വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹിക്കാൻ പ്രചോദനമേകുന്ന ക്രിസ്‌തുവിന്റെ സ്‌നേഹം

സ്‌നേഹിക്കാൻ പ്രചോദനമേകുന്ന ക്രിസ്‌തുവിന്റെ സ്‌നേഹം

സ്‌നേഹിക്കാൻ പ്രചോദനമേകുന്ന ക്രിസ്‌തുവിന്റെ സ്‌നേഹം

“ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്‌നേഹിച്ചു; അവസാനത്തോളം അവരെ സ്‌നേഹിച്ചു.”—യോഹ. 13:1.

1, 2. (എ) യേശുവിന്റെ സ്‌നേഹം അനന്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി)  സ്‌നേഹത്തിന്റെ ഏതൊക്കെ വശങ്ങളെക്കുറിച്ച്‌ നാം ഈ ലേഖനത്തിൽ പരിചിന്തിക്കും?

സ്‌നേഹത്തിന്റെ ഉത്‌കൃഷ്ടമാതൃകയായിരുന്നു യേശു. അവന്റെ പെരുമാറ്റത്തിലും സംസാരത്തിലും പഠിപ്പിക്കലിലും എല്ലാം ആ സ്‌നേഹം നിറഞ്ഞുനിന്നു. ത്യാഗപൂർണമായ അവന്റെ മരണം ആ സ്‌നേഹത്തിന്റെ ആഴം എത്രയെന്ന്‌ വിളിച്ചോതുന്നു. ഭൂമിയിലെ തന്റെ അവസാനനിമിഷംവരെയും യേശുവിന്‌ ആ സ്‌നേഹമുണ്ടായിരുന്നു, വിശേഷിച്ചും തന്റെ ശിഷ്യന്മാരോട്‌.

2 തന്റെ അനുഗാമികൾക്കു പിന്തുടരുന്നതിനായി യേശു നൽകിയത്‌ സ്‌നേഹത്തിന്റെ ഈ അതിശ്രേഷ്‌ഠമാതൃകയായിരുന്നു. ഈ മാതൃക, നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളോടും മറ്റുള്ളവരോടും യേശുവിന്‌ ഉണ്ടായിരുന്നതുപോലുള്ള സ്‌നേഹംകാണിക്കാൻ നമ്മെ പ്രേരിപ്പിക്കണം. തെറ്റു ചെയ്‌തവരോട്‌—ഗുരുതരമായ തെറ്റുചെയ്‌തവരോടുപോലും—യേശു കാണിച്ചതുപോലുള്ള സ്‌നേഹം കാണിക്കാൻ സഭാമൂപ്പന്മാർക്ക്‌ സാധിക്കുന്നത്‌ എങ്ങനെയെന്ന്‌ ഈ ലേഖനത്തിൽ നാം പഠിക്കും. അതുപോലെ, രോഗങ്ങളും ദുരിതങ്ങളും ദുരന്തങ്ങളും ആളുകളുടെ ജീവിതത്തെ തകർത്തെറിയുമ്പോൾ, ക്രിസ്‌തീയ സ്‌നേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ക്രിസ്‌തുവിന്റെ മാതൃക പ്രചോദിപ്പിക്കുന്നത്‌ എങ്ങനെയെന്നും ഈ ലേഖനത്തിൽ നാം പരിചിന്തിക്കും.

3. പത്രോസ്‌ ഗുരുതരമായ പിഴവു വരുത്തിയിട്ടും യേശു അവനെ വീക്ഷിച്ചത്‌ എങ്ങനെയാണ്‌?

3 യേശുവിന്റെ മരണത്തിന്റെ തലേരാത്രിയിൽ അപ്പൊസ്‌തലനായ പത്രോസ്‌ അവനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞു. (മർക്കോ. 14:66-72) എന്നിരുന്നാലും, യേശു പറഞ്ഞിരുന്നതുപോലെതന്നെ അവൻ തിരിഞ്ഞുവന്നു, യേശു അവനോടു ക്ഷമിക്കുകയും വലിയ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കുകയും ചെയ്‌തു. (ലൂക്കോ. 22:32; പ്രവൃ. 2:14; 8:14-17; 10:44, 45) ഗുരുതരമായ പിഴവുകൾ വരുത്തിയവരോടുള്ള യേശുവിന്റെ മനോഭാവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

തെറ്റുചെയ്‌തവരോട്‌ ക്രിസ്‌തുവിന്റെ മനോഭാവംകാണിക്കുക

4. ക്രിസ്‌തുവിന്റേതുപോലുള്ള മനോഭാവം വിശേഷാൽ പ്രകടമാക്കേണ്ട ഒരു സാഹചര്യം ഏത്‌?

4 ക്രിസ്‌തുവിന്റെ മനോഭാവം പ്രകടമാക്കേണ്ട പല സാഹചര്യങ്ങളും ജീവിതത്തിലുണ്ടാകാറുണ്ട്‌. ഒരു കുടുംബാംഗമോ സഹവിശ്വാസിയോ ഗുരുതരമായ തെറ്റിലകപ്പെടുന്ന സങ്കടകരമായ സാഹചര്യമാണ്‌ അതിലൊന്ന്‌. തിരശ്ശീലവീഴാൻ ‘നിമിഷങ്ങൾമാത്രം’ ശേഷിക്കുന്ന ഈ സാത്താന്യലോകം അധാർമികതയുടെ ആഴങ്ങളിലേക്കു കൂപ്പുകുത്തുകയാണ്‌! അപ്പോൾ, സദാചാരമൂല്യങ്ങൾക്കു തെല്ലും വിലകൽപ്പിക്കാത്ത, അവയെ ലാഘവത്തോടെ കാണുന്ന ഈ ലോകത്തിന്റെ മനോഭാവം പ്രായഭേദമെന്യെ ആരെയും പിടികൂടിയേക്കാം. നീതിപാതയിൽ നടക്കാനുള്ള അവരുടെ തീരുമാനത്തെ അത്‌ ദുർബലമാക്കുകയും ചെയ്യും. ഒന്നാം നൂറ്റാണ്ടിൽ, ചിലരെ സഭയിൽനിന്നു പുറത്താക്കേണ്ടതായും ചിലർക്കു ശാസന നൽകേണ്ടതായും വന്നിട്ടുണ്ട്‌. ഇന്നും അങ്ങനെ ചെയ്യേണ്ടതായി വരുന്നുണ്ട്‌. (1 കൊരി. 5:11-13; 1 തിമൊ. 5:20) എന്നിരുന്നാലും, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മൂപ്പന്മാർ ക്രിസ്‌തുവിന്റേതുപോലുള്ള സ്‌നേഹം കാണിക്കുന്നെങ്കിൽ അത്‌ സത്‌ഫലങ്ങളുണ്ടാക്കും.

5. തെറ്റുചെയ്യുന്നവരോട്‌ മൂപ്പന്മാർ ക്രിസ്‌തുവിന്റെ മനോഭാവം പ്രകടമാക്കേണ്ടത്‌ എങ്ങനെ?

5 യേശുവിനെപ്പോലെ, മൂപ്പന്മാരും യഹോവയുടെ ഉന്നതമായ നീതിനിലവാരങ്ങൾക്കു ചേർച്ചയിലായിരിക്കണം എപ്പോഴും പ്രവർത്തിക്കേണ്ടത്‌. അങ്ങനെ ചെയ്യുമ്പോൾ അവർ പകർത്തുന്നത്‌ യഹോവയുടെ സൗമ്യത, ദയ, സ്‌നേഹം എന്നീ ഗുണങ്ങളാണ്‌. ചെയ്‌തുപോയ തെറ്റിനെപ്രതി മനസ്‌തപിച്ച്‌ ‘ഹൃദയം നുറുങ്ങിയും’ ‘മനസ്സു തകർന്നുമിരിക്കുന്ന’ ഒരു വ്യക്തിയെ ‘സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്താൻ’ മൂപ്പന്മാർക്കു ബുദ്ധിമുട്ടുണ്ടായെന്നുവരില്ല. (സങ്കീ. 34:18; ഗലാ. 6:1) എന്നാൽ അനുതാപത്തിന്റെ ലാഞ്‌ഛനപോലും ഇല്ലാതെ, മറുത്തുനിൽക്കുന്ന ഒരാളോടാണ്‌ ഇടപെടേണ്ടിവരുന്നതെങ്കിലോ?

6. തെറ്റുചെയ്‌തവരോട്‌ ഇടപെടുമ്പോൾ മൂപ്പന്മാർ എന്ത്‌ ഒഴിവാക്കണം, എന്തുകൊണ്ട്‌?

6 തെറ്റുചെയ്‌തയാൾ തിരുവെഴുത്തു ബുദ്ധിയുപദേശം നിരസിക്കുകയോ, കുറ്റം മറ്റുള്ളവരുടെമേൽ കെട്ടിവെക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ മൂപ്പന്മാർക്കും അതുപോലെ മറ്റുള്ളവർക്കും രോഷം തോന്നിയേക്കാം. അയാളുടെ തെറ്റിന്റെ തിക്തഫലങ്ങളെക്കുറിച്ച്‌ അറിയാവുന്നതിനാൽ, അയാളോടുള്ള ദേഷ്യവും അമർഷവുമൊക്കെ പ്രകടിപ്പിക്കാനുള്ള ഒരു പ്രവണത ഉണ്ടായേക്കാം. എന്നാൽ ദേഷ്യം ദോഷം ചെയ്യുമെന്നോർക്കുക, മാത്രമല്ല അപ്പോൾ ക്രിസ്‌തുവിന്റെ മനസ്സായിരിക്കില്ല നാം പ്രതിഫലിപ്പിക്കുന്നത്‌. (1 കൊരി. 2:16; യാക്കോബ്‌ 1:19, 20 വായിക്കുക.) ശക്തമായ ഭാഷയിൽ യേശു ചിലരോട്‌ സംസാരിച്ചിട്ടുണ്ടെങ്കിലും, ഒരിക്കൽപ്പോലും വെറുപ്പുകലർന്ന, മുറിപ്പെടുത്തുന്ന ഒരു വാക്ക്‌ അവന്റെ വായിൽനിന്നു പുറപ്പെട്ടിട്ടില്ല. (1 പത്രോ. 2:23) പ്രത്യുത, തെറ്റിപ്പോയവർക്ക്‌ പശ്ചാത്തപിച്ച്‌ ദൈവപ്രീതിയിലേക്കു മടങ്ങിവരാനുള്ള അവസരം എപ്പോഴുമുണ്ടെന്ന്‌ തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവൻ വ്യക്തമാക്കിയിരുന്നു. യേശു ഭൂമിയിലേക്കു വന്നതിന്റെ ഒരു മുഖ്യകാരണംതന്നെ ‘പാപികളെ രക്ഷിക്കുക’ എന്നതായിരുന്നല്ലോ?—1 തിമൊ. 1:15.

7, 8. നീതിന്യായ നടപടികൾ കൈക്കൊള്ളുമ്പോൾ മൂപ്പന്മാർ മനസ്സിൽപ്പിടിക്കേണ്ടത്‌ എന്താണ്‌?

7 സഭയിൽ ശിക്ഷണനടപടിക്കു വിധേയനാകുന്ന ഒരാളോടുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം? ഇക്കാര്യത്തിൽ യേശുവിന്റെ മനോഭാവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും? തെറ്റുചെയ്‌തയാൾക്കെതിരെ സഭ നീതിന്യായ നടപടികൾ സ്വീകരിക്കുന്നത്‌ സഭയെ ശുദ്ധമായി സൂക്ഷിക്കുന്നതിനാണ്‌. ഈ നടപടി ആ വ്യക്തിയെ മാനസാന്തരത്തിലേക്കു നയിക്കുകയും ചെയ്‌തേക്കാം. (2 കൊരി. 2:6-8) എന്നാൽ, അനുതാപമില്ലാത്തവരെ സഭയിൽനിന്നു പുറത്താക്കേണ്ടതായിവരുന്നുണ്ട്‌. എന്നിരുന്നാലും, ഇവരിൽ നല്ലൊരു പങ്കും യഹോവയിലേക്കും അവന്റെ സഭയിലേക്കും പിന്നീട്‌ മടങ്ങിവരുന്നു എന്നുള്ളത്‌ സന്തോഷമുള്ള കാര്യമാണ്‌. തെറ്റുചെയ്യുന്നവർക്കെതിരെ ശിക്ഷണനടപടികൾ സ്വീകരിക്കുമ്പോഴും, ക്രിസ്‌തുവിന്റെ അതേ മനോഭാവത്തോടെ മൂപ്പന്മാർ അവരോട്‌ ഇടപെടുന്നെങ്കിൽ മനസ്‌തപിക്കാനും പിന്നീട്‌ മടങ്ങിവരാനും അവർക്ക്‌ എളുപ്പമായിരിക്കും. പുറത്താക്കപ്പെട്ടവരിൽ ചിലർ മൂപ്പന്മാർ അന്നുനൽകിയ എല്ലാ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങളും ഓർത്തെന്നുവരില്ലെങ്കിലും, ഒരു കാര്യം അവർ എന്നും ഓർക്കും—തങ്ങളുടെ അന്തസ്സിനെ മാനിച്ച്‌ മൂപ്പന്മാർ സ്‌നേഹത്തോടെ ഇടപെട്ടവിധം.

8 അതുകൊണ്ട്‌ തെറ്റുചെയ്‌തയാൾ തിരുവെഴുത്തു ബുദ്ധിയുപദേശം സ്വീകരിക്കാൻ വിമുഖതകാട്ടുമ്പോൾപ്പോലും മൂപ്പന്മാർ ‘ആത്മാവിന്റെ ഫലം’ പ്രകടമാക്കേണ്ടതുണ്ട്‌, പ്രധാനമായും, ക്രിസ്‌തുവിന്റേതുപോലുള്ള സ്‌നേഹം. (ഗലാ. 5:22, 23) തെറ്റുചെയ്‌തയാളെ സഭയിൽനിന്നു പുറത്താക്കാൻ മൂപ്പന്മാർ ഒരിക്കലും ധൃതികൂട്ടരുത്‌; പകരം അയാൾ യഹോവയുടെ പ്രീതിയിലേക്ക്‌ മടങ്ങിവരണമെന്നാണ്‌ തങ്ങളുടെ ആഗ്രഹമെന്ന്‌ അവരുടെ വാക്കിലും പെരുമാറ്റത്തിലും പ്രകടമായിരിക്കണം. പശ്ചാത്തപിച്ച്‌ തിരികെവന്ന ഒരാൾക്ക്‌, യഹോവയോടും വീണ്ടും സഭയിലേക്കുള്ള തിരിച്ചുവരവ്‌ എളുപ്പമാക്കിത്തീർത്ത ‘മനുഷ്യരാകുന്ന ദാനങ്ങളോടുമുള്ള’ നന്ദിയും വിലമതിപ്പുമായിരിക്കും മനസ്സുനിറയെ.—എഫെ. 4:8, 11, 12.

ഈ അന്ത്യനാളുകളിൽ ക്രിസ്‌തുവിന്റേതുപോലുള്ള സ്‌നേഹം

9. ശിഷ്യന്മാരോട്‌ തനിക്ക്‌ സ്‌നേഹമുണ്ടെന്ന്‌ യേശു പ്രകടമാക്കിയ ഒരു സാഹചര്യം പറയുക.

9 യേശു തന്റെ സ്‌നേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ഒരു സന്ദർഭത്തെക്കുറിച്ച്‌ ലൂക്കോസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭാവിയിൽ, റോമൻസൈന്യം യെരുശലേമിനെ ഉപരോധിക്കുമെന്നും അപ്പോൾ ജനങ്ങൾക്ക്‌ നഗരംവിട്ട്‌ ഓടിപ്പോകാൻ സാധിക്കാതെവരുമെന്നും യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അവൻ സ്‌നേഹബുദ്ധ്യാ തന്റെ ശിഷ്യന്മാർക്ക്‌ ഈ മുന്നറിയിപ്പുനൽകി: “സൈന്യങ്ങൾ യെരുശലേമിനു ചുറ്റും പാളയമടിച്ചിരിക്കുന്നതു കാണുമ്പോൾ അവളുടെ ശൂന്യമാക്കൽ അടുത്തിരിക്കുന്നു എന്ന്‌ അറിഞ്ഞുകൊള്ളുവിൻ.” എന്താണ്‌ അവർ ചെയ്യേണ്ടിയിരുന്നത്‌? വ്യക്തമായ നിർദേശങ്ങൾ യേശു കാലേകൂട്ടിത്തന്നെ അവർക്കു നൽകി: “അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക്‌ ഓടിപ്പോകട്ടെ. യെരുശലേമിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ അവളിൽ കടക്കുകയുമരുത്‌. എഴുതപ്പെട്ടിരിക്കുന്നതെല്ലാം നിവൃത്തിയാകുന്ന പ്രതികാരത്തിന്റെ ദിനങ്ങളാണവ!” (ലൂക്കോ. 21:20-22) എ.ഡി. 66-ൽ റോമൻസൈന്യം യെരുശലേമിനെ വളഞ്ഞതുകണ്ടപ്പോൾ അനുസരണമുള്ളവർ ഈ നിർദേശങ്ങൾ അതേപടി പാലിച്ചു.

10, 11. പലായനംചെയ്‌ത ആദിമക്രിസ്‌ത്യാനികളുടെ ദൃഷ്ടാന്തം മഹാകഷ്ടത്തിനായി നമ്മെ ഒരുക്കുന്നത്‌ എങ്ങനെ?

10 യെരുശലേമിൽനിന്ന്‌ പലായനം ചെയ്യുന്ന സമയത്ത്‌ ക്രിസ്‌ത്യാനികൾ യേശു കാണിച്ചതുപോലുള്ള സ്‌നേഹം അന്യോന്യം കാണിക്കേണ്ടതുണ്ടായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്നതൊക്കെ അവർ മറ്റുള്ളവരുമായി പങ്കിടേണ്ടതുണ്ടായിരുന്നു. യെരുശലേമിന്റെ നാശത്തിലൂടെ യേശുവിന്റെ ആ പ്രവചനത്തിന്‌ പ്രാഥമിക നിവൃത്തിയുണ്ടായെങ്കിലും ആ വാക്കുകൾക്ക്‌ അതിലും അർഥവ്യാപ്‌തിയുണ്ടായിരുന്നു. അവൻ പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും മേലാൽ സംഭവിക്കുകയില്ലാത്തതുമായ മഹാകഷ്ടം അന്നുണ്ടാകും.” (മത്താ. 24:17, 18, 21) ആ “മഹാകഷ്ടം” ആഞ്ഞടിക്കുന്നതിനുമുമ്പും ആ കഷ്ടത്തിന്റെ സമയത്തും നമുക്കും അതുപോലെ കഷ്ടതകളും ഇല്ലായ്‌മകളുമൊക്കെ നേരിടേണ്ടിവന്നേക്കാം. ക്രിസ്‌തുവിന്റെ മനോഭാവമുണ്ടെങ്കിൽ നമുക്ക്‌ ആ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനാകും.

11 മഹാകഷ്ടത്തിന്റെ നാളുകളിൽ യേശുകാണിച്ച നിസ്വാർഥ സ്‌നേഹം നാം അനുകരിക്കേണ്ടതുണ്ട്‌. പൗലോസ്‌ ഇതിനോടുള്ള ബന്ധത്തിൽ ഇങ്ങനെ പറഞ്ഞു: “നാം ഓരോരുത്തരും അയൽക്കാരന്റെ നന്മയ്‌ക്കായി, അവന്റെ ആത്മീയവർധനയ്‌ക്കായിത്തന്നെ പ്രവർത്തിച്ചുകൊണ്ട്‌ അവനെ പ്രസാദിപ്പിക്കണം. ക്രിസ്‌തുതന്നെയും സ്വയം പ്രീതിപ്പെടുത്തിയില്ല . . . ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം നിങ്ങൾക്കും ഉണ്ടായിരിക്കാൻ സഹിഷ്‌ണുതയും ആശ്വാസവും നൽകുന്ന ദൈവം ഇടവരുത്തുമാറാകട്ടെ.”—റോമ. 15:2, 3, 6.

12. ഏതു തരത്തിലുള്ള സ്‌നേഹമാണ്‌ നാമിന്നു വളർത്തിയെടുക്കേണ്ടത്‌, എന്തുകൊണ്ട്‌?

12 യേശുവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ പത്രോസ്‌, ‘സത്യത്തെ അനുസരിക്കാനും’ ‘നിഷ്‌കപടമായ സഹോദരപ്രീതി’ കാണിക്കാനും ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചു. അവർ ‘ഹൃദയപൂർവം ഉറ്റുസ്‌നേഹിക്കേണ്ടതുണ്ടെന്നും’ അവൻ ഓർമിപ്പിച്ചു. (1 പത്രോ. 1:22) ക്രിസ്‌തുവിനുണ്ടായിരുന്നതുപോലുള്ള ഗുണങ്ങൾ മുമ്പെന്നത്തെക്കാളധികമായി നാം വളർത്തിയെടുക്കേണ്ട സമയമാണിപ്പോൾ. ദൈവത്തിന്റെ ദാസന്മാർ നേരിടുന്ന പ്രശ്‌നങ്ങളുടെ രൂക്ഷതയും അതുമൂലമുണ്ടാകുന്ന സമ്മർദങ്ങളും അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്‌. നശിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ ആധാരശിലകളായിവർത്തിക്കുന്ന യാതൊന്നിലും നാമാരും ആശ്രയം അർപ്പിക്കാൻ പാടില്ല. ആടിയുലഞ്ഞു നിൽക്കുന്ന ഇന്നത്തെ ലോകസമ്പദ്‌വ്യവസ്ഥ കാണിക്കുന്നത്‌ അതല്ലേ? (1 യോഹന്നാൻ 2:15-17 വായിക്കുക.) ഈ വ്യവസ്ഥിതിയുടെ അന്ത്യം അധികമധികം അടുത്തുവരവെ, നാം യഹോവയോടും സഹോദരങ്ങളോടും കൂടുതൽ കൂടുതൽ അടുക്കേണ്ടതാണ്‌. സഹോദരങ്ങളുമായി ഹൃദയംഗമമായ ഒരു ബന്ധത്തിലേക്ക്‌, ഒരുറ്റബന്ധത്തിലേക്കു വരുക. പൗലോസ്‌ ഉപദേശിച്ചു: “സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ. പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ.” (റോമ. 12:10) “സർവോപരി, തമ്മിൽ ഉറ്റസ്‌നേഹം ഉള്ളവരായിരിക്കുവിൻ; എന്തെന്നാൽ സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്‌ക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ പത്രോസ്‌ അപ്പൊസ്‌തലൻ പൗലോസിന്റെ ആ വാക്കുകൾക്ക്‌ അടിവരയിട്ടു.—1 പത്രോ. 4:8.

13-15. ദുരന്തബാധിത സ്ഥലങ്ങളിൽ സഹോദരങ്ങൾ ക്രിസ്‌തുവിന്റെ സ്‌നേഹം പ്രതിഫലിപ്പിച്ചത്‌ എങ്ങനെ?

13 ക്രിസ്‌തീയ സ്‌നേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന കാര്യത്തിൽ ലോകമെങ്ങും പേരുകേട്ടവരാണ്‌ യഹോവയുടെ സാക്ഷികൾ. 2005-ൽ ഐക്യനാടുകളുടെ തെക്കൻ പ്രദേശങ്ങളിൽ ചുഴലിക്കൊടുങ്കാറ്റ്‌ കനത്തനാശം വിതച്ചപ്പോൾ സാക്ഷികൾ സഹായഹസ്‌തവുമായി ഓടിയെത്തി. യേശുവിന്റെ സ്‌നേഹം സ്വജീവിതത്തിൽ പകർത്താനാഗ്രഹിച്ച 20,000-ലേറെ സ്വമേധാസേവകർ നാടുംവീടും തൊഴിലുമൊക്കെവിട്ട്‌ ദുരന്തബാധിതരായ സഹോദരങ്ങളെ സഹായിക്കാനെത്തി.

14 ഒരു സ്ഥലത്ത്‌ 80 കിലോമീറ്ററോളം ഉള്ളിലേക്ക്‌ വെള്ളം അടിച്ചു കയറി. കാറ്റടിച്ചുപൊങ്ങിയ ഭീമൻതിരമാലകൾക്ക്‌ 10 മീറ്ററോളംപോലും ഉയരമുണ്ടായിരുന്നു. വെള്ളം ഇറങ്ങിയപ്പോഴേക്കും മൂന്നിലൊന്ന്‌ വീടുകളും കെട്ടിടങ്ങളും നിശ്ശേഷം നശിച്ചിരുന്നു. പലരാജ്യങ്ങളിലുംനിന്നുവന്ന സാക്ഷികളായ ദുരിതാശ്വാസ പ്രവർത്തകർ ഉപകരണങ്ങളും നിർമാണ സാമഗ്രികളും എല്ലാം കൂടെക്കൊണ്ടുവന്നു. തങ്ങളുടെ വൈദഗ്‌ധ്യങ്ങൾ അവർ നിർലോഭം ഉപയോഗപ്പെടുത്തി. വിധവമാരായ രണ്ടു ജഡികസഹോദരിമാർ സാധനങ്ങളെല്ലാം ഒരു ചെറിയ ട്രക്കിൽ കയറ്റി 3,000 കിലോമീറ്ററിലധികം സഞ്ചരിച്ച്‌ ദുരിതബാധിത പ്രദേശത്ത്‌ എത്തി. അവരിലൊരാൾ ഇപ്പോഴും അവിടെ താമസിച്ച്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നുണ്ട്‌. അതോടൊപ്പം ഒരു സാധാരണ പയനിയറായും അവർ സേവിക്കുന്നു.

15 സാക്ഷികളുടെയും മറ്റുള്ളവരുടെയും ഉൾപ്പെടെ ദുരന്തബാധിത പ്രദേശത്തെ 5,600-ലധികം വീടുകൾ പുതുക്കിപ്പണിയുകയോ കേടുപോക്കുകയോ ചെയ്യുകയുണ്ടായി. സ്വമേധാസേവകർ കാണിച്ച ഈ നിസ്സീമമായ സ്‌നേഹം അവിടങ്ങളിലെ സഹോദരങ്ങളെ ആഴത്തിൽ സ്‌പർശിച്ചതായി പല അനുഭവങ്ങളും കാണിക്കുന്നു. ഉദാഹരണത്തിന്‌, വീടു നഷ്ടപ്പെട്ട ഒരു സഹോദരി ഒരു കൊച്ചുട്രെയിലറിലേക്ക്‌ താമസംമാറ്റി, ചോർന്നൊലിക്കുന്ന ആ ട്രെയിലറിൽ കേടായ ഒരു സ്റ്റൗ മാത്രമാണുണ്ടായിരുന്നത്‌. സഹോദരങ്ങൾ നമ്മുടെ ഈ സഹോദരിക്ക്‌ അത്യാവശ്യസൗകര്യങ്ങളൊക്കെയുള്ള ഒരു കൊച്ചുവീട്‌ പണിതുകൊടുത്തു. ഭംഗിയുള്ള ആ പുതിയവീടിന്റെ മുന്നിൽനിന്നപ്പോൾ സഹോദരി സന്തോഷംകൊണ്ട്‌ വിതുമ്പിപ്പോയി. യഹോവയോടും പ്രിയസഹോദരങ്ങളോടുമുള്ള നന്ദിയായിരുന്നു ആ ഹൃദയംനിറയെ. വീടുകൾ പണിതീർന്നിട്ടും ചില സഹോദരങ്ങൾ താത്‌കാലികഭവനങ്ങളിൽത്തന്നെ കഴിഞ്ഞു. അത്‌ എന്തുകൊണ്ടായിരുന്നു? സ്വമേധാസേവകരായ സഹോദരങ്ങൾക്കു താമസിക്കാനായി ആ പുതിയ വീടുകൾ വിട്ടുകൊടുത്തിരിക്കുകയായിരുന്നു അവർ. ക്രിസ്‌തുവിന്റെ മനോഭാവം പകർത്തിയതിന്റെ എത്ര നല്ല ദൃഷ്ടാന്തങ്ങളാണിവ!

രോഗാതുരരോട്‌ ക്രിസ്‌തുവിന്റെ മനോഭാവത്തോടെ. . .

16, 17. രോഗികളോട്‌ ഏതൊക്കെ വിധത്തിൽ നമുക്ക്‌ ക്രിസ്‌തുവിന്റെ മനോഭാവം പ്രകടമാക്കാൻ സാധിക്കും?

16 താരതമ്യേന നമ്മിൽ കുറച്ചുപേർ മാത്രമേ വലിയ പ്രകൃതിദുരന്തങ്ങൾക്ക്‌ ഇരയായിട്ടുള്ളൂ. എന്നാൽ എല്ലാവർക്കുംതന്നെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്‌—ചിലപ്പോൾ സ്വന്തം ആരോഗ്യപ്രശ്‌നങ്ങളായിരിക്കാം അല്ലെങ്കിൽ കുടുംബാംഗങ്ങളുടേതായിരിക്കാം. രോഗബാധിതരോട്‌ യേശുവിനുണ്ടായിരുന്ന മനോഭാവം നമുക്കും പകർത്താൻ സാധിക്കും. അവരോടുള്ള സ്‌നേഹം അവന്റെ മനസ്സലിയിച്ചു. തന്റെ അടുക്കൽ കൊണ്ടുവന്ന ‘ദീനക്കാരെയെല്ലാം അവൻ സുഖപ്പെടുത്തി’ എന്നു നാം വായിക്കുന്നു.—മത്താ. 8:16; 14:14.

17 ആളുകളെ സുഖപ്പെടുത്താനുള്ള അത്ഭുതവരങ്ങളൊന്നും ഇന്ന്‌ ക്രിസ്‌ത്യാനികൾക്കില്ല. എന്നാൽ അവർ രോഗികളോട്‌ മനസ്സലിവു കാണിക്കുന്നവരാണ്‌—യേശുവിനെപ്പോലെ. സഭയിലെ മൂപ്പന്മാർ ക്രിസ്‌തുവിന്റെ മനോഭാവം അനുകരിച്ചുകൊണ്ട്‌ സഭയിൽ രോഗികളായിട്ടുള്ളവരെ സഹായിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതും അതിന്‌ മേൽനോട്ടം വഹിക്കുന്നതും ഇതിന്‌ ഒരു ഉദാഹരണമാണ്‌. ഇങ്ങനെ ചെയ്യുമ്പോൾ അവർ തത്ത്വത്തിൽ ബാധകമാക്കുന്നത്‌ മത്തായി 25:39, 40-ലെ വാക്കുകളാണ്‌. * (വായിക്കുക.)

18. രോഗിയായ ഒരു സഹോദരിയോട്‌ രണ്ടുസഹോദരിമാർ നിസ്വാർഥ സ്‌നേഹം കാണിച്ചത്‌ എങ്ങനെ, എന്തു ഫലമുണ്ടായി?

18 മറ്റുള്ളവർക്ക്‌ നന്മ ചെയ്യുന്നതിന്‌ ഒരാൾ ഒരു മൂപ്പനായിരിക്കേണ്ട ആവശ്യമില്ല. പിൻവരുന്ന അനുഭവം അതാണു തെളിയിക്കുന്നത്‌. അർബുദം ബാധിച്ച 44 വയസ്സുള്ള ഷാർലെൻ സഹോദരി പത്തുദിവസംകൂടിയേ ജീവിക്കൂ എന്ന്‌ ഡോക്‌ടർമാർ വിധിയെഴുതി. സഹോദരിക്ക്‌ സഹായം അങ്ങേയറ്റം ആവശ്യമായിരുന്ന സമയമായിരുന്നു അത്‌. സഹോദരിയുടെ ഭർത്താവാകട്ടെ അവരെ പരിചരിക്കുന്നതിനായി വളരെയധികം കഷ്ടപ്പെടുന്നുമുണ്ടായിരുന്നു. ഇതുകണ്ട സഭയിലെ രണ്ട്‌ സഹോദരിമാർ, ഷാരനും നിക്കൊലെറ്റിയും, മുഴുവൻ സമയവും ഷാർലെൻ സഹോദരിയെ ശുശ്രൂഷിക്കാൻ തയ്യാറായി. ഏതാനും ദിവസങ്ങളേ ജീവിച്ചിരിക്കൂ എന്നു പറഞ്ഞിരുന്നെങ്കിലും ഷാർലെൻ ആറ്‌ ആഴ്‌ച ജീവിച്ചു. ഷാർലെൻ മരിക്കുന്നതുവരെയും ഈ സഹോദരിമാർ അവരുടെ കൂടെത്തന്നെയുണ്ടായിരുന്നു. ഷാരൻ പറയുന്നു: “മരണത്തെ മുഖാമുഖംകണ്ടു ജീവിക്കുന്ന ഒരാളെ ശുശ്രൂഷിക്കുന്നത്‌ വളരെ മനപ്രയാസമുണ്ടാക്കുന്ന കാര്യമാണ്‌. എന്നിരുന്നാലും യഹോവ ഞങ്ങൾക്ക്‌ മനക്കരുത്തേകി. പരസ്‌പരവും യഹോവയോടും കൂടുതൽ അടുക്കാൻ ഈ അനുഭവം ഞങ്ങളെ സഹായിച്ചു.” ഷാർലെന്റെ ഭർത്താവ്‌ പറയുന്നു: “ഈ പ്രിയ സഹോദരിമാർ ഞങ്ങൾക്കു നൽകിയ പിന്തുണയും സഹായവും എനിക്ക്‌ ഒരിക്കലും മറക്കാനാവില്ല. അവർ കാണിച്ച നിസ്വാർഥ സ്‌നേഹവും അവർ നൽകിയ ആത്മധൈര്യവും അവസാനദിനങ്ങളിൽ എന്റെ ഷാർലെന്‌ ആശ്വാസം പകർന്നു. ശാരീരികവും വൈകാരികവുമായി തളർന്ന എനിക്കും ഇവരുടെ സഹായം വലിയൊരു ആശ്വാസമായിരുന്നു. ഞാൻ എന്നും ഈ സഹോദരിമാരോടു കടപ്പെട്ടിരിക്കുന്നു. അവരുടെ ത്യാഗമനസ്ഥിതി യഹോവയിലുള്ള എന്റെ വിശ്വാസവും സഹോദരങ്ങളോടുള്ള സ്‌നേഹവും ഒന്നുകൂടെ ശക്തമാക്കി.”

19, 20. (എ) ക്രിസ്‌തുവിന്റെ മനോഭാവത്തിന്റെ ഏതുവശങ്ങൾ നാം പരിചിന്തിച്ചു? (ബി) നിങ്ങളുടെ തീരുമാനം എന്താണ്‌?

19 ഈ ലേഖന പരമ്പരയിൽ യേശുവിന്റെ മനോഭാവത്തിന്റെ അഞ്ച്‌ വ്യത്യസ്‌ത തലങ്ങൾ നാം പരിശോധിക്കുകയുണ്ടായി. അവന്റെ മനോഭാവം വളർത്തിയെടുക്കാനും അത്‌ സ്വജീവിതത്തിൽ പ്രതിഫലിപ്പിക്കാനും കഴിയുന്നത്‌ എങ്ങനെയെന്നും നാം ചിന്തിച്ചു. അതുകൊണ്ട്‌ യേശുവിനെപ്പോലെ നമുക്കും “സൗമ്യതയും താഴ്‌മയും” ഉള്ളവരായിരിക്കാം. (മത്താ. 11:29) മറ്റുള്ളവരോട്‌ ദയയോടെ ഇടപെടാൻ നമുക്ക്‌ ആത്മാർഥമായി ശ്രമിക്കാം, അവരുടെ അപൂർണതകളും ബലഹീനതകളും നമ്മെ അസ്വസ്ഥരാക്കുന്നെങ്കിൽപ്പോലും. അതുപോലെ പരിശോധനകളുടെ നടുവിലും, യഹോവ വെച്ചിരിക്കുന്ന നിബന്ധനകൾ നമുക്ക്‌ നിർഭയം അനുസരിക്കാം.

20 ക്രിസ്‌തുവിനുണ്ടായിരുന്നതുപോലുള്ള സ്‌നേഹവും നമുക്കു ജീവിതത്തിൽ പകർത്താം. ക്രിസ്‌തു ചെയ്‌തതുപോലെ നമ്മുടെ സഹോദരങ്ങളെ, ‘അവസാനത്തോളം സ്‌നേഹിക്കാം.’ യേശുവിന്റെ യഥാർഥ അനുഗാമികളായി നമ്മെ തിരിച്ചറിയിക്കുന്നത്‌ ഇത്തരം സ്‌നേഹമാണ്‌. (യോഹ. 13:1, 34, 35) അതെ, “നിങ്ങളുടെ സഹോദരസ്‌നേഹം നിലനിൽക്കട്ടെ.” (എബ്രാ. 13:1) മടിച്ചുനിൽക്കാതെ, ജീവിതം യഹോവയ്‌ക്ക്‌ പുകഴ്‌ചയേറ്റുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുംവേണ്ടി വിനിയോഗിക്കുക. നിങ്ങളുടെ ആത്മാർഥ ശ്രമങ്ങളുടെമേൽ യഹോവ അനുഗ്രഹങ്ങൾ വർഷിക്കും, തീർച്ച!

[അടിക്കുറിപ്പ്‌]

^ ഖ. 17 1987 ജൂലൈ 1 ലക്കം വീക്ഷാഗോപുരം പേജ്‌ 15-ലെ, “‘തണുപ്പകറ്റി നന്നായി ആഹാരം കഴിക്കുക’ എന്നു പറയുന്നതിലധികം ചെയ്യുക” എന്ന ലേഖനം കാണുക.

വിശദീകരിക്കാമോ?

• തെറ്റുചെയ്‌തവരോട്‌ മൂപ്പന്മാർക്ക്‌ ക്രിസ്‌തുവിന്റെ മനോഭാവം കാണിക്കാനാകുന്നത്‌ എങ്ങനെ?

• ഈ അന്ത്യകാലത്ത്‌ ക്രിസ്‌തുവിന്റെ സ്‌നേഹം അനുകരിക്കുന്നത്‌ വിശേഷാൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• രോഗികളോട്‌ നമുക്കെങ്ങനെ ക്രിസ്‌തുവിന്റെ മനോഭാവം കാണിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

തെറ്റുചെയ്‌തവർ യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരാനാണ്‌ മൂപ്പന്മാർ ആഗ്രഹിക്കുന്നത്‌

[18-ാം പേജിലെ ചിത്രം]

യെരുശലേമിൽനിന്ന്‌ പലായനംചെയ്‌ത ക്രിസ്‌ത്യാനികൾ ക്രിസ്‌തുവിന്റെ മനോഭാവം കാണിച്ചതെങ്ങനെ?

[19-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ സ്‌നേഹം പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന കാര്യത്തിൽ പേരുകേട്ടവരാണ്‌ യഹോവയുടെ സാക്ഷികൾ