വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാനെന്റെ മഹാസ്രഷ്ടാവിനെ ഓർത്തു: തൊണ്ണൂറുവർഷങ്ങൾക്കുമുമ്പ്‌

ഞാനെന്റെ മഹാസ്രഷ്ടാവിനെ ഓർത്തു: തൊണ്ണൂറുവർഷങ്ങൾക്കുമുമ്പ്‌

ഞാനെന്റെ മഹാസ്രഷ്ടാവിനെ ഓർത്തു: തൊണ്ണൂറുവർഷങ്ങൾക്കുമുമ്പ്‌

എഡ്വിൻ റിജ്‌വെൽ പറഞ്ഞപ്രകാരം

നവംബർ 11, 1918. അന്ന്‌ ഒന്നാം ലോകമഹായുദ്ധത്തിനു വിരാമമായി. ആ മഹായുദ്ധം അവസാനിച്ചത്‌ ആഘോഷിക്കാൻ സ്‌കൂൾമുറ്റത്ത്‌ പെട്ടെന്ന്‌ കുട്ടികളെയെല്ലാം വിളിച്ചുകൂട്ടി. അഞ്ചുവയസ്സുകാരനായ എനിക്ക്‌ അവിടെ എന്താണു നടക്കുന്നതെന്ന്‌ അത്ര പിടികിട്ടിയില്ല. എന്നാൽ, എന്റെ മാതാപിതാക്കൾ ദൈവത്തെക്കുറിച്ചു പഠിപ്പിച്ചിരുന്ന കാര്യങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നതുകൊണ്ട്‌ ആ ആഘോഷത്തിൽ പങ്കെടുക്കാൻ എനിക്കു തോന്നിയില്ല. ഞാൻ ദൈവത്തോടു പ്രാർഥിച്ചു. പക്ഷേ ഉള്ളിൽ പലവിധവികാരങ്ങൾ തിങ്ങിനിറഞ്ഞ്‌ ഞാൻ വിങ്ങിപ്പൊട്ടി. എങ്കിലും ഞാൻ അതിൽ പങ്കെടുത്തില്ല. ‘ഞാൻ സ്രഷ്ടാവിനെ ഓർത്തുതുടങ്ങിയത്‌’ അങ്ങനെയായിരുന്നു.—സഭാ. 12:1.

ഈ സംഭവത്തിന്‌ ഏതാനും മാസങ്ങൾക്കുമുമ്പ്‌ ഞങ്ങളുടെ കുടുംബം സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലേക്ക്‌ താമസം മാറിയിരുന്നു. ആയിടയ്‌ക്കാണ്‌, “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന പരസ്യപ്രസംഗം എന്റെ ഡാഡി കേൾക്കുന്നത്‌. അത്‌ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഡാഡിയും മമ്മിയും ഒരുമിച്ച്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. അവർ എപ്പോഴും ദൈവരാജ്യത്തെയും അതിന്റെ അനുഗ്രഹങ്ങളെയുംകുറിച്ച്‌ സംസാരിക്കുമായിരുന്നു. അന്നുമുതൽ എന്റെ മാതാപിതാക്കൾ ദൈവത്തെ സ്‌നേഹിക്കാനും അവനിൽ ആശ്രയിക്കാനും എന്നെ പഠിപ്പിച്ചു. അതിന്‌ ഞാൻ ദൈവത്തോട്‌ നന്ദിപറയുന്നു.—സദൃ. 22:6.

മുഴുസമയവേലയിലേക്ക്‌

15-ാം വയസ്സിൽ ഞാൻ ഉന്നതവിദ്യാഭ്യാസത്തിനുള്ള യോഗ്യതനേടി. പക്ഷേ എന്റെ ആഗ്രഹം ഒരു മുഴുസമയശുശ്രൂഷകൻ ആകുക എന്നതായിരുന്നു. എന്നാൽ അത്‌ ഏറ്റെടുക്കാൻതക്ക പ്രായം എനിക്കായിട്ടില്ലെന്ന്‌ ഡാഡിക്കു തോന്നി. അതുകൊണ്ട്‌ ഞാൻ കുറച്ചുനാൾ ഒരു ഓഫീസിൽ ജോലിനോക്കി. എന്നാൽ യഹോവയെ മുഴുസമയം സേവിക്കാനുള്ള ആഗ്രഹം എന്റെ ഉള്ളിൽ ജ്വലിച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ ജെ. എഫ്‌. റഥർഫോർഡ്‌ സഹോദരന്‌ ഒരു കത്തെഴുതി. അദ്ദേഹമാണ്‌ അന്ന്‌ ലോകവ്യാപകവേലയ്‌ക്ക്‌ നേതൃത്വം നൽകിയിരുന്നത്‌. എന്റെ പദ്ധതികളെക്കുറിച്ച്‌ എന്തു വിചാരിക്കുന്നുവെന്ന്‌ ഞാൻ സഹോദരനോട്‌ എഴുതിച്ചോദിച്ചു. റഥർഫോർഡ്‌ സഹോദരന്റെ മറുപടി ഇങ്ങനെയായിരുന്നു: “ജോലിചെയ്യാൻ നിനക്കു പ്രായമായെങ്കിൽ കർത്താവിന്റെ വേല ചെയ്യാനും നിനക്കു പ്രായമായി. . . . കർത്താവിനെ വിശ്വസ്‌തതയോടെ സേവിക്കാനുള്ള നിന്റെ ശ്രമത്തെ കർത്താവ്‌ അനുഗ്രഹിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌.” 1928 മാർച്ച്‌ 10-ന്‌ എഴുതിയ ആ കത്ത്‌ ഞങ്ങളുടെ കുടുംബത്തെ ഇരുത്തിച്ചിന്തിപ്പിച്ചു. താമസിയാതെ ഡാഡിയും മമ്മിയും ചേച്ചിയും ഞാനും മുഴുസമയ ശുശ്രൂഷകരായി.

1931-ൽ ലണ്ടനിൽവെച്ചുനടന്ന ഒരു കൺവെൻഷനിൽ, വിദേശരാജ്യങ്ങളിലേക്ക്‌ പ്രസംഗവേലയ്‌ക്കായി സ്വമേധാസേവകരെ ആവശ്യമുണ്ടെന്ന്‌ റഥർഫോർഡ്‌ സഹോദരൻ അറിയിച്ചു. ഞാൻ പേരുനൽകി. ആൻഡ്രൂ ജാക്കിനോടൊപ്പം എന്നെ കൗനാസിലേക്ക്‌ നിയമിച്ചു. അന്നത്‌ ലിത്വാനിയയുടെ തലസ്ഥാനമായിരുന്നു. എനിക്കന്ന്‌ 18 വയസ്സ്‌.

രാജ്യസന്ദേശവുമായി വിദേശവയലിലേക്ക്‌

ദരിദ്രകർഷകരായിരുന്നു അന്നത്തെ ലിത്വാനിയൻ ജനത. ഗ്രാമപ്രദേശങ്ങളിലെ പ്രസംഗപ്രവർത്തനം അത്ര എളുപ്പമല്ലായിരുന്നു. താമസസൗകര്യം കണ്ടെത്തുക പ്രയാസമായിരുന്നു. ഞങ്ങൾ താമസിച്ച ചില സ്ഥലങ്ങളൊന്നും ഞങ്ങൾ ഒരിക്കലും മറക്കില്ല. ഒരു ദിവസം എന്തോ അസ്വസ്ഥത തോന്നി ഞങ്ങൾ ഉറക്കമുണർന്നു. വിളക്കുകത്തിച്ചു നോക്കിയപ്പോൾ അതാ കിടക്കമുഴുവനും നൂറുകണക്കിന്‌ മൂട്ടകൾ! അടിമുടി മൂട്ടകടിയേറ്റ്‌ അവശരായിരുന്നു ഞങ്ങൾ. ഒരാഴ്‌ചത്തേക്ക്‌ ദിവസവും രാവിലെ അടുത്തുള്ള നദിയിലെ തണുത്ത വെള്ളത്തിൽ കഴുത്തറ്റം മുങ്ങിനിൽക്കുമായിരുന്നു ഞാൻ, വേദന ഒന്നു ശമിക്കാൻ വേണ്ടി. എന്തുതന്നെയായാലും ശുശ്രൂഷ തുടരാൻതന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. പെട്ടെന്നുതന്നെ, സത്യം പഠിച്ച ഒരു ദമ്പതികളെ കണ്ടുമുട്ടിയതോടെ താമസസ്ഥലത്തിന്റെ കാര്യത്തിൽ ഒരു പരിഹാരമായി. അവർ തങ്ങളുടെ കൊച്ചുവീട്ടിലേക്ക്‌ ഞങ്ങളെയും കൂട്ടിക്കൊണ്ടുപോയി. വൃത്തിയും വെടിപ്പുമുള്ളതായിരുന്നു ആ വീട്‌. കിടപ്പ്‌ തറയിലായിരുന്നെങ്കിലും മൂട്ടകടിയേൽക്കാതെ ഞങ്ങൾക്കുറങ്ങാനായി.

റോമൻ കത്തോലിക്കാ പുരോഹിതന്മാരും റഷ്യൻ ഓർത്തഡോക്‌സ്‌ പുരോഹിതന്മാരുമായിരുന്നു ലിത്വാനിയയിൽ മേധാവിത്വം പുലർത്തിയിരുന്നത്‌. സമ്പന്നർക്കു മാത്രമേ ബൈബിൾ സ്വന്തമാക്കാനാകുമായിരുന്നുള്ളൂ. പ്രദേശം പരമാവധി പ്രവർത്തിച്ചുതീർക്കുക, താത്‌പര്യക്കാരുടെ പക്കൽ കഴിയുന്നത്ര പ്രസിദ്ധീകരണങ്ങൾ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ മുഖ്യലക്ഷ്യം. ആദ്യം ഞങ്ങൾ പട്ടണത്തിൽ താമസസൗകര്യം തരപ്പെടുത്തും. പിന്നെ ഞങ്ങൾ വളരെ ജാഗ്രതയോടെ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങൾ ആദ്യം പ്രവർത്തിച്ചു തീർക്കും, അതിനുശേഷം പെട്ടെന്നുതന്നെ പട്ടണവും. ഇങ്ങനെ ചെയ്യുകവഴി പുരോഹിതന്മാർ പ്രശ്‌നം ഇളക്കിവിടുന്നതിനുമുമ്പുതന്നെ പ്രദേശം പ്രവർത്തിച്ചു തീർക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നു.

ഞങ്ങൾ സംസാരവിഷയമായി

1934-ൽ ആൻഡ്രുവിന്‌ കൗനാസിലെ ബ്രാഞ്ച്‌ ഓഫീസിൽ നിയമനം കിട്ടിയതോടെ ജോൺ സെംപെ ആയി എന്റെ പുതിയ കൂട്ടുകാരൻ. മറക്കാനാവാത്ത പല അനുഭവങ്ങളും ഞങ്ങൾക്ക്‌ ഉണ്ടായിട്ടുണ്ട്‌. ഒരു ദിവസം ഞാനൊരു കൊച്ചുപട്ടണത്തിലുള്ള ഒരു അഭിഭാഷകന്റെ ഓഫീസിൽ ചെന്നു. കോപാകുലനായ അദ്ദേഹം മേശവലിപ്പിൽനിന്ന്‌ ഒരു തോക്കെടുത്ത്‌ ചൂണ്ടിക്കൊണ്ട്‌ സ്ഥലംവിടാൻ ആജ്ഞാപിച്ചു. ഞാൻ നിശ്ശബ്ദമായി പ്രാർഥിച്ചു. എന്റെ ഓർമയിലേക്കു വന്ന തിരുവെഴുത്ത്‌ ഇതായിരുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.” (സദൃ. 15:1) തുടർന്ന്‌ ഞാൻ പറഞ്ഞു: “നിങ്ങളുടെ സുഹൃത്താണു ഞാൻ, ഒരു നല്ല വാർത്തയുമായാണ്‌ ഞാൻ വന്നത്‌. ഏതായാലും നിങ്ങൾ കാഞ്ചിവലിക്കാതിരുന്നതിൽ എനിക്ക്‌ ഒരുപാട്‌ നന്ദിയുണ്ട്‌.” തോക്കിന്റെ കാഞ്ചിയിൽനിന്ന്‌ അദ്ദേഹത്തിന്റെ പിടി അയയുന്നത്‌ ഞാൻ കണ്ടു. അദ്ദേഹത്തിനു പുറംതിരിയാതെ വളരെ ശ്രദ്ധയോടെ ഞാൻ പിന്നോട്ടു നടന്ന്‌ ആ ഓഫീസിനു വെളിയിലെത്തി.

ജോണിനോട്‌ ഞാൻ ഇതു പറഞ്ഞപ്പോൾ അവനും പറയാനുണ്ടായിരുന്നത്‌ ഇതുപോലൊരു അനുഭവമാണ്‌. ഒരിക്കൽ ജോണിനെ മോഷണക്കുറ്റം ചുമത്തി പോലീസ്‌ സ്റ്റേഷനിൽ കൊണ്ടുപോയി. ഒരു സ്‌ത്രീയുടെ കയ്യിൽനിന്ന്‌ പണം മോഷ്ടിച്ചുവെന്നതായിരുന്നു ആരോപണം. സ്റ്റേഷനിൽവെച്ച്‌ ജോണിനെ ഉടുതുണിയൂരി പരിശോധിച്ചു. പക്ഷേ പണം എവിടെ കണ്ടെത്താൻ! പിന്നീടവർക്ക്‌ യഥാർഥ കള്ളനെ പിടികിട്ടി.

താരതമ്യേന ശാന്തമായ ആ പട്ടണത്തിൽ ഈ സംഭവങ്ങൾ ഒരു സംസാരവിഷയമായി. നമ്മുടെ സന്ദേശത്തിന്‌ അങ്ങനെ വ്യാപകമായ പ്രചാരണം ലഭിക്കുകയും ചെയ്‌തു.

ഒളിവിലുള്ള പ്രവർത്തനങ്ങൾ

അയൽപ്രദേശമായ ലട്‌വിയയിൽ നമ്മുടെ പ്രസംഗപ്രവർത്തനം നിരോധിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട്‌ അവിടേക്ക്‌ ബൈബിൾ സാഹിത്യങ്ങൾ എത്തിക്കുകയെന്നത്‌ ദുർഘടംപിടിച്ച കാര്യമായിരുന്നു. മാസത്തിലൊരിക്കൽ രാത്രിട്രെയിനിൽ ഞങ്ങൾ ലട്‌വിയയിലേക്കു തിരിക്കും. ചിലപ്പോഴൊക്കെ സാഹിത്യങ്ങൾ ഇറക്കിയതിനുശേഷം ഞങ്ങൾ എസ്‌തോണിയയിലേക്കു പോകും. അവിടെനിന്ന്‌ കൂടുതൽ സാഹിത്യങ്ങളെടുത്ത്‌ മടക്കയാത്രയിൽ അതും ലട്‌വിയയിൽ ഇറക്കും.

അങ്ങനെയൊരു ദിവസം, നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ വിവരം ലഭിച്ച ഒരു കസ്റ്റംസ്‌ ഓഫീസർ ഞങ്ങളോട്‌ ട്രെയിനിൽനിന്നിറങ്ങി സാഹിത്യങ്ങൾ തന്റെ മേലധികാരിയുടെ മുമ്പാകെ കൊണ്ടുചെല്ലാൻ ആവശ്യപ്പെട്ടു. സഹായത്തിനായി ഞാനും ജോണും യഹോവയോട്‌ പ്രാർഥിച്ചു. എന്നാൽ അതിശയമെന്നു പറയട്ടെ, എന്താണ്‌ ഞങ്ങളുടെ പക്കലുള്ളതെന്ന്‌ അദ്ദേഹം മേലധികാരിയോടു പറഞ്ഞില്ല. വെറുതെ ഇങ്ങനെ മാത്രമാണ്‌ അദ്ദേഹം പറഞ്ഞത്‌: “ഇവർക്ക്‌ എന്തോ ഡിക്ലെയർ ചെയ്യാനുണ്ട്‌.” ഇന്നത്തെ ഈ പ്രക്ഷുബ്ധമായ ലോകത്തിൽ നടക്കുന്നത്‌ എന്താണെന്ന്‌ അറിയാൻ സ്‌കൂളിലും കോളേജിലുമൊക്കെയുള്ളവരെ സഹായിക്കുന്ന ചില സാഹിത്യങ്ങളാണിവ എന്ന്‌ ഞാൻ സ്റ്റേറ്റ്‌മെന്റ്‌ നൽകി. അദ്ദേഹം ഞങ്ങൾക്ക്‌ അനുമതി നൽകി, ഞങ്ങൾ സുരക്ഷിതമായി സാഹിത്യങ്ങൾ എത്തിക്കുകയും ചെയ്‌തു.

ബാൾട്ടിക്‌ രാജ്യങ്ങളിലെ രാഷ്‌ട്രീയസ്ഥിതിഗതികൾ വഷളായപ്പോൾ യഹോവയുടെ സാക്ഷികളോടുള്ള എതിർപ്പ്‌ രൂക്ഷമായി. ലിത്വാനിയയിലും നമ്മുടെ വേല നിരോധിക്കപ്പെട്ടു. ആൻഡ്രുവിനോടും ജോണിനോടും രാജ്യംവിടാൻ ആവശ്യപ്പെട്ടു. രണ്ടാംലോകമഹായുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടവെ ബ്രിട്ടീഷ്‌ പൗരന്മാരായ എല്ലാവരോടും സ്ഥലംവിടാൻ ഉത്തരവുണ്ടായി. അങ്ങനെ ഞാനും സങ്കടത്തോടെ ലിത്വാനിയയോട്‌ വിടപറഞ്ഞു.

ഉത്തര അയർലൻഡിൽ-പദവികളും അനുഗ്രഹങ്ങളും

ഈ സമയമായപ്പോഴേക്കും എന്റെ മാതാപിതാക്കൾ ഉത്തര അയർലൻഡിലേക്ക്‌ താമസം മാറിയിരുന്നു. 1937-ൽ ഞാനും അവരോടൊപ്പം കൂടി. ഉത്തര അയർലൻഡിലും നമ്മുടെ സാഹിത്യങ്ങൾ നിരോധിച്ചിരുന്നു. യുദ്ധകാലമായതിനാൽ ആളുകളുടെ വികാരങ്ങളെ കണക്കിലെടുത്തായിരുന്നു അത്‌. പക്ഷേ ഞങ്ങൾ യുദ്ധകാലത്തൊക്കെ പ്രസംഗവേല തുടർന്നു. രണ്ടാംലോകമഹായുദ്ധത്തിനുശേഷം നിരോധനം നീങ്ങി, വേല നിർബാധം തുടരുകയും ചെയ്‌തു. അനുഭവസമ്പന്നനായ ഒരു പയനിയറായിരുന്ന ഹാരൾഡ്‌ കിങ്‌, (പിൽക്കാലത്ത്‌ അദ്ദേഹം ചൈനയിൽ മിഷനറിയായി സേവിക്കുകയുണ്ടായി) പൊതുവേദികളിൽവെച്ചു നടത്തുന്ന പരസ്യപ്രസംഗത്തിന്‌ നേതൃത്വം നൽകി. “ഈ ശനിയാഴ്‌ച ആദ്യത്തെ പ്രസംഗം ഞാൻ നടത്തും” പിന്നെ എന്നെ നോക്കിയിട്ട്‌ പറഞ്ഞു, “അടുത്ത ആഴ്‌ച നീ.” ഞാൻ ഞെട്ടിപ്പോയി.

എന്റെ ആദ്യത്തെ പ്രസംഗം എനിക്കു നല്ല ഓർമയുണ്ട്‌. നൂറുകണക്കിന്‌ ആളുകൾ അതു കേൾക്കാൻ വന്നിരുന്നു. ഒരു പെട്ടിപ്പുറത്തുനിന്നായിരുന്നു പ്രസംഗം, അതും മൈക്കൊന്നുമില്ലാതെ. പ്രസംഗം തീർന്നയുടനെ ഒരു മനുഷ്യൻ അടുക്കൽവന്ന്‌ എന്റെ കൈപിടിച്ചു കുലുക്കി, ബിൽ സ്‌മിത്ത്‌ എന്ന്‌ അയാൾ പേരു പറഞ്ഞു. ആൾക്കൂട്ടം കണ്ട്‌ എന്താണു നടക്കുന്നതെന്നറിയാൻ വന്നതാണ്‌ അദ്ദേഹം. ബില്ലിനോട്‌ എന്റെ ഡാഡി സാക്ഷീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഡാഡിയും എന്റെ രണ്ടാനമ്മയും പയനിയറിങ്ങിനായി ഡബ്ലിനിലേക്കു പോയപ്പോൾ അദ്ദേഹത്തിനു പിന്നെ അവരുമായി ബന്ധംപുലർത്താൻ കഴിഞ്ഞില്ലെന്നും എനിക്കു മനസ്സിലായി. ബില്ലുമൊത്ത്‌ ഒരു ബൈബിളധ്യയനം തുടങ്ങി. കാലാന്തരത്തിൽ ബില്ലിന്റെ കുടുംബത്തിലെ ഒമ്പതുപേർ സത്യാരാധകരായിത്തീർന്നു.

പിന്നീട്‌ ഞാൻ ബെൽഫാസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള വലിയ വില്ലകളിൽ പ്രസംഗവേല ചെയ്‌തു; അവിടെവെച്ച്‌ ലിത്വാനിയയിൽ താമസിച്ചിരുന്ന ഒരു റഷ്യൻവനിതയെ ഞാൻ കണ്ടുമുട്ടി. ഏതാനും പ്രസിദ്ധീകരണങ്ങൾ അവരെ കാണിച്ചപ്പോൾ അതിലൊന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അവർ പറഞ്ഞു: “ഇത്‌ എന്റെ കയ്യിലുണ്ട്‌. കൗനാസ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ എന്റെ അങ്കിൾ തന്നതാണ്‌.” പോളിഷ്‌ ഭാഷയിലുള്ള സൃഷ്ടി എന്ന പുസ്‌തകമായിരുന്നു അത്‌. പുസ്‌തകത്തിന്റെ മാർജിൻ നിറയെ കുറിപ്പുകളായിരുന്നു. കൗനാസിൽവെച്ച്‌ അവരുടെ അങ്കിളിന്‌ ഈ പുസ്‌തകം കൊടുത്തത്‌ ഞാനാണെന്നറിഞ്ഞപ്പോഴുള്ള അവരുടെ അത്ഭുതം ഊഹിക്കാവുന്നതേയുള്ളൂ.—സഭാ. 11:1.

ഞാൻ ഉത്തര അയർലൻഡിലേക്ക്‌ പോകുകയാണെന്ന്‌ ജോൺ അറിഞ്ഞപ്പോൾ തന്റെ ഇളയ പെങ്ങളായ നല്ലിയെ പോയിക്കാണണമെന്ന്‌ എന്നോട്‌ പറഞ്ഞു. ബൈബിൾ സത്യത്തിൽ അവൾ കുറച്ചൊക്കെ താത്‌പര്യം കാണിച്ചിരുന്നു. ഞാനും പെങ്ങൾ കോണീയുംകൂടി നല്ലിക്ക്‌ അധ്യയനം നടത്തി. അവൾ വളരെവേഗം പുരോഗമിച്ചു, യഹോവയ്‌ക്ക്‌ സമർപ്പിച്ചു. പിന്നീട്‌ ഞങ്ങൾ വിവാഹിതരായി.

ഞങ്ങളൊന്നിച്ച്‌ യഹോവയുടെ സേവനത്തിൽ 56 വർഷം ചെലവിട്ടു. നൂറിലേറെപ്പേരെ സത്യത്തിലേക്കു നയിക്കാനുള്ള പദവി ഞങ്ങൾക്കുണ്ടായി. അർമഗെദോനെ അതിജീവിച്ച്‌ യഹോവയുടെ പുതിയലോകത്തേക്ക്‌ ഞങ്ങൾക്ക്‌ ഒരുമിച്ചു കടക്കാനാകുമെന്ന്‌ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ 1998-ൽ നല്ലി വിടപറഞ്ഞു. അതൊരു കടുത്ത ആഘാതമായിരുന്നു എനിക്ക്‌. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരിശോധനയിലൊന്ന്‌.

തിരികെ ബാൾട്ടിക്‌ രാജ്യങ്ങളിലേക്ക്‌. . .

നല്ലി മരിച്ച്‌ ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞപ്പോൾ, വലിയൊരു പദവി എന്നെത്തേടിയെത്തി. എസ്‌തോണിയയിലെ റ്റാലിനിലുള്ള ബ്രാഞ്ച്‌ ഓഫീസ്‌ സന്ദർശിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. എസ്‌തോണിയയിലെ സഹോദരങ്ങൾ അയച്ച ഒരു കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “1920-കളുടെ അവസാനത്തിലും 30-കളുടെ തുടക്കത്തിലുമായി ബാൾട്ടിക്‌ രാജ്യങ്ങളിൽ നിയമിക്കപ്പെട്ട 10 സഹോദരന്മാരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക വ്യക്തി സഹോദരനാണ്‌.” എസ്‌തോണിയ, ലട്‌വിയ, ലിത്വാനിയ എന്നിവിടങ്ങളിലെ പ്രസംഗവേലയുടെ ചരിത്രം ബ്രാഞ്ച്‌ തയ്യാറാക്കുന്നതിനെക്കുറിച്ച്‌ കത്തിൽ എഴുതിയിരുന്നു. ഒടുവിൽ, “സഹോദരനു വരാൻ കഴിയുമോ?” എന്നൊരു ചോദ്യവും.

എന്റെ ആദ്യകാല സഹപ്രവർത്തകരോടൊപ്പം എനിക്കുണ്ടായ പഴയകാല അനുഭവങ്ങൾ അയവിറക്കാനുള്ള ഒരു അസുലഭ അവസരമായിരുന്നു അത്‌. ലട്‌വിയയിൽ ചെന്നപ്പോൾ ഞങ്ങൾ ബ്രാഞ്ച്‌ ഓഫീസ്‌ ആയി ഉപയോഗിച്ചിരുന്ന കെട്ടിടം സഹോദരങ്ങൾക്ക്‌ കാണിച്ചുകൊടുത്തു. സാഹിത്യങ്ങൾ ഞങ്ങൾ അതിന്റെ മേൽക്കൂരയിലായിരുന്നു ഒളിപ്പിച്ചിരുന്നത്‌. പോലീസിന്‌ അത്‌ ഒരിക്കലും കണ്ടുപിടിക്കാനായിരുന്നില്ല. ലിത്വാനിയയിൽ ഞാൻ പയനിയറിങ്‌ ചെയ്‌ത ഒരു കൊച്ചുപട്ടണമായ ഷോലനിലേക്ക്‌ സഹോദരങ്ങൾ എന്നെ കൊണ്ടുപോയി. അവിടെ കൂടിവന്നവരിൽ ഒരു സഹോദരൻ എന്നോട്‌ പറഞ്ഞു: “കുറെയേറെ വർഷങ്ങൾക്കുമുമ്പ്‌ ഞാനും അമ്മയും പട്ടണത്തിലൊരു വീടു വാങ്ങി. തട്ടിൻപുറം വൃത്തിയാക്കിയപ്പോൾ യുഗങ്ങളുടെ ദൈവിക നിർണയം (ഇംഗ്ലീഷ്‌), ദൈവത്തിന്റെ കിന്നരം (ഇംഗ്ലീഷ്‌) എന്നീ പുസ്‌തകങ്ങൾ ഞങ്ങൾക്കു കിട്ടി. അതു വായിച്ച ഞാൻ സത്യം തിരിച്ചറിഞ്ഞു. സഹോദരനായിരിക്കണം വർഷങ്ങൾക്കുമുമ്പ്‌ ആ പുസ്‌തകങ്ങൾ അവിടെ കൊടുത്തിട്ടുപോയത്‌.”

ഞാൻ പയനിയറിങ്‌ ചെയ്‌ത ഒരു പട്ടണത്തിൽ നടന്ന ഒരു സർക്കിട്ട്‌ സമ്മേളനത്തിലും ഞാൻ പങ്കെടുത്തു. അവിടെ 1,500-ലേറെ പേർ കൂടിവന്നിരിക്കുന്നതു കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കാരണം, 65 വർഷംമുമ്പ്‌ അവിടെ നടന്ന സമ്മേളനത്തിൽ വെറും 35 പേരാണ്‌ ഹാജരായത്‌. വേലയെ യഹോവ എത്ര സമൃദ്ധമായി അനുഗ്രഹിച്ചു!

‘യഹോവ എന്നെ ഉപേക്ഷിച്ചില്ല’

അടുത്തകാലത്ത്‌ തികച്ചും അപ്രതീക്ഷിതമായി എനിക്ക്‌ മറ്റൊരു അനുഗ്രഹം ലഭിച്ചു. സ്‌നേഹമയിയായ ഒരു സഹോദരി എന്റെ ജീവിതത്തിലേക്കു കടന്നുവന്നു. ബീ എന്നാണ്‌ അവളുടെ പേര്‌. 2006 നവംബറിൽ ഞങ്ങൾ വിവാഹിതരായി.

ജീവിതം എങ്ങനെ വിനിയോഗിക്കണം എന്ന്‌ ചിന്തിക്കുന്ന യുവപ്രായക്കാരേ, “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക” എന്ന നിശ്വസ്‌തമൊഴികൾക്കു ചെവികൊടുക്കുക, അതാണ്‌ ജ്ഞാനം. ഹൃദയാനന്ദത്തോടെ, സങ്കീർത്തനക്കാരന്റെ വാക്കുകൾ ഏറ്റുപാടാൻ ഇന്നെനിക്കാകുന്നു: “ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”—സങ്കീ. 71:17, 18.

[25-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ലട്‌വിയയിൽ സാഹിത്യങ്ങൾ എത്തിക്കുന്നതായിരുന്നു ഏറ്റവും ദുഷ്‌കരം

എസ്‌തോണിയ

റ്റാലിൻ

റിഗ ഉൾക്കടൽ

ലട്‌വിയ

റിഗ

ലിത്വാനിയ

വിൽനിയസ്‌

കൗനാസ്‌

[26-ാം പേജിലെ ചിത്രം]

15-ാം വയസ്സിൽ ഞാൻ സ്‌കോട്ട്‌ലൻഡിൽ കോൽപോർട്ടർ (പയനിയർ) ആയി സേവിക്കാൻ തുടങ്ങി

[26-ാം പേജിലെ ചിത്രം]

വിവാഹദിനത്തിൽ നല്ലിയോടൊപ്പം, 1942-ൽ