വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“മിണ്ടാതിരിപ്പാൻ ഒരു കാലം”

“മിണ്ടാതിരിപ്പാൻ ഒരു കാലം”

“മിണ്ടാതിരിപ്പാൻ ഒരു കാലം”

“സംസാരം രജതസമാനം, മൗനം കനകസമാനം.” പൗരസ്‌ത്യ ഉത്ഭവമുള്ളതായി കരുതപ്പെടുന്ന ഒരു പഴഞ്ചൊല്ലാണിത്‌. ഇതിനു തത്തുല്യമായ എബ്രായ പഴമൊഴി ബ്രൂവേഴ്‌സ്‌ ഡിക്ഷനറി ഓഫ്‌ ഫ്രേസ്‌ ആൻഡ്‌ ഫേബിളിൽ കാണാം; “ഒരു വാക്കിന്‌ വില ഒരു ശേക്കലാണെങ്കിൽ മൗനത്തിന്‌ വില രണ്ടുശേക്കലാണ്‌” എന്ന്‌ അവിടെ പറഞ്ഞിരിക്കുന്നു. പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവ്‌ ഇപ്രകാരം എഴുതി: “എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻകീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.”—സഭാ. 3:1, 7.

സംസാരത്തെക്കാൾ മൗനം അഭികാമ്യമായിരിക്കുന്നത്‌ എപ്പോഴാണ്‌? ‘മൗനം,’ ‘മൗനത,’ ‘മിണ്ടാതിരിക്കുക’ എന്നീ പദങ്ങൾ ബൈബിളിൽ പലഭാഗത്തും കാണാം. ഈ പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം പരിചിന്തിക്കുന്നതിലൂടെ മൗനംപാലിക്കുന്നത്‌ ഉചിതമായിരിക്കുന്ന, മൂന്നു സന്ദർഭങ്ങളെങ്കിലും നമുക്കു മനസ്സിലാക്കാൻ കഴിയും. മൗനം ആദരസൂചകമായിരിക്കുന്നതും ബുദ്ധിയുടെയും വിവേകത്തിന്റെയും തെളിവായിരിക്കുന്നതും ധ്യാനത്തിനു സഹായിക്കുന്നതും എങ്ങനെയെന്ന്‌ നമുക്കിപ്പോൾ നോക്കാം.

ആദരസൂചകമായി

മൗനം ആദരവിനെ അല്ലെങ്കിൽ ബഹുമാനത്തെ സൂചിപ്പിക്കുന്നു. പ്രവാചകനായ ഹബക്കൂക്ക്‌ പിൻവരുന്ന പ്രകാരം പറഞ്ഞു: “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.” (ഹബ. 2:20) സത്യാരാധകർ ‘യഹോവയുടെ രക്ഷയ്‌ക്കായി മിണ്ടാതെ കാത്തിരിക്കേണ്ടതുണ്ട്‌’ എന്ന്‌ യിരെമ്യാവ്‌ എഴുതി. (വിലാ. 3:26) സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്‌.”—സങ്കീ. 37:7.

നമുക്ക്‌ യഹോവയെ മൗനമായി സ്‌തുതിക്കുക സാധ്യമാണോ? ഒന്നോർത്തു നോക്കൂ, യഹോവയുടെ മനോഹരസൃഷ്ടികൾ കണ്ട്‌ ഒരു വാക്കുപോലും ഉരിയാടാനാവാതെ നമ്മൾ അത്ഭുതസ്‌തബ്ധരായി നിന്നിട്ടില്ലേ? ദൈവത്തിന്റെ മഹദ്‌സൃഷ്ടികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഫലത്തിൽ നാം നമ്മുടെ സ്രഷ്ടാവിനെ മൗനമായി സ്‌തുതിക്കുകയല്ലേ? “സീയോനിൽ വസിക്കുന്ന ദൈവമേ, നിനക്കു ഞങ്ങൾ മൗനസ്‌തുതി കരേറ്റുന്നു; നിനക്കുള്ള നേർച്ചകൾ ഞങ്ങൾ നിറവേറ്റും” എന്നു പറഞ്ഞുകൊണ്ട്‌ ദാവീദ്‌ ഒരു സങ്കീർത്തനം തുടങ്ങിയത്‌ എത്ര അർഥവത്താണ്‌.—സങ്കീ. 65:1, NW.

യഹോവ നമ്മുടെ ആദരവ്‌ അർഹിക്കുന്നതുപോലെതന്നെ അവന്റെ അരുളപ്പാടുകളും നമ്മുടെ ആദരവ്‌ അർഹിക്കുന്നു. ദൈവത്തിന്റെ പ്രവാചകനായ മോശെ ഇസ്രായേൽ ജനതയോടു തന്റെ വിടവാങ്ങൽ പ്രസംഗം നടത്തുന്ന സന്ദർഭത്തിൽ, അവനും പുരോഹിതന്മാരും ജനത്തെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘മിണ്ടാതിരുന്നു കേൾക്ക; നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിക്കുക.’ ദൈവത്തിന്റെ ന്യായപ്രമാണം വായിക്കാനായി ഇസ്രായേല്യർ കൂടിവരുമ്പോൾ കുട്ടികൾപോലും ശ്രദ്ധിച്ചു കേൾക്കേണ്ടിയിരുന്നു. അതുകൊണ്ട്‌ ‘പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും കേട്ടു പഠിക്കേണ്ടതിന്‌ ജനത്തെ വിളിച്ചുകൂട്ടുക’ എന്ന്‌ മോശെ പറഞ്ഞു.—ആവ. 27:9, 10; 31:12, 13.

യഹോവയുടെ ആധുനികകാല ആരാധകരായ നാമും, ക്രിസ്‌തീയ യോഗങ്ങളിലും കൺവെൻഷനുകളിലുംമറ്റും ലഭിക്കുന്ന നിർദേശങ്ങൾ ആദരവോടെ ശ്രദ്ധിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌. ജീവത്‌പ്രധാനമായ തിരുവെഴുത്തു സത്യങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങളുംമറ്റും നടക്കുമ്പോൾ നാം അനാവശ്യ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത്‌ ദൈവത്തിന്റെ വചനത്തോടും സംഘടനയോടുമുള്ള അനാദരവായിരിക്കും. വാസ്‌തവത്തിൽ നിശ്ശബ്ദമായിരുന്ന്‌ ശ്രദ്ധിക്കാനുള്ള സമയമാണത്‌.

ഇനി, ഒരു സ്വകാര്യസംഭാഷണത്തിന്റെ കാര്യത്തിലോ? അവിടെയും നല്ലൊരു ശ്രോതാവായിരിക്കുന്നത്‌ ആദരസൂചകമാണ്‌. ഉദാഹരണമായി, ഗോത്രപിതാവായ ഇയ്യോബിനോട്‌ അവന്റെ കുറ്റാരോപകർ സംസാരിച്ചപ്പോൾ മൗനമായിരുന്ന്‌ ശ്രദ്ധിക്കാൻ അവൻ തയ്യാറായിരുന്നു. അവൻ പറഞ്ഞു: “എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം.” തന്റെ ഊഴം വന്നപ്പോഴോ അവൻ ഇങ്ങനെ അഭ്യർഥിച്ചു: “നിങ്ങൾ മിണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ.”—ഇയ്യോ. 6:24; 13:13.

ബുദ്ധിയുടെയും വിവേകത്തിന്റെയും തെളിവ്‌

“അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ” എന്നും “വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു” എന്നും ബൈബിൾ പറയുന്നു. (സദൃ. 10:19; 11:12) യേശു ഇക്കാര്യത്തിൽ നല്ലൊരു മാതൃകവെച്ചിട്ടുണ്ട്‌. എതിരാളികളാൽ ചുറ്റപ്പെട്ട ഒരു സാഹചര്യത്തിൽ താൻ സംസാരിക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌ മനസ്സിലാക്കി ‘യേശു മിണ്ടാതിരുന്നു’ എന്ന്‌ തിരുവെഴുത്ത്‌ പറയുന്നു. (മത്താ. 26:63) പിന്നീട്‌ വിചാരണയ്‌ക്കായി പീലാത്തൊസിന്റെ മുമ്പാകെ കൊണ്ടുവന്നപ്പോഴും “അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.” പകരം, തന്റെ പ്രവൃത്തികൾ തനിക്കായി സംസാരിക്കട്ടെ എന്ന്‌ അവൻ ബുദ്ധിപൂർവം തീരുമാനിച്ചു.—മത്താ. 27:11-14.

ചില സന്ദർഭങ്ങളിൽ മൗനംപാലിക്കുന്നതായിരിക്കും നമുക്കും നല്ലത്‌, പ്രത്യേകിച്ചും പ്രകോപിപ്പിക്കപ്പെടുമ്പോൾ. പിൻവരുന്ന സദൃശവാക്യം നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.” (സദൃ. 14:29) നമ്മുടെ ക്ഷമപരിശോധിക്കുന്ന ഒരു സാഹചര്യത്തിൽ മുന്നുംപിന്നും നോക്കാതെ സംസാരിക്കുന്നത്‌ ബുദ്ധിശൂന്യമായിരിക്കാം, അതോർത്ത്‌ പിന്നീട്‌ നാം ദുഃഖിക്കേണ്ടിവരും. അതു പറയേണ്ടിയിരുന്നില്ലെന്ന്‌ ചിന്തിച്ച്‌ നമ്മുടെ മനസ്സമാധാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്‌.

ദുഷ്ടമനുഷ്യരുടെ ഇടയിൽ ആയിരിക്കുമ്പോഴും സൂക്ഷിച്ചു സംസാരിക്കേണ്ടതുണ്ട്‌. ശുശ്രൂഷയിൽ എതിരിടുന്ന പരിഹാസത്തിന്‌ പലപ്പോഴും മൗനമായിരിക്കും ഫലപ്രദം. സ്‌കൂളിലോ ജോലിസ്ഥലത്തോ മറ്റുള്ളവർ പറയുന്ന ദ്വയാർഥതമാശകളിലോ അസഭ്യസംഭാഷണത്തിലോ പങ്കെടുക്കാതെ മിണ്ടാതിരിക്കുന്നതാണ്‌ ബുദ്ധി. അങ്ങനെ ചെയ്യുന്നതിലൂടെ അത്തരം സംസാരത്തെ അംഗീകരിക്കുന്നില്ലെന്ന്‌ തെളിയിക്കുകയായിരിക്കും നാം. (എഫെ. 5:3) അതുകൊണ്ട്‌ ‘ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ്‌ കടിഞ്ഞാണിട്ടു കാക്കുമെന്നു’ പറഞ്ഞ സങ്കീർത്തനക്കാരനെപ്പോലെയായിരിക്കാം നമുക്കും.—സങ്കീ. 39:1.

‘വിവേകമുള്ളവൻ’ രഹസ്യങ്ങൾ പാട്ടാക്കുകയില്ല. (സദൃ. 11:12) അതുകൊണ്ട്‌ പുറത്തുപറയേണ്ടാത്ത വിവരങ്ങൾ പുറത്തുവിടാതെ സൂക്ഷിക്കാൻ ഒരു സത്യക്രിസ്‌ത്യാനി ശ്രദ്ധിക്കും. സഭാംഗങ്ങൾക്ക്‌ തങ്ങളിലുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ വിശേഷാൽ ക്രിസ്‌തീയ മൂപ്പന്മാർ ഈ കാര്യത്തിൽ അതീവശ്രദ്ധയുള്ളവർ ആയിരിക്കേണ്ടതുണ്ട്‌.

മൗനത്തിന്‌ ആശയങ്ങൾ കൈമാറാനും പ്രചോദനമേകാനും കഴിയും. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ എഴുത്തുകാരനായ സിഡ്‌നി സ്‌മിത്ത്‌ തന്റെ ഒരു സമകാലികനെക്കുറിച്ച്‌ പറഞ്ഞത്‌ ഇതാണ്‌: “പലപ്പോഴും സംഭാഷണത്തിനിടയ്‌ക്ക്‌ അദ്ദേഹം നിശ്ശബ്ദനാകും; പക്ഷേ, അത്‌ അദ്ദേഹത്തിന്റെ സംഭാഷണം വളരെ ആസ്വാദ്യമാക്കി.” രണ്ടുസുഹൃത്തുക്കൾ തമ്മിലുള്ള പതിവുസംഭാഷണങ്ങളിൽ ഇരുവർക്കും സംസാരിക്കാനുള്ള അവസരമുണ്ടായിരിക്കണം. നല്ല സംഭാഷണചാതുര്യമുള്ള ആൾ നല്ലൊരു ശ്രോതാവുമായിരിക്കും.

ശലോമോൻ ഈ മുന്നറിയിപ്പ്‌ നൽകുന്നു: “വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.” (സദൃ. 10:19) അതെ, നാം എത്ര കുറച്ചു സംസാരിക്കുന്നുവോ, അത്ര കുറവായിരിക്കും വായിൽനിന്ന്‌ ഭോഷത്തം പുറപ്പെടാനുള്ള സാധ്യതയും. പിൻവരുന്ന ജ്ഞാനമൊഴിയും എത്രയോ സത്യമാണ്‌: “മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.” (സദൃ. 17:28) അതുകൊണ്ട്‌ ‘നമ്മുടെ അധരകവാടത്തിന്‌ കാവലേർപ്പെടുത്തണമേ’ എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും യഹോവയോടു യാചിക്കാം.—സങ്കീ. 141:3, പി.ഒ.സി. ബൈബിൾ.

ധ്യാനിക്കാൻ അവസരമേകുന്നു

നീതിമാർഗം പിന്തുടരുന്ന ഒരു വ്യക്തിയെക്കുറിച്ച്‌ തിരുവെഴുത്ത്‌ പറയുന്നത്‌ അവൻ ‘ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നു’ എന്നാണ്‌. (സങ്കീ. 1:2) ധ്യാനത്തിന്‌ അവസരമൊരുക്കുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്‌?

ഗോത്രപിതാവായ അബ്രാഹാമിന്റെ പുത്രനായ യിസ്‌ഹാക്ക്‌ ‘വൈകുന്നേരത്തു ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നതായി’ തിരുവെഴുത്തുകൾ പറയുന്നു. (ഉല്‌പ. 24:63) അവൻ അതിനായി തിരഞ്ഞെടുത്തത്‌ വളരെ ശാന്തമായ ഒരു സ്ഥലവും സമയവുമായിരുന്നു. ദാവീദ്‌ രാജാവാകട്ടെ, നിശ്ശബ്ദമായ രാത്രിയാമങ്ങൾ ധ്യാനിക്കാനായി വിനിയോഗിച്ചു. (സങ്കീ. 63:5) യേശു ഒരു പൂർണമനുഷ്യനായിരുന്നു. എന്നിട്ടുപോലും ധ്യാനിക്കുന്നതിനുവേണ്ടി ജനക്കൂട്ടത്തിൽനിന്നെല്ലാം അകലെ ഒറ്റപ്പെട്ട ഒരു സ്ഥലം അവൻ കണ്ടെത്തി. മലകളും നിർജനപ്രദേശങ്ങളും മറ്റുമാണ്‌ അവൻ അതിനായി തിരഞ്ഞെടുത്തത്‌.—മത്താ. 14:23; ലൂക്കൊ. 4:42; 5:16.

നിശ്ശബ്ദമായ അന്തരീക്ഷം പിരിമുറുക്കങ്ങളൊക്കെ ഒഴിവാക്കി ശരീരത്തിനും മനസ്സിനും പുത്തനുണർവ്‌ പകരും. അത്‌ പുരോഗതി കൈവരിക്കാൻ സഹായിക്കുന്ന ആത്മപരിശോധനയ്‌ക്കുള്ള നല്ലൊരു അവസരവുമാണ്‌. നിശ്ശബ്ദത മനശ്ശാന്തിയേകും. ശാന്തമായ അന്തരീക്ഷത്തിലിരുന്ന്‌ ധ്യാനിക്കുന്നത്‌ നമ്മെ താഴ്‌മയും വിനയവും ഉള്ളവരാക്കുകയും ജീവിതത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളോടുള്ള വിലമതിപ്പു വർധിപ്പിക്കുകയും ചെയ്യും.

മൗനമായിരിക്കുന്നതിന്‌ ഗുണഫലങ്ങളുണ്ടെങ്കിലും ‘സംസാരിപ്പാനും ഒരു കാലമുണ്ട്‌’ എന്ന്‌ തിരുവെഴുത്തു പറയുന്നു. (സഭാ. 3:7) ഇന്ന്‌ സത്യാരാധകർ ദൈവരാജ്യസുവാർത്ത “ഭൂലോകത്തിലൊക്കെയും” പ്രസംഗിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുന്നു. (മത്താ. 24:14) അതിന്റെ ഫലമായ ആനന്ദഘോഷം, സത്യാരാധകരുടെ എണ്ണം വർധിക്കുന്നതനുസരിച്ച്‌ കൂടുതൽ ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്നു. (മീഖാ. 2:12) ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ചു സംസാരിച്ചുകൊണ്ട്‌ തീക്ഷ്‌ണമായി ദൈവരാജ്യസുവാർത്ത ഘോഷിക്കുന്നവരോടൊപ്പം നമുക്കും സർവാത്മനാ പങ്കുചേരാം. ഈ സുപ്രധാന വേലയിൽ നമ്മുടെ സ്വരം മുഴങ്ങിക്കേൾക്കണം; എന്നാൽ ഓർക്കുക, അനുദിനജീവിതത്തിൽ ചിലപ്പോഴെങ്കിലും മൗനം കനകസമാനമാണെന്ന്‌.

[3-ാം പേജിലെ ചിത്രം]

ക്രിസ്‌തീയയോഗങ്ങളിൽ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുക

[4-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ, പരുഷമായി സംസാരിക്കുന്നവരുടെ മുമ്പാകെ മൗനംപാലിക്കുന്നതായിരിക്കാം ഏറ്റവും ഉചിതം

[5-ാം പേജിലെ ചിത്രം]

നിശ്ശബ്ദത ധ്യാനത്തിനുള്ള അവസരമേകുന്നു