വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ പ്രാർഥനകൾ നിങ്ങളെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

നിങ്ങളുടെ പ്രാർഥനകൾ നിങ്ങളെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

നിങ്ങളുടെ പ്രാർഥനകൾ നിങ്ങളെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

“പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.”— സങ്കീ. 65:2.

1, 2. യഹോവ കേൾക്കുമെന്ന ഉറപ്പോടെ ദൈവദാസർക്ക്‌ പ്രാർഥിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

പ്രാർഥന കേൾക്കുന്നവനാണ്‌ യഹോവ. തന്റെ വിശ്വസ്‌തദാസന്മാരുടെ അപേക്ഷകൾ അവൻ ഒരിക്കലും അവഗണിച്ചുകളയുകയില്ല. ലക്ഷോപലക്ഷംവരുന്ന ദൈവജനം ഒരേസമയം പ്രാർഥിച്ചാൽപ്പോലും അവർക്കാർക്കും ഒരിക്കലും ഒരു ‘എൻഗേജ്‌ഡ്‌ ടോൺ’ കേൾക്കേണ്ടിവരില്ല.

2 തന്റെ അഭയയാചനകൾ ദൈവം കേൾക്കുമെന്ന ഉറച്ചവിശ്വാസമുണ്ടായിരുന്നു ദാവീദിന്‌. അവൻ ഇങ്ങനെ എഴുതി: “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.” (സങ്കീ. 65:2) യഹോവ ദാവീദിന്റെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകിയത്‌ അവൻ യഹോവയുടെ ഒരു വിശ്വസ്‌ത ആരാധകനായിരുന്നതുകൊണ്ടാണ്‌. അതുകൊണ്ട്‌ നാം ഇങ്ങനെ ചോദിക്കുന്നത്‌ ഉചിതമായിരിക്കില്ലേ: ‘ഞാൻ യഹോവയിൽ ആശ്രയിക്കുന്നുവെന്നും സത്യാരാധനയ്‌ക്ക്‌ എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം ഉണ്ടെന്നും തെളിവുനൽകുന്നവയാണോ എന്റെ പ്രാർഥനകൾ? എന്നെക്കുറിച്ച്‌ എന്റെ പ്രാർഥനകൾ എന്താണ്‌ വെളിപ്പെടുത്തുന്നത്‌?’

താഴ്‌മയോടെ ദൈവമുമ്പാകെ ചെല്ലുക

3, 4. (എ) എന്തു മനോഭാവത്തോടെ ആയിരിക്കണം നാം ദൈവത്തോട്‌ പ്രാർഥിക്കേണ്ടത്‌? (ബി) ഗുരുതരമായ പാപത്തെക്കുറിച്ചുള്ള ചിന്ത നമ്മെ ഭാരപ്പെടുത്തുന്നെങ്കിൽ നാം എന്തുചെയ്യണം?

3 താഴ്‌മയോടെ പ്രാർഥിച്ചെങ്കിൽ മാത്രമേ നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കൂ. (സങ്കീ. 138:6) ദാവീദിനെപ്പോലെ, നമ്മെ ശോധനചെയ്യാൻ നാം യഹോവയോട്‌ അപേക്ഷിക്കേണ്ടതുണ്ട്‌. അവൻ ഇപ്രകാരം പ്രാർഥിച്ചു: “ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ. വ്യസനത്തിന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തേണമേ.” (സങ്കീ. 139:23, 24) അതുകൊണ്ട്‌ പ്രാർഥിക്കുന്നതോടൊപ്പം അവൻ നമ്മെ ശോധന ചെയ്യുമ്പോൾ അതിനു വിധേയരാകാനും ദൈവവചനത്തിലെ ബുദ്ധിയുപദേശങ്ങൾക്ക്‌ ചെവികൊടുക്കാനും നാം മനസ്സൊരുക്കം കാണിക്കണം. നിത്യജീവനിലേക്കു നയിക്കുന്ന “ശാശ്വതമാർഗ്ഗത്തിൽ” നമ്മെ നടത്താൻ യഹോവയ്‌ക്കു കഴിയും എന്നോർക്കുക.

4 ചെയ്‌തുപോയ ഗുരുതരമായ ഒരു പാപത്തെക്കുറിച്ചുള്ള ചിന്ത നമ്മെ അങ്ങേയറ്റം അലട്ടിക്കൊണ്ടിരിക്കുന്നെങ്കിലോ? (സങ്കീർത്തനം 32:1-5 വായിക്കുക.) സദാ ആ കുറ്റബോധവുംപേറി ജീവിക്കുന്നത്‌ നമ്മുടെ ആരോഗ്യവും ഓജസ്സുമെല്ലാം ചോർത്തിക്കളഞ്ഞേക്കാം—വേനലിലെ കൊടുഞ്ചൂട്‌ ഒരു ചെടിയുടെ ജലാംശം വറ്റിച്ചുകളയുന്നതുപോലെ. പാപം ചെയ്‌തു കഴിഞ്ഞപ്പോൾ ദാവീദിന്റെ സന്തോഷമെല്ലാം നഷ്ടമാകുകയും ഒരുപക്ഷേ കടുത്ത മനോവ്യഥയാൽ അവൻ തീർത്തും അവശനാകുകയും ചെയ്‌തിരിക്കാം. എന്നാൽ യഹോവയുടെ മുമ്പാകെ പാപഭാരം ഇറക്കിവെച്ചപ്പോൾ അവന്‌ എത്ര ആശ്വാസം തോന്നിയിരിക്കണം! ‘തന്റെ ലംഘനം യഹോവ ക്ഷമിച്ചുവെന്ന്‌’ ദാവീദിനു മനസ്സിലായപ്പോൾ അവനുതോന്നിയ സന്തോഷത്തെക്കുറിച്ചൊന്നു ചിന്തിക്കുക. ദൈവത്തോട്‌ തെറ്റ്‌ ഏറ്റുപറയുമ്പോൾ ഒരു വ്യക്തിക്ക്‌ മനസ്സമാധാനവും ആശ്വാസവും ലഭിക്കും. അതോടൊപ്പം, ക്രിസ്‌തീയ മൂപ്പന്മാരുടെ സഹായവുംകൂടിയാകുമ്പോൾ ആത്മീയ ആരോഗ്യം വീണ്ടെടുക്കാൻ അയാൾക്കു കഴിയും.—സദൃ. 28:13; യാക്കോ. 5:13-16.

ദൈവത്തോടു യാചിക്കുക, അവനു നന്ദി നൽകുക

5. പ്രതിസന്ധിഘട്ടങ്ങളിൽ നാം എന്തുചെയ്യണം?

5 നിത്യജീവിതത്തിൽ പലവിധ ഉത്‌കണ്‌ഠകൾ നമ്മെ വരിഞ്ഞുമുറുക്കിയേക്കാം. ആ സാഹചര്യങ്ങളിൽ പൗലോസിന്റെ പിൻവരുന്ന വാക്കുകൾ മനസ്സിൽപ്പിടിക്കുക: “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.” (ഫിലി. 4:6) ആപത്തോ പീഡനങ്ങളോ നേരിടുമ്പോൾ നാം യഹോവയുടെ സഹായത്തിനും വഴിനടത്തിപ്പിനുമായി പ്രത്യേകാൽ യാചിക്കേണ്ടതല്ലേ?

6, 7. ദൈവത്തിനു നന്ദി പറയാൻ നമുക്ക്‌ എന്തെല്ലാം കാരണങ്ങളുണ്ട്‌?

6 എന്നാൽ, ആവശ്യങ്ങളുടെ ഒരു പട്ടികമാത്രമാണ്‌ നമ്മുടെ പ്രാർഥനയെങ്കിൽ അത്‌ നമ്മെക്കുറിച്ച്‌ എന്തായിരിക്കും വെളിപ്പെടുത്തുക? നമ്മുടെ ആവശ്യങ്ങൾ അറിയിക്കുന്നതോടൊപ്പം നാം ദൈവത്തിന്‌ ‘കൃതജ്ഞതാസ്‌തോത്രങ്ങളും’ അർപ്പിക്കേണ്ടതുണ്ടെന്ന്‌ പൗലോസ്‌ പറഞ്ഞു. ദാവീദ്‌ അതാണു ചെയ്‌തത്‌. അവൻ യഹോവയെ വാഴ്‌ത്തിപ്പാടി: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു . . . ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്‌തോത്രം ചെയ്‌തു നിന്റെ മഹത്വമുള്ള നാമത്തെ സ്‌തുതിക്കുന്നു.” ഇങ്ങനെ യഹോവയെ സ്‌തുതിക്കാൻ നമുക്കുമില്ലേ കാരണങ്ങൾ?—1 ദിന. 29:11-13.

7 സന്ധ്യാഭക്ഷണവേളയിലും മറ്റു സന്ദർഭങ്ങളിലും യേശു ഭക്ഷണപാനീയങ്ങൾക്കായി ദൈവത്തിന്‌ നന്ദിപറഞ്ഞതായി നാം ബൈബിളിൽ വായിക്കുന്നു. (മത്താ. 15:36; മർക്കോ. 14:22, 23) ഇതുപോലുള്ള കാര്യങ്ങൾക്ക്‌ നന്ദി പറയുന്നതിനുപുറമേ, നാം യഹോവയുടെ ‘നീതിയുള്ള ന്യായവിധികൾ ഹേതുവായും’ “മനുഷ്യപുത്രന്മാരിൽ [അവൻ] ചെയ്‌ത അത്ഭുതങ്ങളെ ചൊല്ലിയും” അവൻ ബൈബിളിലൂടെ നൽകിയിരിക്കുന്ന അരുളപ്പാടുകൾക്കായും നന്ദിയും സ്‌തുതിയും അർപ്പിക്കേണ്ടതുണ്ട്‌.—സങ്കീ. 107:15; 119:62, 105.

മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുക

8, 9. സഹവിശ്വാസികൾക്കുവേണ്ടി നാം പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

8 നമുക്കുവേണ്ടി നാം സ്വാഭാവികമായും പ്രാർഥിക്കും. എന്നാൽ അതുപോരാ, നാം മറ്റുള്ളവർക്കുവേണ്ടിയും പ്രാർഥിക്കേണ്ടതുണ്ട്‌. ഒരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്‌തിട്ടില്ലാത്ത നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിപ്പോലും നാം പ്രാർഥിക്കണം. സാധ്യതയനുസരിച്ച്‌, കൊലോസ്യയിലെ ക്രിസ്‌ത്യാനികളിൽ എല്ലാവരെയുമൊന്നും പൗലോസിന്‌ വ്യക്തിപരമായി അറിയില്ലായിരുന്നു. എങ്കിലും അവൻ എഴുതി: “നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴെല്ലാം നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തിനു ഞങ്ങൾ നന്ദിയർപ്പിക്കുന്നു; എന്തെന്നാൽ സ്വർഗത്തിൽ നിങ്ങൾക്കായി കരുതിയിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്‌തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്‌നേഹത്തെയുംകുറിച്ച്‌ ഞങ്ങൾ കേട്ടിരിക്കുന്നു.” (കൊലോ. 1:3, 4) തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾക്കുവേണ്ടിയും പൗലോസ്‌ പ്രാർഥിച്ചു. (2 തെസ്സ. 1:11, 12) നമ്മെക്കുറിച്ചും സഹോദരങ്ങളോടുള്ള നമ്മുടെ വീക്ഷണത്തെക്കുറിച്ചും ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തുന്നവയാണ്‌ ഇത്തരം പ്രാർഥനകൾ.

9 അഭിഷിക്ത ക്രിസ്‌ത്യാനികൾക്കുവേണ്ടിയും ‘വേറെ ആടുകളായ’ അവരുടെ സഹകാരികൾക്കുവേണ്ടിയും പ്രാർഥിക്കുമ്പോൾ ദൈവത്തിന്റെ സംഘടനയോടുള്ള നമ്മുടെ താത്‌പര്യമാണ്‌ നാം പ്രകടിപ്പിക്കുന്നത്‌. (യോഹ. 10:16) ‘സുവിശേഷത്തിന്റെ പാവനരഹസ്യം നിർഭയം ഘോഷിക്കാൻ തനിക്കു വാക്കുകൾ ലഭിക്കേണ്ടതിന്‌ തനിക്കുവേണ്ടി പ്രാർഥിക്കാൻ’ പൗലോസ്‌ സഹവിശ്വാസികളോട്‌ ആവശ്യപ്പെടുകയുണ്ടായി. (എഫെ. 6:17-20) സ്വകാര്യ പ്രാർഥനകളിൽ നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ഈ വിധത്തിൽ നാം പ്രാർഥിക്കാറുണ്ടോ?

10. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത്‌ നമ്മിൽ എന്തു ഫലമുളവാക്കിയേക്കാം?

10 മറ്റുള്ളവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾ അവരോടുള്ള നമ്മുടെ മനോഭാവത്തിന്‌ മാറ്റംവരുത്തിയേക്കാം. സഭയിൽ നമുക്ക്‌ അത്ര അടുപ്പംതോന്നാത്ത ഒരാൾക്കുവേണ്ടി പ്രാർഥിച്ചതിനുശേഷം, ആ വ്യക്തിയോടുള്ള ഇഷ്ടക്കേട്‌ പിന്നെയും മനസ്സിൽ വെച്ചുകൊണ്ടിരിക്കാൻ നമുക്കു കഴിയുമോ? (1 യോഹ. 4:20, 21) ഇത്തരത്തിലുള്ള പ്രാർഥനകൾ നമ്മുടെ ക്രിസ്‌തീയ സാഹോദര്യവും ഐക്യവും ശക്തിപ്പെടുത്തും. ക്രിസ്‌തുവിനുണ്ടായിരുന്നതുപോലുള്ള സ്‌നേഹം നമുക്കും ഉണ്ടെന്നുള്ളതിന്റെ തെളിവുകൂടിയായിരിക്കും അത്‌. (യോഹ. 13:34, 35) ദൈവാത്മാവിന്റെ ഫലത്തിന്റെ ഭാഗമാണ്‌ സ്‌നേഹം. പരിശുദ്ധാത്മാവിനായി നാമോരോരുത്തരും അപേക്ഷിക്കാറുണ്ടോ? ആത്മാവിന്റെ ഫലമായ “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവ പ്രകടമാക്കാനുള്ള സഹായത്തിനായി നാം യഹോവയോട്‌ പ്രാർഥിക്കാറുണ്ടോ? (ലൂക്കോ. 11:13; ഗലാ. 5:22, 23) അങ്ങനെയെങ്കിൽ നാം ആത്മാവിനാൽ ജീവിക്കുകയും ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്യുന്നവരാണെന്ന്‌ നമ്മുടെ വാക്കും പ്രവൃത്തിയും തെളിയിക്കും.—ഗലാത്യർ 5:16, 25 വായിക്കുക.

11. നമുക്കുവേണ്ടി പ്രാർഥിക്കാൻ മറ്റുള്ളവരോട്‌ ആവശ്യപ്പെടുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 പരീക്ഷയിൽ കോപ്പിയടിക്കാനുള്ള പ്രലോഭനം നമ്മുടെ കുട്ടികൾക്കുണ്ടെന്ന്‌ അറിയുന്നെങ്കിൽ, നാം അവർക്കുവേണ്ടി പ്രാർഥിക്കുകയും ആവശ്യമായ തിരുവെഴുത്തുസഹായം നൽകുകയും വേണം. അപ്പോൾ, സത്യസന്ധരായിരിക്കാനും അരുതാത്തത്‌ ചെയ്യാതിരിക്കാനും നാം അവരെ സഹായിക്കുകയായിരിക്കും. “നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു” എന്ന്‌ പൗലോസ്‌ കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതി. (2 കൊരി. 13:7) താഴ്‌മയോടെയുള്ള ഇത്തരം പ്രാർഥനകളിൽ യഹോവ പ്രസാദിക്കും, നമ്മുടെ ആ നല്ല ആന്തരം അവനിൽ മതിപ്പുളവാക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 15:8 വായിക്കുക.) ഇനി, നമുക്കുവേണ്ടി പ്രാർഥിക്കാൻ മറ്റുള്ളവരോട്‌ നമുക്ക്‌ ആവശ്യപ്പെടാനാകും. ഉദാഹരണത്തിന്‌ പൗലോസ്‌ എഴുതി: “ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുവിൻ. സകലത്തിലും സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞങ്ങളുടേത്‌ ഒരു ശുദ്ധമനസ്സാക്ഷിയാണ്‌ എന്ന ബോധ്യം ഞങ്ങൾക്കുണ്ട്‌.”—എബ്രാ. 13:18.

നമ്മുടെ പ്രാർഥനകൾ നമ്മെക്കുറിച്ച്‌ വെളിപ്പെടുത്തുന്ന മറ്റു ചിലകാര്യങ്ങൾ

12. നമ്മുടെ പ്രാർഥനയിൽ ഉൾപ്പെടുത്തേണ്ട സുപ്രധാന വിഷയങ്ങളേവ?

12 നാം യഹോവയുടെ സന്തുഷ്ടരും തീക്ഷ്‌ണരുമായ സാക്ഷികളാണെന്ന്‌ നമ്മുടെ പ്രാർഥനകൾ വ്യക്തമാക്കുന്നുണ്ടോ? നമ്മുടെ യാചനകളും അപേക്ഷകളുമെല്ലാം മുഖ്യമായും ദൈവോദ്ദേശ്യത്തെ ചുറ്റിപ്പറ്റിയുള്ളതാണോ? രാജ്യപ്രസംഗവേലയുടെ അഭിവൃദ്ധിക്കുവേണ്ടിയും യഹോവയുടെ പരമാധികാരത്തിന്റെ ന്യായയുക്തത തെളിയിക്കപ്പെട്ടുകാണാനും അവന്റെ നാമവിശുദ്ധീകരണത്തിനായും നാം പ്രാർഥിക്കാറുണ്ടോ? നമ്മുടെ പ്രാർഥനയിൽ ഉൾപ്പെടുത്തേണ്ട അതിപ്രധാന വിഷയങ്ങളാണിവ. യേശു പഠിപ്പിച്ച മാതൃകാപ്രാർഥനയിലെ പ്രാരംഭവാക്കുകൾ അതാണ്‌ വ്യക്തമാക്കുന്നത്‌: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്താ. 6:9, 10.

13, 14. നമ്മുടെ പ്രാർഥനകൾ നമ്മെക്കുറിച്ച്‌ എന്ത്‌ വെളിപ്പെടുത്തുന്നു?

13 നമ്മുടെ പ്രാർഥനകൾക്ക്‌ നമ്മുടെ ലക്ഷ്യങ്ങൾ, താത്‌പര്യങ്ങൾ, ആഗ്രഹങ്ങൾ എന്നിവ പുറത്തുകൊണ്ടുവരാനാകും. ഉള്ളിന്റെയുള്ളിൽ നാം ഏതുതരത്തിലുള്ള വ്യക്തികളാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. “വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.” (സദൃ. 17:3) അതെ, നമ്മുടെ ഹൃദയം വായിക്കാൻ യഹോവയ്‌ക്കു കഴിയും. (1 ശമൂ. 16:7) സഭായോഗങ്ങളോടും ശുശ്രൂഷയോടും സഹോദരീസഹോദരന്മാരോടുമുള്ള നമ്മുടെ മനോഭാവം എന്താണെന്നും ക്രിസ്‌തുവിന്റെ ‘സഹോദരന്മാരെ’ നാം എങ്ങനെയാണ്‌ കാണുന്നതെന്നും ഹൃദയം വായിക്കുന്ന യഹോവയ്‌ക്ക്‌ അറിയാനാകും. (മത്താ. 25:40) ആത്മാർഥമായി ആഗ്രഹിക്കുന്ന കാര്യങ്ങൾക്കുവേണ്ടിയാണോ നാം പ്രാർഥിക്കുന്നത്‌ അതോ ഒരു ചടങ്ങുപോലെ എന്തെങ്കിലുമൊക്കെ പറഞ്ഞുതീർക്കുകയാണോ എന്നും യഹോവയ്‌ക്ക്‌ മനസ്സിലാകും. യേശു പറഞ്ഞു: “പ്രാർഥിക്കുമ്പോൾ, വിജാതീയർ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾതന്നെ ഉരുവിടരുത്‌. അതിഭാഷണത്താൽ തങ്ങളുടെ പ്രാർഥന കേൾക്കപ്പെടുമെന്നല്ലോ അവർ കരുതുന്നത്‌.”—മത്താ. 6:7.

14 നാം ദൈവത്തിൽ എത്രത്തോളം ആശ്രയിക്കുന്നു എന്നതിന്റെയുംകൂടി തെളിവാണ്‌ നമ്മുടെ പ്രാർഥനകൾ. ദാവീദിന്റെ പ്രാർഥന ശ്രദ്ധിക്കുക: “[യഹോവേ] നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെനേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ. ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻമറവിൽ ഞാൻ ശരണംപ്രാപിക്കും.” (സങ്കീ. 61:3, 4) യഹോവ ‘തന്റെ കൂടാരത്തിൽ നമുക്ക്‌ അഭയം നൽകുമ്പോൾ’ നാം സുരക്ഷിതത്വവും അവന്റെ കരുതലും അനുഭവിച്ചറിയും. (വെളി. 7:15) വിശ്വാസത്തിന്റെ ഏതു പരിശോധനകൾ നേരിടുമ്പോഴും യഹോവ ‘നമ്മുടെ പക്ഷത്തുണ്ട്‌’ എന്ന ഉറപ്പോടെ പ്രാർഥനയിൽ യഹോവയോട്‌ അടുത്തുചെല്ലുന്നത്‌ എത്രമാത്രം ആശ്വാസമാണ്‌ നമുക്കു നൽകുക!—സങ്കീർത്തനം 118:5-9 വായിക്കുക.

15, 16. സേവനപദവികളിൽ എത്തിച്ചേരാനുള്ള ആഗ്രഹം സംബന്ധിച്ച്‌ നമ്മുടെ പ്രാർഥന എന്തു വെളിപ്പെടുത്തും?

15 ഇനി, നമ്മുടെ ആഗ്രഹങ്ങൾക്കു പിന്നിലുള്ള ആന്തരം എന്താണെന്ന്‌ തിരിച്ചറിയാൻ സത്യസന്ധമായ പ്രാർഥനകൾ നമ്മെ സഹായിക്കും. ഉദാഹരണത്തിന്‌, നമ്മിലാരെങ്കിലും മേൽവിചാരകസ്ഥാനത്ത്‌ സേവിക്കാൻ താത്‌പര്യപ്പെടുന്നെങ്കിൽ, അത്‌ സഭയെ സഹായിക്കാനുള്ള മനസ്ഥിതികൊണ്ടും രാജ്യതാത്‌പര്യങ്ങളുടെ അഭിവൃദ്ധിക്കായി പ്രവർത്തിക്കാനുള്ള ആഗ്രഹംകൊണ്ടുമാണോ? അതോ, ‘ഒന്നാമനാകാനോ’ മറ്റുള്ളവരുടെമേൽ ‘അധികാരം പ്രയോഗിക്കാനോ’ ഉള്ള ആഗ്രഹമാണോ അതിനുപിന്നിൽ? യഹോവയുടെ ജനത്തിനുചേർന്ന കാര്യങ്ങളല്ല ഇവ. (3 യോഹന്നാൻ 9, 10; ലൂക്കോസ്‌ 22:24-27 വായിക്കുക.) അനുചിതമായ എന്തെങ്കിലും നമ്മുടെ മനസ്സിലുണ്ടെങ്കിൽ അവ പുറത്തുകൊണ്ടുവരാൻ സത്യസന്ധമായ പ്രാർഥനകൾക്കു സാധിക്കും. അവ വേരുറയ്‌ക്കുന്നതിനുമുമ്പ്‌ പിഴുതെറിയാനും അത്തരം പ്രാർഥനകൾ നമ്മെ സഹായിക്കും.

16 ഭർത്താക്കന്മാർ ശുശ്രൂഷാദാസന്മാരോ മേൽവിചാരകന്മാരോ ആയി സേവിച്ചുകാണാനുള്ള ആഗ്രഹം ക്രിസ്‌തീയ ഭാര്യമാർക്ക്‌ ഉണ്ടായിരിക്കാം, അതിനായി അവർ പ്രാർഥിക്കുന്നുമുണ്ടാകാം. എന്നാൽ അതോടൊപ്പം നല്ല മാതൃകവെക്കാനും ഈ സഹോദരിമാർ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇതു പ്രധാനമാണ്‌, കാരണം ഒരു സഹോദരന്റെ കുടുംബാംഗങ്ങളുടെ സംസാരവും പ്രവൃത്തിയും സഭ അദ്ദേഹത്തെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കും.

മറ്റുള്ളവരെ പ്രതിനിധീകരിച്ച്‌ പ്രാർഥിക്കുമ്പോൾ

17. സ്വകാര്യ പ്രാർഥനകൾക്ക്‌ ഏകാന്തമായ ചുറ്റുപാടുകൾ അഭികാമ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 യേശു പലപ്പോഴും ജനക്കൂട്ടത്തിൽനിന്നൊഴിഞ്ഞ്‌ ഒറ്റയ്‌ക്കു മാറിപ്പോയി തന്റെ പിതാവിനോടു പ്രാർഥിക്കുമായിരുന്നു. (മത്താ. 14:13; ലൂക്കോ. 5:16; 6:12) നമുക്കും അങ്ങനെ തനിച്ചിരുന്നു പ്രാർഥിക്കേണ്ട ചില സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്‌. ശാന്തമായ ചുറ്റുപാടുകളിൽ സ്വസ്ഥമായിരുന്നു പ്രാർഥിച്ച്‌ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും യഹോവയ്‌ക്ക്‌ പ്രസാദകരവും നമ്മുടെ ആത്മീയ ജീവിതത്തിനും ലക്ഷ്യങ്ങൾക്കും അനുയോജ്യവും ആയിരിക്കും. എന്നാൽ യേശു പരസ്യമായും പ്രാർഥിച്ചു. പരസ്യ പ്രാർഥനകൾ ഏറ്റവും ഉചിതമായി എങ്ങനെ നിർവഹിക്കാമെന്ന്‌ നമുക്കു നോക്കാം.

18. ഒരു കൂട്ടത്തെ പ്രതിനിധീകരിച്ചു പ്രാർഥിക്കുമ്പോൾ സഹോദരന്മാർ ഏതെല്ലാം കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?

18 നമ്മുടെ യോഗങ്ങളിൽ വിശ്വസ്‌തരായ പുരുഷന്മാർ നമ്മെ പ്രതിനിധീകരിച്ചു പ്രാർഥിക്കാറുണ്ട്‌. (1 തിമൊ. 2:8) ഈ പ്രാർഥനകളുടെ ഒടുവിൽ “അങ്ങനെതന്നെ ആയിരിക്കട്ടെ” എന്നർഥമുള്ള “ആമേൻ” എന്നു പറയാൻ സഹവിശ്വാസികൾക്കു കഴിയണം. പ്രാർഥനയിൽ ആ സഹോദരൻ പറഞ്ഞ കാര്യങ്ങളോട്‌ അവർക്ക്‌ യോജിക്കാൻ കഴിയുന്നെങ്കിലല്ലേ അതു സാധിക്കൂ! യേശുവിന്റെ പ്രാർഥന നോക്കുക, അതിൽ കേൾവിക്കാരെ അമ്പരപ്പിക്കുന്നതോ അവരിൽ അസ്വസ്ഥതയുളവാക്കുന്നതോ ആയ യാതൊന്നുമില്ലായിരുന്നു. (ലൂക്കോ. 11:2-4) മാത്രമല്ല, അവിടെയുണ്ടായിരുന്ന ഓരോരുത്തരുടെയും പ്രശ്‌നങ്ങളും ആകുലതകളും വിശദീകരിച്ച്‌ അവൻ പ്രാർഥിച്ചുമില്ല. (ലൂക്കോ. 11:2-4) ഓരോരുത്തരുടെയും വ്യക്തിപരമായ ആവശ്യങ്ങളുംമറ്റും പരസ്യ പ്രാർഥനയിൽ ഉൾപ്പെടുത്തുന്നത്‌ ഉചിതമായിരിക്കില്ല, അതിന്‌ അനുയോജ്യമായ അവസരം സ്വകാര്യ പ്രാർഥനയാണ്‌. അതുപോലെ, ഒരു കൂട്ടത്തെ പ്രതിനിധീകരിച്ചു പ്രാർഥിക്കുമ്പോൾ രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ പ്രാർഥനയിലൂടെ വെളിപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക.

19. പരസ്യ പ്രാർഥനയുടെ സമയത്ത്‌ നാം എങ്ങനെ പെരുമാറണം?

19 പരസ്യ പ്രാർഥനയുടെ സമയത്ത്‌, സന്നിഹിതരായിരിക്കുന്നവർ ‘ദൈവഭയത്തോടും’ ആദരവോടുംകൂടെ പെരുമാറേണ്ടതുണ്ട്‌. (1 പത്രോ. 2:17) ക്രിസ്‌തീയ യോഗങ്ങളിലായിരിക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്യുന്നത്‌ അനുചിതമായിരിക്കും, ഓരോ കാര്യങ്ങൾക്കും അതാതിന്റെ സമയവും സന്ദർഭവുമുണ്ടല്ലോ. (സഭാ. 3:1) ഉദാഹരണത്തിന്‌, പ്രാർഥിക്കുന്ന സമയത്ത്‌ എല്ലാവരും കൈ കോർത്തുപിടിക്കണമെന്ന്‌ ആരെങ്കിലും നിർദേശിക്കുന്നെങ്കിലെന്ത്‌? ഇത്‌ സഭായോഗത്തിന്‌ പുതുതായി വന്നിരിക്കുന്നവരുൾപ്പെടെ ചിലരെ അസ്വസ്ഥരാക്കുകയും അവരുടെ ശ്രദ്ധപതറിക്കുകയും ചെയ്‌തേക്കാം. ചില ദമ്പതികൾ വളരെ വിവേചനയോടെ കൈചേർത്തുപിടിക്കാറുണ്ട്‌. എന്നാൽ പരസ്യ പ്രാർഥനയുടെ സമയത്ത്‌ ദമ്പതികൾ പരസ്‌പരം ആശ്ലേഷിച്ചുനിൽക്കുന്നത്‌ യദൃച്ഛയാ ആരെങ്കിലും കണ്ടാൽ അത്‌ അവരെ അസ്വസ്ഥരാക്കിയേക്കാം. ഭക്ത്യാദരവോടെ നിൽക്കേണ്ട ആ സമയത്ത്‌ ദമ്പതികൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്‌ ശരിയാണോ എന്ന്‌ കാണുന്നവർ ചിന്തിക്കാനിടയുണ്ട്‌. അതുകൊണ്ട്‌ യഹോവയോടുള്ള അഗാധമായ ആദരവു കാണിച്ചുകൊണ്ട്‌ നമുക്ക്‌ “സകലവും ദൈവത്തിന്റെ മഹത്ത്വത്തിനായി” ചെയ്യാം. മറ്റുള്ളവരുടെ ശ്രദ്ധപതറിക്കുകയോ അമ്പരപ്പിക്കുകയോ ഇടറിക്കുകയോ ചെയ്യുന്ന ഏതൊരു പെരുമാറ്റരീതിയും നമുക്ക്‌ ഒഴിവാക്കാം.—1 കൊരി. 10:31, 32; 2 കൊരി. 6:3.

എന്തിനുവേണ്ടി പ്രാർഥിക്കണം?

20. റോമർ 8:26, 27 നിങ്ങൾ എങ്ങനെ വിശദീകരിക്കും?

20 നമ്മുടെ സ്വകാര്യ പ്രാർഥനകളിൽ ചിലപ്പോഴൊക്കെ എന്താണ്‌ പ്രാർഥിക്കേണ്ടതെന്നുപോലും അറിയില്ലാത്ത ഒരു അവസ്ഥ ഉണ്ടായിട്ടില്ലേ? “വേണ്ടവിധം പ്രാർഥിക്കേണ്ടത്‌ എങ്ങനെയെന്ന്‌ അറിഞ്ഞുകൂടാത്തപ്പോൾ നമുക്കുവേണ്ടി, നമ്മുടെ ഉച്ചരിക്കാനാകാത്ത ഞരക്കങ്ങൾക്കായി, [പരിശുദ്ധാത്മാവുതന്നെ] . . . യാചന കഴിക്കുന്നു. ആത്മാവു സംസാരിക്കുന്നതിന്റെ അർഥം ഇന്നതെന്ന്‌ ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.” (റോമ. 8:26, 27) തിരുവെഴുത്തുകൾ എഴുതിയ സമയത്ത്‌ അനേകം പ്രാർഥനകൾ തന്റെ വചനത്തിൽ രേഖപ്പെടുത്തിവെക്കാൻ യഹോവ ഇടയാക്കി. നിശ്വസ്‌തതയിൽ എഴുതപ്പെട്ട ഈ അപേക്ഷകളെ നമ്മുടെ അർഥനകളായിത്തന്നെ യഹോവ വീക്ഷിക്കുന്നു, അവയ്‌ക്ക്‌ അവൻ ഉത്തരമരുളുകയും ചെയ്യുന്നു. യഹോവയ്‌ക്ക്‌ നമ്മെ അറിയാം, അതുപോലെ താൻ നിശ്വസ്‌തതയിൽ എഴുതിച്ച പ്രാർഥനകളുടെ അർഥവും അവനറിയാം. പരിശുദ്ധാത്മാവ്‌ നമുക്കുവേണ്ടി ‘യാചന കഴിക്കുമ്പോൾ’ അവൻ അത്‌ നമ്മുടേതായി കണക്കിലെടുത്ത്‌ നമുക്ക്‌ ഉത്തരം നൽകുന്നു. എന്നാൽ നാം ദൈവവചനവുമായി അധികമധികം പരിചിതരാകുമ്പോൾ എന്താണു പ്രാർഥിക്കേണ്ടത്‌ എന്നതു സംബന്ധിച്ച്‌ നമുക്ക്‌ നല്ല ഗ്രാഹ്യം ലഭിക്കും.

21. അടുത്തലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

21 നാം കണ്ടതുപോലെ നമ്മുടെ പ്രാർഥനകൾ നമ്മെ സംബന്ധിച്ച്‌ പലതും വെളിപ്പെടുത്തും. ഉദാഹരണത്തിന്‌, യഹോവയോടു നാം എത്രമാത്രം അടുത്തുചെന്നിട്ടുണ്ട്‌ എന്നും അവനെ നമുക്ക്‌ എത്ര നന്നായി അറിയാമെന്നും നമ്മുടെ പ്രാർഥനകൾ വ്യക്തമാക്കും. (യാക്കോ. 4:8) ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ചില പ്രാർഥനകളെക്കുറിച്ച്‌ നാം അടുത്തലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും. ആ തിരുവെഴുത്തുഭാഗങ്ങളുടെ പരിചിന്തനത്തിന്‌ നമ്മുടെ പ്രാർഥനകളെ സമ്പുഷ്ടമാക്കാൻ സാധിക്കും.

ഉത്തരം പറയാമോ?

• യഹോവയോട്‌ പ്രാർഥിക്കുമ്പോൾ നമ്മുടെ മനോഭാവം എന്തായിരിക്കണം?

• സഹവിശ്വാസികൾക്കുവേണ്ടി നാം പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• നമ്മുടെ പ്രാർഥനകൾ നമ്മെയും നമ്മുടെ ആന്തരത്തെയും കുറിച്ച്‌ എന്തെല്ലാം വെളിപ്പെടുത്തും?

• പരസ്യ പ്രാർഥനകളുടെ സമയത്ത്‌ നാം എങ്ങനെ പെരുമാറണം?

[അധ്യയന ചോദ്യങ്ങൾ]

[4-ാം പേജിലെ ചിത്രം]

നിങ്ങൾ പതിവായി യഹോവയ്‌ക്ക്‌ നന്ദിയും സ്‌തുതിയും അർപ്പിക്കാറുണ്ടോ?

[6-ാം പേജിലെ ചിത്രം]

പരസ്യ പ്രാർഥനയുടെ സമയത്തെ നമ്മുടെ പെരുമാറ്റം എല്ലായ്‌പോഴും യഹോവയെ മഹത്ത്വപ്പെടുത്തുന്നതായിരിക്കണം