വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയിലെ നിത്യജീവൻ: ഒരു ദൈവദത്ത പ്രത്യാശ

ഭൂമിയിലെ നിത്യജീവൻ: ഒരു ദൈവദത്ത പ്രത്യാശ

ഭൂമിയിലെ നിത്യജീവൻ: ഒരു ദൈവദത്ത പ്രത്യാശ

“സൃഷ്ടി . . . പ്രത്യാശയോടുകൂടെ വ്യർഥതയ്‌ക്കു വിധേയമാക്കപ്പെട്ടു.”—റോമ. 8:20.

1, 2. (എ) ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ നമുക്കു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഭൂമിയിൽ നിത്യം ജീവിക്കാനാകുമോയെന്ന്‌ പലരും സംശയിക്കുന്നത്‌ എന്തുകൊണ്ട്‌?

അന്നുണ്ടായ ആ സന്തോഷം ഒരുപക്ഷേ ഇപ്പോഴും നിങ്ങളുടെ ഓർമയിൽ ഉണ്ടാകും! ആരും വാർധക്യം പ്രാപിക്കുകയോ മരിക്കുകയോ ചെയ്യാതെ ഭൂമിയിൽ നിത്യംജീവിക്കുന്ന ഒരു കാലം സമീപമാണെന്ന്‌ അറിഞ്ഞപ്പോഴുണ്ടായ ആ സന്തോഷം! (യോഹ. 17:3; വെളി. 21:3, 4) ഈ തിരുവെഴുത്തു പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെച്ചതിന്റെ സന്തോഷവും നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും. എന്തിന്‌, നാം പ്രസംഗിക്കുന്ന സുവാർത്തയുടെ കാതൽതന്നെയല്ലേ നിത്യജീവന്റെ ഈ പ്രത്യാശ? ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്‌ചപ്പാടു രൂപപ്പെടുത്തുന്നതുപോലും ഈ പ്രത്യാശയാണ്‌ എന്നു പറയാനാകും.

2 പൊതുവെ പറഞ്ഞാൽ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ സാധിക്കുമെന്ന പ്രത്യാശയെ ക്രൈസ്‌തവ സഭകൾ പാടേ അവഗണിച്ചിരിക്കുകയാണ്‌. ദേഹി മരിക്കുമെന്ന്‌ ബൈബിൾ പഠിപ്പിക്കുമ്പോൾ, മിക്ക സഭകളും പഠിപ്പിക്കുന്നത്‌ മരണത്തെ അതിജീവിച്ച്‌ ആത്മമണ്ഡലത്തിൽ ജീവിക്കുന്ന ഒരു അമർത്യദേഹി മനുഷ്യനുണ്ടെന്ന തിരുവെഴുത്തുവിരുദ്ധ ഉപദേശമാണ്‌. (യെഹെ. 18:20) അതുകൊണ്ടുതന്നെ ഭൂമിയിൽ നിത്യം ജീവിക്കാമെന്നു പറയുമ്പോൾ അനേകരും അതിനെ സംശയദൃഷ്ടിയോടെയാണു കാണുന്നത്‌. ഇങ്ങനെയൊരു സാഹചര്യത്തിൽ പിൻവരുന്ന ചോദ്യങ്ങൾ ചിന്തനീയമാണ്‌: ആ പ്രത്യാശയ്‌ക്ക്‌ ഈടുറ്റ ബൈബിൾ അടിസ്ഥാനമുണ്ടോ? ഉണ്ടെങ്കിൽ, എപ്പോഴാണ്‌ ദൈവം മനുഷ്യർക്ക്‌ അത്‌ ആദ്യം വെളിപ്പെടുത്തിയത്‌?

“പ്രത്യാശയോടുകൂടെ വ്യർഥതയ്‌ക്കു വിധേയമാക്കപ്പെട്ടു”

3. മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ മനുഷ്യരെക്കുറിച്ചുള്ള ദൈവോദ്ദേശ്യം വ്യക്തമാക്കപ്പെട്ടത്‌ എങ്ങനെ?

3 മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ മനുഷ്യനെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം ദൈവം വ്യക്തമാക്കിയിരുന്നു. തന്നോട്‌ അനുസരണമുള്ളവനാണെങ്കിൽ ആദാമിന്‌ എന്നേക്കും ജീവിക്കാൻ സാധിക്കുമെന്ന്‌ ദൈവം വളരെ വ്യക്തമായി സൂചിപ്പിച്ചിരുന്നു. (ഉല്‌പ. 2:9, 17; 3:22) മനുഷ്യൻ പൂർണതയിൽനിന്നു നിപതിച്ചു എന്ന്‌ ആദാമിന്റെ ആദ്യകാല പിന്മുറക്കാർ മനസ്സിലാക്കി, അതിന്‌ അവർക്കു ദൃശ്യമായ തെളിവുകളുടെ പിൻബലവും ഉണ്ടായിരുന്നു. ഏദെൻ തോട്ടത്തിന്റെ കവാടത്തിന്‌ കാവൽ ഏർപ്പെടുത്തിയിരിക്കുന്നതും ആളുകൾ വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും അവർ കണ്ടു. (ഉല്‌പ. 3:23, 24) കാലം കടന്നുപോയതോടെ മനുഷ്യന്റെ ആയുർദൈർഘ്യം കുറഞ്ഞുവന്നു. ആദാമിന്റെ ആയുഷ്‌കാലം 930 സംവത്സരമായിരുന്നു. പ്രളയത്തെ അതിജീവിച്ച ശേമിന്‌ 600 വർഷമേ ആയുസ്സ്‌ ഉണ്ടായിരുന്നുള്ളൂ. അവന്റെ മകൻ അർപ്പക്ഷാദിന്‌ 438 വർഷവും. തേരഹിന്റെ ആയുഷ്‌കാലം 205 സംവത്സരവും അവന്റെ മകൻ അബ്രാഹാമിന്റേത്‌ 175 സംവത്സരവുമായിരുന്നു. യിസ്‌ഹാക്ക്‌ 180 വർഷം ജീവിച്ചപ്പോൾ യാക്കോബിന്റെ ആയുഷ്‌കാലം 147 ആയി ചുരുങ്ങി. (ഉല്‌പ. 5:5; 11:10-13, 32; 25:7; 35:28; 47:28) മനുഷ്യന്റെ ആയുർദൈർഘ്യത്തിലുണ്ടായ ഈ ഇടിവിന്റെ കാരണം അന്ന്‌ പലരും തിരിച്ചറിഞ്ഞിരുന്നിരിക്കണം—എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ കൈമോശം വന്നിരിക്കുന്നു! എന്നാൽ ഈ പ്രത്യാശ വീണ്ടും സഫലമാകും എന്ന്‌ പ്രതീക്ഷിക്കാൻ അവർക്ക്‌ എന്തെങ്കിലും കാരണമുണ്ടായിരുന്നോ?

4. ആദാമിനു നഷ്ടമായ അനുഗ്രഹങ്ങൾ ദൈവം പുനഃസ്ഥിതീകരിക്കുമെന്നു വിശ്വസിക്കാൻ പുരാതനകാല ദൈവദാസന്മാർക്ക്‌ എന്ത്‌ അടിസ്ഥാനം ഉണ്ടായിരുന്നു?

4 ദൈവവചനം പറയുന്നു: “[മനുഷ്യ] സൃഷ്ടി . . . പ്രത്യാശയോടുകൂടെ വ്യർഥതയ്‌ക്കു വിധേയമാക്കപ്പെട്ടു.” (റോമ. 8:20) ഏതു പ്രത്യാശയെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌? ബൈബിളിലെ ആദ്യപ്രവചനംതന്നെ വിരൽചൂണ്ടുന്നത്‌ ‘സർപ്പത്തിന്റെ തല തകർക്കുന്ന’ ഒരു “സന്തതി”യിലേക്കാണ്‌. (ഉല്‌പത്തി 3:1-5, 15 വായിക്കുക.) വിശ്വസ്‌തരായ മനുഷ്യർക്ക്‌, സന്തതിയെക്കുറിച്ചുള്ള ഈ വാഗ്‌ദാനം, മനുഷ്യവർഗത്തെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം ദൈവം വിട്ടുകളയില്ല എന്നു പ്രത്യാശിക്കാൻ ഒരു അടിസ്ഥാനംനൽകി. ആദാം നഷ്ടപ്പെടുത്തിയ സകലസൗഭാഗ്യങ്ങളും വീണ്ടുകിട്ടുമെന്നു വിശ്വസിക്കാൻ ഹാബേലിനെയും നോഹയെയും പോലുള്ള മനുഷ്യർക്ക്‌ ഈ വാഗ്‌ദാനം ഒരു ഹേതുവായി. ‘സന്തതിയുടെ കുതികാൽ തകർക്കുന്നതിൽ’ രക്തം ചൊരിയപ്പെടുന്നതും ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ ഇവർ മനസ്സിലാക്കിയിട്ടുണ്ടാവണം.—ഉല്‌പ. 4:4; 8:20; എബ്രാ. 11:4.

5. അബ്രാഹാം പുനരുത്ഥാനത്തിൽ വിശ്വസിച്ചു എന്ന്‌ എന്തു തെളിയിക്കുന്നു?

5 ഇനി അബ്രാഹാമിന്റെ കാര്യമെടുക്കാം. പരീക്ഷിക്കപ്പെട്ടപ്പോൾ, അബ്രാഹാം “തന്റെ ഏകജാതപുത്രനെ യാഗം കഴിക്കാൻ തയ്യാറായി. ഇത്‌ അവൻ യിസ്‌ഹാക്കിനെ യാഗം കഴിച്ചതിനു തുല്യമായിത്തന്നെ ഗണിക്കപ്പെട്ടു.” (എബ്രാ. 11:18) ഇതിന്‌ അവൻ തയ്യാറായത്‌ എന്തുകൊണ്ടാണ്‌? (എബ്രായർ 11:19 വായിക്കുക.) അവൻ പുനരുത്ഥാനത്തിൽ വിശ്വസിച്ചതുകൊണ്ട്‌. അതിന്‌ ഈടുറ്റ ഒരു കാരണവും അവനുണ്ടായിരുന്നു. വാർധക്യത്തിലായിരുന്ന അബ്രാഹാമിന്റെയും സാറായുടെയും പുനരുത്‌പാദനപ്രാപ്‌തി യഹോവ പുനർജ്ജീവിപ്പിച്ചതുകൊണ്ടാണല്ലോ അവർക്ക്‌ ഒരു മകൻ ജനിച്ചതുതന്നെ! (ഉല്‌പ. 18:10-14; 21:1-3; റോമ. 4:19-21) കൂടാതെ, യഹോവയുടെ വാഗ്‌ദാനവും അവനുണ്ടായിരുന്നു. ദൈവം അവനോടു പറഞ്ഞു: “യിസ്‌ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്‌.” (ഉല്‌പ. 21:12) അതുകൊണ്ട്‌ ദൈവം യിസ്‌ഹാക്കിനെ ഉയിർപ്പിക്കുമെന്നു വിശ്വസിക്കാൻ അബ്രാഹാമിനു തക്ക കാരണങ്ങളുണ്ടായിരുന്നു.

6, 7. (എ) അബ്രാഹാമുമായി യഹോവ എന്ത്‌ ഉടമ്പടി ചെയ്‌തു? (ബി) അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്‌ദാനം മനുഷ്യവർഗത്തിന്‌ പ്രത്യാശ പകർന്നത്‌ എങ്ങനെ?

6 അബ്രാഹാമിന്റെ അന്യാദൃശമായ വിശ്വാസംകണ്ട യഹോവ അവനുമായി ഒരു ഉടമ്പടി ചെയ്‌തു, അവന്റെ “സന്തതി”യെക്കുറിച്ചുള്ള ഒരു ഉടമ്പടി. (ഉല്‌പത്തി 22:18 വായിക്കുക.) ആ “സന്തതി”യുടെ മുഖ്യഭാഗം യേശുക്രിസ്‌തുവാണെന്നു പിന്നീട്‌ തെളിയുകയുണ്ടായി. (ഗലാ. 3:16) അവന്റെ “സന്തതി” “ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്‌ക്കരയിലെ മണൽപോലെയും” അത്യന്തം വർധിക്കുമെന്നും യഹോവ അബ്രാഹാമിനെ അറിയിച്ചിരുന്നു. (ഉല്‌പ. 22:17) പക്ഷേ “സന്തതി” എത്രത്തോളം വർധിച്ചുപെരുകുമെന്ന്‌ അവന്‌ അറിയില്ലായിരുന്നു, എന്നാൽ പിന്നീട്‌ അതും വെളിപ്പെടുത്തപ്പെട്ടു. യേശുക്രിസ്‌തുവും അവനോടുകൂടെ അവന്റെ രാജ്യത്തിൽ ഭരണപങ്കാളികളാകുന്ന 1,44,000 പേരും ചേർന്ന്‌ രൂപംകൊള്ളുന്നതാണ്‌ ഈ “സന്തതി.” (ഗലാ. 3:29; വെളി. 7:4; 14:1) ‘ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത്‌’ ഈ മിശിഹൈകരാജ്യം മുഖാന്തരമാണ്‌.

7 യഹോവ തന്നോടു ചെയ്‌ത ഉടമ്പടിയുടെ പ്രാധാന്യം പൂർണമായി ഗ്രഹിക്കാൻ അബ്രാഹാമിനു കഴിഞ്ഞിട്ടുണ്ടാവില്ല. എന്നിരുന്നാലും ‘യഥാർഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി അവൻ കാത്തിരുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (എബ്രാ. 11:10) ആ നഗരം ദൈവരാജ്യമാണ്‌. ഭൂമിയിലെ നിത്യജീവൻ ഉൾപ്പെടെ ആ രാജ്യത്തിൻകീഴിലെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ അബ്രാഹാം വീണ്ടും ജീവിച്ചേമതിയാകൂ, പുനരുത്ഥാനത്തിലൂടെ അവന്‌ അത്‌ സാധ്യമാകും. അർമഗെദോനെ അതിജീവിക്കുന്നവർക്കും മരിച്ചവരിൽനിന്ന്‌ ഉയിർത്തെഴുന്നേൽക്കുന്നവർക്കും എന്നേക്കും ജീവിക്കുന്നതിനുള്ള അവസരമുണ്ട്‌.—വെളി. 7:9, 14; 20:12-14.

“എന്റെ ഉള്ളിലെ ആത്മാവും എന്നെ നിർബ്ബന്ധിക്കുന്നു”

8, 9. ഇയ്യോബിന്റെ പുസ്‌തകം കേവലം ഒരു മനുഷ്യന്റെ ക്ലേശങ്ങളെക്കുറിച്ചുള്ള വിവരണമല്ലാത്തത്‌ എന്തുകൊണ്ട്‌?

8 അബ്രാഹാമിന്റെ പ്രപൗത്രനായ യോസേഫിന്റെയും പ്രവാചകനായ മോശയുടെയും ജീവിതകാലത്തിനിടയ്‌ക്കുള്ള സമയത്താണ്‌ ഇയ്യോബ്‌ ജീവിച്ചിരുന്നത്‌. ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌തകം മോശയായിരിക്കണം എഴുതിയത്‌. അതിൽ യഹോവ എന്തുകൊണ്ടാണ്‌ ഇയ്യോബിന്‌ ദുരിതങ്ങൾ അനുവദിച്ചതെന്നും അതിന്റെ പര്യവസാനം എങ്ങനെയായിരുന്നെന്നും വിവരിക്കുന്നുണ്ട്‌. കേവലം ഒരു മനുഷ്യനുണ്ടായ തിക്താനുഭവങ്ങൾ വിവരിക്കുന്ന ഒന്നല്ല ഇയ്യോബിന്റെ പുസ്‌തകം. സകല മനുഷ്യരെയും ആത്മജീവികളെയും ബാധിക്കുന്ന സാർവ്വത്രികപ്രാധാന്യമുള്ള ചില വിവാദവിഷയങ്ങളെ കേന്ദ്രീകരിച്ചുള്ളതാണിത്‌. യഹോവയുടെ ഭരണം നീതിനിഷ്‌ഠമാണെന്ന വസ്‌തുതയിലേക്കു വെളിച്ചംവീശുന്നു ഈ പുസ്‌തകം. ഏദെനിൽ ഉന്നയിക്കപ്പെട്ട വിവാദവിഷയത്തിൽ ഭൂമിയിലെ സകല ദൈവദാസന്മാരുടെയും നിത്യജീവനും നിർമലതയും ഉൾപ്പെട്ടിരിക്കുന്നുവെന്നും ഈ പുസ്‌തകം വെളിവാക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഇയ്യോബിന്‌ അറിയില്ലായിരുന്നുവെങ്കിലും, ദൈവത്തോടു വിശ്വസ്‌തനായിരിക്കുന്നതിൽ താൻ പരാജയപ്പെട്ടു എന്ന തോന്നൽ തന്നിൽ ഉളവാക്കാൻ ഇയ്യോബ്‌ തന്റെ മൂന്നുസുഹൃത്തുക്കളെ അനുവദിച്ചില്ല. (ഇയ്യോ. 27:5) ഇയ്യോബിന്റെ ഈ ദൃഷ്ടാന്തം നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ നമ്മെ സഹായിക്കും. കൂടാതെ, ദൈവത്തോടു വിശ്വസ്‌തരായിരിക്കാനും യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാനും നമുക്ക്‌ സാധിക്കുമെന്ന ബോധ്യം നമ്മിൽ ഉളവാക്കാനും ഇയ്യോബിന്റെ ഈ മാതൃകയ്‌ക്കാകും.

9 ആശ്വാസകരെന്ന വ്യാജേന എത്തിയ മൂന്നുപേരും സംസാരിച്ചുകഴിഞ്ഞപ്പോൾ “ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ” സംസാരിച്ചുതുടങ്ങി. എന്താണ്‌ അവനെ അതിനു പ്രേരിപ്പിച്ചത്‌? “ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവും എന്നെ നിർബ്ബന്ധിക്കുന്നു” എന്നാണ്‌ അവൻ പറഞ്ഞത്‌. (ഇയ്യോ. 32:5, 6, 18) ഇയ്യോബിന്‌ ആരോഗ്യവും സൗഭാഗ്യങ്ങളും തിരിച്ചുകിട്ടിയപ്പോൾ എലീഹൂ നിശ്വസ്‌തതയിൽ പറഞ്ഞ കാര്യങ്ങൾ നിവൃത്തിയായി. എന്നിരുന്നാലും മറ്റുള്ളവരെ സംബന്ധിച്ചും അവന്റെ വാക്കുകൾ അർഥപൂർണമാണ്‌. എല്ലാ വിശ്വസ്‌തർക്കും ആ വാക്കുകൾ പ്രത്യാശ പകരുന്നു.

10. യഹോവ ഒരു വ്യക്തിക്കു നൽകുന്ന സന്ദേശങ്ങൾ ചിലപ്പോൾ മനുഷ്യവർഗത്തെ ഒന്നാകെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കുമെന്ന്‌ എന്ത്‌ സൂചിപ്പിക്കുന്നു?

10 മനുഷ്യവർഗത്തിനു മൊത്തം ബാധകമാകുന്ന കാര്യങ്ങൾ യഹോവ ചിലപ്പോൾ ഒരു വ്യക്തിക്കു നൽകുന്ന സന്ദേശത്തിൽ ഉൾപ്പെടുത്താറുണ്ട്‌. ഇതിനൊരു ഉദാഹരണമാണ്‌ ബാബിലോണിയൻ രാജാവായ നെബൂഖദ്‌നേസർ കണ്ട സ്വപ്‌നം. ഒരു പടുകൂറ്റൻ വൃക്ഷം വെട്ടിയിടുന്നതായുള്ള ആ സ്വപ്‌നം ദാനിയേൽ പ്രവചനത്തിലാണു നാം കാണുന്നത്‌. (ദാനീ. 4:10-27) നെബൂഖദ്‌നേസറിനോടുള്ള ബന്ധത്തിൽ അതിന്‌ ഒരു നിവൃത്തി ഉണ്ടായിരുന്നെങ്കിലും ആ സ്വപ്‌നം അതിലും വലിയ കാര്യങ്ങളിലേക്ക്‌ വിരൽചൂണ്ടി. ദാവീദിലൂടെ വരുന്ന ഒരു രാജ്യംമുഖേന, ഭൂമിയോടുള്ള ബന്ധത്തിൽ യഹോവയുടെ പരമാധികാരം വീണ്ടും പ്രയോഗിക്കപ്പെടുമെന്ന്‌ ഇതു സൂചിപ്പിക്കുന്നു. ബി.സി. 607-ൽ തുടങ്ങി 2,520 വർഷങ്ങൾ നീളുന്ന ഒരു കാലഘട്ടത്തിനൊടുവിൽ ഇതു സംഭവിക്കുമായിരുന്നു. * 1914-ൽ യേശുക്രിസ്‌തുവിനെ സ്വർഗീയ രാജാവായി അവരോധിച്ചതോടെ നമ്മുടെ ഭൂഗ്രഹത്തോടുള്ള ബന്ധത്തിൽ ദൈവത്തിന്റെ പരമാധികാരം വ്യത്യസ്‌തമായൊരുവിധത്തിൽ വീണ്ടും പ്രയോഗിക്കപ്പെടാൻ തുടങ്ങി. അതെ, ഈ രാജ്യഭരണം ഉടൻതന്നെ അനുസരണമുള്ള മനുഷ്യവർഗത്തിന്റെ പ്രതീക്ഷകൾ പൂവണിയിക്കും!

“കുഴിയിലിറങ്ങാതെ . . . അവനെ വിടുവിക്കും”

11. എലീഹൂവിന്റെ വാക്കുകൾ ദൈവത്തെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

11 ‘മനുഷ്യനോട്‌ അവന്റെ ധർമ്മം അറിയിക്കേണ്ടതിന്‌ ആയിരത്തിൽ ഒരുത്തനായി, മദ്ധ്യസ്ഥനായോരു ദൂതനെക്കുറിച്ച്‌’ ഇയ്യോബിനോടുള്ള മറുപടിയിൽ എലീഹൂ പറയുന്നു. ഈ ദൂതൻ ‘ദൈവത്തോടു പ്രാർത്ഥിക്കുകയും അവൻ അവങ്കൽ പ്രസാദിക്കുകയും’ ചെയ്യുന്നെങ്കിലോ? ദൈവം അവനോടു കരുണ കാണിച്ചുകൊണ്ടു പറയും: ‘ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു; കുഴിയിലിറങ്ങാതെ ഞാൻ അവനെ വിടുവിക്കും . . . അവന്റെ ദേഹം യൗവനത്തിലെക്കാൾ ചൈതന്യവത്താകട്ടെ; അവൻ യൗവനകാലത്തിലേക്കു മടങ്ങിവരട്ടെ.’ (ഇയ്യോ. 33:23-26, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) മാനസാന്തരപ്പെടുന്ന മനുഷ്യർക്കുവേണ്ടി “ഒരു മറുവില” സ്വീകരിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കമാണ്‌ ഈ വാക്കുകളിൽ കാണുന്നത്‌.—ഇയ്യോ. 33:24.

12. എലീഹൂവിന്റെ വാക്കുകൾ പൊതുവിൽ മനുഷ്യവർഗത്തിന്‌ എന്തു പ്രത്യാശ നൽകുന്നു?

12 മറുവിലയുടെ പ്രാധാന്യം എലീഹൂവിന്‌ പൂർണമായി മനസ്സിലായിക്കാണില്ല; പ്രവാചകന്മാരും അവർ പ്രവചിച്ച കാര്യങ്ങളുടെ അർഥം പൂർണമായി ഗ്രഹിച്ചിരുന്നില്ലല്ലോ. (ദാനീ. 12:8; 1 പത്രോ. 1:10-12) ദൈവം ഒരുനാൾ മറുവില സ്വീകരിക്കുമെന്നും വാർധക്യത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നും മനുഷ്യനെ മോചിപ്പിക്കുമെന്നുമുള്ള പ്രത്യാശ നൽകുന്നതായിരുന്നു എലീഹൂവിന്റെ വാക്കുകൾ. നിത്യജീവന്റെ മഹത്തായ പ്രത്യാശയായിരുന്നു ആ വാക്കുകളിൽ അന്തർലീനമായിരുന്നത്‌. പുനരുത്ഥാനം ഒരു യാഥാർഥ്യമാണെന്നതിനും ഇയ്യോബിന്റെ പുസ്‌തകം സാക്ഷ്യം നൽകുന്നു.—ഇയ്യോ. 14:14, 15.

13. ഇന്നു ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം എലീഹൂവിന്റെ വാക്കുകൾ അർഥവത്തായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ഇന്നത്തെ ഈ വ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കുമെന്ന്‌ പ്രത്യാശിക്കുന്ന ലക്ഷക്കണക്കിന്‌ ക്രിസ്‌ത്യാനികൾക്കും എലീഹൂവിന്റെ വാക്കുകൾ അർഥവത്താണ്‌. അതിജീവകർക്കിടയിലെ പ്രായംചെന്നവർക്ക്‌ അവരുടെ യൗവനചൈതന്യം തിരികെ ലഭിക്കും. (വെളി. 7:9, 10, 14-17) പുനരുത്ഥാനം പ്രാപിക്കുന്നവർ യുവത്വത്തിലേക്കു മടങ്ങിവരുന്നത്‌ കാണാൻ സാധിക്കുമെന്ന പ്രത്യാശ വിശ്വസ്‌തരായ ആളുകൾക്ക്‌ ഉൾപ്പുളകമേകുന്നതാണ്‌. ക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കു സ്വർഗീയ മഹത്ത്വത്തിലുള്ള അമർത്യജീവനും ‘വേറെ ആടുകൾക്കു’ ഭൂമിയിലെ നിത്യജീവനും ലഭിക്കുന്നത്‌.—യോഹ. 10:16; റോമ. 6:23.

അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും

14. ഇസ്രായേല്യർക്കു നിത്യജീവന്റെ പ്രത്യാശ ലഭിക്കേണ്ടതിന്‌ ന്യായപ്രമാണം മതിയായിരുന്നില്ല എന്ന്‌ എന്തു കാണിക്കുന്നു?

14 ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേക്കു വന്നപ്പോൾ അബ്രാഹാമിന്റെ പിൻതലമുറ ഒരു സ്വതന്ത്രരാഷ്‌ട്രമായിത്തീർന്നു. ന്യായപ്രമാണം നൽകിക്കൊണ്ട്‌ യഹോവ അവരോടു പറഞ്ഞു: “ആകയാൽ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങൾ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.” (ലേവ്യ. 18:5) ന്യായപ്രമാണത്തിന്റെ തികവുറ്റ നിലവാരങ്ങൾക്കനുസരിച്ച്‌ ജീവിക്കാൻ പരാജയപ്പെട്ട അവർ ന്യായപ്രമാണത്തിന്റെ ശാപത്തിൻകീഴിലായി, അതുകൊണ്ടുതന്നെ ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നും അവർക്കു മോചനം ആവശ്യമായിരുന്നു.—ഗലാ. 3:13.

15. ഏതു ഭാവിപ്രത്യാശയെക്കുറിച്ച്‌ എഴുതാനാണ്‌ ദാവീദ്‌ നിശ്വസ്‌തനാക്കപ്പെട്ടത്‌?

15 മോശയ്‌ക്കുശേഷം നിശ്വസ്‌തരായ മറ്റ്‌ എഴുത്തുകാരിലൂടെയും യഹോവ മനുഷ്യർക്കു നിത്യജീവന്റെ പ്രത്യാശ നീട്ടിക്കൊടുത്തു. (സങ്കീ. 21:4; 37:29) ഉദാഹരണത്തിന്‌, സീയോനിലെ സത്യാരാധകരുടെ ഐക്യത്തെക്കുറിച്ചുള്ള ഒരു സങ്കീർത്തനം ദാവീദ്‌ അവസാനിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌: “അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്‌പിച്ചിരിക്കുന്നത്‌ .”—സങ്കീ. 133:3.

16. ‘സകലഭൂമിയുടെയും’ ഭാവി എന്തായിരിക്കുമെന്നാണ്‌ യഹോവ യെശയ്യാവിലൂടെ പ്രവചിക്കുന്നത്‌?

16 ഭൂമിയിലെ നിത്യജീവനെക്കുറിച്ച്‌ പ്രവചിക്കാൻ യഹോവ യെശയ്യാവിനെ നിശ്വസ്‌തനാക്കി. (യെശയ്യാവു 25:7, 8 വായിക്കുക.) ശ്വാസംമുട്ടിക്കുന്ന ഒരു ‘മൂടുപടം’ പോലെ പാപവും മരണവും മനുഷ്യവർഗത്തെ മൂടിയിരിക്കുകയാണ്‌. എന്നാൽ, ‘സകലഭൂമിയിൽനിന്നും’ പാപത്തെയും മരണത്തെയും തുടച്ചുനീക്കുമെന്ന്‌ യഹോവ തന്റെ ജനത്തിന്‌ ഉറപ്പു കൊടുക്കുന്നു.

17. മിശിഹാ നിത്യജീവനിലേക്കു വഴിതുറക്കുമെന്ന്‌ പ്രവചനം കാണിക്കുന്നത്‌ എങ്ങനെ?

17 അസസ്സേലിന്‌ ഒരു ആട്ടുകൊറ്റനെ അയയ്‌ക്കുന്നതു സംബന്ധിച്ച്‌ ന്യായപ്രമാണത്തിൽ എന്താണു പറയുന്നതെന്നുകൂടി നോക്കാം. വർഷത്തിലൊരിക്കൽ അതായത്‌ പാപപരിഹാരദിവസം, മഹാപുരോഹിതൻ ‘ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ കൈ രണ്ടും വെച്ച്‌ യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തണം. കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം.’ (ലേവ്യ. 16:7-10, 21, 22) മിശിഹാ വരുമെന്നും അവൻ അസസ്സേലിനു സമാനമായി “അനേകരുടെ” ‘രോഗങ്ങളും’ ‘വേദനകളും’ ‘പാപവും’ വഹിച്ചുകൊണ്ടുപോകുമെന്നും അങ്ങനെ നിത്യജീവനിലേക്കുള്ള വഴിതുറക്കുമെന്നും യെശയ്യാവ്‌ പ്രവചിച്ചിരുന്നു.—യെശയ്യാവു 53:4-6, 12 വായിക്കുക.

18, 19. യെശയ്യാവു 26:19, ദാനീയേൽ 12:13 എന്നീ തിരുവെഴുത്തുകൾ നൽകുന്ന പ്രത്യാശ എന്താണ്‌?

18 യെശയ്യാവ്‌ മുഖാന്തരം യഹോവ തന്റെ ജനമായ ഇസ്രായേലിനോടു പറഞ്ഞു: “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്‌ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.” (യെശ. 26:19) അതെ, പുനരുത്ഥാനവും ഭൂമിയിലെ നിത്യജീവിതവും എബ്രായ തിരുവെഴുത്തുകൾ നമുക്കു നൽകുന്ന ഉറപ്പുകളാണ്‌. ദാനിയേലിന്‌ ഏതാണ്ട്‌ 100 വയസ്സുള്ളപ്പോൾ യഹോവ അവനോടു പറഞ്ഞു: “നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.”—ദാനീ. 12:13.

19 മരിച്ചുപോയ തന്റെ സഹോദരനെപ്പറ്റി മാർത്ത യേശുവിനോടു പറഞ്ഞു: “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന്‌ എനിക്കറിയാം.” (യോഹ. 11:24) പുനരുത്ഥാന പ്രത്യാശ ഉണ്ടായിരുന്നതുകൊണ്ടാണ്‌ അവൾക്ക്‌ അങ്ങനെ പറയാനായത്‌. പിന്നീട്‌, യേശുവിന്റെ പഠിപ്പിക്കലുകളും അവന്റെ ശിഷ്യന്മാരുടെ നിശ്വസ്‌ത ലേഖനങ്ങളും ഈ പ്രത്യാശയ്‌ക്കു മാറ്റം വരുത്തിയോ? ഭൂമിയിൽ എന്നേക്കും ജീവിക്കാൻ സാധിക്കുമെന്ന പ്രത്യാശ യഹോവ ഇന്നും മനുഷ്യന്‌ നൽകുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനായിരിക്കും അടുത്ത ലേഖനം ശ്രമിക്കുന്നത്‌.

[അടിക്കുറിപ്പ്‌]

നിങ്ങൾക്കു വിശദീകരിക്കാമോ?

• ഏതു പ്രത്യാശയുടെ അടിസ്ഥാനത്തിലാണ്‌ മനുഷ്യ സൃഷ്ടി ‘വ്യർഥതയ്‌ക്കു വിധേയമാക്കപ്പെട്ടത്‌’?

• അബ്രാഹാമിനു പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരുന്നു എന്നതിന്‌ എന്തു തെളിവുണ്ട്‌?

• ഇയ്യോബിനോടുള്ള എലീഹൂവിന്റെ വാക്കുകൾ മനുഷ്യവർഗത്തിന്‌ എന്തു പ്രത്യാശ നൽകുന്നു?

• എബ്രായ തിരുവെഴുത്തുകൾ പുനരുത്ഥാനത്തിനും ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയ്‌ക്കും ഉറപ്പുനൽകുന്നത്‌ എങ്ങനെയാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[5-ാം പേജിലെ ചിത്രം]

വാർധക്യത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നു മനുഷ്യനു മോചനമുണ്ട്‌; ഇയ്യോബിനോടുള്ള എലീഹൂവിന്റെ വാക്കുകളിൽ നിറയുന്നത്‌ ഈ പ്രത്യാശയാണ്‌

[6-ാം പേജിലെ ചിത്രം]

“നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും” എന്ന ഉറപ്പ്‌ ദാനിയേലിനു ലഭിച്ചു