വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയപൂർവം കൊടുക്കുക

ഹൃദയപൂർവം കൊടുക്കുക

ഹൃദയപൂർവം കൊടുക്കുക

സത്യാരാധനയ്‌ക്കായി സംഭാവനകൾ നൽകുന്നതിനെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഓരോരുത്തനും താൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ ചെയ്യട്ടെ; വൈമുഖ്യത്തോടെ അരുത്‌; നിർബന്ധത്താലും അരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവനെയത്രേ ദൈവം സ്‌നേഹിക്കുന്നത്‌.” (2 കൊരി. 9:7) സത്യാരാധനയെ പിന്തുണയ്‌ക്കാൻ യഹോവ ആരെയും നിർബന്ധിക്കുന്നില്ല. മറിച്ച്‌, സ്വമനസ്സാലെ ഹൃദയപൂർവം അതിനെ പിന്തുണച്ചുകൊണ്ട്‌ തങ്ങളുടെ ഭക്തി പ്രകടിപ്പിക്കാൻ യഹോവ തന്റെ ദാസന്മാർക്ക്‌ അവസരം നൽകുന്നു. ചരിത്രത്തിലുടനീളം ദൈവജനം സന്തോഷത്തോടെ അതു ചെയ്‌തിട്ടുമുണ്ട്‌. മൂന്ന്‌ ഉദാഹരണങ്ങൾ നമുക്കിപ്പോൾ നോക്കാം.

യഹോവ ഇസ്രായേല്യരെ ഈജിപ്‌റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്നശേഷം ഒരു സമാഗമനകൂടാരം നിർമിക്കാൻ അവരോട്‌ ആവശ്യപ്പെട്ടു. നിർമാണത്തിന്‌ ആവശ്യമായ സാധനസാമഗ്രികൾ സംഭാവന ചെയ്യാൻ ഇസ്രായേല്യർക്ക്‌ അവസരം ലഭിച്ചു. ‘ഹൃദയത്തിൽ ഉത്സാഹം തോന്നിയവരെല്ലാം’ സ്വർണം, വെള്ളി, ആഭരണങ്ങൾ തുടങ്ങി പല സാധനങ്ങളും കൊണ്ടുവന്നു. സംഭാവനകൾ ആവശ്യത്തിലധികമായപ്പോൾ ഇനിയൊന്നും കൊണ്ടുവരേണ്ടതില്ലെന്ന്‌ ജനത്തോട്‌ പ്രഖ്യാപിക്കേണ്ടതായിപ്പോലും വന്നു.—പുറ. 35:5, 21; 36:6, 7.

നൂറ്റാണ്ടുകൾക്കുശേഷം യെരുശലേമിലെ ആലയം നിർമിക്കുന്ന സമയത്ത്‌ സത്യാരാധനയെ പിന്തുണയ്‌ക്കാൻ ദൈവജനത്തിന്‌ വീണ്ടും അവസരം ലഭിച്ചു. ദാവീദുരാജാവുതന്നെയും ആലയനിർമാണത്തിനായി വലിയൊരു സംഭാവന നൽകി. തുടർന്ന്‌ സംഭാവന നൽകാൻ അവൻ ജനത്തിനു ക്ഷണം നൽകി. എല്ലാവരും ഉത്സാഹത്തോടെ സംഭാവനകൾ കൊണ്ടുവന്നു. സംഭാവനയായി ലഭിച്ച സ്വർണവും വെള്ളിയും മാത്രമെടുത്താൽ ഇന്നത്തെ നിരക്കിൽ 10,000 കോടിയിലധികം ഡോളർ വരും! തങ്ങൾക്കുള്ളത്‌ യഹോവയ്‌ക്കു നൽകാൻ അവർക്ക്‌ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.—1 ദിന. 29:3-9; 2 ദിന. 5:1.

യേശുക്രിസ്‌തുവിന്റെ ആദിമകാല അനുഗാമികളും സമാനമായ മനോഭാവം പ്രകടിപ്പിച്ചു. എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ ഏകദേശം 3,000 പേർ സ്‌നാനമേറ്റിരുന്നു. അവരിൽ പലരും മറ്റു സ്ഥലങ്ങളിൽനിന്ന്‌ യെരുശലേമിലേക്കു വന്നവരായിരുന്നു. പുതിയ വിശ്വാസത്തെക്കുറിച്ചു കൂടുതൽ പഠിക്കാൻ കഴിയേണ്ടതിന്‌ അവർ യെരുശലേമിൽത്തന്നെ താമസിക്കേണ്ടിയിരുന്നു. അവരിൽ സാമ്പത്തികശേഷി കുറഞ്ഞവരെ സഹായിക്കാനായി മറ്റു ക്രിസ്‌ത്യാനികൾ ഒരു ധനശേഖരണം നടത്തി. സഹോദരന്മാർ അവരുടെ വസ്‌തുവകകൾ വിറ്റ പണം അപ്പൊസ്‌തലന്മാരെ ഏൽപ്പിച്ചു. ആ ക്രിസ്‌ത്യാനികൾ കാണിച്ച വിശ്വാസവും സ്‌നേഹവും യഹോവയെ എത്ര സന്തോഷിപ്പിച്ചിരിക്കണം!—പ്രവൃ. 2:41-47.

സമയവും ഊർജവും പണവും മനസ്സോടെ ചെലവഴിച്ചുകൊണ്ട്‌ ഇന്നും ക്രിസ്‌ത്യാനികൾ മനസ്സോടെ സത്യാരാധനയെ പിന്തുണയ്‌ക്കുന്നു. നിങ്ങളും അതു ചെയ്യാൻ ആഗ്രഹിക്കുന്നുവോ? അതിനുള്ള ചില മാർഗങ്ങളാണ്‌ ഇതോടൊപ്പമുള്ള ചതുരത്തിൽ കൊടുത്തിരിക്കുന്നത്‌.

[18, 19 പേജിൽ ചതുരം]

ചിലർ സംഭാവന നൽകുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേല” എന്ന ലേബലുള്ള സംഭാവനപ്പെട്ടിയിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.

ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കുന്നു. സ്വമേധാസംഭാവനകൾ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ നേരിട്ടും അയയ്‌ക്കാവുന്നതാണ്‌. (താഴെക്കൊടുത്തിരിക്കുന്ന തരത്തിലുള്ള സംഭാവനകളും നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ നേരിട്ട്‌ അയയ്‌ക്കാവുന്നതാണ്‌.) ചെക്കുകൾ “Watch Tower”-ന്റെ പേരിലായിരിക്കണം. * കൂടാതെ ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌. അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഒപ്പം വെക്കണം.

സോപാധിക ദാന ട്രസ്റ്റ്‌ ക്രമീകരണം *

വാച്ച്‌ടവറിന്‌ ലോകവ്യാപകമായി ഉപയോഗിക്കുന്നതിനായി പണം ട്രസ്റ്റിൽ നിക്ഷേപിക്കാവുന്നതാണ്‌. എന്നാൽ ദാതാവ്‌ ആവശ്യപ്പെടുന്നപക്ഷം അതു തിരികെ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌, പ്രാദേശിക ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ആസൂത്രിത കൊടുക്കൽ *

നിരുപാധിക ദാനമായി പണം നൽകുന്നതിനു പുറമേ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ആശ്രയിച്ച്‌, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി സംഭാവനചെയ്യുന്നതിനു വേറെയും മാർഗങ്ങളുണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ (Watch Tower) പേര്‌ വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ വാച്ച്‌ടവറിനെ ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, പെൻഷൻ അക്കൗണ്ടുകൾ എന്നിവയുടെ ട്രസ്റ്റിയാക്കാവുന്നതാണ്‌. ചില രാജ്യങ്ങളിൽ വ്യക്തിയുടെ മരണശേഷം അവ വാച്ച്‌ടവറിനു ലഭിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്‌ടവറിനു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌. നിയമസാധുതയുള്ള വിൽപ്പത്രത്തിൽ ഗുണഭോക്താവായും വാച്ച്‌ടവറിന്റെ (Watch Tower) പേര്‌ വെക്കാവുന്നതാണ്‌.

സ്ഥാവരവസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവരവസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവരവസ്‌തു ആധാരം ചെയ്യുന്നതിനുമുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ഗിഫ്‌റ്റ്‌ അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ ഒരു വാച്ച്‌ടവർ കോർപ്പറേഷനു കൈമാറുന്ന ക്രമീകരണമാണ്‌ ഗിഫ്‌റ്റ്‌ അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷന്തോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ്‌ അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന്‌ ആദായ നികുതിയിൽ ഇളവു ലഭിക്കും.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ മരണാനന്തര അവകാശമായി Watch Tower-നു നൽകാവുന്നതാണ്‌. * അല്ലെങ്കിൽ ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ പേര്‌ വെക്കാവുന്നതാണ്‌. ഒരു ട്രസ്റ്റ്‌ ക്രമീകരണത്തിന്റെ ഗുണഭോക്താവ്‌ ഒരു മതസംഘടന ആയിരിക്കുമ്പോൾ ചില രാജ്യങ്ങളിൽ നികുതിയിളവുകൾ ലഭിച്ചേക്കാം.

“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവെ ദാതാവിന്റെ ഭാഗത്തുനിന്നു കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable Planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനീഷിലും തയ്യാറാക്കിട്ടുണ്ട്‌. * ഇപ്പോൾത്തന്നെയോ അല്ലെങ്കിൽ ഒരു വിൽപ്പത്രം മുഖേനയോ ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ്‌ ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്‌. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ചനടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ മതപരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്കു കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌, താഴെക്കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസുമായി) കത്തുമുഖേനയോ ടെലിഫോണിലൂടെയോ ബന്ധപ്പെടുക.

Jehovah’s Witnesses,

Post Box 6440,

Yelahanka,

Bangalore 560 064,

Karnataka.

Telephone: (080) 28468072

[അടിക്കുറിപ്പുകൾ]

^ ഖ. 11 ഇന്ത്യയിൽ, “The Watch Tower Bible & Tract Society of India”—യുടെ പേരിലായിരിക്കണം ചെക്കുകൾ.

^ ഖ. 12 ഇന്ത്യയിൽ ബാധകമല്ല

^ ഖ. 14 കുറിപ്പ്‌: നികുതിനിയമങ്ങൾ രാജ്യംതോറും വ്യത്യസ്‌തമായിരുന്നേക്കാം. നികുതി നിയമവും നികുതി ആസൂത്രണവും സംബന്ധിച്ച്‌ നിങ്ങളുടെ അക്കൗണ്ടന്റുമായോ വക്കീലുമായോ ചർച്ചചെയ്യുക. അന്തിമ തീരുമാനത്തിനുമുമ്പ്‌ ദയവായി ബ്രാഞ്ച്‌ ഓഫീസുമായും ബന്ധപ്പെടുക.

^ ഖ. 21 ഇന്ത്യയിൽ, “The Watch Tower Bible & Tract Society of India”-യ്‌ക്കു ലഭിക്കുന്ന വിധത്തിലായിരിക്കണം ഇതു തയ്യാറാക്കേണ്ടത്‌.

^ ഖ. 22 ഇന്ത്യയിൽ ലഭ്യമല്ല