നിങ്ങളുടെ അയൽക്കാരോടു സത്യം സംസാരിക്കുക
നിങ്ങളുടെ അയൽക്കാരോടു സത്യം സംസാരിക്കുക
“ആകയാൽ നിങ്ങളിപ്പോൾ വ്യാജം ഉപേക്ഷിച്ചിരിക്കെ, ഓരോരുത്തനും താന്താന്റെ അയൽക്കാരനോട് സത്യം സംസാരിക്കണം.”—എഫെ. 4:25.
1, 2. സത്യസന്ധതയെ പലരും വീക്ഷിക്കുന്നത് എങ്ങനെ?
സത്യസന്ധത! കാലങ്ങളായി ഒരു തർക്കവിഷയമാണത്. ബി.സി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് കവി അൽസിയസ് പറഞ്ഞു: “വീഞ്ഞിൽ സത്യമുണ്ട്.” വീഞ്ഞ് കുടിച്ച് ഉന്മത്തനും വാചാലനുമാകുമ്പോൾ മാത്രമേ ഒരാളിൽനിന്നു സത്യം പുറത്തുവരൂ എന്നായിരിക്കാം കവി ഉദ്ദേശിച്ചത്. ഒന്നാം നൂറ്റാണ്ടിലെ റോമൻ ഗവർണറായിരുന്ന പൊന്തിയൊസ് പീലാത്തൊസിനും സത്യത്തെക്കുറിച്ച് ഒരു വികലവീക്ഷണമാണ് ഉണ്ടായിരുന്നത്. “എന്താകുന്നു സത്യം?” എന്ന് പുച്ഛം കലർന്ന സ്വരത്തിൽ അയാൾ യേശുവിനോടു ചോദിച്ചതിൽനിന്ന് ഇതു വ്യക്തമാണ്.—യോഹ. 18:38.
2 സത്യസന്ധത എന്താണെന്നതിനെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് ഇന്നുള്ളത്. “സത്യം” എന്ന പദത്തിന് പല അർഥഛായകളുണ്ടെന്നും ഓരോ വ്യക്തിയുടെയും വീക്ഷണമനുസരിച്ച് അതു മാറിക്കൊണ്ടിരിക്കുമെന്നുമാണ് പലരുടെയും അഭിപ്രായം. ദോഷമൊന്നുംവരില്ല, എന്നാൽ എന്തെങ്കിലും ഗുണം ഉണ്ടാകുകയും ചെയ്യും എന്നുവരുമ്പോൾ മാത്രമാണ് ചിലർ സത്യം പറയുന്നത്. നുണപറയുന്നതിന്റെ പ്രാധാന്യത്തെ വിശേഷവത്കരിച്ചുകൊണ്ടുള്ള ഒരു പുസ്തകം പറയുന്നതിങ്ങനെ: “സത്യസന്ധത ഉദാത്തമായൊരു ആശയമായിരിക്കാം. പക്ഷേ, നിലനിൽപ്പിനു . . . വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തിൽ അതിനൊരു വിലയുമില്ല. ജീവിക്കണമെങ്കിൽ നുണപറഞ്ഞേ മതിയാകൂ; ഇക്കാര്യത്തിൽ മനുഷ്യന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.”
3. സത്യം സംസാരിക്കുന്നതിൽ യേശു ഒരു ഉത്തമ മാതൃകയാണെന്നു പറയുന്നത് എന്തുകൊണ്ട്?
3 എന്നാൽ ഇപ്പറഞ്ഞതൊന്നുമായിരുന്നില്ല യേശുവിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ സത്യക്രിസ്ത്യാനികളുടെ വീക്ഷണവും ഇക്കാര്യത്തിൽ തികച്ചും വ്യത്യസ്തമാണ്. യേശു സത്യം മാത്രമേ സംസാരിച്ചിട്ടുള്ളൂ. അത് അവന്റെ ശത്രുക്കൾപോലും സമ്മതിച്ചിരുന്ന കാര്യമാണ്. അവർ പറഞ്ഞു: “ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി ശരിയായി പഠിപ്പിക്കുന്നവനുമാണെന്നു ഞങ്ങൾക്കറിയാം.” (മത്താ. 22:16) യേശുവിന്റെ ഈ മാതൃകയാണ് സത്യക്രിസ്ത്യാനികൾ അനുകരിക്കുന്നത്. സത്യം സംസാരിക്കാൻ അവർക്കു മടിയില്ല. പൗലോസിന്റെ പിൻവരുന്ന ഉദ്ബോധനത്തോട് അവർ സർവാത്മനാ യോജിക്കുന്നു: “ആകയാൽ നിങ്ങളിപ്പോൾ വ്യാജം ഉപേക്ഷിച്ചിരിക്കെ, ഓരോരുത്തനും താന്താന്റെ അയൽക്കാരനോട് സത്യം സംസാരിക്കണം.” (എഫെ. 4:25) നമുക്കിപ്പോൾ പൗലോസിന്റെ ഈ പ്രസ്താവനയുടെ മൂന്നുവശങ്ങൾ പരിചിന്തിക്കാം. (1) ആരാണ് നമ്മുടെ അയൽക്കാരൻ? (2) സത്യം സംസാരിക്കുക എന്നതിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു? (3) നമ്മുടെ അനുദിന ജീവിതത്തെ ഇത് എങ്ങനെ സ്വാധീനിക്കണം?
ആരാണ് നമ്മുടെ അയൽക്കാരൻ?
4. അയൽക്കാരൻ ആരാണ് എന്നതു സംബന്ധിച്ച് യഹൂദനേതാക്കന്മാരുടെ മനോഭാവം എന്തായിരുന്നു, യേശു ഇക്കാര്യത്തിൽ യഹോവയുടെ വീക്ഷണം പ്രതിഫലിപ്പിച്ചതെങ്ങനെ?
4 സഹയഹൂദരെയോ ഉറ്റ സുഹൃത്തുക്കളെയോ മാത്രമേ ‘അയൽക്കാരായി’ പരിഗണിക്കാനാകൂ എന്നാണ് ഒന്നാം നൂറ്റാണ്ടിലെ യഹൂദനേതാക്കന്മാർ പഠിപ്പിച്ചിരുന്നത്. എന്നാൽ യേശു അവരെപ്പോലെ ആയിരുന്നില്ല. തന്റെ പിതാവിന്റെ വ്യക്തിത്വവും ചിന്താഗതിയുമാണ് അവന്റെ പഠിപ്പിക്കലിൽ പ്രതിഫലിച്ചത്. (യോഹ. 14:9) ഏതെങ്കിലും വംശത്തോടോ ദേശത്തോടോ ദൈവത്തിനു പ്രത്യേക മമതയില്ല എന്ന് അവൻ തന്റെ ശിഷ്യന്മാർക്കു കാണിച്ചുകൊടുത്തു. (യോഹ. 4:5-26) മാത്രമല്ല, “ദൈവം പക്ഷപാതമുള്ളവനല്ലെന്നും ഏതൊരു ജനതയിലും അവനെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ അവനു സ്വീകാര്യനാണെന്നും” പരിശുദ്ധാത്മാവ് പത്രോസ് അപ്പൊസ്തലനു വെളിപ്പെടുത്തി. (പ്രവൃ. 10:28, 34, 35) അതുകൊണ്ട് നാം എല്ലാ ആളുകളെയും നമ്മുടെ അയൽക്കാരായി കണക്കാക്കണം. ശത്രുതയോടെ നമ്മോടു പെരുമാറുന്നവരെപ്പോലും നാം സ്നേഹിക്കണം.—മത്താ. 5:43-45.
5. അയൽക്കാരനോടു സത്യം സംസാരിക്കുക എന്നതിന്റെ അർഥം എന്ത്?
5 അയൽക്കാരനോട് സത്യം സംസാരിക്കണമെന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? വിവരങ്ങൾ കലർപ്പില്ലാതെ കൃത്യതയോടെ റോമ. 12:9) ‘സത്യത്തിന്റെ ദൈവത്തെ’ അനുകരിച്ച് എല്ലാ കാര്യങ്ങളിലും നാം സത്യസന്ധരും പരമാർഥരും ആയിരിക്കണം. (സങ്കീ. 15:1, 2; 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) പരിഭ്രമിപ്പിക്കുന്നതോ സുഖകരമല്ലാത്തതോ ആയ കാര്യങ്ങൾ ചിലപ്പോൾ പറയേണ്ടിവന്നേക്കാം. അപ്പോൾപ്പോലും വാക്കുകൾ ചിന്തിച്ചു തിരഞ്ഞെടുത്താൽ സത്യം മറച്ചുവെക്കാതെതന്നെ നയപൂർവം ആ സാഹചര്യത്തെ കൈകാര്യം ചെയ്യാൻ നമുക്കു കഴിയും.—കൊലോസ്യർ 3:9, 10 വായിക്കുക.
കൈമാറുന്നതാണ് സത്യം സംസാരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. മറ്റുള്ളവരെ വഴിതെറ്റിക്കുന്നതിനായി സത്യക്രിസ്ത്യാനികൾ വസ്തുതകൾ വളച്ചൊടിക്കുകയില്ല. അവർ ‘ദോഷത്തെ വെറുത്ത് നല്ലതിനോടു പറ്റിനിൽക്കുന്നവരാണ്.’ (6, 7. (എ) സത്യസന്ധരായിരിക്കുക എന്നാൽ, ചോദിക്കുന്നവരോടൊക്കെ വ്യക്തിപരമായ കാര്യങ്ങൾപോലും വെളിപ്പെടുത്തുക എന്നാണോ അർഥം? (ബി) വിശ്വസിച്ച് സത്യം വെളിപ്പെടുത്താൻ കഴിയുന്നത് ആരോടാണ്?
6 സത്യസന്ധരായിരിക്കണമെന്നു കരുതി ആര് എന്തു ചോദിച്ചാലും നമുക്കറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്തണമെന്നുണ്ടോ? അങ്ങനെ ചെയ്യേണ്ടതില്ല. ചിലർക്കു നേരിട്ടൊരു മറുപടി കൊടുക്കാനോ ചില വിവരങ്ങൾ അവരെ അറിയിക്കാനോ യേശു തയ്യാറായില്ല; കാരണം അവർ അതിന് അർഹരല്ലായിരുന്നു. ഒരു സന്ദർഭം നോക്കാം. കപടഭക്തരായ മതനേതാക്കന്മാർ യേശുവിനോട് എന്ത് അധികാരത്താലാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; അതിന് ഉത്തരം പറയുക. അപ്പോൾ ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നത് എന്ത് അധികാരത്താലാണെന്ന് ഞാനും നിങ്ങളോടു പറയാം.” ശാസ്ത്രിമാരും മൂപ്പന്മാരും മറുപടി പറയാൻ വിസമ്മതിച്ചപ്പോൾ യേശു പറഞ്ഞു: “എങ്കിൽ ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നത് എന്ത് അധികാരത്താലാണെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.” (മർക്കോ. 11:27-33) അവിശ്വസ്തരും അധർമികളുമായ ആ മനുഷ്യരോട് ഉത്തരം പറയാൻ അവനൊരു കടപ്പാടും തോന്നിയില്ല. (മത്താ. 12:10-13; 23:27, 28) സ്വാർഥലക്ഷ്യങ്ങളുള്ള വിശ്വാസത്യാഗികളുടെയും മറ്റു ദുഷ്ടമനുഷ്യരുടെയും വക്രതയും കൗശലവും തിരിച്ചറിഞ്ഞ് ജാഗ്രതപാലിക്കാൻ യഹോവയുടെ ജനം ശ്രദ്ധിക്കണം.—മത്താ. 10:16; എഫെ. 4:14.
7 ചിലരോട് മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തേണ്ടതില്ലെന്ന് പൗലോസും സൂചിപ്പിക്കുകയുണ്ടായി. ‘വായാടികളും പരകാര്യങ്ങളിൽ തലയിടുന്നവരുമായ’ വ്യക്തികൾ ‘അരുതാത്തതു സംസാരിക്കുമെന്ന്’ അവൻ പറഞ്ഞു. (1 തിമൊ. 5:13) പരകാര്യങ്ങളിൽ തലയിടുന്നവരും രഹസ്യം സൂക്ഷിക്കാൻ പറ്റാത്തവരുമായ ആളുകളോട് മറ്റുള്ളവർ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ പറയാൻ മടിക്കും. “ശാന്തമായൊരു ജീവിതം നയിക്കാനും പരകാര്യങ്ങളിൽ ഇടപെടാതെ അവനവന്റെ കാര്യം നോക്കി” ജീവിക്കാനുമുള്ള പൗലോസിന്റെ നിശ്വസ്ത ബുദ്ധിയുപദേശം നാം അനുസരിക്കുന്നത് എത്ര നന്നായിരിക്കും! (1 തെസ്സ. 4:11) എന്നാൽ, സഭയിലെ മൂപ്പന്മാർ അവരുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി, നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ചില ചോദ്യങ്ങളൊക്കെ ചോദിച്ചേക്കാം. ആ സാഹചര്യങ്ങളിൽ, സത്യം സംസാരിച്ചുകൊണ്ട് അവരുമായി സഹകരിക്കുന്നത് അവർക്കൊരു സഹായമായിരിക്കും; അത് ഏറെ വിലമതിക്കപ്പെടും.—1 പത്രോ. 5:2.
സത്യം സംസാരിക്കുക—കുടുംബകാര്യങ്ങളിൽ
8. സത്യം സംസാരിക്കുന്നത് കുടുംബാംഗങ്ങൾക്കിടയിലെ അടുപ്പം വളർത്തുന്നത് എങ്ങനെ?
8 സാധാരണഗതിയിൽ നമുക്ക് ഏറ്റവും അടുപ്പം കുടുംബത്തോടായിരിക്കും. ആ ഇഴയടുപ്പം കൂട്ടുന്നതിന് കുടുംബാംഗങ്ങൾ അന്യോന്യം സത്യം സംസാരിക്കേണ്ടതുണ്ട്. പരിഗണനയോടെ, സത്യസന്ധമായി സംസാരിക്കുന്നെങ്കിൽ പല പ്രശ്നങ്ങളും തെറ്റിദ്ധാരണകളും ദൂരികരിക്കാനാകും, കുറഞ്ഞപക്ഷം കുറയ്ക്കാനെങ്കിലും കഴിയും. ഒരു തെറ്റുപറ്റിയാൽ അത് ഇണയോടോ കുട്ടികളോടോ മറ്റ് അടുത്ത കുടുംബാംഗങ്ങളോടോ തുറന്നു സമ്മതിക്കാൻ നമുക്കു മടിയുണ്ടോ? ഹൃദയത്തിൽത്തട്ടിയുള്ള ആത്മാർഥമായ 1 പത്രോസ് 3:8-10 വായിക്കുക.
ഒരു ക്ഷമാപണം കുടുംബത്തിൽ സമാധാനവും ഐക്യവും വളർത്താൻ ഇടയാക്കും.—9. സത്യമാണു പറയുന്നതെങ്കിലും അതു വെട്ടിത്തുറന്നു പറയരുതാത്തത് എന്തുകൊണ്ട്?
9 സത്യമാണ് പറയുന്നതെന്നു കരുതി യാതൊരു മയവുമില്ലാതെ തുറന്നടിച്ച് സംസാരിക്കരുത്. വെട്ടിത്തുറന്നു പറയുന്നതുകൊണ്ട് കാര്യങ്ങളുടെ മൂല്യം വർധിക്കുന്നില്ല, ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നുമില്ല. പൗലോസ് എഴുതി: “സകല വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും എല്ലാവിധ ദുർഗുണങ്ങളോടുംകൂടെ നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. തമ്മിൽ ദയയും ആർദ്രാനുകമ്പയും ഉള്ളവരായി ദൈവം ക്രിസ്തുമൂലം നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും അന്യോന്യം ഉദാരമായി ക്ഷമിക്കുവിൻ.” (എഫെ. 4:31, 32) ദയയോടും മാന്യതയോടും കൂടെ സംസാരിക്കുമ്പോൾ, പറയുന്ന കാര്യത്തിന് മൂല്യമേറുന്നു. അതുപോലെ, ആരോടു സംസാരിക്കുന്നുവോ ആ വ്യക്തിയെ ആദരിക്കുകയുമായിരിക്കും നാം.—മത്താ. 23:12.
സത്യം സംസാരിക്കുക—സഭാകാര്യങ്ങളിൽ
10. സത്യം സംസാരിക്കുന്നതിൽ യേശു വെച്ച ഉത്തമമാതൃകയിൽനിന്ന് മൂപ്പന്മാർക്ക് എന്തു പഠിക്കാം?
10 യേശു ശിഷ്യന്മാരോട് വളച്ചുകെട്ടില്ലാതെ അവർക്കു മനസ്സിലാകുന്നരീതിയിൽ സംസാരിച്ചു. സ്നേഹപൂർവമാണ് അവൻ എല്ലായ്പോഴും ഉപദേശിച്ചതെങ്കിലും കേൾവിക്കാരെ സുഖിപ്പിക്കാനായി, താൻ പറഞ്ഞ കാര്യങ്ങളിൽ അവൻ വെള്ളം ചേർത്തില്ല. (യോഹ. 15:9-12) ആരാണു വലിയവൻ എന്നതിനെച്ചൊല്ലി അവന്റെ ശിഷ്യന്മാർ തമ്മിൽ പലവട്ടം തർക്കങ്ങളുണ്ടായി. അപ്പോൾ, ക്ഷമയോടെ എന്നാൽ ദൃഢതയോടെ യേശു അവരെ താഴ്മയുടെ പാഠം പഠിപ്പിച്ചു. (മർക്കോ. 9:33-37; ലൂക്കോ. 9:46-48; 22:24-27; യോഹ. 13:14) സമാനമായി, നീതിക്കുവേണ്ടി ഉറച്ചനിലപാടെടുക്കുമ്പോഴും മൂപ്പന്മാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെമേൽ കർത്തൃത്വം നടത്തുന്നില്ല. (മർക്കോ. 10:42-44) ‘ദയയോടെയും ആർദ്രാനുകമ്പയോടെയും’ ഇടപെട്ടുകൊണ്ട് അവർ ക്രിസ്തുവിനെ അനുകരിക്കുന്നു.
11. സഹോദരങ്ങളോടു സ്നേഹമുണ്ടെങ്കിൽ നാം നാവ് എങ്ങനെ ഉപയോഗിക്കും?
11 ക്രിസ്തീയ സഹോദരങ്ങളോട് കാര്യങ്ങൾ തുറന്നു സംസാരിക്കേണ്ടിവരുമ്പോൾ അമിതസ്വാതന്ത്ര്യം എടുക്കാതെയും അവരെ വ്രണപ്പെടുത്താതെയും വേണം അങ്ങനെ ചെയ്യാൻ. നമ്മുടെ നാവ് “മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ” ആയിരിക്കാൻ നാം ആഗ്രഹിക്കുന്നില്ല; തരംതാഴ്ത്തുന്ന രീതിയിൽ സംസാരിച്ചുകൊണ്ട് അങ്ങനെ നാം അവരെ മുറിപ്പെടുത്തുകയില്ല. (സങ്കീ. 52:2; സദൃ. 12:18) “ദോഷം ചെയ്യാതെ [നമ്മുടെ] നാവിനെയും വ്യാജം പറയാതെ [നമ്മുടെ] അധരത്തെയും” കാത്തുകൊള്ളാൻ സഹോദരങ്ങളോടുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കും. (സങ്കീ. 34:13) ഇങ്ങനെ ചെയ്തുകൊണ്ടു നമുക്ക് ദൈവത്തെ ആദരിക്കാനും സഭയിലെ ഐക്യം ഊട്ടിയുറപ്പിക്കാനും കഴിയും.
12. നുണ പറയുന്നതിനോടുള്ള ബന്ധത്തിൽ നീതിന്യായ നടപടി ആവശ്യമായിവരുന്നത് എപ്പോൾ? വിശദീകരിക്കുക.
12 ദ്രോഹബുദ്ധിയോടെ നുണ പറഞ്ഞുപരത്തുന്നവരിൽനിന്ന് സഭയെ സംരക്ഷിക്കാൻ മൂപ്പന്മാർ നിതാന്തജാഗ്രത പുലർത്തും. (യാക്കോബ് 3:14-16 വായിക്കുക.) മറ്റുള്ളവരെ ഉപദ്രവിക്കുക, ഏതെങ്കിലും വിധത്തിൽ അവർക്ക് മനോവ്യഥ ഉണ്ടാക്കുക എന്നതൊക്കെയാണ് ഇങ്ങനെയുള്ളവരുടെ ലക്ഷ്യം. ഇത്തരം നുണയിൽ, ചില നിസ്സാരകാര്യങ്ങൾപറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയോ വസ്തുതകൾ ഊതിപ്പെരുപ്പിക്കുകയോ ചെയ്യുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ എല്ലാത്തരത്തിലുള്ള നുണയും തെറ്റുതന്നെയാണ്; എന്നാൽ അസത്യം പറഞ്ഞതിന്റെ പേരിലുള്ള എല്ലാ കേസിലും നീതിന്യായ നടപടികൾ ആവശ്യമായി വരുന്നില്ല. അങ്ങനെയൊരു കേസ് കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ, ആ വ്യക്തിക്ക് മറ്റുള്ളവരെ ഉപദ്രവിക്കാനും അപകീർത്തിപ്പെടുത്താനുമായി മനഃപൂർവം നുണപറയുന്ന ഒരു ശീലം ഉണ്ടോയെന്ന് മൂപ്പന്മാർ ന്യായബോധത്തോടും സമനിലയോടും വിവേചനയോടുംകൂടെ വിലയിരുത്തേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ, നീതിന്യായ നടപടികൾ ആവശ്യമാണോ അതോ തിരുവെഴുത്തുകളിൽനിന്ന് സ്നേഹപുരസ്സരം നൽകുന്ന താക്കീത് മതിയാകുമോ എന്നു തീരുമാനിക്കാൻ അവർക്കു സാധിക്കും.
സത്യം സംസാരിക്കുക—ബിസിനസ്സ് ഇടപാടുകളിൽ
13, 14. (എ) ചിലർ തൊഴിലുടമയെ കബളിപ്പിക്കുന്നതെങ്ങനെ? (ബി) തൊഴിലിൽ സത്യസന്ധരായിരിക്കുന്നതുകൊണ്ട് എന്തു സത്ഫലം ഉണ്ടായേക്കാം?
13 കളവും വഞ്ചനയും കൊടികുത്തിവാഴുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. തൊഴിലുടമകളെ കബളിപ്പിക്കാനുള്ള പ്രവണത എവിടെയും പ്രബലമാണിന്ന്, അതു നമ്മെയും ബാധിച്ചേക്കാം. ജോലിക്കുവേണ്ടിയുള്ള അപേക്ഷകളിൽ പലരും പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിക്കുന്നത്. ബയോഡാറ്റ തയ്യാറാക്കുമ്പോൾ, ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കാനായി തൊഴിൽപരിചയം, വിദ്യാഭ്യാസ യോഗ്യത ഇവയൊക്കെ ഉദ്യോഗാർഥികൾ പെരുപ്പിച്ചുകാട്ടിയേക്കാം. പൊതുവിൽ കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ് സമയം മോഷ്ടിക്കുന്നത്; അതായത്, കമ്പനിനിയമങ്ങൾക്കു വിരുദ്ധമായി ജോലിസമയം വ്യക്തിപരമായ കാര്യങ്ങൾക്കായി ചെലവിടുന്നത്. ജോലിസമയത്ത്, ചെയ്യുന്ന ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ വായിക്കുക, സ്വന്ത ആവശ്യങ്ങൾക്കായി ഫോൺചെയ്യുക, മെസ്സേജുകൾ അയയ്ക്കുക, ഇന്റർനെറ്റിൽ ബ്രൗസ്ചെയ്യുക ഇവയൊക്കെ ഉദാഹരണങ്ങൾ.
14 സത്യസന്ധതയുടെ കാര്യത്തിൽ ക്രിസ്ത്യാനികൾ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. (സദൃശവാക്യങ്ങൾ 6:16-19 വായിക്കുക.) “സകലത്തിലും സത്യസന്ധരായിരിക്കാൻ” ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് പൗലോസ് പറഞ്ഞത്. (എബ്രാ. 13:18) അതുകൊണ്ട് ശമ്പളം കൈപ്പറ്റുന്നുണ്ടെങ്കിൽ അതിനുതക്ക ജോലി ക്രിസ്ത്യാനികൾ ചെയ്തിരിക്കും. (എഫെ. 6:5-8) മനസ്സാക്ഷിപൂർവം ജോലിചെയ്യുന്ന ഒരു ക്രിസ്ത്യാനി നമ്മുടെ സ്വർഗീയ പിതാവിന് സ്തുതികരേറ്റും. (1 പത്രോ. 2:12) സ്പെയിനിലുള്ള റോബെർട്ടോയുടെ അനുഭവം ഇതിനൊരു ഉദാഹരണമാണ്. സത്യസന്ധതയെയും ഉത്തരവാദിത്വബോധത്തെയുംപ്രതി അദ്ദേഹം കമ്പനി ഉടമയുടെ പ്രശംസയ്ക്കു പാത്രമായി. റോബർട്ടോയുടെ സത്പേരുനിമിത്തം യഹോവയുടെ സാക്ഷികളായ കുറച്ചുപേരെക്കൂടെ കമ്പനി ജോലിക്കെടുത്തു. ഇവരും നല്ല ജോലിക്കാരെന്ന പേരു സമ്പാദിച്ചു. ചില വർഷങ്ങൾക്കുള്ളിൽ, സ്നാനമേറ്റ 23 പേർക്കും 8 ബൈബിൾ വിദ്യാർഥികൾക്കും തൊഴിൽ നേടിക്കൊടുക്കാൻ റോബർട്ടോയ്ക്ക് കഴിഞ്ഞു.
15. സത്യസന്ധനാണെന്ന് ബിസിനസ്സുകാരനായ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ തെളിയിക്കാം?
15 ഇനി, നാം സ്വയംതൊഴിൽ ചെയ്യുന്നവരാണെങ്കിൽ എല്ലാ ബിസിനസ്സ് ഇടപാടുകളിലും നാം സത്യസന്ധരായിരിക്കുമോ? അതോ ചിലപ്പോഴൊക്കെ സത്യം മറച്ചുവെക്കാറുണ്ടോ? ഒരു ഉത്പന്നത്തെയോ സേവനത്തെയോ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറയാൻ ഒരു ക്രിസ്ത്യാനി ഒരിക്കലും തുനിയരുത്. നമ്മുടെ ബിസിനസ്സിന് അനധികൃതമായ വളർച്ചയുണ്ടാക്കാനായി കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. മറ്റുള്ളവർ നമ്മോട് എങ്ങനെ ഇടപെടാൻ നാം ആഗ്രഹിക്കുന്നുവോ അതുപോലെയായിരിക്കട്ടെ അവരോടുള്ള നമ്മുടെ പെരുമാറ്റവും.—സദൃ. 11:1; ലൂക്കോ. 6:31.
സത്യം സംസാരിക്കുക—ഗവണ്മെന്റ് അധികാരികളോട്
16. (എ) ക്രിസ്ത്യാനികൾ ഗവണ്മെന്റ് അധികാരികൾക്ക് എന്ത് കടപ്പെട്ടിരിക്കുന്നു? (ബി) യഹോവയ്ക്ക് എന്തു കടപ്പെട്ടിരിക്കുന്നു?
16 “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് യേശു പറയുകയുണ്ടായി. (മത്താ. 22:21) കൈസറിന്, അതായത് ഗവണ്മെന്റ് അധികാരികൾക്ക് നാം കൊടുക്കാൻ കടപ്പെട്ടിരിക്കുന്നത് എന്താണ്? നികുതി കൊടുക്കുന്നതിനോടു ബന്ധപ്പെട്ടാണ് യേശു അതു പറഞ്ഞത്. അതുകൊണ്ട് ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ ഒരു ശുദ്ധമായ മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ ക്രിസ്ത്യാനികൾ നിയമങ്ങൾ അനുസരിക്കുന്നു. നികുതി കൊടുക്കുന്നതിനോട് ബന്ധപ്പെട്ട നിയമങ്ങളും അതിൽപ്പെടുന്നു. (റോമ. 13:5, 6) എന്നാൽ ഏക സത്യദൈവമായ യഹോവയാണ് പരമാധികാരിയെന്നും മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടുംകൂടെ അവനെ സ്നേഹിക്കേണ്ടതുണ്ടെന്നും നാം മനസ്സിൽപ്പിടിക്കുന്നു. (മർക്കോ. 12:30; വെളി. 4:11) അതുകൊണ്ട് ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇടംകൊടുക്കാതെ നാം യഹോവയ്ക്ക് സമ്പൂർണമായി കീഴ്പെടുന്നു.—സങ്കീർത്തനം 86:11, 12 വായിക്കുക.
17. സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതു സംബന്ധിച്ച് ഒരു ക്രിസ്ത്യാനിയുടെ മനോഭാവം എന്തായിരിക്കണം?
17 സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും ആവശ്യമായവർക്ക് അതു നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പല രാജ്യങ്ങളിലുമുണ്ട്. അർഹതയുണ്ടെങ്കിൽ ഒരു ക്രിസ്ത്യാനി അത്തരം സഹായങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ അത്തരം സഹായങ്ങൾ കൈപ്പറ്റാനായി അധികാരികൾക്ക് തെറ്റായ വിവരങ്ങളാണു നൽകുന്നതെങ്കിൽ നാം അയൽക്കാരോട് സത്യം സംസാരിക്കുന്നുവെന്ന് പറയാനാകുമോ?
സത്യസന്ധരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ
18-20. അയൽക്കാരനോട് സത്യം സംസാരിക്കുന്നതിന്റെ സത്ഫലങ്ങൾ ഏതെല്ലാം?
18 സത്യസന്ധരായിരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ നിരവധിയാണ്. സ്വസ്ഥതയും മനസ്സമാധാനവും നൽകുന്ന ശുദ്ധമായ ഒരു മനസ്സാക്ഷി നമുക്കുണ്ടായിരിക്കും എന്നതാണ് അതിലൊന്ന്. (സദൃ. 14:30; ഫിലി. 4:6, 7) നമുക്കുള്ള ആ ശുദ്ധമായ മനസ്സാക്ഷിയെ ദൈവം അങ്ങേയറ്റം വിലമതിക്കും. എല്ലാ കാര്യങ്ങളിലും സത്യസന്ധത പുലർത്തുന്നതുകൊണ്ടുള്ള മറ്റൊരു പ്രയോജനം, കണ്ടുപിടിക്കപ്പെടുമെന്നോ അതുമൂലം മാനഹാനി സംഭവിക്കുമെന്നോ ഉള്ള ഭയംകൂടാതെ ജീവിക്കാൻ നമുക്കു കഴിയും എന്നതാണ്.—1 തിമൊ. 5:24.
19 ഇനിയുമുണ്ട് പ്രയോജനം. “എല്ലാവിധത്തിലും ദൈവത്തിന്റെ ശുശ്രൂഷകരാണെന്നു ഞങ്ങൾ തെളിയിക്കുന്നു” എന്ന് പൗലോസ് പറഞ്ഞു. അതിലൊരു വിധമാണ് “സത്യസന്ധമായ സംസാരം” എന്ന് അവന്റെ തുടർന്നുള്ള വാക്കുകൾ കാണിക്കുന്നു. (2 കൊരി. 6:4, 7) ബ്രിട്ടനിലെ ഒരു സാക്ഷിയുടെ അനുഭവം നോക്കുക. തന്റെ കാർ വാങ്ങാനെത്തിയ ആളോട് കാറിന്റെ ഗുണഗണങ്ങൾ വർണിക്കുക മാത്രമല്ല, പെട്ടെന്നു ശ്രദ്ധയിൽപ്പെടാത്ത കുഴപ്പങ്ങളും അദ്ദേഹം പറഞ്ഞു. കാറോടിച്ചു നോക്കിയശേഷം അയാൾ സഹോദരനോട്, ‘നിങ്ങൾ ഒരു സാക്ഷിയാണോ’ എന്നു ചോദിച്ചു. എന്തുകൊണ്ടായിരിക്കാം അങ്ങനെ ചോദിച്ചത്? സഹോദരന്റെ സത്യസന്ധതയും വെടിപ്പുള്ള വസ്ത്രധാരണവും അയാൾ ശ്രദ്ധിച്ചിരുന്നു. തുടർന്നുണ്ടായ സംഭാഷണം ഒരു നല്ല സാക്ഷ്യം നൽകുന്നതിലേക്കു നയിച്ചു.
20 എല്ലായ്പോഴും സത്യസന്ധരായിരുന്നുകൊണ്ട് നാം സ്രഷ്ടാവിനു സ്തുതി കരേറ്റുന്നുണ്ടോ? ‘ലജ്ജാകരമായ കുത്സിതമാർഗങ്ങൾ ഞങ്ങൾ വർജിക്കുന്നു; കൗശലം പ്രയോഗിക്കാൻ ഞങ്ങൾ തയ്യാറല്ല’ എന്നു പൗലോസ് എഴുതി. (2 കൊരി. 4:2) അതുകൊണ്ട്, നമുക്ക് എല്ലായ്പോഴും അയൽക്കാരനോട് സത്യം സംസാരിക്കാം. അങ്ങനെ നമ്മുടെ സ്വർഗീയ പിതാവിനും അവന്റെ ജനത്തിനും മഹത്ത്വം കരേറ്റാം.
ഉത്തരം പറയാമോ?
• ആരാണ് നമ്മുടെ അയൽക്കാരൻ?
• അയൽക്കാരനോട് സത്യം സംസാരിക്കുക എന്നതിന്റെ അർഥമെന്ത്?
• നമ്മുടെ സത്യസന്ധത ദൈവത്തിന് മഹത്ത്വം കരേറ്റുന്നത് എങ്ങനെ?
• സത്യസന്ധരായിരിക്കുന്നതിന്റെ സത്ഫലങ്ങൾ ഏവ?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
ചെറിയ തെറ്റുകൾപോലും നിങ്ങൾ മടികൂടാതെ അംഗീകരിക്കുമോ?
[18-ാം പേജിലെ ചിത്രം]
ജോലിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ സത്യസന്ധരായിരിക്കുമോ?