സത്യത്തിന്റെ വിത്തുകൾ വിദൂരദേശങ്ങളിൽ വിതയ്‌ക്കപ്പെടുന്നു
സത്യത്തിന്റെ വിത്തുകൾ വിദൂരദേശങ്ങളിൽ വിതയ്‌ക്കപ്പെടുന്നു
സൈബീരിയയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്നതും മംഗോളിയയുമായി തെക്കു-കിഴക്കൻ അതിർത്തി പങ്കിടുന്നതുമായ ഒരു റിപ്പബ്ലിക്കാണ് റ്റുവ. റ്റുവയിലെ മിക്ക ആളുകളും ഉൾപ്രദേശങ്ങളിലാണ് താമസിക്കുന്നത്. രാജ്യസന്ദേശവുമായി അവിടെ എത്തിച്ചേരുന്നത് ദുഷ്‌കര ദൗത്യമാണ്. എന്നാൽ കുറച്ചു നാളുകൾക്കുമുമ്പ് റ്റുവയുടെ തലസ്ഥാനമായ കിസിലിൽ സംഘടിപ്പിച്ച ഒരു സെമിനാറിൽ സംബന്ധിക്കുന്നതിനായി രാജ്യത്തിന്റെ വിദൂരഭാഗങ്ങളിൽനിന്ന് ആളുകൾ വരുന്നുണ്ടായിരുന്നു. കിസിലിലെ ഒരു പയനിയറാണ് മരിയ. വിദൂരസ്ഥലങ്ങളിൽനിന്ന് ആളുകൾ വരുന്നവിവരം അറിഞ്ഞപ്പോൾ, സുവാർത്ത അവരെ അറിയിക്കാനുള്ള ഒരു സുവർണാവസരമാണ് ഇതെന്ന് അവൾ തിരിച്ചറിഞ്ഞു.
മരിയ പറയുന്നു: “ഞാൻ ജോലി ചെയ്യുന്ന സ്‌കൂളിലായിരുന്നു ആ സെമിനാർ നടന്നത്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗത്തെക്കുറിച്ചുള്ളതായിരുന്നു ആ സെമിനാർ. റ്റുവയുടെ വിദൂരസ്ഥദേശങ്ങളിൽനിന്ന്, അധ്യാപകർ, മനശ്ശാസ്‌ത്രജ്ഞർ, ശിശുക്ഷേമ ഇൻസ്‌പെക്‌ടർമാർ എന്നിവരുൾപ്പെടെ 50-ഓളം പേർ അതിൽ പങ്കെടുക്കാൻ എത്തുമായിരുന്നു.” മരിയയ്‌ക്ക് ഇത് അവസരത്തിന്റെ ഒരു വാതിൽ തുറന്നുകൊടുത്തു, പക്ഷേ അതോടൊപ്പം അവൾക്കത് ഒരു വെല്ലുവിളിയുമായിരുന്നു. അവൾ തുടരുന്നു: “ലജ്ജയും സങ്കോചവുമുള്ള ഒരു സ്വഭാവമാണ് എന്റേത്. അതുകൊണ്ടുതന്നെ അനൗപചാരികമായി സാക്ഷീകരിക്കാൻ ഞാൻ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ എന്റെ ഈ ഭയത്തെ മറികടന്ന് നല്ലൊരു സാക്ഷ്യംനൽകാൻ എന്നെ സഹായിക്കണമേയെന്ന് ഞാൻ യഹോവയോടു പ്രാർഥിച്ചു.” ആ അവസരം അവൾക്കു നന്നായി വിനിയോഗിക്കാനായോ?
മരിയ വിശദീകരിക്കുന്നു: “ഫോബിയകളെകുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഉണരുക! മാസിക എന്റെ ശ്രദ്ധയിൽപ്പെട്ടു. ‘ഒരു മനശ്ശാസ്‌ത്രജ്ഞന് ഇതിൽ താത്‌പര്യമുണ്ടായേക്കാം,’ ഞാൻ ചിന്തിച്ചു. അതുകൊണ്ട് സ്‌കൂളിലേക്കു പോയപ്പോൾ ഞാൻ അതുകൂടി കയ്യിലെടുത്തു. സെമിനാറിൽ പങ്കെടുക്കാനെത്തിയ ഒരു അധ്യാപിക അന്ന് എന്റെ ഓഫീസിൽ വന്നു. ആ മാസിക ഞാൻ അവൾക്കു പരിചയപ്പെടുത്തി, അവൾ അത് സന്തോഷത്തോടെ സ്വീകരിക്കുകയും തനിക്കും ഒരു ഫോബിയ ഉണ്ടായിരുന്നുവെന്ന് എന്നോടു പറയുകയും ചെയ്‌തു. അടുത്തദിവസം, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 1 എന്ന പുസ്‌തകം ഞാൻ അവൾക്കുവേണ്ടി കൊണ്ടുവന്നു. അതും അവൾ സന്തോഷത്തോടെ സ്വീകരിച്ചു. അവളുടെ ആ നല്ല പ്രതികരണം കണ്ടപ്പോൾ, മറ്റ് അധ്യാപകരും ഈ പ്രസിദ്ധീകരണം ഇഷ്ടപ്പെട്ടേക്കും എന്ന് എനിക്കു തോന്നി. അതുകൊണ്ട് ഈ പുസ്‌തകവും മറ്റുചില പ്രസിദ്ധീകരണങ്ങളുംകൂടി ഒരു പെട്ടിയിലാക്കി ഞാൻ സ്‌കൂളിൽ കൊണ്ടുപോയി.” ആ പെട്ടി കാലിയാകാൻ അധികം സമയം വേണ്ടിവന്നില്ല. സംഭവം മരിയയുടെ വാക്കുകളിൽ: “ഞാൻ യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്‌തകം കൊടുത്ത അധ്യാപികയുടെ സഹപ്രവർത്തകരിൽ പലരും എന്റെ ഓഫീസിൽവന്നു ചോദിച്ചു: ‘എവിടെയാണ് ആ പുസ്‌തകങ്ങൾ വിതരണം ചെയ്യുന്നത്?’” അവർക്കെന്തായാലും ചോദിച്ച സ്ഥലം തെറ്റിപ്പോയില്ല!
ഒരു ശനിയാഴ്‌ചയായിരുന്നു സെമിനാറിന്റെ അവസാന ദിവസം. അന്ന് മരിയയ്‌ക്ക് അവധി ആയിരുന്നു. അതുകൊണ്ട് നേരത്തെതന്നെ തന്റെ ഓഫീസിലെ പല മേശകളിലായി അവൾ സാഹിത്യങ്ങൾ നിരത്തിവെച്ചു, കൂടെ ഒരു ബോർഡും. അതിൽ അവൾ എഴുതി: “പ്രിയ അധ്യാപകരേ! നിങ്ങൾക്കും നിങ്ങളുടെ പരിചയക്കാർക്കുംവേണ്ടി ഈ പ്രസിദ്ധീകരണങ്ങൾ എടുക്കാനാകും. ജോലിയിൽ വിജയിക്കാനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ പ്രസിദ്ധീകരണങ്ങൾ നിങ്ങളെ സഹായിക്കും.” പ്രതികരണം എന്തായിരുന്നു? മരിയ പറയുന്നു: “ഏതാണ്ട് എല്ലാ പ്രസിദ്ധീകരണങ്ങളും അവർ എടുത്തുകൊണ്ടു പോയിരിക്കുന്നതായി അന്ന് ഓഫീസിൽചെന്നപ്പോൾ ഞാൻ കണ്ടു. ഉടൻതന്നെ, കൂടുതൽ പുസ്‌തകങ്ങളും മാസികകളും ഞാൻ എടുത്തുകൊണ്ടുവന്നു.” സെമിനാർ കഴിഞ്ഞപ്പോഴേക്കും മരിയ 380 മാസികകളും 173 പുസ്‌തകങ്ങളും 34 ലഘുപത്രികകളും സമർപ്പിച്ചിരുന്നു. വിദൂരദേശങ്ങളിൽനിന്ന് സെമിനാറിൽ പങ്കെടുക്കാൻ എത്തിയവർ സ്വദേശങ്ങളിലേക്കു മടങ്ങിയപ്പോൾ ഈ പ്രസിദ്ധീകരണങ്ങളും അവരോടൊപ്പം പോയി. മരിയ പറയുന്നു: “റ്റുവയുടെ അതിവിദൂരദേശങ്ങളിലേക്ക് സത്യത്തിന്റെ വിത്തുകൾ ഇപ്പോൾ ഇതാ എത്തിയിരിക്കുന്നു. ഞാൻ അതിൽ അതീവ സന്തുഷ്ടയാണ്!”—സഭാ. 11:6.
[32-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
റഷ്യ
റ്റുവ റിപ്പബ്ലിക്ക്