വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറുപ്പക്കാരേ, നിങ്ങളുടെ അഭിവൃദ്ധി ദൃശ്യമാകട്ടെ!

ചെറുപ്പക്കാരേ, നിങ്ങളുടെ അഭിവൃദ്ധി ദൃശ്യമാകട്ടെ!

ചെറുപ്പക്കാരേ, നിങ്ങളുടെ അഭിവൃദ്ധി ദൃശ്യമാകട്ടെ!

“നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നു കൊൾക.”—1 തിമൊ. 4:15.

1. ചെറുപ്പക്കാരെക്കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹം എന്താണ്‌?

 “ഹേ യുവാവേ, നിന്റെ യൗവനത്തിൽ ആനന്ദിക്കൂ. യൗവനദിനങ്ങളിൽ നിന്റെ ഹൃദയം നിന്നെ ആഹ്ലാദിപ്പിക്കട്ടെ.” (സഭാ. 11:9, ഓശാന ബൈബിൾ) പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവിന്റെ വാക്കുകളാണിത്‌. എങ്കിലും ഇതിന്റെ യഥാർഥ ഉറവിടം യഹോവയാം ദൈവമാണ്‌. നിങ്ങളുടെ യൗവനകാലം സന്തോഷഭരിതമായിരിക്കണം എന്നാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. എന്നാൽ അതിലുപരി, ആ സന്തോഷം നിങ്ങളുടെ മുഴുജീവിതത്തിലേക്കും പടരണമെന്നും അവൻ അഭിലഷിക്കുന്നു. പലർക്കും പക്ഷേ, ഈ പ്രായത്തിൽ ചുവടുപിഴയ്‌ക്കുന്നു; അതിന്റെ പ്രത്യാഘാതങ്ങൾ പലപ്പോഴും അവരുടെ ഭാവിസന്തോഷത്തെ ബാധിക്കുകയും ചെയ്‌തേക്കാം. ‘യൗവനത്തിലെ അകൃത്യങ്ങൾ അനുഭവിക്കേണ്ടിവന്നു’ എന്നു പറഞ്ഞുകൊണ്ട്‌ വിശ്വസ്‌തനായ ഇയ്യോബ്‌ വിലപിച്ചതായി നാം ബൈബിളിൽ വായിക്കുന്നു. (ഇയ്യോ. 13:26) ഒരു യുവക്രിസ്‌ത്യാനിക്ക്‌ തന്റെ കൗമാരത്തിലും യൗവനാരംഭത്തിലുമൊക്കെ ഗൗരവമേറിയ പല തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്‌. ആ തീരുമാനങ്ങളിൽ പിഴവുവന്നാൽ അത്‌ ആഴത്തിലുള്ള വൈകാരിക ക്ഷതങ്ങൾ ഏൽപ്പിക്കുകയും പിൽക്കാല ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തേക്കാം.—സഭാ. 11:10.

2. ഗുരുതരമായ പിഴവുകൾ ഒഴിവാക്കാൻ ഏതു ബൈബിൾ ഉപദേശം ചെറുപ്പക്കാരെ സഹായിക്കും?

2 എന്നാൽ ചെറുപ്പക്കാർ ആലോചിച്ചു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്‌. അപ്പൊസ്‌തലനായ പൗലൊസ്‌ കൊരിന്ത്യർക്കു നൽകിയ ഉദ്‌ബോധനം ശ്രദ്ധിക്കുക: ‘ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകാതെ മുതിർന്നവരാകുവിൻ.’ (1 കൊരി. 14:20) മുതിർന്നവരെപ്പോലെ യുക്തിയുക്തം ചിന്തിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഈ ഉപദേശം ചെവിക്കൊള്ളുന്നെങ്കിൽ ചെറുപ്പക്കാർക്കു ഗുരുതരമായ പിഴവുകൾ ഒഴിവാക്കാനാകും.

3. പക്വത കൈവരിക്കാൻ നിങ്ങൾ എന്തു ചെയ്യണം?

3 യുവാക്കളായ നിങ്ങൾ ഒരു കാര്യം മനസ്സിൽപ്പിടിക്കുക. കാര്യകാരണസഹിതം ചിന്തിക്കാനുള്ള പ്രാപ്‌തി അഥവാ മാനസിക പക്വത കൈവരിക്കുന്നതിന്‌ ശ്രമം ആവശ്യമാണെന്ന വസ്‌തുത. പൗലൊസ്‌ തിമൊഥെയൊസിനോടു പറഞ്ഞു: “ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്‌നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക. . . . വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക. . . . നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.” (1 തിമൊ. 4:12-15) മറ്റുള്ളവർക്കു ദൃശ്യമായിത്തീരുംവിധം അഭിവൃദ്ധിവരുത്താൻ ക്രിസ്‌ത്യാനികളായ യുവതീയുവാക്കൾ ശ്രമിക്കേണ്ടതുണ്ട്‌.

അഭിവൃദ്ധി എന്നാൽ എന്താണ്‌?

4. ആത്മീയ അഭിവൃദ്ധി വരുത്തുന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?

4 അഭിവൃദ്ധി പ്രാപിക്കുകയെന്നാൽ “പുരോഗമിക്കുക, ഗുണകരമായ മാറ്റം വരുത്തുക” എന്നൊക്കെയാണ്‌ അർഥം. ‘വാക്കിലും നടപ്പിലും സ്‌നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും’ ശുശ്രൂഷ നിവർത്തിക്കുന്ന വിധത്തിലും ഒന്നിനൊന്ന്‌ മികച്ചുവരാൻ പൗലൊസ്‌ തിമൊഥെയൊസിനെ അനുശാസിക്കുന്നു. അനുകരണീയമായ ഒരു ജീവിതം നയിക്കാൻ തിമൊഥെയൊസ്‌ യത്‌നിക്കേണ്ടിയിരുന്നു. അങ്ങനെ, ആത്മീയ അഭിവൃദ്ധിയുടെ പാതയിൽ നടക്കാൻ അവൻ എന്നും ശ്രമിക്കണമായിരുന്നു.

5, 6. (എ) തിമൊഥെയൊസിന്റെ അഭിവൃദ്ധി എപ്പോൾ മുതൽ ദൃശ്യമായിരുന്നു? (ബി) അഭിവൃദ്ധി വരുത്തുന്ന കാര്യത്തിൽ ചെറുപ്പക്കാർക്ക്‌ ഇന്ന്‌ തിമൊഥെയൊസിനെ എങ്ങനെ അനുകരിക്കാം?

5 പൗലൊസ്‌ അത്‌ എഴുതുമ്പോൾ (എ.ഡി. 61-64) തിമൊഥെയൊസ്‌ പരിചയസമ്പന്നനായ ഒരു മൂപ്പനായിരുന്നു; കേവലം ഒരു തുടക്കക്കാരനായിരുന്നില്ല. സാധ്യതയനുസരിച്ച്‌, തിമൊഥെയൊസിന്‌ ഏകദേശം ഇരുപതുവയസ്സുള്ളപ്പോഴാണ്‌ (എ.ഡി. 49 അല്ലെങ്കിൽ 50) അവന്റെ ആത്മീയ അഭിവൃദ്ധി ശ്രദ്ധിച്ച “ലുസ്‌ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാർ” അവനെക്കുറിച്ചു “നല്ല സാക്ഷ്യം” പറഞ്ഞത്‌. (പ്രവൃ. 16:1-5) ആ സമയത്ത്‌ പൗലൊസ്‌ അവനെ തന്നോടൊപ്പം മിഷനറി യാത്രയ്‌ക്കു കൂട്ടിക്കൊണ്ടുപോകുന്നു. ഏതാനുംമാസം അവന്റെ പുരോഗതി വിലയിരുത്തിയശേഷം, പൗലൊസ്‌ അവനെ തെസ്സലൊനീക്യയിലേക്ക്‌ അയച്ചു, അവിടെയുള്ള ക്രിസ്‌ത്യാനികളെ ആശ്വസിപ്പിക്കുന്നതിനും വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനുംവേണ്ടി ആയിരുന്നു അത്‌. (1 തെസ്സലൊനീക്യർ 3:1-3, 6 വായിക്കുക.) യുവപ്രായത്തിൽത്തന്നെ അവന്റെ ആത്മീയ അഭിവൃദ്ധി മറ്റുള്ളവർക്കു ദൃശ്യമായിരുന്നു എന്നു വ്യക്തം.

6 അതുകൊണ്ട്‌ യുവജനങ്ങളേ, നിങ്ങൾ ഇപ്പോൾത്തന്നെ നല്ല ആത്മീയഗുണങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുക. അങ്ങനെ ക്രിസ്‌തീയ ജീവിതത്തിലും ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്നതിലും നിങ്ങൾ വരുത്തുന്ന പുരോഗതി സകലർക്കും ദൃശ്യമായിത്തീരട്ടെ. പന്ത്രണ്ടുവയസ്സുമുതൽത്തന്നെ യേശു ‘ജ്ഞാനത്തിൽ മുതിർന്നുവന്നുവെന്ന്‌’ ബൈബിൾ പറയുന്നു. (ലൂക്കൊ. 2:52) അങ്ങനെയെങ്കിൽ പിൻവരുന്ന മൂന്നു മണ്ഡലങ്ങളിൽ നിങ്ങൾക്ക്‌ മെച്ചപ്പെടാൻ കഴിയുന്നത്‌ എങ്ങനെയെന്ന്‌ നമുക്കിപ്പോൾ നോക്കാം: (1) പ്രശ്‌നങ്ങൾ നേരിടുമ്പോൾ, (2) വിവാഹത്തിനായി ഒരുങ്ങുമ്പോൾ, (3) “നല്ല ശുശ്രൂഷകൻ” ആകാൻ യത്‌നിക്കുമ്പോൾ.—1 തിമൊ. 4:6.

സുബോധത്തോടെ’ പ്രശ്‌നങ്ങളെ നേരിടുക

7. സമ്മർദസാഹചര്യങ്ങൾ ചെറുപ്പക്കാരെ എങ്ങനെ ബാധിച്ചേക്കാം?

7 പതിനേഴുവയസ്സുള്ള കാരോൾ എന്ന ക്രിസ്‌തീയ പെൺകുട്ടി പറയുന്നു: “ചില ദിവസങ്ങളിൽ രാവിലെ കിടക്കയിൽനിന്ന്‌ എണീക്കാൻപോലും തോന്നില്ല. മനസ്സും ശരീരവും അത്രയ്‌ക്കു തളർന്നിരിക്കും.” * എന്താണ്‌ അവളെ ഇത്രയധികം തളർത്തുന്നത്‌? കാരോളിനു പത്തുവയസ്സുള്ളപ്പോൾ അപ്പനും അമ്മയും വേർപിരിഞ്ഞത്‌ കുടുംബത്തിനു കടുത്ത ആഘാതമായി. പിന്നീടുള്ള അവളുടെ ജീവിതം അമ്മയോടൊപ്പമായി, അവരാകട്ടെ ബൈബിളിന്റെ ധാർമികനിലവാരങ്ങൾക്കു തെല്ലും വിലകൽപ്പിക്കാത്ത ഒരാളും. ഈ പെൺകുട്ടിയെപ്പോലെ നിങ്ങളും മനോവീര്യം ചോർത്തിക്കളയുന്ന, ആശയറ്റ ഒരു സാഹചര്യത്തിലാണോ കഴിയുന്നത്‌?

8. ഏതൊക്കെ പ്രാതികൂല്യങ്ങൾ തിമൊഥെയൊസിന്‌ നേരിടേണ്ടിയിരുന്നു?

8 തിമൊഥെയൊസിന്റെ കാര്യമെടുക്കാം. ആത്മീയമായി പുരോഗമിച്ചുകൊണ്ടിരുന്ന തിമൊഥെയൊസിന്‌ എല്ലായ്‌പോഴും സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. അവനെ അലട്ടിയിരുന്ന പലതുമുണ്ടായിരുന്നു. അതിന്‌ ഒരു ഉദാഹരണമാണ്‌ അവന്‌ ‘കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങൾ.’ (1 തിമൊ. 5:23, പി.ഒ.സി. ബൈബിൾ) കൂടാതെ, സങ്കോചവും പേടിയുമൊക്കെയുള്ള ഒരു പ്രകൃതവുമായിരുന്നിരിക്കാം അവന്റേത്‌. നാം എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? പൗലൊസ്‌ അപ്പൊസ്‌തലന്റെ അധികാരത്തെ ചോദ്യംചെയ്‌ത ചിലർ കൊരിന്ത്യസഭയിൽ പ്രശ്‌നം സൃഷ്ടിച്ചപ്പോൾ അതു പരിഹരിക്കുന്നതിനായി അവൻ തിമൊഥെയൊസിനെ അവിടേക്ക്‌ അയയ്‌ക്കുകയുണ്ടായി. അവൻ അവിടെ ‘നിർഭയനായിരിക്കുന്നതിന്‌’ അവനോടു സഹകരിക്കണമെന്ന്‌ അപ്പൊസ്‌തലൻ ആ സഭയിലുള്ളവരോട്‌ ആവശ്യപ്പെട്ടത്‌ അവന്റെ ഈ പേടി നിമിത്തമായിരിക്കാം.—1 കൊരി. 4:17; 16:10, 11.

9. എന്താണ്‌ സുബോധം, ഭീരുത്വത്തിന്റെ ആത്മാവിൽനിന്ന്‌ ഇത്‌ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

9 തിമൊഥെയൊസിനെ സഹായിക്കുന്നതിനായി പൗലൊസ്‌ പിന്നീട്‌ എഴുതി: “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്‌നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്‌.” (2 തിമൊ. 1:7) ‘സുബോധം’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? കാര്യകാരണസഹിതം ചിന്തിക്കുന്നതും, അയഥാർഥ പ്രതീക്ഷകൾ വെച്ചുപുലർത്താതെ സാഹചര്യങ്ങളെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതും അതിൽ ഉൾപ്പെടുന്നു. പക്വത ഇല്ലാത്ത ചില യുവജനങ്ങൾ പലപ്പോഴും ഭീരുത്വത്തിന്റെ ആത്മാവാണ്‌ പ്രകടമാക്കുന്നത്‌. പ്രശ്‌നങ്ങളിൽനിന്ന്‌ ഒളിച്ചോടുന്നതിനുവേണ്ടി ചിലർ ഉറക്കത്തെ ശരണം പ്രാപിക്കും, മറ്റുചിലർ ഏതുനേരവും ടിവി-യുടെ മുമ്പിലിരിക്കും. ഇനി, ചിലർ അഭയം പ്രാപിക്കുന്നത്‌ മദ്യം, മയക്കുമരുന്ന്‌, പാർട്ടികൾ, ലൈംഗിക അധാർമികത എന്നിവയിലൊക്കെ ആയിരിക്കും. എന്നാൽ, ‘ഭക്തികേടും പ്രപഞ്ചമോഹങ്ങളും വർജ്ജിച്ചിട്ടു ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കാനാണ്‌’ ക്രിസ്‌ത്യാനികളോടു പറഞ്ഞിരിക്കുന്നത്‌.—തീത്തൊ. 2:13.

10, 11. ആത്മീയ ഉൾക്കരുത്ത്‌ നേടാൻ സുബോധം നമ്മെ എങ്ങനെ സഹായിക്കും?

10 ‘യൗവനക്കാർ സുബോധമുള്ളവരായിരിക്കണമെന്ന്‌’ ബൈബിൾ ആഹ്വാനം ചെയ്യുന്നു. (തീത്തൊ. 2:6) ഇതിനു ചെവികൊടുക്കുന്നെങ്കിൽ നിങ്ങൾ പ്രശ്‌നങ്ങളെ പ്രാർഥനാപൂർവം നേരിടുകയും ദൈവദത്ത ശക്തിയിൽ ആശ്രയിക്കുകയും ചെയ്യും. (1 പത്രൊസ്‌ 4:7 വായിക്കുക.) അങ്ങനെ ‘ദൈവം നല്‌കുന്ന പ്രാപ്‌തിയിൽ’ വിശ്വാസമർപ്പിക്കാൻ നിങ്ങൾ പഠിക്കും.—1 പത്രൊ. 4:11.

11 അതെ, ‘സുബോധവും’ പ്രാർഥനയുമാണ്‌ കാരോളിനെ സഹായിച്ചത്‌. അവൾ പറയുന്നത്‌ ശ്രദ്ധിക്കുക: “അമ്മയുടെ വഴിവിട്ടപോക്കിനെതിരെ ഒരു നിലപാടു സ്വീകരിക്കുക വളരെ ദുഷ്‌കരമായിരുന്നെങ്കിലും, പ്രാർഥന എനിക്കു തുണയായി. യഹോവ എന്റെ കൂടെയുണ്ടെന്ന്‌ എനിക്കറിയാമായിരുന്നു, പിന്നെ ഞാൻ എന്തിനു പേടിക്കണം.” പ്രാതികൂല്യങ്ങൾക്ക്‌, നിങ്ങളെ ഊതിക്കഴിച്ച്‌ ഒരു മെച്ചപ്പെട്ട വ്യക്തിയാക്കാനും നിങ്ങൾക്ക്‌ ഉൾക്കരുത്തേകാനും കഴിയുമെന്ന കാര്യം ഓർമയിൽപ്പിടിക്കുക. (സങ്കീ. 105:17-19; വിലാ. 3:27) എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല. നിങ്ങളെ ‘സഹായിക്കാൻ’ അവൻ എന്നും സന്നദ്ധനാണ്‌.—യെശ. 41:10.

വിവാഹത്തിനായി ഒരുങ്ങുമ്പോൾ

12. വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ഒരു ക്രിസ്‌ത്യാനി സദൃശവാക്യങ്ങൾ 20:25-ലെ തത്ത്വം ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്‌?

12 ബൈബിൾക്കാലങ്ങളിൽ, ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കാതെ ചിലർ തിടുക്കത്തിൽ ദൈവത്തിന്‌ നേർച്ച നേർന്നിരുന്നു. (സദൃശവാക്യങ്ങൾ 20:25 വായിക്കുക.) സമാനമായി, വിവാഹ പ്രതിജ്ഞയിലുൾപ്പെട്ടിരിക്കുന്ന വാഗ്‌ദാനങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ ചിലർ യൗവനാരംഭത്തിൽത്തന്നെ വിവാഹിതരാകുന്നു. അസന്തുഷ്ടി, ഏകാന്തത, വിരസത, വീട്ടിലെ പ്രശ്‌നങ്ങൾ ഇവയ്‌ക്കൊക്കെയുള്ള പരിഹാരമായിട്ടാണ്‌ ഇങ്ങനെയുള്ളവർ വിവാഹത്തെ വീക്ഷിക്കുന്നത്‌. വിവാഹത്തോടൊപ്പം വന്നുചേരുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ ഇവർ വേണ്ടവിധം ചിന്തിക്കുന്നില്ല. വിചാരിച്ചതിനെക്കാളുംകാര്യങ്ങൾ ദാമ്പത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ പിന്നീടാണ്‌ ഇക്കൂട്ടർ തിരിച്ചറിയുക.

13. വിവാഹത്തിനായി ഒരുങ്ങുമ്പോൾ ഏതൊക്കെ ചോദ്യങ്ങൾ പരിചിന്തിക്കണം, എന്തു സഹായം ലഭ്യമാണ്‌?

13 അതുകൊണ്ട്‌ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നവർ സ്വയം ചോദിക്കുക: ‘ഞാൻ വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ട്‌? എന്തൊക്കെയാണ്‌ എന്റെ പ്രതീക്ഷകൾ? ഈ വ്യക്തി എനിക്കു യോജിക്കുന്ന ആളാണോ? എന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഞാൻ തയ്യാറെടുത്തിട്ടുണ്ടോ?’ ഒരു ആത്മപരിശോധന നടത്താൻ നിങ്ങളെ സഹായിക്കുന്നതിന്‌ വിവാഹം എന്ന വിഷയത്തോടു ബന്ധപ്പെട്ട ലേഖനങ്ങൾ അടിമവർഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. * (മത്താ. 24:45-47) ആ വിവരങ്ങളെ യഹോവ നൽകുന്ന ഉപദേശങ്ങളായി വീക്ഷിച്ചുകൊണ്ട്‌ അതിൽപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അവധാനതയോടെ വിശകലനം ചെയ്യുകയും ബാധകമാക്കുകയും ചെയ്യുക. ഒരിക്കലും നിങ്ങൾ, “ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുത്‌.” (സങ്കീ. 32:8, 9) ദാമ്പത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ പക്വതയാർന്ന വീക്ഷണമായിരിക്കണം നിങ്ങൾക്കുണ്ടായിരിക്കേണ്ടത്‌. വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി അടുത്തിടപഴകാൻ അവസരമുണ്ടാകുന്നെങ്കിൽ നിങ്ങളുടെ പെരുമാറ്റം എല്ലായ്‌പോഴും ‘നിർമലതയുടെ മാതൃകയായിരിക്കട്ടെ!’—1 തിമൊ. 4:12.

14. ആത്മീയ പുരോഗതി വിവാഹത്തിനുശേഷവും നിങ്ങളെ സഹായിക്കുന്നതെങ്ങനെ?

14 ഇനി, വിവാഹജീവിതം വിജയപ്രദമാക്കാനും ആത്മീയപക്വത നിങ്ങളെ സഹായിക്കും. ആത്മീയവളർച്ചയെത്തിയ ഒരു ക്രിസ്‌ത്യാനി “ക്രിസ്‌തുവിന്റെ പരിപൂർണതയുടെ അളവനുസരിച്ചു പക്വതയിൽ എത്തിച്ചേരാൻ യത്‌നിക്കും.” (എഫെ. 4:11-14, പി.ഒ.സി.) ക്രിസ്‌തുസമാന വ്യക്തിത്വം വളർത്തിയെടുക്കാൻ അദ്ദേഹം കഠിനശ്രമം ചെയ്യും. നമ്മുടെ മാതൃകാപുരുഷനായ ‘ക്രിസ്‌തു തന്നിൽ തന്നേ പ്രസാദിച്ചില്ല’ എന്നു നാം വായിക്കുന്നു. (റോമ. 15:3) ഇണകൾ എല്ലായ്‌പോഴും സ്വന്തം താത്‌പര്യത്തെക്കാൾ ഉപരി മറ്റേയാളുടെ താത്‌പര്യങ്ങൾ പരിഗണിക്കുന്നെങ്കിൽ കുടുംബം സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരിടമായിരിക്കും. (1 കൊരി. 10:24) അത്തരമൊരു ഭർത്താവിന്‌ ആത്മത്യാഗപരമായ സ്‌നേഹമുണ്ടായിരിക്കും, ഭാര്യയാകട്ടെ ഭർത്താവിന്‌ കീഴ്‌പെടാൻ മനസ്സൊരുക്കമുള്ളവളും ആയിരിക്കും, ക്രിസ്‌തു ദൈവത്തിന്‌ കീഴ്‌പെട്ടിരിക്കുന്നതുപോലെ.—1 കൊരി. 11:3; എഫെ. 5:25.

“നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക”

15, 16. ശുശ്രൂഷയിൽ അഭിവൃദ്ധിപ്രാപിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

15 തിമൊഥെയൊസിനെ ഭരമേൽപ്പിച്ചിരിക്കുന്ന സുപ്രധാന നിയോഗത്തിലേക്ക്‌ ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ പൗലൊസ്‌ എഴുതി: “ഞാൻ ദൈവത്തെയും ക്രിസ്‌തുയേശുവിനെയും സാക്ഷിവെച്ചു . . . സത്യംചെയ്‌തു കല്‌പിക്കുന്നതു: വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‌ക്ക. . . . സുവിശേഷകന്റെ പ്രവൃത്തിചെയ്‌ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.” (2 തിമൊ. 4:1, 2, 5) തനിക്കു ലഭിച്ച നിയോഗം നന്നായി നിറവേറ്റുന്നതിന്‌ തിമൊഥെയൊസ്‌, ‘വിശ്വാസത്തിന്റെ വചനത്താൽ പോഷണം’ നേടേണ്ടതുണ്ടായിരുന്നു.—1 തിമൊഥെയൊസ്‌. 4:6 വായിക്കുക.

16 ‘വിശ്വാസത്തിന്റെ വചനത്താൽ പോഷണം’ നേടാൻ നിങ്ങൾക്കെങ്ങനെ കഴിയും? പൗലൊസ്‌ എഴുതുന്നു: “വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക. . . . ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.” (1 തിമൊ. 4:13, 15) ശുഷ്‌കാന്തിയോടെയുള്ള വ്യക്തിപരമായ പഠനം അഭിവൃദ്ധിക്ക്‌ അനിവാര്യമാണ്‌. “ഇതിൽ തന്നേ ഇരുന്നുകൊൾക” അഥവാ “ആത്‌മാർപ്പണം ചെയ്യുക” (പി.ഒ.സി.) എന്നു പറഞ്ഞാൽ ഒരു പ്രവൃത്തിയിൽ മുഴുകിയിരിക്കുക എന്നാണർഥം. നിങ്ങളുടെ പഠനശീലങ്ങൾ എങ്ങനെയുള്ളതാണ്‌? ‘ദൈവത്തിന്റെ ആഴങ്ങൾ ആരായുന്നതിൽ’ നിങ്ങൾ മുഴുകാറുണ്ടോ? (1 കൊരി. 2:10) അതോ ചെറിയൊരു ശ്രമംമാത്രമേ നിങ്ങൾ അതിനുവേണ്ടി ചെയ്യാറുള്ളോ? പഠിച്ച കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത്‌ അവ പ്രാവർത്തികമാക്കാൻ നിങ്ങളുടെ ഹൃദയത്തെ പ്രേരിപ്പിക്കും.—സദൃശവാക്യങ്ങൾ 2:1-5 വായിക്കുക.

17, 18. (എ) ഏതൊക്കെ പ്രാപ്‌തികൾ നിങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്‌? (ബി) തിമൊഥെയൊസിന്റെ മനോഭാവം ഉണ്ടായിരിക്കുന്നത്‌ ശുശ്രൂഷയിൽ നിങ്ങൾക്ക്‌ സഹായകമാകുന്നതെങ്ങനെ?

17 മിഷേൽ എന്ന യുവപയനിയർ പറയുന്നു: “ഫലപ്രദമായി ശുശ്രൂഷ ചെയ്യുന്നതിന്‌, എനിക്ക്‌ ഒരു നല്ല പഠനപ്പട്ടികയുണ്ട്‌, ഒരു യോഗംപോലും മുടക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. നിരന്തരം പുരോഗതിവരുത്താൻ എന്നെ സഹായിക്കുന്നത്‌ ഇതൊക്കെയാണ്‌.” ബൈബിൾ ഉപയോഗിക്കുന്നതിൽ വൈദഗ്‌ധ്യം നേടാനും ആത്മീയമായി വളരാനും പയനിയർ സേവനം സഹായകമാണ്‌. അതുപോലെ, നല്ല വായനാശീലം വളർത്തിയെടുക്കുകയും യോഗങ്ങളിൽ അർഥവത്തായ അഭിപ്രായങ്ങൾ പറയുകയും ചെയ്യുക. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ വിദ്യാർഥിപ്രസംഗങ്ങൾ നടത്തുമ്പോൾ, നിയമിതഭാഗത്തെ വിവരങ്ങളോടു പറ്റിനിന്നുകൊണ്ട്‌ വിജ്ഞാനപ്രദമായ വിധത്തിൽ അത്‌ അവതരിപ്പിക്കാൻ ആത്മീയപക്വതയുള്ള യുവജനങ്ങൾ ശ്രദ്ധിക്കും.

18 “സുവിശേഷകന്റെ പ്രവൃത്തി” ചെയ്യുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ശുശ്രൂഷയുടെ മേന്മ വർധിപ്പിക്കുന്നതും രക്ഷനേടാൻ മറ്റുള്ളവരെ സഹായിക്കുന്നതും. ഇതിന്‌ ‘പ്രബോധനപാടവം’ (NW) വളർത്തിയെടുക്കേണ്ട ആവശ്യമുണ്ട്‌. (2 തിമൊ. 4:2) പൗലൊസിനോടൊത്ത്‌ പ്രവർത്തിച്ചതുകൊണ്ട്‌ തിമൊഥെയൊസിന്‌ പലകാര്യങ്ങളും പഠിക്കാനായി. (1 കൊരി. 4:17) അതുപോലെ, പരിചയസമ്പന്നരായ വ്യക്തികളോടൊത്ത്‌ ശുശ്രൂഷയിൽ ഏർപ്പെടുന്നത്‌ അവരുടെ പഠിപ്പിക്കൽരീതി കണ്ടുപഠിക്കാൻ നിങ്ങൾക്ക്‌ അവസരമേകും. പൗലൊസിനെ സംബന്ധിച്ചിടത്തോളം താൻ സത്യം അറിയിച്ചവർ അവന്‌ വളരെ പ്രിയപ്പെട്ടവരായിരുന്നു. അവരോട്‌ അവൻ സുവാർത്ത അറിയിക്കുകമാത്രമല്ല ചെയ്‌തത്‌. അവർക്കുവേണ്ടി ‘സ്വന്തപ്രാണൻ’ അതായത്‌ സ്വന്തജീവിതം ഉഴിഞ്ഞുവെക്കാൻകൂടി അവൻ തയ്യാറായി. (1 തെസ്സ. 2:8) മറ്റുള്ളവരെ ആത്മാർഥമായി സഹായിച്ച, ‘സുവിശേഷഘോഷണത്തിനുവേണ്ടി സേവചെയ്‌ത’ തിമൊഥെയൊസിന്റെ മനോഭാവം വളർത്തിയെടുക്കുന്നതിലൂടെ ശുശ്രൂഷയിൽ നിങ്ങൾക്ക്‌ പൗലൊസിനെ അനുകരിക്കാനാകും. (ഫിലിപ്പിയർ 2:19-23 വായിക്കുക.) അങ്ങനെയൊരു ആത്മത്യാഗമനോഭാവമാണോ ശുശ്രൂഷയിൽ നിങ്ങൾക്കുള്ളത്‌?

അഭിവൃദ്ധി പ്രാപിക്കുക; യഥാർഥ സംതൃപ്‌തി നേടുക

19, 20. ആത്മീയപുരോഗതി സന്തോഷം കൈവരുത്തുന്നത്‌ എന്തുകൊണ്ട്‌?

19 ആത്മീയ അഭിവൃദ്ധിക്ക്‌ ശ്രമം കൂടിയേതീരൂ. എന്നാൽ ക്ഷമയോടെ നിങ്ങളുടെ പഠിപ്പിക്കൽ പ്രാപ്‌തികൾ മെച്ചപ്പെടുത്തുന്നപക്ഷം നിങ്ങളുടെ ‘സന്തോഷവും പ്രശംസാകിരീടവും’ ആയിത്തീരുംവിധം ‘പലരെയും [ആത്മീയമായി] സമ്പന്നർ ആക്കാൻ’ നിങ്ങൾക്കു കഴിയും. (2 കൊരി. 6:10; 1 തെസ്സ. 2:19) മുഴുസമയ ശുശ്രൂഷകനായ ഫ്രെഡ്‌ പറയുന്നു: “മുമ്പൊരിക്കലും ചെയ്യാത്തവിധം മറ്റുള്ളവരെ സഹായിക്കാനായി ഞാൻ എന്റെ സമയം വിനിയോഗിക്കുകയാണ്‌. വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ടെന്ന്‌ പറയുന്നത്‌ എത്ര സത്യമാണ്‌!”

20 ആത്മീയവളർച്ച നേടിയതിൽനിന്നുണ്ടായ സന്തോഷത്തെയും സംതൃപ്‌തിയെയും കുറിച്ച്‌ ഡാഫ്‌നി എന്ന യുവപയനിയർ പറയുന്നു: “ഒരു വ്യക്തിയെന്ന നിലയിൽ യഹോവയെ അടുത്തറിയാൻ തുടങ്ങിയപ്പോൾ അവനുമായി ഒരടുത്ത ബന്ധം ഉടലെടുത്തു. അവനെ പ്രസാദിപ്പിക്കാൻ നമ്മാലാവതു ചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷവും സംതൃപ്‌തിയും എത്രയെന്നോ!” നിങ്ങളുടെ ആത്മീയപുരോഗതി മറ്റുള്ളവർ എപ്പോഴും മനസ്സിലാക്കിയെന്നുവരില്ല, എന്നാൽ യഹോവ അതു കാണുകയും വിലമതിക്കുകയും ചെയ്യുന്നുണ്ട്‌. (എബ്രാ. 4:13) നമ്മുടെ സ്വർഗീയ പിതാവിന്‌ മഹത്വവും സ്‌തുതിയും കരേറ്റാൻ യുവാക്കളായ നിങ്ങൾക്കു കഴിയുമെന്നതിനു സംശയമില്ല. ആത്മീയ അഭിവൃദ്ധി പ്രകടമാക്കാൻ ആത്മാർഥശ്രമം ചെയ്‌തുകൊണ്ട്‌ നിങ്ങളുടെ സ്വർഗീയപിതാവിന്റെ ഹൃദയത്തെ എപ്പോഴും സന്തോഷിപ്പിക്കുക.—സദൃ. 27:11.

[അടിക്കുറിപ്പുകൾ]

^ ഖ. 7 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 13 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2-ലെ (ഇംഗ്ലീഷ്‌), “ഈ വ്യക്തി എനിക്കു ചേരുമോ?;” 2001 മേയ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ പേജ്‌ 16-ലെ, “വിവാഹ ഇണയെ തിരഞ്ഞെടുക്കാനുള്ള ദിവ്യ മാർഗനിർദേശം;” 1983 സെപ്‌റ്റംബർ ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്‌) “ടീനേജ്‌ വിവാഹങ്ങൾ ജ്ഞാനപൂർവകമാണോ? എന്നീ ലേഖനങ്ങൾ കാണുക.

നിങ്ങൾ എന്തു പഠിച്ചു?

• ആത്മീയ പുരോഗതി കൈവരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

• പിൻവരുന്ന മണ്ഡലങ്ങളിൽ നിങ്ങളുടെ ആത്മീയ അഭിവൃദ്ധി എങ്ങനെ പ്രകടമാക്കാം:

പ്രശ്‌നങ്ങൾ നേരിടുമ്പോൾ

വിവാഹത്തിനായി ഒരുങ്ങുമ്പോൾ

ശുശ്രൂഷയിൽ

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

പ്രാതികൂല്യങ്ങളെ നേരിടാൻ പ്രാർഥന ഒരു സഹായമാണ്‌

[16-ാം പേജിലെ ചിത്രം]

ചെറുപ്പക്കാരായ പ്രസാധകർക്ക്‌ പഠിപ്പിക്കൽപ്രാപ്‌തി എങ്ങനെ മെച്ചപ്പെടുത്താനാകും?