വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനെ അനുകരിക്കുക: സ്‌നേഹപുരസ്സരം പഠിപ്പിക്കുക

യേശുവിനെ അനുകരിക്കുക: സ്‌നേഹപുരസ്സരം പഠിപ്പിക്കുക

യേശുവിനെ അനുകരിക്കുക: സ്‌നേഹപുരസ്സരം പഠിപ്പിക്കുക

“ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല.”—യോഹ. 7:46.

1. യേശു പഠിപ്പിച്ചപ്പോൾ ആളുകൾ എങ്ങനെ പ്രതികരിച്ചു?

യേശുവിന്റെ ഉപദേശങ്ങൾ കേട്ടങ്ങനെ ഇരിക്കുക, എത്ര ഹൃദ്യമായ അനുഭവമായിരിക്കുമത്‌! അവന്റെ ഉപദേശങ്ങൾ ശ്രവിച്ചവരിൽ അതു ചെലുത്തിയ പ്രഭാവത്തെക്കുറിച്ച്‌ നാം ബൈബിളിൽ വായിക്കുന്നു. യേശുവിന്റെ സ്വന്തനാടായ നസറെത്തിലെ ജനങ്ങൾ ‘അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകൾ കേട്ടു വിസ്‌മയിച്ചുവെന്ന്‌’ ലൂക്കോസിന്റെ സുവിശേഷത്തിൽ നാം കാണുന്നു. ഗിരിപ്രഭാഷണം കേട്ടുകൊണ്ടിരുന്ന പുരുഷാരം “അവന്റെ പഠിപ്പിക്കലിൽ വിസ്‌മയിച്ചു” എന്ന്‌ മത്തായി റിപ്പോർട്ടു ചെയ്‌തു. യേശുവിനെ അറസ്റ്റുചെയ്യാൻപോയ ഭടന്മാർ വെറുങ്കൈയോടെ മടങ്ങിവന്ന്‌ “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്നു പറഞ്ഞതായി യോഹന്നാൻ രേഖപ്പെടുത്തി.—ലൂക്കോ. 4:22; മത്താ. 7:28; യോഹ. 7:46.

2. യേശു പഠിപ്പിച്ചത്‌ എങ്ങനെ?

2 ആ ഭടന്മാർ പറഞ്ഞതിൽ തെല്ലും അതിശയോക്തി ഇല്ലായിരുന്നു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ അധ്യാപകൻ യേശുവായിരുന്നുവെന്നതിന്‌ യാതൊരു തർക്കവുമില്ല. അനിഷേധ്യമായ യുക്തിയോടെ എന്നാൽ സരളമായും സുവ്യക്തമായും അവൻ പഠിപ്പിച്ചു. ദൃഷ്ടാന്തങ്ങളും ചോദ്യങ്ങളും ഉപയോഗിക്കുന്നതിലുള്ള അവന്റെ ചാതുര്യം ശ്രദ്ധേയമായിരുന്നു. സാമാന്യജനങ്ങളും ഉന്നതശ്രേണിയിലുള്ളവരും യേശുവിന്റെ ശ്രോതാക്കളായി ഉണ്ടായിരുന്നു. ഓരോ സാഹചര്യത്തിലും ആ ശ്രോതാക്കൾക്കിണങ്ങുംവിധമാണ്‌ അവൻ പഠിപ്പിച്ചത്‌. സരളവും സുഗ്രാഹ്യവുമായിരുന്നെങ്കിലും ആഴമേറിയ സത്യങ്ങളാണ്‌ അവൻ പഠിപ്പിച്ചിരുന്നത്‌. എന്നാൽ യേശുവിനെ മഹാനായ അധ്യാപകനാക്കിയത്‌ ഇവ മാത്രമായിരുന്നില്ല.

സ്‌നേഹം എന്ന സവിശേഷഗുണം

3. ഒരു അധ്യാപകനെന്ന നിലയിൽ യേശു അന്നത്തെ മതനേതാക്കളിൽനിന്ന്‌ വ്യത്യസ്‌തനായിരുന്നത്‌ എങ്ങനെ?

3 ശാസ്‌ത്രിമാരുടെയും പരീശന്മാരുടെയും കൂട്ടത്തിൽ അറിവും ബുദ്ധിയും, പഠിപ്പിക്കാൻ വൈദഗ്‌ധ്യവും ഉള്ളവരുണ്ടായിരുന്നു. എന്നാൽ യേശുവിന്റെ പഠിപ്പിക്കലിനെ അവരുടേതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമാക്കിയത്‌ എന്താണ്‌? സാമാന്യജനത്തോട്‌ യാതൊരു സ്‌നേഹവും ഇല്ലായിരുന്നു അന്നത്തെ മതമേധാവികൾക്ക്‌. ‘ശപിക്കപ്പെട്ടവരെന്നു’ മുദ്രകുത്തി അവർ അവരെ അധിക്ഷേപിച്ചുപോന്നിരുന്നു. (യോഹ. 7:49) എന്നാൽ യേശുവിന്‌ ആ ജനത്തോട്‌ അലിവാണ്‌ തോന്നിയത്‌, കാരണം അവന്റെ കണ്ണിൽ അവർ ‘ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായിരുന്നു.’ (മത്താ. 9:36) അവൻ അവരോടു കനിവും സഹാനുഭൂതിയും കാണിച്ചു, ഹൃദ്യമായിരുന്നു അവന്റെ സമീപനം. ആ മതമേധാവികൾക്ക്‌ ദൈവത്തോടും സ്‌നേഹമില്ലായിരുന്നു. (യോഹ. 5:42) എന്നാൽ യേശു പിതാവിനെ സ്‌നേഹിക്കുകയും അവന്റെ ഇഷ്ടംചെയ്യാൻ പ്രിയപ്പെടുകയും ചെയ്‌തു. ആ മതനേതാക്കൾ സ്വന്തം നേട്ടങ്ങൾക്കായി ദൈവത്തിന്റെ അരുളപ്പാടുകളെ വളച്ചൊടിച്ചു. നേരെമറിച്ച്‌ യേശു ദൈവവചനത്തെ സ്‌നേഹിച്ചു. അവൻ അതു പഠിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്‌തു; അതിനുവേണ്ടി പ്രതിവാദം ചെയ്യുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌തു. (ലൂക്കോ. 11:28) ക്രിസ്‌തുവിന്റെ വ്യക്തിത്വത്തിന്റെ കാതൽ സ്‌നേഹമായിരുന്നു; അവൻ പഠിപ്പിച്ച കാര്യങ്ങളിലും പഠിപ്പിച്ച വിധത്തിലും ആളുകളോട്‌ ഇടപെട്ട രീതിയിലും എല്ലാം ഈ സ്‌നേഹം വ്യാപരിച്ചിരുന്നു.

4, 5. (എ) സ്‌നേഹത്തോടെ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്‌? (ബി) ഇതിനോടൊപ്പം അധ്യാപനത്തിന്‌ അറിവും വൈദഗ്‌ധ്യവും ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 നമ്മെ സംബന്ധിച്ചെന്ത്‌? ക്രിസ്‌തുവിന്റെ അനുഗാമികളായ നാം ശുശ്രൂഷയിലും ജീവിതത്തിലും അവന്റെ മാതൃക പകർത്താൻ ആഗ്രഹിക്കുന്നു. (1 പത്രോ. 2:21) അതുകൊണ്ട്‌ ബൈബിളിൽനിന്ന്‌ അറിവ്‌ പകർന്നുകൊടുക്കാൻ മാത്രമല്ല യഹോവയുടെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാനും നാം ശ്രമിക്കണം, വിശേഷിച്ച്‌ സ്‌നേഹം. നമുക്കു ധാരാളം അറിവ്‌ ഉണ്ടായിരിക്കാം, അതുപോലെ നല്ല പഠിപ്പിക്കൽ പ്രാപ്‌തിയും; ചിലപ്പോൾ അതൊന്നും അത്ര ഉണ്ടായെന്നും വരില്ല. എന്നാൽ ആളുകളുടെ ഹൃദയങ്ങളെ നേടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്‌ നാം അവരോടു കാണിക്കുന്ന സ്‌നേഹമാണ്‌. ശിഷ്യരാക്കൽവേലയിൽ ഫലപ്രദരായിത്തീരാൻ യേശുവിനെ അനുകരിച്ച്‌ സ്‌നേഹത്തോടെ പഠിപ്പിക്കേണ്ടത്‌ അനിവാര്യമാണ്‌.

5 മികച്ച അധ്യാപകരായിരിക്കുന്നതിന്‌ പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ച്‌ നല്ല അറിവുണ്ടായിരിക്കണം, അതുപോലെ അതു പറഞ്ഞുകൊടുക്കാനുള്ള പ്രാവീണ്യവും വേണം. ഇതു രണ്ടും നേടിയെടുക്കാൻ യേശു ശിഷ്യന്മാരെ പരിശീലിപ്പിച്ചു. ഇന്ന്‌ യഹോവ തന്റെ സംഘടനയിലൂടെ നമുക്കും ആ പരിശീലനം നൽകുന്നു. (യെശയ്യാവു 54:13; ലൂക്കോസ്‌ 12:42 വായിക്കുക.) എന്നാൽ കുറെ ശിരോജ്ഞാനം പകർന്നുകൊടുക്കുക എന്നതിലുപരി ഹൃദയത്തിൽനിന്നായിരിക്കണം നാം പഠിപ്പിക്കേണ്ടത്‌. അറിവും പ്രാപ്‌തിയും സ്‌നേഹവും ഒത്തുചേരുമ്പോൾ നമുക്കു ലഭിക്കുന്ന ഫലം അങ്ങേയറ്റം തൃപ്‌തികരമായിരിക്കും. അങ്ങനെയെങ്കിൽ, നമ്മുടെ അധ്യാപനത്തിൽ എങ്ങനെ സ്‌നേഹം കാണിക്കാനാകും? യേശുവും അവന്റെ ശിഷ്യന്മാരും ഇക്കാര്യത്തിൽ എന്തു മാതൃകവെച്ചു? നമുക്കു നോക്കാം.

യഹോവയെ സ്‌നേഹിക്കുക

6. സ്‌നേഹിക്കുന്ന ഒരാളെക്കുറിച്ച്‌ നാം സംസാരിക്കുന്നത്‌ എങ്ങനെയായിരിക്കും?

6 നമുക്കിഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച്‌ സംസാരിച്ചിരിക്കാൻ നമുക്കു നല്ല താത്‌പര്യമാണ്‌. നാം പ്രിയപ്പെടുന്ന എന്തിനെക്കുറിച്ചെങ്കിലും സംസാരിക്കുമ്പോൾ നമ്മുടെ സ്വരത്തിലും ഭാവത്തിലുമെല്ലാം ആ ഉത്സാഹവും ആവേശവും നിറഞ്ഞുനിൽക്കും. നാം സ്‌നേഹിക്കുന്ന ആരെക്കുറിച്ചെങ്കിലും ആയിരിക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്‌. ആ വ്യക്തിയെക്കുറിച്ച്‌ അറിയാവുന്നതെല്ലാം മറ്റുള്ളവരോടു പറയാൻ നമുക്ക്‌ ഉത്സാഹമായിരിക്കും. അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ വർണിക്കാനും അദ്ദേഹത്തിനുവേണ്ടി സംസാരിക്കാനുമൊക്കെ നമുക്കു സന്തോഷമേയുള്ളൂ. നാം ഇഷ്ടപ്പെടുന്നതുപോലെ മറ്റുള്ളവരും അദ്ദേഹത്തെ ഇഷ്ടപ്പെടണമെന്നാണ്‌ നമ്മുടെ ആഗ്രഹം.

7. ദൈവസ്‌നേഹം എന്തുചെയ്യാൻ യേശുവിനെ പ്രേരിപ്പിച്ചു?

7 യഹോവയെ സ്‌നേഹിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കണമെങ്കിൽ നാംതന്നെ ആദ്യം അവനെ അറിയുകയും സ്‌നേഹിക്കുകയും വേണം. സത്യാരാധനയുടെ ആധാരംതന്നെ ദൈവസ്‌നേഹമാണ്‌. (മത്താ. 22:36-38) ഇക്കാര്യത്തിൽ യേശുവെച്ച മാതൃക കിടയറ്റതാണ്‌. അവൻ യഹോവയെ പൂർണ ഹൃദയത്തോടും മനസ്സോടും ദേഹിയോടും ശക്തിയോടുംകൂടെ സ്‌നേഹിച്ചു. പിതാവിനോടൊപ്പം സ്വർഗത്തിൽ കോടാനുകോടി വർഷങ്ങൾ ചെലവഴിച്ച യേശുവിന്‌ യഹോവയെ അടുത്തറിയാൻ കഴിഞ്ഞു. “ഞാൻ പിതാവിനെ സ്‌നേഹിക്കുന്നുവെന്ന്‌” യേശുവിന്‌ പറയാൻ കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. (യോഹ. 14:31) അവൻ പറഞ്ഞതിലും പ്രവർത്തിച്ചതിലുമെല്ലാം ആ സ്‌നേഹം പ്രതിഫലിച്ചു. എല്ലായ്‌പോഴും ദൈവത്തിനു പ്രസാദകരമായതു ചെയ്യാൻ അവനു പ്രചോദനമായത്‌ അതാണ്‌. (യോഹ. 8:29) ദൈവത്തെ പ്രതിനിധീകരിക്കുന്നു എന്ന്‌ അവകാശപ്പെട്ട കപടഭക്തരായ മതനേതാക്കന്മാരെ തുറന്നുകാട്ടാൻ യേശുവിനെ പ്രേരിപ്പിച്ചതും യഹോവയോടുള്ള സ്‌നേഹമാണ്‌. യഹോവയെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ അവനെ പ്രേരിപ്പിച്ചതും മറ്റൊന്നല്ല; യഹോവയെ അറിയാനും സ്‌നേഹിക്കാനും ആളുകളെ സഹായിച്ചതും ആ സ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ്‌.

8. ദൈവത്തോടുള്ള സ്‌നേഹം എന്തുചെയ്യാൻ യേശുവിന്റെ ശിഷ്യന്മാരെ പ്രേരിപ്പിച്ചു?

8 യേശുവിനെപ്പോലെ അവന്റെ ആദ്യകാലശിഷ്യന്മാർക്കും യഹോവയോടു സ്‌നേഹമുണ്ടായിരുന്നു. ശുഷ്‌കാന്തിയോടെ സധൈര്യം സുവാർത്ത പ്രസംഗിക്കാൻ അവരെ പ്രേരിപ്പിച്ചതും ഈ സ്‌നേഹമാണ്‌. “യെരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു” എന്നു പറയത്തക്ക അളവോളം അത്ര വ്യാപകവും ഊർജസ്വലവുമായിരുന്നു അവരുടെ പ്രവർത്തനം. മതാധ്യക്ഷന്മാരുടെ കഠിനമായ എതിർപ്പിനെ നേരിട്ടുകൊണ്ടായിരുന്നു അവർ ഇതു ചെയ്‌തത്‌. കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച്‌ ആ ശിഷ്യന്മാർക്ക്‌ പറയാതിരിക്കാനാകുമായിരുന്നില്ല. (പ്രവൃ. 4:20; 5:28) യഹോവ കൂടെയുണ്ടെന്നും അവന്റെ അനുഗ്രഹം തങ്ങൾക്കുണ്ടെന്നും അവർക്കുറപ്പുണ്ടായിരുന്നു. അതെ, യഹോവ അവരെ അനുഗ്രഹിക്കുകതന്നെ ചെയ്‌തു. യേശുവിന്റെ മരണശേഷം മൂന്നുപതിറ്റാണ്ടു തികയുംമുമ്പ്‌, “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത ഘോഷിക്കപ്പെട്ടു എന്ന്‌ അപ്പൊസ്‌തലനായ പൗലോസിന്‌ പറയാൻ കഴിഞ്ഞു.—കൊലോ. 1:23.

9. ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം എങ്ങനെ ഊട്ടിയുറപ്പിക്കാൻ സാധിക്കും?

9 ദൈവത്തോടുള്ള സ്‌നേഹം നാം മേൽക്കുമേൽ ഉറപ്പിച്ചുകൊണ്ടിരുന്നാൽമാത്രമേ നമുക്ക്‌ ഫലപ്രദരായ അധ്യാപകരാകാൻ സാധിക്കൂ. നമുക്കത്‌ എങ്ങനെ ചെയ്യാൻ സാധിക്കും? ഒന്നാമതായി പ്രാർഥനയിലൂടെ ദൈവത്തോടു സംസാരിച്ചുകൊണ്ട്‌. കൂടാതെ, ദൈവത്തിന്റെ വചനം പഠിച്ചുകൊണ്ടും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ വായിച്ചുകൊണ്ടും ക്രിസ്‌തീയയോഗങ്ങളിൽ ഹാജരായിക്കൊണ്ടും നമുക്ക്‌ ആ സ്‌നേഹം ദൃഢമാക്കാനാകും. ദൈവത്തെക്കുറിച്ച്‌ കൂടുതൽ അറിയുമ്പോൾ അവനോടുള്ള നമ്മുടെ സ്‌നേഹവും വളരും. നമ്മുടെ വാക്കിലും പ്രവൃത്തിയിലും ആ സ്‌നേഹം ദൃശ്യമായിത്തീരുമ്പോൾ മറ്റുള്ളവർ അതു കാണാനും യഹോവയോട്‌ അടുത്തുചെല്ലാനും ഇടവന്നേക്കാം.—സങ്കീർത്തനം 104:33, 34 വായിക്കുക.

സത്യത്തെ സ്‌നേഹിക്കുക

10. ഒരു നല്ല അധ്യാപകന്റെ സവിശേഷത എന്തായിരിക്കും?

10 ഒരു നല്ല അധ്യാപകന്‌ താൻ പഠിപ്പിക്കുന്ന കാര്യങ്ങളിൽ അതിയായ താത്‌പര്യമുണ്ടായിരിക്കണം. അവ സത്യമാണെന്നും പ്രസക്തമാണെന്നും മൂല്യവത്താണെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടായിരിക്കണം. തനിക്കു താത്‌പര്യമുള്ള ഒരു വിഷയമാണ്‌ അധ്യാപകൻ പഠിപ്പിക്കുന്നതെങ്കിൽ അദ്ദേഹം അത്‌ ഊർജസ്വലതയോടെ പഠിപ്പിക്കും. വിദ്യാർഥികളുടെമേൽ അതിന്‌ ശക്തമായ ഒരു സ്വാധീനം ഉണ്ടായിരിക്കുകയും ചെയ്യും. എന്നാൽ തന്റെ വിഷയത്തോട്‌ അധ്യാപകനുതന്നെ മതിപ്പില്ലെങ്കിൽ വിദ്യാർഥികൾ അതിനു വിലകൽപ്പിക്കുമെന്ന്‌ അദ്ദേഹത്തിന്‌ പ്രതീക്ഷിക്കാനാകുമോ? ദൈവവചനത്തിന്റെ അധ്യാപകനെന്ന നിലയിൽ നിങ്ങൾവെക്കുന്ന മാതൃക വളരെ പ്രധാനമാണ്‌. “തികഞ്ഞ അഭ്യസനം ലഭിച്ചവനെല്ലാം തന്റെ ഗുരുവിനെപ്പോലെ ആയിരിക്കും” എന്നാണ്‌ യേശു പറഞ്ഞത്‌.—ലൂക്കോ. 6:40.

11. താൻ പഠിപ്പിച്ചകാര്യങ്ങളോട്‌ യേശുവിനു താത്‌പര്യം ഉണ്ടായിരുന്നത്‌ എന്തുകൊണ്ട്‌?

11 താൻ പഠിപ്പിച്ച കാര്യങ്ങളിൽ യേശുവിന്‌ അതിയായ താത്‌പര്യമുണ്ടായിരുന്നു. വിലയേറിയ കാര്യങ്ങളാണ്‌ തനിക്കു പറയാനുള്ളത്‌ എന്ന ബോധ്യത്തോടെയാണ്‌ യേശു ആളുകളെ പഠിപ്പിച്ചത്‌. തന്റെ സ്വർഗീയപിതാവിനെക്കുറിച്ചുള്ള സത്യം, “ദൈവത്തിന്റെ വചനം,” “നിത്യജീവന്റെ വചനങ്ങൾ” എന്നിവയെല്ലാം അതിൽപ്പെടുന്നു. (യോഹ. 3:34; 6:68) യേശു പഠിപ്പിച്ച സത്യങ്ങൾ ഒരു ഉജ്ജ്വലപ്രകാശംപോലെ വർത്തിച്ചു, അത്‌ തിന്മയെ അനാവരണം ചെയ്യുകയും നന്മയെ ദീപ്‌തമാക്കുകയും ചെയ്‌തു. പിശാചിനാൽ ഞെരുക്കപ്പെട്ടും വ്യാജമതനേതാക്കളാൽ വഴിതെറ്റിക്കപ്പെട്ടും കഴിഞ്ഞിരുന്ന എളിയവരായ ജനങ്ങൾക്ക്‌ ആ വചനങ്ങൾ പ്രത്യാശയും ആശ്വാസവും പകർന്നു. (പ്രവൃ. 10:38) സത്യത്തോടുള്ള യേശുവിന്റെ സ്‌നേഹം അവന്റെ ഉപദേശങ്ങളിലും ചെയ്‌തികളിലും സർവഥാ ദൃശ്യമായിരുന്നു.

12. സുവാർത്തയെ പൗലോസ്‌ എങ്ങനെ കരുതി?

12 യേശുവിനെപ്പോലെതന്നെ അവന്റെ ശിഷ്യന്മാരും യഹോവയെയും ക്രിസ്‌തുവിനെയും കുറിച്ചുള്ള സത്യങ്ങൾ അതിയായി വിലമതിച്ചു. അതു മറ്റുള്ളവരെ അറിയിക്കുന്നതിൽനിന്ന്‌ അവരെ തടയാൻ ശത്രുക്കൾക്കായില്ല, ആ സത്യങ്ങളോട്‌ അവർക്കുണ്ടായിരുന്ന സ്‌നേഹം അത്ര അഗാധമായിരുന്നു. റോമിലുള്ള സഹക്രിസ്‌ത്യാനികൾക്ക്‌ പൗലോസ്‌ എഴുതി: “സുവിശേഷം അറിയിക്കാൻ ഞാൻ വാഞ്‌ഛിക്കുന്നു. സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; വിശ്വസിക്കുന്ന ഏവനെയും . . . രക്ഷയിലേക്കു നയിക്കാനുള്ള ദൈവത്തിന്റെ ശക്തിയേറിയ മാർഗമാകുന്നു അത്‌.” (റോമ. 1:15, 16) സത്യം ഘോഷിക്കുന്നത്‌ ഒരു ബഹുമതിയായി പൗലോസ്‌ കരുതി. അവൻ എഴുതി: ‘ക്രിസ്‌തുവിങ്കലെ അളവറ്റ ധനത്തെക്കുറിച്ചുള്ള സുവിശേഷം വിജാതീയരോടു ഘോഷിക്കേണ്ടതിന്‌ ഈ കൃപ എന്റെമേൽ ചൊരിയപ്പെട്ടു.’ (എഫെ. 3:8, 9) യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയുംകുറിച്ച്‌ പഠിപ്പിച്ചപ്പോൾ പൗലോസിന്‌ ഉണ്ടായിരുന്ന ഉത്സാഹം നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.

13. സുവാർത്തയെ പ്രിയപ്പെടാൻ എന്തെല്ലാം കാരണങ്ങളുണ്ട്‌?

13 സ്രഷ്ടാവിനെ അറിയാനും അവനുമായി ഗാഢബന്ധം വളർത്തിയെടുക്കാനും ദൈവവചനത്തിൽ കാണുന്ന സുവാർത്ത നമുക്ക്‌ അവസരം നൽകുന്നു. ജീവിതത്തിലെ സുപ്രധാന ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരം നൽകാൻ ആ സുവാർത്തയ്‌ക്കാകും. നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കാനും നമ്മിൽ പ്രത്യാശ നിറയ്‌ക്കാനും ദുഷ്‌കരമായ സാഹചര്യങ്ങളിൽ കരുത്തേകാനുമുള്ള ശക്തിയും അതിനുണ്ട്‌. ഇതിനെല്ലാം ഉപരിയായി ശാശ്വതവും അർഥപൂർണവുമായ ഒരു ജീവിതത്തിലേക്കുള്ള വഴികാട്ടിയായും അതു വർത്തിക്കുന്നു. സുവാർത്തയേക്കാൾ അനർഘവും പ്രാധാന്യമർഹിക്കുന്നതുമായ ഒരു അറിവ്‌ ഈ ഭൂമുഖത്തില്ല. ഈ സുവാർത്ത നമ്മെ സന്തോഷഭരിതരാക്കുന്ന വിലതീരാത്ത ഒരു സമ്മാനമാണ്‌. ഈ സമ്മാനം നാം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ നമ്മുടെ സന്തോഷം അനിർവചനീയമാകുന്നു.—പ്രവൃ. 20:35.

14. പഠിപ്പിക്കുന്ന കാര്യങ്ങളോടുള്ള നമ്മുടെ സ്‌നേഹം എങ്ങനെ ദൃഢമാക്കാം?

14 സുവാർത്തയോട്‌ നിങ്ങൾക്ക്‌ ഇപ്പോഴുള്ള സ്‌നേഹം തീവ്രമാക്കിനിറുത്താൻ എങ്ങനെ കഴിയും? ദൈവവചനം വായിക്കവെ ഇടയ്‌ക്കിടെ അൽപ്പമൊന്നു നിറുത്തി, വായിച്ച ഭാഗത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ അതിനുള്ള നല്ലൊരു മാർഗമാണ്‌. ഒരുപക്ഷേ നിങ്ങൾക്കിങ്ങനെയൊക്കെ ചെയ്യാനാകും: യേശുവിനോടൊപ്പം ശുശ്രൂഷയിൽ ആയിരിക്കുന്നതായി വിഭാവനം ചെയ്യുക, അല്ലെങ്കിൽ പൗലോസിനോടൊപ്പം മിഷനറിയാത്രയിൽ ആണെന്നു കരുതുക. ഇനി, പുതിയഭൂമിയിൽ ആയിരിക്കുന്നതായി ഒന്നു ചിന്തിച്ചുനോക്കൂ; എത്ര വ്യത്യസ്‌തമാണ്‌ ആ ജീവിതം! സുവാർത്തയോടുള്ള അനുസരണം കൈവരുത്തിയ അനുഗ്രഹങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതും നന്നായിരിക്കും. സുവാർത്തയോടുള്ള നിങ്ങളുടെ സ്‌നേഹം ദൃഢമാണെങ്കിൽ നിങ്ങളുടെ വിദ്യാർഥികൾ ആ സ്‌നേഹം കണ്ടറിയും. അതുകൊണ്ട്‌ പഠിച്ച കാര്യങ്ങളെക്കുറിച്ച്‌ മനനം ചെയ്യുന്നതും പഠിപ്പിക്കുന്ന കാര്യങ്ങൾക്ക്‌ അതീവ ശ്രദ്ധനൽകുന്നതും എത്രയും നല്ലതാണ്‌.—1 തിമൊഥെയൊസ്‌ 4:15, 16 വായിക്കുക.

ആളുകളെ സ്‌നേഹിക്കുക

15. ഒരു അധ്യാപകൻ വിദ്യാർഥികളെ സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 ഒരു നല്ല അധ്യാപകന്റെ അടുത്ത്‌ കുട്ടികൾ പിരിമുറുക്കമില്ലാതെ സ്വാതന്ത്ര്യത്തോടെ ഇടപെടും. പഠിക്കുന്ന കാര്യങ്ങളിൽ അവർ കൂടുതൽ താത്‌പര്യമെടുക്കും, അഭിപ്രായങ്ങൾ തുറന്നു പറയാനും അവർക്കു മടിയുണ്ടാകില്ല. കുട്ടികളോടുള്ള ആത്മാർഥതയാണ്‌ അവർക്ക്‌ അറിവു പകർന്നുകൊടുക്കാൻ സ്‌നേഹമയിയായ ഒരു അധ്യാപകനെ പ്രേരിപ്പിക്കുന്നത്‌. അവരുടെ ആവശ്യങ്ങളും ഗ്രഹിക്കാനുള്ള പ്രാപ്‌തിയും കണക്കിലെടുത്ത്‌ തന്റെ അധ്യാപനരീതിയിൽ അദ്ദേഹം വേണ്ട മാറ്റങ്ങൾ വരുത്തും. കുട്ടികളുടെ കഴിവുകളും സാഹചര്യങ്ങളും മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരാളായിരിക്കും അദ്ദേഹം. ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരു അധ്യാപകന്റെ സ്‌നേഹം വിദ്യാർഥികൾ അറിയാതെ പോകില്ല, അപ്പോൾ അധ്യാപന-പഠന പ്രക്രിയകൾ ആസ്വാദ്യവുമായിരിക്കും.

16. ഏതൊക്കെ വിധങ്ങളിലാണ്‌ യേശു ആളുകളോടുള്ള തന്റെ സ്‌നേഹം കാണിച്ചത്‌?

16 യേശു കാണിച്ചത്‌ ആ തരത്തിലുള്ള സ്‌നേഹമായിരുന്നു. അനേകർക്കു രക്ഷാമാർഗം തുറന്നുകൊണ്ട്‌ തന്റെ പൂർണമനുഷ്യജീവൻ വെച്ചുകൊടുത്തതാണ്‌ അവന്റെ സ്‌നേഹത്തിന്റെ ഏറ്റവും ശ്രേഷ്‌ഠമായ പ്രകടനം. (യോഹ. 15:13) ശുശ്രൂഷയിലുടനീളം ആളുകളുടെ ശാരീരികവും വിശേഷാൽ ആത്മീയവുമായ ആവശ്യങ്ങൾക്കായി കരുതാൻ യേശു അക്ഷീണം യത്‌നിച്ചു. ആളുകൾ തന്റെ അടുക്കലേക്കു വരണമെന്നു പ്രതീക്ഷിക്കാതെ, അവരെ സുവാർത്ത അറിയിക്കാൻ അവൻ നൂറുകണക്കിന്‌ മൈലുകൾ കാൽനടയായി സഞ്ചരിച്ചു. (മത്താ. 4:23-25; ലൂക്കോ. 8:1) ആളുകളുടെ മനസ്സറിഞ്ഞ്‌ ക്ഷമയോടെയാണ്‌ അവൻ അവരോട്‌ ഇടപെട്ടത്‌. ശിഷ്യന്മാർക്കു തിരുത്തലുകൾ ആവശ്യമായി വന്നപ്പോൾ അവൻ സ്‌നേഹപുരസ്സരം അവരെ ഉപദേശിച്ചു. (മർക്കോ. 9:33-37) അവർ സുവാർത്തയുടെ സമർഥരായ പ്രസംഗകരാകും എന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്‌ അവൻ അവർക്കു പ്രോത്സാഹനമേകി. യേശുവിനെക്കാൾ സ്‌നേഹവാനായ ഒരു അധ്യാപകനാകാൻ ഒരു മനുഷ്യനും ഒരിക്കലും കഴിഞ്ഞിട്ടില്ല. ശിഷ്യന്മാരോട്‌ അവൻ കാണിച്ച സ്‌നേഹം, തിരിച്ച്‌ അവനെ സ്‌നേഹിക്കാനും അവന്റെ കൽപ്പനകൾ പ്രമാണിക്കാനും അവർക്കു പ്രചോദനമേകി.—യോഹന്നാൻ 14:15 വായിക്കുക.

17. യേശുവിന്റെ ശിഷ്യന്മാർ ആളുകളോട്‌ സ്‌നേഹം കാണിച്ചത്‌ എങ്ങനെ?

17 യേശുവിനെപ്പോലെ അവന്റെ ശിഷ്യന്മാരും തങ്ങൾ പ്രസംഗിച്ചവരോട്‌ പ്രീതിവാത്സല്യങ്ങൾ കാണിക്കുകയുണ്ടായി. പീഡനങ്ങൾ സഹിച്ചും മരണത്തെ മുഖാമുഖം കണ്ടും, അവർ ആളുകളെ ശുശ്രൂഷിക്കുകയും സുവിശേഷം ഘോഷിക്കുന്നതിൽ വിജയിക്കുകയും ചെയ്‌തു. തങ്ങൾ സുവാർത്ത അറിയിച്ചവരോട്‌ അവർക്ക്‌ അകമഴിഞ്ഞ സ്‌നേഹം ഉണ്ടായിരുന്നു. അപ്പൊസ്‌തലനായ പൗലോസിന്റെ വാക്കുകളിൽ ആ സ്‌നേഹം നിറഞ്ഞുനിൽക്കുന്നു. അവൻ എഴുതി: “എന്നാൽ ഒരമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റിപ്പുലർത്തുന്നതുപോലെ ആർദ്രതയോടെയാണ്‌ ഞങ്ങൾ നിങ്ങളോടു പെരുമാറിയത്‌. ഇങ്ങനെ, നിങ്ങളോടുള്ള വാത്സല്യംനിമിത്തം ദൈവത്തിൽനിന്നുള്ള സുവിശേഷം മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ സ്വന്തം പ്രാണനുംകൂടെ നിങ്ങൾക്കു നൽകാൻ ഞങ്ങൾ ഒരുക്കമായിരുന്നു.”—1 തെസ്സ. 2:7, 8.

18, 19. (എ) പ്രസംഗപ്രവർത്തനം നടത്തുന്നതിനായി ത്യാഗങ്ങൾ അനുഷ്‌ഠിക്കാൻ നമ്മൾ തയ്യാറാകുന്നത്‌ എന്തുകൊണ്ട്‌? (ബി) നാം കാണിക്കുന്ന സ്‌നേഹം മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നു തെളിയിക്കുന്ന ഒരു ഉദാഹരണം പറയുക?

18 സമാനമായി ആധുനികകാലത്തും, യഹോവയുടെ സാക്ഷികൾ ദൈവത്തെ അറിയാനും അവനെ സേവിക്കാനും അതിയായി ആഗ്രഹിക്കുന്ന ആളുകൾക്കുവേണ്ടി ഭൂമിമുഴുവൻ സമഗ്രമായ ഒരന്വേഷണം നടത്തുന്നു. കഴിഞ്ഞ 17 വർഷങ്ങളിൽ തുടർച്ചയായി നമ്മൾ ഓരോ വർഷവും നൂറുകോടിയിലേറെ മണിക്കൂറുകളാണ്‌ പ്രസംഗ-ശിഷ്യരാക്കൽ വേലയ്‌ക്കായി ചെലവഴിച്ചത്‌. ആ പ്രവർത്തനം നാം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. സമയവും ഊർജവും ഭൗതികസമ്പത്തുമെല്ലാം ചെലവഴിക്കേണ്ടിവരുന്നെങ്കിൽപ്പോലും നാം മനസ്സോടെയാണ്‌ അതു ചെയ്യുന്നത്‌. സകലതരം മനുഷ്യരും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സമ്പാദിക്കണമെന്ന്‌ സ്‌നേഹവാനായ സ്വർഗീയപിതാവ്‌ ആഗ്രഹിക്കുന്നു. ഇത്‌ യേശുവിനെപ്പോലെ നമുക്കും അറിയാം. (യോഹ. 17:3; 1 തിമൊ. 2:3, 4) നമ്മെപ്പോലെ, സത്യാന്വേഷികളായ മറ്റാളുകളും യഹോവയെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യേണ്ടതുണ്ട്‌. അതിന്‌ അവരെ സഹായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ സ്‌നേഹമാണ്‌.

19 നാം കാണിക്കുന്ന സ്‌നേഹം മറ്റുള്ളവർ ശ്രദ്ധിക്കാതെ പോകില്ല. ഒരു ഉദാഹരണം നോക്കാം, ഐക്യനാടുകളിലുള്ള ഒരു പയനിയർ സഹോദരി, പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിച്ചുകൊണ്ട്‌ കത്തുകൾ എഴുതാറുണ്ട്‌. മറുപടിയായി ഒരാൾ അവർക്ക്‌ ഇങ്ങനെ എഴുതി: “വിഷമഘട്ടങ്ങളിൽ പിടിച്ചുനിൽക്കാൻ സഹായിക്കുംവിധം ഇത്തരമൊരു കത്ത്‌ എഴുതാൻ നിങ്ങൾ നടത്തിയ ആ ശ്രമത്തിൽ എനിക്ക്‌ ശരിക്കും അതിശയം തോന്നി, അതും തികച്ചും അപരിചിതനായ ഒരാൾക്ക്‌. സഹമനുഷ്യരോടും ജീവന്റെ പാതയിൽ മനുഷ്യനെ നയിക്കുന്ന ദൈവത്തോടും നിങ്ങൾക്കു സ്‌നേഹം ഉണ്ട്‌, അല്ലാതെ നിങ്ങൾക്കിത്‌ ചെയ്യാൻ കഴിയില്ല.”

20. സ്‌നേഹത്തോടെ പഠിപ്പിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌?

20 സ്‌നേഹവും വൈദഗ്‌ധ്യവും കൈകോർക്കുമ്പോൾ ഒരു ഉത്‌കൃഷ്ടസൃഷ്ടി പിറവിയെടുക്കുന്നു എന്ന്‌ അജ്ഞാതനായ ഒരു എഴുത്തുകാരൻ പറയുകയുണ്ടായി. നമ്മുടെ പഠിപ്പിക്കൽ മുഖാന്തരം യഹോവയെ അറിയുന്ന ഒരു മനസ്സും അവനെ സ്‌നേഹിക്കുന്ന ഒരു ഹൃദയവും വിദ്യാർഥി വളർത്തിയെടുക്കണമെന്നതാണ്‌ നമ്മുടെ ആഗ്രഹം. സമർഥരായ അധ്യാപകരാകണമെങ്കിൽ നമ്മുടെ സ്‌നേഹത്തിന്‌ മൂന്നിഴകളുണ്ടായിരിക്കണം—ദൈവത്തോടുള്ള സ്‌നേഹം, സത്യത്തോടുള്ള സ്‌നേഹം, ആളുകളോടുള്ള സ്‌നേഹം. അതുപോലുള്ള സ്‌നേഹം നാം വളർത്തിയെടുക്കുകയും നമ്മുടെ ശുശ്രൂഷയിൽ അതു പ്രകടമാകുകയും ചെയ്‌താൽ, കൊടുക്കുന്നതിലെ സന്തോഷം നമുക്കുണ്ടായിരിക്കും; ഒപ്പം, യേശുവിനെ അനുകരിക്കുകയും യഹോവയെ പ്രസാദിപ്പിക്കുകയും ചെയ്യുന്നു എന്ന അറിവിൽനിന്നുളവാകുന്ന ചാരിതാർഥ്യവും.

എന്താണ്‌ നിങ്ങളുടെ ഉത്തരം?

• സുവാർത്ത പഠിപ്പിക്കുമ്പോൾ നമുക്ക്‌. . .

ദൈവത്തോടും

സത്യത്തോടും

ആളുകളോടും സ്‌നേഹമുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

യേശുവിന്റെ അധ്യാപനരീതി ശാസ്‌ത്രിമാരുടേതിൽനിന്നും പരീശന്മാരുടേതിൽനിന്നും വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

[18-ാം പേജിലെ ചിത്രം]

നല്ല പഠിപ്പിക്കലിൽ അറിവും വൈദഗ്‌ധ്യവും എല്ലാറ്റിലുമുപരി സ്‌നേഹവും ഉൾപ്പെടുന്നു