വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ ശുശ്രൂഷകരായ നമുക്ക്‌ അന്തസ്സുറ്റ പെരുമാറ്റം കാഴ്‌ചവെക്കാം

ദൈവത്തിന്റെ ശുശ്രൂഷകരായ നമുക്ക്‌ അന്തസ്സുറ്റ പെരുമാറ്റം കാഴ്‌ചവെക്കാം

ദൈവത്തിന്റെ ശുശ്രൂഷകരായ നമുക്ക്‌ അന്തസ്സുറ്റ പെരുമാറ്റം കാഴ്‌ചവെക്കാം

“ദൈവത്തെ അനുകരിക്കുവിൻ.”—എഫെ. 5:1.

1, 2. (എ) അന്തസ്സുറ്റ പെരുമാറ്റം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഈ ലേഖനത്തിൽ എന്താണു ചർച്ചചെയ്യാൻ പോകുന്നത്‌?

ആദരണീയമായ പെരുമാറ്റത്തെക്കുറിച്ച്‌ എഴുത്തുകാരിയായ സൂ ഫോക്‌സ്‌ എഴുതി: “ആദരേണയുള്ള പെരുമാറ്റത്തിന്‌ നാം ഒരിക്കലും അവധികൊടുക്കരുത്‌. വിനയവും മര്യാദയും എന്നും എവിടെയും ഗുണംചെയ്യും.” ആദരവോടെയുള്ള പെരുമാറ്റത്തിന്‌ വ്യക്തികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ഗണ്യമായി കുറയ്‌ക്കാനും ഒരുപക്ഷേ ഇല്ലാതാക്കാനും കഴിയും. നേരേമറിച്ച്‌ മര്യാദയില്ലാതെയാണ്‌ പെരുമാറുന്നതെങ്കിലോ? പിണക്കം, നീരസം, അനാവശ്യമായ മനോവിഷമം എന്നിവയൊക്കെയായിരിക്കും ഫലം.

2 നല്ല പെരുമാറ്റവും ശീലങ്ങളുമുള്ള വ്യക്തികളാണ്‌ പൊതുവെ സത്യക്രിസ്‌തീയ സഭയിലുള്ളത്‌. എന്നിരുന്നാലും ഇന്നു ലോകത്തിൽ പ്രബലമായിരിക്കുന്ന സംസ്‌കാരശൂന്യമായ പെരുമാറ്റം അനുകരിക്കാതിരിക്കാൻ ക്രിസ്‌ത്യാനികളായ നാം ശ്രദ്ധിക്കണം. മാന്യതയോടെ ഇടപെടുന്നവരായിരിക്കാൻ, ബൈബിൾ തത്ത്വങ്ങൾ നമ്മെ എങ്ങനെ സഹായിക്കുമെന്നും സത്‌പെരുമാറ്റം സത്യാരാധനയിലേക്ക്‌ ആളുകളെ ആകർഷിക്കുന്നത്‌ എങ്ങനെയെന്നും നമുക്കു നോക്കാം. മാന്യതയോടെയുള്ള പെരുമാറ്റത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാൻ യഹോവയുടെയും അവന്റെ പുത്രന്റെയും ദൃഷ്ടാന്തങ്ങൾതന്നെ നമുക്കു പരിശോധിക്കാം.

യഹോവയും അവന്റെ പുത്രനും—അന്തസ്സുറ്റ പെരുമാറ്റത്തിന്റെ ശ്രേഷ്‌ഠമാതൃകകൾ

3. മാന്യതയോടെ പെരുമാറുന്നതിൽ യഹോവയാം ദൈവം എന്തു മാതൃകവെക്കുന്നു?

3 സാദരം പെരുമാറുന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്‌ യഹോവ. ഈ മഹാപ്രപഞ്ചത്തിന്റെ സർവാധികാരിയാണെങ്കിലും അവൻ മനുഷ്യരോട്‌ കനിവോടെ ഇടപെടുന്നു, അവരെ മാനിക്കുന്നു. അബ്രാഹാമിനോടും മോശയോടും സംസാരിച്ചപ്പോൾ ആർദ്രതയും സൗമ്യതയും നിറഞ്ഞ ഭാവത്തോടെയാണ്‌ യഹോവ സംസാരിച്ചത്‌. (ഉല്‌പ. 13:14; പുറ. 4:6) (പലപ്പോഴും “ദയവായി” എന്ന്‌ പരിഭാഷപ്പെടുത്തുന്ന ഒരു പദം യഹോവ ഉപയോഗിച്ചിരിക്കുന്നതായി ഈ തിരുവെഴുത്തുഭാഗങ്ങളുടെ എബ്രായപാഠത്തിൽ കാണാം.) തന്റെ ദാസന്മാർ തെറ്റുചെയ്യുമ്പോൾപ്പോലും അവരോട്‌ ‘കരുണയും കൃപയും ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയും’ കാണിക്കാൻ യഹോവ ഒരുക്കമാണ്‌. (സങ്കീ. 86:15) മറ്റുള്ളവർ തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാതിരിക്കുമ്പോൾ ദേഷ്യംകൊണ്ട്‌ പൊട്ടിത്തെറിക്കുന്ന മനുഷ്യരിൽനിന്നും തികച്ചും വ്യത്യസ്‌തനാണ്‌ അവൻ.

4. മറ്റുള്ളവർ നമ്മോടു സംസാരിക്കുമ്പോൾ നമുക്കെങ്ങനെ യഹോവയെ മാതൃകയാക്കാം?

4 മനുഷ്യർക്കു പറയാനുള്ളത്‌ യഹോവ കേൾക്കുന്നവിധത്തിലും, അവന്റെ മാന്യതയും മറ്റുള്ളവരോടുള്ള അവന്റെ ബഹുമാനവും ദൃശ്യമാണ്‌. സൊദോമിലെ ആളുകളെക്കുറിച്ച്‌ അബ്രാഹാം ചോദ്യങ്ങൾ ചോദിച്ചപ്പോൾ യഹോവ അവയ്‌ക്കോരോന്നിനും ക്ഷമയോടെ ഉത്തരം നൽകി. (ഉല്‌പ. 18:23-32) അബ്രാഹാം തന്റെ സമയം മിനക്കെടുത്തുകയാണെന്ന്‌ യഹോവ വിചാരിച്ചില്ല. അതുപോലെ, തന്റെ ദാസന്മാരുടെ പ്രാർഥനകളും അനുതപിക്കുന്ന പാപികളുടെ നിലവിളിയും യഹോവ കേൾക്കുന്നു. (സങ്കീർത്തനം 51:11, 17 വായിക്കുക.) അതുപോലെ നാമും മറ്റുള്ളവർ നമ്മോടു സംസാരിക്കുമ്പോൾ ശ്രദ്ധിച്ചുകേൾക്കേണ്ടതല്ലേ?

5. യേശുവിനെ അനുകരിക്കുന്നത്‌ മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നത്‌ എങ്ങനെ?

5 പിതാവിൽനിന്ന്‌ യേശു പഠിച്ച കാര്യങ്ങളിലൊന്നാണ്‌ മറ്റുള്ളവരെ ആദരിക്കുക എന്നത്‌. ശുശ്രൂഷ നിർവഹിക്കാൻ ധാരാളം സമയവും ഊർജവും ചെലവഴിക്കേണ്ടതുണ്ടായിരുന്നെങ്കിലും യേശു എല്ലായ്‌പോഴും ക്ഷമയോടെയും കനിവോടെയുമാണ്‌ ആളുകളോട്‌ ഇടപെട്ടത്‌. കുഷ്‌ഠരോഗികളും അന്ധന്മാരും, ബുദ്ധിമുട്ട്‌ അനുഭവിച്ചിരുന്ന മറ്റുള്ളവരുമെല്ലാം സഹായിക്കാൻ എപ്പോഴും ഒരുക്കമുള്ളവനായിട്ടാണ്‌ യേശുവിനെ കണ്ടത്‌. മുൻകൂട്ടി അനുവാദം വാങ്ങാതെയാണ്‌ അവർ അവനെ സമീപിച്ചിരുന്നതെങ്കിലും അവൻ അവരെയൊന്നും അവഗണിച്ചില്ല. ചെയ്‌തുകൊണ്ടിരുന്ന കാര്യം നിറുത്തിയിട്ടുപോലും അവൻ പലപ്പോഴും ആളുകളെ സഹായിച്ചിട്ടുണ്ട്‌. തന്നിൽ വിശ്വാസമർപ്പിച്ച ആളുകളോട്‌ അവൻ അസാധാരണമായ പരിഗണന കാണിച്ചു. (മർക്കോ. 5:30-34; ലൂക്കോ. 18:35-41) യേശുവിനെ അനുകരിച്ചുകൊണ്ട്‌ ക്രിസ്‌ത്യാനികളായ നാമും മറ്റുള്ളവരോട്‌ കനിവും സഹായമനസ്ഥിതിയും കാണിക്കാറുണ്ടോ? നാം അങ്ങനെ ഇടപെടുമ്പോൾ നമ്മുടെ ബന്ധുക്കളും അയൽക്കാരുമൊന്നും അത്‌ ശ്രദ്ധിക്കാതെപോകില്ല. അത്തരം പെരുമാറ്റം യഹോവയെ മഹത്ത്വപ്പെടുത്തും, നമുക്കും അത്‌ സന്തോഷംപകരും.

6. സൗഹാർദതയോടെയും ഊഷ്‌മളതയോടെയും ഇടപെടുന്നതിൽ യേശു എന്തു മാതൃകവെച്ചു?

6 ആളുകളെ അവരുടെ പേരുവിളിച്ചുകൊണ്ട്‌ യേശു അവരോട്‌ ബഹുമാനം കാണിച്ചു. യഹൂദമതനേതാക്കന്മാർക്ക്‌ ആളുകളോട്‌ ഇതുപോലുള്ള ബഹുമാനമുണ്ടായിരുന്നോ? ഇല്ല. ന്യായപ്രമാണം അറിയാത്തവരെ അവർ “ശപിക്കപ്പെട്ടവരാ”യിട്ടാണ്‌ വീക്ഷിച്ചത്‌, അവരോടുള്ള പെരുമാറ്റത്തിലും അത്‌ ദൃശ്യമായിരുന്നു. (യോഹ. 7:49) എന്നാൽ ദൈവപുത്രൻ അങ്ങനെയായിരുന്നില്ല. മാർത്തയെയും മറിയയെയും സക്കായിയെയും അതുപോലെ മറ്റുപലരെയും അവൻ പേരുപറഞ്ഞു സംബോധനചെയ്‌തിരുന്നു. (ലൂക്കോ. 10:41, 42; 19:5) ആളുകളെ സംബോധനചെയ്യുന്ന രീതി ഓരോ സംസ്‌കാരവും പശ്ചാത്തലവുമൊക്കെ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും യഹോവയുടെ ദാസന്മാർ എല്ലാവരോടും സൗഹാർദപൂർവം ഇടപെടുന്നു. * അവർ സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും വർഗ-വംശഭേദങ്ങളൊന്നുമില്ലാതെ അർഹിക്കുന്ന ആദരവ്‌ കൊടുക്കുന്നു.—യാക്കോബ്‌ 2:1-4 വായിക്കുക.

7. സകലമനുഷ്യരോടും മര്യാദയോടെ ഇടപെടാൻ ബൈബിൾ തത്ത്വങ്ങൾ സഹായകമായിരിക്കുന്നത്‌ എങ്ങനെ?

7 സകലജനതകളിലും വംശങ്ങളിലുംപെട്ട മനുഷ്യരോട്‌ യഹോവയും യേശുവും ആർദ്രതയോടെയാണ്‌ ഇടപെടുന്നത്‌, അവർ മനുഷ്യരെ ആദരിക്കുന്നുവെന്നതിന്റെ തെളിവാണത്‌. ദൈവവും അവന്റെ പുത്രനും മനുഷ്യർക്ക്‌ ഇങ്ങനെ മാന്യതകൽപ്പിക്കുന്നത്‌ നീതിഹൃദയരായ ആളുകളെ സത്യത്തിലേക്ക്‌ ആകർഷിക്കാനും ഇടയാക്കിയിരിക്കുന്നു. ഉപചാരശീലങ്ങൾ ഓരോ ദേശത്തും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട്‌ ഇക്കാര്യത്തിൽ നാം കർക്കശമായ ഒരു പെരുമാറ്റച്ചട്ടം പിൻപറ്റുന്നില്ല. മറിച്ച്‌, എവിടെയായിരുന്നാലും വഴക്കമുള്ളവരായിരുന്നുകൊണ്ട്‌ ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ നാം സഹമനുഷ്യരെ ആദരിക്കും. ആളുകളോട്‌ മാന്യതയോടെ ഇടപെടുന്നത്‌ നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷയിൽ നല്ല ഫലങ്ങൾ ഉളവാക്കുന്നത്‌ എങ്ങനെയെന്ന്‌ ഇനി നമുക്കു നോക്കാം.

ആളുകളോടു വന്ദനംപറയുകയും താത്‌പര്യപൂർവം സംസാരിക്കുകയും ചെയ്യുക

8, 9. (എ) എങ്ങനെയുള്ള ശീലങ്ങൾ അപമര്യാദയായി ധരിച്ചേക്കാം? (ബി) മറ്റുള്ളവരോട്‌ ഇടപെടുന്നകാര്യത്തിൽ മത്തായി 5:47-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ നാം കണക്കിലെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

8 തിരക്കുപിടിച്ച ഇന്നത്തെ ലോകത്ത്‌ ഒന്നു കുശലം ചോദിക്കുകപോലും ചെയ്യാതെ ആളുകൾ ധൃതിയിൽ നടന്നുപോകുന്ന കാഴ്‌ച സാധാരണമാണ്‌. തിരക്കുള്ള റോഡിലുംമറ്റും കണ്ടുമുട്ടുന്ന ഏവരോടും സംസാരിക്കുകയെന്നത്‌ സാധിക്കുന്ന കാര്യവുമല്ല. എന്നാൽ മറ്റുപല സാഹചര്യങ്ങളിലും ആളുകളെ കണ്ടുമുട്ടുമ്പോൾ അവരെ അഭിവാദ്യംചെയ്യുന്നത്‌ ഉചിതമായ ഒരു കാര്യമാണ്‌, അതാണു വേണ്ടതും. ആളുകളെ അഭിവാദനം ചെയ്യുന്ന ഒരുരീതി നിങ്ങൾക്കുണ്ടോ? അതോ ഒന്നുമിണ്ടുകയോ പുഞ്ചിരിക്കുകയോപോലും ചെയ്യാതെ നടന്നുപോകുകയാണോ പതിവ്‌? മനഃപൂർവമല്ലെങ്കിലും, ശ്രദ്ധിച്ചില്ലെങ്കിൽ മാന്യതയില്ലാത്ത പെരുമാറ്റരീതികൾ ഒരാളിൽ വളർന്നുവന്നേക്കാം.

9 “നിങ്ങളുടെ സഹോദരന്മാരെമാത്രം വന്ദനംചെയ്‌താൽ നിങ്ങൾ എന്തു വിശേഷകാര്യം ചെയ്യുന്നു? വിജാതീയരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ?” എന്ന്‌ യേശു ചോദിക്കുകയുണ്ടായി. (മത്താ. 5:47) ആളുകളെ അഭിവാദനം ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌, ഡൊണാൾഡ്‌ വിസ്‌ എഴുതി: “കണ്ടുമുട്ടുന്നവരോട്‌ ഒന്നുംമിണ്ടാതെ നാം കടന്നുപോയാൽ അത്‌ അവർക്ക്‌ വളരെ വിഷമമാകും. നിങ്ങൾ അവരെ അവഗണിച്ചതിന്‌ യാതൊരു ഒഴികഴിവുമില്ല. അതുകൊണ്ട്‌ ചെയ്യേണ്ടത്‌ ഇതാണ്‌: ആളുകളെ വന്ദനം ചെയ്യുക, അവരോടു സംസാരിക്കുക.” തണുപ്പൻമനോഭാവത്തോടെ നിർവികാരരായിട്ടാണ്‌ നാം പെരുമാറുന്നതെങ്കിൽ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധവും അങ്ങനെയൊക്കെത്തന്നെ ആയിരിക്കും.

10. ഫലപ്രദമായി ശുശ്രൂഷ നിർവഹിക്കാൻ സൗഹൃദഭാവത്തോടെയുള്ള ഇടപെടൽ സഹായിക്കുന്നത്‌ എങ്ങനെ? (“ ഹൃദ്യമായ ഒരു പുഞ്ചിരിയോടെ തുടങ്ങാം” എന്ന ചതുരം കാണുക.)

10 ക്രിസ്‌തീയ ദമ്പതികളായ ടോമിന്റെയും കാരളിന്റെയും കാര്യമെടുക്കാം. വടക്കേ അമേരിക്കയിലുള്ള ഒരു വലിയ നഗരത്തിലാണ്‌ അവർ താമസിക്കുന്നത്‌. അയൽക്കാരോട്‌ കുശലാന്വേഷണങ്ങൾ നടത്തുകയെന്നത്‌ ശുശ്രൂഷയുടെ ഒരു ഭാഗമായിത്തന്നെ അവർ കണക്കാക്കി. അവർ എന്താണു ചെയ്‌തത്‌? യാക്കോബ്‌ 3:18 പരാമർശിച്ചുകൊണ്ട്‌ ടോം പറയുന്നു: “ആളുകളോട്‌ പ്രസന്നതയോടെ, മിത്രഭാവത്തോടെ ഇടപെടാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു. വീടിന്റെ മുറ്റത്തോ തൊടിയിലോ ഒക്കെ നിൽക്കുന്നവരെ ഞങ്ങൾ സമീപിക്കും. പുഞ്ചിരിയോടെ ഞങ്ങൾ അവർക്ക്‌ നമസ്‌കാരം പറയും. പിന്നെ അവരുടെ മക്കളുടെ കാര്യം, വീട്‌, ജോലി, വളർത്തുനായ എന്നിങ്ങനെ അവർക്കിഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച്‌ ഞങ്ങൾ സംസാരിക്കും. അങ്ങനെ കുറച്ചുനാൾ കഴിയുമ്പോൾ അവർ ഞങ്ങളെ സുഹൃത്തുക്കളായി കാണാൻ തുടങ്ങും.” കാരൾ പറയുന്നു: “പിന്നെയൊരിക്കൽ അവരുടെ പേരൊക്കെ ചോദിച്ചറിയും. ഞങ്ങൾ എന്താണ്‌ ചെയ്യുന്നതെന്ന്‌ വളരെ ചുരുക്കമായി പറയും. അങ്ങനെ കുറെക്കഴിയുമ്പോൾ സുവാർത്ത അറിയിക്കാനുള്ള ഒരവസരം ഒടുവിൽ ഞങ്ങൾക്കു ലഭിക്കും.” അയൽക്കാരിൽ മിക്കവരുമായും സൗഹൃദം സ്ഥാപിക്കാൻ ടോമിനും കാരളിനും കഴിഞ്ഞിട്ടുണ്ട്‌. അവരിൽ നല്ലൊരു പങ്കും നമ്മുടെ പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചു. ചിലർ സത്യം പഠിക്കാനുള്ള താത്‌പര്യവും കാണിച്ചിരിക്കുന്നു.

അനാദരവ്‌ സഹിക്കേണ്ടിവരുമ്പോൾ . . .

11, 12. സുവാർത്ത പ്രസംഗിക്കുമ്പോൾ അപമര്യാദയോടെയുള്ള പെരുമാറ്റം പ്രതീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌, നാം അതിനോട്‌ എങ്ങനെ പ്രതികരിക്കണം?

11 സുവാർത്ത പ്രസംഗിക്കുമ്പോൾ ചിലപ്പോഴൊക്കെ മറ്റുള്ളവർ നമ്മോട്‌ മര്യാദയില്ലാതെ പെരുമാറിയേക്കാം. നാം അത്‌ പ്രതീക്ഷിക്കുന്നു. കാരണം യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹ. 15:20) മറ്റുള്ളവരുടെ പരിഹാസ വാക്കുകൾക്ക്‌ നാം അതേ വിധത്തിൽ മറുപടി കൊടുക്കുന്നെങ്കിൽ യാതൊരു സത്‌ഫലവും നമുക്കു പ്രതീക്ഷിക്കാനാവില്ല. എന്നാൽ നാം എങ്ങനെയാണ്‌ പ്രതികരിക്കേണ്ടത്‌? പത്രോസ്‌ അപ്പൊസ്‌തലൻ ഉത്തരം നൽകുന്നു: “ക്രിസ്‌തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുവിൻ. നിങ്ങളുടെ പ്രത്യാശയ്‌ക്കുള്ള കാരണം ചോദിക്കുന്ന ഏവനോടും പ്രതിവാദം പറയാൻ സദാ ഒരുങ്ങിയിരിക്കുവിൻ; എന്നാൽ അത്‌ സൗമ്യതയോടും ഭയാദരവോടുംകൂടെ ആയിരിക്കട്ടെ.” (1 പത്രോ. 3:15) ഇത്തരം സന്ദർഭങ്ങളിൽ സൗമ്യതയോടെയും ആദരവോടെയും ഇടപെട്ടുകൊണ്ട്‌ നാം മാന്യത കൈവിടാതിരിക്കുന്നെങ്കിൽ നമ്മെ അപമാനിക്കുന്നവരുടെ മനോഭാവത്തിന്‌ ഒരുപക്ഷേ മാറ്റംവന്നേക്കാം.—തീത്തൊ. 2:7, 8.

12 നമ്മെ വ്രണപ്പെടുത്തുകയും മനസ്സിടിച്ചുകളയുകയും ചെയ്യുന്നരീതിയിൽ മറ്റുള്ളവർ സംസാരിക്കുമ്പോൾ ദൈവദാസർക്കു ചേർന്നവിധത്തിൽ ആ സാഹചര്യത്തെ നേരിടാൻ നമുക്ക്‌ കഴിയുമോ? കഴിയും. പൗലോസ്‌ പറയുന്നത്‌ ശ്രദ്ധിക്കുക: “നിങ്ങളുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതുപോലെ ഹൃദ്യമായിരിക്കട്ടെ; അങ്ങനെ, ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ അറിയുന്നവരായിരിക്കുക.” (കൊലോ. 4:6) അതുകൊണ്ട്‌ കുടുംബാംഗങ്ങളോടും അയൽക്കാരോടും സഹപ്രവർത്തകരോടും സഹപാഠികളോടും സഭയിലെ സഹോദരങ്ങളോടുമെല്ലാം എപ്പോഴും മര്യാദയോടെയും വിനയത്തോടെയും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നത്‌ ഒരു ശീലമാക്കുക. അങ്ങനെയാകുമ്പോൾ പരിഹാസത്തെയും അപമാനത്തെയും ക്രിസ്‌ത്യാനികൾക്കു ചേർന്ന രീതിയിൽ നേരിടാൻ നാം സജ്ജരായിരിക്കും.—റോമർ 12:17-21 വായിക്കുക.

13. മാന്യത കാണിക്കുന്നത്‌ എതിരാളികളുടെ മനോഭാവത്തിന്‌ മാറ്റംവരുത്തിയേക്കാം. ഉദാഹരിക്കുക.

13 മോശമായ പെരുമാറ്റത്തിന്‌ ഇരയാകുമ്പോൾ നാം മാന്യത വിടാതെ ഇടപെടുന്നെങ്കിൽ അതിന്‌ നല്ല ഫലങ്ങൾ ഉളവാക്കാൻ കഴിയും. ജപ്പാനിലെ ഒരു അനുഭവം അതാണ്‌ കാണിക്കുന്നത്‌. പ്രസംഗവേലയിലായിരിക്കെ, ഒരു വീട്ടുകാരനും അദ്ദേഹത്തിന്റെ അതിഥിയും നമ്മുടെ ഒരു സഹോദരനെ പരിഹസിച്ചു. എന്നാൽ സൗമ്യതയോടെതന്നെ സഹോദരൻ ആ വീട്ടിൽനിന്നും ഇറങ്ങി, എന്നിട്ട്‌ ആ പ്രദേശത്തുതന്നെയുള്ള മറ്റ്‌ വീടുകളിൽ സുവാർത്ത അറിയിച്ചുകൊണ്ടിരുന്നു. ആ വീട്ടിൽവന്ന അതിഥി കുറച്ചകലെ നിന്നുകൊണ്ട്‌ തന്നെ നിരീക്ഷിക്കുന്നത്‌ സഹോദരൻ കണ്ടു. സഹോദരൻ ആ മനുഷ്യന്റെ അടുത്തേക്കു ചെന്നു, അപ്പോൾ അയാൾ പറഞ്ഞു: “എന്നോട്‌ ക്ഷമിക്കണം. ഞങ്ങൾ വളരെ മോശമായി താങ്കളോട്‌ പെരുമാറിയെങ്കിലും താങ്കൾ ഒരു പുഞ്ചിരിയോടെയാണ്‌ അതെല്ലാം നേരിട്ടത്‌. താങ്കളെപ്പോലെയാകാൻ ഞാൻ എന്താണു ചെയ്യേണ്ടത്‌?” ജോലി നഷ്ടപ്പെട്ടതിന്റെയും അമ്മ മരിച്ചതിന്റെയുമൊക്കെ ദുഃഖത്തിൽ കഴിയുകയായിരുന്നു ആ മനുഷ്യൻ. സഹോദരൻ അയാളെ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞു, അയാൾ സമ്മതിച്ചു. ആഴ്‌ചയിൽ രണ്ടുപ്രാവശ്യംപോലും പഠിക്കാൻ അയാൾ തയ്യാറായി.

മാനമര്യാദകൾ പഠിക്കേണ്ടത്‌ എവിടെനിന്ന്‌?

14, 15. ബൈബിൾക്കാലങ്ങളിലെ ദൈവദാസന്മാർ മക്കളെ പരിശീലിപ്പിച്ചത്‌ എങ്ങനെ?

14 ബൈബിൾക്കാലങ്ങളിലെ ദൈവഭക്തരായ മാതാപിതാക്കൾ വീട്ടിൽവെച്ചുതന്നെ മക്കൾക്ക്‌ മര്യാദയുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തിരുന്നു. അബ്രാഹാമും പുത്രൻ യിസ്‌ഹാക്കും സൗമ്യതയോടെ അന്യോന്യം സംബോധനചെയ്യുന്നത്‌ ഉല്‌പത്തി 22:7-ൽ നമുക്ക്‌ കാണാനാകും. മാതാപിതാക്കളിൽനിന്ന്‌ ഇക്കാര്യത്തിൽ നല്ല പരിശീലനം യോസേഫിനും ലഭിച്ചുവെന്നത്‌ വ്യക്തമാണ്‌. അവൻ കാരാഗൃഹത്തിലായിരിക്കെ, സഹതടവുകാരോടുപോലും മാന്യതയോടെയാണ്‌ ഇടപെട്ടത്‌. (ഉല്‌പ. 40:8, 14) അധികാരസ്ഥാനത്തുള്ളവരോട്‌ എങ്ങനെ സംസാരിക്കണമെന്ന്‌ അവന്‌ നന്നായി അറിയാമായിരുന്നുവെന്ന്‌ ഫറവോനോടുള്ള അവന്റെ വാക്കുകൾ കാണിക്കുന്നു.—ഉല്‌പ. 41:16, 33, 34.

15 ഇസ്രായേൽമക്കൾക്കു നൽകിയ പത്തു കൽപ്പനകളിൽ പിൻവരുന്ന കൽപ്പനയുണ്ടായിരുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” (പുറ. 20:12) മക്കൾക്ക്‌ മാതാപിതാക്കളെ ആദരിക്കാൻ കഴിയുന്ന ഒരു വിധമായിരുന്നു വീട്ടിലെ നല്ല പെരുമാറ്റം. യിഫ്‌താഹിന്റെ മകൾ തന്റെ പിതാവിനോട്‌ അസാധാരണമാംവിധം ആദരവു കാണിക്കുകയുണ്ടായി. വിഷമകരമായ ഒരു സാഹചര്യമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശപഥം നിറവേറ്റാൻ അവൾ മനസ്സോടെ സമ്മതിച്ചു.—ന്യായാ. 11:35-40.

16-18. (എ) കുട്ടികളെ നല്ല ശീലങ്ങൾ എങ്ങനെ പഠിപ്പിക്കാം? (ബി) അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം?

16 മക്കളെ വിനയവും മര്യാദയും പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാവില്ല. വളർന്നുവരുമ്പോൾ അവർ മറ്റുള്ളവരുമായി ഒത്തുപോകണമെങ്കിൽ, അതിഥികളോട്‌ ഇടപെടേണ്ട രീതി, ഫോണിലൂടെ സംസാരിക്കേണ്ട വിധം, ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ എന്നിവ കുട്ടികൾ പഠിച്ചിരിക്കണം. അതുപോലെ, മറ്റുള്ളവർക്കുവേണ്ടി വാതിൽ തുറന്നുപിടിക്കുക, പ്രായമായവരോടും രോഗികളോടും കനിവോടെ ഇടപെടുക, ഭാരമുള്ള ബാഗുകളും മറ്റും പിടിക്കാൻ സഹായിക്കുക എന്നിവയൊക്കെ കുട്ടികൾ ചെയ്യേണ്ടത്‌ എന്തുകൊണ്ടാണെന്ന്‌ അവർക്ക്‌ പറഞ്ഞുകൊടുക്കണം. “നന്ദി,” “ദയവായി,” “ഞാൻ സഹായിക്കട്ടെ?,” “സോറി” എന്നൊക്കെ ആത്മാർഥതയോടെ പറയേണ്ടതിന്റെ പ്രാധാന്യവും കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്‌.

17 മാന്യമായി പെരുമാറാൻ കുട്ടികളെ പഠിപ്പിക്കുന്നത്‌ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല; നിങ്ങൾതന്നെ നല്ല മാതൃകവെക്കുക, അതാണ്‌ ഏറ്റവും നല്ല മാർഗം. താനും തന്റെ മൂന്നുസഹോദരങ്ങളും മാന്യമായി പെരുമാറാൻ പഠിച്ചതെങ്ങനെയെന്ന്‌ 25 വയസ്സുള്ള കുർട്ട്‌ പറയുന്നു: “മമ്മിയും ഡാഡിയുമായിരുന്നു ഞങ്ങളുടെ മാതൃക. അവർ അന്യോന്യം ആദരവോടെ സംസാരിച്ചു. മറ്റുള്ളവരോട്‌ പരിഗണനയോടെയും ക്ഷമയോടെയും ഇടപെട്ടു. രാജ്യഹാളിലായിരിക്കുമ്പോൾ, യോഗങ്ങൾക്കുമുമ്പും അതിനുശേഷവും പ്രായമുള്ള സഹോദരങ്ങളുമായി സംസാരിക്കുമ്പോൾ ഡാഡി എന്നെയും കൂടെക്കൂട്ടുമായിരുന്നു. അങ്ങനെ, അദ്ദേഹം അവരെ അഭിവാദനം ചെയ്യുന്നതെങ്ങനെയെന്ന്‌ ഞാൻ കേട്ടു, അദ്ദേഹത്തിന്‌ അവരോട്‌ എത്ര ബഹുമാനമുണ്ടെന്ന്‌ എനിക്ക്‌ നേരിൽകാണാനായി . . . ക്രമേണ ഡാഡിയുടെ രീതികൾ ഞാനും അനുകരിച്ചുതുടങ്ങി. ആളുകളോട്‌ ആദരവോടെ പെരുമാറുന്നത്‌ എന്റെ സ്വഭാവത്തിന്റെ ഭാഗമായി. മാന്യമായ പെരുമാറ്റം കേവലം അഭിനയമായിരിക്കരുത്‌, മറിച്ച്‌ ആത്മാർഥമായിരിക്കണം.”

18 കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതുകൊണ്ട്‌ എന്തെല്ലാം പ്രയോജനങ്ങൾ ഉണ്ടായേക്കാം? സുഹൃത്തുക്കളെ സമ്പാദിക്കാനും മറ്റുള്ളവരുമായി സമാധാനത്തിൽ വർത്തിക്കാനും അവർക്കു സാധിക്കും. തൊഴിലുടമകളുമായും സഹപ്രവർത്തകരുമായും സഹകരിച്ചു പ്രവർത്തിക്കാൻ അവർ പ്രാപ്‌തരായിത്തീരും. മാത്രമല്ല, അന്തസ്സോടെ, മാന്യമായി പെരുമാറുന്ന കുട്ടികൾ മാതാപിതാക്കൾക്ക്‌ അഭിമാനവുമായിരിക്കും.—സദൃശവാക്യങ്ങൾ 23:24, 25 വായിക്കുക.

അന്തസ്സുള്ള പെരുമാറ്റം നമ്മെ വ്യത്യസ്‌തരാക്കുന്നു

19, 20. യഹോവയാം ദൈവത്തിന്റെയും അവന്റെ പുത്രന്റെയും സത്‌പെരുമാറ്റത്തിന്റെ മാതൃക നാം അനുകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

19 പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “ആകയാൽ പ്രിയമക്കളായി ദൈവത്തെ അനുകരിക്കുവിൻ.” (എഫെ. 5:1) യഹോവയാം ദൈവത്തെയും അവന്റെ പുത്രനെയും നമുക്കെങ്ങനെ അനുകരിക്കാൻ സാധിക്കും? ഈ ലേഖനത്തിൽ നാം പരിചിന്തിച്ചതുപോലുള്ള ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ട്‌. അങ്ങനെ ചെയ്യുന്നെങ്കിൽ, അധികാരസ്ഥാനത്തുള്ളവരുടെ പ്രീതി പിടിച്ചുപറ്റുന്നതിനുവേണ്ടിയും അതുപോലെ മറ്റു ഭൗതിക നേട്ടങ്ങൾക്കുവേണ്ടിയും കപടവിനയം കാണിക്കാൻ നാം മുതിരില്ല.—യൂദാ 16.

20 അന്തസ്സുറ്റ പെരുമാറ്റത്തോടു ബന്ധപ്പെട്ട്‌ യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ തകർത്തുകളയാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്‌ തന്റെ ദുഷ്ടഭരണത്തിന്റെ അവസാന നാളുകളിൽ സാത്താൻ. എന്നാൽ അവൻ അതിൽ വിജയിക്കില്ല, കാരണം യഹോവയുടെ നിലവാരങ്ങൾ പിൻപറ്റാൻ സത്യക്രിസ്‌ത്യാനികൾ എന്നും ഒരുക്കമുള്ളവരായിരിക്കും. യഹോവയുടെയും അവന്റെ പുത്രന്റെയും നല്ല മാതൃക അനുകരിക്കുമെന്ന്‌ നമുക്കോരോരുത്തർക്കും നിശ്ചയിക്കാം. അപ്പോൾ നമ്മുടെ ഭാഷയും പ്രവൃത്തിയും അന്തസ്സുകെട്ടുനടക്കുന്നവരിൽനിന്ന്‌ എന്നും എപ്പോഴും വ്യത്യസ്‌തമായിരിക്കും. അന്തസ്സുറ്റ പെരുമാറ്റത്തിന്റെ ഉത്തമമാതൃകയായ യഹോവയാം ദൈവത്തിന്‌ അത്‌ കീർത്തിയേകും. മാത്രമല്ല സത്യാന്വേഷികളെ അത്‌ സത്യാരാധനയിലേക്ക്‌ ആകർഷിക്കുകയും ചെയ്യും.

[അടിക്കുറിപ്പ്‌]

^ ഖ. 6 ചില നാടുകളിൽ, തന്നെക്കാൾ പ്രായമുള്ളയാളെ (അവർ അനുവദിക്കാത്തപക്ഷം) പേരുവിളിക്കുന്നത്‌ മര്യാദകേടായി കരുതുന്നു. ഇത്തരം സാഹചര്യങ്ങളിൽ ക്രിസ്‌ത്യാനികൾ അങ്ങനെയുള്ള മര്യാദകൾ പാലിക്കാൻ ശ്രദ്ധിക്കും.

നിങ്ങൾ ഓർമിക്കുന്നുവോ?

• സത്‌പെരുമാറ്റത്തെക്കുറിച്ച്‌ യഹോവയിൽനിന്നും യേശുവിൽനിന്നും നാം എന്തു പഠിക്കുന്നു?

• ആളുകളെ ഹൃദ്യമായി അഭിവാദനം ചെയ്യുന്നത്‌ ക്രിസ്‌ത്യാനികളായ നമുക്ക്‌ സത്‌പേരുണ്ടാക്കുന്നത്‌ എങ്ങനെ?

• മാന്യമായി പെരുമാറുന്നത്‌ ശുശ്രൂഷയിലെ ഫലപ്രദത്വം വർധിപ്പിക്കുന്നത്‌ എങ്ങനെ?

• കുട്ടികളെ സദ്‌ശീലങ്ങൾ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ പങ്കെന്താണ്‌?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചതുരം]

 ഹൃദ്യമായ ഒരു പുഞ്ചിരിയോടെ തുടങ്ങാം

അപരിചിതരുമായി സംഭാഷണം ആരംഭിക്കാൻ പലരും വിമുഖത കാണിക്കും. എന്നാൽ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്‌നേഹത്താൽ പ്രേരിതരായി, ആളുകളോട്‌ സംസാരിക്കാൻ പഠിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ ശ്രമംചെയ്യുന്നു; ബൈബിൾ സത്യങ്ങൾ പങ്കുവെക്കുക എന്ന ലക്ഷ്യത്തിൽ. ഇക്കാര്യത്തിൽ പുരോഗതി വരുത്താൻ നിങ്ങൾക്കെങ്ങനെ സാധിക്കും?

ഫിലിപ്പിയർ 2:4-ൽ വളരെ മൂല്യവത്തായ ഒരു തത്ത്വം കണ്ടെത്താനാകും. അവിടെ നാം വായിക്കുന്നു: “നിങ്ങൾ ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്‌പര്യവുംകൂടെ നോക്കണം.” മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയോടുള്ള ബന്ധത്തിൽ ഈ വാക്കുകൾ എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുക. ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങൾ ഒരു അപരിചിതനാണല്ലോ? അപ്പോൾ, അദ്ദേഹത്തിനും നിങ്ങൾക്കുമിടയിൽ ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ എങ്ങനെ സാധിക്കും? ഹൃദ്യമായ പുഞ്ചിരിയോടുകൂടിയ ഒരഭിവാദനം ചിലപ്പോൾ ഫലംചെയ്‌തേക്കും. എന്നാൽ അതുകൊണ്ടു മാത്രമായില്ല, പരിഗണിക്കേണ്ട മറ്റു കാര്യങ്ങളുമുണ്ട്‌.

ഒരു വ്യക്തിയുമായി സംഭാഷണത്തിനു തുടക്കമിടാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ഒരുപക്ഷേ അദ്ദേഹത്തിന്റെ ചിന്തകളെ തടസ്സപ്പെടുത്തുന്നുണ്ടാകും. അതു പരിഗണിക്കാതെ നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ ചർച്ചചെയ്യാൻ ശ്രമിച്ചാൽ അദ്ദേഹത്തിന്റെ പ്രതികരണം അനുകൂലമായെന്നുവരില്ല. എന്നാൽ ആ വ്യക്തി എന്തിനെക്കുറിച്ചാണ്‌ ചിന്തിക്കുന്നതെന്ന്‌ മനസ്സിലാക്കാൻ സാധിച്ചാൽ അതുപയോഗിച്ച്‌ ഒരു സംഭാഷണം ആരംഭിക്കാൻ കഴിഞ്ഞേക്കും. കിണറ്റുകരയിൽവെച്ചുകണ്ട ശമര്യസ്‌ത്രീയുമായി സംഭാഷണം ആരംഭിച്ചപ്പോൾ യേശു ചെയ്‌തത്‌ അതാണ്‌. (യോഹ. 4:7-26) അവളുടെ ചിന്തമുഴുവനും വെള്ളം സംഭരിക്കുന്നതിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ യേശു അവളുമായി സംഭാഷണം ആരംഭിക്കുകയും ഒരു നല്ല ആത്മീയ ചർച്ചയായി അത്‌ രൂപപ്പെടുത്തുകയും ചെയ്‌തു.

[26-ാം പേജിലെ ചിത്രങ്ങൾ]

ആളുകളോട്‌ സൗഹൃദഭാവം ഉണ്ടായിരിക്കുന്നത്‌ ഒരു നല്ല സാക്ഷ്യം നൽകുന്നതിലേക്കു നയിച്ചേക്കും

[28-ാം പേജിലെ ചിത്രം]

അന്തസ്സോടെയുള്ള പെരുമാറ്റം എന്നും എപ്പോഴും ഉചിതമാണ്‌