വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ”

“ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ”

“ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ”

“അലസരാകാതെ ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ. യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്യുവിൻ.”—റോമ. 12:11.

1. ഇസ്രായേല്യർ മൃഗയാഗങ്ങളും മറ്റു വഴിപാടുകളും അർപ്പിച്ചതെന്തുകൊണ്ട്‌?

മനസ്സോടെ അർപ്പിക്കുന്ന യാഗങ്ങളിൽ പ്രസാദിക്കുന്ന ദൈവമാണ്‌ യഹോവ. സ്‌നേഹത്തിന്റെയും കീഴ്‌പെടലിന്റെയും പ്രകടനമായി ദൈവദാസന്മാർ അർപ്പിക്കുന്ന യാഗങ്ങളെ അവൻ വിലമതിക്കുന്നു. പുരാതനകാലത്ത്‌, പാപങ്ങൾ ക്ഷമിച്ചുകിട്ടാനും നന്ദി കരേറ്റാനുമായി ഇസ്രായേല്യർ അർപ്പിച്ചിരുന്ന മൃഗയാഗങ്ങളും വഴിപാടുകളും അവന്‌ സ്വീകാര്യമായിരുന്നു. മോശൈക ന്യായപ്രമാണപ്രകാരം അർപ്പിച്ചിരുന്നവയാണ്‌ അവ. എന്നാൽ ഇന്ന്‌ ക്രിസ്‌ത്യാനികളിൽനിന്ന്‌ യഹോവ അതുപോലുള്ള ആചാരപരമായ യാഗങ്ങളും വഴിപാടുകളും ആവശ്യപ്പെടുന്നില്ല. എന്നിരുന്നാലും നാം ഇപ്പോഴും ‘യാഗങ്ങൾ’ അർപ്പിക്കേണ്ടതുണ്ടെന്ന്‌ പൗലോസ്‌ സൂചിപ്പിക്കുന്നു. അത്‌ എങ്ങനെയെന്ന്‌ റോമിലെ ക്രിസ്‌ത്യാനികൾക്കെഴുതിയ ലേഖനത്തിന്റെ 12-ാം അധ്യായത്തിൽ അവൻ വ്യക്തമാക്കുന്നു. നമുക്ക്‌ ആ അധ്യായം ഒന്നവലോകനം ചെയ്യാം.

ജീവനുള്ള യാഗം

2. ക്രിസ്‌ത്യാനികളായ നാം ഏതുതരം ജീവിതം നയിക്കണം, അതിൽ എന്തുൾപ്പെട്ടിരിക്കുന്നു?

2 റോമർ 12:1, 2 വായിക്കുക. യഹൂദരായാലും വിജാതീയരായാലും അഭിഷിക്ത ക്രിസ്‌ത്യാനികൾ ദൈവമുമ്പാകെ നീതീകരിക്കപ്പെടുന്നത്‌ പ്രവൃത്തികളാലല്ല വിശ്വാസത്താലാണെന്ന്‌ പൗലോസ്‌ തന്റെ ലേഖനത്തിന്റെ തുടക്കത്തിൽ വ്യക്തമാക്കുകയുണ്ടായി. (റോമ. 1:16; 3:20-24) ത്യാഗഭരിതമായ ഒരു ജീവിതത്തിലൂടെയായിരിക്കണം ക്രിസ്‌ത്യാനികൾ നന്ദി പ്രകാശിപ്പിക്കേണ്ടതെന്ന്‌ 12-ാം അധ്യായത്തിൽ പൗലോസ്‌ വിശദീകരിക്കുന്നു. അതിനായി നമ്മുടെ മനോഭാവങ്ങളും നിരൂപണങ്ങളും നാം അടിമുടി മാറ്റേണ്ടതുണ്ട്‌. അപൂർണരായതിനാൽ നാം ‘പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിന്‌’ അധീനരാണ്‌. (റോമ. 8:2) അതുകൊണ്ട്‌ നമ്മുടെ “മനസ്സുകളെ ഭരിക്കുന്ന ശക്തിസംബന്ധമായി പുതുക്കം പ്രാപിച്ച്‌” നാം നമ്മുടെ മനച്ചായ്‌വുകൾക്ക്‌ സാരമായ മാറ്റം വരുത്തേണ്ടതുണ്ട്‌. (എഫെ. 4:23) ദൈവത്തിന്റെയും അവന്റെ പരിശുദ്ധാത്മാവിന്റെയും സഹായത്താൽ മാത്രമേ ഇതുപോലൊരു സമൂല പരിവർത്തനം സാധ്യമാകൂ. “കാര്യബോധത്തോടെ”യുള്ള അതായത്‌ വിവേചനാപ്രാപ്‌തി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ആത്മാർഥ ശ്രമവും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. ചുരുക്കിപ്പറഞ്ഞാൽ, ജീർണതബാധിച്ച സദാചാരമൂല്യങ്ങളും അധമമായ വിനോദങ്ങളും വഷളത്തംനിറഞ്ഞ ചിന്താഗതികളും മുഖമുദ്രയായിരിക്കുന്ന “ഈ ലോകത്തോട്‌ അനുരൂപപ്പെടാതെ,” വേറിട്ടുനിൽക്കാൻ നാം ആവുന്നത്ര ശ്രമിക്കേണ്ടതുണ്ട്‌.—എഫെ. 2:1-3.

3. നാം ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്തുകൊണ്ട്‌?

3 നമ്മുടെ വിവേചനാപ്രാപ്‌തി ഉപയോഗിച്ച്‌ “നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം” എന്തെന്ന്‌ തിരിച്ചറിഞ്ഞ്‌ ബോധ്യപ്പെടാൻ പൗലോസ്‌ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. നാം ദിവസേന ബൈബിൾ വായിക്കുന്നതും വായിച്ച കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതും പ്രാർഥിക്കുന്നതും എന്തുകൊണ്ടാണ്‌? ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതും സുവാർത്താ പ്രസംഗവേലയിൽ പങ്കെടുക്കുന്നതും എന്തുകൊണ്ടാണ്‌? ഇക്കാര്യങ്ങൾ ചെയ്യാൻ മൂപ്പന്മാർ നമ്മെ പ്രോത്സാഹിപ്പിക്കുകയും ഓർമപ്പെടുത്തുകയും ചെയ്യാറുണ്ട്‌, അതിന്‌ നമുക്ക്‌ അവരോട്‌ നന്ദിയുമുണ്ട്‌. എന്നാൽ ഈ ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ നാം ഏർപ്പെടുന്നത്‌ യഹോവയോടുള്ള നമ്മുടെ ഹൃദയംഗമമായ സ്‌നേഹംകൊണ്ടാണ്‌. ആ സ്‌നേഹം പ്രകാശിപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നതോ, അവന്റെ പരിശുദ്ധാത്മാവും. മാത്രമല്ല, നാം ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്നത്‌ ദൈവത്തിന്റെ ആഗ്രഹമാണെന്നു നമുക്കോരോരുത്തർക്കും ബോധ്യവുമുണ്ട്‌. (സെഖ. 4:6; എഫെ. 5:10) സംശുദ്ധമായ ഒരു ജീവിതം നയിക്കുകവഴി നമുക്ക്‌ ദൈവമുമ്പാകെ സ്വീകാര്യരായിരിക്കാൻ കഴിയും, ഈ തിരിച്ചറിവ്‌ നമുക്ക്‌ സന്തോഷവും ചാരിതാർഥ്യവും നൽകുന്നതല്ലേ?

വ്യത്യസ്‌ത വരങ്ങൾ

4, 5. മൂപ്പന്മാർ, വരങ്ങൾ എങ്ങനെ വിനിയോഗിക്കണം?

4 റോമർ 12:6-8, 11 വായിക്കുക. “നമുക്കു ലഭിച്ച കൃപയ്‌ക്കൊത്തവിധം വ്യത്യസ്‌ത വരങ്ങളാണു നമുക്കുള്ളത്‌” എന്ന്‌ പൗലോസ്‌ എഴുതി. അവൻ പരാമർശിച്ച വരങ്ങളിൽ ചിലത്‌ വിശേഷാൽ ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ ബാധകമാകുന്നവയാണ്‌—പ്രബോധിപ്പിക്കുക, നേതൃത്വം വഹിക്കുക എന്നിവ. ഇത്‌ “ശുഷ്‌കാന്തിയോടെ” നിർവഹിക്കാൻ അവൻ അവരെ ആഹ്വാനം ചെയ്‌തിരിക്കുന്നു.

5 ഇതേ ശുഷ്‌കാന്തി പഠിപ്പിക്കുമ്പോഴും “ശുശ്രൂഷ” നിർവഹിക്കുമ്പോഴും മേൽവിചാരകന്മാർക്ക്‌ ഉണ്ടായിരിക്കണമെന്ന്‌ പൗലോസ്‌ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരൊറ്റ ശരീരമാകുന്ന സഭയ്‌ക്കുള്ളിൽ നിർവഹിക്കേണ്ട ഒരു “ശുശ്രൂഷ”യെക്കുറിച്ചായിരിക്കാം പൗലോസ്‌ ഇവിടെ പറയുന്നത്‌, സന്ദർഭം അതാണു കാണിക്കുന്നത്‌. (റോമ. 12:4, 5) ഈ ശുശ്രൂഷ, പ്രവൃത്തികൾ 6:4-ൽ കാണുന്നതരം ശുശ്രൂഷയോട്‌ അതായത്‌ ‘വചനോപദേശത്തോട്‌’ സമാനമാണ്‌. അവിടെ നാം അപ്പൊസ്‌തലന്മാരുടെ ഈ വാക്കുകൾ വായിക്കുന്നു: “ഞങ്ങളോ പ്രാർഥനയിലും വചനോപദേശത്തിലും വ്യാപരിച്ചുകൊള്ളാം.” എന്നാൽ, മൂപ്പന്മാർ എങ്ങനെയാണ്‌ ഈ ശുശ്രൂഷ നിർവഹിക്കുന്നത്‌? തങ്ങൾക്ക്‌ ലഭിച്ചിട്ടുള്ള വരങ്ങൾ സഭാംഗങ്ങളുടെ ആത്മീയോത്‌കർഷത്തിനായി ഉപയോഗിച്ചുകൊണ്ട്‌. പഠിപ്പിച്ചും ഇടയവേലചെയ്‌തും സഭയെ വഴിനയിക്കാൻ അവർ സോത്സാഹം ശ്രമിക്കുന്നു. അതിനായി അവർ ദൈവവചനത്തിൽനിന്ന്‌ പ്രാർഥനാപൂർവം പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നു. അങ്ങനെ അവർ ആ ‘ശുശ്രൂഷ നിർവഹിക്കുന്നു.’ മേൽവിചാരകന്മാർ തങ്ങൾക്കു ലഭിച്ചിട്ടുള്ള വരങ്ങൾ ആത്മാർഥതയോടെ വിനിയോഗിക്കുകയും ആടുകളെ “സന്തോഷത്തോടെ” പരിപാലിക്കുകയുംവേണം.—റോമ. 12:7, 8; 1 പത്രോ. 5:1-3.

6. ആധാരവാക്യമായ റോമർ 12:11-ലെ ഉപദേശം നമുക്കെങ്ങനെ പിൻപറ്റാം?

6 പൗലോസ്‌ തുടരുന്നു: “അലസരാകാതെ ആത്മാവിൽ ജ്വലിക്കുന്നവരാകുവിൻ. യഹോവയ്‌ക്കുവേണ്ടി അടിമവേല ചെയ്യുവിൻ.” ശുശ്രൂഷയിൽ നമുക്ക്‌ ആലസ്യം തോന്നുന്നെങ്കിലെന്ത്‌? നമ്മുടെ പഠനശീലങ്ങളെക്കുറിച്ച്‌ പുനർവിചിന്തനം ചെയ്യേണ്ടതുണ്ടായിരിക്കാം. അതുപോലെ യഹോവയുടെ പരിശുദ്ധാത്മാവിനായി കുറെക്കൂടി തീവ്രതയോടെയും ആവർത്തിച്ചും നാം പ്രാർഥിക്കേണ്ടതുമുണ്ടായിരിക്കാം. ശുശ്രൂഷയിലുള്ള മാന്ദ്യമകറ്റി ഉത്സാഹം പുതുക്കാൻ പരിശുദ്ധാത്മാവിനു കഴിയും. (ലൂക്കോ. 11:9, 13; വെളി. 2:4; 3:14, 15, 19) “ദൈവത്തിന്റെ മഹാകാര്യങ്ങൾ” പ്രസ്‌താവിക്കാൻ ആദിമ ക്രിസ്‌ത്യാനികൾക്ക്‌ ഉണർവേകിയത്‌ പരിശുദ്ധാത്മാവാണ്‌. (പ്രവൃ. 2:4, 11) അവരെപ്പോലെ ശുശ്രൂഷയിൽ ശുഷ്‌കാന്തിയുള്ളവരാകാൻ, ‘ആത്മാവിൽ ജ്വലിക്കുന്നവരാകാൻ’ ദൈവാത്മാവ്‌ നമ്മെയും പ്രേരിപ്പിക്കും.

താഴ്‌മയും എളിമയും

7. ദൈവസേവനത്തിൽ നമുക്ക്‌ താഴ്‌മയും എളിമയും ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്‌?

7 റോമർ 12:3, 16 വായിക്കുക. നമുക്കു ലഭിച്ചിട്ടുള്ള വരങ്ങളൊക്കെ യഹോവയുടെ “കൃപ”കൊണ്ടു ലഭിച്ചിട്ടുള്ളവയാണ്‌. പൗലോസ്‌ പറഞ്ഞു: “ഞങ്ങളുടെ യോഗ്യത ദൈവത്തിൽനിന്നാണു വരുന്നത്‌.” (2 കൊരി. 3:5) അതുകൊണ്ടുതന്നെ ക്രിസ്‌ത്യാനികളുടെ ഇടയിൽ ആത്മപ്രശംസയ്‌ക്ക്‌ യാതൊരു സ്ഥാനവുമില്ല. ശുശ്രൂഷയിൽ നമുക്കു ലഭിച്ചേക്കാവുന്ന വിജയവും സത്‌ഫലങ്ങളുമെല്ലാം നമ്മുടെ സാമർഥ്യത്താലല്ല, ദൈവത്തിന്റെ അനുഗ്രഹത്താൽ കൈവരുന്നതാണെന്ന്‌ നാം താഴ്‌മയോടെ തിരിച്ചറിയണം. (1 കൊരി. 3:6, 7) ഇതിനോടു ബന്ധപ്പെട്ട്‌ പൗലോസ്‌ എഴുതി: “ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു; നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ഭാവിക്കരുത്‌.” ആത്മാഭിമാനം, ദൈവസേവനത്തിലെ സന്തോഷം, സംതൃപ്‌തി എന്നിവയൊക്കെ നമുക്കാവശ്യമാണ്‌. എന്നിരുന്നാലും എളിമയോടെ, സ്വന്തം പരിമിതികൾ അംഗീകരിക്കുന്നെങ്കിൽ നാം സ്വന്തം അഭിപ്രായത്തിൽ കടിച്ചുതൂങ്ങില്ല, മറിച്ച്‌ “സുബോധത്തോടെ” ചിന്തിക്കും.

8. ‘വിവേകികളെന്നു സ്വയം ഭാവിക്കുന്നത്‌’ ഒഴിവാക്കാൻ നമുക്കെങ്ങനെ കഴിയും?

8 സ്വന്തം നേട്ടങ്ങളെക്കുറിച്ച്‌ വീമ്പിളക്കുന്നത്‌ മൗഢ്യമായിരിക്കും, കാരണം ‘വളരുമാറാക്കുന്നത്‌ ദൈവമാണ്‌.’ (1 കൊരി. 3:7) സഭയിലെ ഓരോരുത്തർക്കും ‘വിശ്വാസത്തിന്റെ ഒരളവ്‌’ ദൈവം നൽകിയിട്ടുണ്ടെന്ന്‌ പൗലോസ്‌ പ്രസ്‌താവിക്കുന്നു. മറ്റുള്ളവരും അവരവർക്കു ലഭിച്ചിട്ടുള്ള വിശ്വാസത്തിന്റെ അളവനുസരിച്ച്‌ കാര്യങ്ങൾ നിർവഹിക്കുന്നുണ്ടെന്ന്‌ നാം താഴ്‌മയോടെ അംഗീകരിക്കണം. അപ്പൊസ്‌തലൻ പ്രസ്‌താവിക്കുന്നു: “നിങ്ങളെപ്പറ്റി നിങ്ങൾ വിചാരിക്കുന്നതുപോലെ മറ്റുള്ളവരെപ്പറ്റിയും വിചാരിക്കുവിൻ.” തന്റെ മറ്റൊരു ലേഖനത്തിൽ പൗലോസ്‌ നമ്മോട്‌, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്‌ഠരായി കരുതുവിൻ” എന്ന്‌ പറയുകയുണ്ടായി. (ഫിലി. 2:3) ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നമ്മുടെ സഹോദരീസഹോദരന്മാർ ഓരോരുത്തരും നമ്മെക്കാൾ ശ്രേഷ്‌ഠരാണ്‌. പക്ഷേ അത്‌ അംഗീകരിക്കാൻ നമ്മുടെ ഭാഗത്ത്‌ യഥാർഥ താഴ്‌മയും ബോധപൂർവമുള്ള ശ്രമവും കൂടിയേതീരൂ. ‘വിവേകികളെന്നു സ്വയം ഭാവിക്കാതിരിക്കാൻ’ താഴ്‌മ സഹായിക്കും. പ്രത്യേക സേവനപദവികൾ, ചിലരെ ആളുകളുടെ ശ്രദ്ധാകേന്ദ്രമാക്കിയേക്കാമെങ്കിലും ‘എളിയകാര്യങ്ങൾ’ ചെയ്യുന്നതിൽ നാമെല്ലാം സന്തോഷവും സംതൃപ്‌തിയും കണ്ടെത്തുന്നു.—1 പത്രോ. 5:5.

നമ്മുടെ ക്രിസ്‌തീയ ഐക്യം

9. അഭിഷിക്ത ക്രിസ്‌ത്യാനികളെ പൗലോസ്‌ ഒരു ശരീരത്തിലെ അവയവങ്ങളോട്‌ സാദൃശപ്പെടുത്തുന്നത്‌ എന്തുകൊണ്ട്‌?

9 റോമർ 12:4, 5, 9, 10 വായിക്കുക. ഒരു ശരീരത്തിലെ അവയവങ്ങളോടാണ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളെ പൗലോസ്‌ ഇവിടെ താരതമ്യം ചെയ്യുന്നത്‌. അവർ ക്രിസ്‌തുവെന്ന ശിരസ്സിൻകീഴിൽ ഐക്യത്തിൽ വർത്തിക്കുന്നു. (കൊലോ. 1:18) ഒരു ശരീരത്തിൽ വ്യത്യസ്‌ത ധർമങ്ങൾ നിർവഹിക്കുന്ന പല അവയവങ്ങളുള്ളതുപോലെ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ ‘പലരെങ്കിലും ക്രിസ്‌തുവിൽ ഒരു ശരീരമാണെന്ന്‌’ പൗലോസ്‌ അവരോടു പറയുന്നു. സമാനമായി, എഫെസൊസിലെ അഭിഷിക്ത ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട്‌ പൗലോസ്‌ പറഞ്ഞു: “നമുക്ക്‌ സ്‌നേഹത്തിൽ ക്രിസ്‌തു എന്ന ശിരസ്സിൻകീഴിൽ സകലത്തിലും വളർന്നുവരാം. അവൻ മുഖേന ശരീരം മുഴുവനും വളർച്ച പ്രാപിക്കുന്നു; ശരീരം സകല സന്ധിബന്ധങ്ങളാലും വേണ്ടവിധം സംയോജിതമായിട്ട്‌ അവയവങ്ങൾ അതതിന്റെ ധർമം യഥോചിതം നിർവഹിച്ചുകൊണ്ട്‌ സ്‌നേഹത്തിൽ അഭിവൃദ്ധിപ്പെടുന്നു.”—എഫെ. 4:15, 16.

10. ‘വേറെ ആടുകൾ’ ഏത്‌ അധികാരം അംഗീകരിക്കണം?

10 ‘വേറെ ആടുകളിൽപ്പെട്ടവർ’ ക്രിസ്‌തുവിന്റെ ശരീരത്തിന്റെ ഭാഗമല്ലെങ്കിലും അവർക്കും ഈ ദൃഷ്ടാന്തത്തിൽനിന്ന്‌ പലതും പഠിക്കാനുണ്ട്‌. (യോഹ. 10:16) യഹോവ, “സകലവും [ക്രിസ്‌തുവിന്റെ] കാൽക്കീഴാക്കുകയും സഭയ്‌ക്കുവേണ്ടി അവനെ സകലത്തിന്റെയും ശിരസ്സ്‌ ആക്കുകയും ചെയ്‌തു” എന്ന്‌ പൗലോസ്‌ പറയുന്നു. (എഫെ. 1:22) യഹോവ ഇന്ന്‌, തന്റെ പുത്രന്റെ ശിരസ്ഥാനത്തിനു കീഴാക്കിവെച്ചിരിക്കുന്ന ആ ‘സകലത്തിന്റെയും’ ഭാഗമാണ്‌ വേറെ ആടുകൾ. ക്രിസ്‌തു, “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ ഭരമേൽപ്പിച്ചിരിക്കുന്ന ‘സ്വത്തുക്കളിലും’ ഇവർ ഉൾപ്പെടുന്നു. (മത്താ. 24:45-47) ആയതിനാൽ, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നവർ ക്രിസ്‌തുവിന്റെ അധികാരത്തെ അംഗീകരിക്കുകയും വിശ്വസ്‌തനും വിവേകിയുമായ അടിമയ്‌ക്കും അതിന്റെ ഭരണസംഘത്തിനും സഭയിലെ നിയമിത മേൽവിചാരകന്മാർക്കും കീഴ്‌പെടുകയും ചെയ്യേണ്ടതുണ്ട്‌. (എബ്രാ. 13:7, 17) ഇങ്ങനെ ചെയ്യുന്നത്‌ ക്രിസ്‌തീയ ഐക്യം ഊട്ടിയുറപ്പിക്കും.

11. നമ്മുടെ ഐക്യത്തിനാധാരം എന്താണ്‌, പൗലോസ്‌ മറ്റ്‌ എന്ത്‌ ഉദ്‌ബോധനംകൂടി നൽകി?

11 അത്തരം ക്രിസ്‌തീയ ഐക്യത്തിന്‌ ആധാരം “ഐക്യത്തിന്റെ സമ്പൂർണബന്ധമായ സ്‌നേഹ”മാണ്‌. (കൊലോ. 3:14) റോമർ 12-ാം അധ്യായത്തിൽ പൗലോസ്‌ ഇത്‌ എടുത്തുപറയുന്നുണ്ട്‌. നമ്മുടെ സ്‌നേഹം ‘കാപട്യമില്ലാത്തതായിരിക്കണമെന്നും’ ‘സഹോദരസ്‌നേഹത്തിൽ അന്യോന്യം ആർദ്രതയുള്ളവരായിരിക്കണമെന്നും’ അവൻ ഉപദേശിച്ചു. പരസ്‌പരബഹുമാനം ഉണ്ടായിരിക്കാൻ ഇത്‌ സഹായിക്കുന്നു. “പരസ്‌പരം ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുവിൻ” എന്നാണല്ലോ അപ്പൊസ്‌തലൻ ഓർമിപ്പിക്കുന്നത്‌. എന്നാൽ നമ്മുടെ സ്‌നേഹം അന്ധമായിരിക്കരുത്‌, സഭയെ ശുദ്ധമായി സൂക്ഷിക്കാൻ ആവുന്നതെല്ലാം നാം ചെയ്യണം. സ്‌നേഹത്തെക്കുറിച്ചു സംസാരിക്കവെ പൗലോസ്‌ ഈ ഉദ്‌ബോധനംകൂടി നൽകി: “ദോഷത്തെ വെറുത്ത്‌ നല്ലതിനോടു പറ്റിനിൽക്കുവിൻ.”

അതിഥിസത്‌കാരം ആചരിക്കുവിൻ

12. പുരാതന മാസിഡോണിയയിലെ ക്രിസ്‌ത്യാനികളിൽനിന്ന്‌ അതിഥിസത്‌കാരത്തെക്കുറിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

12 റോമർ 12:13 വായിക്കുക. സഹോദരങ്ങളോടു സ്‌നേഹമുണ്ടെങ്കിൽ നമ്മുടെ കഴിവിനനുസരിച്ച്‌, “വിശുദ്ധന്മാരെ അവരുടെ ആവശ്യങ്ങളിൽ സഹായി”ക്കാൻ നാം മനസ്സുകാണിക്കും. ഭൗതികമായി ഏറെയൊന്നുമില്ലെങ്കിലും, നമുക്കുള്ളത്‌ നമുക്കു പങ്കുവെക്കാൻ കഴിയും. മാസിഡോണിയയിലെ ക്രിസ്‌ത്യാനികളെക്കുറിച്ച്‌ പൗലോസ്‌ എഴുതി: “അവർ ക്ലേശത്തിന്റെ കഠിന പരീക്ഷയിൽ ആയിരുന്നു. ആ കൊടിയ ദാരിദ്ര്യത്തിലും സന്തോഷസമൃദ്ധിയാൽ അവരുടെ ഉദാരതയുടെ സമ്പത്ത്‌ കവിഞ്ഞൊഴുകി. അവർ തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും കൊടുത്തുവെന്നതിനു ഞാൻ സാക്ഷി. ദാനം ചെയ്യാനും [യെഹൂദ്യയിലെ] വിശുദ്ധന്മാർക്കുവേണ്ടിയുള്ള ഈ ശുശ്രൂഷയിൽ പങ്കുവഹിക്കാനുമുള്ള പദവിക്കായി അവർ ഞങ്ങളോടു യാചിച്ചുകൊണ്ടിരുന്നു. സ്വന്തം ആഗ്രഹപ്രകാരമാണ്‌ അവർ ഇങ്ങനെ ചെയ്‌തത്‌.” (2 കൊരി. 8:2-4) സാമ്പത്തികമായി പിന്നോക്കമായിരുന്നെങ്കിലും അവർ ഉദാരമതികളായിരുന്നു. യെഹൂദ്യയിലെ സഹോദരങ്ങൾക്ക്‌ സഹായമേകുന്നത്‌ ഒരു പദവിയായി അവർ വീക്ഷിച്ചു.

13. ‘അതിഥിസത്‌കാരം ആചരിക്കുക’ എന്നു പറഞ്ഞാൽ എന്താണ്‌?

13 മുൻകൈ എടുക്കുക എന്ന ധ്വനിയുള്ള ഒരു ഗ്രീക്ക്‌ പ്രയോഗത്തെയാണ്‌ “അതിഥിസത്‌കാരം ആചരിക്കുവിൻ” എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ദ ന്യൂ ജറൂസലേം ബൈബിൾ ആ പ്രയോഗത്തെ “അതിഥിസത്‌കാരം കാണിക്കാനുള്ള അവസരങ്ങൾ അന്വേഷിക്കുക” എന്ന്‌ പരിഭാഷപ്പെടുത്തുന്നു. ഒരുനേരത്തെ ഭക്ഷണത്തിനായി ആളുകളെ ക്ഷണിച്ചുകൊണ്ട്‌ അതിഥിസത്‌കാരം കാണിക്കാനാകും, അത്‌ സ്‌നേഹത്താൽ പ്രേരിതമായിരിക്കുമ്പോൾ വിശേഷാൽ ശ്ലാഘനീയമാണ്‌. എന്നാൽ ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നെങ്കിൽ അതിഥിപ്രിയം കാണിക്കുന്നതിനുള്ള മറ്റു പലവഴികളും നമ്മുടെ മുമ്പിൽ തുറന്നുവരും. ഉദാഹരണത്തിന്‌, നമ്മുടെ സാമ്പത്തികാവസ്ഥയോ ആരോഗ്യസ്ഥിതിയോ ആരെയെങ്കിലും ഭക്ഷണത്തിനു വിളിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ, ഒരു കപ്പു ചായയോ കാപ്പിയോ ശീതളപാനീയമോ കൊടുത്തുകൊണ്ട്‌ ആതിഥ്യം കാണിക്കാനാകും.

14. (എ) “അതിഥിസത്‌കാരം” എന്നതിന്റെ മൂലപദം ഏതു രണ്ടുപദങ്ങൾ ചേർന്നുണ്ടായതാണ്‌? (ബി) ശുശ്രൂഷയിൽ അന്യദേശക്കാരോട്‌ കരുതൽ കാണിക്കാനാകുന്നത്‌ എങ്ങനെ?

14 അതിഥിസത്‌കാരം കാണിക്കുന്നതിൽ നമ്മുടെ മനോഭാവം ഒരു പങ്കുവഹിക്കുന്നു. “സ്‌നേഹം,” “അപരിചിതൻ” എന്ന്‌ അർഥങ്ങളുള്ള രണ്ടുപദങ്ങൾ കൂടിച്ചേർന്നതാണ്‌ “അതിഥിസത്‌കാരം” എന്നു തർജ്ജമ ചെയ്‌തിരിക്കുന്ന ഗ്രീക്കുപദം. അപരിചിതരെയും പരദേശികളെയും നാം എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? തങ്ങളുടെ സഭയുടെ പ്രദേശത്തുള്ള അന്യഭാഷക്കാരോട്‌ സുവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി മറ്റൊരു ഭാഷ പഠിക്കുന്നവർ നിസ്സംശയമായും അതിഥിസത്‌കാരം ആചരിക്കുകയാണ്‌. മറ്റൊരു ഭാഷ പഠിക്കാൻ നമ്മിൽ പലർക്കും സാധിച്ചെന്നു വരില്ല. എന്നിരുന്നാലും മറ്റുഭാഷക്കാരെ സുവാർത്ത അറിയിക്കുന്നതിൽ നമുക്കെല്ലാവർക്കും പങ്കെടുക്കാൻ സാധിക്കും. എങ്ങനെ? സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്‌തകം ഉപയോഗിച്ചുകൊണ്ട്‌. വിവിധ ഭാഷകളിലുള്ള ബൈബിൾ സന്ദേശം അതിൽ കൊടുത്തിട്ടുണ്ട്‌. ഈ ചെറുപുസ്‌തകം ഉപയോഗിച്ചതിന്റെ നല്ല അനുഭവങ്ങൾ നിങ്ങൾക്കുണ്ടോ?

സമാനുഭാവം

15. റോമർ 12:15-നു ചേർച്ചയിൽ യേശു പ്രവർത്തിച്ചത്‌ എങ്ങനെ?

15 റോമർ 12:15 വായിക്കുക. ഈ വാക്യത്തെ നമുക്ക്‌ രണ്ടുവാക്കുകളിൽ സംഗ്രഹിക്കാം: സമാനുഭാവം കാണിക്കുക. മറ്റൊരു വ്യക്തിയുടെ വികാരങ്ങൾ, അത്‌ സന്തോഷമായാലും സന്താപമായാലും, അത്‌ ഉൾക്കൊള്ളാനും അതിൽ പങ്കുചേരാനും നാം പഠിക്കേണ്ടതുണ്ട്‌. ആത്മാവിൽ ജ്വലിക്കുന്നവരാണെങ്കിൽ മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ നാം പങ്കുചേരും. 70 ശിഷ്യന്മാർ പ്രസംഗപര്യടനം കഴിഞ്ഞ്‌ സന്തോഷത്തോടെ തിരിച്ചെത്തി നടന്നതെല്ലാം വിവരിച്ചപ്പോൾ യേശുതന്നെയും ‘പരിശുദ്ധാത്മാവു നിറഞ്ഞവനായി ആനന്ദിച്ചു’ എന്നു നാം വായിക്കുന്നു. (ലൂക്കോ. 10:17-21) അതെ, അവൻ അവരുടെ സന്തോഷത്തിൽ പങ്കുചേർന്നു. അതേസമയം അവന്റെ സ്‌നേഹിതനായ ലാസർ മരിച്ചപ്പോൾ അവൻ “കരയുന്നവരോടൊപ്പം കരയുകയും” ചെയ്‌തു.—യോഹ. 11:32-35.

16. നമുക്ക്‌ എങ്ങനെ സമാനുഭാവം കാണിക്കാം, പ്രത്യേകിച്ച്‌ ആർ അത്‌ കാണിക്കേണ്ടതുണ്ട്‌?

16 സമാനുഭാവം കാണിക്കുന്നതിൽ യേശുവിനെ അനുകരിക്കാൻ നാം ആഗ്രഹിക്കുന്നു. ഒരു സഹക്രിസ്‌ത്യാനി സന്തോഷിക്കുമ്പോൾ നാമും ആ സന്തോഷത്തിൽ പങ്കുചേരും. അതുപോലെതന്നെ, സഹോദരങ്ങളുടെ നൊമ്പരങ്ങളുടെയും ഹൃദയവ്യഥകളുടെയുംനേരെ നാം കണ്ണടയ്‌ക്കുകയുമില്ല. മനോവ്യഥകളുടെ ഭാരംപേറുന്ന നമ്മുടെ സഹോദരങ്ങൾ ഹൃദയംതുറക്കുമ്പോൾ അതു കേൾക്കാനൊരു മനസ്സു നമുക്കുണ്ടെങ്കിൽ അത്‌ അവർക്കേകുന്ന ആശ്വാസം എത്രയെന്നോ! ചിലപ്പോഴൊക്കെ അവരുടെ നൊമ്പരം നമ്മുടെ കണ്ണു നനയ്‌ക്കാറില്ലേ! (1 പത്രോ. 1:22) സമാനുഭാവം കാണിക്കുന്ന കാര്യത്തിൽ നാമെല്ലാവരും, മൂപ്പന്മാർ പ്രത്യേകിച്ചും, പൗലോസിന്റെ ഉപദേശം ബാധകമാക്കേണ്ടതുണ്ട്‌.

17. റോമർ 12-ാം അധ്യായത്തിൽനിന്ന്‌ നാം ഇതുവരെ എന്തു പഠിച്ചു? അടുത്തലേഖനത്തിൽ എന്തു പഠിക്കും?

17 ക്രിസ്‌ത്യാനികളായ നമ്മുടെ ജീവിതത്തിലും സഹോദരങ്ങളോടുള്ള ഇടപെടലുകളിലും ബാധകമാക്കേണ്ട ഉപദേശങ്ങളാണ്‌ നാം ഇതുവരെ പരിചിന്തിച്ചത്‌. അടുത്തലേഖനത്തിൽ നാം റോമർ 12-ാം അധ്യായത്തിന്റെ ശേഷിച്ച വാക്യങ്ങൾ പരിശോധിക്കും. നമ്മുടെ എതിരാളികളും പീഡകരും ഉൾപ്പെടെ ക്രിസ്‌തീയസഭയ്‌ക്ക്‌ പുറത്തുള്ളവരെ നാം എങ്ങനെ വീക്ഷിക്കണം, അവരോട്‌ എങ്ങനെ പെരുമാറണം എന്ന്‌ ആ ലേഖനത്തിൽ നാം കാണും.

പുനരവലോകനത്തിന്‌

• നാം ‘ആത്മാവിൽ ജ്വലിക്കുന്നവരാണെന്ന്‌’ എങ്ങനെ കാണിക്കാം?

• എളിമയോടും താഴ്‌മയോടുംകൂടെ നാം ദൈവത്തെ സേവിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• സഹവിശ്വാസികളോട്‌ സമാനുഭാവവും അനുകമ്പയും ഏതെല്ലാം വിധങ്ങളിൽ നമുക്കു കാണിക്കാനാകും?

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജിലെ ചിത്രങ്ങൾ]

ഈ ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ നാം പങ്കുപറ്റുന്നത്‌ എന്തുകൊണ്ട്‌?

[6-ാം പേജിലെ ചിത്രം]

ദൈവരാജ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ അന്യദേശക്കാരെ നമുക്കോരോരുത്തർക്കും എങ്ങനെ സഹായിക്കാം?