യഹോവയുടെ ഭവനത്തിനായി തീക്ഷ്‌ണതയോടെ. . .
യഹോവയുടെ ഭവനത്തിനായി തീക്ഷ്‌ണതയോടെ. . .
“നിന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്‌ണത എന്നെ തിന്നുകളയും.”—യോഹ. 2:17.
1, 2. എ.ഡി. 30-ൽ ആലയത്തിൽവെച്ച് യേശു എന്താണ് ചെയ്‌തത്, എന്തുകൊണ്ട്?
ഈ രംഗമൊന്നു ഭാവനയിൽ കാണുക. എ.ഡി. 30-ലെ പെസഹാ ആചരിക്കുന്നതിനായി യെരുശലേമിലേക്കു പോകുകയാണ് യേശു. അവന്റെ ഭൗമികശുശ്രൂഷ ഇപ്പോൾ ആറുമാസം പിന്നിട്ടിരിക്കുന്നു. അവിടെ ആലയത്തിൽച്ചെന്ന അവൻ വിജാതീയരുടെ പ്രാകാരത്തിൽ, “ആടുമാടുകളെയും പ്രാവുകളെയും വിൽക്കുന്നവരെയും . . . നാണയമാറ്റക്കാരെയും” കാണുന്നു. രോഷംപൂണ്ട അവൻ കയറുകൊണ്ടൊരു ചാട്ടയുണ്ടാക്കി മൃഗങ്ങളെയെല്ലാം ആലയത്തിൽനിന്ന് അടിച്ചിറക്കുന്നു. കച്ചവടക്കാരും അവയുടെ പിന്നാലെ ഇറങ്ങിയോടുന്നു. പിന്നെ അവൻ നാണയമാറ്റക്കാരുടെ നാണയങ്ങൾ ചിതറിച്ചുകളഞ്ഞ് അവരുടെ മേശകൾ മറിച്ചിടുന്നു. പ്രാവുകളെ വിൽക്കുന്നവരോട് എല്ലാം എടുത്തുകൊണ്ട് സ്ഥലംവിടാൻ അവൻ കൽപ്പിക്കുന്നു.—യോഹ. 2:13-16.
2 യേശുവിന്റെ ഈ നടപടികൾ അവന് ആലയത്തോട് എത്രമാത്രം താത്‌പര്യമുണ്ടെന്ന് വ്യക്തമാക്കുന്നു. “എന്റെ പിതാവിന്റെ ആലയം കച്ചവടശാലയാക്കിയതു മതി,” അവൻ ആജ്ഞാപിച്ചു. ഇതൊക്കെ കണ്ടുനിന്ന യേശുവിന്റെ ശിഷ്യന്മാർ, “നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു” എന്ന് സങ്കീർത്തനക്കാരനായ ദാവീദ് നൂറ്റാണ്ടുകൾക്കുമുമ്പ് എഴുതിയ വാക്കുകൾ ഓർമിച്ചിട്ടുണ്ടാവണം.—യോഹ. 2:16, 17; സങ്കീ. 69:9.
3. (എ) എന്താണ് തീക്ഷ്‌ണത? (ബി) നാം ഓരോരുത്തരും ഏതു ചോദ്യം ചോദിക്കണം?
3 ദൈവത്തിന്റെ ഭവനത്തെക്കുറിച്ചുള്ള ചിന്തയാണ് അല്ലെങ്കിൽ അതിനോടുള്ള തീക്ഷ്‌ണതയാണ് ഈ വിധത്തിൽ പ്രവർത്തിക്കാൻ യേശുവിനെ പ്രേരിപ്പിച്ചത്. “ഏതെങ്കിലും പ്രവൃത്തിയിലുള്ള ശുഷ്‌കാന്തി അല്ലെങ്കിൽ അഭിനിവേശം” എന്ന് തീക്ഷ്‌ണതയെ നിർവചിക്കാനാകും. ഈ 21-ാം നൂറ്റാണ്ടിൽ 70 ലക്ഷത്തിലധികം ക്രിസ്‌ത്യാനികൾ ദൈവത്തിന്റെ ഭവനത്തെക്കുറിച്ച് എരിവുള്ളവരാണ്. എന്നാൽ ചോദ്യമിതാണ്: ‘നമുക്കോരോരുത്തർക്കും യഹോവയുടെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്‌ണത എങ്ങനെ വർധിപ്പിക്കാനാകും?’ ഉത്തരം കണ്ടെത്തുന്നതിനായി ഇന്ന് ദൈവത്തിന്റെ ഭവനം ഏതാണെന്ന് നമുക്ക് ആദ്യം ചിന്തിക്കാം. അതിനുശേഷം, ദൈവത്തിന്റെ ഭവനത്തെപ്രതി ശുഷ്‌കാന്തി കാണിച്ച വിശ്വസ്‌ത പുരുഷന്മാരുടെ ചില ദൃഷ്ടാന്തങ്ങൾ ബൈബിളിൽനിന്ന് നാം കാണുന്നതായിരിക്കും. ആ ദൃഷ്ടാന്തങ്ങൾ നമ്മുടെ “പ്രബോധനത്തിനുവേണ്ടിയുള്ളതാണ്.” അവയ്‌ക്ക് നമ്മുടെ തീക്ഷ്‌ണതയെ ജ്വലിപ്പിക്കാനാകും.—റോമ. 15:4.
ദൈവത്തിന്റെ ഭവനം—അന്നും ഇന്നും
4. ശലോമോൻ പണികഴിപ്പിച്ച ആലയം എന്തിന് ഉപകരിച്ചു?
4 പുരാതന ഇസ്രായേലിൽ യെരുശലേമിലെ ആലയമായിരുന്നു ദൈവത്തിന്റെ ഭവനം. എന്നാൽ അക്ഷരാർഥത്തിൽ യഹോവ അവിടെ വസിക്കുന്നില്ലായിരുന്നു; കാരണം അവൻതന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏത്?” (യെശ. 66:1) എന്നിരുന്നാലും, ശലോമോന്റെ കാലത്ത് പണികഴിപ്പിച്ച ആ ആലയം സത്യാരാധനയുടെ കേന്ദ്രമായി വർത്തിച്ചുപോന്നു, ജനം അവിടെ യഹോവയ്‌ക്ക് പ്രാർഥന കഴിച്ചുവരുകയും ചെയ്‌തു.—1 രാജാ. 8:27-30.
5. ശലോമോന്റെ ആലയത്തിലെ ആരാധന എന്തിന്റെ മുൻനിഴലായിരുന്നു?
5 ഇന്ന്, യെരുശലേമിലോ മറ്റ് എവിടെയെങ്കിലുമോ ഉള്ള ഏതെങ്കിലുമൊരു മഹാസൗധം യഹോവയുടെ ആലയമായി വർത്തിക്കുന്നില്ല. മറിച്ച്, ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവയെ സമീപിച്ചുകൊണ്ട് അവന് ആരാധനയർപ്പിക്കുന്നതിനുള്ള ക്രമീകരണമാണ് ഇന്ന് ആ ആലയം. ഭൂമിയിലെങ്ങുമുള്ള വിശ്വസ്‌തരായ ദൈവദാസർ യഹോവയെ ആരാധിക്കാനായി ഒന്നിച്ചുചേരുന്നത് ഈ ആത്മീയ ആലയത്തിലാണ്.—യെശ. 60:4, 8, 13; പ്രവൃ. 17:24; എബ്രാ. 8:5; 9:24.
6. സത്യാരാധനയ്‌ക്കുവേണ്ടി അസാധാരണമായ തീക്ഷ്‌ണത കാണിച്ച യെഹൂദാരാജാക്കന്മാർ ആരെല്ലാം?
6 ബി.സി. 997-ലെ ഇസ്രായേലിന്റെ വിഭജനത്തെത്തുടർന്ന് തെക്കേരാജ്യമായ യെഹൂദ ഭരിച്ച 19 രാജാക്കന്മാരിൽ നാലുപേർ, സത്യാരാധനയ്‌ക്കുവേണ്ടി
അസാമാന്യ തീക്ഷ്‌ണത കാണിച്ചവരാണ്. ആസാ, യെഹോശാഫാത്ത്, ഹിസ്‌കീയാവ്, യോശീയാവ് എന്നിവരാണവർ. അവരുടെ ശ്രേഷ്‌ഠമാതൃകകൾ നമ്മെ പഠിപ്പിക്കുന്നത് എന്താണ്?പൂർണഹൃദയത്തോടെയുള്ള സേവനം അനുഗ്രഹങ്ങൾ കൈവരുത്തുന്നു
7, 8. (എ) എങ്ങനെയുള്ള സേവനത്തെയാണ് യഹോവ അനുഗ്രഹിക്കുന്നത്? (ബി) ആസാരാജാവിന്റെ ദൃഷ്ടാന്തത്തിൽ നമുക്കുള്ള മുന്നറിയിപ്പ് എന്താണ്?
7 ആസായുടെ ഭരണകാലത്ത് തന്റെ ജനത്തെ വിശ്വസ്‌തതയുടെ പാതയിൽ നടത്തുന്നതിന് യഹോവ പ്രവാചകന്മാരെ അയയ്‌ക്കുകയുണ്ടായി. അവരിലൊരാളായിരുന്നു ഓദേദിന്റെ മകനായ അസര്യാപ്രവാചകൻ. ആസാരാജാവ് അവന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട് സത്യാരാധന പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു. (2 ദിനവൃത്താന്തം 15:1-8 വായിക്കുക.) അങ്ങനെ ആസാ ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടി. യെഹൂദയിലെ ജനങ്ങളെയും വടക്കേരാജ്യമായ ഇസ്രായേലിൽനിന്ന് യെരുശലേമിൽ വന്നുപാർത്തിരുന്ന വലിയൊരു ജനതതിയെയും സത്യാരാധനയിൽ ഒന്നിപ്പിക്കുന്നതിന് അത് കാരണമായി. യഹോവയെ വിശ്വസ്‌തമായി സേവിക്കുമെന്ന് അവർ ഏകസ്വരത്തിൽ തീരുമാനമെടുത്തു. “അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടുംകൂടെ യഹോവയോടു സത്യംചെയ്‌തു. എല്ലാ യെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്‌തു പൂർണ്ണതാല്‌പര്യത്തോടുകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്‌കുകയും ചെയ്‌തു” എന്നു നാം വായിക്കുന്നു. (2 ദിന. 15:9-15) പൂർണഹൃദയത്തോടെയാണ് നാം യഹോവയെ സേവിക്കുന്നതെങ്കിൽ അവൻ നമ്മെയും ഇതുപോലെ അനുഗ്രഹിക്കും.—മർക്കോ. 12:30.
8 എന്നാൽ ദർശകനായ ഹനാനിയിൽനിന്ന് പിന്നീട് ഒരു തിരുത്തൽ ലഭിച്ചപ്പോൾ ആസാ അതിൽ നീരസപ്പെടുകയാണുണ്ടായത്. (2 ദിന. 16:7-10) ക്രിസ്‌തീയ മൂപ്പന്മാർ മുഖേന യഹോവ നമുക്ക് ഉപദേശങ്ങളും നിർദേശങ്ങളുമൊക്കെ നൽകുമ്പോൾ നമ്മുടെ പ്രതികരണം എന്തായിരിക്കും? അവർ നൽകുന്ന തിരുവെഴുത്തധിഷ്‌ഠിത ബുദ്ധിയുപദേശം നാം സത്വരം അനുസരിക്കുമോ? അതോ, അതിൽ നീരസപ്പെടുമോ?
9. യെഹോശാഫാത്തിനും യെഹൂദയ്‌ക്കും എന്തു ഭീഷണി നേരിടേണ്ടിവന്നു, അപ്പോൾ അവർ എന്തു ചെയ്‌തു?
9 ബി.സി. 10-ാം നൂറ്റാണ്ടിലാണ് യെഹോശാഫാത്ത് യെഹൂദ ഭരിക്കുന്നത്. അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളും അടങ്ങുന്ന ഒരു സംയുക്തസൈന്യത്തിന്റെ ഭീഷണി യെഹൂദയ്‌ക്കു നേരിടേണ്ടിവന്നു. ഭയന്നുപോയെങ്കിലും ഈ രാജാവ് എന്താണ് ചെയ്‌തത്? അവനും യെഹൂദാപുരുഷന്മാരും അവരുടെ ഭാര്യമാരും കുട്ടികളുമെല്ലാം പ്രാർഥിക്കാനായി യഹോവയുടെ ആലയത്തിൽ കൂടിവന്നു. (2 ദിനവൃത്താന്തം 20:3-6 വായിക്കുക.) യെഹോശാഫാത്ത് യഹോവയോട് കേണപേക്ഷിക്കുന്നു: “ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.” (2 ദിന. 20:12, 13) യഹോവയുടെ ആലയത്തിന്റെ സമർപ്പണവേളയിൽ ശലോമോൻ നടത്തിയ പ്രാർഥനയിലെ അപേക്ഷയ്‌ക്കു ചേർച്ചയിലായിരുന്നു ഇത്. യെഹോശാഫാത്ത് പ്രാർഥിച്ചു തീർന്നയുടനെ “സഭാമദ്ധ്യേവെച്ച്” യഹോവയുടെ ആത്മാവ് ലേവ്യനായ യഹസീയേലിന്റെമേൽ വരുകയും അവൻ ജനത്തോട് ആത്മവീര്യം പകരുന്ന ആശ്വാസവാക്കുകൾ പറയുകയും ചെയ്‌തു.—2 ദിനവൃത്താന്തം 20:14-17 വായിക്കുക.
10. (എ) യെഹോശാഫാത്തിനും യെഹൂദയ്‌ക്കും നിർദേശങ്ങൾ ലഭിച്ചത് എങ്ങനെയാണ്? (ബി) യഹോവ ഇന്നു നൽകുന്ന നിർദേശങ്ങളോട് നമുക്ക് എങ്ങനെ വിലമതിപ്പു കാണിക്കാനാകും?
10 അന്ന്, യഹസീയേൽ മുഖേനയാണ് യെഹോശാഫാത്തിനും യെഹൂദാദേശത്തിനും യഹോവ ആശ്വാസവും മാർഗനിർദേശവും നൽകിയത്. ഇന്ന് യഹോവ അത് നൽകുന്നത് വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിലൂടെയാണ്. അവരിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുകയും അജപാലനം നടത്തുകയും ചെയ്‌തുകൊണ്ട് കഠിനമായി അധ്വാനിക്കുന്ന നിയമിത മൂപ്പന്മാരെ നാം ആദരിക്കുകയും എല്ലായ്‌പോഴും അവരോടു സഹകരിക്കുകയും ചെയ്യേണ്ടതല്ലേ?—മത്താ. 24:45; 1 തെസ്സ. 5:12, 13.
11, 12. യെഹോശാഫാത്തും അവന്റെ പ്രജകളും എന്തു ചെയ്‌തു, അതിൽനിന്നു നമുക്ക് എന്തു പഠിക്കാം?
11 യഹോവയുടെ മാർഗനിർദേശങ്ങൾ ആരായാൻ യെഹോശാഫാത്തും അവന്റെ പ്രജകളും കൂടിവന്നതുപോലെ നമുക്കും സഹോദരീസഹോദരന്മാരോടൊപ്പം സഭായോഗങ്ങളിൽ മുടങ്ങാതെ കൂടിവരാം. എന്തു ചെയ്യണമെന്നറിയാതെ വിഷമസന്ധിയിലാകുന്ന സാഹചര്യങ്ങളിൽ യെഹോശാഫാത്തിനെയും യെഹൂദാനിവാസികളെയും പോലെ നമുക്കും യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട് അവനോട് പ്രാർഥിക്കാൻ കഴിയും. (സദൃ. 3:5, 6; ഫിലി. 4:6, 7) ഇനി, നാം ഒറ്റപ്പെട്ടുപോയാലും, ‘ലോകമെങ്ങുമുള്ള സഹോദരവർഗ’ത്തിന്റെ ഭാഗമാണു നാമെന്ന ചിന്ത നമ്മിൽ ഉളവാക്കാൻ യഹോവയോടുള്ള പ്രാർഥന നമ്മെ സഹായിക്കും.—1 പത്രോ. 5:9.
2 ദിന. 20:27, 28) യഹോവ ഉപയോഗിക്കുന്ന സരണിയിലൂടെ വരുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് നമുക്കും അവനെ സ്‌തുതിക്കുന്നവരുടെ അണിയിൽച്ചേരാം.
12 യഹസീയേൽ മുഖേന യഹോവ നൽകിയ നിർദേശങ്ങൾ യെഹോശാഫാത്തും അവന്റെ പ്രജകളും അനുസരിച്ചു. ഫലം എന്തായിരുന്നു? തുടർന്നുണ്ടായ യുദ്ധത്തിൽ അവർ വിജയശ്രീലാളിതരായി, “സന്തോഷത്തോടെ,” “വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു.” (നമ്മുടെ യോഗസ്ഥലങ്ങൾ നന്നായി പരിപാലിക്കുക
13. ഭരണമാരംഭിച്ചപ്പോൾത്തന്നെ ഹിസ്‌കീയാവ് എന്തു ചെയ്‌തു?
13 ഇനി, ഹിസ്‌കീയാരാജാവിന്റെ ഭരണകാലത്തേക്കുവരാം. വാഴ്‌ചയുടെ ഒന്നാംമാസത്തിൽത്തന്നെ അവൻ യഹോവയുടെ ആലയം തുറന്ന് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ട് സത്യാരാധനയോടുള്ള തന്റെ തീക്ഷ്‌ണത പ്രകടമാക്കി. ആലയം ശുദ്ധീകരിക്കുന്നതിന് പുരോഹിതന്മാരെയും ലേവ്യരെയും അവൻ നിയോഗിച്ചു. 16 ദിവസംകൊണ്ട് അവർ അതു ചെയ്‌തുതീർത്തു. (2 ദിനവൃത്താന്തം 29:16-18 വായിക്കുക.) സത്യാരാധനയോടുള്ള നമ്മുടെ തീക്ഷ്‌ണത പ്രതിഫലിപ്പിക്കുന്ന വിധത്തിൽ, നമ്മുടെ യോഗസ്ഥലങ്ങൾ വൃത്തിയായും അറ്റകുറ്റങ്ങൾ തീർത്തും സൂക്ഷിക്കേണ്ടതിനെക്കുറിച്ച് ആ വിവരണം നമ്മെ ഓർമിപ്പിക്കുന്നു. യോഗസ്ഥലങ്ങൾ ഇവ്വിധം സൂക്ഷിക്കാൻ സഹോദരങ്ങൾ നടത്തുന്ന ശ്രമങ്ങൾകണ്ട് പലർക്കും മതിപ്പുതോന്നിയിട്ടുണ്ട്. അത്തരം അനുഭവങ്ങൾ നിങ്ങളും കേട്ടിട്ടുണ്ടാകും. സഹോദരങ്ങളുടെ ആ ശുഷ്‌കാന്തി യഹോവയ്‌ക്ക് എത്രമാത്രം പുകഴ്‌ചയേറ്റുന്നുവെന്ന് ചിന്തിച്ചുനോക്കൂ!
14, 15. ഏതു പ്രവർത്തനം ഇന്ന് യഹോവയ്‌ക്ക് സ്‌തുതികരേറ്റുന്നു? ഉദാഹരണങ്ങൾ പറയുക.
14 വടക്കേ ഇംഗ്ലണ്ടിലെ ഒരു നഗരത്തിൽ സഹോദരങ്ങൾ ഒരു രാജ്യഹാൾ പുതുക്കിപ്പണിയാനൊരുങ്ങി. അയൽക്കാരൻ പക്ഷേ എതിർപ്പുമായി രംഗത്തുവന്നു. അദ്ദേഹത്തോടു മര്യാദയോടെ ഇടപെട്ടുകൊണ്ട് സഹോദരങ്ങൾ ആ എതിർപ്പിനെ തരണം ചെയ്‌തു. അദ്ദേഹത്തിന്റെ പുരയിടത്തിനും രാജ്യഹാളിനും ഇടയ്‌ക്കുള്ള മതിൽ കേടുപോക്കേണ്ട സ്ഥിതിയിലായിരുന്നു. അതു മനസ്സിലാക്കിയ സഹോദരന്മാർ അത് സൗജന്യമായി നന്നാക്കിക്കൊടുക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. കഠിനാധ്വാനം ചെയ്‌ത സഹോദരങ്ങൾ ആ മതിലിന്റെ മിക്കഭാഗങ്ങളുംതന്നെ പുതുക്കിപ്പണിതു. ഇതെല്ലാം കണ്ട അദ്ദേഹത്തിന്റെ മനസ്സുമാറി. നമ്മുടെ രാജ്യഹാളിന്റെ സുരക്ഷയിൽ ഇപ്പോൾ അദ്ദേഹത്തിനുമുണ്ട് താത്‌പര്യം.
15 ലോകവ്യാപകമായി രാജ്യഹാളുകളും സമ്മേളനഹാളുകളും ബെഥേൽഭവനങ്ങളുമൊക്കെ നിർമിക്കുന്നതിൽ യഹോവയുടെ ജനം സ്വമേധയാ സഹകരിക്കുന്നു. ഇത്തരം പ്രോജക്‌ടുകളിൽ അന്താരാഷ്‌ട്ര സേവകരും സേവനസന്നദ്ധരായ പ്രാദേശിക സഹോദരങ്ങളും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നു. ഒരു എഞ്ചിനീയറായ സാമും ഭാര്യ രൂത്തും യൂറോപ്പിലെയും ആഫ്രിക്കയിലെയും വിവിധ രാജ്യങ്ങളിലെ
നിർമാണപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയുണ്ടായി. എവിടെപ്പോയാലും പ്രാദേശിക സഭയോടൊപ്പം പ്രസംഗപ്രവർത്തനത്തിനും അവർ പോകുമായിരുന്നു. ഇതുപോലുള്ള പ്രോജക്‌ടുകളിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന് അദ്ദേഹം പറയുന്നു: “പല രാജ്യങ്ങളിലെ ബെഥേൽ ഭവനങ്ങളിൽ സേവിച്ച സഹോദരങ്ങളുടെ പ്രോത്സാഹനവും ശുഷ്‌കാന്തിയും സന്തോഷവുമാണ് ഈ മേഖലയിൽ പ്രവർത്തിക്കാൻ എനിക്കു പ്രചോദനമായത്.”ദിവ്യനിർദേശങ്ങൾ അനുസരിക്കുക
16, 17. ദൈവജനം ഏതു പ്രത്യേക പ്രവർത്തനത്തിൽ ശുഷ്‌കാന്തിയോടെ പങ്കെടുത്തു, എന്തു ഫലമുണ്ടായി?
16 ആലയത്തിന്റെ അറ്റകുറ്റം തീർത്തതിനുപുറമേ, യഹോവ കൽപ്പിച്ചിരുന്ന വാർഷിക പെസഹാ ആചരണവും ഹിസ്‌കീയാവ് പുനഃസ്ഥാപിച്ചു. (2 ദിനവൃത്താന്തം 30:1, 4, 5 വായിക്കുക.) ഹിസ്‌കീയാവും യെരുശലേം നിവാസികളും വടക്കേരാജ്യക്കാരുൾപ്പെടെ രാജ്യത്തെ ജനങ്ങളെ ഒന്നാകെ അതിനു ക്ഷണിച്ചു. ക്ഷണക്കത്തുകളുമായി സന്ദേശവാഹകർ രാജ്യത്തെമ്പാടും സഞ്ചരിച്ചു.—2 ദിന. 30:6-9.
17 ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏതാണ്ട് ഇതിനു സമാനമായൊരു പ്രവർത്തനത്തിൽ നമ്മളും ഏർപ്പെടുകയുണ്ടായി. യേശു കൽപ്പിച്ചിരുന്നതുപോലെ സ്‌മാരകം ആചരിക്കുന്നതിനായി നമ്മോടൊപ്പം കൂടിവരാൻ ആളുകളെ ക്ഷണിക്കുന്ന പ്രവർത്തനമായിരുന്നു അത്. (ലൂക്കോ. 22:19, 20) സേവനയോഗത്തിൽ ലഭിച്ച നിർദേശങ്ങൾക്കനുസൃതമായി അച്ചടിച്ച ക്ഷണക്കത്തുകളുമായി നാം ഓരോരുത്തരും തീക്ഷ്‌ണതയോടെ അതിൽ പങ്കുചേർന്നു. ആ പ്രവർത്തനത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്‌തു. കഴിഞ്ഞവർഷം ഏതാണ്ട് 70 ലക്ഷം പേർ ഈ ക്ഷണക്കത്തുകൾ വിതരണം ചെയ്യുകയുണ്ടായി. ഫലമോ? 1,77,90,631 പേരാണ് സ്‌മാരകാചരണത്തിൽ പങ്കുകൊള്ളാൻ എത്തിയത്!
18. സത്യാരാധനയോടുള്ള തീക്ഷ്‌ണത നിങ്ങൾക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 ഹിസ്‌കീയാവിനെ സംബന്ധിച്ച് ബൈബിൾ പറയുന്നു: “അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകലയെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല. അവൻ യഹോവയോടു ചേർന്നിരുന്നു അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്‌പിച്ച അവന്റെ കല്‌പനകളെ പ്രമാണിച്ചുനടന്നു.” (2 രാജാ. 18:5, 6) നമ്മുടെ കാര്യത്തിലും ഇതു സത്യമായിരിക്കട്ടെ. ദൈവഭവനത്തോടുള്ള തീക്ഷ്‌ണത, നിത്യജീവന്റെ പ്രത്യാശ മുന്നിൽനിറുത്തിക്കൊണ്ട് ‘യഹോവയോടു ചേർന്നിരിക്കാൻ’ നമ്മെ സഹായിക്കും.—ആവ. 30:16.
നിർദേശങ്ങളോട് സത്വരം പ്രതികരിക്കുക
19. സ്‌മാരകകാലത്ത് ശുഷ്‌കാന്തിയോടെ എന്തു ശ്രമങ്ങൾ നടത്തേണ്ടതുണ്ട്?
19 യോശീയാരാജാവും പെസഹാ ആചരിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. (2 രാജാ. 23:21-23; 2 ദിന. 35:1-19) നാമും അതുപോലെ ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകൾ, സർക്കിട്ട് സമ്മേളനങ്ങൾ, പ്രത്യേക സമ്മേളനദിനങ്ങൾ എന്നിവയ്‌ക്കെല്ലാം നല്ല തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. അതുപോലെ സ്‌മാരകാചരണത്തിന്റെ കാര്യത്തിലും നാം യാതൊരു ഉപേക്ഷയും വിചാരിക്കരുത്. ജീവൻപോലും പണയപ്പെടുത്തിക്കൊണ്ടാണ് ചില ദേശങ്ങളിൽ സഹോദരങ്ങൾ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കുന്നതിനായി കൂടിവരുന്നത്. സഭയിൽ ആർക്കും സ്‌മാരകാചരണം നഷ്ടപ്പെടുന്നില്ലെന്ന് തീക്ഷ്‌ണതയുള്ള മൂപ്പന്മാർ ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രായമായവർക്കും രോഗികൾക്കും സ്‌മാരകത്തിൽ സംബന്ധിക്കാൻ വേണ്ട സഹായങ്ങൾ ചെയ്‌തുകൊടുക്കാനും അവർ ഒരുക്കമുള്ളവരായിരിക്കണം.
20. (എ) യോശീയാവിന്റെ ഭരണകാലത്ത് എന്തു സംഭവിച്ചു, അവന്റെ പ്രതികരണം എന്തായിരുന്നു? (ബി) നമുക്കുള്ള പാഠമെന്താണ്?
20 യോശീയാരാജാവ് കൽപ്പിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് മഹാപുരോഹിതനായ ഹിൽക്കീയാവ് “മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്‌തകം കണ്ടെത്തി.” അവൻ അത് രാജാവിന്റെ സെക്രട്ടറിയായ ശാഫാന് കൈമാറി; ശാഫാൻ അത് രാജാവിനെ വായിച്ചുകേൾപ്പിച്ചു. (2 ദിനവൃത്താന്തം 34:14-18 വായിക്കുക.) ദുഃഖിതനായ രാജാവ് തന്റെ വസ്‌ത്രംകീറി യഹോവയോട് അരുളപ്പാട് ചോദിക്കാൻ ഹുൽദാ പ്രവാചകയുടെ അടുക്കൽ ആളയയ്‌ക്കുന്നു. യെഹൂദയിൽ നിലനിന്നിരുന്ന വ്യാജമതാനുഷ്‌ഠാനങ്ങളെ അവൾ മുഖേന ദൈവം കുറ്റം വിധിക്കുകയും ആ ജനത മഹാവിപത്തുകൾ അനുഭവിക്കേണ്ടിവരുമെന്നു പറയുകയും ചെയ്‌തു. എന്നാൽ വിഗ്രഹാരാധന തുടച്ചുനീക്കാൻ യോശീയാവ് ചെയ്‌തിരുന്ന ശ്രമങ്ങളെപ്രതി അവന് ദൈവത്തിന്റെ പ്രീതിയുണ്ടായിരുന്നു. (2 ദിന. 34:19-28) നമുക്കുള്ള പാഠമെന്താണ്? യോശീയാവിന്റെ അതേ മനോഭാവമായിരിക്കണം നമുക്കുമുണ്ടായിരിക്കേണ്ടത്. യഹോവയുടെ നിർദേശങ്ങളോട് നാം സത്വരം പ്രതികരിക്കേണ്ടതുണ്ട്. നമ്മുടെ ആരാധനയെ മലിനമാക്കാൻ അവിശ്വാസത്തെയും വിശ്വാസത്യാഗത്തെയും അനുവദിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകൾ നമുക്കെപ്പോഴും ഓർമയുണ്ടായിരിക്കണം. സത്യാരാധനയോടുള്ള നമ്മുടെ തീക്ഷ്‌ണത യഹോവ കാണാതെപോകില്ലെന്ന് യോശീയാവിന്റെ അനുഭവം നമുക്കു കാണിച്ചുതരുന്നില്ലേ?
21, 22. (എ) യഹോവയുടെ ഭവനത്തോട് ശുഷ്‌കാന്തി കാണിക്കേണ്ടത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
21 ആസാ, യെഹോശാഫാത്ത്, ഹിസ്‌കീയാവ്, യോശീയാവ് എന്നീ നാല് യെഹൂദാരാജാക്കന്മാർ ദൈവാലയത്തോടും സത്യാരാധനയോടും കാണിച്ച തീക്ഷ്‌ണത അനുകരണീയമാണ്. അവരെപ്പോലെ, യഹോവയിൽ ആശ്രയിക്കാനും സത്യാരാധനയ്‌ക്കായി ആത്മാർപ്പണം ചെയ്യാനും നമ്മുടെ തീക്ഷ്‌ണത നമ്മെ പ്രേരിപ്പിക്കട്ടെ! ദിവ്യനിർദേശങ്ങൾ അനുസരിക്കുന്നതും സഭയിലൂടെയും മൂപ്പന്മാരിലൂടെയും നമുക്കു ലഭിക്കുന്ന തിരുത്തലുകളെയും കരുതലുകളെയും മനസ്സാ സ്വീകരിക്കുന്നതും നമുക്കു സന്തോഷം കൈവരുത്തും; നമ്മുടെ പക്ഷത്ത് ജ്ഞാനവും അതാണ്.
22 വയൽശുശ്രൂഷയിൽ തീക്ഷ്‌ണതയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുകയും യുവജനങ്ങളെ തങ്ങളുടെ സ്വർഗീയപിതാവിനെ ശുഷ്‌കാന്തിയോടെ സേവിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് അടുത്ത ലേഖനം. സാത്താൻ ഉപയോഗിക്കുന്ന അത്യന്തം അപകടകരമായ ഒരു കെണിയെക്കുറിച്ചും നാം അതിൽ പരിചിന്തിക്കും. യഹോവയിൽനിന്നുള്ള ഇത്തരം ഓർമിപ്പിക്കലുകൾ നാം ശുഷ്‌കാന്തിയോടെ പിൻപറ്റുമ്പോൾ യഹോവയുടെ പുത്രനായ യേശുവിന്റെ മാതൃകയായിരിക്കും നാം പിന്തുടരുന്നത്. അവനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു.”—സങ്കീ. 69:9; 119:111, 129; 1 പത്രോ. 2:21.
നിങ്ങൾ ഓർമിക്കുന്നുവോ?
• എങ്ങനെയുള്ള സേവനത്തെയാണ് യഹോവ അനുഗ്രഹിക്കുന്നത്, എന്തുകൊണ്ട്?
• യഹോവയിലുള്ള ആശ്രയത്വം നമുക്കെങ്ങനെ പ്രകടമാക്കാം?
• ദിവ്യനിർദേശങ്ങൾ അനുസരിക്കാൻ തീക്ഷ്‌ണത എങ്ങനെ സഹായിക്കും?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
ആസാ, യെഹോശാഫാത്ത്, ഹിസ്‌കീയാവ്, യോശീയാവ് എന്നിവർ യഹോവയുടെ ഭവനത്തോട് ശുഷ്‌കാന്തി കാണിച്ചത് എങ്ങനെ?