ഭൂമിയിലെ നിത്യജീവൻ: മറനീക്കിയെടുത്ത പ്രത്യാശ
ഭൂമിയിലെ നിത്യജീവൻ: മറനീക്കിയെടുത്ത പ്രത്യാശ
‘നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെക്കുക. പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.’—ദാനീ. 12:4.
1, 2. ഈ ലേഖനത്തിൽ ഏതു ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും?
ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുക! ഇത് തിരുവെഴുത്തധിഷ്‌ഠിതമായ ഒരു പ്രത്യാശയാണെന്ന് ഇന്ന് ലക്ഷോപലക്ഷം ജനങ്ങൾക്ക് വ്യക്തമായി അറിയാം. (വെളി. 7:9, 17) മനുഷ്യനെ സൃഷ്ടിച്ചത് ഏതാനുംവർഷം ജീവിച്ചിട്ട് മരിക്കാൻവേണ്ടിയല്ല, മറിച്ച് നിത്യമായി ജീവിക്കുന്നതിനുവേണ്ടിയാണെന്ന് മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ ദൈവം വെളിപ്പെടുത്തുകയുണ്ടായി.—ഉല്‌പ. 1:26-28.
2 മനുഷ്യവർഗം പൂർണതയിലേക്ക് തിരികെവരും എന്നുള്ളത് ഇസ്രായേൽജനതയുടെ ഒരു പ്രത്യാശയായിരുന്നു. ഭൂമിയിലെ പറുദീസയിൽ മനുഷ്യവർഗത്തിന് നിത്യജീവൻ സാധ്യമാകുന്നത് എങ്ങനെയെന്ന് ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകൾ വിശദീകരിക്കുന്നുമുണ്ട്. പിന്നെയെന്തുകൊണ്ടാണ് മനുഷ്യവർഗത്തിന്റെ ആ പ്രത്യാശ മറനീക്കിയെടുക്കേണ്ടിവന്നത്? ഈ പ്രത്യാശ വെളിച്ചംകണ്ടതും ദശലക്ഷങ്ങൾ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നതും എങ്ങനെയാണ്?
തമസ്‌കരിക്കപ്പെട്ട പ്രത്യാശ
3. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ മറഞ്ഞുപോയതിൽ അതിശയിക്കാനില്ലാത്തത് എന്തുകൊണ്ട്?
3 കള്ളപ്രവാചകന്മാർ പലരും തന്റെ പഠിപ്പിക്കലുകളെ ദുഷിപ്പിച്ച് അനേകരെ വഴിതെറ്റിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്താ. 24:11) “നിങ്ങളുടെ ഇടയിലും വ്യാജോപദേഷ്ടാക്കൾ ഉണ്ടാകും” എന്ന് അപ്പൊസ്‌തലനായ പത്രോസും മുന്നറിയിപ്പുനൽകി. (2 പത്രോ. 2:1) “[ആളുകൾ] സത്യോപദേശത്തോട് അസഹിഷ്‌ണുത കാണിക്കുന്ന കാലം വരുന്നു; അന്ന് അവർ കർണരസം പകരുന്ന കാര്യങ്ങൾ പറഞ്ഞുകേൾക്കാനായി സ്വന്തം ആഗ്രഹത്തിനൊത്തവിധം ഉപദേഷ്ടാക്കന്മാരെ വർധിപ്പിക്കും” എന്ന് പൗലോസ് അപ്പൊസ്‌തലനും പറയുകയുണ്ടായി. (2 തിമൊ. 4:3, 4) ആളുകളെ വഴിതെറ്റിക്കുന്നത് സാത്താനാണ്, വിശ്വാസത്യാഗംഭവിച്ച ക്രിസ്‌ത്യാനിത്വത്തെ അവൻ ഉപകരണമായി ഉപയോഗിച്ചിരിക്കുന്നു. അങ്ങനെ മനുഷ്യനെയും ഭൂമിയെയും സംബന്ധിച്ച ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള ഹൃദയോഷ്‌മളമായ സത്യം അവൻ മറച്ചുകളഞ്ഞു.—2 കൊരിന്ത്യർ 4:3, 4 വായിക്കുക.
4. മനുഷ്യവർഗത്തിന്റെ ഏതു പ്രത്യാശയാണ് വിശ്വാസത്യാഗികളായ മതനേതാക്കന്മാർ തള്ളിക്കളഞ്ഞത്?
4 ദൈവരാജ്യം ഒരു സ്വർഗീയ ഗവണ്മെന്റാണെന്നും അത് സകല മാനുഷ ഭരണകൂടങ്ങളെയും തകർത്ത് ഇല്ലാതാക്കുമെന്നും തിരുവെഴുത്തുകൾ പറയുന്നു. (ദാനീ. 2:44) ക്രിസ്‌തുവിന്റെ സഹസ്രാബ്ദവാഴ്‌ചക്കാലത്ത് സാത്താൻ അഗാധത്തിൽ അടയ്‌ക്കപ്പെടും, മരിച്ചവർ ജീവനിലേക്കു വരും, മനുഷ്യവർഗം ഈ ഭൂമിയിൽ പൂർണതയിലേക്ക് ഉയർത്തപ്പെടും. (വെളി. 20:1-3, 6, 12; 21:1-4) എന്നാൽ, വിശ്വാസത്യാഗികളായ ക്രൈസ്‌തവനേതാക്കന്മാർ അന്യോപദേശങ്ങൾ സ്വീകരിക്കുകയും അവ പഠിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവായ അലക്‌സാണ്ട്രിയയിലെ ഓറിജൻ ഇതിനൊരു ഉദാഹരണമാണ്. അദ്ദേഹം, സഹസ്രാബ്ദവാഴ്‌ചയിലും അത് ഭൂമിയിൽ ചൊരിയുന്ന അനുഗ്രഹങ്ങളിലും വിശ്വസിച്ചിരുന്നവരെ അധിക്ഷേപിച്ചിരുന്നു. കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞനായ ഹിപ്പോയിലെ അഗസ്റ്റിൻ (എ.ഡി. 354-430) “[ഭാവി] സഹസ്രാബ്ദം എന്നൊന്നില്ല എന്ന വിശ്വാസക്കാരനായിരുന്നു,” ദ കാത്തലിക്ക് എൻസൈക്ലോപീഡിയ പറയുന്നു. *
5, 6. ഓറിജനും അഗസ്റ്റിനും സഹസ്രാബ്ദം എന്ന ആശയത്തെ എതിർത്തത് എന്തുകൊണ്ട്?
5 ഓറിജനും അഗസ്റ്റിനും ഭൂമിയിലെ സഹസ്രാബ്ദവാഴ്‌ച എന്ന ആശയത്തിന് എതിരായിരുന്നത് എന്തുകൊണ്ട്? അലക്‌സാണ്ട്രിയയിലെ ക്ലമന്റിന്റെ ശിഷ്യനായിരുന്നു ഓറിജൻ. ഗ്രീക്ക് പാരമ്പര്യത്തിലെ അമർത്യദേഹിയെന്ന ആശയം സ്വീകരിച്ച ഒരു വ്യക്തിയായിരുന്നു ക്ലമന്റ്. ദേഹിയെക്കുറിച്ചുള്ള പ്ലേറ്റോണിക ആശയങ്ങളുടെ സ്വാധീനവലയത്തിലായ ഓറിജൻ,
“പ്ലേറ്റോയിൽനിന്നു കടമെടുത്ത, ദേഹിയെക്കുറിച്ചുള്ള സകല ആശയങ്ങളും ക്രിസ്‌തീയ വിശ്വാസത്തോടു കൂട്ടിച്ചേർത്തു” എന്ന് ദൈവശാസ്‌ത്രജ്ഞനായ വെർനർ യഗ്ഗ് പറയുന്നു. അങ്ങനെ, സഹസ്രാബ്ദവാഴ്‌ചയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നത് ഭൂമിയിലല്ല ആത്മീയ മണ്ഡലത്തിലാണെന്ന് ഓറിജൻ പഠിപ്പിക്കാൻ തുടങ്ങി.6 മുപ്പത്തിമൂന്നാം വയസ്സിൽ “ക്രിസ്‌ത്യാനിത്വം” സ്വീകരിക്കുന്നതിനുമുമ്പ് അഗസ്റ്റിൻ നവപ്ലേറ്റോണിക ചിന്താഗതിക്കാരനായിരുന്നു; മൂന്നാം നൂറ്റാണ്ടിൽ പ്ലേറ്റോയുടെ ആശയങ്ങളിൽനിന്ന് പ്ലോറ്റിനസ് എന്നയാൾ രൂപപ്പെടുത്തിയെടുത്ത തത്ത്വചിന്തയുടെ ഉപാസകൻ. ക്രിസ്‌ത്യാനിത്വം സ്വീകരിച്ചശേഷവും അഗസ്റ്റിൻ നവപ്ലേറ്റോണിക തത്ത്വശാസ്‌ത്രത്തെ കൈവിട്ടില്ല. “പുതിയനിയമപ്രകാരമുള്ള മതത്തെ, യവന തത്ത്വശാസ്‌ത്രത്തിന്റെ പ്ലേറ്റോണിക പാരമ്പര്യവുമായി വിളക്കിച്ചേർത്തത് അഗസ്റ്റിനായിരുന്നു,” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. വെളിപാട് 20-ാം അധ്യായത്തിലെ ആയിരംവർഷ വാഴ്‌ചയെ “പ്രതീകാത്മക അർഥങ്ങൾ കൽപ്പിച്ചുകൊണ്ടാണ്” അഗസ്റ്റിൻ വിശദീകരിക്കുന്നതെന്ന് ദ കാത്തലിക്ക് എൻസൈക്ലോപീഡിയ പറയുന്നു. “പിന്നീടുവന്ന പാശ്ചാത്യ ദൈവശാസ്‌ത്രജ്ഞരും ഈ ആശയത്തെ ഏറ്റുപാടി. അങ്ങനെ, സഹസ്രാബ്ദത്തെക്കുറിച്ചുള്ള ആദിമ വീക്ഷണം പിന്തള്ളപ്പെട്ടു” എന്നും അത് പറഞ്ഞു.
7. ഭൂമിയിലെ നിത്യജീവനെന്ന മനുഷ്യന്റെ പ്രത്യാശയെ ഏത് വ്യാജോപദേശം മൂടിക്കളഞ്ഞു, എങ്ങനെ?
7 ഭൂമിയിലെ നിത്യജീവൻ എന്ന മനുഷ്യവർഗത്തിന്റെ പ്രത്യാശയെ നിഷ്‌പ്രഭമാക്കിയത് പുരാതന ബാബിലോണിൽ പ്രബലമായിരുന്ന ഒരു ആശയമായിരുന്നു—ഭൗതിക ശരീരത്തിൽ കുടികൊള്ളുന്ന ഒരു അമർത്യ ആത്മാവ് മനുഷ്യനുണ്ടെന്ന ആശയം. ലോകമെങ്ങും വ്യാപിച്ച ഈ ആശയത്തെ ക്രൈസ്‌തവലോകവും കടംകൊണ്ടു. അവരുടെ ദൈവശാസ്‌ത്രജ്ഞന്മാർ, എല്ലാ നല്ല മനുഷ്യരും സ്വർഗത്തിൽ പോകുമെന്നാണ് തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതെന്ന ധാരണനൽകുംവിധം സ്വർഗീയ പ്രത്യാശയെ പരാമർശിക്കുന്ന വേദഭാഗങ്ങൾ വളച്ചൊടിച്ചു. ഈ വീക്ഷണം അനുസരിച്ച്, ഭൂമി മനുഷ്യന് ഒരു ഇടത്താവളം മാത്രമാണ്; സ്വർഗീയ ജീവിതത്തിന് അവൻ യോഗ്യത നേടുമോ എന്ന് പരീക്ഷിച്ചറിയുക എന്നൊരു ഉദ്ദേശ്യമേ ഭൂമിയിലെ അവന്റെ ജീവിതത്തിനുള്ളൂ. ഭൂമിയിൽ നിത്യം ജീവിക്കാമെന്ന യഹൂദ ജനതയുടെ പ്രത്യാശയ്‌ക്കും സമാനമായ ഒരു മാറ്റമുണ്ടായി. മനുഷ്യന്റെ അമർത്യദേഹിയെന്ന ഗ്രീക്ക് ആശയത്തെ ക്രമേണ യഹൂദന്മാർ സ്വാഗതംചെയ്‌തുതുടങ്ങി. അങ്ങനെ, ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ അവർക്ക് അന്യമായിത്തുടങ്ങി. എന്നാൽ മനുഷ്യനെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എത്ര വ്യത്യസ്‌തമാണ്! മനുഷ്യൻ ഒരു ഭൗതിക സൃഷ്ടിയാണ്, ഒരു ആത്മജീവിയല്ല. ആദ്യമനുഷ്യനോട് യഹോവ പറഞ്ഞു: “നീ പൊടിയാകുന്നു.” (ഉല്‌പ. 3:19) അതെ, മനുഷ്യന്റെ ശാശ്വതഭവനം ഭൂമിയാണ്, സ്വർഗമല്ല.—സങ്കീർത്തനം 104:5; 115:16 വായിക്കുക.
ഇരുട്ടിൽ സത്യത്തിന്റെ പ്രകാശം
8. മനുഷ്യന്റെ പ്രത്യാശയെക്കുറിച്ച് 16-ാം നൂറ്റാണ്ടിലെ ചില പണ്ഡിതന്മാർ പറയുന്നത് എന്താണ്?
8 ക്രിസ്‌തീയമെന്ന് അവകാശപ്പെടുന്ന മിക്കമതങ്ങളും ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെ തിരസ്‌കരിക്കുന്നുവെങ്കിലും ആ പ്രത്യാശ എന്നും മറച്ചുവെക്കാൻ സാത്താന് കഴിഞ്ഞിട്ടില്ല. ബൈബിൾ സൂക്ഷ്‌മമായി പഠിച്ച ചിലർക്ക്, ദൈവം മനുഷ്യവർഗത്തിന് പൂർണത തിരികെത്തരുന്നത് എങ്ങനെയെന്നുള്ളതിന്റെ ചില വശങ്ങൾ മനസ്സിലാക്കാനായിട്ടുണ്ട്. ഇങ്ങനെ സത്യത്തിന്റെ പ്രകാശം ലഭിച്ച പലരും നൂറ്റാണ്ടുകളിലൂടനീളം ജീവിച്ചിരുന്നിട്ടുണ്ട്. (സങ്കീ. 97:11; മത്താ. 7:13, 14; 13:37-39) 16-ാം നൂറ്റാണ്ടോടെ, വിവർത്തനങ്ങളും അച്ചടിയും വ്യാപകമായതോടെ, തിരുവെഴുത്തുകൾ കൂടുതൽ ലഭ്യമായിത്തുടങ്ങി. 1651-ൽ ഒരു പണ്ഡിതൻ ഇങ്ങനെയെഴുതി, മനുഷ്യർ ആദാമിലൂടെ “പറുദീസ കളഞ്ഞുകുളിച്ചു, ഒപ്പം ഭൂമിയിലെ നിത്യജീവനും,” എന്നാൽ ക്രിസ്‌തുവിലൂടെ “സകലർക്കും ഭൂമിയിലെ ജീവിതം സാധ്യമാകും, അല്ലാത്തപക്ഷം ആ താരതമ്യം നിരർഥകമാകും.” (1 കൊരിന്ത്യർ 15:21, 22 വായിക്കുക.) പറുദീസാ നഷ്ടം, (Paradise Lost) പറുദീസാ പുനർലാഭം (Paradise Regained) എന്നീ മഹാകാവ്യങ്ങൾ രചിച്ച വിശ്രുത ആംഗലേയ കവിയാണ് ജോൺ മിൽട്ടൺ (1608-1674). വിശ്വസ്‌തരായ മനുഷ്യർക്ക് ഭൂമിയിലെ പറുദീസയിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ കൃതികളിൽ പ്രതിപാദിക്കുന്നുണ്ട്. ജീവിതത്തിന്റെ ഏറിയ പങ്കും അദ്ദേഹം ബൈബിൾ പഠനത്തിനായി സമർപ്പിച്ചുവെങ്കിലും, തിരുവെഴുത്തുസത്യങ്ങൾ ക്രിസ്‌തുവിന്റെ സാന്നിധ്യകാലമെത്തുന്നതുവരെ മുഴുവനായി ഗ്രഹിക്കാനാവില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
9, 10. (എ) മനുഷ്യവർഗത്തിന്റെ പ്രത്യാശയെക്കുറിച്ച് ഐസക് ന്യൂട്ടൻ എന്താണ് എഴുതിയത്? (ബി) ക്രിസ്‌തുവിന്റെ സാന്നിധ്യകാലം വളരെ അകലെയാണെന്ന് ന്യൂട്ടന് തോന്നിയത് എന്തുകൊണ്ട്?
9 ബൈബിൾ അതീവതാത്‌പര്യത്തോടെ പരിശോധിച്ച വ്യക്തിയായിരുന്നു വിഖ്യാത ഗണിതശാസ്‌ത്രജ്ഞനായ സർ ഐസക് ന്യൂട്ടൻ (1642-1727). വിശുദ്ധന്മാർ സ്വർഗീയ ജീവനിലേക്ക് എടുക്കപ്പെടുമെന്നും ക്രിസ്‌തുവിനോടൊപ്പം അദൃശ്യരായി ഭരണം നടത്തുമെന്നും അദ്ദേഹം മനസ്സിലാക്കി. (വെളി. 5:9, 10) ആ രാജ്യത്തിന്റെ പ്രജകളെക്കുറിച്ച് അദ്ദേഹം എഴുതി: “ന്യായവിധിദിവസത്തിനുശേഷവും ഭൂമിയിൽ മർത്യരുണ്ടായിരിക്കും; ഇതു കേവലം ആയിരംവർഷത്തേക്കല്ല, എന്നെന്നേക്കും”
10 ക്രിസ്‌തുവിന്റെ സാന്നിധ്യം നൂറ്റാണ്ടുകൾ അകലെയാണെന്നാണ് ന്യൂട്ടൻ ചിന്തിച്ചിരുന്നത്. ചരിത്രകാരനായ സ്റ്റീവൻ സ്‌നോബെലൻ എഴുതുന്നു: “തനിക്കു ചുറ്റുംകണ്ട വിശ്വാസത്യാഗപരമായ ത്രിത്വോപദേശത്തിന്റെ അതിപ്രസരമാണ് ദൈവത്തിന്റെ രാജ്യം അതിവിദൂരഭാവിയിലാണെന്ന് ചിന്തിക്കാൻ ന്യൂട്ടനെ പ്രേരിപ്പിച്ച ഒരു ഘടകം.” സുവാർത്ത അപ്പോഴും മറഞ്ഞിരിക്കുകയായിരുന്നു. അതു പ്രസംഗിക്കാൻ കഴിയുമായിരുന്ന ഒരു “ക്രിസ്‌ത്യൻ” പ്രസ്ഥാനത്തെയും അദ്ദേഹത്തിനു കാണാനായില്ല. അദ്ദേഹം എഴുതി: “ദാനിയേലിന്റെയും യോഹന്നാന്റെയും [വെളിപാട് പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന] പ്രവചനങ്ങൾ അന്ത്യകാലംവരെയും മനസ്സിലാക്കാൻ കഴിയില്ല.” ന്യൂട്ടൻ, കാരണം വിശദീകരിക്കുന്നു: “‘അപ്പോൾ’, ‘പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും’ എന്ന് ദാനിയേൽ പറയുന്നു. മഹാകഷ്ടത്തിനും ലോകാവസാനത്തിനുംമുമ്പ് സുവിശേഷം സകല ജനതകളോടും പ്രസംഗിക്കപ്പെടണം. കയ്യിൽ കുരുത്തോലകളുമായി മഹാകഷ്ടത്തിൽനിന്നു പുറത്തുവരുന്നവരുടെ സംഖ്യ ഇത്രയധികം ആയിരിക്കണമെങ്കിൽ അതിനുമുമ്പുതന്നെ സുവിശേഷപ്രസംഗത്തിലൂടെ സകലജനതകളിൽനിന്നുള്ള വലിയൊരു കൂട്ടം രൂപീകൃതമാകണം.”—ദാനീ. 12:4; മത്താ. 24:14; വെളി. 7:9, 10.
11. മിൽട്ടന്റെയും ന്യൂട്ടന്റെയും കാലത്ത് മനുഷ്യവർഗത്തിന്റെ പ്രത്യാശ മിക്കവർക്കും മറഞ്ഞിരുന്നത് എന്തുകൊണ്ട്?
11 മിൽട്ടന്റെയും ന്യൂട്ടന്റെയും കാലത്ത് സഭയുടെ ഔദ്യോഗിക വിശ്വാസസംഹിതയ്‌ക്കെതിരായുള്ള ആശയങ്ങൾ അവതരിപ്പിക്കുന്നത് അപകടകരമായിരുന്നു. അതുകൊണ്ട് അവരുടെ വേദപഠനങ്ങൾ പലതും അവരുടെ മരണംവരെയും വെളിച്ചംകണ്ടില്ല. 16-ാം നൂറ്റാണ്ടിലെ മതനവീകരണത്തിനും അമർത്യദേഹിയെക്കുറിച്ചുള്ള ഉപദേശത്തിന് മാറ്റം വരുത്താനായില്ല. മുഖ്യധാരാ പ്രൊട്ടസ്റ്റന്റ് സഭകളും സഹസ്രാബ്ദത്തെക്കുറിച്ചുള്ള അഗസ്റ്റിന്റെ ആശയത്തെ പിന്തുടരുകയായിരുന്നു. അതായത്, സഹസ്രാബ്ദം ഭാവിയിൽ വരാനിരിക്കുന്നതല്ല അത് കഴിഞ്ഞുപോയ ഒന്നാണ് എന്ന ആശയം. അങ്ങനെയെങ്കിൽ, അന്ത്യകാലത്ത് ജ്ഞാനം വർധിച്ചിട്ടുണ്ടോ?
‘ജ്ഞാനം വർദ്ധിക്കും’
12. യഥാർഥ പരിജ്ഞാനം സുലഭമായിത്തീരേണ്ടിയിരുന്നത് എപ്പോഴായിരുന്നു?
12 ‘അന്ത്യകാലത്ത്’ സംഭവിക്കുന്ന ഒരു നല്ല മാറ്റത്തെക്കുറിച്ച് ദാനീയേൽ പറയുകയുണ്ടായി. (ദാനീയേൽ 12:3, 4, 9, 10 വായിക്കുക.) “അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും” എന്ന് യേശു പറഞ്ഞു. (മത്താ. 13:43) യഥാർഥ പരിജ്ഞാനം എങ്ങനെയാണ് അന്ത്യകാലത്ത് സുലഭമായിത്തീർന്നത്? അന്ത്യകാലത്തിനു തുടക്കംകുറിച്ച 1914-നു മുമ്പുള്ള ദശകങ്ങളിലെ ചില സുപ്രധാന സംഭവവികാസങ്ങൾ നമുക്കു നോക്കാം.
13. പൂർണതയിലേക്കുള്ള പുനഃസ്ഥാപനം എന്ന വിഷയം പഠിച്ചശേഷം സി. റ്റി. റസ്സൽ എന്ത് എഴുതി?
13 പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ സത്യാന്വേഷികളായ ചില വ്യക്തികൾ “സത്യവചനത്തിന്റെ മാതൃക” മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. (2 തിമൊ. 1:13) അവരിലൊരാളായിരുന്നു ചാൾസ് റ്റെയ്‌സ് റസ്സൽ. 1870-ൽ അദ്ദേഹവും സത്യാന്വേഷികളായ ഏതാനുംപേരും ചേർന്ന് ഒരു ബൈബിളധ്യയന ക്ലാസ്സിന് രൂപംനൽകി. 1872-ൽ അവർ ‘പൂർണതയിലേക്കുള്ള പുനഃസ്ഥാപനം’ എന്ന വിഷയം പഠനവിധേയമാക്കി. പിന്നീട് റസ്സൽ എഴുതി: “ആ സമയംവരേക്കും ഞങ്ങൾക്ക് ആ വ്യത്യാസം വ്യക്തമായി മനസ്സിലാക്കാനായില്ല. അതായത്, ഇപ്പോൾ പരിശോധനാവിധേയമായിക്കൊണ്ടിരിക്കുന്ന [അഭിഷിക്ത ക്രിസ്‌ത്യാനികളുടെ] സഭയ്‌ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലവും വിശ്വസ്‌തരായ മനുഷ്യർക്ക് ലഭിക്കാൻപോകുന്ന പ്രതിഫലവും തമ്മിലുള്ള വലിയ അന്തരം.” വിശ്വസ്‌തരായ മനുഷ്യർ “ആദ്യ പിതാവായ ആദാം ഏദെനിൽ ആസ്വദിച്ചിരുന്ന മാനുഷപൂർണതയിലേക്ക് തിരികെ വരുത്തപ്പെടും.” ബൈബിൾ പഠിക്കാൻ, തന്നെ പലരും സഹായിച്ചിട്ടുണ്ടെന്ന് റസ്സൽ പറഞ്ഞിരുന്നു. ആരൊക്കെയായിരുന്നു അവർ?
14. (എ) പ്രവൃത്തികൾ 3:21 ഹെൻറി ഡൻ മനസ്സിലാക്കിയത് എങ്ങനെ? (ബി) ഭൂമിയിൽ ജീവിക്കുന്നത് ആരായിരിക്കും എന്നാണ് ഡൻ പറഞ്ഞത്?
14 ഹെൻറി ഡൻ ആയിരുന്നു അവരിലൊരാൾ. “പണ്ടുള്ള വിശുദ്ധപ്രവാചകന്മാരുടെ വായാൽ ദൈവം അരുളിച്ചെയ്‌ത സകല കാര്യങ്ങളും പുനഃസ്ഥാപിക്കപ്പെടുന്ന”തിനെക്കുറിച്ച് അദ്ദേഹം എഴുതിയിരുന്നു. (പ്രവൃ. 3:21) ഈ പുനഃസ്ഥാപനത്തിന്റെ ഭാഗമായി, ക്രിസ്‌തുവിന്റെ ആയിരംവർഷ ഭരണകാലത്ത് ഭൂമിയിൽ മനുഷ്യവർഗം പൂർണതയിലേക്ക് വരുത്തപ്പെടുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ‘ഭൂമിയിൽ എന്നേക്കും ജീവിക്കുന്നത് ആരായിരിക്കും?’ എന്ന പലരെയും കുഴപ്പിച്ച ഒരു ചോദ്യവും അദ്ദേഹം പഠനവിഷയമാക്കി. ജനലക്ഷങ്ങൾ പുനരുത്ഥാനം ചെയ്യുമെന്നും അവർക്ക് സത്യം പഠിക്കാനും ക്രിസ്‌തുവിൽ വിശ്വസിക്കാനുമുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.
15. പുനരുത്ഥാനത്തെക്കുറിച്ച് ജോർജ് സ്റ്റോഴ്‌സ് എന്താണ് മനസ്സിലാക്കിയത്?
15 ജോർജ് സ്റ്റോഴ്‌സ് ആയിരുന്നു മറ്റൊരാൾ. 1870-ൽ അദ്ദേഹം, നീതികെട്ടവർ പുനരുത്ഥാനം ചെയ്യുമെന്നും അവർക്ക് എന്നേക്കും ജീവിക്കുന്നതിനുള്ള അവസരം തുറന്നുകിട്ടുമെന്നും നിഗമനം ചെയ്‌തു. ഈ അവസരം പ്രയോജനപ്പെടുത്താത്ത ഒരാൾ “‘നൂറു വയസ്സുള്ളവനായിരുന്നാലും’ മരിക്കും” എന്നും അദ്ദേഹം തിരുവെഴുത്തിൽനിന്നു മനസ്സിലാക്കി. (യെശ. 65:20) ന്യൂയോർക്കിലെ ബ്രുക്ലിനിൽ ജീവിച്ചിരുന്ന സ്റ്റോഴ്‌സ്, ബൈബിൾ എക്‌സാമിനർ എന്ന മാസികയുടെ എഡിറ്ററുമായിരുന്നു.
16. ബൈബിൾ വിദ്യാർഥികളെ മറ്റു ക്രൈസ്‌തവ മതങ്ങളിൽനിന്നും വ്യത്യസ്‌തരാക്കിയത് എന്തായിരുന്നു?
16 സുവാർത്ത വ്യാപകമായി ഘോഷിക്കുന്നതിനുള്ള കാലം വന്നെത്തിയെന്ന് തിരുവെഴുത്തുകളുടെ പഠനത്തിൽനിന്നു റസ്സൽ മനസ്സിലാക്കി. അതുകൊണ്ട് 1879-ൽ അദ്ദേഹം സീയോന്റെ വീക്ഷാഗോപുരവും ക്രിസ്‌തുസാന്നിദ്ധ്യ ഘോഷകനും പ്രസിദ്ധീകരിക്കാൻ തുടങ്ങി. (ഇന്നത് അറിയപ്പെടുന്നത് വീക്ഷാഗോപുരം—യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന പേരിലാണ്.) മനുഷ്യവർഗത്തിന്റെ പ്രത്യാശയുടെ യഥാർഥ ചിത്രം മുമ്പ് ചുരുക്കംചിലരേ മനസ്സിലാക്കിയിരുന്നുള്ളൂ. എന്നാലിപ്പോൾ വിവിധരാജ്യങ്ങളിലെ ബൈബിൾ വിദ്യാർഥികളുടെ കൂട്ടങ്ങൾക്ക് വീക്ഷാഗോപുരം ലഭിക്കാൻ തുടങ്ങി. അതിന്റെ പഠനത്തിലൂടെ, കുറച്ചുപേർ മാത്രമാണ് സ്വർഗത്തിൽ പോകുന്നതെന്നും മറ്റു ജനലക്ഷങ്ങൾ ഭൂമിയിലെ പൂർണതയുള്ള ജീവിതമായിരിക്കും ആസ്വദിക്കുകയെന്നുമുള്ള സത്യം അവർ തിരിച്ചറിഞ്ഞു. ഈ വിശ്വാസം ബൈബിൾ വിദ്യാർഥികളെ മറ്റു ക്രൈസ്‌തവ മതങ്ങളിൽനിന്നും വ്യത്യസ്‌തരാക്കി.
17. യഥാർഥ ജ്ഞാനം വർധിച്ചത് എങ്ങനെ?
17 മുൻകൂട്ടിപ്പറഞ്ഞ ‘അന്ത്യകാലം’ 1914-ൽ തുടങ്ങി. അപ്പോൾ, മനുഷ്യവർഗത്തിന്റെ പ്രത്യാശയെക്കുറിച്ചുള്ള യഥാർഥ ജ്ഞാനം ധാരാളമായി ദാനീ. 12:4) 1913 ആയപ്പോഴേക്കും, റസ്സലിന്റെ പ്രഭാഷണങ്ങൾ 2,000 ദിനപ്പത്രങ്ങളിൽ അച്ചടിക്കപ്പെട്ടുകഴിഞ്ഞിരുന്നു, മൊത്തം വായനക്കാരുടെ എണ്ണം 1 കോടി 50 ലക്ഷവും. 1914-ന്റെ അവസാനത്തോടെ മൂന്ന് ഭൂഖണ്ഡങ്ങളിലെ 90 ലക്ഷത്തിലധികം ആളുകൾ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കാണുകയുണ്ടായി. നിശ്ചലചിത്രങ്ങളും ചലനചിത്രങ്ങളും സഹിതമുള്ള, ക്രിസ്‌തുവിന്റെ സഹസ്രാബ്ദവാഴ്‌ചയുടെ ഒരു ചിത്രീകരണമായിരുന്നു അത്. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ വിശദീകരിക്കുന്ന, “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്ന പ്രസംഗം ലോകവ്യാപകമായി 30-ലധികം ഭാഷകളിൽ യഹോവയുടെ ദാസന്മാർ 1918 മുതൽ 1925 വരെ നടത്തുകയുണ്ടായി. ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവർ സ്‌നാനമേൽക്കേണ്ടതുണ്ടെന്ന് 1934-ഓടെ യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ചുള്ള ഈ ഗ്രാഹ്യം പുതുവീര്യത്തോടെ ദൈവരാജ്യസുവാർത്ത പ്രസംഗിക്കാൻ അവർക്ക് പ്രേരണയായി. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെപ്രതി ഇന്ന് ദശലക്ഷങ്ങളുടെ ഹൃദയങ്ങൾ യഹോവയോടുള്ള നന്ദിയാൽ നിറഞ്ഞുകവിയുന്നു.
ലഭിക്കാൻ തുടങ്ങിയോ? (“മഹത്തായ സ്വാതന്ത്ര്യം” സമീപം!
18, 19. എങ്ങനെയുള്ള ജീവിതമാണ് യെശയ്യാവു 65:21-25 വരച്ചുകാട്ടുന്നത്?
18 ദൈവജനം ഭൂമിയിൽ ആസ്വദിക്കാനിരിക്കുന്ന ജീവിതത്തെക്കുറിച്ച് എഴുതാൻ പ്രവാചകനായ യെശയ്യാവ് നിശ്വസ്‌തനാക്കപ്പെട്ടു. (യെശയ്യാവു 65:21-25 വായിക്കുക.) ഏതാണ്ട് 2,700 വർഷംമുമ്പ് യെശയ്യാവ് ആ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്ന ചില വൃക്ഷങ്ങൾ ഇപ്പോഴുമുണ്ട്! ഉണർവോടും ഓജസ്സോടുംകൂടെ ഇത്രയും കാലം ജീവിക്കുന്നതിനെക്കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ!
19 ജനനംമുതൽ മരണംവരെയുള്ള ഹ്രസ്വജീവിതമല്ല, മറിച്ച് നിത്യമായ ജീവിതമാണ് നമുക്കുമുമ്പിലുള്ളത്. ഒരിക്കലും പിരിയാത്ത നല്ലവരായ എത്രയെത്ര സുഹൃത്തുക്കൾ! നട്ടും നനച്ചും പുതിയ കാര്യങ്ങൾ പഠിച്ചും വീടുകൾ പണിതും . . . അങ്ങനെ അഭംഗുരം ഒഴുകുന്ന ജീവിതം. ‘ദൈവമക്കൾക്ക്’ ഭൂമിയിൽ ആസ്വദിക്കാനാകുന്ന എത്ര “മഹത്തായ സ്വാതന്ത്ര്യം!”—റോമ. 8:20.
[അടിക്കുറിപ്പ്]
^ ഖ. 4 ദൈവരാജ്യത്തിന്റെ ആയിരംവർഷ ഭരണം ഭാവിയിൽ വരാനിരിക്കുന്ന ഒന്നല്ലെന്നും [കത്തോലിക്കാ] സഭ സ്ഥാപിതമായതോടെ അത് ആരംഭിച്ചുകഴിഞ്ഞെന്നുമായിരുന്നു അഗസ്റ്റിന്റെ അവകാശവാദം.
വിശദീകരിക്കാമോ?
• മനുഷ്യവർഗത്തിന്റെ ഭൂമിയിലെ പ്രത്യാശ മറയ്‌ക്കപ്പെട്ടത് എങ്ങനെ?
• 16-ാം നൂറ്റാണ്ടിൽ ബൈബിൾ പഠിക്കാൻ ശ്രമിച്ച ചിലർക്ക് എന്തു മനസ്സിലാക്കാനായി?
• 1914 അടുത്തുവന്നതോടെ മനുഷ്യവർഗത്തിന്റെ പ്രത്യാശ കൂടുതൽ വ്യക്തമായത് എങ്ങനെ?
• ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ചുള്ള ജ്ഞാനം വർധിച്ചത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രങ്ങൾ]
കവി, ജോൺ മിൽട്ടണും (ഇടത്ത്) ഗണിതശാസ്‌ത്രജ്ഞനായ ഐസക്ക് ന്യൂട്ടനും (വലത്ത്) ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ച് അറിയാമായിരുന്നു
[15-ാം പേജിലെ ചിത്രങ്ങൾ]
ആദ്യകാല ബൈബിൾ വിദ്യാർഥികൾ, മനുഷ്യവർഗത്തിന്റെ പ്രത്യാശയെക്കുറിച്ചുള്ള സത്യം പ്രസിദ്ധമാക്കാനുള്ള സമയമായെന്ന് തിരുവെഴുത്തുകളിൽനിന്ന് തിരിച്ചറിഞ്ഞിരുന്നു