വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വലിയ മോശെ ആരാണ്‌?

വലിയ മോശെ ആരാണ്‌?

വലിയ മോശെ ആരാണ്‌?

“ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്‌പിച്ചുതരും; . . . നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.”—പ്രവൃ. 3:22.

1. യേശുക്രിസ്‌തു ചരിത്രത്തെ സ്വാധീനിച്ചിരിക്കുന്നത്‌ എങ്ങനെ?

രണ്ടായിരം വർഷംമുമ്പായിരുന്നു ആ ആൺകുട്ടിയുടെ ജനനം. ആ സമയത്ത്‌ ഒരുകൂട്ടം സ്വർഗീയ ദൂതന്മാർ ചില ആട്ടിടയന്മാർ കേൾക്കെ ദൈവത്തെ പാടി സ്‌തുതിച്ചതായി ലൂക്കൊസിന്റെ വിവരണം പറയുന്നു. (ലൂക്കൊ. 2:8-14) 30 വർഷത്തിനുശേഷം അവൻ ആരംഭിച്ച വെറും മൂന്നരവർഷത്തെ ശുശ്രൂഷയാകട്ടെ, മനുഷ്യചരിത്രത്തെത്തന്നെ മാറ്റിയെഴുതി. ഈ യുവാവിനെക്കുറിച്ച്‌ 19-ാം നൂറ്റാണ്ടിലെ പ്രശസ്‌ത ചരിത്രകാരനായ ഫിലിപ്പ്‌ ഷാഫ്‌ ഇങ്ങനെ പറയാൻ പ്രേരിതനായി: “പുരാതനകാലത്തെയും ആധുനികകാലത്തെയും മഹാന്മാരുടെ മുഴുഗണത്തെയും വെല്ലുന്ന വിധത്തിൽ അവൻ അനേകം എഴുത്തുകാരുടെ തൂലികയ്‌ക്കു വിഷയമായി; നിരവധി പ്രസംഗങ്ങൾക്കും പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും പണ്ഡിത ഗ്രന്ഥങ്ങൾക്കും കലാസൃഷ്ടികൾക്കും സ്‌തുതിഗീതങ്ങൾക്കുമുള്ള പ്രമേയമായിഅതും സ്വന്തമായി ഒരു വരിപോലും എഴുതാതെ.” ഇത്രമാത്രം ശ്രദ്ധേയനായ ഈ യുവാവ്‌ ആരാണ്‌? മറ്റാരുമല്ല, യേശുക്രിസ്‌തുതന്നെ!

2. യേശുവിനെയും അവന്റെ ശുശ്രൂഷയെയും കുറിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ എന്തു പറഞ്ഞു?

2 യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള ഒരു വിവരണം എഴുതിയ അപ്പൊസ്‌തലനായ യോഹന്നാൻ ഉപസംഹാരമായി ഇങ്ങനെ പറഞ്ഞു: “യേശു ചെയ്‌തതു മറ്റു പലതും ഉണ്ടു; അതു ഓരോന്നായി എഴുതിയാൽ എഴുതിയ പുസ്‌തകങ്ങൾ ലോകത്തിൽ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു.” (യോഹ. 21:25) അതെ, സംഭവബഹുലമായ ആ മൂന്നരവർഷക്കാലത്ത്‌ യേശു പറഞ്ഞതും ചെയ്‌തതുമായ കാര്യങ്ങളുടെ ഒരംശം മാത്രമേ അവനു രേഖപ്പെടുത്താനായുള്ളൂ. എന്നുവരികിലും, യോഹന്നാൻ തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയ ചരിത്രസംഭവങ്ങൾ അത്യന്തം മൂല്യവത്താണ്‌.

3. ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള പങ്കിനെക്കുറിച്ച്‌ നമുക്ക്‌ കൂടുതൽ ഉൾക്കാഴ്‌ച നേടാനാകുന്നത്‌ എങ്ങനെ?

3 സുപ്രധാനമായ നാലുസുവിശേഷങ്ങൾക്കു പുറമേ, മറ്റു ബൈബിൾ വിവരണങ്ങളും യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നുണ്ട്‌; അവയും നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്താൻ ഉതകുന്നവയാണ്‌. യേശുവിനുമുമ്പു ജീവിച്ചിരുന്ന ചില വിശ്വസ്‌ത മനുഷ്യരെക്കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾതന്നെ നോക്കുക. അവ ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള പങ്കിനെക്കുറിച്ച്‌ കൂടുതൽ ഉൾക്കാഴ്‌ച നൽകുന്നു. അവയിൽ ചിലത്‌ നമുക്കിപ്പോൾ പരിശോധിക്കാം.

ക്രിസ്‌തുവിനെ മുൻനിഴലാക്കിയ ദൈവദാസന്മാർ

4, 5. ആരെല്ലാം യേശുവിനെ മുൻനിഴലാക്കി, ഏതു വിധങ്ങളിൽ?

4 ദൈവത്തിന്റെ അഭിഷിക്തനും നിയമിത രാജാവുമായ യേശുവിനെ മോശെ, ദാവീദ്‌, ശലോമോൻ എന്നിവർ മുൻനിഴലാക്കിയതായി യോഹന്നാനും മറ്റ്‌ മൂന്നു സുവിശേഷ എഴുത്തുകാരും സൂചിപ്പിക്കുന്നു. ആ പുരാതന ദൈവദാസന്മാർ ഏതു വിധത്തിലാണ്‌ യേശുവിലേക്കു വെളിച്ചം വീശിയത്‌? ഈ വിവരണങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

5 മോശെ ഒരു പ്രവാചകനും മധ്യസ്ഥനും വിമോചകനും ആയിരുന്നതായി ബൈബിൾ വിശേഷാൽ എടുത്തുകാട്ടുന്നു. യേശുവിന്റെ കാര്യത്തിലും ഇതു സത്യമാണ്‌. ദാവീദിനെക്കുറിച്ചു നോക്കിയാൽ, അവൻ ഒരു ഇടയനും ഇസ്രായേലിന്റെ ശത്രുക്കളെ കീഴ്‌പെടുത്തിയ രാജാവുമായിരുന്നു. യേശുവും ഒരു ഇടയനും ജയിച്ചടക്കി മുന്നേറുന്ന രാജാവുമാണ്‌. (യെഹെ. 37:24, 25) ശലോമോന്റെ കാര്യമെടുക്കുക. വിശ്വസ്‌തനായിരുന്നിടത്തോളം അവൻ ജ്ഞാനിയായ ഒരു ഭരണാധികാരിയായിരുന്നു; അവന്റെ ഭരണത്തിൻകീഴിൽ ഇസ്രായേലിൽ സമാധാനം കളിയാടി. (1 രാജാ. 4:25, 29) യേശുവാകട്ടെ, അത്യന്തം ജ്ഞാനിയാണ്‌; അവനെ “സമാധാനപ്രഭു” എന്നും വിളിച്ചിരിക്കുന്നു. (യെശ. 9:6) തീർച്ചയായും, ആ പുരാതന ദൈവദാസന്മാരുമായി ക്രിസ്‌തുയേശുവിന്‌ സമാനതകളുണ്ട്‌. എന്നാൽ ദൈവോദ്ദേശ്യത്തിൽ അവനുള്ള സ്ഥാനം അവരുടേതിനെക്കാളെല്ലാം അത്യധികം ശ്രേഷ്‌ഠമാണ്‌. ആദ്യമായി, യേശുവിനും മോശെക്കും തമ്മിലുള്ള സമാനതകൾ നമുക്കു പരിശോധിക്കാം. ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള പങ്ക്‌ വ്യക്തമായി തിരിച്ചറിഞ്ഞ്‌ അതു വിലമതിക്കാൻ ഈ താരതമ്യപഠനം നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്നും നോക്കാം.

മോശെ യേശുവിനെ മുൻനിഴലാക്കി

6. യേശുവിനു ശ്രദ്ധകൊടുക്കേണ്ടതിന്റെ ആവശ്യം അപ്പൊസ്‌തലനായ പത്രൊസ്‌ എങ്ങനെ വ്യക്തമാക്കി?

6 എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനുശേഷം താമസിയാതെ നടന്ന ഒരു സംഭവത്തെക്കുറിച്ചു ചിന്തിക്കുക. ജന്മനാ മുടന്തനായിരുന്ന ഒരു യാചകനെ അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനും സൗഖ്യമാക്കിയപ്പോൾ “ജനം എല്ലാം വിസ്‌മയംപൂണ്ട്‌” ഓടിക്കൂടി. ആലയത്തിൽ ആരാധനയ്‌ക്കെത്തിയ അവരെ അഭിസംബോധന ചെയ്യവെ, യേശുക്രിസ്‌തുവിലൂടെ പ്രവർത്തിക്കുന്ന യഹോവയുടെ പരിശുദ്ധാത്മാവാണ്‌ ഈ അത്ഭുതത്തിനു പിന്നിലെന്ന്‌ പത്രൊസ്‌ വിശദീകരിച്ചു. തുടർന്ന്‌ യേശുക്രിസ്‌തുവിൽ നിവൃത്തിയേറിയ മോശെയുടെ ഒരു പ്രവചനം എബ്രായ തിരുവെഴുത്തിൽനിന്ന്‌ ഉദ്ധരിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: ‘“ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്‌പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം . . . ” എന്നു മോശെ പറഞ്ഞുവല്ലോ.’—പ്രവൃ. 3:11, 22, 23; ആവർത്തനപുസ്‌തകം 18:15, 18, 19 വായിക്കുക.

7. മോശെയെക്കാൾ വലിയ പ്രവാചകനെക്കുറിച്ചുള്ള പത്രൊസിന്റെ പ്രസ്‌താവനകൾ അവന്റെ ശ്രോതാക്കൾക്കു മനസ്സിലാകുമായിരുന്നത്‌ എന്തുകൊണ്ട്‌?

7 പത്രൊസ്‌ ഉദ്ധരിച്ച ആ വാക്കുകൾ അവിടെ കൂടിവന്ന യഹൂദന്മാർക്ക്‌ പരിചിതമായിരുന്നിരിക്കണം; കാരണം, അവർ മോശെയെ അത്യധികം ആദരിച്ചിരുന്നു. (ആവ. 34:12) മോശെയെക്കാൾ വലിയ ആ പ്രവാചകന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരായിരുന്നു അവർ. മോശെ ദൈവത്തിന്റെ ഒരു അഭിഷിക്തൻ (മിശിഹാ) ആയിരുന്നു. എന്നാൽ അത്തരം മിശിഹാ ആയിരിക്കുമായിരുന്നില്ല ആ പ്രവാചകൻ. അവൻ “ദൈവം തിരഞ്ഞെടുത്ത ക്രിസ്‌തു” അഥവാ വാഗ്‌ദത്ത മിശിഹാ ആയിരിക്കുമായിരുന്നു.—ലൂക്കൊ. 23:35; എബ്രാ. 11:26.

യേശുവും മോശെയും—സമാനതകൾ

8. മോശെയുടെയും യേശുവിന്റെയും ജീവിതത്തിൽ എന്തെല്ലാം സമാനതകളുണ്ട്‌?

8 മോശെയുടെ ജീവിതവും യേശുവിന്റെ ഭൗമിക ജീവിതവും തമ്മിൽ പല സമാനതകളുമുണ്ട്‌. ശിശുക്കളായിരിക്കെ, ഇരുവരും ക്രൂരഭരണാധികാരികളുടെ കൈകളിൽനിന്ന്‌ രക്ഷപ്പെട്ടു. (പുറ. 1:22–2:10; മത്താ. 2:7-14) കൂടാതെ, രണ്ടുപേരെയും ‘മിസ്രയീമിൽനിന്ന്‌ (ഈജിപ്‌തിൽനിന്ന്‌) വിളിച്ചുകൊണ്ടുവന്നു.’ ഹോശേയ പ്രവാചകൻ അതേക്കുറിച്ച്‌ പറയുന്നു: “യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്‌നേഹിച്ചു; മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു.” (ഹോശേ. 11:1) പുരാതനകാലത്ത്‌ ഇസ്രായേൽ ജനത, തങ്ങളുടെ ദിവ്യനിയമിത നേതാവായ മോശെ മുഖേന ഈജിപ്‌തിൽനിന്ന്‌ വിടുവിക്കപ്പെട്ടതിനെയാണ്‌ ഹോശേയ സൂചിപ്പിക്കുന്നത്‌. (പുറ. 4:22, 23; 12:29-37) എന്നാൽ ഹോശേയയുടെ വാക്കുകൾ കഴിഞ്ഞകാല സംഭവത്തെ മാത്രമല്ല കുറിക്കുന്നത്‌; അതിനൊരു ഭാവി നിവൃത്തി ഉണ്ടായിരുന്നു. ഹെരോദാ രാജാവിന്റെ മരണത്തെ തുടർന്ന്‌ യോസെഫും മറിയയും യേശുവിനെയുംകൊണ്ട്‌ ഈജിപ്‌തിൽനിന്നു മടങ്ങിവന്നപ്പോഴാണ്‌ ആ പ്രവചനം നിവൃത്തിയേറിയത്‌.—മത്താ. 2:15, 19-23.

9. (എ) മോശെയും യേശുവും എന്തെല്ലാം അത്ഭുതങ്ങൾ പ്രവർത്തിച്ചു? (ബി) യേശുവിനും മോശെക്കും തമ്മിലുള്ള മറ്റുചില സമാനതകൾ പറയുക. (26-ാം പേജിലെ, “യേശുവിനും മോശെക്കും തമ്മിലുള്ള മറ്റുചില സമാനതകൾ” എന്ന ചതുരം കാണുക.)

9 മോശെയും യേശുവും അത്ഭുതങ്ങൾ പ്രവർത്തിച്ചു; ഇരുവർക്കും യഹോവയുടെ പിന്തുണ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണത്‌. ബൈബിൾരേഖയനുസരിച്ച്‌ അത്ഭുതങ്ങൾ പ്രവർത്തിച്ച ആദ്യ വ്യക്തി മോശെയാണ്‌. (പുറ. 4:1-9) വെള്ളവുമായി ബന്ധപ്പെട്ട പല അത്ഭുതങ്ങളും മോശെ ചെയ്‌തു: അവൻ നൈൽനദിയിലെയും കുളങ്ങളിലെയും വെള്ളം രക്തമാക്കി; ചെങ്കടൽ വിഭജിച്ചു; മരുഭൂമിയിലെ പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. (പുറ. 7:19-21; 14:21; 17:5-7) വെള്ളവുമായി ബന്ധപ്പെട്ട പല അത്ഭുതങ്ങൾ യേശുവും ചെയ്‌തു. അവന്റെ ആദ്യത്തെ അത്ഭുതംതന്നെ ഒരു വിവാഹസദ്യയുടെ സമയത്ത്‌ വെള്ളം വീഞ്ഞാക്കിയതായിരുന്നു. (യോഹ. 2:1-11) പിന്നീട്‌, പ്രക്ഷുബ്ധമായ ഗലീലക്കടലിനെ അവൻ ശാന്തമാക്കി. എന്തിനധികം, ഒരിക്കൽ അവൻ വെള്ളത്തിന്മീതെ നടക്കുകപോലും ചെയ്‌തു! (മത്താ. 8:23-27; 14:23-25) മോശെക്കും വലിയ മോശെയായ യേശുവിനും തമ്മിലുള്ള കൂടുതൽ സമാനതകൾ  26-ാം പേജിലെ ചതുരത്തിൽ കാണാം.

ക്രിസ്‌തു—ഒരു പ്രവാചകൻ

10. ഒരു യഥാർഥ പ്രവാചകന്റെ ദൗത്യത്തിൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നേക്കാം, മോശെ അങ്ങനെയൊരുവൻ ആയിരുന്നുവെന്നു പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

10 ഭാവി മുൻകൂട്ടിപ്പറയുന്ന ആളെയാണ്‌ പ്രവാചകനായി മിക്കവരും കരുതുന്നത്‌. എന്നാൽ പ്രവാചകവൃത്തിയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ അത്‌. ഒരു യഥാർഥ പ്രവാചകൻ യഹോവയുടെ നിശ്വസ്‌ത വക്താവാണ്‌; അതായത്‌, “ദൈവത്തിന്റെ വൻകാര്യങ്ങളെ” ഘോഷിക്കുന്നവൻ. (പ്രവൃ. 2:11, 16, 17) ഭാവി സംഭവങ്ങൾ അറിയിക്കുന്നതും യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചു വെളിപ്പെടുത്തുന്നതും ദൈവത്തിന്റെ ന്യായവിധി ഘോഷിക്കുന്നതുമെല്ലാം ഒരു പ്രവാചകന്റെ ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നേക്കാം. അത്തരമൊരു പ്രവാചകനായിരുന്നു മോശെ. ഈജിപ്‌തിന്മേൽ വരാനിരുന്ന പത്തുബാധകളെക്കുറിച്ച്‌ അവൻ മുൻകൂട്ടിപ്പറഞ്ഞു. സീനായ്‌ പർവതത്തിങ്കൽവെച്ച്‌ അവൻ ന്യായപ്രമാണം ജനത്തെ അറിയിച്ചു. ദൈവേഷ്ടം എന്താണെന്ന്‌ അവൻ ജനതയെ പഠിപ്പിച്ചു. എന്നാൽ മോശെയെക്കാൾ വലിയ ഒരു പ്രവാചകൻ ഭാവിയിൽ വരാനിരിക്കുകയായിരുന്നു.

11. മോശെ മുൻകൂട്ടിപ്പറഞ്ഞ ആ വലിയ പ്രവാചകനാണു താനെന്ന്‌ യേശു തെളിയിച്ചത്‌ എങ്ങനെ?

11 പിന്നീട്‌ ഒന്നാം നൂറ്റാണ്ടിൽ സെഖര്യാവ്‌ തന്റെ പുത്രനായ യോഹന്നാനെക്കുറിച്ചുള്ള ദൈവോദ്ദേശ്യം വെളിപ്പെടുത്തിക്കൊണ്ട്‌ ഒരു പ്രവാചകനായി വർത്തിച്ചു. (ലൂക്കൊ. 1:76) അവന്റെ ആ പുത്രനാണ്‌ യോഹന്നാൻ സ്‌നാപകൻ എന്ന്‌ പിന്നെ അറിയപ്പെട്ടത്‌. ദീർഘകാലമായി ആളുകൾ കാത്തിരുന്ന, മോശെയെക്കാൾ വലിയ പ്രവാചകനായ യേശുക്രിസ്‌തുവിന്റെ വരവ്‌ അവൻ ജനത്തെ അറിയിച്ചു. (യോഹ. 1:23-36) പ്രവാചകനെന്നനിലയിൽ യേശു പലതും മുൻകൂട്ടിപ്പറഞ്ഞു. സ്വന്തം മരണത്തെക്കുറിച്ച്‌—അത്‌ എങ്ങനെ, എവിടെവെച്ച്‌, ആരുടെ കൈയാൽ ആയിരിക്കുമെന്ന്‌—അവൻ പ്രവചിച്ചു. (മത്താ. 20:17-19) തന്റെ കേൾവിക്കാരെ അമ്പരപ്പിച്ചുകൊണ്ട്‌ യെരൂശലേമിന്റെയും അവിടത്തെ ആലയത്തിന്റെയും നാശത്തെക്കുറിച്ചും യേശു മുൻകൂട്ടിപ്പറഞ്ഞു. (മർക്കൊ. 13:1, 2) നമ്മുടെ ഇക്കാലത്തെക്കുറിച്ചുപോലും അവൻ പ്രവചിച്ചു.—മത്താ. 24:3-41.

12. (എ) ഒരു ആഗോള പ്രസംഗ-പഠിപ്പിക്കൽ വേലയ്‌ക്ക്‌ യേശു അടിത്തറ പാകിയത്‌ എങ്ങനെ? (ബി) നാം ഇന്ന്‌ യേശുവിന്റെ മാതൃക പിൻപറ്റുന്നത്‌ എങ്ങനെ?

12 യേശു ഒരു പ്രവാചകൻ മാത്രമായിരുന്നില്ല; അവൻ ഒരു സുവിശേഷകനും ഉപദേഷ്ടാവും കൂടെ ആയിരുന്നു. അവൻ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഘോഷിച്ചു. അവനെപ്പോലെ അത്ര ധൈര്യത്തോടെ മറ്റാരും സംസാരിച്ചിട്ടില്ല. (ലൂക്കൊ. 4:16-21, 43) മറ്റെല്ലാവരെക്കാളും ശ്രേഷ്‌ഠനായ ഉപദേഷ്ടാവും ആയിരുന്നു അവൻ. “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല” എന്ന്‌ അവനെ ശ്രദ്ധിച്ച ചിലർ പറഞ്ഞു. (യോഹ. 7:46) ആളുകളെ സുവാർത്ത അറിയിക്കുന്നതിൽ യേശു ഉത്സാഹമുള്ളവനായിരുന്നു; ദൈവരാജ്യത്തിനുവേണ്ടി അതേ ഉത്സാഹം കാണിക്കാൻ അവൻ തന്റെ അനുഗാമികൾക്കും പ്രചോദനമേകി. അങ്ങനെ, ഒരു ആഗോള പ്രസംഗ-പഠിപ്പിക്കൽ വേലയ്‌ക്ക്‌ അവൻ അടിത്തറ പാകി; ആ വേല ഇന്നോളം തുടരുന്നു. (മത്താ. 28:18-20; പ്രവൃ. 5:42) കഴിഞ്ഞ വർഷം ക്രിസ്‌തുവിന്റെ അനുഗാമികളായ 70 ലക്ഷത്തോളം പേർ ഏതാണ്ട്‌ 150 കോടി മണിക്കൂർ രാജ്യസുവാർത്ത പ്രസംഗിക്കുന്നതിനും താത്‌പര്യക്കാരെ ബൈബിൾസത്യം പഠിപ്പിക്കുന്നതിനുമായി ചെലവഴിച്ചു. ആ വേലയിൽ നിങ്ങളുടെ പരമാവധി നിങ്ങൾ പ്രവർത്തിക്കുന്നുണ്ടോ?

13. ‘ഉണർവോടെ’ ഇരിക്കാൻ നമ്മെ എന്തു സഹായിക്കും?

13 മോശെയെപ്പോലെ ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കും എന്ന പ്രവചനം യഹോവ തീർച്ചയായും നിവർത്തിച്ചു. ഈ അറിവ്‌ നിങ്ങളിൽ എന്തു ഫലമുളവാക്കുന്നു? സമീപഭാവിയിൽ നിറവേറാനിരിക്കുന്ന നിശ്വസ്‌ത പ്രവചനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഇത്‌ ബലിഷ്‌ഠമാക്കുന്നില്ലേ? അതെ, വലിയ മോശെയായ യേശുവിന്റെ മാതൃകയെക്കുറിച്ചു ധ്യാനിക്കുന്നത്‌ ദൈവം ഉടനടി ചെയ്യാൻ പോകുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ ‘ഉണർവോടെയും സുബോധത്തോടെയും’ ഇരിക്കാൻ പ്രേരണയേകുന്നു.—1 തെസ്സ. 5:2, 6.

ക്രിസ്‌തു—ഒരു മധ്യസ്ഥൻ

14. മോശെ ഇസ്രായേല്യർക്കും ദൈവത്തിനും ഇടയിൽ മാധ്യസ്ഥ്യം വഹിച്ചത്‌ എങ്ങനെ?

14 മോശെയെപ്പോലെ യേശുവും ഒരു മധ്യസ്ഥനായിരുന്നു. യഹോവയും ഇസ്രായേല്യരും തമ്മിലുള്ള ന്യായപ്രമാണ ഉടമ്പടിക്ക്‌ മോശെ മാധ്യസ്ഥ്യം വഹിച്ചു. യാക്കോബിന്റെ സന്തതികൾ ദൈവനിയമങ്ങൾ അനുസരിച്ചിരുന്നെങ്കിൽ അവർക്ക്‌ ദൈവത്തിന്റെ പ്രത്യേക സമ്പത്ത്‌, അതായത്‌, അവന്റെ സഭയായി തുടരാനാകുമായിരുന്നു. (പുറ. 19:3-8) ബി.സി. 1513 മുതൽ എ.ഡി. ഒന്നാം നൂറ്റാണ്ടുവരെ ആ ഉടമ്പടി നിലനിന്നു.

15. യേശു ശ്രേഷ്‌ഠനായ മധ്യസ്ഥനായിരിക്കുന്നത്‌ എങ്ങനെ?

15 എന്നാൽ അതിനെക്കാൾ ശ്രേഷ്‌ഠമായ ഒരു ഉടമ്പടി എ.ഡി. 33-ൽ യഹോവ പുതിയ ഇസ്രായേലുമായി, ‘ദൈവത്തിന്റെ ഇസ്രായേലുമായി’ ചെയ്‌തു. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ലോകവ്യാപക സഭയാണ്‌ ഈ ഇസ്രായേൽ. (ഗലാ. 6:16) കൽപ്പലകകളിൽ ദൈവം എഴുതിയ നിയമങ്ങൾ അടങ്ങുന്നതായിരുന്നു മോശെ മധ്യസ്ഥനായിരുന്ന ഉടമ്പടി. എന്നാൽ യേശു മധ്യസ്ഥനായിരിക്കുന്ന ഉടമ്പടി അതിനെക്കാൾ മികച്ചതാണ്‌; അതിലെ നിയമങ്ങൾ ദൈവം എഴുതുന്നത്‌ മനുഷ്യഹൃദയങ്ങളിലാണ്‌. (1 തിമൊഥെയൊസ്‌ 2:5; എബ്രായർ 8:10 വായിക്കുക.) അങ്ങനെ, ‘ദൈവത്തിന്റെ ഇസ്രായേൽ’ ഇപ്പോൾ അവന്റെ പ്രത്യേക സമ്പത്താണ്‌, മിശിഹൈക രാജ്യത്തിന്റെ ‘ഫലം കൊടുക്കുന്ന ജാതി.’ (മത്താ. 21:43) ഈ ആത്മീയ ജനതയിലെ അംഗങ്ങളാണ്‌ പുതിയ ഉടമ്പടിയിൽ പങ്കുകാരാകുന്നത്‌. എന്നാൽ അവർ മാത്രമല്ല ഇതിന്റെ പ്രയോജനം അനുഭവിക്കുന്നത്‌. ഇപ്പോൾ മരണത്തിൽ നിദ്രകൊള്ളുന്ന നിരവധി ആളുകൾ ഉൾപ്പെടെയുള്ള ദശലക്ഷങ്ങൾ ആ അതിശ്രേഷ്‌ഠ ഉടമ്പടിയുടെ നിത്യമായ പ്രയോജനങ്ങൾ ആസ്വദിക്കും.

ക്രിസ്‌തു—ഒരു വിമോചകൻ

16. (എ) ഇസ്രായേലിനെ വിടുവിക്കാൻ ഏതെല്ലാം വിധങ്ങളിൽ യഹോവ മോശെയെ ഉപയോഗിച്ചു? (ബി) പുറപ്പാടു 14:13 അനുസരിച്ച്‌ രക്ഷ പ്രദാനം ചെയ്യുന്നത്‌ ആരാണ്‌?

16 ഈജിപ്‌തിൽനിന്നു പുറപ്പെട്ടു പോന്നതിന്റെ തലേ രാത്രിയിൽ ഇസ്രായേല്യരുടെ മക്കളിൽ ചിലർ അപകടകരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചു. ആദ്യജാതന്മാരെയെല്ലാം സംഹരിച്ചുകൊണ്ട്‌ പെട്ടെന്നുതന്നെ ദൈവത്തിന്റെ ദൂതൻ ഈജിപ്‌തിലൂടെ കടന്നുപോകുമായിരുന്നു. ഇസ്രായേല്യർ പെസഹാക്കുഞ്ഞാടിന്റെ രക്തം വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും തളിക്കുകയാണെങ്കിൽ അവരുടെ ആദ്യജാതന്മാർ സംരക്ഷിക്കപ്പെടുമെന്ന്‌ യഹോവ മോശെയോടു പറഞ്ഞു. (പുറ. 12:1-13, 21-23) അങ്ങനെതന്നെ സംഭവിക്കുകയും ചെയ്‌തു. പിന്നീട്‌ മുഴു ജനതയും വലിയൊരു പ്രതിസന്ധിയിലായി. അവർ ചെങ്കടലിനും ഈജിപ്‌ഷ്യൻ സൈന്യത്തിനും മധ്യേ കുടുങ്ങി. ചെങ്കടലിലെ വെള്ളം അത്ഭുതകരമായി വിഭജിച്ചുകൊണ്ട്‌ യഹോവ മോശെമുഖേന അവരെ വീണ്ടും വിടുവിച്ചു.—പുറ. 14:13, 21.

17, 18. യേശു ഏതെല്ലാം വിധങ്ങളിൽ മോശെയെക്കാൾ വലിയ വിമോചകനാണ്‌?

17 മോശെമുഖേനയുള്ള വിടുതൽ ശ്രദ്ധേയമാണെങ്കിലും യേശുമുഖേന യഹോവ പ്രദാനംചെയ്യുന്ന വിടുതൽ അതിനെക്കാൾ ശ്രേഷ്‌ഠമാണ്‌. യേശുമൂലമാണ്‌ യഹോവ അനുസരണമുള്ളവരെ പാപത്തിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കുന്നത്‌. (റോമ. 5:12, 18) അതാകട്ടെ, ‘എന്നേക്കുമുള്ള’ വിടുതലാണ്‌. (എബ്രാ. 9:11, 12) “യഹോവ രക്ഷയാകുന്നു” എന്നാണ്‌ യേശു എന്ന പേരിന്റെ അർഥംതന്നെ. നമ്മുടെ വിമോചകൻ, അഥവാ രക്ഷകൻ എന്ന നിലയിൽ അവൻ നമ്മെ കഴിഞ്ഞകാല പാപങ്ങളിൽനിന്നു വിടുവിക്കുന്നതോടൊപ്പം മഹത്തായ ഒരു ഭാവിജീവിതം നമുക്കായി തുറന്നുതരുകയും ചെയ്യുന്നു. അവൻ തന്റെ അനുഗാമികളെ പാപത്തിന്റെ അടിമത്തിൽനിന്ന്‌ വിടുവിക്കുന്നതിലൂടെ ദൈവക്രോധത്തിൽനിന്ന്‌ അവരെ സംരക്ഷിച്ച്‌ യഹോവയുമായി സ്‌നേഹപൂർവകമായ ഒരു ബന്ധത്തിലേക്ക്‌ ആനയിക്കുന്നു.—മത്താ. 1:21.

18 യേശു നൽകുന്ന ആ വിമോചനം ക്രമേണ, പാപത്തിന്റെ ദൂഷ്യഫലങ്ങളായ രോഗത്തിൽനിന്നും മരണത്തിൽനിന്നുപോലുമുള്ള സ്വാതന്ത്ര്യം പ്രദാനം ചെയ്യും. നമ്മെ അത്‌ എങ്ങനെ ബാധിക്കും? യേശു യായീറൊസിന്റെ 12 വയസ്സുള്ള മകളെ ഉയിർപ്പിച്ച സന്ദർഭം ഒന്നു ഭാവനയിൽ കാണുക. അവൾ മരിച്ചുപോയി എന്ന വാർത്ത കേട്ട ഉടനെ യേശു യായീറൊസിന്‌ പിൻവരുന്ന ഉറപ്പുനൽകി: “ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്‌ക; എന്നാൽ അവൾ രക്ഷപ്പെടും.” (ലൂക്കൊ. 8:41, 42, 49, 50) അവൻ പറഞ്ഞതുപോലെതന്നെ അവൾ ഉയിർത്തെഴുന്നേറ്റു! അവളുടെ മാതാപിതാക്കളുടെ ആ സന്തോഷം നിങ്ങൾക്കു വിഭാവന ചെയ്യാനാകുന്നില്ലേ? അങ്ങനെയെങ്കിൽ, “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം” ചെയ്യുന്ന സമയത്ത്‌ നാം അനുഭവിക്കുന്ന സന്തോഷം എത്രയോ അധികമായിരിക്കും! (യോഹ. 5:28, 29) അതെ, യേശു നമ്മുടെ രക്ഷകനാണ്‌, നമ്മുടെ വിമോചകൻ!—പ്രവൃത്തികൾ 5:31 വായിക്കുക; തീത്തൊ. 1:4; വെളി 7:10.

19, 20. (എ) വലിയ മോശെ എന്ന നിലയിലുള്ള യേശുവിന്റെ പങ്കിനെക്കുറിച്ചു ധ്യാനിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്‌? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ചചെയ്യും?

19 യേശു പ്രദാനം ചെയ്യുന്ന രക്ഷയിൽനിന്നു പ്രയോജനം നേടാൻ ആളുകളെ സഹായിക്കുന്നതിൽ നമുക്കൊരു നിർണായകപങ്ക്‌ ഉണ്ടായിരിക്കാനാകും. ആ അറിവ്‌ പ്രസംഗ-പഠിപ്പിക്കൽ വേലയിൽ പങ്കെടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നില്ലേ? (യെശ. 61:1-3) വലിയ മോശെ എന്ന നിലയിലുള്ള യേശുവിന്റെ പങ്കിനെക്കുറിച്ചു ധ്യാനിക്കുന്നത്‌ അവൻ ദുഷ്ടന്മാരുടെമേൽ ന്യായവിധി നിർവഹിക്കാൻ വരുമ്പോൾ തന്റെ അനുഗാമികളെ സംരക്ഷിക്കുമെന്നുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കും.—മത്താ. 25:31-34, 41, 46; വെളി. 7:9, 14.

20 അതെ, യേശുവാണ്‌ വലിയ മോശെ. മോശെക്ക്‌ ഒരിക്കലും ചെയ്യാൻ കഴിയില്ലായിരുന്ന മഹത്തായ പല കാര്യങ്ങളും യേശു ചെയ്‌തു. പ്രവാചകനെന്ന നിലയിലുള്ള അവന്റെ വാക്കുകളിൽനിന്നും മധ്യസ്ഥനെന്ന നിലയിലുള്ള അവന്റെ പ്രവർത്തനങ്ങളിൽനിന്നും മുഴു മനുഷ്യവർഗത്തിനും പ്രയോജനം നേടാനാകും. വിമോചകനെന്ന നിലയിൽ യേശു പ്രദാനം ചെയ്യുന്ന രക്ഷ താത്‌കാലികമല്ല, ശാശ്വതമാണ്‌. പുരാതന ദൈവദാസന്മാരിൽനിന്ന്‌ യേശുവിനെക്കുറിച്ച്‌ ഇനിയും ഏറെ പഠിക്കാനുണ്ട്‌. അവൻ വലിയ ദാവീദും വലിയ ശലോമോനും ആയിരിക്കുന്നത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനം ചർച്ചചെയ്യുന്നു.

നിങ്ങൾക്കു വിശദീകരിക്കാമോ?

• പ്രവാചകനെന്ന നിലയിൽ . . .

• മധ്യസ്ഥനെന്ന നിലയിൽ . . .

• വിമോചകനെന്ന നിലയിൽ . . .

യേശു മോശെയെക്കാൾ വലിയവനായിരിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചതുരം/ചിത്രം]

 യേശുവിനും മോശെക്കും തമ്മിലുള്ള മറ്റുചില സമാനതകൾ

□ യഹോവയെയും അവന്റെ ജനത്തെയും സേവിക്കുന്നതിന്‌ ഇരുവരും വലിയ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചു.2 കൊരി. 8:9; ഫിലി. 2:5-8; എബ്രാ. 11:24-26.

□ ഇരുവരും യഹോവയുടെ അഭിഷിക്തർ അഥവാ, ‘ക്രിസ്‌തു’ ആയിരുന്നു.—മർക്കൊ. 14:61, 62; യോഹ. 4:25, 26; എബ്രാ. 11:26.

□ ഇരുവരും യഹോവയുടെ നാമത്തിൽ വന്നു.—പുറ. 3:13-16; യോഹ. 5:43; 17:4, 6, 26.

□ ഇരുവരും സൗമ്യതയുള്ളവർ ആയിരുന്നു.—സംഖ്യാ. 12:3; മത്താ. 11:28-30.

□ ഇരുവരും ജനക്കൂട്ടത്തെ പോഷിപ്പിച്ചു.—പുറ. 16:12; യോഹ. 6:48-51.

□ ന്യായാധിപനും നിയമദാതാവും ആയി ഇരുവരും വർത്തിച്ചു.പുറ. 18:13; മലാ. 4:4; യോഹ. 5:22, 23; 15:10.

□ ഇരുവരും ദൈവഭവനത്തിന്റെ വിശ്വസ്‌ത ഗൃഹവിചാരകന്മാരായിരുന്നു.സംഖ്യാ. 12:7; എബ്രാ. 3:2-6.

□ ഇരുവരും യഹോവയുടെ വിശ്വസ്‌ത സാക്ഷികളായിരുന്നു.എബ്രാ. 11:24-29; 12:1; വെളി. 1:5.

□ ഇരുവരുടെയും മരണശേഷം അവരുടെ ശരീരങ്ങൾ യഹോവ നീക്കംചെയ്‌തു.—ആവ. 34:5, 6; ലൂക്കൊ. 24:1-3; പ്രവൃ. 2:31; 1 കൊരി. 15:50; യൂദാ 9.