വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വേരുറയ്‌ക്കപ്പെട്ടവരും അടിസ്ഥാനത്തിന്മേൽ സ്ഥാപിക്കപ്പെട്ടവരുമാണോ’ നിങ്ങൾ?

‘വേരുറയ്‌ക്കപ്പെട്ടവരും അടിസ്ഥാനത്തിന്മേൽ സ്ഥാപിക്കപ്പെട്ടവരുമാണോ’ നിങ്ങൾ?

‘വേരുറയ്‌ക്കപ്പെട്ടവരും അടിസ്ഥാനത്തിന്മേൽ സ്ഥാപിക്കപ്പെട്ടവരുമാണോ’ നിങ്ങൾ?

കൊടുങ്കാറ്റിൽ വൻമരങ്ങൾ ആടിയുലയുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? വളരെ ശക്തിയോടെ കാറ്റ്‌ ആഞ്ഞടിച്ചിട്ടും ആ മരങ്ങൾ കടപുഴകുന്നില്ല. എന്തുകൊണ്ട്‌? മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങിയ ശക്തമായ ഒരു വേരുപടലം അതിനുണ്ട്‌. നമുക്കും ഈ മരങ്ങളെപ്പോലെ ആകാൻ കഴിയും. പ്രശ്‌നങ്ങൾ ജീവിതത്തിൽ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോൾ നാം ‘വേരുറയ്‌ക്കപ്പെട്ടവരും അടിസ്ഥാനത്തിന്മേൽ സ്ഥാപിക്കപ്പെട്ടവരുമാണെങ്കിൽ’ നമുക്കും പിടിച്ചുനിൽക്കാനാകും. (എഫെ. 3:14-17) എന്നാൽ എന്താണ്‌ ആ അടിസ്ഥാനം?

ക്രിസ്‌തീയ സഭയുടെ ‘മൂലക്കല്ല്‌, ക്രിസ്‌തുയേശു’ ആണെന്ന്‌ ദൈവവചനം പറയുന്നു. (എഫെ. 2:20; 1 കൊരി. 3:11) “അവനിൽ വേരൂന്നിയും പണിതുയർത്തപ്പെട്ടും . . . വിശ്വാസത്തിൽ സ്ഥിരചിത്ത”രായുമിരുന്ന്‌ “സദാ അവനോടുള്ള ഐക്യത്തിൽ നടക്കുവിൻ” എന്ന്‌ ക്രിസ്‌ത്യാനികളായ നമ്മെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. അങ്ങനെ ചെയ്‌താൽ, നമ്മുടെ വിശ്വാസത്തിന്റെമേലുള്ള ഏതൊരാക്രമണത്തെയും—‘കഴമ്പില്ലാത്ത ആശയഗതികളിൽ’ അടിസ്ഥാനപ്പെട്ട ‘വശ്യമായ വാദമുഖങ്ങളുടെ’ രൂപത്തിൽവരുന്നവ ഉൾപ്പെടെയുള്ള ഏതൊന്നിനെയും—അതിജീവിക്കാനുള്ള കരുത്ത്‌ നമുക്ക്‌ ലഭിക്കും.—കൊലോ. 2:4-8.

“സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും”

‘വേരൂന്നിയവരും’ ‘വിശ്വാസത്തിൽ സ്ഥിരചിത്തരും’ ആയിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ആലങ്കാരികമായി പറഞ്ഞാൽ നമ്മുടെ ‘വേരുകൾ മണ്ണിലേക്ക്‌ ആഴ്‌ത്തുക’ എന്നതാണ്‌ ഒരു പ്രധാനമാർഗം. അതായത്‌ ദൈവത്തിന്റെ നിശ്വസ്‌ത വചനം അവധാനപൂർവം പഠിക്കുക. നാം “സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്ന്‌ സകല വിശുദ്ധന്മാരോടുമൊപ്പം പൂർണമായി” ഗ്രഹിക്കണമെന്നുള്ളതാണ്‌ യഹോവയുടെ ആഗ്രഹം. (എഫെ. 3:18) അതുകൊണ്ട്‌ നമ്മിലാരും ഉപരിപ്ലവമായ അറിവുകൊണ്ട്‌, അതായത്‌ ദൈവവചനത്തിലെ ‘ആദിപാഠങ്ങൾകൊണ്ട്‌’ തൃപ്‌തിപ്പെട്ടിരിക്കരുത്‌. (എബ്രാ. 5:12; 6:1) പിന്നെയോ, ബൈബിൾ സത്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന്റെ ആഴം കൂട്ടാൻ നാം ഓരോരുത്തരും നന്നായി ശ്രമിക്കേണ്ടതുണ്ട്‌.—സദൃ. 2:1-5.

എന്നാൽ, കുറെ അറിവു വർധിപ്പിക്കുന്നതുകൊണ്ടുമാത്രം സത്യത്തിൽ ‘വേരുറയ്‌ക്കപ്പെട്ടവരായിത്തീരാൻ’ കഴിയില്ല. ബൈബിളിൽ എന്താണ്‌ അടങ്ങിയിരിക്കുന്നതെന്ന്‌ സാത്താനുപോലും അറിയാം, പക്ഷേ എന്തുകാര്യം? അതുകൊണ്ട്‌ അറിവു വർധിപ്പിച്ചാൽ പോരാ, ‘അറിവിനെ കവിയുന്ന ക്രിസ്‌തുവിന്റെ സ്‌നേഹത്തെക്കുറിച്ച്‌’ നാം മനസ്സിലാക്കേണ്ടതുണ്ട്‌. (എഫെ. 3:19) യഹോവയോടും സത്യത്തോടുമുള്ള സ്‌നേഹത്താൽ നാം ദൈവവചനം പഠിക്കുകയും അറിവു വർധിപ്പിക്കുകയും ചെയ്യുമ്പോൾ അത്‌ നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കും.—കൊലോ. 2:2.

നിങ്ങളുടെ ഗ്രാഹ്യം പരിശോധിക്കുക

ബൈബിളിൽ അടങ്ങിയിരിക്കുന്ന ചില സുപ്രധാന സത്യങ്ങൾ നിങ്ങൾ എത്രത്തോളം ഗ്രഹിച്ചിട്ടുണ്ടെന്ന്‌ ഇപ്പോഴൊന്ന്‌ വിലയിരുത്തരുതോ? അങ്ങനെ ചെയ്യുന്നത്‌ വ്യക്തിപരമായ പഠനത്തിൽ ഇപ്പോഴത്തെക്കാൾ ശുഷ്‌കാന്തി കാണിക്കാൻ നിങ്ങൾക്കൊരു പ്രചോദനമാകും. ഉദാഹരണമായി, പൗലോസ്‌ എഫെസ്യർക്കെഴുതിയ ലേഖനത്തിന്റെ പ്രാരംഭവാക്കുകൾ ബൈബിളിൽനിന്ന്‌ വായിക്കുക. (“എഫെസ്യർക്ക്‌ എഴുതിയ ലേഖനം” എന്ന ചതുരം കാണുക.) അതു വായിച്ചശേഷം നിങ്ങളോടുതന്നെ ചോദിക്കുക: ‘ഈ ചതുരത്തിൽ ചെരിച്ചെഴുതിയിരിക്കുന്ന ബൈബിൾഭാഗങ്ങളുടെ അർഥം എനിക്കറിയാമോ?’ അവ ഓരോന്നായി നമുക്കിപ്പോൾ ചിന്തിക്കാം.

“ലോകസ്ഥാപനത്തിനു മുമ്പുതന്നെ” മുൻനിയമിച്ചു

പൗലോസ്‌ സഹവിശ്വാസികൾക്കെഴുതി: “യേശുക്രിസ്‌തു മുഖാന്തരം നമ്മെ തനിക്കു പുത്രന്മാരായി ദത്തെടുക്കേണ്ടതിന്‌ [ദൈവം] നമ്മെ മുൻനിയമിച്ചു.” സ്വർഗത്തിലെ പൂർണതയുള്ള കുടുംബത്തിലേക്ക്‌ ചില മനുഷ്യരെ ദത്തെടുക്കാൻ യഹോവ നിശ്ചയിച്ചിരുന്നു. ദത്തെടുക്കപ്പെട്ട ഈ ദൈവപുത്രന്മാർ ക്രിസ്‌തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി വാഴും. (റോമ. 8:19-23; വെളി. 5:9, 10) യഹോവയുടെ പരമാധികാരത്തെ സാത്താൻ ആദ്യം വെല്ലുവിളിച്ചപ്പോൾത്തന്നെ മനുഷ്യസൃഷ്ടി ഒരു പരാജയമാണെന്ന്‌ അവൻ ധ്വനിപ്പിച്ചു. എന്നാൽ അതിശയകരമെന്നുപറയട്ടെ, ഈ പ്രപഞ്ചത്തിൽനിന്ന്‌ ദുഷ്ടതയുടെ സകലകണികയും തുടച്ചുനീക്കുന്നതിലും തിന്മയുടെ കാരണഭൂതനായ സാത്താനെത്തന്നെ ഇല്ലായ്‌മചെയ്യുന്നതിലും ഒരു പങ്കുവഹിക്കാൻ യഹോവ തെരഞ്ഞെടുത്തിരിക്കുന്നത്‌ ഈ മനുഷ്യസൃഷ്ടിയിൽപ്പെട്ടവരെത്തന്നെയാണ്‌! എന്നാൽ ഏതൊക്കെ വ്യക്തികളെയാണ്‌ പുത്രന്മാരായി ദത്തെടുക്കേണ്ടതെന്ന്‌ യഹോവ തീരുമാനിച്ചുവെച്ചിട്ടില്ല അഥവാ മുൻനിയമിച്ചിട്ടില്ല. മറിച്ച്‌, ഒരു സംഘം ആളുകളെ മനുഷ്യരുടെ ഇടയിൽനിന്നു തിരഞ്ഞെടുക്കുമെന്നും അവർ ക്രിസ്‌തുവിനോടുകൂടെ സ്വർഗത്തിൽ ഭരണം നടത്തുമെന്നും ദൈവം നിശ്ചയിച്ചിരുന്നു.—വെളി. 14:3, 4.

ഒരു കൂട്ടമെന്ന നിലയിൽ “ലോകസ്ഥാപനത്തിനു മുമ്പുതന്നെ” തങ്ങളെ തിരഞ്ഞെടുത്തുവെന്ന്‌ പൗലോസ്‌ സഹക്രിസ്‌ത്യാനികളോടു പറയുകയുണ്ടായി. ഇവിടെ “ലോകസ്ഥാപനത്തിനു മുമ്പുതന്നെ” എന്നു പറഞ്ഞപ്പോൾ ഭൂമിയെയും മനുഷ്യനെയും ദൈവം സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ എന്നല്ല അവൻ ഉദ്ദേശിച്ചത്‌. കാരണം അത്‌ ദൈവത്തിന്റെ നീതിക്ക്‌ നിരക്കുമായിരുന്നില്ല. ആദാമും ഹവ്വായും തെറ്റുചെയ്യുമെന്ന്‌ അവർ സൃഷ്ടിക്കപ്പെടുന്നതിനുമുമ്പുതന്നെ ദൈവം മുൻനിർണയിച്ചിരുന്നെങ്കിൽ അവർ എങ്ങനെ ദൈവമുമ്പാകെ കുറ്റക്കാരാകും? അപ്പോൾ, ദൈവത്തിന്റെ പരമാധികാരത്തിനെതിരെയുള്ള സാത്താന്റെ മത്സരത്തിൽ ആദാമും ഹവ്വായും അവനോടൊപ്പം ചേർന്നപ്പോഴുണ്ടായ സ്ഥിതിവിശേഷത്തിനു പരിഹാരംകാണാൻ ദൈവം എപ്പോഴാണു തീരുമാനിച്ചത്‌? നമ്മുടെ ആദ്യമാതാപിതാക്കൾ മത്സരിച്ചതിനുശേഷവും എന്നാൽ വീണ്ടെടുക്കപ്പെടാവുന്ന അപൂർണമനുഷ്യരുടെ ഒരു ലോകം അസ്‌തിത്വത്തിൽവരുന്നതിനുമുമ്പുമാണ്‌ യഹോവ അത്‌ തീരുമാനിച്ചത്‌.

ദൈവത്തിന്റെ സമൃദ്ധമായ കൃപാധനത്തിനൊത്തവിധം”

എഫെസ്യർ ഒന്നാം അധ്യായത്തിന്റെ തുടക്കത്തിൽ പരാമർശിച്ചിരിക്കുന്ന ക്രമീകരണങ്ങൾ “ദൈവത്തിന്റെ സമൃദ്ധമായ കൃപാധനത്തിനൊത്തവിധം” ഉള്ളതാണെന്ന്‌ പൗലോസ്‌ പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? പാപത്തിലേക്ക്‌ വീണുപോയ മനുഷ്യരെ വീണ്ടെടുക്കാൻ യഹോവയ്‌ക്ക്‌ കടപ്പാടൊന്നുമില്ല എന്ന്‌ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ്‌ അവൻ അങ്ങനെ പറഞ്ഞത്‌.

പാപികളായ നമുക്ക്‌ നമ്മുടെ സ്വന്തം പ്രാപ്‌തിയാലോ യോഗ്യതയാലോ നേടിയെടുക്കാവുന്ന ഒന്നല്ല വിമോചനം. എന്നാൽ മനുഷ്യകുടുംബത്തോടുള്ള അകമഴിഞ്ഞ സ്‌നേഹം നമ്മെ രക്ഷിക്കാൻ ചില പ്രത്യേക ക്രമീകരണങ്ങൾ ചെയ്യാൻ യഹോവയെ പ്രേരിപ്പിച്ചു. നമ്മുടെ അപൂർണതയും പാപപ്രകൃതിയും കണക്കിലെടുക്കുമ്പോൾ നമുക്കു ലഭിച്ചിരിക്കുന്ന വിമോചനം പൗലോസ്‌ പറഞ്ഞിരിക്കുന്നതുപോലെ തികച്ചും ദൈവത്തിന്റെ കൃപയാണ്‌, അവന്റെ ഉദാരമായ ദയയാണ്‌.

ദൈവഹിതത്തിന്റെ പാവനരഹസ്യം

സാത്താൻ വരുത്തിവെച്ച കുഴപ്പങ്ങൾക്ക്‌ താൻ എങ്ങനെയാണ്‌ പരിഹാരം കാണാൻ പോകുന്നതെന്ന്‌ ദൈവം തുടക്കത്തിൽ വെളിപ്പെടുത്തിയില്ല. അത്‌ ഒരു ‘പാവനരഹസ്യമായിരുന്നു.’ (എഫെ. 3:4, 5) പിന്നീട്‌, ക്രിസ്‌തീയ സഭയുടെ സ്ഥാപനത്തോടെ ഭൂമിയെയും മനുഷ്യവർഗത്തെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം എങ്ങനെ നിവർത്തിക്കുമെന്നുള്ളതിന്റെ വിശദാംശങ്ങൾ യഹോവ വെളിപ്പെടുത്തി. ‘കാലസമ്പൂർണതയിൽ’ ദൈവം ‘ഒരു കാര്യവിചാരണയ്‌ക്ക്‌’ അതായത്‌ ബുദ്ധിശക്തിയുള്ള സകലസൃഷ്ടികളെയും ഏകീകരിക്കുന്ന ഒരു കർമപരിപാടിക്ക്‌ തുടക്കമിട്ടെന്ന്‌ പൗലോസ്‌ വിശദമാക്കുന്നു.

ആ ഏകീകരണത്തിന്റെ ഒന്നാം ഘട്ടം എ.ഡി. 33-ൽ തുടങ്ങി. അന്ന്‌ യഹോവ ക്രിസ്‌തുവിനൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ളവരെ കൂട്ടിച്ചേർക്കാൻ തുടങ്ങി. (പ്രവൃ. 1:13-15; 2:1-4) ക്രിസ്‌തുവിന്റെ മിശിഹൈകരാജ്യത്തിൻകീഴിൽ ഭൂമിയിലെ പറുദീസയിൽ ജീവിക്കാനുള്ളവരെ കൂട്ടിച്ചേർക്കുന്നതാണ്‌ ഈ ഏകീകരണത്തിന്റെ രണ്ടാം ഘട്ടം. (വെളി. 7:14-17; 21:1-5) “കാര്യവിചാരണ” എന്ന പദം മിശിഹൈകരാജ്യത്തെ കുറിക്കുന്നില്ല. കാരണം, 1914-ൽ മാത്രമാണ്‌ ആ രാജ്യം നിലവിൽവന്നത്‌. പിന്നെയോ ആ പദം, സാർവത്രിക ഐക്യം പുനഃസ്ഥാപിക്കുക എന്ന തന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിനായി ദൈവം കാര്യങ്ങൾ നടപ്പാക്കുന്നതിനെയാണ്‌ അർഥമാക്കുന്നത്‌.

ഗ്രഹണപ്രാപ്‌തിയുടെ കാര്യത്തിൽ മുതിർന്നവരായിരിക്കുക’

നമുക്കുള്ള നല്ല പഠനശീലങ്ങൾ സത്യത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും” പൂർണമായി ഗ്രഹിക്കാൻ നമ്മെ പ്രാപ്‌തരാക്കും. മനുഷ്യന്റെ ഇന്നത്തെ തിരക്കുപിടിച്ച ജീവിതംനിമിത്തം ഇത്തരം നല്ല ശീലങ്ങൾ താറുമാറാക്കാനോ ഒരു പക്ഷേ ഇല്ലാതാക്കാനോപോലും സാത്താന്‌ എളുപ്പമായിരിക്കും. നിങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കാൻ അനുവദിക്കരുത്‌. ദൈവം തന്നിരിക്കുന്ന “ബുദ്ധിശക്തി” ഉപയോഗിച്ച്‌ ‘ഗ്രഹണപ്രാപ്‌തിയുടെ കാര്യത്തിൽ മുതിർന്നവരായിത്തീരുക.’ (1 യോഹ. 5:20; 1 കൊരി. 14:20) നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ എന്തുകൊണ്ട്‌ വിശ്വസിക്കുന്നുവെന്ന്‌ ഉറപ്പുണ്ടായിരിക്കുക. അങ്ങനെയാകുമ്പോൾ “നിങ്ങളുടെ പ്രത്യാശയ്‌ക്കുള്ള കാരണം” പറയാൻ എല്ലായ്‌പോഴും നിങ്ങൾക്കുകഴിയും.—1 പത്രോ. 3:15.

പൗലോസിന്റെ കത്ത്‌ എഫെസൊസ്‌ സഭയിൽ ആദ്യമായി വായിച്ചപ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നെന്നു കരുതുക. ആ വാക്കുകൾ ‘ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ’ വളരാൻ നിങ്ങൾക്കു പ്രേരണയേകുമായിരുന്നില്ലേ? (എഫെ. 4:13, 14) തീർച്ചയായും. അതുപോലെതന്നെ ആയിരിക്കട്ടെ ഇന്നും. യഹോവയോടുള്ള അഗാധമായ സ്‌നേഹവും അവന്റെ വചനത്തിന്റെ പരിജ്ഞാനവും നിങ്ങളെ ക്രിസ്‌തുവെന്ന ‘അടിസ്ഥാനത്തിന്മേൽ വേരുറയ്‌ക്കപ്പെട്ടവരും സ്ഥാപിക്കപ്പെട്ടവരുമായിരിക്കാൻ’ സഹായിക്കും. അങ്ങനെയാകുമ്പോൾ, ഈ ദുഷ്ടലോകത്തിന്റെ സമ്പൂർണനാശം സംഭവിക്കുന്നതിനുമുമ്പ്‌ സാത്താൻ ഇളക്കിവിട്ടേക്കാവുന്ന ഏതൊരു ‘കൊടുങ്കാറ്റിനെയും’ ചെറുത്തുനിൽക്കാൻ നിങ്ങൾക്കു കഴിയും.—സങ്കീ. 1:1-3; യിരെ. 17:7, 8.

[27 പേജിൽ ചതുരം/ചിത്രം]

“എഫെസ്യർക്ക്‌ എഴുതിയ ലേഖനം”

“നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്‌ത്തപ്പെടുമാറാകട്ടെ. സ്വർഗീയമായ എല്ലാ ആത്മീയാനുഗ്രഹങ്ങളാലും അവൻ നമ്മെ ക്രിസ്‌തുവിൽ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. സ്‌നേഹത്താൽ നാം തിരുസന്നിധിയിൽ വിശുദ്ധരും കളങ്കമറ്റവരും ആയിരിക്കേണ്ടതിന്‌ ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവൻ നമ്മെ ക്രിസ്‌തുവിൽ തിരഞ്ഞെടുത്തു. തന്റെ ഹിതവും പ്രസാദവുംപോലെ യേശുക്രിസ്‌തു മുഖാന്തരം നമ്മെ തനിക്കു പുത്രന്മാരായി ദത്തെടുക്കേണ്ടതിന്‌ അവൻ നമ്മെ മുൻനിയമിച്ചു. തനിക്കു പ്രിയനായവനിലൂടെ അവൻ നമ്മുടെമേൽ നിർലോപം ചൊരിഞ്ഞ മഹനീയ കൃപയുടെ പുകഴ്‌ചയ്‌ക്കായിട്ടത്രേ അവൻ അങ്ങനെ ചെയ്‌തത്‌. ദൈവത്തിന്റെ സമൃദ്ധമായ കൃപാധനത്തിനൊത്തവിധം ക്രിസ്‌തു മുഖാന്തരം അവന്റെ രക്തത്താലുള്ള മറുവിലയിലൂടെ നമുക്കു വിടുതൽ കൈവന്നിരിക്കുന്നു; നമ്മുടെ അതിക്രമങ്ങളുടെ മോചനംതന്നെ. അവൻ സകല ജ്ഞാനവും വിവേകവും പകർന്നുകൊണ്ട്‌ തന്റെ കൃപ നമ്മുടെമേൽ സമൃദ്ധമായി ചൊരിയുകയും തന്റെ പ്രസാദപ്രകാരം മുൻനിർണയിച്ചിരുന്ന തന്റെ ഹിതത്തിന്റെ പാവനരഹസ്യം നമുക്കു വെളിപ്പെടുത്തിത്തരുകയും ചെയ്‌തു. കാലസമ്പൂർണതയിലേക്കായുള്ള ഒരു കാര്യവിചാരണയെക്കുറിച്ചുള്ളതത്രേ ഈ രഹസ്യം; അതായത്‌, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്‌തുവിൽ ഒന്നായിച്ചേർക്കുക എന്നതുതന്നെ. അതെ, അവനിലാകുന്നു സകലവും ഒന്നാക്കപ്പെട്ടിരിക്കുന്നത്‌.”—എഫെ. 1:3-10.