വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇയ്യോബ്‌ യഹോവയുടെ നാമം വാഴ്‌ത്തി

ഇയ്യോബ്‌ യഹോവയുടെ നാമം വാഴ്‌ത്തി

ഇയ്യോബ്‌ യഹോവയുടെ നാമം വാഴ്‌ത്തി

“യഹോവയുടെ നാമം വാഴ്‌ത്തപ്പെടുമാറാകട്ടെ.”—ഇയ്യോ. 1:21.

1. ആരായിരിക്കാം ഇയ്യോബിന്റെ പുസ്‌തകം എഴുതിയത്‌, എപ്പോൾ?

ഫറവോനെ ഭയന്ന്‌ ഈജിപ്‌തിൽനിന്ന്‌ മിദ്യാനിലേക്ക്‌ ഓടിപ്പോയ സമയത്ത്‌ മോശെക്ക്‌ ഏകദേശം 40 വയസ്സായിരുന്നു. (പ്രവൃ. 7:23) അതിനു സമീപത്തുള്ള ഊസ്‌ ദേശത്ത്‌ പാർത്തിരുന്ന ഇയ്യോബിനു നേരിട്ട പരിശോധനകളെക്കുറിച്ച്‌ അവിടെയായിരിക്കെ അവൻ കേട്ടിരിക്കണം. അനേക വർഷങ്ങൾക്കുശേഷം മരുപ്രയാണത്തിന്റെ അന്തിമഘട്ടത്തിൽ മോശെയും ഇസ്രായേൽ ജനതയും ഊസ്‌ ദേശത്തിന്‌ അടുത്തെത്തിയപ്പോൾ ഇയ്യോബിന്റെ അവസാനവർഷങ്ങളെക്കുറിച്ച്‌ അവൻ മനസ്സിലാക്കിയിട്ടുണ്ടാകാം. ഇയ്യോബ്‌ മരിച്ച്‌ കുറച്ചുകാലത്തിനുശേഷം മോശെ ഇയ്യോബിന്റെ പുസ്‌തകം എഴുതിയെന്നാണ്‌ യഹൂദചരിത്രം പറയുന്നത്‌.

2. ഇയ്യോബിന്റെ പുസ്‌തകം ഇന്നത്തെ യഹോവയുടെ ദാസന്മാർക്ക്‌ പ്രോത്സാഹനമായിരിക്കുന്നത്‌ എങ്ങനെ?

2 ഇയ്യോബിന്റെ പുസ്‌തകം പല വിധങ്ങളിൽ ആധുനികനാളിലെ ദൈവദാസന്മാരുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. എങ്ങനെ? സ്വർഗത്തിൽ നടന്ന, വളരെ പ്രാധാന്യമുള്ള ചില സംഭവങ്ങളെക്കുറിച്ചു മനസ്സിലാക്കാൻ ഈ വിവരണം നമ്മെ സഹായിക്കുന്നു. ദൈവത്തിന്റെ അഖിലാണ്ഡ പരമാധികാരം എന്ന സുപ്രധാന വിവാദവിഷയത്തിലേക്ക്‌ അതു നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. നിർമലത പാലിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്നതു സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കാനും ചിലപ്പോഴൊക്കെ തന്റെ ദാസന്മാർ കഷ്ടപ്പെടാൻ യഹോവ അനുവദിക്കുന്നതിന്റെ കാരണം മനസ്സിലാക്കാനും ഇയ്യോബിന്റെ പുസ്‌തകം നമ്മെ സഹായിക്കുന്നു. മാത്രമല്ല, യഹോവയുടെ മുഖ്യ എതിരാളിയും മാനവരാശിയുടെ ശത്രുവും എന്നനിലയിൽ അത്‌ സാത്താനെ തുറന്നുകാട്ടുകയും ചെയ്യുന്നു. കടുത്ത പരിശോധനകളിന്മധ്യേയും ഇയ്യോബിനെപ്പോലുള്ള അപൂർണമനുഷ്യർക്ക്‌ യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളാനാകുമെന്നും ഈ വിവരണം വ്യക്തമാക്കുന്നു. അതിലെ ചില സംഭവങ്ങൾ നമുക്കൊന്ന്‌ അവലോകനം ചെയ്യാം.

സാത്താൻ ഇയ്യോബിനെ പരീക്ഷിക്കുന്നു

3. ഇയ്യോബിനെക്കുറിച്ച്‌ നമുക്ക്‌ എന്തെല്ലാം അറിയാം, സാത്താൻ അവനെ ലക്ഷ്യമിട്ടത്‌ എന്തുകൊണ്ട്‌?

3 വളരെ സമ്പത്തും സ്വാധീനവും ഉണ്ടായിരുന്ന ഇയ്യോബ്‌ നല്ല ധാർമിക ഗുണങ്ങളുള്ള ഒരു കുടുംബനാഥനായിരുന്നു. മറ്റുള്ളവർക്ക്‌ ഉപദേശങ്ങൾ നൽകുകയും എളിയവരെ സഹായിക്കുകയും ചെയ്‌തിരുന്ന ആദരണീയനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ഏറ്റവും ശ്രദ്ധേയമായ സംഗതി ഇയ്യോബിന്റെ ദൈവഭയമായിരുന്നു. “നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും” എന്നാണ്‌ തിരുവെഴുത്തുകൾ ഇയ്യോബിനെക്കുറിച്ചു പറയുന്നത്‌. ഇയ്യോബിന്റെ സമ്പത്തും സ്വാധീനവും നിമിത്തമല്ല, അവന്റെ ദൈവഭക്തി നിമിത്തമാണ്‌ പിശാചായ സാത്താൻ അവനെ ലക്ഷ്യമിട്ടത്‌.—ഇയ്യോബ്‌ 1:1; 29:7-16; 31:1.

4. എന്താണ്‌ നിർമലത?

4 സ്വർഗത്തിൽ യഹോവയുടെ മുമ്പാകെ ദൂതന്മാർ കൂടിവന്ന ഒരു സന്ദർഭത്തെക്കുറിച്ചുള്ള വിവരണം ഇയ്യോബ്‌ ഒന്നാം അധ്യായത്തിൽ കാണാം. സാത്താനും സന്നിഹിതനായിരുന്നു; അവൻ ഇയ്യോബിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. (ഇയ്യോബ്‌ 1:6-11 വായിക്കുക.) ഇയ്യോബിന്റെ സമ്പത്തിനെക്കുറിച്ച്‌ അവൻ പരാമർശിച്ചെങ്കിലും അവന്റെ നിർമലതയെ ചോദ്യംചെയ്യുന്നതിലാണ്‌ സാത്താൻ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. “നിർമലത” എന്ന പദത്തിൽ നേര്‌, നിഷ്‌കളങ്കത, നീതി, കുറ്റമില്ലായ്‌മ എന്നീ ആശയങ്ങളാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. യഹോവയോടുള്ള സമ്പൂർണഭക്തിയെ കുറിക്കാനാണ്‌ ബൈബിളിൽ നിർമലത അഥവാ നിഷ്‌കളങ്കത എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌.

5. ഇയ്യോബിനോടുള്ള ബന്ധത്തിൽ സാത്താന്റെ അവകാശവാദം എന്തായിരുന്നു?

5 ഇയ്യോബ്‌ ദൈവത്തെ ആരാധിക്കുന്നതിന്റെ പിന്നിൽ നിർമലതയല്ല, സ്വാർഥതയാണ്‌ ഉള്ളതെന്ന്‌ സാത്താൻ അവകാശപ്പെട്ടു. ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും ഉള്ളിടത്തോളം കാലമേ ഇയ്യോബ്‌ ദൈവത്തോടു വിശ്വസ്‌തനായിരിക്കുകയുള്ളൂ എന്നായിരുന്നു സാത്താന്റെ വാദം. ആ ആരോപണം തെറ്റാണെന്നു തെളിയിക്കാനായി തന്റെ വിശ്വസ്‌തദാസനെ പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിച്ചു. അങ്ങനെ ഒരു ദിവസത്തിനുള്ളിൽ ഇയ്യോബിന്‌ തന്റെ ആടുമാടുകളെല്ലാം നഷ്ടമായി, അവന്റെ ഭൃത്യന്മാർ വധിക്കപ്പെട്ടു, അവന്റെ പത്തു മക്കളും കൊല്ലപ്പെട്ടു. (ഇയ്യോ. 1:13-19) ആകട്ടെ, ഇയ്യോബ്‌ സാത്താന്റെ മുമ്പിൽ മുട്ടുമടക്കിയോ? തനിക്കു നേരിട്ട ദുരന്തത്തോട്‌ ഇയ്യോബ്‌ പ്രതികരിച്ച വിധത്തെക്കുറിച്ച്‌ നിശ്വസ്‌ത വിവരണം പറയുന്നു: “യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്‌ത്തപ്പെടുമാറാകട്ടെ.”—ഇയ്യോ. 1:21.

6. (എ) സ്വർഗത്തിൽ നടന്ന മറ്റൊരു കൂടിവരവിൽ എന്താണ്‌ സംഭവിച്ചത്‌? (ബി) ഇയ്യോബിന്റെ നിർമലതയെ ചോദ്യംചെയ്‌തപ്പോൾ സാത്താന്റെ മനസ്സിൽ ആരെല്ലാമാണ്‌ ഉണ്ടായിരുന്നത്‌?

6 പിന്നീട്‌, സ്വർഗത്തിൽ മറ്റൊരു കൂടിവരവ്‌ നടന്നു. വീണ്ടും ഇയ്യോബിനുനേരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്‌ സാത്താൻ പറഞ്ഞു: “ത്വക്കിന്നു പകരം ത്വക്ക്‌; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും. നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” ആ ആരോപണങ്ങളിൽ ഇയ്യോബ്‌ മാത്രമല്ല ഉൾപ്പെട്ടിരുന്നത്‌ എന്ന കാര്യം ശ്രദ്ധിക്കുക. “മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്നു പറഞ്ഞപ്പോൾ ഇയ്യോബിന്റെ മാത്രമല്ല, യഹോവയെ ആരാധിക്കുന്ന ഏതൊരു “മനുഷ്യ”ന്റെയും നിർമലതയെ ചോദ്യംചെയ്യുകയായിരുന്നു സാത്താൻ. അതേത്തുടർന്ന്‌, വേദനാജനകമായ ഒരു രോഗം വരുത്തിക്കൊണ്ട്‌ ഇയ്യോബിനെ പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിച്ചു. (ഇയ്യോ. 2:1-8) എന്നാൽ, ഇയ്യോബിന്റെ പരിശോധന അവിടംകൊണ്ട്‌ അവസാനിച്ചില്ല.

ഇയ്യോബിൽനിന്നു നമുക്ക്‌ പഠിക്കാൻ കഴിയുന്നത്‌

7. ഇയ്യോബിന്റെ ഭാര്യയും അവനെ ആശ്വസിപ്പിക്കാൻവന്ന മൂന്നുസുഹൃത്തുക്കളും അവന്റെമേൽ സമ്മർദം ചെലുത്തിയത്‌ എങ്ങനെ?

7 തുടക്കത്തിൽ ഇയ്യോബിനു നേരിട്ട പരിശോധനകൾ അവന്റെ ഭാര്യയെയും വല്ലാതെ ബാധിച്ചു. സമ്പത്തും മക്കളും നഷ്ടപ്പെട്ടത്‌ അവൾക്കു താങ്ങാനാവുന്നതിലേറെയായിരുന്നു, ഇപ്പോഴിതാ ഭർത്താവ്‌ വേദനാജനകമായ ഒരു രോഗത്തിന്റെ പിടിയിലായിരിക്കുന്നു. അവൾ ആകെ തകർന്നുപോയിരിക്കണം. അവൾ ഇയ്യോബിനോട്‌ ഇങ്ങനെ പറയുന്നു: “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക.” അടുത്തതായി എലീഫസ്‌, ബിൽദാദ്‌, സോഫർ എന്നിവർ ഇയ്യോബിനെ കാണാൻ വരുന്നു. അവനെ ആശ്വസിപ്പിക്കാനായി വന്ന അവർ പക്ഷേ, വഴിതെറ്റിക്കുന്ന ന്യായവാദങ്ങളാണ്‌ നിരത്തിയത്‌. അങ്ങനെ ഇയ്യോബിനെ സംബന്ധിച്ചിടത്തോളം അവർ “വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ” ആയിത്തീർന്നു. ഇയ്യോബിന്റെ മക്കൾ ചെയ്‌ത തെറ്റിന്റെ ശിക്ഷയാണ്‌ അവർ അനുഭവിച്ചത്‌ എന്ന്‌ ബിൽദാദ്‌ ആരോപിച്ചു. മുൻകാലപാപങ്ങളുടെ ഫലമാണ്‌ ഇയ്യോബ്‌ ഇപ്പോൾ അനുഭവിക്കുന്നത്‌ എന്നാണ്‌ എലീഫസ്‌ സൂചിപ്പിച്ചത്‌. നിർമലത പാലിക്കുന്നവർക്ക്‌ ദൈവത്തിന്റെ മുമ്പിൽ വിലയുണ്ടോ എന്നുപോലും അവൻ ചോദിച്ചു. (ഇയ്യോ. 2:9, 11; 4:8; 8:4; 16:2; 22:2, 3) അത്തരം കടുത്ത സമ്മർദത്തിന്മധ്യേയും ഇയ്യോബ്‌ നിർമലത പാലിച്ചു. “ദൈവത്തെക്കാൾ തന്നെത്താൻ നീതീകരി”ക്കാനുള്ള ഇയ്യോബിന്റെ ശ്രമം തെറ്റായിരുന്നു എന്നതിനു സംശയമില്ല. (ഇയ്യോ. 32:2) എന്നിരുന്നാലും ഈ പരിശോധനകളിലൊന്നിലും ഇയ്യോബ്‌ തന്റെ വിശ്വസ്‌തത കൈവിട്ടുകളഞ്ഞില്ല.

8. ബുദ്ധിയുപദേശം നൽകേണ്ടിവരുന്നവർക്ക്‌ ഇന്ന്‌ എലീഹൂവിനെ എങ്ങനെ അനുകരിക്കാം?

8 ഇയ്യോബിനെ സന്ദർശിച്ച എലീഹൂവിനെക്കുറിച്ചും നാം വായിക്കുന്നു. ആദ്യം എലീഹൂ, ഇയ്യോബും അവന്റെ ആശ്വാസകരും പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകേട്ടു. ആ നാലുപേരെക്കാളും പ്രായം കുറഞ്ഞവനായിരുന്നെങ്കിലും എലീഹൂ ഈ സന്ദർഭത്തിൽ കൂടുതൽ ജ്ഞാനപൂർവം സംസാരിച്ചു. അവിടത്തെ രീതിയനുസരിച്ച്‌, ഒരാളെ പേരിനാൽ അഭിസംബോധന ചെയ്യുന്നത്‌ ആദരവിന്റെ തെളിവായിരുന്നു. അതുകൊണ്ട്‌ ഇയ്യോബിന്റെ പേരുവിളിച്ച്‌ വളരെ ആദരവോടെയാണ്‌ എലീഹൂ അവനോടു സംസാരിച്ചത്‌. ഇയ്യോബിന്റെ നിർമലതയെപ്രതി എലീഹൂ അവനെ അഭിനന്ദിക്കുകപോലും ചെയ്‌തു. എന്നാൽ സ്വന്തം നിഷ്‌കളങ്കത തെളിയിക്കുന്നതിലായിരുന്നു ഇയ്യോബ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌ എന്ന കാര്യം എലീഹൂ വ്യക്തമാക്കി. തുടർന്ന്‌, ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നത്‌ ഒരിക്കലും ഒരു നഷ്ടമാകില്ലെന്ന്‌ എലീഹൂ ഇയ്യോബിന്‌ ഉറപ്പുകൊടുത്തു. (ഇയ്യോബ്‌ 36:1, 11 വായിക്കുക.) മറ്റുള്ളവർക്ക്‌ ബുദ്ധിയുപദേശം നൽകേണ്ടിവരുമ്പോൾ അനുകരിക്കാൻപറ്റിയ എത്ര നല്ല മാതൃക! എലീഹൂ ക്ഷമകാണിച്ചു, നന്നായി ശ്രദ്ധിച്ചു, സാധ്യമായപ്പോൾ അഭിനന്ദിച്ചു, പ്രോത്സാഹജനകമായ ബുദ്ധിയുപദേശം നൽകി.—ഇയ്യോ. 32:6; 33:32.

9. യഹോവ ഇയ്യോബിനെ സഹായിച്ചത്‌ എങ്ങനെ?

9 ഒടുവിൽ, അവിശ്വസനീയവും ഭയാദരവ്‌ ഉണർത്തുന്നതുമായ ഒരു അനുഭവം ഇയ്യോബിനുണ്ടായി. വിവരണം പറയുന്നു: “യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളി.” ഒന്നിനുപുറകേ ഒന്നായി പല ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്‌ യഹോവ ഇയ്യോബിന്റെ ചിന്താഗതിയെ ദയാപുരസ്സരം എന്നാൽ ദൃഢതയോടെ തിരുത്തുന്നു. ആ തിരുത്തൽ മനസ്സോടെ സ്വീകരിച്ചുകൊണ്ട്‌ ഇയ്യോബ്‌ പറയുന്നു: “ഞാൻ നിസ്സാരനല്ലോ, . . . [ഞാൻ] പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” ഇയ്യോബിനോട്‌ സംസാരിച്ചുതീർന്നശേഷം അവന്റെ അടുക്കൽവന്ന മൂന്നു വ്യാജ ആശ്വാസകർക്കുനേരെ യഹോവയുടെ കോപം ജ്വലിച്ചു; കാരണം യഹോവയെക്കുറിച്ച്‌ അവർ പറഞ്ഞതു സത്യമല്ലായിരുന്നു. ഇയ്യോബ്‌ അവർക്കുവേണ്ടി പ്രാർഥിക്കേണ്ടിവന്നു. “ഇയ്യോബ്‌ തന്റെ സ്‌നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു.”—ഇയ്യോ. 38:1; 40:4; 42:6-10.

യഹോവയോട്‌ നമുക്ക്‌ എത്രമാത്രം സ്‌നേഹമുണ്ട്‌?

10. യഹോവ സാത്താന്റെ ആരോപണം തള്ളിക്കളയുകയോ അവനെ നശിപ്പിച്ചുകളയുകയോ ചെയ്യാതിരുന്നത്‌ എന്തുകൊണ്ട്‌?

10 സകലത്തിന്റെയും സ്രഷ്ടാവാണ്‌ യഹോവ; അഖിലാണ്ഡത്തിന്റെ പരമാധികാരി. എന്നിട്ടും, എന്തുകൊണ്ടാണ്‌ ദൈവം പിശാചിന്റെ ആരോപണം തള്ളിക്കളയാതിരുന്നത്‌? സാത്താന്റെ ആരോപണം തള്ളിക്കളയുന്നതോ അവനെ നശിപ്പിച്ചുകളയുന്നതോ വിവാദവിഷയത്തിന്‌ പരിഹാരമാകില്ലെന്ന്‌ ദൈവത്തിന്‌ അറിയാമായിരുന്നു. പിശാചിന്റെ ആദ്യത്തെ ആരോപണം, നിർമലതയുടെ ഉത്തമ മാതൃകയായിരുന്ന ഇയ്യോബിന്റെ സാമ്പത്തിക ഭദ്രത തകർന്നാൽ അവൻ ദൈവത്തോടു വിശ്വസ്‌തനായിരിക്കില്ല എന്നായിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഇയ്യോബിനെ തോൽപ്പിക്കാൻ പിശാചിനു കഴിഞ്ഞില്ല. അടുത്തതായി, ശാരീരികക്ലേശം അനുഭവിക്കേണ്ടിവന്നാൽ ഏതൊരു മനുഷ്യനും ദൈവത്തെ ഉപേക്ഷിക്കുമെന്ന്‌ സാത്താൻ വാദിച്ചു. സാത്താന്റെ ആ വെല്ലുവിളിയെയും ഇയ്യോബ്‌ വിജയകരമായി നേരിട്ടു; അവൻ നിർമലത കൈവിട്ടില്ല. അങ്ങനെ, അപൂർണനെങ്കിലും വിശ്വസ്‌തനായ ആ മനുഷ്യനോടുള്ള ബന്ധത്തിൽ സാത്താൻ നുണയനാണെന്നു തെളിഞ്ഞു. ആകട്ടെ, ദൈവത്തിന്റെ മറ്റ്‌ ആരാധകരെ സംബന്ധിച്ചോ?

11. സാത്താന്റെ വെല്ലുവിളിക്ക്‌ യേശു തൃപ്‌തികരമായ ഉത്തരം നൽകിയത്‌ എങ്ങനെ?

11 സാത്താന്റെ ഏതൊരു പരിശോധനയിന്മധ്യേയും നിർമലത പാലിക്കുന്ന ഒരു ദൈവദാസൻ, ക്രൂരനായ ആ ശത്രുവിന്റെ അവകാശവാദം തന്റെ കാര്യത്തിൽ തെറ്റാണെന്നു തെളിയിക്കുകയായിരിക്കും. യേശു ഭൂമിയിൽവന്ന്‌ സാത്താന്റെ വെല്ലുവിളിക്ക്‌ തൃപ്‌തികരമായ ഉത്തരം നൽകി. നമ്മുടെ ആദ്യപിതാവായ ആദാമിനെപ്പോലെ പൂർണനായ ഒരു മനുഷ്യനായിരുന്നു യേശു. മരണത്തോളമുള്ള യേശുവിന്റെ വിശ്വസ്‌തത, സാത്താൻ നുണയനാണെന്നും അവന്റെ ആരോപണങ്ങൾ വ്യാജമാണെന്നും അസന്ദിഗ്‌ധമായി തെളിയിച്ചു.—വെളി. 12:10.

12. യഹോവയുടെ ഓരോ ദാസനും എന്തിനുള്ള അവസരവും ഉത്തരവാദിത്വവും ഉണ്ട്‌?

12 സാത്താൻ ഇന്നും യഹോവയുടെ ആരാധകരെ പരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്‌. സ്വാർഥകാരണങ്ങളാലല്ല, സ്‌നേഹം നിമിത്തമാണ്‌ നാം യഹോവയെ സേവിക്കുന്നതെന്നു തെളിയിക്കാനുള്ള അവസരവും ഉത്തരവാദിത്വവും നമുക്കോരോരുത്തർക്കും ഉണ്ട്‌. യഹോവയോടു വിശ്വസ്‌തത പാലിക്കാനുള്ള ഉത്തരവാദിത്വത്തെ നാം എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? അതു വാസ്‌തവത്തിൽ ഒരു ബഹുമതിയല്ലേ? സഹിച്ചുനിൽക്കാനുള്ള ശക്തി യഹോവ നൽകുന്നുവെന്നും ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ അവൻ പരിശോധനകൾക്ക്‌ ഒരു പരിധിവെക്കുന്നുവെന്നും അറിയുന്നത്‌ ആശ്വാസകരമല്ലേ?—1 കൊരി. 10:13.

സാത്താൻ—ധിക്കാരിയായ എതിരാളിയും വിശ്വാസത്യാഗിയും

13. ഇയ്യോബിന്റെ പുസ്‌തകം സാത്താനെക്കുറിച്ച്‌ എന്തു വിശദാംശങ്ങൾ നൽകുന്നു?

13 യഹോവയെ വെല്ലുവിളിക്കുന്നതിലും മനുഷ്യവർഗത്തെ വഴിതെറ്റിക്കുന്നതിലും സാത്താൻ വഹിച്ച നിന്ദ്യമായ പങ്കിനെക്കുറിച്ച്‌ എബ്രായ തിരുവെഴുത്തുകൾ വിശദമാക്കുന്നു. യഹോവയോടുള്ള അവന്റെ മത്സരത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ നൽകുന്നുണ്ട്‌; യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തെയും സാത്താന്റെ അന്തിമനാശത്തെയും കുറിച്ച്‌ വെളിപ്പാടു പുസ്‌തകത്തിൽ നാം വായിക്കുന്നു. സാത്താന്റെ മത്സരത്തെപ്പറ്റി കൂടുതൽ അറിയാൻ ഇയ്യോബിന്റെ പുസ്‌തകം നമ്മെ സഹായിക്കുന്നു. യഹോവയെ സ്‌തുതിക്കാൻ വേണ്ടിയല്ല സാത്താൻ സ്വർഗത്തിലെ കൂടിവരവിൽ സംബന്ധിച്ചത്‌; ദുഷ്ടലാക്കും ദ്രോഹബുദ്ധിയുമാണ്‌ അവനെ അവിടെ എത്തിച്ചത്‌. ഇയ്യോബിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും അവനെ പരീക്ഷിക്കാനുള്ള അനുമതി നേടിയെടുക്കുകയും ചെയ്‌തശേഷം “സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.”—ഇയ്യോ. 1:12; 2:7.

14. ഇയ്യോബിനോടുള്ള സാത്താന്റെ മനോഭാവം എന്തായിരുന്നു?

14 മനുഷ്യവർഗത്തിന്റെ നിഷ്‌ഠുരനായ ഒരു ശത്രുവായി സാത്താനെ ഇയ്യോബിന്റെ പുസ്‌തകം തുറന്നുകാട്ടുന്നു. ഇയ്യോബ്‌ 1:6-ൽ പറഞ്ഞിരിക്കുന്ന കൂടിവരവിനുശേഷം എത്രകാലം കഴിഞ്ഞാണ്‌ 2:1-ലെ കൂടിവരവ്‌ നടന്നത്‌ എന്നു നമുക്കറിയില്ല. ആ ഇടവേളയിലാണ്‌ ഇയ്യോബ്‌ ദാരുണമായി പരീക്ഷിക്കപ്പെട്ടത്‌. ഇയ്യോബ്‌ വിശ്വസ്‌തത പാലിച്ചതിനാൽ യഹോവയ്‌ക്ക്‌ സാത്താനോട്‌ ഇങ്ങനെ പറയാൻ കഴിഞ്ഞു: “അവൻ തന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു.” എന്നാൽ തന്റെ അവകാശവാദം പാളിപ്പോയെന്ന വസ്‌തുത അംഗീകരിക്കാൻ സാത്താൻ തയ്യാറായില്ല. പകരം, ഇയ്യോബിനെ കഠിനമായ മറ്റൊരു പരിശോധനയ്‌ക്ക്‌ വിധേയനാക്കാൻ അനുവദിക്കണമെന്ന്‌ അവൻ യഹോവയോട്‌ ആവശ്യപ്പെട്ടു. അങ്ങനെ, ഇയ്യോബിന്റെ സമൃദ്ധിയിലും ദാരിദ്ര്യത്തിലും സാത്താൻ അവനെ പരീക്ഷിച്ചു. എളിയവരോടും ദുരന്തങ്ങൾക്ക്‌ ഇരയായവരോടും അവന്‌ യാതൊരു കരുണയുമില്ല എന്നു വ്യക്തം. നിർമലത പാലിക്കുന്നവരോട്‌ അവനു വെറുപ്പാണ്‌. (ഇയ്യോ. 2: 3-5) ഇതിന്റെയെല്ലാം മധ്യേ വിശ്വസ്‌തനായി നിന്നുകൊണ്ട്‌ സാത്താൻ നുണയനാണെന്ന്‌ ഇയ്യോബ്‌ തെളിയിച്ചു.

15. സാത്താനും ആധുനികകാല വിശ്വാസത്യാഗികൾക്കും തമ്മിൽ എന്തു സമാനതയാണുള്ളത്‌?

15 പിശാചാണ്‌ ആദ്യത്തെ വിശ്വാസത്യാഗി. അവന്റെ സ്വഭാവഗുണങ്ങളാണ്‌ ആധുനികകാല വിശ്വാസത്യാഗികൾക്കുള്ളത്‌. സഭയിലെ സഹോദരങ്ങളോടും മൂപ്പന്മാരോടും ഭരണസംഘത്തോടും ഉള്ള വിമർശന മനോഭാവത്താൽ വിഷലിപ്‌തമായിരിക്കും അവരുടെ മനസ്സ്‌. വിശ്വാസത്യാഗികളിൽ ചിലരാകട്ടെ, യഹോവ എന്ന നാമം ഉപയോഗിക്കുന്നതിനെത്തന്നെ എതിർക്കുന്നവരാണ്‌. യഹോവയെക്കുറിച്ച്‌ പഠിക്കാനോ അവനെ സേവിക്കാനോ അല്ല അവർക്കു താത്‌പര്യം. തങ്ങളുടെ പിതാവായ സാത്താനെപ്പോലെ വിശ്വാസത്യാഗികളും, നിർമലത പാലിക്കുന്നവരെയാണ്‌ ലക്ഷ്യമിടുന്നത്‌. (യോഹ. 8:44) യഹോവയുടെ ആരാധകർ അത്തരക്കാരുമായുള്ള ഏതൊരു സമ്പർക്കവും ഒഴിവാക്കുന്നതിൽ അതിശയമില്ല!—2 യോഹ. 10, 11.

ഇയ്യോബ്‌ യഹോവയുടെ നാമം വാഴ്‌ത്തി

16. യഹോവയോടുള്ള ഇയ്യോബിന്റെ മനോഭാവം എന്തായിരുന്നു?

16 ഇയ്യോബ്‌ യഹോവയുടെ നാമം ഉപയോഗിക്കുകയും ആ നാമം വാഴ്‌ത്തുകയും ചെയ്‌തു. മക്കളുടെ മരണവാർത്ത കേട്ട്‌ മനംതകർന്നിരുന്നപ്പോഴും ഇയ്യോബ്‌ ദൈവത്തിന്റെമേൽ പഴിചാരിയില്ല. തനിക്കുള്ളതെല്ലാം “യഹോവ എടുത്തു”വെന്ന്‌ ഇയ്യോബ്‌ തെറ്റിദ്ധരിച്ചെങ്കിലും അവൻ യഹോവയുടെ നാമം വാഴ്‌ത്തിയെന്ന്‌ തിരുവെഴുത്തു പറയുന്നു. പിൽക്കാലത്തെ അവന്റെ പ്രശസ്‌തമായ ഒരു സുഭാഷിതം ഇങ്ങനെയാണ്‌: “കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം.”—ഇയ്യോ. 28:28.

17. നിർമലത പാലിക്കാൻ ഇയ്യോബിനെ സഹായിച്ചത്‌ എന്ത്‌?

17 നിർമലത പാലിക്കാൻ ഇയ്യോബിനെ സഹായിച്ചത്‌ എന്താണ്‌? ദുരന്തങ്ങൾ ആഞ്ഞടിക്കുന്നതിനു മുമ്പുതന്നെ അവൻ യഹോവയുമായി അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നു. സാത്താൻ യഹോവയെ വെല്ലുവിളിച്ചതിനെക്കുറിച്ച്‌ ഇയ്യോബിന്‌ അറിയാമായിരുന്നോ എന്നു വ്യക്തമല്ല; എന്നാൽ വിശ്വസ്‌തത പാലിക്കാൻ അവൻ ദൃഢനിശ്ചയം ചെയ്‌തിരുന്നു എന്നുള്ളതു സ്‌പഷ്ടമാണ്‌. ‘ഞാൻ മരിക്കുവോളം എന്റെ നിഷ്‌കളങ്കത്വം [അഥവാ നിർമലത] ഉപേക്ഷിക്കയില്ല,’ അവൻ പറഞ്ഞു. (ഇയ്യോ. 27:5) ദൈവവുമായി ഇത്ര അടുത്ത ബന്ധം വളർത്തിയെടുക്കാൻ ഇയ്യോബിന്‌ എങ്ങനെ സാധിച്ചു? തന്റെ അകന്ന ബന്ധുക്കളായ അബ്രാഹാം, യിസ്‌ഹാക്‌, യാക്കോബ്‌ എന്നിവരുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെക്കുറിച്ച്‌ കേട്ട കാര്യങ്ങൾ അവൻ മനസ്സിൽ സൂക്ഷിക്കുകയും അതേക്കുറിച്ച്‌ ധ്യാനിക്കുകയും ചെയ്‌തിരുന്നു എന്നതിനു സംശയമില്ല. മാത്രമല്ല, തനിക്കു ചുറ്റുമുള്ള സൃഷ്ടികളിൽനിന്ന്‌ യഹോവയുടെ പല ഗുണങ്ങളെക്കുറിച്ചും ഇയ്യോബ്‌ മനസ്സിലാക്കി.—ഇയ്യോബ്‌ 12:7-9, 13, 16 വായിക്കുക.

18. (എ) ഇയ്യോബ്‌ എങ്ങനെയാണ്‌ യഹോവയോടുള്ള ഭക്തി പ്രകടിപ്പിച്ചത്‌? (ബി) ഏതെല്ലാം വിധങ്ങളിലാണ്‌ നാം ഇയ്യോബിന്റെ നല്ല മാതൃക അനുകരിക്കുന്നത്‌?

18 ഇയ്യോബ്‌ മനസ്സിലാക്കിയ കാര്യങ്ങൾ, യഹോവയെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം അവനിൽ ഉളവാക്കി. കുടുംബാംഗങ്ങൾ ദൈവത്തെ അപ്രീതിപ്പെടുത്തുംവിധം പ്രവർത്തിക്കുകയോ ‘ഹൃദയംകൊണ്ട്‌ അവനെ ത്യജിക്കുകയോ’ ചെയ്‌തിരിക്കാമെന്നു കരുതി ഇയ്യോബ്‌ പതിവായി യാഗങ്ങൾ അർപ്പിക്കുമായിരുന്നു. (ഇയ്യോ. 1:5) കടുത്ത പരിശോധന നേരിട്ടപ്പോൾപ്പോലും ഇയ്യോബ്‌ യഹോവയെക്കുറിച്ച്‌ നല്ലതുമാത്രമേ പറഞ്ഞുള്ളൂ. (ഇയ്യോ. 10:12) എത്ര നല്ല മാതൃക! നമ്മളും യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ സൂക്ഷ്‌മപരിജ്ഞാനം നേടുന്നതിൽ തുടരുന്നു. പഠനം, ക്രിസ്‌തീയ യോഗങ്ങൾ, പ്രാർഥന, സുവാർത്താഘോഷണം തുടങ്ങിയ ആത്മീയ പ്രവർത്തനങ്ങളുടെ നല്ലൊരു ചര്യ നാം നിലനിറുത്തുന്നു. അതുപോലെ, യഹോവയുടെ നാമം പ്രസിദ്ധമാക്കാൻ നമ്മളാൽ സാധിക്കുന്നതെല്ലാം നാം ചെയ്യുന്നു. ഇയ്യോബിന്റെ നിർമലത യഹോവയെ സന്തോഷിപ്പിച്ചതുപോലെ, ഇന്നത്തെ ദൈവദാസന്മാരുടെ നിർമലത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. അതേക്കുറിച്ച്‌ ചർച്ചചെയ്യുന്നതാണ്‌ അടുത്ത ലേഖനം.

നിങ്ങൾ ഓർമിക്കുന്നുവോ?

• സാത്താൻ ഇയ്യോബിനെ ലക്ഷ്യമിട്ടത്‌ എന്തുകൊണ്ട്‌?

• ഇയ്യോബിന്‌ എന്തെല്ലാം പരിശോധനകൾ നേരിട്ടു, അവൻ എങ്ങനെ പ്രതികരിച്ചു?

• ഇയ്യോബിനെപ്പോലെ നിർമലത പാലിക്കാൻ നമ്മെ എന്തു സഹായിക്കും?

• ഇയ്യോബിന്റെ പുസ്‌തകത്തിൽനിന്ന്‌ സാത്താനെക്കുറിച്ച്‌ നമുക്ക്‌ എന്തു മനസ്സിലാക്കാം?

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച വിവാദവിഷയം സദാ മനസ്സിൽപ്പിടിക്കാൻ ഇയ്യോബിന്റെ വിവരണം നമ്മെ സഹായിക്കുന്നു

[6-ാം പേജിലെ ചിത്രം]

ഏതെല്ലാം സാഹചര്യങ്ങളിൽ നിങ്ങളുടെ നിർമലത പരിശോധിക്കപ്പെട്ടേക്കാം?