വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ പഠിക്കാനായി നിങ്ങൾ സമയം മാറ്റിവെച്ചോ?

ബൈബിൾ പഠിക്കാനായി നിങ്ങൾ സമയം മാറ്റിവെച്ചോ?

ബൈബിൾ പഠിക്കാനായി നിങ്ങൾ സമയം മാറ്റിവെച്ചോ?

നമ്മുടെ ക്രിസ്‌തീയയോഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട്‌ ഭരണസംഘം കഴിഞ്ഞവർഷം ഒരു അറിയിപ്പു നടത്തുകയുണ്ടായി. ആ മാറ്റം ഒരു കുടുംബമായി ഒത്തൊരുമിച്ച്‌ ബൈബിൾ പഠിക്കാനുള്ള കൂടുതലായൊരു അവസരം നമുക്കേകി. നിങ്ങൾ ഒരു കുടുംബനാഥനാണെങ്കിൽ ഭാര്യയോടും മക്കളോടുമൊപ്പം ഒരു കുടുംബാധ്യയനം മുടങ്ങാതെ നടത്തുന്നുണ്ടായിരിക്കും. അത്‌ നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കിണങ്ങുന്ന ഒന്നാണെന്നു ഉറപ്പുവരുത്തിയിട്ടുണ്ടാകുമല്ലോ. കുട്ടികളില്ലാത്ത ദമ്പതികൾ ഈ സമയം ഒരുമിച്ചുള്ള ബൈബിൾ പഠനത്തിനായി ഉപയോഗിക്കും. വിവാഹിതരല്ലാത്ത സഹോദരീസഹോദരന്മാർക്ക്‌ വ്യക്തിപരമായ ബൈബിൾ പഠനത്തിനായി ഈ സമയം വിനിയോഗിക്കാനാകും.

കുടുംബാരാധനയ്‌ക്കായി ഒരു വൈകുന്നേരം കിട്ടിയതിൽ പലരും നന്ദി അറിയിച്ചിട്ടുണ്ട്‌. ഒരു മൂപ്പനായ കെവിൻ എഴുതി: “ഞങ്ങൾക്കുള്ള വിലമതിപ്പ്‌ അറിയിക്കാൻ ‘നന്ദി’ എന്ന ഒരു വാക്ക്‌ മതിയാവില്ല. ഈ വൈകുന്നേരം, ഭരണസംഘം പ്രതീക്ഷിക്കുന്നരീതിയിൽ ഉപയോഗിക്കുന്നത്‌ എങ്ങനെയെന്ന്‌, അതായത്‌ കുടുംബാധ്യയനത്തിനായി വിനിയോഗിക്കുന്നത്‌ എങ്ങനെയെന്ന്‌ മൂപ്പന്മാരായ ഞങ്ങൾ ചർച്ചചെയ്‌തു.”

ഒരു മൂപ്പന്റെ ഭാര്യയായ ജോഡി എഴുതുന്നു: “ഞങ്ങൾക്കു മൂന്നുപെണ്മക്കളുണ്ട്‌. മൂത്തയാൾക്ക്‌ 15 വയസ്സ്‌, രണ്ടാമത്തെയാൾക്ക്‌ 11, ഇളയവൾക്ക്‌ 2. അടുത്തകാലത്ത്‌ ഞങ്ങൾ ഒരു ആംഗ്യഭാഷാസഭയിലേക്കു മാറുകയുണ്ടായി. എല്ലാ യോഗങ്ങൾക്കും തയ്യാറാകാൻ ഞങ്ങൾക്കു ധാരാളം സമയം വേണ്ടിയിരുന്നു. ഈ പുതിയ ക്രമീകരണംമൂലം കുടുംബാധ്യയനത്തിനായി ഞങ്ങൾക്ക്‌ ഒരു സായാഹ്നം വീണുകിട്ടി.”

സാധാരണ പയനിയർമാരായ ജോൺ-ജോവാൻ ദമ്പതികൾ എഴുതി: “ഞങ്ങളുടെ കുടുംബാധ്യയനത്തിന്‌ ഒരു ക്രമവും ചിട്ടയുമൊന്നും ഇല്ലായിരുന്നു. പലപ്പോഴും മറ്റു സഭാപ്രവർത്തനങ്ങളുടെ ഇടയ്‌ക്കു വീണുകിട്ടുന്ന സമയത്ത്‌ നടത്താറായിരുന്നു പതിവ്‌. ഇപ്പോഴുള്ള ഈ ക്രമീകരണം യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ്‌. ഞങ്ങൾക്ക്‌ ആത്മീയ ഉന്മേഷം പകരുന്ന സമ്മാനം—പക്ഷേ, അവൻ ഉദ്ദേശിക്കുന്ന രീതിയിൽ ആ സമയം ഉപയോഗിക്കണമെന്നുമാത്രം.”

25-നോടടുത്ത്‌ പ്രായമുള്ള അവിവാഹിതനായ ടോണി ചൊവ്വാഴ്‌ച വൈകുന്നേരമാണ്‌ വ്യക്തിപരമായ പഠനത്തിനായി നീക്കിവെച്ചിരിക്കുന്നത്‌. ആഴ്‌ചയിലെ മറ്റു സമയങ്ങൾ സഭായോഗങ്ങൾക്കു തയ്യാറാകാനായി ഉപയോഗിക്കും. എന്നിരുന്നാലും ടോണി പറയുന്നു: “ചൊവ്വാഴ്‌ചയാകാൻ വേണ്ടി ഞാൻ നോക്കിയിരിക്കും.” എന്തുകൊണ്ട്‌? “യഹോവയോടൊപ്പം ആയിരിക്കാൻ മാറ്റിവെച്ചിരിക്കുന്ന സമയമാണത്‌. അവനുമായുള്ള എന്റെ ബന്ധം കൂടുതൽ ശക്തമാക്കാൻ ഉതകുന്ന വിഷയങ്ങളാണ്‌ ഞാൻ അന്ന്‌ പഠിക്കുക. ചുരുങ്ങിയത്‌ രണ്ടുമണിക്കൂറെങ്കിലും അതിനായി ചെലവഴിക്കും. പഠിക്കാൻ കൂടുതൽ സമയമുള്ളതുകൊണ്ട്‌ വായിക്കുന്ന വാക്യങ്ങളെക്കുറിച്ച്‌ കൂടുതൽ ചിന്തിക്കാൻ കഴിയുന്നു.” അതിന്റെ ഫലമോ? “യഹോവയുടെ പ്രബോധനങ്ങൾ മുമ്പെന്നത്തെക്കാളധികം എന്റെ ഉള്ളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു” എന്ന്‌ ടോണി. ഇതിനൊരു ഉദാഹരണവും ടോണി പറയുന്നു. “ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പുസ്‌തകത്തിൽ ദാവീദിന്റെയും യോനാഥാന്റെയും സുഹൃദ്‌ബന്ധത്തെക്കുറിച്ച്‌ ഞാൻ വായിച്ചു. സ്വാർഥതയുടെ കണികപോലും മനസ്സിലില്ലാത്ത യോനാഥാനിൽനിന്ന്‌ എനിക്ക്‌ ഒരുപാട്‌ കാര്യങ്ങൾ പഠിക്കാനായി. ഒരു യഥാർഥ സുഹൃത്ത്‌ എങ്ങനെയായിരിക്കണമെന്ന്‌ അവന്റെ മാതൃകയിൽനിന്ന്‌ എനിക്കു നന്നായി മനസ്സിലായി. ഇനിവരുന്ന ചൊവ്വാഴ്‌ചകളിലും ഇതുപോലുള്ള അനർഘരത്‌നങ്ങൾ കണ്ടെത്താൻ ഞാൻ കാത്തിരിക്കുകയാണ്‌,” ടോണിയുടെ വാക്കുകൾ.

കുടുംബാരാധനയ്‌ക്കും അർഥവത്തായ ബൈബിൾ പഠനത്തിനുമായി ഇപ്പോൾ ലഭ്യമായിരിക്കുന്ന അധികസമയം നന്നായി വിനിയോഗിക്കുന്നതിൽനിന്ന്‌ യഹോവയുടെ എല്ലാ ദാസന്മാരും പ്രയോജനം നേടുമെന്നുള്ളതിന്‌ യാതൊരു സംശയവുമില്ല.