പഠിക്കുന്നു.” പ്രതിബന്ധങ്ങളെ വകവെക്കാതെ ശുശ്രൂഷയിൽ സഹിച്ചുനിൽക്കുന്നെങ്കിൽ ആത്മാവിന്റെ ഫലം പ്രകടിപ്പിക്കുന്നതിൽ മെച്ചപ്പെടാൻ നിങ്ങൾക്കാകും.

ഈ വേല മുന്നോട്ടുകൊണ്ടുപോകാൻ യഹോവ ദൂതന്മാരെയും ഉപയോഗിക്കുന്നുണ്ട്‌. (വെളി. 14:6) “പതിനായിരം പതിനായിരവും ആയിരം ആയിരവും” ദൂതന്മാർ ഉള്ളതായി ബൈബിൾ വെളിപ്പെടുത്തുന്നു. (വെളി. 5:11) അവർ യേശുവിന്റെ മാർഗനിർദേശത്തിൻകീഴിൽ ഭൂമിയിലെ ദൈവദാസന്മാരെ സഹായിക്കുന്നു. വയൽസേവനത്തിലായിരിക്കുമ്പോൾ നിങ്ങൾ ഇക്കാര്യം ഓർക്കാറുണ്ടോ?

“ശുശ്രൂഷയിൽ ദൂതന്മാരും ഒപ്പമുണ്ട്‌ എന്നോർക്കുന്നത്‌ എനിക്ക്‌ വലിയൊരു പ്രോത്സാഹനമാണ്‌. യഹോവയുടെയും യേശുവിന്റെയും മേൽനോട്ടത്തിൽ അവർ നൽകുന്ന സഹായം ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു” അന്ന പറയുന്നു. വിശ്വസ്‌തരായ ദൂതന്മാരോടൊപ്പം പ്രവർത്തിക്കാനാകുക, എത്ര മഹത്തായ പദവി!

പ്രോത്സാഹനത്തിന്റെയും സഹായത്തിന്റെയും മറ്റൊരു ഉറവാണ്‌ സഹരാജ്യപ്രസാധകർ. വിശ്വസ്‌ത സാക്ഷികളുടെ വലിയ ഒരു കൂട്ടത്താൽ അനുഗൃഹീതരാണ്‌ നാം. “ഇരിമ്പു ഇരിമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മൂർച്ചകൂട്ടുന്നു” എന്ന വാക്കുകൾ എത്ര സത്യമാണെന്ന്‌ നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ?—സദൃ. 27:17.

പരിചിതമല്ലാത്ത ഫലപ്രദമായ പുതിയ രീതികൾ പഠിച്ചെടുക്കാനുള്ള സുവർണാവസരമാണ്‌ മറ്റുള്ളവരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നമുക്കു ലഭിക്കുന്നത്‌. എൽജ്‌ബീറ്റ പറയുന്നു: “പലരോടൊപ്പം മാറിമാറി പ്രവർത്തിക്കുന്നതിലൂടെ അവരോടും വയലിൽ കണ്ടുമുട്ടുന്നവരോടും സ്‌നേഹം കാണിക്കാനാകുന്നു.” വ്യത്യസ്‌ത പ്രസാധകരോടൊത്ത്‌ ശുശ്രൂഷയിൽ ഏർപ്പെടാൻ ശ്രമിക്കുക. അതു നിങ്ങളുടെ ശുശ്രൂഷ രസകരമാക്കും.

നിങ്ങളുടെ ആവശ്യങ്ങളിൽ ശ്രദ്ധിക്കുക

ശുശ്രൂഷയിലെ നമ്മുടെ ഉത്സാഹം നിലനിറുത്തുന്നതിന്‌ നന്നായി ആസൂത്രണം ചെയ്യുക, വ്യക്തിപരമായ പഠനം ദിനചര്യയുടെ ഭാഗമാക്കുക, വേണ്ടത്ര വിശ്രമിക്കുക. നമ്മുടെ ആത്മീയവും ശാരീരികവും ആയ ആവശ്യങ്ങൾക്കു ശ്രദ്ധകൊടുക്കുക എന്നു സാരം.

ബൈബിൾ പറയുന്നു: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു.” (സദൃ. 21:5) 88 വയസ്സുള്ള സിഗ്‌മണ്ട്‌ പറയുന്നു: “നല്ല ചിട്ടയോടെ പ്രവർത്തിക്കുന്നത്‌ ശുശ്രൂഷയിൽ ഫലപ്രദനായിരിക്കാൻ എന്നെ സഹായിക്കുന്നു. ശുശ്രൂഷയ്‌ക്ക്‌ മതിയായ സമയം ലഭിക്കുന്ന വിധത്തിലാണ്‌ ഞാൻ കാര്യാദികൾ ക്രമീകരിക്കുന്നത്‌.”

തിരുവെഴുത്തുകളിലുള്ള ആഴമായ ജ്ഞാനം ശുശ്രൂഷയ്‌ക്കായി നമ്മെ ബലപ്പെടുത്തുകയും സജ്ജരാക്കുകയും ചെയ്യുന്നു. ഭൗതിക ആഹാരം ക്രമമായി കഴിക്കുന്നത്‌ പ്രധാനമായിരിക്കുന്നതുപോലെ, ആത്മീയ ആഹാരം ക്രമമായി ഭക്ഷിക്കേണ്ടതും പ്രധാനമാണ്‌. ശുശ്രൂഷയിൽ ക്രമമുള്ളവരായി തുടരുന്നതിന്‌ അതു നമ്മെ സഹായിക്കും. ദിവസവും ദൈവവചനം വായിക്കുന്നതും തക്കസമയത്തെ ആത്മീയ ഭക്ഷണം കഴിക്കുന്നതും ശുശ്രൂഷയ്‌ക്ക്‌ ആവശ്യമായ ഊർജം പ്രദാനം ചെയ്യും.—മത്താ. 24:45-47.

ശുശ്രൂഷ മെച്ചപ്പെടുത്തുന്നതിന്‌ എൽജ്‌ബീറ്റ തന്റെ ജീവിതശൈലിയിൽ കാതലായ മാറ്റങ്ങൾ വരുത്തി. അവൾ പറയുന്നു: “ടിവി കാണുന്ന സമയം ഏറെ വെട്ടിക്കുറച്ചതുകൊണ്ട്‌ ശുശ്രൂഷയ്‌ക്കു തയ്യാറെടുക്കുന്നതിനുള്ള സമയം കണ്ടെത്താനായി. ദിവസവും വൈകിട്ട്‌ ബൈബിൾ വായിക്കുമ്പോൾ വയലിൽ കണ്ടുമുട്ടിയ ആളുകളെക്കുറിച്ച്‌ ഞാൻ ചിന്തിക്കാറുണ്ട്‌. അവർക്കു പ്രയോജനകരമായ തിരുവെഴുത്തുകളും ലേഖനങ്ങളും കണ്ടെത്താനും ഞാൻ ശ്രമിക്കും.”

നന്നായി വിശ്രമിക്കുന്നത്‌ ഊർജസ്വലരായിരിക്കാനും അങ്ങനെ ശുശ്രൂഷയിൽ പരമാവധി പ്രവർത്തിക്കാനും നിങ്ങളെ സഹായിക്കും. എന്നാൽ വിനോദത്തിനും മറ്റും ഒരുപാട്‌ സമയം ചെലവഴിക്കുന്നത്‌ നിങ്ങളുടെ ശുശ്രൂഷയുടെ ഗുണനിലവാരത്തെ മോശമായി ബാധിക്കും. തീക്ഷ്‌ണതയുള്ള പ്രസാധകനായ അൻഡ്രസ്‌ പറയുന്നു: “വേണ്ടത്ര വിശ്രമിച്ചില്ലെങ്കിൽ പെട്ടെന്നു തളർന്നുപോകും. അത്‌ നിരുത്സാഹത്തിലേക്കു നയിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു.”—സഭാ. 4:6.

നാം എത്രയൊക്കെ ആത്മാർഥമായി ശ്രമിച്ചാലും വളരെ കുറച്ചുപേർ മാത്രമേ സുവാർത്തയോട്‌ അനുകൂലമായി പ്രതികരിക്കാറുള്ളൂ. യഹോവ പക്ഷേ, നാം ചെയ്യുന്നത്‌ മറന്നുകളയില്ല. (എബ്രാ. 6:10) നമ്മോടു സംസാരിക്കാൻ പലരും താത്‌പര്യം കാണിക്കാറില്ലെങ്കിലും, നാം പോന്നതിനുശേഷം അവർ നമ്മുടെ സന്ദർശനത്തെക്കുറിച്ച്‌ സംസാരിച്ചേക്കാം. അതിന്റെ ഫലം ഒരുപക്ഷേ യെഹെസ്‌കേലിന്റെ നാളിൽ സംഭവിച്ചതുപോലെ ആയിരിക്കാം. “തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന്‌” ആളുകൾ തീർച്ചയായും “അറിയും.” (യെഹെ. 2:5) നമ്മുടെ ശുശ്രൂഷ എളുപ്പമുള്ള ഒന്നല്ല; എന്നാൽ ഇത്‌ നമുക്കുതന്നെ പ്രയോജനം ചെയ്യുന്നു, കൂടാതെ നമ്മെ ശ്രദ്ധിക്കുന്നവർക്കും.

“ശുശ്രൂഷയിൽ പങ്കെടുക്കുന്നതിലൂടെ പുതുവ്യക്തിത്വം ധരിക്കാനും ദൈവത്തോടും അയൽക്കാരോടും സ്‌നേഹം കാണിക്കാനും നമുക്കാകുന്നു,” സിഗ്‌മണ്ട്‌ പറയുന്നു. “ഈ ജീവരക്ഷാകരവേലയിൽ പങ്കെടുക്കാനാകുന്നത്‌ ഒരു പദവിതന്നെയാണ്‌. ഇതേ അളവിലും സാഹചര്യങ്ങളിലും ഈ പ്രവർത്തനം ഇനി ഒരിക്കലും ആവർത്തിക്കപ്പെടില്ല,” അൻഡ്രസ്‌ കൂട്ടിച്ചേർത്തു. ശുശ്രൂഷയിൽ സ്ഥിരോത്സാഹത്തോടെ സഹിച്ചുനിൽക്കുന്നെങ്കിൽ നിങ്ങൾക്കും നിരവധിയായ അനുഗ്രഹങ്ങൾ കൊയ്യാനാകും.—2 കൊരി. 4:1, 2.

[31-ാം പേജിലെ ചിത്രങ്ങൾ]

നമ്മുടെ ആത്മീയവും ശാരീരികവും ആയ ആവശ്യങ്ങൾക്കായി കരുതുന്നത്‌ ശുശ്രൂഷയിൽ സഹിച്ചുനിൽക്കാൻ സഹായിക്കും