വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്ത്യം വരുമ്പോൾ നിങ്ങൾ എവിടെയായിരിക്കണം?

അന്ത്യം വരുമ്പോൾ നിങ്ങൾ എവിടെയായിരിക്കണം?

അന്ത്യം വരുമ്പോൾ നിങ്ങൾ എവിടെയായിരിക്കണം?

അർമഗെദോനിൽ യഹോവ ഈ ദുഷ്ടലോകത്തിന്‌ അന്ത്യം വരുത്തുമ്പോൾ നീതിമാന്മാർക്ക്‌ എന്തു സംഭവിക്കും? സദൃശവാക്യങ്ങൾ 2:21, 22-ൽ അതിനുള്ള ഉത്തരമുണ്ട്‌: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്‌കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”

ആകട്ടെ, ‘നിഷ്‌കളങ്കന്മാർ ഭൂമിയിൽ ശേഷിച്ചിരിക്കുന്നത്‌’ എങ്ങനെയാണ്‌? അവർക്ക്‌ ഒരു അഭയസ്ഥാനം ഉണ്ടായിരിക്കുമോ? അന്ത്യം വരുമ്പോൾ നേരുള്ളവർ എവിടെ ആയിരിക്കേണ്ടതുണ്ട്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന നാലു സംഭവങ്ങളെക്കുറിച്ച്‌ നമുക്കു നോക്കാം.

അവർ ഒരു നിശ്ചിതസ്ഥലത്ത്‌ ആയിരിക്കേണ്ടിയിരുന്നു

നമുക്ക്‌ ഗോത്രപിതാക്കന്മാരായ നോഹയുടെയും ലോത്തിന്റെയും കാലത്തു നടന്ന വിടുതലുകളെക്കുറിച്ചൊന്നു ചിന്തിക്കാം. 2 പത്രൊസ്‌ 2:5-8-ൽ നാം വായിക്കുന്നു: ‘[ദൈവം] പുരാതനലോകത്തെ ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്‌മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്‌കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്‌തു.’

നോഹ എങ്ങനെയാണ്‌ പ്രളയത്തെ അതിജീവിച്ചത്‌? ദൈവം നോഹയോട്‌ ഇങ്ങനെ കൽപ്പിച്ചു: “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക.” (ഉല്‌പ. 6:13, 14) യഹോവ കൽപ്പിച്ചതുപോലെതന്നെ നോഹ ഒരു പെട്ടകം നിർമിച്ചു. മഴ തുടങ്ങുന്നതിന്‌ ഏഴുദിവസംമുമ്പ്‌ യഹോവ നോഹയോട്‌ മൃഗങ്ങളെ പെട്ടകത്തിനുള്ളിൽ കയറ്റാൻ ആവശ്യപ്പെട്ടു. ഒപ്പം അവനും കുടുംബാംഗങ്ങളുംകൂടി പെട്ടകത്തിൽ കയറണമായിരുന്നു. ഏഴാം ദിവസം യഹോവ പെട്ടകത്തിന്റെ വാതിലടച്ചു. തുടർന്ന്‌ “നാല്‌പതു രാവും നാല്‌പതു പകലും ഭൂമിയിൽ മഴ പെയ്‌തു.” (ഉല്‌പ. 7:1-4, 11, 12, 16) നോഹയും കുടുംബവും “വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.” (1 പത്രൊ. 3:20) പെട്ടകത്തിനുള്ളിലായിരുന്നാൽ മാത്രമേ അവർക്കു രക്ഷപ്പെടാൻ കഴിയുമായിരുന്നുള്ളൂ. ഭൂമിയിലെ മറ്റൊരു സ്ഥലവും അവർക്ക്‌ സംരക്ഷണമേകുമായിരുന്നില്ല.—ഉല്‌പ. 7:19, 20.

എന്നാൽ ലോത്തിനു ലഭിച്ച നിർദേശങ്ങൾ വ്യത്യസ്‌തമായിരുന്നു. രണ്ടുദൂതന്മാർ വന്ന്‌ അവനോട്‌ പട്ടണത്തിൽ നിൽക്കാതെ മറ്റൊരിടത്തേക്ക്‌ ഓടിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. “[സൊദോം] പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്‌ക്കൊൾക; . . . ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും” എന്ന്‌ ദൂതന്മാർ ലോത്തിനോടു പറഞ്ഞു. രക്ഷപ്പെടാനായി, അവർ ‘പർവ്വതത്തിലേക്ക്‌ ഓടിപ്പോകേണ്ടതുണ്ടായിരുന്നു.’—ഉല്‌പ. 19:12, 13, 17.

യഹോവയ്‌ക്ക്‌ തന്റെ ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിക്കേണ്ടത്‌ എങ്ങനെയെന്നും നീതികെട്ടവരെ ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാക്കേണ്ടത്‌ എങ്ങനെയെന്നും അറിയാമെന്ന്‌ നോഹയുടെയും ലോത്തിന്റെയും ചരിത്രം തെളിയിക്കുന്നു. (2 പത്രൊ. 2:9, 10) ഈ രണ്ടുസംഭവങ്ങളിലും അവർ എവിടെ ആയിരുന്നു എന്നത്‌ നിർണായകമായി. നോഹയ്‌ക്ക്‌ പെട്ടകത്തിനുള്ളിൽ കടക്കേണ്ടിയിരുന്നു; ലോത്തിനാകട്ടെ സൊദോം വിട്ടുപോകണമായിരുന്നു. എന്നാൽ എല്ലായ്‌പോഴും ഇങ്ങനെതന്നെ ആയിരിക്കണമെന്നുണ്ടോ? നീതിമാന്മാർ എവിടെയായിരുന്നാലും—അവരെ മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റാതെതന്നെ—യഹോവയ്‌ക്ക്‌ അവരെ രക്ഷിക്കാനാകുമോ? ഈ ചോദ്യത്തിന്‌ ഉത്തരം കാണാൻ ശേഷിക്കുന്ന രണ്ടുസംഭവങ്ങൾകൂടി നമുക്കു നോക്കാം.

എവിടെയാണ്‌ എന്നത്‌ എല്ലായ്‌പോഴും നിർണായകമാണോ?

യഹോവ പത്താമത്തെ ബാധയാൽ ഈജിപ്‌തിനെ പ്രഹരിക്കാൻ ഒരുങ്ങിയ സന്ദർഭം. പെസഹാക്കുഞ്ഞാടിന്റെ രക്തം വീടിന്റെ കട്ടളക്കാലിന്മേലും കുറുമ്പടിമേലും തളിക്കാൻ ഇസ്രായേല്യരോട്‌ അവൻ ആവശ്യപ്പെട്ടു. എന്തിനായിരുന്നു അത്‌? ‘യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു വരുമ്പോൾ കുറുമ്പടി മേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോൾ യഹോവ വാതിൽ ഒഴിഞ്ഞു കടന്നുപോകും; അങ്ങനെ അവരുടെ വീടുകളിൽ അവരെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകൻ വരുന്നത്‌ അവൻ തടയുമായിരുന്നു.’ ആ രാത്രിയിൽ, ‘സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതനെ മുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതനെ വരെ മിസ്രയീംദേശത്തിലെ സകല ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും യഹോവ സംഹരിച്ചു.’ എന്നാൽ  ഇസ്രായേല്യരുടെ ആദ്യജാതന്മാരെല്ലാം രക്ഷപ്പെട്ടു. സംഹാരത്തിൽനിന്നു രക്ഷപ്പെടാൻ ആർക്കും അവിടംവിട്ട്‌ എങ്ങോട്ടും പോകേണ്ടിവന്നില്ല.—പുറ. 12:22, 23, 29.

ഇനി, രാഹാബിന്റെ കാലത്തെ സംഭവം നോക്കാം. യെരീഹോ പട്ടണത്തിൽ ജീവിച്ചിരുന്ന ഒരു വേശ്യയായിരുന്നു രാഹാബ്‌. വാഗ്‌ദത്തദേശം പിടിച്ചടക്കാനുള്ള പടയോട്ടങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇസ്രായേല്യർ. അതു കേട്ടറിഞ്ഞ രാഹാബിന്‌ പട്ടണം നശിപ്പിക്കപ്പെടുമെന്ന്‌ ഉറപ്പായി. അതുകൊണ്ട്‌, ഇസ്രായേല്യരെക്കുറിച്ചുള്ള ഭീതിനിമിത്തം പട്ടണവാസികൾ പരിഭ്രാന്തരാണെന്ന്‌ തന്റെ അടുക്കൽവന്ന ഇസ്രായേല്യ ചാരന്മാരോട്‌ അവൾ പറയുന്നു. ചാരന്മാരെ ഒളിച്ചുപാർപ്പിച്ച രാഹാബ്‌ അവരിൽനിന്നൊരു ഉറപ്പ്‌ ആവശ്യപ്പെടുന്നു—യെരീഹോ പിടിച്ചടക്കുമ്പോൾ തന്നെയും കുടുംബത്തെയും രക്ഷിക്കണം. കുടുംബാംഗങ്ങളെയെല്ലാം അവിടെ വിളിച്ചുകൂട്ടിയിരിക്കണം എന്ന നിർദേശം അവൾക്കു നൽകിയിട്ട്‌ ചാരന്മാർ അവിടെനിന്നും പോയി. പട്ടണമതിലിലായിരുന്നു അവളുടെ വീട്‌. ആരെങ്കിലും വീടിനു വെളിയിലിറങ്ങിയാൽ മരണം ഉറപ്പാണെന്നും അവർ വ്യക്തമാക്കിയിരുന്നു. (യോശു. 2:8-13, 15, 18, 19) എന്നാൽ, ‘പട്ടണമതിൽ വീഴണം’ എന്നുള്ള നിർദേശം പിന്നീട്‌ യഹോവ യോശുവയ്‌ക്ക്‌ നൽകുന്നു. (യോശു. 6:5) ഒരു സുരക്ഷിതതാവളമായി ചാരന്മാർ നിർദേശിച്ച രാഹാബിന്റെ വീട്‌ ഇപ്പോൾ അപകടത്തിലായി. ഈ സാഹചര്യത്തിൽ രാഹാബും കുടുംബവും എങ്ങനെ രക്ഷിക്കപ്പെടും?

യെരീഹോ പിടിച്ചടക്കാനുള്ള സമയം വന്നപ്പോൾ ഇസ്രായേല്യർ ഉച്ചത്തിൽ ആർപ്പിടുകയും കാഹളമൂതുകയും ചെയ്‌തു. “ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്‌തു; [യിസ്രായേൽ] ജനം കാഹളനാദം കേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ” വീണുതുടങ്ങിയതായി യോശുവ 6:20-ൽ നാം കാണുന്നു. ആ കൂറ്റൻ മതിൽ തകർന്നടിയുകയാണ്‌. ഒരു മനുഷ്യനും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. അത്ഭുതകരമെന്നു പറയട്ടെ, രാഹാബിന്റെ വീടിനോട്‌ അടുത്തപ്പോൾ മതിലിടിയുന്നത്‌ നിലയ്‌ക്കുന്നു. അപ്പോൾ, യോശുവ ആ രണ്ടു ചാരന്മാരോട്‌ പറയുന്നു: “വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ നിന്നു ആ സ്‌ത്രീയെയും അവൾക്കുള്ള സകലത്തെയും നിങ്ങൾ അവളോടു സത്യംചെയ്‌തതുപോലെ പുറത്തു കൊണ്ടുവരുവിൻ.” (യോശു. 6:22) അങ്ങനെ രാഹാബും അവളുടെ വീട്ടിലുള്ളവരും രക്ഷപ്പെട്ടു.

എന്താണ്‌ രക്ഷയ്‌ക്ക്‌ പ്രധാനം?

നോഹ, ലോത്ത്‌, മോശെയുടെ കാലത്തെ ഇസ്രായേല്യർ, രാഹാബ്‌ എന്നിവർ രക്ഷപ്പെട്ടവിധത്തിൽനിന്ന്‌ നാം എന്തു പഠിക്കുന്നു? ഈ ദുഷ്ടലോകത്തിന്‌ തിരശ്ശീലവീഴുമ്പോൾ നാം എവിടെയായിരിക്കണം എന്നു തീരുമാനിക്കാൻ ഈ ദൃഷ്ടാന്തങ്ങൾ എങ്ങനെയാണ്‌ സഹായിക്കുന്നത്‌?

നോഹയ്‌ക്ക്‌ രക്ഷയേകിയത്‌ ആ പെട്ടകമാണ്‌. എന്നാൽ എന്തുകൊണ്ടാണ്‌ അവൻ അതിൽ പ്രവേശിച്ചത്‌? അവൻ വിശ്വാസവും അനുസരണവും ഉള്ളവനായിരുന്നതുകൊണ്ടല്ലേ? “ദൈവം തന്നോടു കല്‌പിച്ചതൊക്കെയും നോഹ ചെയ്‌തു; അങ്ങനെ തന്നേ അവൻ ചെയ്‌തു” എന്നു നാം ബൈബിളിൽ വായിക്കുന്നു. (ഉല്‌പ. 6:22; എബ്രാ. 11:7) നമ്മെ സംബന്ധിച്ചോ? ദൈവം നമ്മോടു കൽപ്പിച്ചിരിക്കുന്നതെല്ലാം നാം ചെയ്യുന്നുണ്ടോ? നോഹ ‘നീതിപ്രസംഗിയും’ ആയിരുന്നു. (2 പത്രൊ. 2:5) അവനെപ്പോലെ നാമും തീക്ഷ്‌ണരാജ്യഘോഷകരാണോ, നമ്മുടെ പ്രദേശത്തെ ആളുകൾ കേൾക്കാൻ മനസ്സുവെക്കുന്നില്ലെങ്കിൽകൂടി.

ലോത്ത്‌ രക്ഷപ്പെട്ടത്‌ സൊദോമിൽനിന്ന്‌ ഓടിപ്പോയതുകൊണ്ടാണ്‌. ദൈവം അവനെ രക്ഷിച്ചത്‌ അവൻ ദൈവദൃഷ്ടിയിൽ നീതിമാനായിരുന്നതുകൊണ്ടും സൊദോമിലെയും ഗൊമോരയിലെയും അധർമികളായ ആളുകളുടെ അധമവൃത്തികൾ കണ്ട്‌ മനസ്സുനീറി കഴിഞ്ഞിരുന്നതുകൊണ്ടുമാണ്‌. നമുക്കു ചുറ്റും നടമാടുന്ന അധമപ്രവൃത്തികളുടെ ആധിക്യം നമ്മെയും അസ്വസ്ഥരാക്കുന്നുണ്ടോ? അതോ ജീവിതത്തിന്റെ ഭാഗമായി ഇതിനെയെല്ലാം മനസ്സ്‌ അംഗീകരിച്ചോ? “കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ” നിലകൊള്ളാൻ നാം ആവുന്നത്ര ശ്രമിക്കുന്നുണ്ടോ?—2 പത്രൊ. 3:14.

വിടുതൽ ലഭിക്കാൻ, ഈജിപ്‌തിലെ ഇസ്രായേല്യരും യെരീഹോയിലെ രാഹാബും അവരവരുടെ വീടുകളിൽത്തന്നെ കഴിയേണ്ടതുണ്ടായിരുന്നു. ഇതിന്‌ വിശ്വാസവും അനുസരണവും അനിവാര്യമായിരുന്നു. (എബ്രാ. 11:28, 30, 31) ഈജിപ്‌തിലെ ഓരോ വീട്ടിൽനിന്നും അലമുറ ഉയരുമ്പോൾ ഇസ്രായേല്യ കുടുംബങ്ങളെല്ലാം നെഞ്ചിടിപ്പോടെ തങ്ങളുടെ ആദ്യജാത പുത്രന്മാരെ കണ്ണെടുക്കാതെ നോക്കിയിരുന്നിട്ടുണ്ടാവണം. (പുറ. 12:30) യെരീഹോയുടെ മതിലുകൾ ഊക്കോടെ നിലംപതിക്കുന്ന ശബ്ദം അടുത്തടുത്തുവരവെ രാഹാബും കുടുംബവും അന്യോന്യം ആശ്വസിപ്പിച്ചിട്ടുണ്ടാകണം. ആ സമയത്ത്‌ ആ വീട്ടിൽത്തന്നെ ഇരിക്കാൻ അവളുടെ ഭാഗത്ത്‌ അനുസരണവും ശക്തമായ വിശ്വാസവും ആവശ്യമായിരുന്നു.

താമസംവിനാ, സാത്താന്റെ ദുഷ്ടലോകവും തകർന്നടിയും. യഹോവയുടെ ഭയങ്കരമായ കോപദിവസത്തിൽ തന്റെ ജനത്തെ യഹോവ സംരക്ഷിക്കുന്നത്‌ ഏതുവിധത്തിലാണെന്ന്‌ ഇപ്പോൾ നമുക്ക്‌ അറിയില്ല. (സെഫ. 2:3) അപ്പോൾ നാം എവിടെയായിരുന്നാലും നമ്മുടെ സാഹചര്യം എന്തായിരുന്നാലും ഒരുകാര്യം ഉറപ്പാണ്‌: യഹോവയിലുള്ള നമ്മുടെ വിശ്വാസത്തെയും അവനോടുള്ള നമ്മുടെ അനുസരണത്തെയും ആശ്രയിച്ചായിരിക്കും നമ്മുടെ അതിജീവനം. എന്നാൽ ഇപ്പോൾ, യെശയ്യാപ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ‘അറകളോടുള്ള’ നമ്മുടെ മനോഭാവം എന്തായിരിക്കണം?

‘നിന്റെ അറകളിൽ കടക്കുക’

“എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്‌പനേരത്തേക്കു ഒളിച്ചിരിക്ക,” യെശയ്യാവു 26:20 പറയുന്നു. ഈ പ്രവചനത്തിന്റെ ആദ്യനിവൃത്തി ബി.സി. 539-ൽ മേദ്യരും പാർസ്യരും ബാബിലോണിനെ കീഴടക്കിയപ്പോൾ സംഭവിച്ചിരിക്കണം. പേർഷ്യൻ രാജാവായ കോരെശ്‌ ബാബിലോണിൽ കടന്നപ്പോൾ എല്ലാവരോടും അകത്തുതന്നെ ഇരിക്കാൻ കൽപ്പിച്ചതായി കാണുന്നു. കാരണം, പുറത്തുകാണുന്നവരെയൊക്കെ കൊന്നുകളയാൻ അവന്റെ പടയാളികൾക്ക്‌ ഉത്തരവു ലഭിച്ചിരുന്നു.

നമ്മുടെ കാലത്ത്‌, പ്രവചനത്തിലെ ‘അറകൾ’ എന്ന പരാമർശം യഹോവയുടെ സാക്ഷികളുടെ ഗോളവ്യാപകമായുള്ള ഒരു ലക്ഷത്തിലധികം വരുന്ന സഭകൾക്കായിരിക്കാം ഏറ്റവും യോജിക്കുന്നത്‌. ഈ സഭകൾ നമ്മുടെ ജീവിതത്തിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നുണ്ട്‌. ‘മഹാകഷ്ടത്തിന്റെ’ സമയത്തും അത്‌ അങ്ങനെതന്നെയായിരിക്കും. (വെളി. 7:14) ദൈവജനത്തോട്‌ ‘അറകളിൽ കടന്നു വാതിലുകളെ അടക്കാനും’ ‘ക്രോധം കടന്നുപോകുവോളം’ അവിടെ ഒളിച്ചിരിക്കാനും കൽപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ സഭയുമായി ഒരു നല്ല ബന്ധം നമുക്ക്‌ ഉണ്ടായിരിക്കണം; സഭയുമായി അടുത്തു സഹവസിക്കുകയും വേണം. പൗലൊസിന്റെ പിൻവരുന്ന ഉദ്‌ബോധനം നമുക്ക്‌ ഒരിക്കലും മറക്കാതിരിക്കാം: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.”—എബ്രാ. 10:24, 25.

[7-ാം പേജിലെ ചിത്രങ്ങൾ]

മുൻകാലങ്ങളിലെ ദിവ്യവിടുതലുകളിൽനിന്ന്‌ നമുക്കെന്തു പഠിക്കാം?

[8-ാം പേജിലെ ചിത്രം]

നമ്മുടെ കാലത്തെ ‘അറകൾ’ ഏതായിരുന്നേക്കാം?