വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബാരാധന: അതിജീവനത്തിന്‌ അനിവാര്യം

കുടുംബാരാധന: അതിജീവനത്തിന്‌ അനിവാര്യം

കുടുംബാരാധന: അതിജീവനത്തിന്‌ അനിവാര്യം

‘സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം’ എത്ര ഭീതിദമായിരിക്കുമെന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? (വെളി. 16:14) മീഖാ പ്രവാചകൻ ആ ദിവസത്തെ അലങ്കാരഭാഷയിൽ വർണിക്കുന്നതിങ്ങനെയാണ്‌: “തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ . . . ഉരുകുകയും താഴ്‌വരകൾ പിളർന്നുപോകയും ചെയ്യുന്നു.” (മീഖാ 1:4) യഹോവയെ സേവിക്കാത്തവരെ കാത്തിരിക്കുന്ന ദുര്യോഗം എന്താണ്‌? ദൈവവചനം പ്രസ്‌താവിക്കുന്നു: “അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ വീണുകിടക്കും.”—യിരെ. 25:33.

ഇതുപോലുള്ള മുന്നറിയിപ്പുകളുടെ വെളിച്ചത്തിൽ, കാര്യങ്ങൾ മനസ്സിലാക്കി തീരുമാനമെടുക്കാൻ പ്രായമായ മക്കളെക്കുറിച്ച്‌ കുടുംബനാഥന്മാർ (അവരിൽ പലരും സിംഗിൾ പേരന്റ്‌സ്‌ ആണ്‌) പിൻവരുന്ന ചോദ്യം ചോദിക്കേണ്ടതിന്റെ പ്രാധാന്യം എത്ര എടുത്തു പറഞ്ഞാലും അധികമാവില്ല: ‘എന്റെ മക്കൾ അർമഗെദോനെ അതിജീവിക്കുമോ?’ അവരുടെ പ്രായത്തിനുതക്ക ആത്മീയ വളർച്ചയും ശുഷ്‌കാന്തിയും നിങ്ങളുടെ മക്കൾക്കുണ്ടെങ്കിൽ അവർ അതിജീവിക്കുമെന്ന്‌ ബൈബിൾ ഉറപ്പുപറയുന്നു.—മത്താ. 24:21.

കുടുംബാരാധനയ്‌ക്കായി സമയം മാറ്റിവെക്കേണ്ടതിന്റെ പ്രാധാന്യം

മാതാപിതാക്കളായ നിങ്ങൾ മക്കളെ “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക്‌ അനുസൃതമായും” വളർത്തിക്കൊണ്ടുവരാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണം. (എഫെ. 6:4) മക്കളോടൊപ്പം ബൈബിൾ പഠിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌, അതിന്റെ ഗൗരവം ഒരിക്കലും കുറച്ചുകാണരുത്‌. നമ്മുടെ കുട്ടികൾ ഫിലിപ്പിയിലെ ക്രിസ്‌ത്യാനികളെപ്പോലെ ആയിരിക്കാൻ നാം ആഗ്രഹിക്കില്ലേ? യഹോവയോടുള്ള അവരുടെ അനുസരണത്തെ പൗലോസ്‌ അനുമോദിക്കുകയുണ്ടായി. അവൻ എഴുതി: “ആകയാൽ എന്റെ പ്രിയരേ, എല്ലായ്‌പോഴും അനുസരണം കാണിച്ചിട്ടുള്ളവരായ നിങ്ങൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, ഇപ്പോൾ ഏറ്റവും അധികമായി എന്റെ അസാന്നിധ്യത്തിലും ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്‌ക്കായി പ്രയത്‌നിക്കുവിൻ.”—ഫിലി. 2:12.

നിങ്ങൾ കൂടെയില്ലാത്തപ്പോൾ, ഉദാഹരണത്തിന്‌ സ്‌കൂളിലായിരിക്കുമ്പോൾ, നിങ്ങളുടെ മക്കൾ യഹോവയുടെ നിയമങ്ങൾ അനുസരിക്കുമോ? യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങൾ അവരെ ബോധ്യപ്പെടുത്താനായാൽ നിങ്ങൾ അടുത്തില്ലെങ്കിലും അവർ അവ അനുസരിക്കും. എന്നാൽ എങ്ങനെയാണ്‌ നിങ്ങൾക്ക്‌ അത്‌ ചെയ്യാനാകുക?

കുടുംബാരാധനയ്‌ക്ക്‌ ഇക്കാര്യത്തിൽ ഒരു നല്ല പങ്കുവഹിക്കാനാകും. അതുകൊണ്ട്‌, കുടുംബമൊന്നിച്ചുള്ള ബൈബിളധ്യയനം ഒരു വിജയമാക്കാൻ സഹായിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളെക്കുറിച്ച്‌ നമുക്കു ചിന്തിക്കാം.

ക്രമമായി നടത്തുക

ദൈവത്തിന്റെ ദൂതപുത്രന്മാർക്ക്‌ അവന്റെ സന്നിധിയിൽ പ്രവേശിക്കാൻ നിശ്ചിത സമയങ്ങൾ ഉണ്ടായിരുന്നുവെന്ന്‌ ബൈബിൾ സൂചിപ്പിക്കുന്നു. (ഇയ്യോ. 1:6) കുട്ടികളുടെ കാര്യത്തിലും ഇതു തന്നെയാണു ചെയ്യേണ്ടത്‌. കുടുംബാരാധനയ്‌ക്കായി ഒരു നിശ്ചിത ദിവസവും സമയവും ക്രമീകരിച്ച്‌ അതിനോടു പറ്റിനിൽക്കുക. അവിചാരിത സംഭവങ്ങളാൽ അധ്യയനം മുടങ്ങാതിരിക്കാൻ പകരക്രമീകരണമെന്നോണം മറ്റൊരു ദിവസം നിശ്ചയിച്ചിരിക്കണം.

തുടക്കത്തിൽ കാണിക്കുന്ന ഉത്സാഹവും ശുഷ്‌കാന്തിയുമൊക്കെ എപ്പോഴും ഉണ്ടായിരിക്കണം, മാസങ്ങൾ കടന്നുപോകുന്നതോടെ അതു തണുത്തുപോകരുത്‌. നിങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽ ഏറ്റവും പ്രധാനപ്പെട്ടവർ നിങ്ങളുടെ കുട്ടികൾതന്നെയാണ്‌, അതു മറന്നുപോകരുത്‌. സാത്താൻ അവരെ വിഴുങ്ങാൻ തക്കംപാർത്തു കഴിയുകയാണെന്ന്‌ ഓർക്കുക! (1 പത്രോ. 5:8) കുടുംബാരാധനയ്‌ക്കായി മാറ്റിവെച്ചിരിക്കുന്ന സായാഹ്നം ഒരു ടിവി പരിപാടിക്കോ മറ്റ്‌ എന്തെങ്കിലും നിസ്സാരകാര്യങ്ങൾക്കോവേണ്ടി ചെലവിടുന്നെങ്കിൽ സാത്താൻ വിജയിച്ചു എന്നുതന്നെ കരുതിക്കൊള്ളുക.—എഫെ. 5:15, 16; 6:12; ഫിലി. 1:10.

പ്രയോഗസാധ്യത ഉറപ്പുവരുത്തുക

കുറെ വിവരങ്ങൾ പഠിക്കുക എന്നതായിരിക്കരുത്‌ ഈ അധ്യയനത്തിന്റെ ഉദ്ദേശ്യം. നിത്യജീവിതത്തിൽ അത്‌ ഉപകാരപ്പെടണം. അടുത്ത ദിവസങ്ങളിലോ ആഴ്‌ചകളിലോ നിങ്ങളുടെ കുട്ടി അഭിമുഖീകരിച്ചേക്കാവുന്ന സാഹചര്യങ്ങൾ മനസ്സിൽക്കണ്ട്‌ അതിനു യോജിച്ച വിഷയം തിരഞ്ഞെടുക്കാൻ ചിലപ്പോൾ സാധിക്കും. ശുശ്രൂഷയിൽ എന്തു പറയും എങ്ങനെ പറയും എന്ന്‌ പരിശീലിപ്പിക്കുന്ന സെഷനുകൾ നിങ്ങൾക്ക്‌ ഉൾപ്പെടുത്താൻ കഴിഞ്ഞേക്കും. നന്നായി പരിചയിച്ച കാര്യങ്ങൾ കുട്ടികൾ ആസ്വദിച്ചുചെയ്യും. അവതരണങ്ങൾ പരിശീലിക്കുന്നതും തടസ്സവാദങ്ങൾ കൈകാര്യം ചെയ്യേണ്ടത്‌ എങ്ങനെയെന്നു ചിന്തിക്കുന്നതും ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ ആത്മവിശ്വാസത്തോടെ ഏർപ്പെടാൻ അവരെ സഹായിക്കും.—2 തിമൊ. 2:15.

കൂട്ടുകാരിൽനിന്നുള്ള സമ്മർദത്തെ നേരിടാൻ കുട്ടികളെ സഹായിക്കുന്ന സെഷനുകളും നിങ്ങൾക്ക്‌ ഉൾപ്പെടുത്താനാകും. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, വാല്യം 2-ന്റെ (ഇംഗ്ലീഷ്‌) 15-ാം അധ്യായം ഇതിനായി പരിചിന്തിക്കാവുന്നതാണ്‌. ആ പുസ്‌തകത്തിന്റെ 132, 133 പേജുകളിൽ കാണുന്ന ‘പിയർ-പ്രഷർ പ്ലാനറും’ ഇക്കാര്യത്തിൽ ഉപയോഗപ്രദമാണ്‌. സഹായകരമായ ചില നിർദേശങ്ങൾ അവിടെ കാണാം, കുട്ടിക്ക്‌ അവൻ നേരിടുന്ന സാഹചര്യവും അതിനോടുള്ള പ്രതികരണവും തീരുമാനവുമൊക്കെ സ്വതന്ത്രമായി എഴുതാനുള്ള സ്ഥലം ആ പ്ലാനറിലുണ്ട്‌. 133-ാം പേജിന്റെ അടിയിൽ യുവജനങ്ങൾക്ക്‌ ഇങ്ങനെയൊരു ആഹ്വാനം കൊടുത്തിട്ടുണ്ട്‌: “നിങ്ങളുടെ അച്ഛനോടോ അമ്മയോടോ പക്വതയുള്ള ഒരു സുഹൃത്തിനോടോ ഒപ്പം നിങ്ങളുടെ പ്രതികരണം പറഞ്ഞു പരിശീലിക്കുക.” കുടുംബാരാധനയുടെ ഭാഗമായി ഇതുപോലുള്ള പരിശീലന സെഷനുകൾ ഇടയ്‌ക്കിടയ്‌ക്ക്‌ നടത്തരുതോ?

ആത്മീയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നതിനുള്ള അവസരവും കുടുംബാരാധനയുടെ സമയത്ത്‌ മാതാപിതാക്കൾക്കു ലഭിക്കും. യുവജനങ്ങൾ ചോദിക്കുന്നു വാല്യം 2-ന്റെ “ഞാൻ എന്റെ ജീവിതം എങ്ങനെ വിനിയോഗിക്കും” എന്ന 38-ാം അധ്യായത്തിൽ ഇതുസംബന്ധിച്ച കുറെ നല്ലവിവരങ്ങൾ കാണാനാകും. ആ അധ്യായം പഠിക്കുമ്പോൾ യഹോവയുടെ സേവനത്തെ കേന്ദ്രീകരിച്ചുള്ള ജീവിതമാണ്‌ ഏറ്റവും ശ്രേഷ്‌ഠമായ ജീവിതം എന്ന വസ്‌തുത വിലമതിക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുക. ഒരു പയനിയറാകുക, ബെഥേലിൽ സേവിക്കുക, ശുശ്രൂഷാ പരിശീലന സ്‌കൂളിൽ സംബന്ധിക്കുക എന്നിങ്ങനെ മുഴുസമയ ശുശ്രൂഷയുടെ ഏതെങ്കിലും മേഖലയിൽ ജീവിതം വിനിയോഗിക്കാനുള്ള ആഗ്രഹം കുട്ടിയുടെ ഹൃദയത്തിൽ നടുക.

എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌: ചില മാതാപിതാക്കൾ കുട്ടികൾക്കുവേണ്ടി ചില ആത്മീയലക്ഷ്യങ്ങൾവെച്ച്‌ അതിൽ എത്തിച്ചേരാൻ അവരെ സദാസമയവും പ്രേരിപ്പിച്ചുകൊണ്ടിരിക്കും. സദുദ്ദേശ്യത്തോടെ ആയിരിക്കും അവർ അതു ചെയ്യുന്നത്‌. അതേസമയം കുട്ടികൾ ഇപ്പോൾത്തന്നെ ചെയ്‌തുകൊണ്ടിരിക്കുന്ന ആത്മീയ കാര്യങ്ങളെ വിലമതിക്കാനും അഭിനന്ദിക്കാനും അവർ വിട്ടുപോകുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കരുത്‌. ബെഥേൽ സേവനം, മിഷനറിവേല എന്നീ മേഖലകളിൽ സേവിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നത്‌ വളരെ നല്ല കാര്യമാണ്‌. എന്നാൽ നിങ്ങളുടെ പ്രതീക്ഷകൾ അവനിൽ അടിച്ചേൽപ്പിച്ച്‌ അവനെ അസഹ്യപ്പെടുത്തരുത്‌. അവന്റെ മനസ്സിടിച്ചുകളയാനേ അത്‌ ഇടയാക്കൂ. (കൊലോ. 3:21) യഹോവയെ സ്‌നേഹിക്കാൻ നിങ്ങളുടെ മകനോ മകളോ പ്രേരിതരാകേണ്ടത്‌ അവരുടെ സ്വന്തം ഹൃദയത്തിൽനിന്നായിരിക്കണം. അല്ലാതെ നിങ്ങളുടെ നിർബന്ധത്താൽ ആയിരിക്കരുത്‌. (മത്താ. 22:37) അതുകൊണ്ട്‌ നിങ്ങളുടെ കുട്ടി ചെയ്യുന്ന നല്ല കാര്യങ്ങളെപ്രതി അവരെ അഭിനന്ദിക്കാനുള്ള അവസരങ്ങൾക്കായി നോക്കിയിരിക്കുക. അവർ എന്തു ചെയ്യുന്നില്ല എന്നു കണ്ടുപിടിക്കുന്നതിലായിരിക്കരുത്‌ നിങ്ങളുടെ ശ്രദ്ധ. യഹോവ ചെയ്‌തിരിക്കുന്ന സകല നന്മകളോടും ഉള്ള വിലമതിപ്പ്‌ അവരുടെ ഹൃദയത്തിൽ വളർത്താൻ ശ്രമിക്കണം. യഹോവയുടെ നന്മ രുചിച്ചറിയാൻ അപ്പോൾ നിങ്ങളുടെ കുട്ടികളുടെ ഹൃദയം താനേ പ്രേരിതമാകും.

ആസ്വാദ്യമാക്കുക

കുടുംബാരാധന വിജയപ്രദമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ അത്‌ ആസ്വാദ്യമാക്കേണ്ടതുണ്ട്‌, മൂന്നാമത്തെ പടി അതാണ്‌. ഇത്‌ എങ്ങനെ ചെയ്യാനാകും? ഇടയ്‌ക്കൊക്കെ നമ്മുടെ സംഘടന പുറത്തിറക്കിയിട്ടുള്ള നാടകങ്ങളുടെ റെക്കോർഡിങ്‌ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും അതിനെക്കുറിച്ചു ചർച്ചചെയ്യുന്നതുമൊക്കെ നന്നായിരിക്കും. അല്ലെങ്കിൽ കുടുംബം ഒരുമിച്ച്‌ ബൈബിൾ വായിക്കാൻ സാധിക്കും. വായനാഭാഗത്തുള്ള ഓരോ കഥാപാത്രങ്ങളുടെയും ഭാഗം വായിക്കുന്നതിന്‌ ഓരോരുത്തരെയും മുന്നമേ നിയമിക്കാവുന്നതാണ്‌.

വീക്ഷാഗോപുരം, ഉണരുക! മാസികകളിലെ ചില പ്രത്യേക പംക്തികൾ കുടുംബചർച്ചകൾക്കുള്ള അടിസ്ഥാനമായി ഉപയോഗിക്കാൻ കഴിയും. ഉദാഹരണത്തിന്‌, ഉണരുക! മാസികയുടെ 31-ാം പേജിൽ ഇടയ്‌ക്കിടെ വരാറുള്ള “ഉത്തരം പറയാമോ?” എന്ന ഭാഗം പരിചിന്തിക്കാവുന്നതാണ്‌. അതുപോലെ വീക്ഷാഗോപുരം പൊതുപതിപ്പിന്റെ ചില ലക്കങ്ങളിൽ വരാറുള്ള “നമ്മുടെ യുവജനങ്ങൾക്ക്‌” എന്ന പഠനപംക്തിയും തിരഞ്ഞെടുക്കാവുന്നതാണ്‌. കുറച്ചുകൂടെ ചെറുപ്രായക്കാരായ കുട്ടികൾക്കുവേണ്ടിയുള്ളതാണ്‌ “മക്കളെ പഠിപ്പിക്കാൻ” എന്ന പംക്തി.

യുവജനങ്ങൾ ചോദിക്കുന്നു എന്ന പുസ്‌തകത്തിന്റെ 2-ാം വാല്യംപോലെതന്നെ, ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു” എന്ന ഭാഗവും കൗമാരക്കാരുടെ മാതാപിതാക്കൾക്ക്‌ പ്രത്യേക താത്‌പര്യമുള്ളതാണ്‌. യുവജനങ്ങൾക്കായുള്ള ആ പുസ്‌തകം ഉപയോഗിക്കുമ്പോൾ ഓരോ അധ്യായത്തിന്റെയും ഒടുവിൽ കൊടുത്തിരിക്കുന്ന “നിങ്ങളുടെ അഭിപ്രായം എന്താണ്‌?” എന്ന ചതുരം വിട്ടുകളയരുത്‌. വെറുമൊരു പുനരവലോകനം നടത്തുക എന്നല്ല അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അതിലെ ചോദ്യങ്ങൾ കുടുംബചർച്ചയ്‌ക്കുള്ള ഒരു ബാഹ്യരേഖയായി ഉപയോഗിക്കാവുന്നതാണ്‌.

എന്നാൽ, കുട്ടികളെ ചോദ്യംചെയ്യുന്നതിനുള്ള ഒരു അവസരമായി കുടുംബാധ്യയനത്തെ മാറ്റരുത്‌. ഉദാഹരണത്തിന്‌, കുട്ടികളുടെ മനസ്സിലുള്ള കാര്യങ്ങൾ രേഖപ്പെടുത്താനായി ആ പുസ്‌തകത്തിൽ ചില ഭാഗങ്ങളുള്ളതായി (“മൈ ജേർണൽ” പോലുള്ളത്‌) നമ്മൾ കണ്ടല്ലോ. അവിടെ അവർ എഴുതിയിരിക്കുന്ന സ്വകാര്യവിവരങ്ങൾ ഉറക്കെ വായിക്കാൻ അവരെ നിർബന്ധിക്കരുത്‌. 3-ാമത്തെ പേജിൽ “മാതാപിതാക്കളോട്‌ ഒരു വാക്ക്‌” എന്ന ഭാഗത്ത്‌ ഇങ്ങനെ പറയുന്നു: “കുട്ടികൾ മനസ്സുതുറന്ന്‌ എഴുതണമെങ്കിൽ അവർക്ക്‌ സ്വകാര്യത അനുവദിക്കുക. പിന്നീടൊരിക്കൽ, എഴുതിയ കാര്യങ്ങളെക്കുറിച്ച്‌ അവർ നിങ്ങളോട്‌ തുറന്നുസംസാരിച്ചേക്കാം.”

മുടക്കംവരാതെ, പ്രായോഗികവും ആസ്വാദ്യവുമാക്കിക്കൊണ്ട്‌ കുടുംബാരാധന നടത്തുന്നെങ്കിൽ നിങ്ങളുടെ ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കും. കുടുംബം ഒത്തൊരുമിച്ചു കൂടിവരാനുള്ള ഈ സവിശേഷ അവസരം നിങ്ങളുടെ പ്രിയപ്പെട്ടവരെ ആത്മീയമായി ഉണർവും ഓജസ്സും ഉള്ളവരാക്കിത്തീർക്കും.

[31-ാം പേജിലെ ചതുരം]

വൈവിധ്യങ്ങളോടെ. . .

“കുട്ടികളുമൊത്ത്‌ പഠിക്കവെ, ഒരിക്കൽ ഞാനും ഭർത്താവും യോഗങ്ങൾക്കു പഠിക്കേണ്ട വിവരങ്ങൾ അവരോടൊത്തു ചർച്ചചെയ്‌തു. എന്നിട്ട്‌ അന്ന്‌ പഠിച്ച കാര്യങ്ങൾ അടിസ്ഥാനമാക്കി ഒരു പടംവരയ്‌ക്കാൻ ഞങ്ങൾ അവരോട്‌ ആവശ്യപ്പെട്ടു. ചിലപ്പോഴൊക്കെ, ബൈബിളിലെ ചില രംഗങ്ങൾ അഭിനയിച്ചുകാണിക്കുമായിരുന്നു. അതുപോലെ വയൽസേവനത്തിൽ പറയാനുള്ള അവതരണങ്ങളും ഞങ്ങൾ പരിശീലിച്ചിരുന്നു. എല്ലായ്‌പോഴും ഞങ്ങളുടെ അധ്യയനം കുട്ടികളുടെ പ്രായത്തിന്‌ ഇണങ്ങുന്നതും രസകരവും ഉന്മേഷദായകവും സരസവുമാക്കിനിറുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.”—ജെ. എം., ഐക്യനാടുകൾ.

“എന്റെ ബൈബിൾ വിദ്യാർഥിയുടെ മകനെ ബൈബിൾക്കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ചുരുളുകളെക്കുറിച്ച്‌ മനസ്സിലാക്കിക്കൊടുക്കാൻ ഞങ്ങൾ യെശയ്യാവിന്റെ പുസ്‌തകം അതിലെ അധ്യായ നമ്പരും വാക്യ നമ്പരും നീക്കി പ്രിന്റുചെയ്‌തു. പേജുകൾ നീളത്തിൽ ചേർത്തുവെച്ചിട്ട്‌ അതിന്റെ രണ്ടറ്റവും ഓരോ ട്യൂബിൽ ഒട്ടിച്ചു. നസറെത്തിലെ സിനഗോഗിൽ യേശു ചെയ്‌തതുപോലെ അവൻ ചുരുളെടുത്ത്‌ വായിക്കാൻ ശ്രമിച്ചു. ലൂക്കോസ്‌ 4:16-21-ൽ “അവൻ [യെശയ്യാവിന്റെ] ചുരുൾ തുറന്ന്‌” അവനു വേണ്ടിയിരുന്ന “ഭാഗം കണ്ടെത്തി” എന്ന്‌ നാം വായിക്കുന്നു. (യെശ. 61:1, 2) കുട്ടി അങ്ങനെ ചെയ്യാൻ ശ്രമിച്ചെങ്കിലും അധ്യായ നമ്പരോ വാക്യ നമ്പരോ ഇല്ലാത്ത ആ നീണ്ട ചുരുളിൽനിന്നും യെശയ്യാവു 61-ാം അധ്യായം കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന്‌ അവനു മനസ്സിലായി. ചുരുൾ ഉപയോഗിക്കാനുള്ള യേശുവിന്റെ അസാമാന്യ പാടവത്തിൽ അതിശയിച്ചുപോയ കുട്ടി പറഞ്ഞു: ‘യേശു എത്ര സമർഥനായിരുന്നല്ലേ!’”—വൈ. റ്റി., ജപ്പാൻ.

[30-ാം പേജിലെ ചിത്രം]

കൂട്ടുകാരിൽനിന്നുള്ള സമ്മർദത്തെ നേരിടാൻ പരിശീലനസെഷനുകൾ സഹായിക്കും

[31-ാം പേജിലെ ചിത്രം]

കുടുംബാരാധന ആസ്വാദ്യമാക്കാൻ ശ്രമിക്കുക