വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയ പുരോഗതിക്കായി ഒന്നിച്ചു പ്രവർത്തിക്കുക

ആത്മീയ പുരോഗതിക്കായി ഒന്നിച്ചു പ്രവർത്തിക്കുക

ആത്മീയ പുരോഗതിക്കായി ഒന്നിച്ചു പ്രവർത്തിക്കുക

സഹകരിക്കാനുള്ള മനോഭാവം—അതുണ്ടെങ്കിൽമാത്രമേ ഒരു കുടുംബത്തിന്‌ ആത്മീയമായി കരുത്താർജിക്കാനാകൂ. ആദ്യദമ്പതികളെ സൃഷ്ടിച്ചപ്പോൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം യഹോവ ഊന്നിപ്പറയുകയുണ്ടായി. ആദാമിനു ‘പറ്റിയ ഒരു സഹായിയായി’ ഹവ്വാ പ്രവർത്തിക്കേണ്ടിയിരുന്നു. (ഉല്‌പ. 2:18, ഓശാന ബൈബിൾ) വിവാഹത്തിൽ സ്‌ത്രീയും പുരുഷനും പരസ്‌പരം പിന്തുണയ്‌ക്കാൻ അല്ലെങ്കിൽ സഹായിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. (സഭാ. 4:9-12) കുടുംബത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും അവരവരുടേതായ ഉത്തരവാദിത്വങ്ങൾ യഹോവ നൽകിയിട്ടുണ്ട്‌. അവ നിർവഹിക്കുന്നതിന്‌ അവർ അന്യോന്യം സഹകരിക്കേണ്ടതുണ്ട്‌.

കുടുംബാരാധന

ക്രിസ്‌തീയ മാതാപിതാക്കളായ ബാരിക്കും ഹൈഡിക്കും അഞ്ചുകുട്ടികളാണുള്ളത്‌. കുടുംബ ബൈബിളധ്യയനം മുടങ്ങാതെ നടത്താൻ കഴിയുന്നതാണ്‌ ആത്മീയപുരോഗതി നേടാൻ സഹായിക്കുന്നതെന്ന്‌ അവർ കണ്ടെത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ അവർ എല്ലാവരും യോജിപ്പോടെ പ്രവർത്തിക്കുന്നു. ബാരി പറയുന്നു: “കുടുംബാധ്യയനസമയത്ത്‌ അവതരിപ്പിക്കുന്നതിനുവേണ്ടി ഞാൻ കുട്ടികൾക്കു ചിലപ്പോൾ ‘ഗൃഹപാഠങ്ങൾ’ നൽകാറുണ്ട്‌. ഉണരുക!യിലെ ഒരു ലേഖനം വായിക്കാനും അതിൽനിന്ന്‌ എന്തുപഠിച്ചു എന്ന്‌ അടുത്ത അധ്യയനവേളയിൽ പറയാനുമായിരിക്കും ചിലപ്പോൾ ഞാൻ അവരോട്‌ ആവശ്യപ്പെടുന്നത്‌. വയൽസേവനത്തിനുവേണ്ടിയുള്ള പരിശീലനവും കുടുംബാധ്യയനത്തിന്റെ ഭാഗമാണ്‌, അതുകൊണ്ടുതന്നെ വയലിൽ എന്തുപറയണമെന്ന്‌ മക്കളോരോരുത്തർക്കും നിശ്ചയമുണ്ടായിരിക്കും.” ഹൈഡി കൂട്ടിച്ചേർക്കുന്നു: “കൈവരിക്കാൻ ഉദ്ദേശിക്കുന്ന ആത്മീയലക്ഷ്യങ്ങളുടെ ഒരു ലിസ്റ്റ്‌ ഞങ്ങൾക്കോരോരുത്തർക്കും ഉണ്ട്‌. ഓരോരുത്തരും എന്തെല്ലാം പുരോഗതി കൈവരിച്ചിരിക്കുന്നുവെന്ന്‌ ഞങ്ങൾ ക്രമമായി പരിശോധിക്കും, അതിനുള്ള ഒരു വേദിയുംകൂടിയാണ്‌ ഞങ്ങളുടെ കുടുംബാധ്യയനം.” ചില വൈകുന്നേരങ്ങളിൽ ടി.വി. കാണേണ്ടെന്നു തീരുമാനിച്ചതുകൊണ്ട്‌ ആ സമയം വായനയ്‌ക്കായി ഉപയോഗിക്കാൻ ആ കുടുംബത്തിനു കഴിയുന്നു.

സഭായോഗങ്ങൾ

മൈക്കിനും ഡെനിസിനും നാലുകുട്ടികളാണുള്ളത്‌. ഒരേ മനസ്സോടെ പ്രവർത്തിച്ചതുകൊണ്ട്‌ ആ കുടുംബത്തിനു എന്തു പ്രയോജനം ഉണ്ടായി? മൈക്ക്‌ പറയുന്നത്‌ ശ്രദ്ധിക്കുക: “എത്ര നന്നായി പ്ലാൻ ചെയ്‌താലും കൃത്യസമയത്ത്‌ യോഗങ്ങൾക്ക്‌ എത്തിച്ചേരാൻ ഞങ്ങൾക്കു ചിലപ്പോൾ സാധിക്കാറില്ലായിരുന്നു. എന്നാൽ അന്യോന്യം സഹായിച്ചതുകൊണ്ട്‌ സമയത്ത്‌ എത്തിച്ചേരുകയെന്നത്‌ ഞങ്ങൾക്ക്‌ ഒരു പ്രശ്‌നമല്ലാതായിത്തീർന്നു.” “കുട്ടികൾ വളരുന്നതിനനുസരിച്ച്‌ അവർക്കു ചെയ്യാൻപറ്റുന്ന ജോലികൾ അവരെ ഏൽപ്പിക്കുമായിരുന്നു. പാചകത്തിലും ഭക്ഷണമേശ ഒരുക്കുന്നതിലും സഹായിക്കുന്നത്‌ മകൾ കിംമ്മിന്റെ ജോലിയായിരുന്നു,” ഡെനിസ്‌ പറഞ്ഞു. മകൻ മൈക്കിൾ ഓർക്കുന്നു: “ചൊവ്വാഴ്‌ചതോറും വീട്ടിൽവെച്ച്‌ നടത്തിയിരുന്ന യോഗത്തിനായി മുറി വൃത്തിയാക്കുന്നതും കസേരകൾ ഇടുന്നതും ഞങ്ങളായിരുന്നു.” മറ്റൊരു മകനായ മാത്യു പറയുന്നത്‌ ഇങ്ങനെ: “മീറ്റിങ്ങുള്ള ദിവസങ്ങളിൽ ഡാഡി ജോലികഴിഞ്ഞ്‌ നേരത്തെ വീട്ടിൽ എത്തി മീറ്റിങ്ങിനായി ഒരുങ്ങാൻ ഞങ്ങളെ സഹായിക്കുമായിരുന്നു.” ഇതിന്റെയെല്ലാം ഫലമോ?

ശ്രമത്തിനുതക്ക മൂല്യം

മൈക്ക്‌ പറയുന്നു: “1987-ൽ ഞാനും ഡെനിസും പയനിയറിങ്‌ തുടങ്ങി. അക്കാലത്ത്‌ ഞങ്ങളുടെ മൂന്ന്‌ ആൺമക്കളും ഞങ്ങളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്‌. ഞങ്ങളുടെ ഒരു മകനും മകളും പിന്നീട്‌ പയനിയർമാരായി. മറ്റു രണ്ട്‌ ആൺമക്കൾക്ക്‌ ബെഥേൽ നിർമാണ പ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. സമർപ്പിച്ച്‌ സ്‌നാനമേൽക്കാൻ 40 പേരെ സഹായിക്കാനും ഞങ്ങളുടെ കുടുംബത്തിനായി. കുടുംബം ഒത്തൊരുമിച്ച്‌ വിദേശരാജ്യങ്ങളിൽപ്പോലും നിർമാണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്‌.”

അതെ, കുടുംബം ഒരുമിച്ച്‌ പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും വൃഥാവാകില്ല, ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്‌ അത്‌. പരസ്‌പരം സഹായിക്കുന്നതിനുവേണ്ടി നിങ്ങളുടെ കുടുംബത്തിൽ ഇനിയും അവസരങ്ങൾ ശേഷിക്കുന്നുണ്ടോ? സഹകരണമനോഭാവം ഉണ്ടെങ്കിൽ നിങ്ങളുടെ കുടുംബത്തിന്‌ ആത്മീയപുരോഗതിയുടെ പടവുകൾ കയറാനാകും എന്നു തീർച്ചയാണ്‌.

[28-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ എന്തു പറയണമെന്ന്‌ വീട്ടിൽവെച്ചുതന്നെ പരിശീലിക്കുക