വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആ മൂന്ന്‌ കൺവെൻഷനുകൾ എന്റെ ജീവിതത്തിൽ വഴിത്തിരിവായി

ആ മൂന്ന്‌ കൺവെൻഷനുകൾ എന്റെ ജീവിതത്തിൽ വഴിത്തിരിവായി

ആ മൂന്ന്‌ കൺവെൻഷനുകൾ എന്റെ ജീവിതത്തിൽ വഴിത്തിരിവായി

ജോർജ്ജ്‌ വൊറെൻചെക്‌ പറഞ്ഞപ്രകാരം

കൺവെൻഷനുകളിലൊന്നിൽ കേട്ട ഒരു കാര്യം ജീവിതത്തെ മാറ്റിമറിച്ച അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? എന്റെ കാര്യത്തിലതു സംഭവിച്ചു. പിന്തിരിഞ്ഞുനോക്കുമ്പോൾ എന്റെ ജീവിതഗതിയെ വഴിതിരിച്ചുവിട്ട മൂന്നുകൺവെൻഷനുകൾ എനിക്കു മറക്കാനാവില്ല. അവയിൽ ആദ്യത്തേത്‌ ഭീരുവായിരുന്ന എനിക്ക്‌ ധൈര്യം പകർന്നു. രണ്ടാമത്തേത്‌, ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെടാൻ എന്നെ പഠിപ്പിച്ചു. മൂന്നാമത്തേതാകട്ടെ കൊടുക്കുന്ന ശീലം വളർത്തിയെടുക്കാനും. ഈ മാറ്റങ്ങളെക്കുറിച്ചൊക്കെ പറയുന്നതിനുമുമ്പ്‌ ഞാൻ എന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ചില ഓർമകളൊന്ന്‌ അയവിറക്കട്ടെ. ഈ കൺവെൻഷനുകൾ നടക്കുന്നതിനും വർഷങ്ങൾക്കു മുമ്പുള്ള കാലത്തെക്കുറിച്ച്‌.

1928-ൽ, മൂന്നുമക്കളിൽ ഇളയവനായി ഞാൻ ജനിച്ചു. എനിക്ക്‌ രണ്ടു ചേച്ചിമാരുണ്ടായിരുന്നു, മാർജിയും ഓൾഗയും. യു.എസ്‌.എ-യിലെ ന്യൂജേഴ്‌സിയിലെ ഒരു പട്ടണമായ സൗത്ത്‌ ബൗണ്ട്‌ ബ്രൂക്കിലാണ്‌ ഞങ്ങൾ വളർന്നത്‌. അന്ന്‌ അവിടത്തെ ജനസംഖ്യ ഏതാണ്ട്‌ 2,000 ആയിരുന്നു. പാവപ്പെട്ടവരായിരുന്നെങ്കിലും എന്റെ അമ്മ ദാനശീലയായിരുന്നു. വീട്ടിൽ പ്രത്യേകിച്ച്‌ എന്തുണ്ടാക്കിയാലും അമ്മ അത്‌ അയൽക്കാർക്കും കൊടുക്കും. എനിക്ക്‌ ഒമ്പതു വയസ്സുള്ളപ്പോഴാണ്‌ സാക്ഷികളിലൊരാൾ അമ്മയോട്‌ സത്യത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌. അമ്മയുടെ മാതൃഭാഷയായ ഹംഗേറിയനിലാണ്‌ ആ സഹോദരി സംസാരിച്ചത്‌, അത്‌ അമ്മ താത്‌പര്യത്തോടെ കേട്ടു. പിന്നീട്‌, ബെർത്ത എന്നു പേരുള്ള 20 കഴിഞ്ഞ ഒരു സഹോദരിയാണ്‌ അമ്മയെ തുടർന്ന്‌ ബൈബിൾ പഠിപ്പിച്ചതും യഹോവയുടെ ഒരു ശുശ്രൂഷകയാകാൻ സഹായിച്ചതും.

അമ്മയുടേതുപോലെ ധൈര്യമൊന്നും എനിക്കില്ലായിരുന്നു. പേടിയായിരുന്നു എനിക്ക്‌, ആത്മവിശ്വാസം തീരെയില്ലായിരുന്നു. പോരാത്തതിന്‌ അമ്മ എപ്പോഴും എന്നെ താഴ്‌ത്തിക്കെട്ടി സംസാരിക്കുകയും ചെയ്യുമായിരുന്നു. “അമ്മ എന്തിനാണ്‌ എന്നെയിങ്ങനെ കുറ്റപ്പെടുത്തുന്നത്‌?” എന്ന്‌ കരഞ്ഞുകൊണ്ട്‌ ഞാൻ ചോദിച്ചപ്പോൾ എന്നോട്‌ സ്‌നേഹമുള്ളതുകൊണ്ടാണെന്നും ഞാൻ അഹംഭാവിയായിത്തീരാതിരിക്കാനാണെന്നും അമ്മ കാരണം പറഞ്ഞു. അമ്മ സദുദ്ദേശ്യത്തോടെയാണ്‌ അങ്ങനെ ചെയ്‌തത്‌, പക്ഷേ എന്നിലത്‌ അപകർഷബോധം ഉളവാക്കുകയാണ്‌ ചെയ്‌തത്‌.

ഒരുദിവസം ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു സ്‌ത്രീ അവരുടെ മക്കളുടെ കൂടെ സൺഡേ സ്‌കൂളിന്‌ പോകാമോയെന്ന്‌ എന്നോട്‌ ചോദിച്ചു. എന്നെ കാര്യമായിരുന്നു അവർക്ക്‌. അവരോടൊപ്പം ഞാൻ പോയാൽ അത്‌ യഹോവയെ അപ്രീതിപ്പെടുത്തുമെന്ന്‌ എനിക്കറിയാമായിരുന്നു. എന്നാൽ അവർക്കു വിഷമമായെങ്കിലോ എന്നു ഞാൻ ഭയന്നു. അങ്ങനെ ഞാൻ മാസങ്ങളോളം അവരുടെ കൂടെ പള്ളിയിൽപ്പോയി, വേണ്ടിയിരുന്നില്ലെന്ന്‌ പലപ്പോഴും തോന്നിയെങ്കിലും. സ്‌കൂളിൽവെച്ചും മാനുഷഭയംകൊണ്ട്‌ ഞാൻ മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഒരു കർക്കശക്കാരനായിരുന്നു. എല്ലാ കുട്ടികളും പതാകവന്ദനം ചെയ്യുന്നുവെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ അദ്ദേഹം അധ്യാപകരോട്‌ നിഷ്‌കർഷിച്ചിരുന്നു. ഞാനും സല്യൂട്ട്‌ ചെയ്‌തു. ഒരു വർഷത്തോളം അങ്ങനെ പോയി. അതുകഴിഞ്ഞ്‌ ഒരു മാറ്റം സംഭവിച്ചു.

ധൈര്യശാലിയാകാൻ പഠിക്കുന്നു

1939-ൽ ഞങ്ങളുടെ വീട്ടിൽവെച്ച്‌ പുസ്‌തകാധ്യയനം നടത്താനാരംഭിച്ചു. ബെൻ മിസ്‌കാൽസ്‌കി എന്ന ചെറുപ്പക്കാരനായ ഒരു പയനിയറാണ്‌ അധ്യയനമെടുത്തിരുന്നത്‌. അദ്ദേഹത്തിന്റെ വലുപ്പംകൊണ്ട്‌ ഞങ്ങൾ അദ്ദേഹത്തെ ‘ബിഗ്‌ ബെൻ’ എന്നു വിളിച്ചു. എന്റെ നോട്ടത്തിൽ അദ്ദേഹത്തിന്‌ ഞങ്ങളുടെ മുൻവാതിലിന്റെ അത്രയും ഉയരവും ആ വാതിലിന്റെ വീതിക്കൊത്ത വണ്ണവും ഉണ്ടായിരുന്നു. കാണുമ്പോൾ പേടിതോന്നുമായിരുന്നെങ്കിലും മൃദുലഹൃദയനായിരുന്ന അദ്ദേഹത്തിന്റെ ഹൃദ്യമായ പുഞ്ചിരി എന്നെ അദ്ദേഹത്തിലേക്ക്‌ അടുപ്പിച്ചു, അദ്ദേഹത്തിന്റെ സാമീപ്യം ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. വയൽസേവനത്തിനുവരുന്നോ എന്ന്‌ ബെൻ ചോദിക്കേണ്ടതാമസം ഞാൻ കൂടെച്ചെന്നു. ഞങ്ങൾ കൂട്ടുകാരായി. ഞാൻ വിഷാദിച്ചിരിക്കുമ്പോൾ ഒരു ജ്യേഷ്‌ഠനെപ്പോലെ അദ്ദേഹമെന്നെ സമാശ്വസിപ്പിക്കും. അതെനിക്ക്‌ വലിയ കാര്യമായിരുന്നു. ഞാൻ അദ്ദേഹത്തെ ജീവനുതുല്യം സ്‌നേഹിച്ചു.

1941-ൽ മിസൗറിയിലെ സെന്റ്‌ ലൂയിസിൽ ഒരു കൺവെൻഷനുപോകാൻ ഞങ്ങളുടെ കുടുംബത്തെ ബെൻ ക്ഷണിച്ചു. അദ്ദേഹത്തിന്റെ കാറിലായിരുന്നു യാത്ര. ഞാൻ വളരെ ഉത്സാഹത്തിലായിരുന്നു. വീട്ടിൽനിന്ന്‌ അധികദൂരമൊന്നും ഞാൻ പോയിട്ടില്ല, ഏറിയാൽ 70-ഓ 80-ഓ കിലോമീറ്റർ. ഇപ്പോഴിതാ 1,500 കിലോമീറ്ററിലധികം ദൂരത്തേക്കൊരു യാത്ര! എന്നാൽ സെന്റ്‌ ലൂയിസിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അവിടത്തെ പുരോഹിതവൃന്ദം ഇടവകക്കാരോട്‌, സാക്ഷികൾക്ക്‌ വീട്ടിൽ താമസസൗകര്യം കൊടുത്തിട്ടുണ്ടെങ്കിൽ ഉടൻ അത്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടു. പലരും അങ്ങനെ ചെയ്‌തു. ഞങ്ങളെ താമസിപ്പിക്കാമെന്നേറ്റിരുന്ന കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നു. എന്നിട്ടും അവർ ഞങ്ങൾക്ക്‌ വീടു തുറന്നുതന്നു. ‘മുറികൊടുക്കാമെന്നു പറഞ്ഞാൽ ഞങ്ങൾ മുറികൊടുക്കും’ അതായിരുന്നു അവരുടെ തീരുമാനം. അവരുടെ ആ ധൈര്യം എന്നെ അതിശയിപ്പിച്ചു.

ആ കൺവെൻഷനിൽ എന്റെ പെങ്ങന്മാർ സ്‌നാനമേറ്റു. അതേ ദിവസംതന്നെ ബ്രുക്ലിൻ ബെഥേലിലെ റഥർഫോർഡ്‌ സഹോദരൻ കോരിത്തരിപ്പിക്കുന്ന ഒരു പ്രസംഗം നടത്തി. അതിൽ, ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളോടും എഴുന്നേറ്റു നിൽക്കാൻ അദ്ദേഹം ആഹ്വാനംചെയ്‌തു. 15,000-ത്തോളം പേർ എഴുന്നേറ്റുനിന്നു, ഞാനും. അപ്പോൾ, പ്രസംഗവേലയിൽ പരമാവധി ചെയ്യാൻ ആഗ്രഹിക്കുന്നവർ ‘ഉവ്വ്‌’ എന്ന്‌ ഉച്ചത്തിൽ പറയാൻ അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുകുട്ടികളോടൊപ്പം ഞാനും ഉറക്കെ വിളിച്ചുപറഞ്ഞു: “ഉവ്വ്‌!” ഇടിമുഴക്കംപോലുള്ള കരഘോഷമുയർന്നു. ഞാൻ ആവേശഭരിതനായി.

കൺവെൻഷനുശേഷം ഞങ്ങൾ വെസ്റ്റ്‌ വെർജീനിയയിലുള്ള ഒരു സഹോദരനെ കാണാൻപോയി. ഒരിക്കൽ അദ്ദേഹം ശുശ്രൂഷയിലായിരിക്കെ രോഷാകുലരായ ജനക്കൂട്ടം അദ്ദേഹത്തെ വളഞ്ഞ്‌ പൊതിരെ തല്ലി. ദേഹത്ത്‌ ടാർപുരട്ടി തൂവൽ ഒട്ടിച്ച്‌ അദ്ദേഹത്തെ അപമാനിച്ചു. ശ്വാസമടക്കിപ്പിടിച്ചാണ്‌ ഞാൻ എല്ലാം കേട്ടിരുന്നത്‌. “പക്ഷേ ഞാൻ ഇനിയും സുവാർത്ത ഘോഷിക്കും” ആ സഹോദരൻ പറഞ്ഞു. അവിടെനിന്നും പോന്നപ്പോൾ ബൈബിൾ കഥാപാത്രമായ ദാവീദിനെപ്പോലെ ഞാൻ ധൈര്യംപൂണ്ടു. ഗോലിയാത്തിനെ—എന്റെ സ്‌കൂൾ പ്രിൻസിപ്പലിനെ—‘നേരിടാൻ’ ഞാൻ തയ്യാറായിരുന്നു.

സ്‌കൂളിലെത്തിയ ഞാൻ പ്രിൻസിപ്പലിന്റെ അടുത്തുചെന്നു. അദ്ദേഹം എന്നെ ദേഷ്യത്തോടെ തുറിച്ചുനോക്കി. ഞാൻ നിശ്ശബ്ദമായി യഹോവയോടു പ്രാർഥിച്ചിട്ട്‌ പൊടുന്നനെ ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷന്‌ പോയിരുന്നു. ഇനിമേൽ ഞാൻ പതാകവന്ദനം ചെയ്യില്ല!” കുറെ സമയത്തേക്ക്‌ അദ്ദേഹമൊന്നും മിണ്ടിയില്ല. അദ്ദേഹം മെല്ലെ എഴുന്നേറ്റ്‌ എന്റെ നേർക്ക്‌ നടന്നുവന്നു. മുഖം ദേഷ്യംകൊണ്ട്‌ ചുവന്നിരുന്നു. ആക്രോശിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു: “പതാകയെ വന്ദിച്ചില്ലെങ്കിൽ പുറത്താണ്‌ നിന്റെ സ്ഥാനം!” ഇപ്രാവശ്യം ഞാൻ വഴങ്ങിക്കൊടുത്തില്ല. ജീവിതത്തിലാദ്യമായി എനിക്ക്‌ ചാരിതാർഥ്യം തോന്നി.

എങ്ങനെയെങ്കിലും ബെന്നിനെ ഒന്നു കണ്ട്‌ ഇതൊന്ന്‌ അറിയിക്കാനുള്ള വ്യഗ്രതയായിരുന്നു എനിക്ക്‌. രാജ്യഹാളിൽ അദ്ദേഹത്തെ കണ്ടയുടൻ ഞാൻ വിളിച്ചുപറഞ്ഞു: “എന്നെ സ്‌കൂളിൽനിന്നു പുറത്താക്കി, ഞാൻ പതാകയെ വന്ദിക്കാഞ്ഞതിന്‌!” എന്നെ ചുറ്റിപ്പിടിച്ചുകൊണ്ട്‌ ബെൻ പുഞ്ചിരിയോടെ പറഞ്ഞു: “യഹോവ നിന്നെ എത്ര സ്‌നേഹിക്കുന്നെന്നോ!” (ആവ. 31:6) ആ വാക്കുകൾ എന്റെ ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങി. 1942 ജൂൺ 15-ന്‌ ഞാൻ സ്‌നാനമേറ്റു.

ഉള്ളതുകൊണ്ട്‌ തൃപ്‌തനാകാൻ പഠിക്കുന്നു

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യം അഭിവൃദ്ധിയിലേക്കു കുതിച്ചു. രാജ്യമെങ്ങും ആളുകൾ ഭൗതികത്വചിന്താഗതിയുടെ പിടിയിലായി. നല്ലൊരു ജോലിയുണ്ടായിരുന്നതിനാൽ മുമ്പ്‌ സ്വപ്‌നംകാണാൻ മാത്രം കഴിഞ്ഞിരുന്ന പല സാധനസാമഗ്രികളും വാങ്ങിക്കാൻ എനിക്കു കഴിയുമായിരുന്നു. എന്റെ സുഹൃത്തുക്കളിൽ ചിലർ മോട്ടോർ സൈക്കിളുകൾ വാങ്ങി, വീടുകൾ പുതുക്കിപ്പണിതു. ഞാനും ഒരു പുതിയ കാർ വാങ്ങി. സുഖഭോഗവസ്‌തുക്കളോടുള്ള എന്റെ അഭിനിവേശം വർധിച്ചപ്പോൾ രാജ്യതാത്‌പര്യങ്ങൾ പിന്നിലേക്കു പോയിത്തുടങ്ങി. എന്റെ ഈ പോക്ക്‌ ശരിയല്ലെന്ന്‌ എനിക്കുതോന്നി. അങ്ങനെയിരിക്കെ 1950-ൽ ന്യൂയോർക്ക്‌ നഗരത്തിൽവെച്ചുനടന്ന ഒരു കൺവെൻഷൻ, ജീവിതം ഒന്നു തിരുത്തിയെഴുതാൻ എനിക്കു പ്രേരണയായി.

ആ കൺവെൻഷനിൽ പ്രസംഗകർ ഓരോരുത്തരും സദസ്സിനെ പ്രസംഗവേലയ്‌ക്കുവേണ്ടി ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു. “അനാവശ്യ കാര്യങ്ങൾ ഉരിഞ്ഞെറിയുക; ഓട്ടം ഓടിത്തികയ്‌ക്കുക” എന്നായിരുന്നു ഒരു പ്രസംഗകന്റെ ആഹ്വാനം. അദ്ദേഹം ശരിക്കും എന്നോടാണ്‌ സംസാരിക്കുന്നതെന്ന്‌ എനിക്കുതോന്നി. ഞാൻ ഒരു ഗിലെയാദ്‌ ബിരുദദാനച്ചടങ്ങിലും സംബന്ധിച്ചു. ‘എന്റെ പ്രായക്കാരായ ഈ സഹോദരങ്ങൾ സുഖസൗകര്യങ്ങൾ വെടിഞ്ഞ്‌ മറ്റു രാജ്യങ്ങളിൽ പോയി സേവിക്കുന്നു. അങ്ങനെയെങ്കിൽ, മറ്റു ദേശങ്ങളിലൊന്നും പോയില്ലെങ്കിലും ഇവിടെ എനിക്ക്‌ എന്തുകൊണ്ട്‌ അതു ചെയ്‌തുകൂടാ?’ ഞാൻ ചിന്തിച്ചു. ആ കൺവെൻഷൻ സമാപിക്കാറായപ്പോഴേക്കും ഞാനൊരു തീരുമാനമെടുത്തിരുന്നു, ഒരു പയനിയറാകുക.

ഇടക്കാലത്ത്‌, ഞങ്ങളുടെ സഭയിലെ എവ്‌ലീൻ മൊണ്ടെക്കുമായി ഞാൻ പരിചയത്തിലായി. വീട്ടിലെ ആറുമക്കളിൽ ഒരാളായിരുന്ന അവൾ തീക്ഷ്‌ണതയുള്ള ഒരു പയനിയറായിരുന്നു. ധീരയായൊരു സ്‌ത്രീയായിരുന്നു അവളുടെ അമ്മ. അവിടത്തെ കൂറ്റൻ കത്തോലിക്കാപള്ളിയുടെ മുമ്പിൽനിന്നുകൊണ്ട്‌ തെരുവുസാക്ഷീകരണം നടത്തുന്നത്‌ അവർക്ക്‌ ഏറെ ഇഷ്ടമായിരുന്നു. പുരോഹിതൻ പലതവണ വിലക്കിയിട്ടുണ്ടെങ്കിലും അവർ അതൊന്നും കൂട്ടാക്കിയില്ല. അമ്മയെപ്പോലെതന്നെ എവ്‌ലീനും മാനുഷഭയം തെല്ലുമില്ലായിരുന്നു.—സദൃ. 29:25.

1951-ൽ എവ്‌ലീനെ ഞാൻ ജീവിതസഖിയാക്കി. ഞങ്ങൾ ജോലി ഉപേക്ഷിച്ച്‌ പയനിയറിങ്‌ തുടങ്ങി. ഒരു സർക്കിട്ട്‌ മേൽവിചാരകൻ ഞങ്ങളോട്‌ അമാഗാൻസെറ്റ്‌ എന്ന ഒരു ഗ്രാമത്തിലേക്ക്‌ മാറിത്താമസിക്കുന്നതിനെക്കുറിച്ച്‌ ചോദിച്ചു. ന്യൂയോർക്ക്‌ നഗരത്തിൽനിന്ന്‌ 160 കിലോമീറ്റർ അകലെ അറ്റ്‌ലാന്റിക്‌ തീരത്തായിരുന്നു ആ ഗ്രാമം. അവിടെ താമസസൗകര്യം തരപ്പെടുത്താനായില്ലെന്ന്‌ സഭ അറിയിച്ചപ്പോൾ ഒരു ട്രെയിലർ വാങ്ങുന്നതിനെക്കുറിച്ച്‌ ഞങ്ങൾ ആലോചിച്ചു. പക്ഷേ ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന ഒന്ന്‌ ഒത്തുകിട്ടിയില്ല. താമസിയാതെ കുറെ പഴകിയ ഒരു ട്രെയിലർ ഞങ്ങൾ കണ്ടുവെച്ചു. ഉടമസ്ഥൻ അതിന്‌ 900 ഡോളർ വിലപറഞ്ഞു. ഞങ്ങൾക്ക്‌ വിവാഹസമ്മാനമായി കിട്ടിയ തുകയും 900 ഡോളറായിരുന്നു. അതുകൊടുത്ത്‌ ഞങ്ങൾ ട്രെയിലർ വാങ്ങി, അതു നന്നാക്കിയെടുത്ത്‌ വേണ്ട സജ്ജീകരണങ്ങൾ ചെയ്‌ത്‌ ഞങ്ങളുടെ പുതിയ പ്രദേശത്തേക്ക്‌ കൊണ്ടുപോയി. കൈയിലൊരു ചില്ലിപൈസപോലുമില്ലാതെ അവിടെയെത്തിയ ഞങ്ങൾ എങ്ങനെ പയനിയറിങ്‌ ചെയ്യുമെന്ന്‌ ചിന്തിച്ചു.

എവ്‌ലീൻ വീടുകൾ വൃത്തിയാക്കുന്ന ജോലി ചെയ്‌തു. ഞാൻ ഒരു ഇറ്റാലിയൻ റെസ്റ്ററന്റിൽ ക്ലീനിങ്‌ ജോലി നോക്കി, പാതിരാകഴിഞ്ഞായിരുന്നു അത്‌. “മിച്ചമുള്ള ഭക്ഷണം ഭാര്യക്കുവേണ്ടി എടുത്തുകൊള്ളൂ” എന്ന്‌ കടയുടമ എന്നോട്‌ പറഞ്ഞു. ഭക്ഷണപ്പൊതിയുമായി ഞാൻ ‘വീട്ടിലെത്തുമ്പോൾ’ വെളുപ്പിന്‌ രണ്ടുമണിയാകും. ഞങ്ങളുടെ ട്രെയിലറിലാകെ പിസ്സയുടെയും പാസ്‌തയുടെയും ഹൃദ്യമായ ഗന്ധമായിരിക്കും അപ്പോൾ. തണുപ്പുകാലത്ത്‌ ട്രെയിലറിനുള്ളിൽ വിറങ്ങലിച്ചിരിക്കുന്ന ഞങ്ങൾക്ക്‌ അതു ചൂടാക്കി കഴിക്കുന്നത്‌ എന്തൊരാശ്വാസമായിരുന്നെന്നോ! ചിലപ്പോഴൊക്കെ സഭയിലെ സഹോദരങ്ങൾ ട്രെയിലറിന്റെ പടിയിൽ ഒരു വലിയ മീൻ വെച്ചിട്ടുപോകുമായിരുന്നു. ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെട്ടുള്ള ജീവിതം തികച്ചും സംതൃപ്‌തമായിരിക്കുമെന്ന്‌ അമാഗാൻസെറ്റിലെ സ്‌നേഹനിധികളായ ആ സഹോദരങ്ങളോടൊപ്പംകഴിഞ്ഞ ആ കാലംകൊണ്ട്‌ ഞങ്ങൾ പഠിച്ചു. അതെ, സന്തോഷത്തിന്റെ നാളുകളായിരുന്നു അത്‌.

ഉദാരരായിരിക്കാനുള്ള പ്രചോദനം

1953 ജൂലൈയിൽ, വിദേശനിയമനത്തിലായിരിക്കുന്ന നൂറുകണക്കിന്‌ മിഷനറിമാരെ പരിചയപ്പെടാൻ ഞങ്ങൾക്ക്‌ ഒരു അവസരം ലഭിച്ചു. ന്യൂയോർക്കിൽവെച്ചുനടക്കുന്ന ഒരു അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിക്കാനെത്തിയതായിരുന്നു അവരെല്ലാം. ആവേശോജ്ജ്വലമായ അനുഭവങ്ങളായിരുന്നു അവരുടേത്‌. അവരുടെ ആ ഉത്സാഹം ഞങ്ങളിലേക്കും പടർന്നു. കൺവെൻഷനിലെ ഒരു പ്രസംഗത്തിൽ, പല ദേശങ്ങളിലും സുവാർത്ത ഇനിയുമെത്തിച്ചേർന്നിട്ടില്ലെന്ന വസ്‌തുത എടുത്തുപറഞ്ഞു. അതുകേട്ടപ്പോൾ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ഞങ്ങൾക്കു മനസ്സിലായി. ഞങ്ങളുടെ ശുശ്രൂഷ വിപുലമാക്കാൻ ഞങ്ങൾ ഇനിയുമേറെ ചെയ്യേണ്ടിയിരിക്കുന്നു. ആ കൺവെൻഷനിൽവെച്ചുതന്നെ ഞങ്ങൾ മിഷനറി പരിശീലനത്തിനുള്ള അപേക്ഷ നൽകി. ആ വർഷംതന്നെ ഗിലെയാദ്‌ സ്‌കൂളിലേക്ക്‌ ഞങ്ങൾക്ക്‌ ക്ഷണം ലഭിച്ചു, 1954 ഫെബ്രുവരിയിൽ ആരംഭിച്ച 23-ാമത്തെ ക്ലാസ്സിലേക്ക്‌. എത്ര വലിയൊരു പദവി!

ബ്രസീലിലേക്കാണ്‌ ഞങ്ങളുടെ നിയമനം എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഞങ്ങൾക്ക്‌. ഒരു ആവിക്കപ്പലിൽ 14 ദിവസമെടുക്കുന്ന യാത്ര. പോകുന്നതിനുമുമ്പ്‌ ബെഥേലിലെ ഒരു സഹോദരൻ എന്നോടു പറഞ്ഞു: “അവിവാഹിതരായ ഒമ്പതുസഹോദരിമാർകൂടെ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും, അവരെ നോക്കിക്കൊള്ളണം.” കപ്പലിലേക്ക്‌ എന്റെ പിന്നാലെ വരിവരിയായി പത്തു ചെറുപ്പക്കാരികൾ! കണ്ടുനിന്ന കപ്പൽക്കാരുടെ മുഖത്ത്‌ ചിരിയും അമ്പരപ്പും! പക്ഷേ ആ സഹോദരിമാർക്ക്‌ ഒരു ജാള്യവും തോന്നിയില്ല. ബ്രസീലിലൊന്നു ചെന്നെത്തിയപ്പോഴാണ്‌ എനിക്ക്‌ ആശ്വാസമായത്‌.

പോർച്ചുഗീസ്‌ ഭാഷ പഠിച്ചുകഴിഞ്ഞപ്പോൾ ഞങ്ങളെ തെക്കൻ ബ്രസീലിലുള്ള റിയൂ ഗ്രാൻഡി ഡൂ സൂൽ എന്ന സംസ്ഥാനത്ത്‌ സർക്കിട്ട്‌ വേലയ്‌ക്കായി നിയമിച്ചു. ഞങ്ങൾക്ക്‌ മുമ്പ്‌ അവിടെ സേവിച്ചിരുന്ന സഞ്ചാരമേൽവിചാരകൻ അവിവാഹിതനായിരുന്നു. അദ്ദേഹം ഞങ്ങളോടു പറഞ്ഞു: “ഇവിടേക്ക്‌ ഒരു ദമ്പതികളെ അയച്ചതിൽ എനിക്ക്‌ അതിശയം തോന്നുന്നു. കുന്നും കുഴിയും നിറഞ്ഞ പരുക്കൻ പ്രദേശമാണിത്‌.” വിശാലമായ ആ ഗ്രാമപ്രദേശത്ത്‌ പലയിടങ്ങളിലായിട്ടായിരുന്നു സഭകൾ. ചില സഭകളിൽ എത്തിപ്പെടാൻ ട്രക്ക്‌ മാത്രമായിരുന്നു ശരണം. ട്രക്ക്‌ ഡ്രൈവർക്ക്‌ ഒരുനേരത്തെ ഭക്ഷണം കൊടുക്കുകയാണെങ്കിൽ ട്രക്കിന്റെ പുറത്തു കയറാൻ അയാൾ അനുമതിതരും. കുതിരസവാരിക്കാരെപ്പോലെ ഞങ്ങൾ ട്രക്കിലെ ചരക്കുകളുടെ മുകളിൽ കാൽ ഇരുവശങ്ങളിലേക്കുമിട്ട്‌ ചരക്കുകൾ കെട്ടിയിരിക്കുന്ന കയറിൽ മുറുകെ പിടിച്ച്‌ ഇരിക്കും. ട്രക്ക്‌ കൊടുംവളവ്‌ തിരിയുമ്പോൾ ഞങ്ങൾ പ്രാണഭയത്തോടെ മുറുകെപ്പിടിച്ചിരിക്കും. വണ്ടി ചെരിയുമ്പോൾ മലപോലെയുള്ള ചരക്കുകളുടെ മുകളിലിരുന്നുള്ള അടിവാരക്കാഴ്‌ച ഭയങ്കരമായിരുന്നു. എങ്കിലും, ഞങ്ങളുടെ വരവും കാത്തിരിക്കുന്ന സഹോദരങ്ങളുടെ ചിരിക്കുന്ന മുഖം കാണുമ്പോൾ ആ ദുർഘടയാത്ര ഒരു ബുദ്ധിമുട്ടേയല്ല എന്നു ഞങ്ങൾക്കു തോന്നും.

സഹോദരങ്ങളുടെ വീടുകളിലായിരുന്നു ഞങ്ങളുടെ താമസം. ദരിദ്രരായിരുന്നു അവർ, എങ്കിലും വേണ്ടതെല്ലാം നൽകാൻ അവർക്കു മനസ്സായിരുന്നു. ഒറ്റപ്പെട്ട ഒരു പ്രദേശത്ത്‌, സഹോദരങ്ങളെല്ലാം ഇറച്ചി പായ്‌ക്കുചെയ്യുന്ന ഒരിടത്ത്‌ ജോലി നോക്കിയിരുന്നു. തുച്ഛമായ കൂലിയായിരുന്നതിനാൽ ഒരു നേരത്തെ ഭക്ഷണമാണ്‌ അവർ കഴിച്ചിരുന്നത്‌. ഒരു ദിവസം പണിയെടുത്തില്ലെങ്കിൽ അന്നു കൂലിയുമില്ല. എന്നിട്ടും ഞങ്ങൾ അവിടം സന്ദർശിക്കുമ്പോൾ രണ്ടുദിവസം അവധിയെടുത്ത്‌ അവർ സഭാപ്രവർത്തനങ്ങളിൽ ഏർപ്പെടുമായിരുന്നു. അവർ യഹോവയിൽ ആശ്രയിച്ചു. ദൈവരാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ അനുഷ്‌ഠിക്കുന്നതെങ്ങനെയെന്ന്‌ ഈ എളിയ സഹോദരങ്ങളുടെ ജീവിതം ഞങ്ങളെ പഠിപ്പിച്ചു, ആ പാഠം ഞങ്ങളൊരിക്കലും മറക്കില്ല. അവരുടെകൂടെ താമസിച്ചപ്പോൾ ഒരുപാട്‌ കാര്യങ്ങൾ പഠിച്ചു, ഒരു വിദ്യാഭ്യാസത്തിനും നൽകാനാവാത്ത അനുഭവപാഠങ്ങൾ! ആ സഹോദരങ്ങളെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറയും.

1976-ൽ, രോഗിണിയായ എന്റെ അമ്മയെ പരിചരിക്കാനായി ഞങ്ങൾ ഐക്യനാടുകളിലേക്ക്‌ തിരിച്ചുവന്നു. കണ്ണീരോടെയാണ്‌ ഞങ്ങൾ ബ്രസീലിനോട്‌ വിടപറഞ്ഞത്‌. എന്നിരുന്നാലും ആ രാജ്യത്ത്‌ രാജ്യവിത്ത്‌ വളർന്നു ഫലം കായ്‌ക്കുന്നത്‌ കാണാൻ ഞങ്ങൾക്ക്‌ അവസരം ലഭിച്ചു. അവിടെനിന്ന്‌ ഇടയ്‌ക്കിടയ്‌ക്ക്‌ കത്തുകൾ ലഭിക്കുമ്പോൾ ആ നല്ല നാളുകളുടെ ഒട്ടേറെ മധുരസ്‌മരണകൾ ഞങ്ങളുടെ മനസ്സിലേക്കോടിയെത്തും.

അവിസ്‌മരണീയ സമാഗമം

അമ്മയെ പരിചരിക്കുന്നതോടൊപ്പം ഞങ്ങൾ പയനിയറിങ്ങും ചെയ്‌തു. സാമ്പത്തികകാര്യങ്ങൾക്കായി ക്ലീനിങ്‌ ജോലി നോക്കി. 1980-ൽ അമ്മ മരിച്ചു, അവസാനത്തോളം അമ്മ യഹോവയോട്‌ വിശ്വസ്‌തയായിരുന്നു. അമ്മയുടെ മരണശേഷം, ഐക്യനാടുകളിൽ സഞ്ചാരവേലയ്‌ക്കായി എന്നെ ക്ഷണിച്ചു. 1990-ൽ ഞാനും ഭാര്യയും കണെറ്റിക്കട്ടിലെ ഒരു സഭ സന്ദർശിച്ചപ്പോൾ ഞങ്ങൾക്കു വളരെ വേണ്ടപ്പെട്ട ഒരാളെ അവിടെവെച്ച്‌ ഞങ്ങൾ കണ്ടുമുട്ടി. ആരായിരുന്നെന്നോ? ബെൻ! ഏതാണ്ട്‌ 50 വർഷം മുമ്പ്‌ യഹോവയുടെ പക്ഷത്ത്‌ ഉറച്ചുനിൽക്കാൻ എന്നെ സഹായിച്ച പ്രിയപ്പെട്ട ബെൻ. അവിടത്തെ മൂപ്പന്മാരിലൊരാളായിരുന്നു അദ്ദേഹം. ആ സമാഗമത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല!

1996 മുതൽ എവ്‌ലീനും ഞാനും ആതുരരായ പ്രത്യേക പയനിയർമാരുടെ പട്ടികയിലാണ്‌. ന്യൂജേഴ്‌സിയിലെ എലിസബെത്തിലുള്ള പോർച്ചുഗീസ്‌ സഭയിലാണ്‌ ഞങ്ങൾ. എനിക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും എന്റെ പ്രിയപത്‌നിയുടെ പിന്തുണയാൽ ശുശ്രൂഷയിൽ ആവുന്നത്ര പ്രവർത്തിക്കാൻ എനിക്കു കഴിയുന്നുണ്ട്‌. എവ്‌ലീൻ, വൃദ്ധയും രോഗിയുമായ ഒരു അയൽക്കാരിയെയും പരിചരിക്കുന്നുണ്ട്‌. അത്‌ ആരാണെന്നറിയാമോ? ബെർത്ത! 70-ലേറെ വർഷംമുമ്പ്‌ യഹോവയുടെ ഒരു ദാസിയായിത്തീരാൻ എന്റെ അമ്മയെ സഹായിച്ച ആ ബെർത്ത! സത്യം പഠിക്കാൻ ഞങ്ങളുടെ കുടുംബത്തെ സഹായിച്ചുകൊണ്ട്‌ സഹോദരി ചെയ്‌ത എല്ലാറ്റിനുംവേണ്ടി നന്ദി പ്രകടിപ്പിക്കാൻ ഒരു അവസരം ലഭിച്ചതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്‌.

അതെ, സത്യാരാധനയ്‌ക്കായി ഉറച്ചുനിൽക്കാനും ജീവിതം ലളിതമാക്കാനും ശുശ്രൂഷ വിപുലപ്പെടുത്താനും എനിക്ക്‌ പ്രചോദനമേകിയത്‌ ആ മൂന്നു കൺവെൻഷനുകളാണ്‌. അവ എന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായി.

[23-ാം പേജിലെ ചിത്രം]

എവ്‌ലീന്റെ അമ്മയും (ഇടത്ത്‌) എന്റെ അമ്മയും

[23-ാം പേജിലെ ചിത്രം]

എന്റെ സുഹൃത്ത്‌ ബെൻ

[24-ാം പേജിലെ ചിത്രം]

ഞങ്ങൾ ബ്രസീലിൽ

[25-ാം പേജിലെ ചിത്രം]

ഇന്ന്‌, എവ്‌ലീനോടൊപ്പം