വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെ വീണ്ടെടുക്കാനായി യഹോവ ചെയ്‌ത കാര്യങ്ങളെ നിങ്ങൾ വിലമതിക്കുന്നുവോ?

നിങ്ങളെ വീണ്ടെടുക്കാനായി യഹോവ ചെയ്‌ത കാര്യങ്ങളെ നിങ്ങൾ വിലമതിക്കുന്നുവോ?

നിങ്ങളെ വീണ്ടെടുക്കാനായി യഹോവ ചെയ്‌ത കാര്യങ്ങളെ നിങ്ങൾ വിലമതിക്കുന്നുവോ?

“ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്‌ത്തപ്പെടുമാറാകട്ടെ. അവൻ തന്റെ ജനത്തെ കടാക്ഷിച്ച്‌ അവരെ വിടുവിച്ചിരിക്കുന്നുവല്ലോ.”—ലൂക്കോ. 1:68.

1, 2. മനുഷ്യവർഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെ ചിത്രീകരിക്കാം, ഏതെല്ലാം ചോദ്യങ്ങൾ നാം പരിചിന്തിക്കും?

പ്രതിവിധിയില്ലാത്ത ഒരു മാരകരോഗവുമായി മല്ലിടുകയാണ്‌ നിങ്ങളെന്നു കരുതുക! ആശുപത്രിയിൽ നിങ്ങളുടെ വാർഡിലുള്ള എല്ലാവരും ഈ ഭീകരരോഗത്തിന്റെ പിടിയിലാണ്‌. എന്നാൽ ഒരു ഡോക്‌ടർ ഇതിനൊരു പ്രതിവിധി കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന്‌ നിങ്ങൾക്ക്‌ അറിയാം; പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല. ആ ഗവേഷണത്തിന്റെ പുരോഗതി അറിയാൻ നിങ്ങൾ കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ്‌. ഒടുവിൽ നിങ്ങൾ ആ സന്തോഷവാർത്ത കേൾക്കുന്നു. മരുന്ന്‌ കണ്ടുപിടിച്ചു! അതിനായി ഒട്ടേറെ ത്യാഗം സഹിച്ച്‌ അക്ഷീണം പ്രയത്‌നിച്ച ആ ഡോക്‌ടർക്ക്‌ നിങ്ങളുടെ മനസ്സിലുള്ള സ്ഥാനം എന്തായിരിക്കും? നിങ്ങളെയും മറ്റ്‌ അനേകരെയും മരണത്തിനു വിട്ടുകൊടുക്കാതെ ജീവനിലേക്കു കൂട്ടിക്കൊണ്ടുവന്ന അദ്ദേഹത്തോടുള്ള സ്‌നേഹാദരങ്ങളായിരിക്കില്ലേ നിങ്ങളുടെ ഹൃദയം നിറയെ?

2 അൽപ്പം അതിശയോക്തി കലർന്ന ഒരു വിവരണമല്ലേ അതെന്ന്‌ നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ നാമോരോരുത്തരും നേരിടുന്ന ഒരു ക്രൂരയാഥാർഥ്യത്തിന്റെ ചിത്രീകരണം മാത്രമാണത്‌. വാസ്‌തവത്തിൽ മുകളിൽ ചിത്രീകരിച്ചതിനെക്കാൾ ഭീകരവും ദാരുണവുമാണ്‌ ആ യാഥാർഥ്യം. നമുക്കൊരു രക്ഷകൻ കൂടിയേ തീരൂ. (റോമർ 7:24 വായിക്കുക.) നമ്മുടെ വിടുതലിനായി യഹോവ ചെയ്‌ത ത്യാഗം എത്ര വലിയതാണെന്നോ! അവന്റെ പുത്രൻ ചെയ്‌ത ത്യാഗത്തിന്റെ വില എത്രയെന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിനോടു ബന്ധപ്പെട്ട നാലുചോദ്യങ്ങൾ നമുക്കിപ്പോൾ നോക്കാം. നമുക്ക്‌ വിടുതൽ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? അത്‌ സാധ്യമാക്കാൻ യേശുവിന്‌ എന്തു ത്യാഗമാണ്‌ ചെയ്യേണ്ടിവന്നത്‌? യഹോവയ്‌ക്ക്‌ എന്തു ത്യാഗം ചെയ്യേണ്ടിവന്നു? ദൈവം നൽകിയ ആ വിമോചനത്തെ വിലയേറിയതായി കരുതുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാം?

നമുക്ക്‌ വിടുതൽ ആവശ്യമായി വന്നതിന്റെ കാരണം

3. പാപത്തെ മാരകമായ ഒരു പകർച്ചവ്യാധിയോട്‌ താരതമ്യപ്പെടുത്താവുന്നത്‌ എന്തുകൊണ്ട്‌?

3 മനുഷ്യചരിത്രത്തിലെ അതിഭീകരമായ പകർച്ചവ്യാധികളിലൊന്ന്‌ സ്‌പാനീഷ്‌ ഇൻഫ്‌ളുവൻസ ആയിരുന്നുവെന്ന്‌ ചില കണക്കുകൾ സൂചിപ്പിക്കുന്നു. 1918-ൽ പൊട്ടിപ്പുറപ്പെട്ട ഈ മഹാവ്യാധി ദശലക്ഷങ്ങളെ കൊന്നൊടുക്കി. എന്നാൽ മറ്റു ചില രോഗങ്ങൾ താരതമ്യേന കുറച്ചുപേരിലേക്കേ പടരുകയുള്ളെങ്കിലും രോഗബാധിതരാകുന്ന ഒട്ടുമുക്കാലുംപേരെ അത്‌ കൊന്നൊടുക്കുന്നു. * അതിമാരകവും എല്ലായിടത്തും പടർന്നുപിടിക്കുന്നതുമായ ഒരു മഹാവ്യാധിയോട്‌ പാപത്തെ താരതമ്യം ചെയ്യാനാകും. റോമർ 5:12 പറയുന്നതു ശ്രദ്ധിക്കുക: “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്‌തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” നൂറു ശതമാനം ആളുകളിലേക്കും പാപം പടർന്നിരിക്കുന്നു. കാരണം അപൂർണരായ എല്ലാവരും പാപം ചെയ്യുന്നു. (റോമർ 3:23 വായിക്കുക.) അതിന്റെ മരണനിരക്കോ? പാപം ‘സകലമനുഷ്യരുടെയും’ മരണത്തിന്‌ ഇടയാക്കിയിരിക്കുന്നുവെന്ന്‌ പൗലോസ്‌ എഴുതി.

4. നമ്മുടെ ആയുർദൈർഘ്യത്തെ യഹോവ വീക്ഷിക്കുന്നത്‌ എങ്ങനെ, എന്നാൽ മിക്ക ആളുകളുടെയും വീക്ഷണം എന്താണ്‌?

4 എന്നാൽ, പാപത്തെയും മരണത്തെയും പലരും ഇങ്ങനെയൊരു കണ്ണിൽകൂടിയല്ല ഇന്നു കാണുന്നത്‌. അവരെ സംബന്ധിച്ചിടത്തോളം ഒരാൾ വാർധക്യം പ്രാപിച്ച്‌ മരിക്കുകയെന്നത്‌, ഒരു ‘സ്വാഭാവിക പ്രക്രിയ’ മാത്രമാണ്‌. എന്നാൽ അങ്ങനെയല്ലാതെ സംഭവിക്കുന്ന മരണം, അവരുടെ ഭാഷയിൽ അകാല മരണം, അതാണ്‌ അവരെ വ്യാകുലപ്പെടുത്തുന്നത്‌. എന്നാൽ ഇക്കാര്യത്തിൽ സ്രഷ്ടാവിന്റെ കാഴ്‌ചപ്പാടു മനസ്സിലാക്കാൻ മനുഷ്യൻ പരാജയപ്പെടുന്നു. ദൈവം ഉദ്ദേശിച്ച അനന്തമായ ജീവിതത്തിന്റെ മുമ്പിൽ ഇന്നത്തെ മനുഷ്യായുസ്സ്‌ എത്ര ക്ഷണികമാണ്‌! യഹോവയുടെ കണ്ണിൽ ഒരു മനുഷ്യനും “ഒരു ദിവസം” പോലും ജീവിക്കാൻ കഴിഞ്ഞിട്ടില്ല! (2 പത്രോ. 3:8) അതുകൊണ്ടാണ്‌ ദൈവവചനം പറയുന്നത്‌ നമ്മുടെ ജീവിതം ക്ഷണഭംഗുരമാണെന്ന്‌. ഒരു നിശ്വാസംപോലെ, ഒരു പുൽക്കൊടിയുടെ ആയുസ്സുപോലെ അത്‌ ഉതിർന്നുപോകുന്നുവെന്ന്‌. (സങ്കീ. 39:5; 1 പത്രോ. 1:24) അതുകൊണ്ട്‌ സ്രഷ്ടാവിന്റെ കാഴ്‌ചപ്പാടിലൂടെ നമുക്ക്‌ ജീവിതത്തെ വീക്ഷിക്കാം. കാരണം, നമ്മെ ഓരോരുത്തരെയും ബാധിച്ചിരിക്കുന്ന ആ “രോഗം” എത്ര ഗുരുതരമാണെന്ന്‌ മനസ്സിലാക്കുന്നെങ്കിൽ മാത്രമേ, അതിനുള്ള “പ്രതിവിധി”യുടെ, നമ്മുടെ വിടുതലിന്റെ, മൂല്യം നമുക്കു ശരിക്കും വിലമതിക്കാനാകൂ.

5. പാപംനിമിത്തം നമുക്ക്‌ ലഭിക്കാതെപോയ സൗഭാഗ്യങ്ങൾ എന്തൊക്കെയാണ്‌?

5 പാപവും അതിന്റെ തിക്തഫലങ്ങളും എത്ര ഗുരുതരമാണെന്ന്‌ തിരിച്ചറിയാൻ, അതു വരുത്തിവെച്ച നഷ്ടം എത്രയധികമാണെന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. പാപംനിമിത്തം നമുക്ക്‌ കൈമോശംവന്ന സൗഭാഗ്യങ്ങൾ നാം ഒരിക്കൽപ്പോലും അനുഭവിച്ചറിഞ്ഞിട്ടില്ല, അതുകൊണ്ടുതന്നെ ആ നഷ്ടം എത്ര ഭീമമാണെന്ന്‌ മുഴുവനായി ഉൾക്കൊള്ളാൻ നമുക്ക്‌ കഴിഞ്ഞെന്നുവരില്ല. പൂർണതയുള്ള ജീവനായിരുന്നു ആദാമിനും ഹവ്വായ്‌ക്കും തുടക്കത്തിൽ ഉണ്ടായിരുന്നത്‌. മാനസികവും ശാരീരികവുമായി പൂർണരായിരുന്നതിനാൽ, വികാരവിചാരങ്ങളെയും പ്രവർത്തനങ്ങളെയും പൂർണമായും വരുതിയിൽനിറുത്താനുള്ള പ്രാപ്‌തി അവർക്കുണ്ടായിരുന്നു. അവർക്കുണ്ടായിരുന്ന അഭികാമ്യമായ ഗുണങ്ങൾ മേൽക്കുമേൽ അഭിവൃദ്ധിപ്പെടുത്തിക്കൊണ്ടും ലഭിച്ചിരുന്ന അളവറ്റ പ്രാപ്‌തികൾ ഉപയോഗപ്പെടുത്തിക്കൊണ്ടും യഹോവയെ സേവിക്കാനുള്ള മഹത്തായ അവസരം അവർക്കു മുന്നിലുണ്ടായിരുന്നു. പക്ഷേ, പൂർണതയുള്ള ജീവൻ എന്ന അമൂല്യ സമ്മാനം അവർ തച്ചുടച്ചു. പാപത്തിന്റെ വഴി അവർ തിരഞ്ഞെടുത്തു. അങ്ങനെ, യഹോവ അവർക്കും അവരുടെ സന്തതിപരമ്പരകൾക്കും വേണ്ടി ഉദ്ദേശിച്ചിരുന്ന ജീവിതം അവർ നഷ്ടപ്പെടുത്തി. (ഉല്‌പ. 3:16-19) അങ്ങനെ അവർ സ്വയം വരുത്തിവെച്ചതും നമുക്കു പകർന്നുതന്നതുമായ ആ മാരക “രോഗ”ത്തെക്കുറിച്ചാണ്‌ നാം പരിചിന്തിച്ചുവരുന്നത്‌. ചെയ്‌ത തെറ്റിന്‌ യഹോവ അവർക്ക്‌ അർഹമായ ശിക്ഷനൽകി. എന്നാൽ നമുക്കായി അവൻ വിടുതലിനുള്ള വഴി കണ്ടിരുന്നു.—സങ്കീ. 103:10.

നമ്മുടെ വിടുതലിനായി യേശു കൊടുത്ത വില

6, 7. (എ) നമ്മുടെ വിടുതൽ വിലയേറിയതാണെന്ന്‌ യഹോവ ആദ്യം വ്യക്തമാക്കിയത്‌ എങ്ങനെ? (ബി) ന്യായപ്രമാണത്തിനുമുമ്പ്‌ ജീവിച്ചിരുന്ന ഹാബേലും ഗോത്രപിതാക്കന്മാരും അർപ്പിച്ച യാഗങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സിലാക്കാം?

6 ആദാമിന്റെയും ഹവ്വായുടെയും സന്തതികളെ വിടുവിക്കാൻ വലിയ വില കൊടുക്കേണ്ടിവരുമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു. ആ വിലയുടെ ഒരു ഏകദേശരൂപം ഉല്‌പത്തി 3:15-ലെ പ്രവചനത്തിൽനിന്ന്‌ നമുക്കു ലഭിക്കുന്നുണ്ട്‌. അതിൻപ്രകാരം, യഹോവ ഒരു ‘സന്തതിയെ,’ ഒരു രക്ഷകനെ അയയ്‌ക്കുകയും അവൻ ഒരുനാൾ സാത്താനെ നശിപ്പിച്ച്‌ ഇല്ലാതാക്കുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, ദൗത്യനിർവഹണത്തിനിടെ ആ രക്ഷകനും കഷ്ടം സഹിക്കേണ്ടിവരുമായിരുന്നു; ആലങ്കാരികമായി പറഞ്ഞാൽ അവന്റെ കുതികാലിൽ ഒരു ക്ഷതമേൽക്കുമായിരുന്നു. ഒരുവന്റെ കുതികാലിൽ ക്ഷതമേറ്റാൽ അത്‌ അയാളിൽ വളരെ വേദനയുളവാക്കുമെന്നും അത്‌ അയാളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും അല്ലെങ്കിൽ പരിമിതപ്പെടുത്തുമെന്നും നമുക്കറിയാം. എന്നാൽ ഈ പ്രവചനത്തിൽ അത്‌ (കുതികാലിൽ ക്ഷതമേൽക്കുന്നത്‌) എന്താണ്‌ അർഥമാക്കുന്നത്‌? യഹോവ തിരഞ്ഞെടുത്തയച്ച രക്ഷകന്‌ എന്തെല്ലാം സഹിക്കേണ്ടിവരുമായിരുന്നു?

7 മനുഷ്യവർഗത്തെ വിടുവിക്കാൻ ഈ രക്ഷകൻ, പ്രായശ്ചിത്തം കൊടുക്കുന്നതിനുള്ള ഒരു ഉപാധിയായി വർത്തിക്കേണ്ടിയിരുന്നു; പാപത്തിന്റെ നാശഫലങ്ങൾ ഇല്ലാതാക്കിക്കൊണ്ട്‌ ദൈവവുമായി മനുഷ്യവർഗത്തെ നിരപ്പിൽ വരുത്താനുള്ള ഒരു മാർഗം. അതിൽ എന്താണ്‌ ഉൾപ്പെടുന്നത്‌? അതിൽ യാഗം ഉൾപ്പെടുന്നുണ്ട്‌. അതിനുള്ള ചില സൂചനകൾ തിരുവെഴുത്തിൽനിന്നു കണ്ടെത്താനാകും. ആദ്യത്തെ വിശ്വസ്‌ത മനുഷ്യനായിരുന്ന ഹാബേൽ യഹോവയ്‌ക്ക്‌ മൃഗബലി അർപ്പിച്ചപ്പോൾ യഹോവ അതിൽ പ്രസാദിച്ചു. പിൽക്കാലത്ത്‌, ഗോത്രപിതാക്കന്മാരായ നോഹ, അബ്രാഹാം, യാക്കോബ്‌, ഇയ്യോബ്‌ എന്നിവരും സമാനമായ യാഗങ്ങൾ അർപ്പിക്കുകയുണ്ടായി, യഹോവ അവയിലും പ്രസാദിച്ചു. (ഉല്‌പ. 4:4; 8:20, 21; 22:13; 31:54; ഇയ്യോ. 1:5) നൂറ്റാണ്ടുകൾക്കുശേഷം, മോശൈക ന്യായപ്രമാണം യാഗാർപ്പണങ്ങളെ സവിശേഷ പ്രാധാന്യം നൽകി അവതരിപ്പിക്കുകയും ചെയ്‌തു.

8. പാപപരിഹാരദിവസത്തിൽ മഹാപുരോഹിതൻ എന്താണ്‌ ചെയ്‌തിരുന്നത്‌?

8 ന്യായപ്രമാണം അനുശാസിച്ചിരുന്ന യാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ പാപപരിഹാര ദിവസത്തിൽ വാർഷികമായി അർപ്പിക്കപ്പെട്ടിരുന്നവയാണ്‌. ആ ദിവസം മഹാപുരോഹിതൻ നിർവഹിച്ച പൗരോഹിത്യകർമങ്ങൾ മറ്റു ചില കാര്യങ്ങളെ മുൻനിഴലാക്കി. അന്ന്‌ മഹാപുരോഹിതൻ പാപങ്ങൾക്കുള്ള പ്രായശ്ചിത്തയാഗങ്ങൾ അർപ്പിച്ചിരുന്നു—ആദ്യം പുരോഹിതഗോത്രത്തിനും പിന്നെ ഇതരഗോത്രങ്ങൾക്കുംവേണ്ടി. സമാഗമന കൂടാരത്തിന്റെ അല്ലെങ്കിൽ ആലയത്തിന്റെ അതിവിശുദ്ധത്തിൽ അന്ന്‌ മഹാപുരോഹിതൻ കടന്നുചെല്ലുമായിരുന്നു. അവിടെ പ്രവേശിക്കാൻ മഹാപുരോഹിതനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ, അതും വർഷത്തിലൊരിക്കൽ, പാപപരിഹാര ദിവസം. അവിടെ നിയമപെട്ടകത്തിന്റെ മുമ്പിൽ അവൻ യാഗരക്തം തളിക്കും. ചിലപ്പോഴൊക്കെ, ആ വിശുദ്ധപേടകത്തിന്റെ മുകളിൽ പ്രകാശിക്കുന്ന ഒരു മേഘം പ്രത്യക്ഷപ്പെട്ടിരുന്നു. അത്‌ യഹോവയാംദൈവത്തിന്റെ സാന്നിധ്യത്തെ അർഥമാക്കി.—പുറ. 25:22; ലേവ്യ. 16:1-30.

9. (എ) പാപപരിഹാര ദിവസത്തിൽ മഹാപുരോഹിതൻ ആരെ മുൻനിഴലാക്കി? അവൻ അർപ്പിച്ച യാഗങ്ങൾ എന്തിനെ ചിത്രീകരിച്ചു? (ബി)  അതിവിശുദ്ധത്തിലേക്കുള്ള മഹാപുരോഹിതന്റെ പ്രവേശനം എന്തിനെ പ്രതീകപ്പെടുത്തി?

9 ആ പൗരോഹിത്യകർമങ്ങളുടെ അർഥം അപ്പൊസ്‌തലനായ പൗലോസ്‌ നിശ്വസ്‌തതയിൽ വെളിപ്പെടുത്തുകയുണ്ടായി. മഹാപുരോഹിതൻ മിശിഹായെ, യേശുക്രിസ്‌തുവിനെയാണ്‌ ചിത്രീകരിച്ചത്‌; യാഗാർപ്പണങ്ങൾ ക്രിസ്‌തുവിന്റെ ബലിമരണത്തെയും. (എബ്രാ. 9:11-14) യേശുവിന്റെ പൂർണതയുള്ള ആ യാഗം രണ്ടുകൂട്ടം ആളുകൾക്കുവേണ്ടിയുള്ള യഥാർഥ പ്രായശ്ചിത്തം ആകുമായിരുന്നു. ഒന്ന്‌, ക്രിസ്‌തുവിന്റെ ആത്മാഭിഷിക്തരായ സഹോദരന്മാർക്ക്‌, അതായത്‌ 1,44,000 പേരടങ്ങുന്ന പുരോഹിതവർഗത്തിന്‌. രണ്ട്‌, ‘വേറെ ആടുകൾക്ക്‌.’ (യോഹ. 10:16) മഹാപുരോഹിതൻ അതിവിശുദ്ധത്തിൽ പ്രവേശിക്കുന്നത്‌, യേശു തന്റെ മറുവിലയാഗത്തിന്റെ മൂല്യവുമായി സ്വർഗത്തിൽ യഹോവയുടെ സന്നിധിയിൽ കയറിച്ചെല്ലുന്നതിനെ മുൻനിഴലാക്കി.—എബ്രാ. 9:24, 25.

10. മിശിഹായുടെ പീഡാനുഭവങ്ങളെക്കുറിച്ച്‌ ബൈബിൾ പ്രവചനങ്ങൾ എന്തു പറഞ്ഞു?

10 വളരെ വലിയ വില കൊടുത്താൽ മാത്രമേ ആദാമിന്റെ സന്തതികളുടെ വിമോചനം സാധ്യമാകുമായിരുന്നുള്ളൂ. അതെ, മിശിഹാ തന്റെ ജീവനൊരു ബലിയായി നൽകണമായിരുന്നു! എബ്രായ തിരുവെഴുത്തുകളിലെ പ്രവാചകന്മാർ ഈ വസ്‌തുതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്‌. ഉദാഹരണത്തിന്‌, ‘അകൃത്യത്തിന്‌ പ്രായശ്ചിത്തം ചെയ്യേണ്ടതിന്‌’ “അഭിഷിക്തനായോരു പ്രഭു” “ഛേദിക്കപ്പെടും” അല്ലെങ്കിൽ വധിക്കപ്പെടും എന്ന്‌ ദാനിയേൽ പ്രസ്‌താവിച്ചു. (ദാനീ. 9:24-26) മിശിഹായെ തിരസ്‌കരിക്കുകയും പീഡിപ്പിക്കുകയും ചെയ്‌ത്‌ വധിക്കുമെന്ന്‌ യെശയ്യാവും പറയുകയുണ്ടായി. അപൂർണമനുഷ്യരെ പാപത്തിൽനിന്നു വിടുവിക്കുന്നതിന്‌ അവൻ ഇതെല്ലാം സഹിക്കുമെന്ന്‌ പ്രവാചകൻ ചൂണ്ടിക്കാട്ടി.—യെശ. 53:4, 5, 7.

11. നമ്മുടെ വിടുതലിനായി ഏതെല്ലാം ത്യാഗങ്ങൾ അനുഷ്‌ഠിക്കാൻ യേശു സന്നദ്ധനായിരുന്നു?

11 നമ്മുടെ വിമോചനത്തിനുവേണ്ടി താൻ എന്തു വിലയൊടുക്കേണ്ടിവരുമെന്ന്‌ ഭൂമിയിൽ വരുന്നതിനുമുമ്പുതന്നെ ദൈവത്തിന്റെ ഏകജാതപുത്രന്‌ അറിയാമായിരുന്നു. കഠിനയാതനകൾ സഹിക്കുകയും ഒടുവിൽ അവൻ വധിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഈ കാര്യങ്ങളെല്ലാം പിതാവ്‌ അവനു മനസ്സിലാക്കിക്കൊടുത്തപ്പോൾ അവൻ മറുത്തുനിൽക്കുകയോ പിന്മാറുകയോ ചെയ്‌തോ? ഇല്ല. മനസ്സോടെതന്നെ അവൻ പിതാവിന്റെ നിർദേശങ്ങളെല്ലാം ശിരസ്സാവഹിച്ചു. (യെശ. 50:4-6) ഭൂമിയിലായിരുന്നപ്പോഴും അവൻ പിതാവിന്റെ ഇഷ്ടം അനുസരണപൂർവം നിറവേറ്റി. അവൻ അങ്ങനെ ചെയ്‌തത്‌ എന്തുകൊണ്ടായിരുന്നു? “ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു” എന്നാണവൻ പറഞ്ഞത്‌. “സ്‌നേഹിതർക്കുവേണ്ടി ജീവൻ വെച്ചുകൊടുക്കുന്നതിനെക്കാൾ വലിയ സ്‌നേഹം ഇല്ല” എന്നു പറഞ്ഞതിലൂടെ അവൻ മറ്റൊരു കാരണവും വ്യക്തമാക്കി. (യോഹ. 14:31; 15:13) അതുകൊണ്ട്‌ നമ്മുടെ വിടുതലിന്‌ നാം യഹോവയുടെ പുത്രനോട്‌ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു, കാരണം അവനു നമ്മോടുള്ള സ്‌നേഹമാണ്‌ അതു സാധ്യമാക്കിയത്‌. തന്റെ പൂർണതയുള്ള മനുഷ്യജീവൻ ബലിയർപ്പിക്കേണ്ടിവന്നെങ്കിലും നമ്മെ വിടുവിക്കാനായി അങ്ങനെചെയ്യാൻ അവനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

നമ്മുടെ വിടുതലിനായി യഹോവ കൊടുത്ത വില

12. മറുവില ആരുടെ ഇഷ്ടത്തിന്റെ പ്രകടനമായിരുന്നു, എന്തുകൊണ്ടാണ്‌ അവൻ അതു നൽകിയത്‌?

12 ഒരു മറുവില ആവശ്യമാണെന്നും അത്‌ എങ്ങനെ കൊടുക്കണമെന്നും തീരുമാനിച്ചത്‌ യേശുവല്ല, യഹോവയാണ്‌. വിമോചനത്തിനുള്ള ഈ മാർഗം യഹോവയുടെ ഹിതമായിരുന്നു. ആലയത്തിൽ യാഗങ്ങൾ അർപ്പിച്ചിരുന്ന യാഗപീഠം, പൗലോസ്‌ സൂചിപ്പിക്കുന്നതനുസരിച്ച്‌ യഹോവയുടെ ഇഷ്ടത്തെയാണ്‌ പ്രതീകപ്പെടുത്തുന്നത്‌. (എബ്രാ. 10:10) അതുകൊണ്ടുതന്നെ ക്രിസ്‌തുവിന്റെ യാഗത്തിലൂടെ നമുക്കു ലഭിക്കുന്ന വിടുതലിന്‌ നാം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്‌ യഹോവയോടാണ്‌. (ലൂക്കോ. 1:68) അതെ, പൂർണതയുള്ള ദൈവഹിതമാണ്‌ ആ യാഗത്തിലൂടെ നിറവേറിയത്‌. മനുഷ്യനോടുള്ള അവന്റെ സ്‌നേഹം എത്ര വലുതാണെന്നതിന്റെയുംകൂടി തെളിവാണ്‌ അത്‌.യോഹന്നാൻ 3:16 വായിക്കുക.

13, 14. നമുക്കു വേണ്ടി യഹോവ ചെയ്‌തതിനെ വിലമതിക്കാൻ അബ്രാഹാമിന്റെ ദൃഷ്ടാന്തം സഹായിക്കുന്നത്‌ എങ്ങനെ?

13 ഇത്തരത്തിൽ നമ്മോടു സ്‌നേഹം കാണിക്കാൻ യഹോവയ്‌ക്ക്‌ എന്ത്‌ വില കൊടുക്കേണ്ടിവന്നു? നമുക്കത്‌ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്‌. എന്നിരുന്നാലും കാര്യങ്ങൾ മെച്ചമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ബൈബിൾ വിവരണം നമുക്കു പരിശോധിക്കാം. വിശ്വസ്‌ത ദാസനായ അബ്രാഹാമിനോട്‌ യഹോവ അത്യന്തം ദുഷ്‌കരമായ ഒരു കാര്യം ആവശ്യപ്പെട്ടു—അവന്റെ മകനായ യിസ്‌ഹാക്കിനെ യാഗം കഴിക്കുക. ‘നിന്റെ മകനെ, നീ സ്‌നേഹിക്കുന്ന നിന്റെ എകജാതനെ’ എന്നാണ്‌ യിസ്‌ഹാക്കിനെക്കുറിച്ച്‌ യഹോവ അബ്രാഹാമിനോട്‌ പറഞ്ഞത്‌. അതിൽനിന്ന്‌ അബ്രാഹാം സ്‌നേഹവാനായ ഒരു പിതാവായിരുന്നു എന്നു മനസ്സിലാക്കാം. (ഉല്‌പ. 22:2) എന്നിരുന്നാലും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനാണ്‌, മകനോടുള്ള സ്‌നേഹത്തെക്കാൾ മുൻഗണന നൽകേണ്ടതെന്ന്‌ അബ്രാഹാം തിരിച്ചറിഞ്ഞു. ദൈവം പറഞ്ഞത്‌ അബ്രാഹാം അനുസരിച്ചു. എന്നാൽ, മകനെ യാഗം അർപ്പിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ദൈവം ദൂതനെ അയച്ച്‌ അബ്രാഹാമിനെ തടഞ്ഞു. യിസ്‌ഹാക്കിനെ ബലിയർപ്പിക്കാൻ യഹോവ അബ്രാഹാമിനെ അനുവദിക്കുന്നില്ലെങ്കിലും, സമയംവരുമ്പോൾ തന്റെ പ്രിയപുത്രനെ യഹോവ യാഗം അർപ്പിക്കുകതന്നെ ചെയ്യുമായിരുന്നു. പുനരുത്ഥാനത്തിലൂടെ മാത്രമേ യിസ്‌ഹാക്കിനെ ജീവനോടെ വീണ്ടും കാണാൻ കഴിയൂ എന്ന്‌ അബ്രാഹാമിന്‌ അറിയാമായിരുന്നിട്ടും ഈ കഠിനപരിശോധനയിലും ദൈവകൽപ്പന അനുസരിക്കാൻതന്നെ അവൻ നിശ്ചയിച്ചുറച്ചിരുന്നു. ദൈവം ആ പുനരുത്ഥാനം നടത്തുമെന്ന്‌ അവന്‌ പരിപൂർണ വിശ്വാസമുണ്ടായിരുന്നു. അബ്രാഹാമിന്‌ യിസ്‌ഹാക്കിനെ പുനരുത്ഥാനത്തിലൂടെ എന്നപോലെ തിരികെ ലഭിക്കുകതന്നെ ചെയ്‌തു, പൗലോസ്‌ പറയുന്നതുപോലെ “ഒരു പ്രതീകാർഥത്തിൽ.”—എബ്രാ. 11:19.

14 തന്റെ പുത്രനെ യാഗം അർപ്പിക്കാൻ തയ്യാറെടുത്തപ്പോൾ അബ്രാഹാം അനുഭവിച്ച ഹൃദയവേദന നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയുമോ? ഒരുതരത്തിൽ, തന്റെ ‘പ്രിയപുത്രനെ’ യഹോവ യാഗം അർപ്പിച്ചതിനെ ചിത്രീകരിക്കുന്നതായിരുന്നു അബ്രാഹാമിന്റെ ഈ അനുഭവം. (മത്താ. 3:17) എന്നാൽ യഹോവയ്‌ക്ക്‌ അനുഭവപ്പെട്ട വേദന അബ്രാഹാമിന്റേതിനെക്കാൾ തീവ്രമായിരുന്നിരിക്കണം. യഹോവയും അവന്റെ പുത്രനും യുഗയുഗാന്തരങ്ങൾ ഒരുമിച്ചു കഴിഞ്ഞവരാണ്‌. പിതാവിന്റെ പ്രിയ ‘ശില്‌പിയായും’ അവന്റെ വക്താവ്‌ അഥവാ ‘വചനമായും’ ഈ പുത്രൻ സന്തോഷത്തോടെ പ്രവർത്തിച്ചിരുന്നു. (സദൃ. 8:22, 30, 31; യോഹ. 1:1) തന്റെ പുത്രൻ പരിഹാസവും പീഡനവുമേറ്റ്‌ ഒരു കുറ്റവാളിയെപ്പോലെ വധിക്കപ്പെട്ടപ്പോൾ യഹോവ അനുഭവിച്ച വേദന നമുക്കു മനസ്സിലാക്കാവുന്നതിനും അപ്പുറമാണ്‌. അതെ, നമ്മെ മോചിപ്പിക്കാനായി യഹോവ കൊടുത്ത വില വളരെ വലുതാണ്‌! ആ വിമോചനത്തെ നാം വിലമതിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ കാണിക്കാനാകും?

ആ വിമോചനത്തെ വിലമതിക്കാനാകുന്ന വിധങ്ങൾ

15. പ്രായശ്ചിത്ത നടപടികൾ യേശു പൂർത്തീകരിച്ചത്‌ എങ്ങനെ, അതിന്റെ ഫലമെന്തായിരുന്നു?

15 സ്വർഗത്തിലേക്ക്‌ പുനരുത്ഥാനം ചെയ്‌തശേഷം യേശു പാപപരിഹാരത്തിന്‌ ആവശ്യമായ നടപടികളെല്ലാം പൂർത്തീകരിച്ചു. പ്രിയപിതാവിന്റെ സന്നിധിയിലെത്തിയ അവൻ തന്റെ യാഗത്തിന്റെ മൂല്യം പിതാവിന്റെ മുമ്പിൽ സമർപ്പിച്ചു. ഒട്ടനവധി അനുഗ്രഹങ്ങൾക്ക്‌ അത്‌ വഴിതുറന്നു. ഇതുമൂലം പരിപൂർണമായ പാപമോചനം സാധ്യമായി. ഒന്നാമത്‌, ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർക്കും പിന്നെ ‘സർവലോകത്തിനും’. ഈ യാഗത്തിന്റെ ഫലമായി, തങ്ങളുടെ പാപങ്ങളെപ്രതി ആത്മാർഥമായി അനുതപിച്ച്‌ ക്രിസ്‌തുവിന്റെ അനുഗാമികളാകുന്ന ഏവർക്കും യഹോവയുമായി ഒരു അടുത്തബന്ധം സാധ്യമാകുന്നു. (1 യോഹ. 2:2) നിങ്ങളെ സംബന്ധിച്ചെന്ത്‌?

16. യഹോവ നമുക്കു നൽകിയ വിടുതലിനോട്‌ വിലമതിപ്പുണ്ടായിരിക്കണമെന്ന്‌ എങ്ങനെ ഉദാഹരിക്കാം?

16 ഇനി നമുക്ക്‌ തുടക്കത്തിൽപ്പറഞ്ഞ ആ ദൃഷ്ടാന്തത്തിലേക്കൊന്നു തിരിച്ചുപോകാം. പ്രതിവിധി കണ്ടുപിടിച്ച ആ ഡോക്‌ടർ വാർഡിൽവന്ന്‌ രോഗികളോട്‌, തന്റെ ചികിത്സ സ്വീകരിച്ച്‌ നിർദേശങ്ങൾ അനുസരിച്ചാൽ രോഗമുക്തി ലഭിക്കുമെന്ന്‌ പറയുന്നുവെന്നിരിക്കട്ടെ. എന്നാൽ രോഗികളിൽ ഭൂരിപക്ഷവും ഇതുകേട്ടിട്ട്‌, ഡോക്‌ടർ പറയുന്ന പ്രകാരം മരുന്നു കഴിക്കാനും മറ്റും വളരെ ബുദ്ധിമുട്ടാണെന്നു പറഞ്ഞ്‌ ചികിത്സ നിരസിക്കുന്നെങ്കിലെന്ത്‌? രോഗം ഭേദമാകുമെന്നുള്ളതിന്‌ വ്യക്തമായ തെളിവ്‌ നിങ്ങൾക്കുണ്ടെങ്കിലും നിങ്ങളും അവരെപ്പോലെ ചികിത്സ വേണ്ടെന്നുവെക്കുമോ? ഇല്ല. പ്രതിവിധി കണ്ടുപിടിച്ച ഡോക്‌ടറോട്‌ നിങ്ങൾ നന്ദി അറിയിക്കുകയും അദ്ദേഹത്തിന്റെ ചികിത്സാവിധികൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. മറ്റുള്ളവരോടും നിങ്ങൾ അതിനെക്കുറിച്ച്‌ പറയും. അങ്ങനെയെങ്കിൽ തന്റെ പുത്രന്റെ മറുവിലയിലൂടെ യഹോവ സാധ്യമാക്കിയിരിക്കുന്ന വിടുതലിനെപ്രതി നാം ഇതിലും എത്രയേറെ നന്ദിയും വിലമതിപ്പും കാണിക്കേണ്ടതാണ്‌!—റോമർ 6:17, 18 വായിക്കുക.

17. നിങ്ങളെ വിടുവിക്കാൻ യഹോവ ചെയ്‌തിരിക്കുന്ന കാര്യങ്ങളോട്‌ ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക്‌ നന്ദി പ്രകടിപ്പിക്കാനാകും?

17 പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ മോചിപ്പിക്കുന്നതിനായി യഹോവയും അവന്റെ പുത്രനും ചെയ്‌ത കാര്യങ്ങളെ വിലമതിക്കുന്നെങ്കിൽ നമ്മുടെ വാക്കിലും പ്രവൃത്തിയിലുമെല്ലാം നാം അതു പ്രകടമാക്കിയിരിക്കും. (1 യോഹ. 5:3) പാപചായ്‌വുകൾക്കെതിരെ നാം പോരാടും. മനഃപൂർവം പാപം ചെയ്‌തുകൊണ്ട്‌ ഒരു ഇരട്ടജീവിതം നയിക്കാൻ നാം ഒരിക്കലും തുനിയുകയില്ല. അങ്ങനെ ചെയ്‌താൽ നമുക്കായി നൽകിയ ആ മറുവിലയ്‌ക്ക്‌ അൽപ്പംപോലും വിലകൽപ്പിക്കുന്നില്ലെന്ന്‌ കാണിക്കുകയായിരിക്കും നാം. മറിച്ച്‌ ദൈവദൃഷ്ടിയിൽ ശുദ്ധരായി നിലകൊള്ളാൻ യത്‌നിച്ചുകൊണ്ട്‌ നാം ആ വിലമതിപ്പ്‌ കാണിക്കും. (2 പത്രോ. 3:14) വിടുതലിന്റെ പ്രത്യാശയെക്കുറിച്ച്‌ മറ്റുള്ളവരോട്‌ പറഞ്ഞുകൊണ്ടും നാം ആ കൃതജ്ഞത പ്രകടിപ്പിക്കും. അങ്ങനെ അവർക്കും യഹോവയുമായി ഒരു അടുത്തബന്ധത്തിലേക്കുവരാനും അനന്തജീവന്റെ പ്രത്യാശയിൽ സന്തോഷിക്കാനും കഴിയും. (1 തിമൊ. 4:16) നമ്മുടെ സമയത്തിന്റെയും ഊർജത്തിന്റെയും ഓരോ കണികയും യഹോവയെയും അവന്റെ പുത്രനെയും വാഴ്‌ത്താൻ നമുക്ക്‌ ഉപയോഗിക്കാം! (മർക്കോ. 12:28-30) പാപത്തിൽനിന്ന്‌ പരിപൂർണമുക്തി കൈവരുന്ന ആ സമയത്തിനായി നമുക്ക്‌ കാത്തിരിക്കാം. ദൈവം ഉദ്ദേശിച്ചിരുന്ന അതേവിധത്തിൽ, പൂർണരായി, എന്നുമെന്നേക്കും ജീവിക്കാൻ ഒടുവിൽ നമുക്കു കഴിയും. ഇതിനെല്ലാം നാം കടപ്പെട്ടിരിക്കുന്നത്‌ യഹോവയോടാണ്‌!—റോമ. 8:20.

[അടിക്കുറിപ്പ്‌]

^ ഖ. 3 ലോകജനസംഖ്യയുടെ നല്ലൊരു ശതമാനത്തെ (20 ശതമാനത്തിനും 50 ശതമാനത്തിനും ഇടയ്‌ക്ക്‌ എന്ന്‌ കണക്കാക്കപ്പെടുന്നു) സ്‌പാനീഷ്‌ ഇൻഫ്‌ളുവൻസ അന്ന്‌ ബാധിച്ചിരുന്നു. രോഗബാധ ഉണ്ടായവരിൽ 1-10 ശതമാനംവരെ ആളുകൾ മരണമടഞ്ഞു. എന്നാൽ, ഇബോള വൈറസ്‌ കാരണമായുള്ള പകർച്ചവ്യാധി വളരെ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. പക്ഷേ, അത്‌ പൊട്ടിപ്പുറപ്പെട്ട ചില സന്ദർഭങ്ങളിൽ ആ രോഗം ബാധിച്ചവരിൽ 90 ശതമാനത്തോളം പേർ മരണമടയുകയുണ്ടായി.

ഉത്തരം പറയാമോ?

• വിടുതൽ അടിയന്തിരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• യേശുവിന്റെ ആത്മത്യാഗം നിങ്ങളെ എങ്ങനെ സ്വാധീനിക്കണം?

• യഹോവ നൽകിയ മറുവിലയെ നിങ്ങൾ എങ്ങനെ കാണുന്നു?

• വിടുതലിനായി യഹോവ ചെയ്‌തിരിക്കുന്ന കരുതലിനോട്‌ നിങ്ങൾ എങ്ങനെ നന്ദികാണിക്കും?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചിത്രം]

പാപപരിഹാര ദിവസത്തിൽ ഇസ്രായേലിലെ മഹാപുരോഹിതൻ മിശിഹായെ മുൻനിഴലാക്കി

[28-ാം പേജിലെ ചിത്രം]

തന്റെ പുത്രനെ ബലിയർപ്പിക്കാനുള്ള അബ്രാഹാമിന്റെ മനസ്സൊരുക്കം യഹോവ ചെയ്‌ത മഹാത്യാഗത്തെക്കുറിച്ച്‌ നമ്മെ പലതും പഠിപ്പിക്കുന്നു