ക്രിസ്തുവിനെ അനുഗമിക്കേണ്ടത് എന്തുകൊണ്ട്?
ക്രിസ്തുവിനെ അനുഗമിക്കേണ്ടത് എന്തുകൊണ്ട്?
“എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും . . . എന്നെ അനുഗമിക്കട്ടെ.”—ലൂക്കൊ. 9:23.
1, 2. ക്രിസ്തുവിനെ അനുഗമിക്കേണ്ടതിന്റെ കാരണങ്ങൾ പരിചിന്തിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പുതുതായി ബൈബിൾ പഠിക്കുന്ന ഒരാളാണോ നിങ്ങൾ? അല്ലെങ്കിൽ, യഹോവയുടെ ജനത്തോടൊപ്പം സഹവസിക്കുന്ന യുവപ്രായക്കാരിൽ ഒരാൾ? തന്റെ ആരാധകരുടെ കൂട്ടത്തിൽ നിങ്ങളെ കാണുന്നത് യഹോവയ്ക്ക് എത്ര സന്തോഷമാണെന്നോ! തുടർന്നും ബൈബിൾ പഠിക്കുകയും ക്രിസ്തീയ യോഗങ്ങളിൽ ക്രമമായി പങ്കെടുക്കുകയും അങ്ങനെ ദൈവവചനത്തിലെ ജീവരക്ഷാകരമായ സത്യം ഇനിയുമധികം സ്വാംശീകരിക്കുകയും ചെയ്യവെ യേശുവിന്റെ പിൻവരുന്ന ക്ഷണം എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടായിരിക്കണം: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.” (ലൂക്കൊ. 9:23) സ്വയം ത്യജിച്ച് തന്നെ അനുഗമിക്കണമെന്നാണ് യേശു ഇവിടെ പറയുന്നത്. അങ്ങനെയെങ്കിൽ നാം ക്രിസ്തുവിനെ അനുഗമിക്കേണ്ടത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കില്ലേ?—മത്താ. 16:13-16.
2 ഇപ്പോൾത്തന്നെ യേശുക്രിസ്തുവിന്റെ പദാനുഗാമികളായിരിക്കുന്നവരെ സംബന്ധിച്ചോ? ‘ഇനിയും അധികം വർദ്ധിച്ചുവരേണം’ എന്നാണ് അവർക്കുള്ള ഉദ്ബോധനം. (1 തെസ്സ. 4:1, 2) നാം സത്യാരാധകരായിത്തീർന്നത് അടുത്തകാലത്തോ ദശകങ്ങൾക്കു മുമ്പോ ആയിക്കൊള്ളട്ടെ, ക്രിസ്തുവിനെ അനുഗമിക്കേണ്ടതിന്റെ കാരണങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് എപ്പോഴും ഉചിതമാണ്. എന്തുകൊണ്ട്? പൗലൊസിന്റെ മേൽപ്പറഞ്ഞ ഉദ്ബോധനം പിൻപറ്റാനും നമ്മുടെ അനുദിനജീവിതത്തിൽ ക്രിസ്തുവിനെ കൂടുതൽ അടുത്ത് അനുഗമിക്കാനും അതു നമ്മെ സഹായിക്കും. ക്രിസ്തുവിനെ അനുഗമിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന അഞ്ചുകാരണങ്ങൾ നമുക്ക് പരിശോധിക്കാം.
യഹോവയോട് ഏറെ അടുക്കാൻ
3. യഹോവയെക്കുറിച്ച് അറിയാനാകുന്ന രണ്ട് വിധങ്ങളേവ?
3 “അരയോപഗമദ്ധ്യേ നിന്നുകൊണ്ട്,” പൗലൊസ് അഥേനക്കാരെ അഭിസംബോധനചെയ്ത് പ്രസംഗിച്ചു: “ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ [ദൈവം] ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.” (പ്രവൃ. 17:22, 26, 27) ദൈവത്തെ അന്വേഷിച്ചു കണ്ടെത്തി അവനെ അടുത്തറിയാൻ നമുക്കു സാധിക്കും. ഉദാഹരണത്തിന്, ദൈവത്തിന്റെ ഗുണഗണങ്ങളെയും നിപുണതയെയുംപറ്റി അറിയാനുതകുന്ന ഒരു തുറന്ന പുസ്തകമാണ് നമുക്കു ചുറ്റുമുള്ള അവന്റെ സൃഷ്ടികൾ. വിലമതിപ്പോടെ ആ സൃഷ്ടിക്രിയകളെക്കുറിച്ച് ചിന്തിക്കുന്നെങ്കിൽ സ്രഷ്ടാവിനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങൾ നമുക്കു പഠിക്കാനാകും. (റോമ. 1:20) അവന്റെ ലിഖിതവചനമായ ബൈബിളും അവനെക്കുറിച്ച് അനേകം കാര്യങ്ങൾ വെളിപ്പെടുത്തുന്നു. (2 തിമൊ. 3:16, 17) നാം എത്രമാത്രം യഹോവയുടെ ‘പ്രവൃത്തികളെ കുറിച്ചു ധ്യാനിക്കുകയും’ അവന്റെ ‘ക്രിയകളെക്കുറിച്ചു ചിന്തിക്കുകയും’ ചെയ്യുന്നുവോ അത്രമാത്രം നമുക്ക് അവനെ അടുത്തറിയാനാകും.—സങ്കീ. 77:12.
4. ക്രിസ്തുവിനെ അനുഗമിക്കുന്നത് യഹോവയെ ഏറെ അടുത്തറിയാൻ സഹായിക്കുന്നത് എങ്ങനെ?
4 യഹോവയെ ഏറെ അടുത്തറിയാൻ ഇവയെക്കാളെല്ലാം മികച്ച ഒരു മാർഗമുണ്ട്—ക്രിസ്തുവിനെ അനുഗമിക്കുക. എന്തുകൊണ്ടാണത്? “ലോകം ഉണ്ടാകുംമുമ്പെ” യേശുവിന് പിതാവിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്തെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം. (യോഹ. 17:5) അവൻ ‘ദൈവസൃഷ്ടിയുടെ ആരംഭം’ ആണ്. (വെളി. 3:14) ‘സർവ്വസൃഷ്ടിക്കും ആദ്യജാതനായ’ അവൻ എണ്ണമറ്റ യുഗങ്ങൾ പിതാവായ യഹോവയോടൊപ്പം സ്വർഗത്തിൽ ചെലവഴിച്ചു. അവൻ ദൈവത്തിന്റെ ഏറ്റവും അടുത്ത സഹചാരിയായിരുന്നു; സർവശക്തനോടൊപ്പം അവൻ സന്തോഷത്തോടെ പ്രവർത്തിച്ചു; അങ്ങനെ യഹോവയും യേശുവും തമ്മിൽ ഒരു ഗാഢബന്ധം ഉടലെടുത്തു. ആ സ്നേഹബന്ധംപോലെ മറ്റൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. പിതാവ് കാര്യങ്ങൾ ചെയ്യുന്നവിധവും അതിന് അവനെ പ്രേരിപ്പിച്ച വികാരങ്ങളും അവന്റെ ദിവ്യഗുണങ്ങളുമൊക്കെ യേശു വെറുതെ നിരീക്ഷിക്കുക മാത്രമല്ല ചെയ്തത്, പിന്നെയോ പിതാവിനെക്കുറിച്ചു മനസ്സിലാക്കിയ സകലകാര്യങ്ങളും അവൻ ഉൾക്കൊള്ളുകയും പകർത്തുകയും ചെയ്തു. അനുസരണമുള്ള ഈ പുത്രൻ അങ്ങനെ പിതാവിന്റെ തനിപ്പകർപ്പായിത്തീർന്നു; “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ” എന്ന് പറയാൻ കഴിയുന്ന അളവോളം. (കൊലൊ. 1:15) ക്രിസ്തുവിനെ അടുത്ത് അനുഗമിക്കുന്നതിലൂടെ നമുക്ക് യഹോവയെ ഏറെ അടുത്തറിയാൻ കഴിയും.
യഹോവയെ ഏറെ തികവോടെ അനുകരിക്കാൻ
5. യഹോവയെ ഏറെ തികവോടെ അനുകരിക്കാൻ എന്തു നമ്മെ സഹായിക്കും, എന്തുകൊണ്ട്?
5 നാം ദൈവത്തിന്റെ “സ്വരൂപത്തിൽ,” അവന്റെ “സാദൃശ്യ പ്രകാരം” സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നതിനുള്ള കഴിവ് നമുക്കുണ്ട്. (ഉല്പ. 1:26) “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്ന് അപ്പൊസ്തലനായ പൗലൊസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. (എഫെ. 5:1) ക്രിസ്തുവിനെ അനുഗമിക്കുന്നതിലൂടെ നമുക്കതു ചെയ്യാൻ കഴിയും; കാരണം, യേശുവാണ് ദൈവത്തിന്റെ ചിന്തകളും വികാരങ്ങളും വ്യക്തിത്വവും ഏറ്റവും നന്നായി പ്രതിഫലിപ്പിച്ചത്. ദൈവത്തെ അടുത്തറിയാനാകുംവിധം അവനെ നമുക്ക് വെളിപ്പെടുത്തിത്തരാൻ യേശുവിനല്ലാതെ മറ്റാർക്കും കഴിയുമായിരുന്നില്ല. ഭൂമിയിലായിരുന്നപ്പോൾ യേശു പിതാവിന്റെ നാമം പ്രസിദ്ധമാക്കുക മാത്രമല്ല, അവൻ എങ്ങനെയുള്ളവനാണെന്ന് മനസ്സിലാക്കിത്തരുകയും ചെയ്തു. (മത്തായി 11:27 വായിക്കുക.) തന്റെ വാക്ക്, പ്രവൃത്തി, ഉപദേശം, ജീവിതമാതൃക എന്നിവയിലൂടെയാണ് അവൻ അതു ചെയ്തത്.
6. യേശുവിന്റെ ഉപദേശങ്ങൾ യഹോവയെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
6 ദൈവത്തിന് അവന്റെ ആരാധകർ എത്ര പ്രിയപ്പെട്ടവരാണെന്നും അവൻ നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നുവെന്നും തന്റെ ഉപദേശങ്ങളിലൂടെ യേശു നമുക്കു കാണിച്ചുതരുകയുണ്ടായി. (മത്താ. 22:36-40; ലൂക്കൊ. 12:6, 7; 15:4-7) ഉദാഹരണത്തിന്, “വ്യഭിചാരം ചെയ്യരുത്” എന്ന കൽപ്പന ഉദ്ധരിച്ചശേഷം യേശു ഇങ്ങനെ പറഞ്ഞു: “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.” ഇങ്ങനെ പറഞ്ഞതിലൂടെ യേശു എന്താണ് അർഥമാക്കുന്നത്? ഒരു ദുഷ്പ്രവൃത്തി ചെയ്യുന്നതിനുമുമ്പ് ഒരുവന്റെ ഹൃദയത്തിൽ ഉരുവാകുന്ന അധമചിന്തകളെ ആ ദുഷ്പ്രവൃത്തിക്കു തുല്യമായിത്തന്നെ ദൈവം വീക്ഷിക്കുന്നു എന്നാണ് അവൻ ഇതിലൂടെ വ്യക്തമാക്കിയത്. (പുറ. 20:14; മത്താ. 5:27, 28) ഇനി മറ്റൊരു ഉദാഹരണം നോക്കാം. “കൂട്ടുകാരനെ . . . സ്നേഹിക്ക” എന്ന ന്യായപ്രമാണകൽപ്പനയെ പരീശന്മാർ ദുർവ്യാഖ്യാനം ചെയ്ത് “കൂട്ടുകാരനെ സ്നേഹിക്ക . . . ശത്രുവിനെ പകെക്ക” എന്നാക്കിമാറ്റിയിരുന്നു. എന്നാൽ യഹോവയുടെ വീക്ഷണം വെളിപ്പെടുത്തിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” (മത്താ. 5:43, 44; പുറ. 23:4; ലേവ്യ. 19:18) ദൈവത്തിന്റെ ചിന്തകൾ, വികാരങ്ങൾ, അവൻ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് എന്നീ കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായി ഗ്രഹിക്കുന്നത് അവനെ എറെ തികവോടെ അനുകരിക്കാൻ നമ്മെ സജ്ജരാക്കും.
7, 8. യേശുവിന്റെ മാതൃകയിൽനിന്ന് യഹോവയെക്കുറിച്ച് നാം എന്തു മനസ്സിലാക്കുന്നു?
7 തന്റെ മാതൃകയിലൂടെയും യേശു പിതാവിനെക്കുറിച്ച് പഠിപ്പിച്ചതായി സുവിശേഷവിവരണങ്ങളിൽ കാണാനാകും. സഹായം ആവശ്യമായിരുന്നവരോട് അനുകമ്പയോടെയും കഷ്ടത അനുഭവിക്കുന്നവരോട് സഹാനുഭൂതിയോടെയും യേശു ഇടപെട്ടു. കുട്ടികളെ തന്റെ അടുക്കൽവിടാതെ ശിഷ്യന്മാർ തടയുന്നതുകണ്ട് അവന് ധാർമികരോഷംതോന്നി. ഇങ്ങനെതന്നെയായിരിക്കില്ലേ അവന്റെ പിതാവും പ്രതികരിക്കുക? (മർക്കൊ. 1:40-42; 10:13, 14; യോഹ. 11:32-35) അടുത്തതായി, യേശുവിന്റെ പ്രവൃത്തികളിൽ ദൈവത്തിന്റെ പ്രമുഖ ഗുണങ്ങൾ പ്രകടമായതെങ്ങനെയെന്നു നോക്കാം. അവന്റെ അത്ഭുതങ്ങൾ അവനു ലഭിച്ച അപരിമേയ ശക്തിയുടെ തെളിവല്ലായിരുന്നോ? എന്നാൽ സ്വന്തം നേട്ടത്തിനോ മറ്റുള്ളവരെ ദ്രോഹിക്കുന്നതിനോ ആ ശക്തി അവൻ ഒരിക്കലും വിനിയോഗിച്ചില്ല. (ലൂക്കൊ. 4:1-4) ആർത്തിപൂണ്ട കച്ചവടക്കാരെ ആലയത്തിൽനിന്നു പുറത്താക്കിയപ്പോൾ വെളിവായത് അവന്റെ നീതിബോധമല്ലേ? (മർക്കൊ. 11:15-17; യോഹ. 2:13-16) ആളുകളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം അവൻ ഉപയോഗിച്ച ലാവണ്യവാക്കുകളും ഉപദേശങ്ങളും ജ്ഞാനത്തിന്റെ കാര്യത്തിൽ അവൻ “ശലോമോനിലും വലിയവൻ” ആണെന്ന് വ്യക്തമാക്കിയില്ലേ? (മത്താ. 12:42) ഇനി, തന്റെ ജീവനെ വെച്ചുതന്നുകൊണ്ട് അവൻ കാണിച്ച ആ കറയറ്റ സ്നേഹത്തെക്കുറിച്ചോ? ഇതിലും ‘അധികം സ്നേഹം ആർക്കുമില്ല’ എന്നല്ലാതെ നമുക്ക് അതിനെ വർണിക്കാനാകുമോ?—യോഹ. 15:13.
8 പറഞ്ഞതും പ്രവർത്തിച്ചതുമായ എല്ലാ കാര്യങ്ങളിലും ദൈവപുത്രൻ പിതാവിനെ പൂർണമായി പ്രതിഫലിപ്പിച്ചു. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്ന് അവനു പറയാനായത് അതുകൊണ്ടാണ്. (യോഹന്നാൻ 14:9-11 വായിക്കുക.) ക്രിസ്തുവിനെ അനുഗമിക്കുകവഴി വാസ്തവത്തിൽ നാം അനുകരിക്കുന്നത് യഹോവയെയാണ്.
യേശു—യഹോവയുടെ അഭിഷിക്തൻ
9. യേശു യഹോവയുടെ അഭിഷിക്തനായിത്തീർന്നത് എപ്പോൾ, എങ്ങനെ?
9 എ.ഡി. 29-ലെ ശരത്കാലത്ത് യേശു സ്നാപകയോഹന്നാനാൽ സ്നാനമേറ്റു; അവന് അപ്പോൾ 30 വയസ്സായിരുന്നു. “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു.” അപ്പോഴാണ് അവൻ ക്രിസ്തു അഥവാ മിശിഹാ ആയത്. ആ അവസരത്തിൽത്തന്നെ, യേശു തന്റെ അഭിഷിക്തനാണെന്ന് അറിയിച്ചുകൊണ്ട് യഹോവ പ്രഖ്യാപിച്ചു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്താ. 3:13-17) ക്രിസ്തുവിനെ അനുഗമിക്കാൻ എത്ര നല്ല കാരണങ്ങളാണ് നമുക്കുള്ളത്!
10, 11. (എ) “ക്രിസ്തു” എന്ന സ്ഥാനപ്പേര് യേശുവിനോടുള്ള ബന്ധത്തിൽ എങ്ങനെയെല്ലാം ഉപയോഗിച്ചിരിക്കുന്നു? (ബി) യേശുക്രിസ്തുവിനെ അനുഗമിക്കുന്നതിൽ വീഴ്ച വരുത്തരുതാത്തത് എന്തുകൊണ്ട്?
10 ബൈബിളിൽ, “ക്രിസ്തു” എന്ന സ്ഥാനപ്പേര് വ്യത്യസ്തവിധങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്—ക്രിസ്തു, ക്രിസ്തുയേശു, യേശുക്രിസ്തു എന്നിങ്ങനെ. സ്ഥാനപ്പേരിനുമുമ്പ് യേശു എന്നു ചേർത്ത് “യേശുക്രിസ്തു” എന്ന് ആദ്യമായി ഉപയോഗിച്ചത് യേശുതന്നെയാണ്. പിതാവിനോടുള്ള അവന്റെ പ്രാർഥനയിൽ നാം അതു കാണുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ. 17:3) ദൈവത്താൽ അയയ്ക്കപ്പെട്ട് അവന്റെ അഭിഷിക്തനായിത്തീർന്ന വ്യക്തിയിലേക്ക് ശ്രദ്ധക്ഷണിക്കുന്നു യേശുക്രിസ്തു എന്ന പ്രയോഗം. എന്നാൽ “ക്രിസ്തുയേശു” എന്ന പ്രയോഗത്തിൽ പേരിനു മുമ്പ് സ്ഥാനപ്പേരു വരുന്നു, അത് വ്യക്തിയെക്കാൾ സ്ഥാനത്തിന് ഊന്നൽ നൽകുന്നു. (2 കൊരി. 4:5) “ക്രിസ്തു” എന്നു മാത്രം പറയുമ്പോഴും സാധാരണഗതിയിൽ മിശിഹായെന്ന നിലയിലുള്ള അവന്റെ സ്ഥാനത്തെയാണ് അത് കുറിക്കുന്നത്.—പ്രവൃ. 5:42.
11 യേശുവിനോടുള്ള ബന്ധത്തിൽ “ക്രിസ്തു” എന്ന സ്ഥാനപ്പേര് ഉപയോഗിക്കുന്നത് എങ്ങനെയായാലും അത് പിൻവരുന്ന സുപ്രധാന വസ്തുതയ്ക്ക് അടിവരയിടുന്നു: മനുഷ്യനായി ഭൂമിയിലേക്കു വന്ന് തന്റെ പിതാവിന്റെ ഇഷ്ടം നമ്മെ അറിയിച്ചെങ്കിലും അവൻ ഒരു സാധാരണ മനുഷ്യനോ വെറുമൊരു പ്രവാചകനോ അല്ല; മറിച്ച്, അവൻ യഹോവയുടെ അഭിഷിക്തനാണ്. അതുകൊണ്ട് അവനെ അനുഗമിക്കുന്നതിൽ നാം വീഴ്ചവരുത്തരുത്.
യേശു—ഏക രക്ഷാമാർഗം
12. മരണത്തിനു തൊട്ടുമുമ്പ് യേശു തോമാസിനോട് സുപ്രധാനമായ എന്തുകാര്യമാണ് പറഞ്ഞത്?
12 മിശിഹായെ അനുഗമിക്കേണ്ടതിന്റെ മറ്റൊരു പ്രധാന കാരണം യേശുവിന്റെതന്നെ വാക്കുകളിൽനിന്നു നമുക്കു മനസ്സിലാക്കാം. മരണത്തിന് ഏതാനും മണിക്കൂർ മുമ്പാണ് തോമാസിന്റെ ചോദ്യത്തിനു മറുപടിയായി അവൻ ഇതു പറഞ്ഞത്. അവർക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുകയാണെന്ന യേശുവിന്റെ പ്രസ്താവനയെക്കുറിച്ചായിരുന്നു തോമാസിന്റെ ചോദ്യം. യേശുവിന്റെ മറുപടി ഇതായിരുന്നു: “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” (യോഹ. 14:1-6) അവിടെ സന്നിഹിതരായിരുന്ന വിശ്വസ്തരായ 11 അപ്പൊസ്തലന്മാരോടാണ് അവൻ ഇതു പറഞ്ഞത്. സ്വർഗത്തിലെ വാസസ്ഥലങ്ങൾ അവൻ അവർക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. എങ്കിലും അവന്റെ വാക്കുകൾ ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്നവരെ സംബന്ധിച്ചും അർഥമുള്ളതായിരുന്നു. (വെളി. 7:9, 10; 21:1-4) എങ്ങനെ?
13. ഏതർഥത്തിലാണ് യേശു, “വഴി” ആയിരിക്കുന്നത്?
13 യേശുക്രിസ്തു, “വഴി” ആണെന്നു പറഞ്ഞിരിക്കുന്നു. അതായത് അവനിലൂടെ മാത്രമേ നമുക്ക് ദൈവത്തെ സമീപിക്കാൻ കഴിയൂ എന്നർഥം. പ്രാർഥനയുടെ കാര്യമെടുക്കുക. യേശു മുഖാന്തരം പ്രാർഥിച്ചാൽ മാത്രമേ ദൈവം നമ്മുടെ പ്രാർഥന കേൾക്കൂ. എന്നാൽ നമ്മുടെ യാചനകൾ ദൈവേഷ്ടത്തിനു ചേർച്ചയിലായിരിക്കുകയും വേണം. (യോഹ. 15:16) മറ്റൊരു വിധത്തിലും യേശു, “വഴി” ആണെന്നു പറയാം. അത് എങ്ങനെയെന്നു നോക്കാം. പാപം മനുഷ്യവർഗത്തെ ദൈവത്തിൽനിന്ന് അകറ്റിക്കളഞ്ഞുവെങ്കിലും യേശു, “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി” നൽകി. (യെശ. 59:2; മത്താ. 20:28) “യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” എന്നു ബൈബിൾ പറയുന്നത് അതുകൊണ്ടാണ്. (1 യോഹ. 1:7) അങ്ങനെ ഈ പുത്രൻ ദൈവവുമായുള്ള അനുരഞ്ജനത്തിനു വഴിതുറന്നു. (റോമ. 5:8-10) യേശുവിൽ വിശ്വാസമർപ്പിക്കുന്നതിലൂടെയും അവനെ അനുസരിക്കുന്നതിലൂടെയും നമുക്കു ദൈവവുമായി ഒരു അംഗീകൃതബന്ധം ഉണ്ടായിരിക്കാനാകും.—യോഹ. 3:36.
14. യേശു ‘സത്യം’ ആയിരിക്കുന്നത് എങ്ങനെ?
14 ഇനി, യേശു ‘സത്യം’ ആണെന്നു പറഞ്ഞിരിക്കുന്നു. അവൻ എല്ലായ്പോഴും സത്യം സംസാരിക്കുകയും തദനുസരണം ജീവിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല, മിശിഹായെക്കുറിച്ചുള്ള അനവധിയായ പ്രവചനങ്ങൾ അവനിൽ നിവൃത്തിയേറി എന്നതുകൊണ്ടുമാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്. “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി. (2 കൊരി. 1:20) മോശൈക ന്യായപ്രമാണത്തിലെ ‘വരുവാനുള്ള നന്മകളുടെ നിഴലായിരിക്കുന്ന കാര്യങ്ങൾ’ യാഥാർഥ്യമായിത്തീർന്നത് യേശുവിലാണ്. (എബ്രാ. 10:1; കൊലൊ. 2:17) അവനെ കേന്ദ്രീകരിച്ചുള്ളതാണ് സകലപ്രവചനങ്ങളും. യഹോവയുടെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്കാരത്തിൽ അവൻ വഹിക്കുന്ന മുഖ്യപങ്കിലേക്കു വെളിച്ചംവീശുന്നതാണ് അവയോരോന്നും. (വെളി. 19:10) യഹോവ നമുക്കുവേണ്ടി ഉദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ നിവൃത്തിയേറുമ്പോൾ അവയിൽനിന്നു പ്രയോജനം അനുഭവിക്കണമെങ്കിൽ നാം മിശിഹായെ അനുഗമിച്ചേ മതിയാകൂ.
15. ഏതർഥത്തിലാണ് യേശു ‘ജീവൻ’ ആയിരിക്കുന്നത്?
15 യേശു ‘ജീവൻ’ ആണെന്നു പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? തന്റെ ജീവരക്തത്താൽ അവൻ മനുഷ്യകുലത്തെ വിലയ്ക്കുവാങ്ങിയതുകൊണ്ടാണ് അങ്ങനെ പറഞ്ഞിരിക്കുന്നത്. ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ’ ദൈവം നമുക്കു നൽകിയ ദാനമാണ് നിത്യജീവൻ. (റോമ. 6:23) മരിച്ചുപോയവരുടെ കാര്യത്തിലും യേശു ‘ജീവൻ’ ആണ്. (യോഹ. 5:28, 29) സഹസ്രാബ്ദ വാഴ്ചക്കാലത്ത് മഹാപുരോഹിതൻ എന്ന നിലയിൽ അവൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കുക. ഭൂമിയിലെ തന്റെ പ്രജകളെ അവൻ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്ന് എന്നേക്കുമായി വിടുവിക്കും!—എബ്രാ. 9:11, 12, 28.
16. യേശുവിനെ അനുഗമിക്കുന്നതിന് നമുക്ക് എന്ത് കാരണമുണ്ട്?
16 അതെ, തോമാസിനോടുള്ള യേശുവിന്റെ മറുപടി നമ്മെ സംബന്ധിച്ച് പ്രാധാന്യമർഹിക്കുന്നതാണ്. യേശുവാണ് വഴിയും സത്യവും ജീവനും എന്നു നാം കണ്ടുകഴിഞ്ഞല്ലോ. അവനെയാണ് ലോകരക്ഷകനായി ദൈവം അയച്ചത്. (യോഹ. 3:17) അവനിലൂടെയല്ലാതെ ആർക്കും പിതാവിനെ സമീപിക്കാനാവില്ല. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്ന് ബൈബിൾ വ്യക്തമാക്കുന്നു. (പ്രവൃ. 4:12) നാം ഏതു മതപശ്ചാത്തലത്തിൽനിന്ന് ഉള്ളവരായാലും യേശുവിൽ വിശ്വസിക്കുകയും അവനെ അനുഗമിക്കുകയും ചെയ്തുകൊണ്ട് ജീവന്റെ പാതയിൽ നടക്കുന്നതല്ലേ നല്ലത്?— യോഹ. 20:31.
യേശുവിനു ചെവികൊടുക്കാൻ നമ്മോടു കൽപ്പിച്ചിരിക്കുന്നു
17. ദൈവപുത്രനു ചെവികൊടുക്കേണ്ടത് എന്തുകൊണ്ട്?
17 യേശുവിന്റെ രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിച്ചവരാണ് പത്രൊസും യോഹന്നാനും യാക്കോബും. ആ സമയത്ത് സ്വർഗത്തിൽനിന്ന്, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ” എന്ന് ഒരു പ്രഖ്യാപനം അവർ കേട്ടു. (ലൂക്കൊ. 9:28, 29, 35) മിശിഹായ്ക്ക് ചെവികൊടുക്കുക എന്ന കൽപ്പന ഗൗരവമർഹിക്കുന്ന ഒന്നാണ്.—പ്രവൃത്തികൾ 3:22, 23 വായിക്കുക.
18. യേശുക്രിസ്തുവിന് നാം ചെവികൊടുക്കേണ്ടത് എങ്ങനെ?
18 യേശുവിനു ചെവികൊടുക്കുക എന്നാൽ, അവനിൽ ‘ദൃഷ്ടിയുറപ്പിച്ചുകൊണ്ട് അവന്റെ മാതൃക അടുത്ത് അനുകരിക്കുക’ എന്നാണർഥം. (എബ്രാ. 12:2, 3) അതുകൊണ്ട് അവനെക്കുറിച്ച് ബൈബിളിൽനിന്നും അടിമവർഗത്തിന്റെ പ്രസിദ്ധീകരണങ്ങളിൽനിന്നും വായിക്കുന്ന കാര്യങ്ങളും ക്രിസ്തീയ യോഗങ്ങളിൽ പഠിക്കുന്ന വിവരങ്ങളും നാം “അധികം ശ്രദ്ധയോടെ” കരുതിക്കൊള്ളേണ്ടതുണ്ട്. (എബ്രാ. 2:1; മത്താ. 24:45) യേശുവിന്റെ ആടുകളായ നമുക്ക് അവനെ ശ്രദ്ധിച്ചുകൊണ്ട് അവനെ അനുഗമിക്കാൻ ഉത്സാഹമുള്ളവരായിരിക്കാം.—യോഹ. 10:27.
19. ക്രിസ്തുവിനെ അവിരാമം അനുഗമിക്കാൻ നമ്മെ എന്തു സഹായിക്കും?
19 എന്തൊക്കെ തടസ്സങ്ങളുണ്ടായാലും യേശുവിനെ അവിരാമം അനുഗമിക്കാൻ നമുക്കു കഴിയുമോ? പഠിക്കുന്ന കാര്യങ്ങൾ ‘ക്രിസ്തുയേശുവിലുള്ള വിശ്വാസത്താലും സ്നേഹത്താലും’ പ്രാവർത്തികമാക്കിക്കൊണ്ട് ‘പത്ഥ്യവചനത്തിന്റെ മാതൃക’ നാം പിൻപറ്റുന്നെങ്കിൽ നമുക്കതിനു കഴിയും.—2 തിമൊ. 1:13.
നിങ്ങൾ എന്തു പഠിച്ചു?
• ക്രിസ്തുവിനെ അനുഗമിക്കുന്നത് യഹോവയോട് ഏറെ അടുക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
• യേശുവിനെ അനുകരിക്കുമ്പോൾ ഫലത്തിൽ നാം യഹോവയെ അനുകരിക്കുകയാണ്. എന്തുകൊണ്ട്?
• എങ്ങനെയാണ് യേശു “വഴിയും സത്യവും ജീവനും” ആയിരിക്കുന്നത്?
• യഹോവയുടെ അഭിഷിക്തനു നാം ചെവികൊടുക്കേണ്ടത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[29-ാം പേജിലെ ചിത്രം]
യഹോവയുടെ ഉത്കൃഷ്ട ചിന്തകൾ യേശുവിന്റെ ഉപദേശങ്ങളിൽ പ്രതിഫലിച്ചു
[30-ാം പേജിലെ ചിത്രം]
യഹോവയുടെ അഭിഷിക്തനെ നാം വിശ്വസ്തതയോടെ അനുഗമിക്കണം
[32-ാം പേജിലെ ചിത്രം]
‘ഇവൻ എന്റെ പ്രിയപുത്രൻ, ഇവനു ചെവികൊടുക്കുക’ എന്ന് യഹോവ പ്രഖ്യാപിച്ചു