വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘യഹോവ തിരുമുഖം അവരുടെമേൽ പ്രകാശിപ്പിച്ചിരിക്കുന്നു’

‘യഹോവ തിരുമുഖം അവരുടെമേൽ പ്രകാശിപ്പിച്ചിരിക്കുന്നു’

‘യഹോവ തിരുമുഖം അവരുടെമേൽ പ്രകാശിപ്പിച്ചിരിക്കുന്നു’

മുപ്പതിലേറെ പേശികളുണ്ട്‌ നമ്മുടെ മുഖത്ത്‌. അതിൽ പതിന്നാലെണ്ണത്തിന്റെ സഹായമുണ്ടെങ്കിലേ നമുക്കൊന്നു പുഞ്ചിരിക്കാനാകൂ! ഒന്നു ചിന്തിക്കൂ, ഇവയുടെ അഭാവത്തിൽ നമുക്ക്‌ ഊഷ്‌മളതയും സൗഹൃദവും നിറയുന്ന സംഭാഷണങ്ങളിൽ ഏർപ്പെടാൻ കഴിയുമായിരുന്നോ? അസാധ്യം. എന്നാൽ ബധിരരെ സംബന്ധിച്ചിടത്തോളം മുഖപേശികൾക്ക്‌ ഇതിലുമേറെ ധർമം നിർവഹിക്കാനുണ്ട്‌. വാക്കുകളില്ലാത്ത ലോകത്ത്‌ ആശയങ്ങളും ചിന്താധാരകളുമൊക്കെ അന്യോന്യം കൈമാറാൻ അംഗവിക്ഷേപങ്ങളോടൊപ്പം ഈ പേശികളും സ്‌തുത്യർഹമായ ധർമം നിർവഹിക്കുന്നു. സങ്കീർണമായ ആശയങ്ങൾ, നേർത്ത അർഥഛായകൾപോലും ചോർന്നുപോകാതെ പകർന്നുനൽകാൻ ആംഗ്യഭാഷയ്‌ക്ക്‌ കഴിയുന്നതെങ്ങനെയെന്ന്‌ പലരും അത്ഭുതംകൂറാറുണ്ട്‌.

ഭാവസമ്പുഷ്ടമായ, ജീവസ്സുറ്റ ഒരു മുഖം അടുത്തകാലത്ത്‌ ബധിരലോകം ദർശിക്കുകയുണ്ടായി. അതെ, അവർ ‘യഹോവയുടെ തിരുമുഖം’ ദർശിച്ചിരിക്കുന്നു. (സംഖ്യാ. 6:25) എന്നാൽ അത്‌ യാദൃശ്ചികമായി സംഭവിച്ചതല്ല. ബധിരരായവരോട്‌ യഹോവ പണ്ടുമുതൽക്കേ സ്‌നേഹാർദ്രത കാണിച്ചിട്ടുണ്ട്‌. ഇസ്രായേൽജനതയുടെ കാലത്തും അവന്റെ ആ സ്‌നേഹം പ്രകടമായിരുന്നു. (ലേവ്യ. 19:14) ഇന്നും ബധിരരോടുള്ള യഹോവയുടെ സ്‌നേഹത്തിന്‌ ഒട്ടും മങ്ങലേറ്റിട്ടില്ല. “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നുമത്രേ [ദൈവം] ആഗ്രഹിക്കുന്നത്‌.” (1 തിമൊ. 2:4) ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുകവഴി ബധിരരായിരിക്കുന്ന പലരും ദൈവത്തിന്റെ മുഖം കണ്ടിരിക്കുന്നു എന്നു പറയാനാകും. ഇവർക്കിത്‌ എങ്ങനെ സാധിച്ചു? ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുന്നതിനുമുമ്പ്‌ ആംഗികഭാഷ ബധിരർക്കു ജീവനാഡിപോലെ ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ നമുക്കു നോക്കാം.

കണ്ണാണ്‌ അവരുടെ ചെവി

ബധിരരെക്കുറിച്ചും ആംഗ്യഭാഷയെക്കുറിച്ചും ഒട്ടനവധി തെറ്റിദ്ധാരണകളുണ്ട്‌. അവയിൽ ചിലതെങ്കിലും ദൂരികരിക്കാൻ പിൻവരുന്ന വിവരങ്ങൾ സഹായകമാണ്‌: ബധിരർക്ക്‌ വാഹനങ്ങൾ ഓടിക്കാൻ കഴിയും. അധരചലനങ്ങൾ വായിച്ചെടുക്കുക അവരെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്‌കരമാണ്‌. ആംഗ്യഭാഷയ്‌ക്ക്‌ ബ്രെയിലുമായി (അന്ധലിപി) യാതൊരു സാമ്യവുമില്ല. രസിപ്പിക്കാൻ കാണിക്കുന്ന വെറും അംഗവിക്ഷേപങ്ങളല്ല ആംഗ്യഭാഷ. എല്ലാ ബധിരർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ആംഗ്യഭാഷ ഇല്ല. ആംഗ്യഭാഷയ്‌ക്കും ദേശ്യഭേദങ്ങളുണ്ട്‌.

ബധിരർക്ക്‌ വായിക്കാൻ കഴിയുമോ? ചിലർ നന്നായി വായിക്കും. എന്നാൽ ബഹുഭൂരിപക്ഷത്തിനും വായന നന്നേ ബുദ്ധിമുട്ടാണ്‌. എന്തുകൊണ്ടാണത്‌? അച്ചടിച്ചുവരുന്ന പദങ്ങളും പദാവലിയും സംസാരഭാഷയിൽനിന്നുള്ളവയാണല്ലോ. കേൾവിശക്തിയുള്ള ഒരു കുട്ടി ഭാഷ പഠിക്കുന്നത്‌ എങ്ങനെയാണെന്ന്‌ ചിന്തിക്കാം. പിറന്നുവീഴുമ്പോൾമുതൽ അവൻ കേൾക്കുന്നത്‌ അവനു ചുറ്റുമുള്ളവർ സംസാരിക്കുന്ന ഭാഷയാണ്‌. ചുരുങ്ങിയ സമയംകൊണ്ടുതന്നെ, അവൻ വാക്കുകൾ കൂട്ടിയിണക്കി വാചകങ്ങളാക്കാൻ പഠിക്കുന്നു. ഇത്‌ സ്വാഭാവികമായി സംഭവിക്കുന്നതാണ്‌. ഭാഷ സംസാരിച്ചു കേൾക്കുന്നതിലൂടെയാണ്‌ അവൻ ഈ പ്രാപ്‌തി കൈവരിക്കുന്നത്‌. കേൾവിശക്തിയുള്ള കുട്ടികൾക്ക്‌ വായിച്ചു തുടങ്ങാൻ, ഇതിനോടകം അവർ കേട്ടിരിക്കുന്ന ശബ്ദങ്ങളെയും വാക്കുകളെയും പുസ്‌തകത്താളിലെ അക്ഷരരൂപങ്ങളുമായി ബന്ധിപ്പിക്കാൻ പഠിച്ചാൽമതിയാകും.

നിങ്ങൾ ഒരു വിദേശരാജ്യത്താണെന്നു കരുതുക. ശബ്ദം കടക്കാത്ത, ഗ്ലാസുകൊണ്ട്‌ നിർമിച്ച ഒരു മുറിയിലാണു നിങ്ങളെന്നും വിചാരിക്കുക. അവിടത്തെ ഭാഷ നിങ്ങളൊരിക്കലും കേട്ടിട്ടില്ല. എല്ലാ ദിവസവും അവിടെയുള്ള ആളുകൾ നിങ്ങളുടെ മുറിക്കുപുറത്തുനിന്ന്‌ അവരുടെ ഭാഷയിൽ നിങ്ങളോടു സംസാരിക്കും. അവർ പറയുന്നത്‌ എന്താണെന്ന്‌ നിങ്ങൾക്ക്‌ കേൾക്കാൻ കഴിയുന്നില്ല. ചുണ്ടനങ്ങുന്നതുമാത്രം നിങ്ങൾക്കു കാണാം. പറയുന്നതൊന്നും നിങ്ങൾക്കു മനസ്സിലാകുന്നില്ലെന്ന്‌ തിരിച്ചറിഞ്ഞ അവർ ആ പറഞ്ഞ അതേ കാര്യങ്ങൾ ഒരു കടലാസിലെഴുതി നിങ്ങളെ കാണിക്കുന്നു. നിങ്ങൾക്ക്‌ അതു മനസ്സിലാകുമെന്ന വിശ്വാസത്തിലാണ്‌ അവർ. എന്തുതോന്നുന്നു? നിങ്ങൾക്കതു മനസ്സിലാകുമെന്നു തോന്നുന്നുണ്ടോ? ഇരുകൂട്ടർക്കും ആശയവിനിമയം നടത്താനാകാത്ത ഒരവസ്ഥ. എന്താണ്‌ കാരണം? നിങ്ങൾ ഒരിക്കലും സംസാരിച്ചുകേട്ടിട്ടില്ലാത്ത ഒരു ഭാഷയാണ്‌ അവർ നിങ്ങളെ എഴുതിക്കാണിച്ചത്‌. ബധിരരായ മിക്കയാളുകളും യഥാർഥത്തിൽ ഇങ്ങനെയൊരു അവസ്ഥയിലാണ്‌.

ബധിരർക്ക്‌ ഏറ്റവും യോജിക്കുന്ന ആശയവിനിമയ ഉപാധിയാണ്‌ ആംഗ്യഭാഷ. ഇതിൽ ഒരു വ്യക്തി ആശയാവിഷ്‌കാരത്തിന്‌ ആംഗ്യങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. ആംഗ്യഭാഷയുടെ വ്യാകരണ നിയമങ്ങൾക്ക്‌ അനുസൃതമായിട്ടായിരിക്കും വ്യക്തിയുടെ ശരീരചലനങ്ങളും കൈയും വിരലുകളും ഉപയോഗിച്ചുള്ള ആംഗ്യങ്ങളും അതുപോലെ മുഖത്ത്‌ തെളിയുന്ന ഭാവങ്ങളുമെല്ലാം. അങ്ങനെ ഒരു ദൃശ്യഭാഷ രൂപമെടുക്കുന്നു, കണ്ണുകളോട്‌ സംസാരിക്കുന്ന ഒരു ഭാഷ.

കൈകളും ശരീരവും മുഖവുമൊക്കെ ഉപയോഗിച്ചുള്ള ഓരോ ആംഗ്യത്തിനും ആംഗ്യഭാഷയിൽ അർഥമുണ്ട്‌. ഈ ഭാഷയിലെ മുഖഭാവങ്ങൾക്ക്‌, പറയുന്ന കാര്യങ്ങൾക്കു നിറം പകരുകയെന്ന ഉദ്ദേശ്യം മാത്രമല്ല ഉള്ളത്‌, അവ ആംഗ്യഭാഷയുടെ വ്യാകരണത്തിന്റെ അവിഭാജ്യഘടകമാണ്‌. ചില ഉദാഹരണങ്ങൾ നോക്കാം: കൺപുരികം ഉയർത്തിക്കൊണ്ടാണ്‌ ഒരു ചോദ്യം ചോദിക്കുന്നതെങ്കിൽ ഒന്നുകിൽ അത്‌ ചോദ്യകർത്താവ്‌ ഉത്തരം പ്രതീക്ഷിക്കാത്ത എന്നാൽ മറ്റെയാളെ ചിന്തിപ്പിക്കാൻ ഉദ്ദേശിച്ചുള്ളത്‌ ആയിരിക്കും. അല്ലെങ്കിൽ ഉണ്ടെന്നോ ഇല്ലെന്നോ മാത്രമുള്ള ഒരു ഉത്തരം പ്രതീക്ഷിച്ചുകൊണ്ടുള്ളതായിരിക്കും. ഇനി, കൺപുരികം താഴ്‌ത്തിക്കൊണ്ടാണ്‌ ചോദിക്കുന്നതെങ്കിൽ, ആര്‌, എന്ത്‌, എവിടെ, എപ്പോൾ, എന്തുകൊണ്ട്‌, എങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും അവ. വായ്‌കൊണ്ടുള്ള ചില ചലനങ്ങൾക്ക്‌ ഒരു വസ്‌തുവിന്റെ വലുപ്പത്തെയോ ഒരു പ്രവൃത്തിയുടെ തീവ്രതയെയോ കുറിക്കാൻ കഴിയും. ബധിരനായ ഒരു വ്യക്തി തലയനക്കുകയും തോളുയർത്തുകയും കവിൾത്തടങ്ങൾ ചലിപ്പിക്കുകയും കൺചിമ്മുകയുമൊക്കെ ചെയ്യുന്ന രീതി, അയാൾ പകർന്നുകൊടുക്കുന്ന ആശയത്തിന്‌ അർഥപൂർണത കൈവരുത്തുന്നു.

അങ്ങനെ ഈ ചലനങ്ങളെല്ലാം സമന്വയിക്കുമ്പോൾ കാണുന്നയാൾക്ക്‌ ആശയങ്ങൾ അതിന്റെ സകല സമൃദ്ധിയോടുംകൂടെ പകർന്നുകൊടുക്കാൻ ആംഗ്യഭാഷയ്‌ക്കു സാധിക്കുന്നു. ആംഗ്യഭാഷയിൽ പ്രവീണരായ ബധിരർക്ക്‌ ഭാവസമ്പുഷ്ടമായ ഈ മാർഗത്തിലൂടെ ഏതൊരു ആശയവും അവതരിപ്പിക്കാൻ കഴിയും. ഇന്ദ്രിയഗോചരവും അല്ലാത്തതുമായ കാര്യങ്ങൾ പ്രതിപാദിക്കാനും സാങ്കേതികവും കാവ്യാത്മകവുമായ കാര്യങ്ങൾ വിവരിക്കാനും പ്രണയഭാവങ്ങളും നർമരസങ്ങളും കൈമാറാനും അവർക്ക്‌ അനായാസം കഴിയും.

ആംഗ്യഭാഷയിലെ പ്രസിദ്ധീകരണങ്ങൾ: ഒരു വഴിത്തിരിവ്‌

ബധിരനായ ഒരാൾക്ക്‌ ആംഗ്യഭാഷയിലൂടെ ദൈവപരിജ്ഞാനം ലഭിക്കുമ്പോൾ അയാൾ യഥാർഥത്തിൽ യഹോവയുടെ സന്ദേശം ‘കേൾക്കുകയാണ്‌,’ അങ്ങനെ അതിന്റെ ഉറവിടമായ യഹോവയിൽ ‘വിശ്വാസമർപ്പിക്കാനും’ അയാൾക്കു കഴിയുന്നു. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ ബധിരരോട്‌ സുവിശേഷം അറിയിക്കാനും അവർക്കുവേണ്ട പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കാനും തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. (റോമ. 10:14) ലോകവ്യാപകമായി ഇപ്പോൾ 58 ആംഗ്യഭാഷാ വിവർത്തകസംഘങ്ങളുണ്ട്‌. 40 ആംഗ്യഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ ഡിവിഡി-യിൽ ലഭ്യമാണ്‌. ഈ സംരംഭങ്ങൾകൊണ്ട്‌ പ്രയോജനമുണ്ടായിട്ടുണ്ടോ?

മാതാപിതാക്കൾ രണ്ടുപേരും ബധിരരായ ജെറെമി പറയുന്നു: “വീക്ഷാഗോപുരത്തിലെ ഒരു ലേഖനത്തിലുള്ള ഏതാനും ഖണ്ഡികകൾ മനസ്സിലാക്കാൻ എന്റെ ഡാഡി മണിക്കൂറുകളോളം ശ്രമിച്ചത്‌ ഞാൻ ഓർക്കുന്നു. പെട്ടെന്ന്‌ മുറിയിൽനിന്ന്‌ ഇറങ്ങിവന്ന്‌, ‘എനിക്കു മനസ്സിലായി! എനിക്കു മനസ്സിലായി!’ എന്ന്‌ ഡാഡി ആവേശത്തോടെ ആംഗ്യഭാഷയിൽ പറഞ്ഞു. എന്നിട്ട്‌ അതിന്റെ അർഥം എന്നോടു വിവരിച്ചു. എനിക്കന്ന്‌ 12 വയസ്സ്‌. ഞാനപ്പോൾ ആ ഖണ്ഡികകൾ ഒന്ന്‌ ഓടിച്ചുനോക്കിയിട്ട്‌ ‘ഡാഡീ, ഇതിന്റെ അർഥം അതല്ലെന്നു തോന്നുന്നു, അതിങ്ങനെയാണ്‌. . .’ എന്ന്‌ അദ്ദേഹത്തോട്‌ ആംഗ്യഭാഷയിൽ പറഞ്ഞു. എന്നോട്‌ നിറുത്താൻ ആംഗ്യം കാട്ടിയിട്ട്‌, അതിന്റെ അർഥം മനസ്സിലാക്കിയെടുക്കാൻ അദ്ദേഹം മുറിയിലേക്കുപോയി. അദ്ദേഹത്തിന്റെ മുഖത്ത്‌ അപ്പോൾ പടർന്ന ആ നിരാശ എനിക്കു മറക്കാൻ കഴിയില്ല. ഡാഡി പോകുന്നത്‌ നോക്കിനിന്നപ്പോൾ ഡാഡിയോടുള്ള ആദരവ്‌ എന്റെ ഹൃദയത്തിൽ നിറഞ്ഞുകവിയുകയായിരുന്നു. എന്നാലിപ്പോൾ, ഡിവിഡി-യിൽ ആംഗ്യഭാഷാ പ്രസിദ്ധീകരണങ്ങൾ ലഭ്യമായതിനാൽ കാര്യങ്ങൾ അദ്ദേഹത്തിന്‌ ഏറെ മെച്ചമായി മനസ്സിലാകുന്നുണ്ട്‌. യഹോവയെക്കുറിച്ചു പറയവെ അദ്ദേഹത്തിന്റെ മുഖത്ത്‌ മിന്നിമറയുന്ന ആ ആഹ്ലാദഭാവങ്ങൾ കാണുമ്പോൾ ഞാൻ നിർവൃതിയോടെ നോക്കിനിൽക്കാറുണ്ട്‌.”

ചിലിയിലുള്ള ഹെസ്‌നിയ എന്ന ബധിരയുവതിയോട്‌ സംസാരിച്ച ഒരു സാക്ഷിദമ്പതികളുടെ അനുഭവം നോക്കാം. അവളുടെ അമ്മയുടെ അനുവാദത്തോടെ സഹോദരങ്ങൾ അവളെ ചിലിയൻ ആംഗ്യഭാഷയിലുള്ള എന്റെ ബൈബിൾ കഥാപുസ്‌തകത്തിന്റെ ഡിവിഡി കാണിച്ചു. അവർ വിവരിക്കുന്നു: “കഥ കണ്ടുകൊണ്ടിരുന്നപ്പോൾ ഹെസ്‌നിയ പൊട്ടിച്ചിരിക്കുകയും പിന്നെ കരയുകയും ചെയ്യുന്നുണ്ടായിരുന്നു. എന്തിനാണ്‌ കരയുന്നതെന്ന്‌ അമ്മ ചോദിച്ചപ്പോൾ, താൻ കണ്ട കാര്യങ്ങളൊക്കെ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്ന്‌ അവൾ മറുപടി നൽകി. ഡിവിഡി-യിൽ കണ്ട കാര്യങ്ങളെല്ലാം അവൾക്ക്‌ മനസ്സിലാക്കാനാകുന്നുണ്ടെന്ന്‌ അവളുടെ അമ്മയ്‌ക്ക്‌ അപ്പോൾ മനസ്സിലായി.”

വെനെസ്വേലയിൽനിന്നുള്ള ഒരു അനുഭവമാണ്‌ അടുത്തത്‌. ഒരു ഗ്രാമപ്രദേശത്തു താമസിക്കുന്ന ബധിരദമ്പതികളും അവരുടെ കുട്ടിയും അടങ്ങുന്ന കുടുംബം. ആ സ്‌ത്രീ ഗർഭിണിയായിരുന്നു. എന്നാൽ സാമ്പത്തിക കാരണങ്ങളാൽ രണ്ടാമതൊരു കുഞ്ഞ്‌ വേണ്ടെന്നു തീരുമാനിച്ച്‌ ഗർഭച്ഛിദ്രം നടത്താൻ ആലോചിച്ചിരിക്കുകയായിരുന്നു അവർ. ആയിടയ്‌ക്കാണ്‌ യഹോവയുടെ സാക്ഷികൾ അവരുടെ വീട്ടിൽച്ചെല്ലുന്നത്‌. ഇതൊന്നുമറിയാതെ സാക്ഷികൾ ആവശ്യം ലഘുപത്രികയുടെ 12-ാം പാഠത്തിന്റെ വീഡിയോ (വെനെസ്വേലൻ ആംഗ്യഭാഷയിലുള്ളത്‌) അവരെ കാണിച്ചു. ഗർഭച്ഛിദ്രത്തെയും കൊലപാതകത്തെയും ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ അധ്യായം. വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ ഗർഭച്ഛിദ്രം നടത്തേണ്ടെന്ന്‌ അവർ തീരുമാനിച്ചെന്നും ആ അധ്യായം പഠിക്കാൻ കഴിഞ്ഞതിൽ തനിക്ക്‌ അങ്ങേയറ്റത്തെ നന്ദിയുണ്ടെന്നും ആ സ്‌ത്രീ പിന്നീട്‌ സാക്ഷികളോട്‌ പറഞ്ഞു. ആംഗ്യഭാഷയിലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഡിവിഡി ഒരു കുരുന്നു ജീവൻ രക്ഷിച്ചു!

കേൾവിശക്തിയില്ലാത്ത ഒരു സാക്ഷിയാണ്‌ ലൊറെയ്‌ൻ. അവർ പറയുന്നു: “ഒരു ജിഗ്‌സോപസ്സിൽ ചേർത്തുവെക്കുന്നതുപോലെയായിരുന്നു എനിക്ക്‌ ബൈബിൾ പഠനം. ബൈബിളിനെക്കുറിച്ചുള്ള എന്റെ ആകമാന ഗ്രാഹ്യത്തിൽ ചില വിടവുകൾ ശേഷിച്ചിരുന്നു, അതായത്‌ ചില ഭാഗങ്ങൾ കൂട്ടിയിണക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ ആംഗ്യഭാഷയിൽ ബൈബിൾസത്യങ്ങൾ കൂടുതൽ ലഭിക്കാൻ തുടങ്ങിയതോടെ ആ വിടവുകൾ അടഞ്ഞുതുടങ്ങി.” 38 വർഷമായി ഒരു സാക്ഷിയാണ്‌ ജോർജ്ജ്‌. അദ്ദേഹം ബധിരനാണ്‌. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഒരു കാര്യം സ്വയം മനസ്സിലാക്കിയെടുക്കുമ്പോൾ അത്‌ നിങ്ങൾക്ക്‌ ആത്മാഭിമാനവും ആത്മവിശ്വാസവും പകരും. എന്റെ ആത്മീയ പുരോഗതിയിൽ ആംഗ്യഭാഷയിലുള്ള ഡിവിഡി-കൾ വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌.”

“എന്റെ ഭാഷയിൽ ഒരു സഭായോഗം!”

ആംഗ്യഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നതിനുപുറമേ, യഹോവയുടെ സാക്ഷികൾ ആംഗ്യഭാഷാ സഭകളും രൂപീകരിച്ചിട്ടുണ്ട്‌. ലോകവ്യാപകമായി ഇപ്പോൾ 1,100-ലേറെ ആംഗ്യഭാഷാ സഭകളുണ്ട്‌. ഇവിടെ അവരെ അവരുടെ ഭാഷയിൽ അഭിസംബോധന ചെയ്യുകയും അവർ ചിന്തിക്കുന്ന ഭാഷയിൽ ബൈബിൾസത്യം പഠിപ്പിക്കുകയും ചെയ്യുന്നു. അവരുടെ സംസ്‌കാരത്തെയും ജീവിതാനുഭവങ്ങളെയും മാനിക്കുംവിധമാണ്‌ കാര്യങ്ങൾ അവതരിപ്പിക്കുന്നത്‌.

ആംഗ്യഭാഷാ സഭകൾകൊണ്ട്‌ എന്തെങ്കിലും പ്രയോജനങ്ങളുണ്ടോ? 1955-ൽ സ്‌നാനമേറ്റ സിറിൽ സഹോദരന്റെ കാര്യമെടുക്കുക. അദ്ദേഹം വർഷങ്ങളോളം അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ തന്റെ പ്രാപ്‌തിക്കൊത്ത്‌ പരമാവധി പഠിക്കുകയും യോഗങ്ങൾക്ക്‌ മുടങ്ങാതെ ഹാജരാകുകയും ചെയ്‌തുപോന്നു. ആംഗ്യഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്താൻ എല്ലായ്‌പോഴും ആളുണ്ടായെന്നുവരില്ല. അപ്പോൾ മറ്റു സാക്ഷികളാണ്‌ സഹോദരന്‌ ആശ്രയം. സ്റ്റേജിൽ കേട്ട കാര്യങ്ങൾ അവർ സഹോദരന്‌ എഴുതിക്കൊടുക്കും. ന്യൂയോർക്ക്‌ നഗരത്തിൽ, 1989-ലാണ്‌ ഐക്യനാടുകളിലെ ആദ്യത്തെ ആംഗ്യഭാഷാ സഭ രൂപീകൃതമാകുന്നത്‌, അദ്ദേഹം സാക്ഷിയായി ഏതാണ്ട്‌ 34 വർഷങ്ങൾക്കുശേഷം. ആ സഭയിലെ ഒരംഗമായപ്പോൾ സഹോദരന്‌ എന്തുതോന്നി? “ഒരു കൊടുങ്കാട്ടിൽനിന്നു പുറത്തുവന്നതുപോലെ, ഇരുൾമൂടിയ ഒരു തുരങ്കത്തിൽനിന്ന്‌ വെളിച്ചത്തിലേക്ക്‌ കടന്നതുപോലെ. ഒടുവിലിതാ, എന്റെ ഭാഷയിൽ ഒരു സഭായോഗം!” അദ്ദേഹത്തിന്റെ വാക്കുകൾ.

യഹോവയുടെ സാക്ഷികളുടെ ആംഗ്യഭാഷാ സഭകൾ ബധിരരായ ആളുകൾക്ക്‌ ദൈവത്തെക്കുറിച്ചു പഠിക്കാനും അവനെ ആരാധിക്കാനുമായി കൂടിവരാനുള്ള സ്ഥലമാണ്‌. നല്ല ബന്ധങ്ങളും പ്രോത്സാഹനങ്ങളും അവർക്കവിടെ കണ്ടെത്താനാകും. കേൾവിയുള്ളവരുടെ ലോകത്ത്‌ ഭാഷാപരമായും സാമൂഹികമായും ഒറ്റപ്പെട്ടുപോകുന്ന ഇവർക്ക്‌ ഈ സഭകൾ മനസ്സുതുറക്കാനും സഖിത്വം ആസ്വദിക്കാനുമുള്ള അഭയകേന്ദ്രങ്ങളാണ്‌. ഇവിടെ അവർക്ക്‌ പഠിക്കാനും പുരോഗമിക്കാനും യഹോവയുടെ സേവനത്തിൽ ലക്ഷ്യങ്ങളിലെത്തിച്ചേരാനും കഴിയും. ബധിരരായ നിരവധി സാക്ഷികൾക്ക്‌ മുഴുസമയശുശ്രൂഷയിൽ ഏർപ്പെടാൻ കഴിഞ്ഞിട്ടുണ്ട്‌. യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിനായി ചിലർ മറ്റു രാജ്യങ്ങളിലേക്കു താമസംമാറ്റിയിട്ടുണ്ട്‌. ബധിരരാണെങ്കിലും ക്രിസ്‌തീയ പുരുഷന്മാർ വിദഗ്‌ധരായ അധ്യാപകരും സംഘാടകരും ഇടയന്മാരും ആയിരിക്കാനുള്ള പ്രാവീണ്യം നേടിയിരിക്കുന്നു. പലരും സഭയിൽ ഉത്തരവാദിത്വങ്ങൾ വഹിക്കാനുള്ള യോഗ്യതയിലും എത്തിച്ചേർന്നിരിക്കുന്നു.

ഐക്യനാടുകളിൽ 100-ലേറെ ആംഗ്യഭാഷാസഭകളുണ്ട്‌, 80-ഓളം കൂട്ടങ്ങളും. ഏകദേശം 300 ആംഗ്യഭാഷാസഭകൾ ബ്രസീലിൽ പ്രവർത്തിക്കുന്നു, 400-ലേറെ കൂട്ടങ്ങളും ഇവിടെയുണ്ട്‌. 300-നടുത്ത്‌ ആംഗ്യഭാഷാസഭകൾ മെക്‌സിക്കോയിലുണ്ട്‌. റഷ്യയിലാകട്ടെ, ആംഗ്യഭാഷാസഭകൾ 30-ലേറെയാണ്‌, 113 കൂട്ടങ്ങളും. ആംഗ്യഭാഷാവയലിലെ ലോകവ്യാപകമായുള്ള പുരോഗതിയുടെ ചില ഉദാഹരണങ്ങൾ മാത്രമാണിവ. *

യഹോവയുടെ സാക്ഷികൾ ആംഗ്യഭാഷയിൽ സമ്മേളനങ്ങളും കൺവെൻഷനുകളുമൊക്കെ സംഘടിപ്പിക്കാറുണ്ട്‌. വ്യത്യസ്‌ത ആംഗ്യഭാഷകളിൽ കഴിഞ്ഞവർഷം 120-ലേറെ കൺവെൻഷനുകൾ നടത്തുകയുണ്ടായി. തക്കസമയത്തെ ആത്മീയ ആഹാരത്തിൽനിന്നു പ്രയോജനം നേടുന്ന ഒരു ആഗോള സഹോദരവർഗത്തിന്റെ ഭാഗമാണ്‌ തങ്ങളെന്ന്‌ അവർക്ക്‌ ആ അവസരങ്ങളിൽ അനുഭവിച്ചറിയാൻ കഴിയുന്നു.

കാൽനൂറ്റാണ്ടിലേറെയായി യഹോവയുടെ സാക്ഷികളിലൊരാളാണ്‌ ബധിരനായ ലിയോനാർഡ്‌. അദ്ദേഹം പറയുന്നു: “പണ്ടുമുതലേ എനിക്കറിയാം യഹോവയാണ്‌ സത്യദൈവമെന്ന്‌. പക്ഷേ, അവൻ കഷ്ടപ്പാട്‌ അനുവദിക്കുന്നതിന്റെ കാരണം എനിക്കത്ര വ്യക്തമല്ലായിരുന്നു. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ എനിക്ക്‌ ദൈവത്തോട്‌ അമർഷം തോന്നിയിരുന്നു. ഒടുവിൽ, ഒരു ആംഗ്യഭാഷാ കൺവെൻഷനിലെ ഒരു പ്രസംഗത്തിൽനിന്ന്‌ അതിന്റെ കാരണം എനിക്കു വ്യക്തമായി മനസ്സിലായി. പ്രസംഗം കഴിഞ്ഞപ്പോൾ ഭാര്യ പതുക്കെ എന്നെ തട്ടിയിട്ട്‌ ചോദിച്ചു: ‘ഇപ്പോൾ എല്ലാം മനസ്സിലായില്ലേ?’ ‘ഉവ്വ്‌’ എന്ന്‌ എനിക്ക്‌ അപ്പോൾ നിശ്ചയമായും പറയാനായി. കഴിഞ്ഞ 25 വർഷവും യഹോവയെ ഉപേക്ഷിക്കാൻ തോന്നാതിരുന്നതിൽ എനിക്ക്‌ അവനോട്‌ നന്ദിയുണ്ട്‌. ഞാൻ എന്നും അവനെ സ്‌നേഹിച്ചിരുന്നു, എന്നാൽ പൂർണമായി അവനെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നെനിക്ക്‌ അതിനു കഴിയുന്നുണ്ട്‌!”

നന്ദിനിറഞ്ഞ ഹൃദയത്തോടെ. . .

യഹോവയെക്കുറിച്ചു പഠിക്കുമ്പോൾ എന്തെല്ലാം “വികാരഭാവങ്ങളാണ്‌” ബധിരരായ ആളുകൾക്ക്‌ അവന്റെ മുഖത്തു കാണാൻ കഴിയുന്നത്‌? സ്‌നേഹം, മനസ്സലിവ്‌, നീതി, വിശ്വസ്‌തത, സ്‌നേഹദയ അങ്ങനെ പലതും.

ബധിരരായ സാക്ഷികളുടെ അന്തർദേശീയ സമൂഹം യഹോവയുടെ മുഖം കണ്ടുകൊണ്ടാണിരിക്കുന്നത്‌, ഭാവിയിൽ അതു കൂടുതൽ വ്യക്തമായി കാണാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ബധിരരോടുള്ള സ്‌നേഹത്താൽ പ്രേരിതനായി ‘യഹോവ [തന്റെ] തിരുമുഖം [അവരുടെ] മേൽ പ്രകാശിപ്പിച്ചിരിക്കുന്നു.’ (സംഖ്യാ. 6:25) കേൾക്കാനുള്ള പ്രാപ്‌തിയില്ലെങ്കിലും യഹോവയെ അറിയാനായതിൽ, യഹോവയുടെ തിരുമുഖം ദർശിക്കാനായതിൽ അവർ എത്ര നന്ദിയുള്ളവരാണെന്നോ!

[അടിക്കുറിപ്പ്‌]

^ ഖ. 21 കേരളത്തിലുള്ള രണ്ടെണ്ണം ഉൾപ്പെടെ ഇന്ത്യയിൽ പത്ത്‌ ആംഗ്യഭാഷാക്കൂട്ടങ്ങളുണ്ട്‌.

[24,25 പേജുകളിലെ ചിത്രങ്ങൾ]

ലോകവ്യാപകമായി 1,100-ലധികം ആംഗ്യഭാഷാ സഭകളുണ്ട്‌

[26-ാം പേജിലെ ചിത്രങ്ങൾ]

ആംഗ്യഭാഷാവയലിൽ യഹോവ തന്റെ മുഖം പ്രകാശിപ്പിക്കുന്നു