വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സഹോദരസ്‌നേഹത്തിൽ മുതിർന്നുവരുക

സഹോദരസ്‌നേഹത്തിൽ മുതിർന്നുവരുക

സഹോദരസ്‌നേഹത്തിൽ മുതിർന്നുവരുക

“ക്രിസ്‌തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തിൽ ജീവിക്കുവിൻ.” —എഫെ. 5:2.

1. തന്റെ അനുഗാമികളുടെ ഏതു സവിശേഷതയിലേക്കാണ്‌ യേശു വിരൽച്ചൂണ്ടിയത്‌?

വീടുതോറും ദൈവരാജ്യസുവാർത്ത ഘോഷിക്കുന്നതിന്‌ പേരുകേട്ടവരാണ്‌ യഹോവയുടെ സാക്ഷികൾ. എന്നിരുന്നാലും തന്റെ യഥാർഥ ശിഷ്യന്മാരെ തിരിച്ചറിയിക്കുന്ന അടയാളമായി യേശു ചൂണ്ടിക്കാട്ടിയത്‌ അവർക്കിടയിലുള്ള സ്‌നേഹത്തെയാണ്‌. അവൻ പറഞ്ഞു: “ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കൽപ്പന നൽകുന്നു; നിങ്ങൾ തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം എന്നുതന്നെ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം. നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന്‌ എല്ലാവരും അറിയും.”—യോഹ. 13:34, 35.

2, 3. നമുക്കിടയിലുള്ള സ്‌നേഹം യോഗങ്ങൾക്കു വരുന്നവരെ എങ്ങനെ സ്വാധീനിക്കും?

2 സത്യക്രിസ്‌ത്യാനികൾക്കിടയിലെ സ്‌നേഹം, അതു സമാനതകളില്ലാത്ത ഒന്നാണ്‌. ഒരു കാന്തം ഇരുമ്പുതരികളെ ആകർഷിക്കുന്നതുപോലെ, ഈ സഹോദരസ്‌നേഹം യഹോവയുടെ ദാസന്മാരെ അന്യോന്യം ആകർഷിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നു. ഈ സ്‌നേഹം ആത്മാർഥതയുള്ള ആളുകളെ സത്യാരാധനയിലേക്ക്‌ ആകർഷിക്കുകയും ചെയ്യും. കാമറൂണിലുള്ള മർസെലിനൊയുടെ അനുഭവം ഇതിനൊരു ഉദാഹരണമാണ്‌. ജോലിക്കിടയിലുണ്ടായ ഒരു അപകടത്തിൽ അദ്ദേഹത്തിനു കാഴ്‌ച നഷ്ടപ്പെട്ടു. മുമ്പ്‌ മന്ത്രവാദിയായിരുന്നതുകൊണ്ടാണ്‌ ഇതു സംഭവിച്ചതെന്നൊരു ശ്രുതി നാട്ടിൽ പരന്നു. ആശ്വസിപ്പിക്കുന്നതിനുപകരം പാസ്റ്ററും സഭാംഗങ്ങളും ചേർന്ന്‌ അദ്ദേഹത്തെ മതഭ്രഷ്ടനാക്കുകയാണു ചെയ്‌തത്‌. അങ്ങനെയിരിക്കെ യഹോവയുടെ സാക്ഷികളിലൊരാൾ അദ്ദേഹത്തെ യോഗങ്ങൾക്കു ക്ഷണിച്ചു. പക്ഷേ, ആ ക്ഷണം സ്വീകരിക്കാൻ ആദ്യം അദ്ദേഹമൊന്നു മടിച്ചു, കാരണം ഇനിയുമൊരു തിരസ്‌കരണം സഹിക്കാൻ അദ്ദേഹത്തിനാവില്ലായിരുന്നു.

3 എന്നാൽ രാജ്യഹാളിലെത്തിയ മർസെലിനൊയെ എതിരേറ്റത്‌ തികച്ചും വ്യത്യസ്‌തമായൊരു അന്തരീക്ഷമായിരുന്നു. സഭയിലുള്ളവർ അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്‌തു. അവിടെ, ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ അദ്ദേഹത്തിനു സാന്ത്വനമേകി. തുടർന്ന്‌ എല്ലാ യോഗങ്ങൾക്കും ഹാജരായ അദ്ദേഹം ബൈബിൾ പഠനത്തിൽ പുരോഗമിക്കുകയും 2006-ൽ സ്‌നാനമേൽക്കുകയും ചെയ്‌തു. കുടുംബാംഗങ്ങളോടും അയൽക്കാരോടും സത്യം പങ്കുവെക്കുന്ന അദ്ദേഹത്തിന്‌ നിരവധി ബൈബിളധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞു. ദൈവജനത്തിനിടയിൽ താൻ അനുഭവിച്ചറിഞ്ഞ ആ സ്‌നേഹം തന്റെ ബൈബിൾ വിദ്യാർഥികളും ആസ്വദിക്കണമെന്നാണ്‌ മർസെലിനൊയുടെ ആഗ്രഹം.

4. ‘സ്‌നേഹത്തിൽ ജീവിക്കുക’ എന്ന പൗലോസിന്റെ ഉപദേശം നാം ചെവിക്കൊള്ളേണ്ടത്‌ എന്തുകൊണ്ട്‌?

4 ആകർഷകമാണ്‌ ഈ സഹോദരസ്‌നേഹം, എന്നാൽ അത്‌ ജ്വലിപ്പിച്ചു നിറുത്തുന്നതിൽ നമുക്കോരോരുത്തർക്കും ഒരു പങ്കുണ്ട്‌. തണുപ്പുകാലത്ത്‌ തീകൂട്ടി അതിനുചുറ്റും ആളുകൾ കൂടിയിരിക്കുന്നത്‌ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? തീയ്‌ക്ക്‌ അരികിലെ സുഖകരമായ ചൂടാണ്‌ അവരെ അങ്ങോട്ട്‌ ആകർഷിക്കുന്നത്‌. എന്നാൽ ആ തീ കെട്ടുപോകാതിരിക്കണമെങ്കിൽ വിറകുംമറ്റും അവർ അതിലേക്ക്‌ ഇട്ടുകൊടുക്കേണ്ടതുണ്ട്‌. ഇതുപോലെതന്നെയാണ്‌ സഹോദരങ്ങൾക്കിടയിലെ സ്‌നേഹബന്ധത്തിന്റെ കാര്യവും. ആ സ്‌നേഹം അണഞ്ഞുപോകാതെ സൂക്ഷിക്കുന്നതിൽ ക്രിസ്‌ത്യാനികളായ നമുക്കോരോരുത്തർക്കും ഒരു പങ്കുണ്ട്‌. നാം എന്തു ചെയ്യണമെന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ പറയുന്നു: “ക്രിസ്‌തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തിൽ ജീവിക്കുവിൻ; അവൻ നിങ്ങൾക്കുവേണ്ടി ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തുവല്ലോ.” (എഫെ. 5:2) ഇതിനോടുള്ള ബന്ധത്തിൽ നാമോരോരുത്തരും ചിന്തിക്കേണ്ട ഒരു ചോദ്യമിതാണ്‌: ‘സ്‌നേഹത്തിൽ ജീവിക്കാൻ’ ഞാൻ എന്തെല്ലാം ചെയ്യണം?

“ഹൃദയം വിശാലമാക്കുവിൻ”

5, 6. ‘ഹൃദയം വിശാലമാക്കാൻ’ കൊരിന്ത്യ ക്രിസ്‌ത്യാനികളെ പൗലോസ്‌ ഉദ്‌ബോധിപ്പിച്ചത്‌ എന്തുകൊണ്ട്‌?

5 പുരാതന കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക്‌ പൗലോസ്‌ എഴുതി: “കൊരിന്ത്യരേ, ഞങ്ങൾ നിങ്ങളോടു തുറന്നു സംസാരിച്ചിരിക്കുന്നു. ഞങ്ങളുടെ ഹൃദയം ഞങ്ങൾ വിശാലമാക്കിയിരിക്കുന്നു. സ്‌നേഹാർദ്രത കാണിക്കുന്നതിൽ ഞങ്ങൾ പരിധിവെച്ചിട്ടില്ല; അങ്ങനെ ചെയ്‌തിരിക്കുന്നത്‌ നിങ്ങളത്രേ. അതുകൊണ്ട്‌ മക്കളോടെന്നപോലെ ഞാൻ പറയുന്നു: നിങ്ങളും ഞങ്ങൾക്കായി ഹൃദയം വിശാലമാക്കുവിൻ.” (2 കൊരി. 6:11-13) ഹൃദയം വിശാലമാക്കാൻ പൗലോസ്‌ കൊരിന്തിലെ ക്രിസ്‌ത്യാനികളോട്‌ ആവശ്യപ്പെട്ടത്‌ എന്തുകൊണ്ടാണ്‌?

6 അതിനുള്ള ഉത്തരത്തിനായി കൊരിന്ത്യ സഭയുടെ ആരംഭകാലത്തേക്ക്‌ നമുക്കൊന്നു പോകാം. എ.ഡി. 50-ന്റെ അന്ത്യത്തിലാണ്‌ പൗലോസ്‌ അവിടെ ചെല്ലുന്നത്‌. സുവാർത്താപ്രസംഗത്തിന്‌ തുടക്കത്തിൽ കടുത്ത എതിർപ്പുകൾ നേരിട്ടെങ്കിലും അവൻ പിന്മാറിപ്പോയില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ ആ നഗരത്തിലെ നിരവധിയാളുകൾ സുവിശേഷത്തിൽ വിശ്വസിച്ചു. വചനം പഠിപ്പിക്കുകയും നവജാതസഭയെ ശക്തിപ്പെടുത്തുകയും ചെയ്‌തുകൊണ്ട്‌ അവൻ അവിടെ “ഒരു വർഷവും ആറുമാസവും” ചെലവഴിച്ചു. അവന്‌ അവരോട്‌ ഗാഢസ്‌നേഹം ഉണ്ടായിരുന്നുവെന്നു വ്യക്തം. (പ്രവൃ. 18:5, 6, 9-11) ആ സ്‌നേഹം മടക്കിക്കൊടുക്കാൻ കടപ്പെട്ടവരല്ലായിരുന്നോ അവർ? എന്നാൽ സഭയിൽ ചിലർ അവനിൽനിന്ന്‌ അകന്നുനിൽക്കുകയാണു ചെയ്‌തത്‌—ഒരുപക്ഷേ മുഖംനോക്കാതെയുള്ള അവന്റെ ഉപദേശം അവർക്കു രസിച്ചുകാണില്ല. (1 കൊരി. 5:1-5; 6:1-10) മറ്റുചിലർ ‘അതികേമന്മാരായ അപ്പൊസ്‌തലന്മാരുടെ’ ദൂഷണങ്ങൾക്കു ചെവികൊടുത്തിരിക്കാം. (2 കൊരി. 11:5, 6) അവിടെയുണ്ടായിരുന്ന എല്ലാ സഹോദരീസഹോദരന്മാരും തന്നെ ആത്മാർഥമായി സ്‌നേഹിക്കണമെന്ന്‌ പൗലോസ്‌ ആഗ്രഹിച്ചു. അതുകൊണ്ട്‌, തന്നോടും മറ്റ്‌ സഹവിശ്വാസികളോടും അടുത്തുവന്നുകൊണ്ട്‌ ‘ഹൃദയം വിശാലമാക്കാൻ’ അവൻ അവരെ ഉദ്‌ബോധിപ്പിച്ചു.

7. സഹോദരസ്‌നേഹത്തിന്റെ കാര്യത്തിൽ ‘വിശാലത’ കാണിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

7 നമ്മുടെ കാര്യമോ? സഹോദരസ്‌നേഹം കാണിക്കുന്നതിൽ നമുക്കെങ്ങനെ ‘ഹൃദയം വിശാലമാക്കാൻ’ കഴിയും? ഒരേ പ്രായക്കാരോ ഒരേ വംശീയപശ്ചാത്തലത്തിലോ ഉള്ള വ്യക്തികൾക്കു തമ്മിൽ സ്വാഭാവികമായും ഒരടുപ്പം തോന്നിയേക്കാം. വിനോദകാര്യങ്ങളിൽ സമാനതാത്‌പര്യമുള്ളവരും ഒരുമിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്നു. ഈ സ്വാഭാവിക താത്‌പര്യങ്ങൾനിമിത്തം നാം ചിലരുമായി അടുക്കുകയും മറ്റുള്ളവരിൽനിന്ന്‌ അകന്നുനിൽക്കുകയും ചെയ്യുന്നെങ്കിൽ, നാം ‘ഹൃദയം വിശാലമാക്കേണ്ടതുണ്ട്‌.’ അതുകൊണ്ട്‌ സ്വയം ചോദിക്കുക: ‘എന്റെ സുഹൃദ്വലയത്തിനു പുറത്തുള്ള സഹോദരങ്ങളുമായി ഞാൻ വല്ലപ്പോഴും മാത്രമേ ശുശ്രൂഷയ്‌ക്കു പോകാറുള്ളോ? അവരോടൊപ്പം കൂടിവരാനുംമറ്റുമായി ഞാൻ സമയം കണ്ടെത്താറുണ്ടോ?’ ഇനി, അടുത്തകാലത്ത്‌ സഭയിൽ വരാൻതുടങ്ങിയവരോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്‌? ‘അവരുമായി അധികം സൗഹൃദത്തിനൊന്നും പോകേണ്ടതില്ല, സൗഹൃദം സ്ഥാപിക്കാൻ കൊള്ളാവുന്നവരാണെന്ന്‌ അവർ ആദ്യംതന്നെ തെളിയിക്കട്ടെ,’ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്‌? സഭയിലെ പ്രായംചെന്നവരോടും ചെറുപ്പക്കാരോടും ഒരുപോലെ ഞാൻ കുശലാന്വേഷണങ്ങൾ നടത്താറുണ്ടോ?

8, 9. റോമർ 15:7-ലെ ബുദ്ധിയുപദേശം അനുസരിക്കുന്നത്‌ സഹോദരസ്‌നേഹം വർധിപ്പിക്കുന്ന വിധത്തിൽ ക്ഷേമാന്വേഷണം നടത്താൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

8 അന്യോന്യം അഭിവാദനംചെയ്യുന്ന കാര്യത്തിൽ പൗലോസ്‌ റോമിലെ ക്രിസ്‌ത്യാനികളോട്‌ പറഞ്ഞകാര്യം സഹാരാധകരെക്കുറിച്ച്‌ ശരിയായ മനോഭാവം വെച്ചുപുലർത്താൻ നമ്മെ സഹായിക്കും. (റോമർ 15:7 വായിക്കുക.) ഈ വാക്യത്തിലെ, “കൈക്കൊള്ളുവിൻ” എന്ന പദത്തിന്റെ മൂലഭാഷാർഥം “ഒരാളെ കനിവോടും ആതിഥ്യമനോഭാവത്തോടുംകൂടെ സ്വീകരിക്കുക, നമ്മുടെ സമൂഹത്തിലും സുഹൃദ്വലയത്തിലുംപെട്ട ഒരംഗമായി അംഗീകരിക്കുക” എന്നൊക്കെയാണ്‌. ബൈബിൾക്കാലങ്ങളിൽ, അതിഥിപ്രിയനായ ഒരു വ്യക്തി സുഹൃത്തുക്കളെ വീട്ടിൽ സ്വീകരിക്കുമ്പോൾ, അയാളുടെ സന്തോഷം അതിഥികളായി എത്തിയിരിക്കുന്നവർക്ക്‌ അനുഭവവേദ്യമാകുമായിരുന്നു. ഇതേവിധത്തിലാണ്‌ ക്രിസ്‌തു നമ്മെ കൈക്കൊണ്ടിരിക്കുന്നത്‌. അതുകൊണ്ട്‌ നമ്മുടെ സഹാരാധകരെ അപ്രകാരംതന്നെ കൈക്കൊള്ളാൻ നമ്മോടും ആഹ്വാനം ചെയ്‌തിരിക്കുന്നു.

9 രാജ്യഹാളിലും മറ്റു സ്ഥലങ്ങളിലും നാം സഹോദരങ്ങളെ കണ്ടുമുട്ടുമ്പോൾ അടുത്തയിടെയെങ്ങും കാണാനോ സംസാരിക്കാനോ കഴിയാഞ്ഞവരോട്‌ സംസാരിക്കാൻ വിശേഷാൽ ശ്രദ്ധിക്കുക. ഏതാനും മിനിട്ടെങ്കിലും അവരോടൊപ്പം ചെലവഴിക്കരുതോ? അടുത്തപ്രാവശ്യം യോഗത്തിനുവരുമ്പോൾ മറ്റ്‌ ചിലരോടു സംസാരിക്കാൻ ലക്ഷ്യം വെക്കുക. കുറച്ചുകാലംകൊണ്ട്‌ അങ്ങനെ നിങ്ങൾക്ക്‌ സഭയിലെ എല്ലാ സഹോദരങ്ങളുമായും സൗഹൃദം പങ്കിടാൻ കഴിഞ്ഞിട്ടുണ്ടായിരിക്കും. ഒരു ദിവസംതന്നെ എല്ലാവരോടും സംസാരിക്കാൻ കഴിഞ്ഞെന്നുവരില്ല. അതിൽ വിഷമിക്കാനൊന്നുമില്ല. ഒരു ദിവസം സംസാരിച്ചില്ലെന്നുവെച്ച്‌ ആരും നിങ്ങളോടു പരിഭവിക്കില്ല.

10. സഭയിൽ എല്ലാവർക്കും എന്തിനുള്ള സുവർണാവസരമുണ്ട്‌, അത്‌ പൂർണമായി പ്രയോജനപ്പെടുത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും?

10 സഹോദരങ്ങളെ കൈക്കൊള്ളുന്നതിന്റെ ആദ്യപടിയാണ്‌ അവരെ അഭിവാദനം ചെയ്യുന്നത്‌. ആസ്വാദ്യകരമായ സംഭാഷണങ്ങളിലേക്കും ശാശ്വത സൗഹൃദങ്ങളിലേക്കുമുള്ള ഒരു ചവിട്ടുപടിയായിരിക്കാൻ അതിനുകഴിയും. ഉദാഹരണത്തിന്‌, കൺവെൻഷനുകളിലും സമ്മേളനങ്ങളിലുമൊക്കെ സംബന്ധിക്കുമ്പോൾ പരസ്‌പരം പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുന്നവർ ആ സൗഹൃദം തുടർന്നുപോകാനാഗ്രഹിക്കും. വീണ്ടും കാണാനുള്ള അവസരത്തിനായി അവർ നോക്കിയിരിക്കും. രാജ്യഹാൾ നിർമാണവേലയിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന സ്വമേധാസേവകരായ സഹോദരങ്ങൾ ഉറ്റമിത്രങ്ങളായിത്തീരാറുണ്ട്‌. പരസ്‌പരം അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ഓരോ സഹോദരങ്ങളുടെയും നല്ലനല്ല ഗുണങ്ങൾ അവർക്ക്‌ അടുത്തറിയാനാകുന്നു. അത്‌ അവരെ അടുപ്പിക്കുന്നു. എന്നെന്നും നിലനിൽക്കുന്ന സൗഹൃദങ്ങൾ സ്ഥാപിക്കാനുള്ള അവസരങ്ങൾ യഹോവയുടെ സംഘടനയിൽ അനവധിയാണ്‌. സത്യാരാധനയിൽ നമ്മെ ഏകീകരിക്കുന്ന സ്‌നേഹത്തിന്റെ ആഴം കൂട്ടിക്കൊണ്ട്‌ നാം ‘ഹൃദയം വിശാലമാക്കുന്നെങ്കിൽ’ നമ്മുടെ സുഹൃദ്വലയം വിപുലമാകും.

മറ്റുള്ളവർക്കുവേണ്ടി സമയം കണ്ടെത്തുക

11. മർക്കോസ്‌ 10:13-16-ൽ കാണുന്നതുപോലെ യേശു എന്തു മാതൃകവെച്ചു?

11 എല്ലാ ക്രിസ്‌ത്യാനികളും യേശുവിനെപ്പോലെ മറ്റുള്ളവർക്കു സമീപിക്കാൻ കഴിയുന്നവരായിരിക്കണം. ഒരിക്കൽ ശിശുക്കളെയുംകൊണ്ട്‌ അവന്റെ അടുക്കൽവന്ന മാതാപിതാക്കളെ ശിഷ്യന്മാർ തടഞ്ഞു, യേശു അപ്പോൾ അവരോടു പറഞ്ഞു: “ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ; അവരെ തടയരുത്‌. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതത്രേ. ശിശുവിനെപ്പോലെ ദൈവരാജ്യത്തെ കൈക്കൊള്ളാത്ത ആരും ഒരുപ്രകാരത്തിലും അതിൽ കടക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” പിന്നെ “അവൻ കുട്ടികളെ കൈകളിലെടുത്ത്‌ അവരുടെമേൽ കൈവെച്ച്‌ അവരെ അനുഗ്രഹിച്ചു.” (മർക്കോ. 10:13-16) മഹാനായ ആ ഗുരുവിന്റെ വാത്സല്യത്തിനു പാത്രമായതിൽ ആ കുട്ടികൾ എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാകും!

12. മറ്റുള്ളവരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിൽനിന്ന്‌ നമ്മെ എന്തു തടഞ്ഞേക്കാം?

12 ഇതിനോടുള്ള ബന്ധത്തിൽ ഓരോ ക്രിസ്‌ത്യാനിയും പിൻവരുന്ന ചോദ്യം ചോദിക്കുന്നത്‌ ഉചിതമായിരിക്കും: ‘മറ്റുള്ളവർക്കുവേണ്ടി ഞാൻ സമയം മാറ്റിവെക്കാറുണ്ടോ, അതോ വളരെ തിരക്കുള്ള ഒരു വ്യക്തിയായിട്ടാണോ മറ്റുള്ളവർ എന്നെ കാണുന്നത്‌?’ നമ്മുടെ ചില ശീലങ്ങളിൽ തെറ്റൊന്നും ഇല്ലായിരിക്കാം. പക്ഷേ അതു ചിലപ്പോൾ മറ്റുള്ളവരുമായി ഇടപഴകുന്നതിനും സംസാരിക്കുന്നതിനുമൊക്കെ തടസ്സമായേക്കാം. ഇങ്ങനെയൊന്നു ചിന്തിക്കുക: നാം മറ്റുള്ളവരോടൊപ്പമായിരിക്കുമ്പോൾ, അവരിൽനിന്നൊഴിഞ്ഞ്‌ ഇയർഫോണിലൂടെ റെക്കോർഡിങ്‌ കേട്ടുകൊണ്ടിരിക്കുകയോ അല്ലെങ്കിൽ സെൽഫോൺ ഉപയോഗിക്കുകയോ ചെയ്‌തുകൊണ്ടിരിക്കുകയാണെങ്കിൽ അതു കൂടെയുള്ളവർക്കു നൽകുന്ന സന്ദേശം എന്തായിരിക്കും? ‘ആരുടെയും സാമീപ്യം ഞാൻ ഇഷ്ടപ്പെടുന്നില്ല, ഒറ്റയ്‌ക്കിരിക്കാനാണ്‌ എനിക്കിഷ്ടം’ എന്നായിരിക്കില്ലേ? ഇനി അതുപോലെ ഒരു കമ്പ്യൂട്ടറിലാണ്‌ നമ്മുടെ മുഴുശ്രദ്ധയുമെങ്കിലോ? നമുക്ക്‌ അവരോട്‌ സംസാരിക്കാൻ താത്‌പര്യമില്ലെന്നല്ലേ അവർക്കു തോന്നൂ. “മിണ്ടാതിരിപ്പാൻ ഒരു കാലം” ഉണ്ടെന്നുള്ളത്‌ ശരിയാണ്‌. പക്ഷേ ആളുകൾ നമ്മോടൊപ്പം ഉള്ളപ്പോൾ അത്‌ ‘സംസാരിപ്പാനുള്ള കാലമാണെന്ന്‌’ നാം മനസ്സിലാക്കണം. (സഭാ. 3:7) “എനിക്ക്‌ എന്റെ ലോകത്ത്‌ കഴിയാനാണിഷ്ടം,” “സാധാരണ രാവിലെ സമയത്ത്‌ വർത്തമാനം പറയാനൊന്നും എനിക്ക്‌ തോന്നുകയില്ല” എന്നൊക്കെ ചിലർ പറഞ്ഞേക്കാം. മറ്റുള്ളവരുമായി ഇടപഴകാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ലെങ്കിൽപ്പോലും നാം അവരോടു സംസാരിക്കുകയും അവരോടൊപ്പം സഹവസിക്കുകയുമൊക്കെ ചെയ്യുന്നെങ്കിൽ നമ്മുടേത്‌ ‘തൻകാര്യം അന്വേഷിക്കാത്തതരം’ സ്‌നേഹമാണെന്നു തെളിയും.—1 കൊരി. 13:5.

13. സഭയിലെ സഹോദരീസഹോദരന്മാരെ എങ്ങനെ കാണണമെന്നാണ്‌ പൗലോസ്‌ തിമൊഥെയൊസിനോടു പറഞ്ഞത്‌?

13 സഭയിലെ എല്ലാ അംഗങ്ങളോടും ബഹുമാനം കാണിക്കാൻ പൗലോസ്‌ യുവാവായ തിമൊഥെയൊസിനോടു പറഞ്ഞു. (1 തിമൊഥെയൊസ്‌ 5:1, 2 വായിക്കുക.) നാമും അതുപോലെ സഭയിലെ പ്രായംചെന്ന ക്രിസ്‌ത്യാനികളെ നമ്മുടെ മാതാപിതാക്കളെപ്പോലെയും താരതമ്യേന പ്രായംകുറഞ്ഞവരെ കൂടപ്പിറപ്പുകളെപ്പോലെയും കാണണം. നാം അങ്ങനെയാണ്‌ അവരെ വീക്ഷിക്കുന്നതെങ്കിൽ നമ്മുടെ സഹോദരീസഹോദരന്മാർക്ക്‌ ആർക്കും നമ്മോടൊപ്പമായിരിക്കുമ്പോൾ അപരിചിതത്വം തോന്നുകയില്ല.

14. മറ്റുള്ളവരുമായുള്ള പ്രോത്സാഹജനകമായ സംഭാഷണങ്ങളിൽനിന്ന്‌ നിങ്ങൾക്കു ലഭിക്കുന്ന പ്രയോജനങ്ങൾ ഏവ?

14 നമ്മുടെ സംഭാഷണങ്ങളിൽ മറ്റുള്ളവരെയുംകൂടി ഉൾപ്പെടുത്തുകയും അവർക്കു പ്രോത്സാഹനം പകരുന്ന വിധത്തിൽ നാം സംസാരിക്കുകയും ചെയ്യുമ്പോൾ അത്‌ അവരുടെ ആത്മീയ ഉത്‌കർഷത്തിനും വൈകാരിക ക്ഷേമത്തിനും ഇടയാക്കും. ഒരു ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്ന ഒരു സഹോദരൻ താൻ ബെഥേലിൽ വന്നയിടയ്‌ക്ക്‌ അവിടത്തെ മുതിർന്ന ബെഥേൽ അംഗങ്ങൾ തന്റെയടുത്തുവന്ന്‌ പതിവായി സംസാരിക്കാറുണ്ടായിരുന്നുവെന്ന കാര്യം വളരെ താത്‌പര്യപൂർവം ഓർക്കുന്നു. അവരുടെ ആ പ്രോത്സാഹനവാക്കുകൾ താനും ആ ബെഥേൽകുടുംബത്തിന്റെ ഭാഗമാണെന്ന തോന്നലുളവാക്കാൻ സഹായിച്ചുവെന്ന്‌ അദ്ദേഹം പറയുന്നു. ആ സഹോദരങ്ങളെ അനുകരിച്ചുകൊണ്ട്‌ അദ്ദേഹം ബെഥേലിലെ മറ്റു സഹോദരങ്ങളോട്‌ സംസാരിക്കാൻ സമയം കണ്ടെത്തുന്നു.

സമാധാനം സൃഷ്ടിക്കാൻ താഴ്‌മ ആവശ്യം

15. നമുക്കിടയിൽ ചിലപ്പോഴൊക്കെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമെന്ന്‌ എന്തു തെളിയിക്കുന്നു?

15 പുരാതന ഫിലിപ്പിയിലെ ക്രിസ്‌തീയ സഹോദരിമാരായിരുന്ന യുവൊദ്യക്കും സുന്തുകയ്‌ക്കും അവർക്കിടയിലുണ്ടായ ഒരു പ്രശ്‌നം പരിഹരിക്കാൻ എന്തോ ബുദ്ധിമുട്ടുണ്ടായിരുന്നതായി തോന്നുന്നു. (ഫിലി. 4:2, 3) ഒരിക്കൽ പൗലോസും ബർന്നബാസും തമ്മിൽ പരസ്യമായി ഒരു വാഗ്വാദമുണ്ടായി, അതേത്തുടർന്ന്‌ രണ്ടുപേരും രണ്ടുവഴിക്കു പിരിഞ്ഞുപോയി. (പ്രവൃ. 15:37-39) സത്യാരാധകർക്കിടയിൽ ചിലപ്പോഴൊക്കെ അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്നുതന്നെയാണ്‌ ഈ വിവരണങ്ങൾ കാണിക്കുന്നത്‌. എന്നാൽ ഭിന്നതകൾ പരിഹരിക്കാനും സുഹൃദ്‌ബന്ധങ്ങൾ പുനഃസ്ഥാപിക്കാനും ആവശ്യമായ സഹായം യഹോവ നൽകുന്നുണ്ട്‌. പക്ഷേ, നാം ചിലതുചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നു.

16, 17. (എ) അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിൽ താഴ്‌മ എത്ര പ്രധാനമാണ്‌? (ബി) ഏശാവ്‌ യാക്കോബിനെ സമീപിച്ച വിധം താഴ്‌മയുടെ മൂല്യം എടുത്തുകാട്ടുന്നത്‌ എങ്ങനെ?

16 നിങ്ങളും ഒരു സുഹൃത്തുംകൂടി ഒരു വാഹനത്തിൽ യാത്രയ്‌ക്ക്‌ ഒരുങ്ങുകയാണെന്നു വിചാരിക്കുക. എന്നാൽ യാത്ര ആരംഭിക്കുന്നതിന്‌ നിങ്ങൾ താക്കോലെടുത്ത്‌ കാർ സ്റ്റാർട്ടുചെയ്യേണ്ടതുണ്ട്‌. വ്യക്തിപരമായ അഭിപ്രായഭിന്നതകൾ പരിഹരിക്കാനുള്ള നിങ്ങളുടെ ശ്രമം തുടങ്ങേണ്ടതും ഒരു താക്കോലിൽനിന്നാണ്‌. ആ താക്കോലാണ്‌ താഴ്‌മ. (യാക്കോബ്‌ 4:10 വായിക്കുക.) സുഹൃദ്‌ബന്ധങ്ങളിൽ വിള്ളൽവീണിട്ടുണ്ടെങ്കിൽ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാനും പ്രശ്‌നം പരിഹരിക്കാനും ഈ താക്കോൽ സഹായിക്കും. അതിനൊരു ഉദാഹരണമാണ്‌ പിൻവരുന്ന ബൈബിൾ വിവരണം.

17 ജന്മാവകാശം നഷ്ടപ്പെട്ട ഏശാവ്‌ യാക്കോബിനെ കൊല്ലാനാഗ്രഹിച്ചു. അവർ തമ്മിൽ കണ്ടിട്ട്‌ ഇപ്പോൾ 20 വർഷം കഴിഞ്ഞിരിക്കുന്നു. ഇവർ വീണ്ടും കണ്ടുമുട്ടാൻപോകുന്ന സാഹചര്യത്തിൽ “യാക്കോബ്‌ ഏറ്റവും ഭ്രമിച്ചു ഭയവശനായി” എന്ന്‌ നാം വായിക്കുന്നു. ഏശാവ്‌ തന്നെ ആക്രമിക്കുമെന്നുതന്നെ യാക്കോബ്‌ കരുതി. എന്നാൽ അവർ കണ്ടുമുട്ടിയപ്പോൾ ഏശാവ്‌ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം യാക്കോബ്‌ ചെയ്‌തു. അവൻ “സാഷ്ടാംഗം നമസ്‌കരിച്ചുകൊണ്ടു” തന്റെ സഹോദരനെ സ്വീകരിച്ചു. തുടർന്ന്‌ എന്താണു സംഭവിച്ചത്‌? “ഏശാവ്‌ ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്‌തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.” ഒരു യുദ്ധഭീതി അങ്ങനെ ഒഴിഞ്ഞുപോയി. യാക്കോബിന്റെ ഭാഗത്തെ താഴ്‌മ ഏശാവിന്റെ മനസ്സിലുണ്ടായിരുന്നേക്കാവുന്ന കാലുഷ്യമെല്ലാം അലിയിച്ചുകളഞ്ഞു.—ഉല്‌പ. 27:41; 32:3-8; 33:3, 4.

18, 19. (എ) ഭിന്നതകൾ ഉടലെടുക്കുമ്പോൾ തിരുവെഴുത്തു ബുദ്ധിയുപദേശമനുസരിച്ചു പ്രവർത്തിക്കാൻ നാം മുൻകൈയെടുക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) മറ്റേ വ്യക്തിയുടെ ആദ്യ പ്രതികരണം പ്രതീക്ഷാർഹമല്ലെങ്കിലും നാം ശ്രമം ഉപേക്ഷിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

18 ഭിന്നതകൾ പരിഹരിക്കാനുള്ള ഉത്തമമായ ഉപദേശങ്ങൾ ബൈബിളിൽ അടങ്ങിയിട്ടുണ്ട്‌. (മത്താ. 5:23, 24; 18:15-17; എഫെ. 4:26, 27) * ആ നിർദേശങ്ങൾ നാം താഴ്‌മയോടെ പ്രാവർത്തികമാക്കുന്നില്ലെങ്കിൽ സമാധാനം സ്ഥാപിക്കുക ബുദ്ധിമുട്ടായിരിക്കും. നമ്മുടെ കയ്യിലും താഴ്‌മ എന്ന താക്കോൽ ഇരിക്കെ, മറ്റേയാൾ അതുപയോഗിക്കാൻ കാത്തിരിക്കേണ്ടതുണ്ടോ?

19 സമാധാനം സ്ഥാപിക്കാനുള്ള നമ്മുടെ ആദ്യ ശ്രമങ്ങൾ ചിലപ്പോൾ ഫലംകണ്ടെന്നുവരില്ല. എങ്കിലും പ്രതീക്ഷ കൈവിടരുത്‌. വ്രണിതവികാരങ്ങൾ കെട്ടടങ്ങാൻ സമയമെടുത്തേക്കാം. യോസേഫിന്റെ സഹോദരന്മാരുടെ ദൃഷ്ടാന്തമെടുക്കുക. സഹോദരന്മാർ യോസേഫിനെ ചതിച്ച്‌ അവനെ അടിമയായി വിറ്റു. അതുകഴിഞ്ഞ്‌ വളരെക്കാലത്തിനുശേഷം, യോസേഫ്‌ ഈജിപ്‌റ്റിന്റെ പ്രധാനമന്ത്രി ആയിരിക്കുമ്പോൾ അവർ അവനെ വീണ്ടും കാണുന്നു. വർഷങ്ങൾക്കുശേഷം ഒടുവിൽ അവർക്കു മനസ്‌താപം ഉണ്ടാകുകയും. അവർ അവനോട്‌ മാപ്പിരക്കുകയും ചെയ്യുന്നു. യോസേഫ്‌ തന്റെ സഹോദരന്മാരോടു ക്ഷമിച്ചു. യാക്കോബിന്റെ പുത്രന്മാർ അങ്ങനെ യഹോവയുടെ നാമം വഹിക്കുന്ന ഒരു ജനതയായിത്തീരാൻ അതു വഴിതെളിച്ചു. (ഉല്‌പ. 50:15-21) നമ്മുടെ സഹോദരീസഹോദരന്മാരോട്‌ സമാധാനത്തിൽ വർത്തിക്കുമ്പോൾ നാം സഭയുടെ ഐക്യവും സന്തോഷവും ഉന്നമിപ്പിക്കുകയായിരിക്കും ചെയ്യുന്നത്‌.—കൊലോസ്യർ 3:12-14 വായിക്കുക.

പ്രവൃത്തിയിലും സത്യത്തിലും” സ്‌നേഹിക്കുക

20, 21. യേശു അപ്പൊസ്‌തലന്മാരുടെ കാലുകൾ കഴുകിയതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനുണ്ട്‌?

20 മരണത്തിനു തൊട്ടുമുമ്പ്‌ യേശു തന്റെ ശിഷ്യന്മാരോട്‌ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ചെയ്‌തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതിന്‌ ഞാൻ നിങ്ങൾക്കു മാതൃകവെച്ചിരിക്കുന്നു.” (യോഹ. 13:15, 16) തന്റെ 12 ശിഷ്യന്മാരുടെ കാലുകൾ കഴുകിയിട്ടാണ്‌ യേശു ഇപ്രകാരം പറഞ്ഞത്‌. യേശു ചെയ്‌തത്‌ കേവലമൊരു ആചാരപരമായ ചടങ്ങോ ഒരു ദയാപ്രവൃത്തിയോ ആയിരുന്നില്ല. യേശു ശിഷ്യന്മാരുടെ കാൽ കഴുകിയതിനെക്കുറിച്ച്‌ പറയുന്നതിനുമുമ്പ്‌ യോഹന്നാൻ എഴുതി: “ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്‌നേഹിച്ചു; അവസാനത്തോളം അവരെ സ്‌നേഹിച്ചു.” (യോഹ. 13:1) സാധാരണയായി അടിമകൾ ചെയ്യാറുള്ള ഈ എളിയ പ്രവൃത്തി ചെയ്യാൻ യേശുവിനെ പ്രേരിപ്പിച്ചത്‌ തന്റെ ശിഷ്യന്മാരോടുള്ള സ്‌നേഹമായിരുന്നു. താഴ്‌മയുള്ളവർ ആയിരുന്നുകൊണ്ട്‌ അവരും ഇതുപോലെ സ്‌നേഹത്തിന്റെ പ്രവൃത്തികൾ പരസ്‌പരം ചെയ്യണമായിരുന്നു. അതെ, എല്ലാ ക്രിസ്‌തീയ സഹോദരങ്ങളോടും ആത്മാർഥ താത്‌പര്യവും പരിഗണനയും കാണിക്കാൻ യഥാർഥ സഹോദരസ്‌നേഹം നമ്മെ പ്രേരിപ്പിക്കണം.

21 ദൈവപുത്രനായ യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയപ്പോൾ അപ്പൊസ്‌തലനായ പത്രോസും അക്കൂട്ടത്തിലുണ്ടായിരുന്നു. യേശു അന്നുചെയ്‌ത ആ പ്രവൃത്തിയുടെ അർഥം നന്നായി ഉൾക്കൊണ്ട പത്രോസ്‌ പിന്നീട്‌ ഇങ്ങനെ എഴുതി: “സത്യത്തെ അനുസരിച്ച്‌ ജീവിതത്തെ ശുദ്ധീകരിച്ചിരിക്കുകയാൽ നിങ്ങൾ നിഷ്‌കപടമായ സഹോദരപ്രീതി ഉള്ളവരായി അന്യോന്യം ഹൃദയപൂർവം ഉറ്റുസ്‌നേഹിക്കുവിൻ.” (1 പത്രോ. 1:22) അന്ന്‌ അവിടെയുണ്ടായിരുന്ന യോഹന്നാൻ അപ്പൊസ്‌തലനും പിന്നീട്‌ എഴുതി: “കുഞ്ഞുങ്ങളേ, വാക്കിനാലും നാവിനാലുമല്ല, പ്രവൃത്തിയിലും സത്യത്തിലുംതന്നെ നമുക്ക്‌ അന്യോന്യം സ്‌നേഹിക്കാം.” (1 യോഹ. 3:18) അതുകൊണ്ട്‌ സഹോദരങ്ങളോടുള്ള നമ്മുടെ സ്‌നേഹം പ്രവൃത്തികളാൽ തെളിയിക്കാൻ ഹൃദയം നമ്മെ പ്രേരിപ്പിക്കട്ടെ!

[അടിക്കുറിപ്പ്‌]

^ ഖ. 18 യഹോവയുടെ ഹിതം ചെയ്യാൻ സംഘടിതർ എന്ന പുസ്‌തകത്തിന്റെ 144-150 പേജുകൾ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• അന്യോന്യം സ്‌നേഹിക്കുന്നതിൽ ‘വിശാലരാകാനുള്ള’ മാർഗങ്ങളേവ?

• മറ്റുള്ളവർക്കുവേണ്ടി സമയം നീക്കിവെക്കാൻ നമ്മെ എന്തു സഹായിക്കും?

• സമാധാനം സൃഷ്ടിക്കുന്നതിൽ താഴ്‌മയുടെ പങ്കെന്ത്‌?

• സഹവിശ്വാസികൾക്കുവേണ്ടി കരുതൽ കാണിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടത്‌ എന്താണ്‌?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രം]

സഹവിശ്വാസികളെ നിറഞ്ഞ മനസ്സോടെ സ്വാഗതംചെയ്യുക

[23-ാം പേജിലെ ചിത്രം]

മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരങ്ങൾ പാഴാക്കരുത്‌