വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

സദൃശവാക്യങ്ങൾ 24:27-ലെ പാഠം എന്ത്‌?

സദൃശവാക്യങ്ങളുടെ രചയിതാവ്‌ ഒരു യുവാവിനെ ഉപദേശിക്കുന്നു: “വെളിയിൽ നിന്റെ വേല ചെയ്‌ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.” ഈ നിശ്വസ്‌ത പഴമൊഴിയുടെ സാരം എന്താണ്‌? വിവാഹത്തോടെ ഒരു പുരുഷന്‌ ഉത്തരവാദിത്വങ്ങളും കടമകളും കൈവരുന്നു. വിവാഹത്തിനു മുമ്പുതന്നെ അതു തിരിച്ചറിഞ്ഞ്‌ അതെല്ലാം നിർവഹിക്കാൻ അയാൾ തയ്യാറായിരിക്കണം എന്നാണ്‌ ഇതിന്റെ അർഥം.

ഈ വാക്യത്തെക്കുറിച്ച്‌ മുമ്പു വന്നിട്ടുള്ള ചില വിശദീകരണങ്ങളിൽ, ഭർത്താവും പിതാവുമായ ഒരു പുരുഷൻ കുടുംബത്തിനുവേണ്ടി ഭൗതികമായി മാത്രമല്ല ആത്മീയമായും കരുതേണ്ടതുണ്ട്‌ എന്നു പറഞ്ഞിരുന്നു. ആ ആശയത്തിൽ ഒട്ടുംതെറ്റില്ല. അത്‌ തിരുവെഴുത്തുപരവുമാണ്‌. എന്നിരുന്നാലും, ഈ വാക്യത്തിന്റെ കാതലായ ആശയം അതാണെന്നു തോന്നുന്നില്ല. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? രണ്ടുകാരണങ്ങൾ നമുക്കു നോക്കാം.

ഒന്നാമതായി, വിവാഹിതനായ ഒരാൾ തന്റെ കുടുംബത്തെ പ്രോത്സാഹിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നതിനെക്കുറിച്ചല്ല ഈ വാക്യം പറയുന്നത്‌. പ്രത്യുത, അക്ഷരാർഥത്തിൽ ഒരു വീട്‌ പണിയുന്നതിനെക്കുറിച്ചുതന്നെയാണ്‌ ഇവിടെ വിവക്ഷിച്ചിരിക്കുന്നത്‌. “പണിയുക” എന്ന പദത്തിന്‌ ഒരു ആലങ്കാരിക അർഥവും ഉണ്ടായിരിക്കാം. വിവാഹംകഴിച്ച്‌ ഭാര്യയും കുട്ടികളുമൊക്കെയായി ഒരു ‘കുടുംബം പണിയുക’ എന്ന അർഥം.

രണ്ടാമതായി ഈ വാക്യം, കാര്യങ്ങൾ ചെയ്യേണ്ട ക്രമത്തിന്‌ ഊന്നൽനൽകുന്നു. “ആദ്യം ഇത്‌ ചെയ്യുക; പിന്നീട്‌ അത്‌ ചെയ്യാം” എന്നു പറയുന്നതുപോലെ. ഇങ്ങനെ പറയുന്നതുകൊണ്ട്‌, ഈ സദൃശവാക്യം ആത്മീയ ഉത്തരവാദിത്വങ്ങൾക്കുമേലായി ഭൗതിക ഉത്തരവാദിത്വങ്ങളെ പ്രതിഷ്‌ഠിക്കുന്നുവെന്നാണോ? ഒരിക്കലുമല്ല!

ബൈബിൾക്കാലങ്ങളിൽ, തന്റെ ‘വീടു പണിയാൻ’ ആഗ്രഹിക്കുന്ന, അതായത്‌ വിവാഹം കഴിച്ചുകൊണ്ട്‌ ഒരു കുടുംബം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന, ഒരു പുരുഷൻ ഇങ്ങനെ ചോദിക്കേണ്ടിയിരുന്നു: ‘ഭാര്യയെയും കുട്ടികളെയും പോറ്റാനുള്ള വക എനിക്കുണ്ടോ?’ ഒരു കുടുംബജീവിതം തുടങ്ങുന്നതിനുമുമ്പുതന്നെ അയാൾ തന്റെ വയലിൽ അധ്വാനിച്ച്‌ ജീവിതവൃത്തി കണ്ടെത്തേണ്ടിയിരുന്നു. ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ ഈ വാക്യത്തെ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: “നിന്റെ വയൽ സജ്ജമാക്കി നിനക്ക്‌ ഒരു ഉപജീവനമാർഗം ഉണ്ടാകുന്നതുവരെ നീ വീടുപണിയുകയും കുടുംബം ഉളവാക്കുകയും ചെയ്യരുത്‌.” ഈ തത്ത്വം ഇന്നും ബാധകമാണ്‌.

വിവാഹംകഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നന്നായി തയ്യാറാകേണ്ടതുണ്ട്‌. ജോലിചെയ്യാൻ സാധിക്കുമെങ്കിൽ ഉറപ്പായും അതു ചെയ്‌തിരിക്കണം. ഒരു പുരുഷൻ കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കുവേണ്ടിമാത്രം അധ്വാനിച്ചാൽപോരാ. കുടുംബാംഗങ്ങളുടെ ശാരീരിക-വൈകാരിക-ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താത്ത ഒരു വ്യക്തി അവിശ്വാസിയെക്കാൾ അധമനാണെന്ന്‌ ദൈവവചനം പറയുന്നു. (1 തിമൊ. 5:8) വിവാഹത്തെയും കുടുംബജീവിതത്തെയുംപറ്റി ചിന്തിച്ചുതുടങ്ങുന്ന ഒരു യുവാവ്‌ പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതാണ്‌: ‘കുടുംബത്തിന്റെ ഭൗതികാവശ്യങ്ങൾക്കായി കരുതാൻ ന്യായമായവിധത്തിൽ ഞാൻ തയ്യാറെടുത്തിട്ടുണ്ടോ? കുടുംബത്തിന്റെ ആത്മീയകാര്യങ്ങളിൽ നേതൃത്വമെടുക്കാൻ ഞാൻ സജ്ജനാണോ? ഭാര്യയോടും കുട്ടികളോടുമൊപ്പം ക്രമമായി കുടുംബാധ്യയനം നടത്താനുള്ള ഉത്തരവാദിത്വം ഞാൻ നിറവേറ്റുമോ?’ ദൈവവചനം ഈ സുപ്രധാന ഉത്തരവാദിത്വങ്ങൾക്ക്‌ മുൻതൂക്കം നൽകുന്നു.—ആവ. 6:6-8; എഫെ. 6:4.

അതുകൊണ്ട്‌, വിവാഹം കഴിക്കാനാഗ്രഹിക്കുന്ന ഒരു യുവാവ്‌ സദൃശവാക്യങ്ങൾ 24:27-ലെ തത്ത്വത്തെക്കുറിച്ച്‌ ഗഹനമായി ചിന്തിക്കേണ്ടതുണ്ട്‌. അതുപോലെതന്നെ, വിവാഹിതയാകാൻ ആഗ്രഹിക്കുന്ന ഒരു യുവതി, ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ താൻ തയ്യാറെടുത്തിട്ടുണ്ടോ എന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌. വിവാഹിതരാകുന്നവർ കുട്ടികളോടുള്ള ബന്ധത്തിലും മേൽപ്പറഞ്ഞതുപോലുള്ള ചോദ്യങ്ങൾ പരിചിന്തിക്കുന്നത്‌ നന്നായിരിക്കും. (ലൂക്കോ. 14:28) നിശ്വസ്‌തതയിൽ രചിക്കപ്പെട്ട ഇത്തരം മാർഗനിർദേശങ്ങൾക്കു ചെവിചായ്‌ക്കുമ്പോൾ ദൈവജനത്തിന്‌ പല ഹൃദയവേദനകളും ഒഴിവാക്കി ഒരു സന്തുഷ്ടകുടുംബജീവിതം നയിക്കാനാകും.

[12 പേജിൽ ആകർഷക വാക്യം]

വിവാഹിതനാകാൻ ആഗ്രഹിക്കുന്ന ഒരു യുവാവ്‌ ഏതെല്ലാം ചോദ്യങ്ങൾ ചിന്തിക്കണം?