വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ക്രിസ്‌തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നടക്കുന്ന പ്രസംഗങ്ങൾ ആംഗ്യഭാഷയിൽ വ്യാഖ്യാനിക്കുന്ന ഒരു സഹോദരി ശിരോവസ്‌ത്രം ധരിക്കേണ്ടതുണ്ടോ?

ഭർത്താവോ സഭയിലെ ഒരു സഹോദരനോ നിർവഹിക്കേണ്ടതായ ഒരു ഉത്തരവാദിത്വം കൈകാര്യം ചെയ്യേണ്ടിവരുമ്പോഴാണ്‌ സാധാരണഗതിയിൽ ഒരു ക്രിസ്‌തീയ സഹോദരി ശിരോവസ്‌ത്രം ധരിക്കാറുള്ളത്‌. പിൻവരുന്ന വാക്യത്തിൽ പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞ തത്ത്വത്തിനു ചേർച്ചയിലാണിത്‌: “സ്‌ത്രീയുടെ ശിരസ്സ്‌ പുരുഷൻ” ആയതുകൊണ്ട്‌ “ശിരസ്സു മൂടാതെ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്‌ത്രീയും തന്റെ ശിരസ്സിനെ അപമാനിക്കുന്നു.” (1 കൊരി. 11:3-10) ഇത്തരം സാഹചര്യങ്ങളിൽ ഒരു സഹോദരി ഉചിതമായ ശിരോവസ്‌ത്രം ധരിക്കുന്നത്‌, താൻ ക്രിസ്‌തീയ സഭയിലെ ദിവ്യാധിപത്യ ക്രമീകരണത്തോട്‌ കീഴ്‌പെടുന്നു എന്നതിന്റെ അടയാളമാണ്‌.—1 തിമൊ. 2:11, 12. *

ഒരു സഹോദരൻ നടത്തുന്ന പ്രസംഗം ആംഗ്യഭാഷയിൽ വ്യാഖ്യാനിക്കുന്ന സഹോദരി ശിരോവസ്‌ത്രം ധരിക്കേണ്ടതുണ്ടോ? ഇവിടെ സഹോദരി ഒരു ദ്വിഭാഷി മാത്രമാണ്‌, വാസ്‌തവത്തിൽ ഈ സാഹചര്യത്തിൽ പഠിപ്പിക്കുന്നത്‌ സഹോദരനാണ്‌. എന്നാൽ ഒരു സംസാരഭാഷയിലേക്ക്‌ മൊഴിമാറ്റം നടത്തുന്നതിൽനിന്നും തികച്ചും വ്യത്യസ്‌തമായാണ്‌ ആംഗ്യഭാഷയിലേക്ക്‌ മൊഴിമാറ്റം നടത്തുന്നത്‌. സംസാരഭാഷയുടെ കാര്യത്തിൽ, സദസ്യർക്ക്‌ മൊഴിമാറ്റം ശ്രദ്ധിക്കുന്നതോടൊപ്പം പ്രസംഗകനെയും കാണാൻ കഴിയും. അതുപോലെ, ആംഗ്യഭാഷയിലേക്കു മൊഴിമാറ്റം നടത്തുന്ന സഹോദരിമാരിൽനിന്നു വ്യത്യസ്‌തമായി സംസാരഭാഷയിലേക്കു മൊഴിമാറ്റം നടത്തുന്ന സഹോദരിമാർ സാധാരണ സദസ്യരുടെ ശ്രദ്ധാകേന്ദ്രമാകാറുമില്ല. മൊഴിമാറ്റം നടത്തുമ്പോൾ പലപ്പോഴും ഇരുന്നുകൊണ്ടുപോലും അവർക്കത്‌ ചെയ്യാനാകും. ഇനി, നിൽക്കുകയാണെങ്കിൽത്തന്നെ സദസ്യരെ നോക്കുന്നതിനുപകരം പ്രസംഗകനെ നോക്കി അവർക്ക്‌ പരിപാടി വ്യാഖ്യാനിക്കാനാകും. അതുകൊണ്ട്‌ സംസാരഭാഷയിലേക്കു മൊഴിമാറ്റം നടത്തുന്ന സഹോദരിമാർ ശിരോവസ്‌ത്രം ധരിക്കണമെന്ന്‌ നിർബന്ധമില്ല.

ഇതു കൂടാതെ, ഇന്ന്‌ ടിവി സർക്കിട്ടുകളും വലിയ സ്‌ക്രീനുകളുംമറ്റും ഉപയോഗിക്കുന്നതിനാൽ ആംഗ്യഭാഷയിൽ പരിപാടികൾ വ്യാഖ്യാനിക്കുന്ന വ്യക്തിയായിരിക്കും മിക്കപ്പോഴും സദസ്യരുടെ ശ്രദ്ധാകേന്ദ്രം; പ്രസംഗകനെ കാണാൻതന്നെ സാധിച്ചെന്നുവരില്ല. ഈ കാരണങ്ങളുടെ വെളിച്ചത്തിൽ ആംഗ്യഭാഷയിൽ പരിഭാഷ നടത്തുന്ന സഹോദരി താൻ ഒരു പരിഭാഷക മാത്രമാണെന്നു തിരിച്ചറിയിക്കാനായി ശിരോവസ്‌ത്രം ധരിക്കുന്നത്‌ ഉചിതമായിരിക്കും.

സഭാ ബൈബിളധ്യയനം, സേവനയോഗം, വീക്ഷാഗോപുര അധ്യയനം എന്നീ പരിപാടികളുടെ സമയത്ത്‌ സദസ്യർ പറയുന്ന ഉത്തരങ്ങൾ, ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലെ പരിപാടികൾ, അവതരണങ്ങൾ എന്നിവ ആംഗ്യഭാഷയിലേക്ക്‌ തർജ്ജമ ചെയ്യുന്ന അവസരത്തിൽ ഒരു സഹോദരി ശിരോവസ്‌ത്രം ധരിക്കേണ്ടതുണ്ടോ? ചില അവസരങ്ങളിൽ, അതായത്‌ സഹോദരിയല്ല യോഗം നടത്തുന്നതെന്ന്‌ സദസ്യർക്കെല്ലാം കാണാൻ സാധിക്കുന്ന ഒരു സാഹചര്യത്തിൽ, അത്‌ വേണ്ടിവന്നേക്കില്ല. ഉദാഹരണത്തിന്‌, അവതരണങ്ങളും സദസ്യർ പറയുന്ന ഉത്തരങ്ങളും സഹോദരിമാർ നടത്തുന്ന പ്രസംഗങ്ങളും പരിഭാഷപ്പെടുത്തുമ്പോൾ. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ശിരോവസ്‌ത്രം ധരിക്കേണ്ടതില്ലെങ്കിലും യോഗങ്ങളിൽ സഹോദരന്മാർ നടത്തുന്ന പ്രസംഗങ്ങളും അതുപോലെ വീക്ഷാഗോപുര അധ്യയനം നടത്തുന്ന സഹോദരനോ സഭാ ബൈബിളധ്യയനം നടത്തുന്ന സഹോദരനോ പറയുന്ന കാര്യങ്ങളും പരിഭാഷപ്പെടുത്തുമ്പോൾ അവർ തല മൂടേണ്ടത്‌ ആവശ്യമാണ്‌. ഗീതങ്ങൾ ആംഗ്യഭാഷയിലേക്ക്‌ മൊഴിമാറ്റം നടത്തുമ്പോഴും അവർ അങ്ങനെ ചെയ്യേണ്ടതുണ്ട്‌. യോഗസമയത്ത്‌ സഹോദരന്മാർക്കും സഹോദരിമാർക്കും കുട്ടികൾക്കും മൂപ്പന്മാർക്കുമെല്ലാംവേണ്ടി തർജ്ജമ ചെയ്യേണ്ടതുള്ളതിനാൽ യോഗസമയത്തുടനീളം അവർ ശിരോവസ്‌ത്രം ധരിക്കുന്നതായിരിക്കും ഏറെ നല്ലത്‌.

[അടിക്കുറിപ്പ്‌]]

^ ഖ. 3 ക്രിസ്‌തീയ സ്‌ത്രീകൾ ശിരോവസ്‌ത്രം ധരിക്കേണ്ടത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ “ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ” എന്ന പുസ്‌തകത്തിന്റെ 239-242 പേജുകൾ കാണുക.