ഉത്സാഹത്തോടെ ദൈവത്തെ സേവിക്കുക: സന്തോഷം കണ്ടെത്തുക
ഉത്സാഹത്തോടെ ദൈവത്തെ സേവിക്കുക: സന്തോഷം കണ്ടെത്തുക
യഹോവയുടെ ഒരു ദാസനായ നിങ്ങൾ സന്തോഷമുള്ളവനായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. (സങ്കീ. 100:2) എന്നാൽ നിങ്ങളുടെ ജീവിതത്തിരക്ക് ആ സന്തോഷത്തിന് മങ്ങലേൽപ്പിക്കുന്നുണ്ടോ? യഹോവയ്‌ക്കു സമർപ്പിച്ച് അവന്റെ ഒരു ദാസനായി ജീവിതം ആരംഭിച്ചപ്പോൾ ഇത്രയധികം തിരക്ക് നിങ്ങൾക്ക് ഇല്ലായിരുന്നിരിക്കാം. എന്നാലിപ്പോൾ ലൗകികവും ആത്മീയവുമായ ഉത്തരവാദിത്വങ്ങൾ നിങ്ങളെ സമ്മർദത്തിൻകീഴിൽ ആക്കുന്നുണ്ടോ? ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ചെയ്യാൻ സാധിക്കാത്തതിന്റെ കുറ്റബോധവും നിങ്ങളെ അലട്ടുന്നുണ്ടാകാം. അങ്ങനെയെങ്കിൽ ജീവിതത്തിലെ ഓരോ കാര്യങ്ങൾക്കും അത് അർഹിക്കുന്ന സ്ഥാനം നൽകാനും അങ്ങനെ “യഹോവയിങ്കലെ സന്തോഷം” നിലനിറുത്താനും നിങ്ങൾക്ക് എങ്ങനെ കഴിയും?—നെഹെ. 8:10.
ദുഷ്‌കര സമയങ്ങളിൽ ജീവിക്കുന്നതുകൊണ്ടും പലവിധ സമ്മർദങ്ങൾക്ക് അധീനരായിരിക്കുന്നതുകൊണ്ടും ജീവിതത്തിന് അടുക്കുംചിട്ടയും ഉണ്ടാക്കുക എന്നതാണ് ആദ്യപടി. നിശ്വസ്‌തതയിൽ അപ്പൊസ്‌തലനായ പൗലോസ് നൽകിയ ചില നിർദേശങ്ങൾ ഇക്കാര്യത്തിൽ നിങ്ങൾക്ക് വിശേഷാൽ മാർഗദർശനമേകും: “നിങ്ങൾ എങ്ങനെ നടക്കുന്നുവെന്നതിനു സൂക്ഷ്‌മശ്രദ്ധ നൽകുവിൻ; ഭോഷന്മാരായിട്ടല്ല, ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ.”—എഫെ. 5:15, 16.
ഈ നിർദേശത്തിന്റെ വെളിച്ചത്തിൽ, ന്യായമായ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് വ്യക്തിപരമായ പഠനം, കുടുംബത്തിനായി കരുതൽ, വയൽസേവനം, ലൗകിക തൊഴിൽ, മറ്റു പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് അതാതിന്റെ പ്രാധാന്യം നൽകാൻ നിങ്ങൾക്കെങ്ങനെ സാധിക്കും?
ദൈവത്തിന് സമർപ്പിച്ച് സ്‌നാനമേറ്റ ആ കാലങ്ങളിൽ നിങ്ങൾ അനുഭവിച്ച സന്തോഷം ഇടയ്‌ക്കൊക്കെ നിങ്ങൾ അയവിറക്കാറുണ്ടോ? യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയുംകുറിച്ച് പഠിച്ചതിൽനിന്നാണ് ആ സന്തോഷം നിങ്ങൾക്കു ലഭിച്ചത്. ആ അറിവും സന്തോഷവും ലഭിക്കുന്നതിനുവേണ്ടി മാസങ്ങളോളംതന്നെ നിങ്ങൾ ശുഷ്‌കാന്തിയോടെ പഠിച്ചിട്ടുണ്ടാകണം. ആ ശ്രമങ്ങളൊന്നും വ്യർഥമായില്ല, അതു നിങ്ങളുടെ ജീവിതത്തെ മെച്ചമായ ഒരു വഴിത്താരയിലേക്കു തിരിച്ചുവിട്ടു.
നിങ്ങളുടെ ആ സന്തോഷം നിലനിറുത്തുന്നതിന് നിങ്ങൾ തുടർന്നും ചെയ്യേണ്ടത് അതു തന്നെയാണ്, ആത്മീയമായി സ്വയം പോഷിപ്പിച്ചുകൊണ്ടിരിക്കുക! ബൈബിൾ വായിക്കാനും പഠിക്കാനും സമയം കണ്ടെത്താനാകുന്നില്ലെങ്കിൽ നിങ്ങളുടെ ജീവിതചര്യ ഒന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു ദിവസം ഏതാനും മിനിറ്റുകൾ മാത്രമേ പഠനത്തിനും ധ്യാനത്തിനുമായി മാറ്റിവെക്കാൻ കഴിയുന്നുള്ളുവെങ്കിൽപ്പോലും അത് ചെയ്യാതിരിക്കരുത്, കാരണം അത് നിങ്ങളെ യഹോവയോട് കൂടുതൽ അടുപ്പിക്കും. അതാകട്ടെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
അത്ര പ്രധാനമല്ലാത്ത കാര്യങ്ങൾക്കുവേണ്ടി ചെലവിടുന്ന സമയത്തിൽനിന്ന് പ്രധാനപ്പെട്ട കാര്യങ്ങൾക്കുവേണ്ടി സമയം കണ്ടെത്താൻ മിക്ക ക്രിസ്‌ത്യാനികൾക്കും സാധിക്കും. സ്വയമൊന്നു വിശകലനം ചെയ്‌തുനോക്കൂ: ‘പത്രമാസികകൾ വായിക്കാനും ടിവി കാണാനും പാട്ടുകേൾക്കാനും ഹോബികൾക്കുമൊക്കെയായി ഞാൻ എത്ര സമയം ചെലവിടുന്നുണ്ട്?’ ഇതൊക്കെ സന്തോഷം നൽകുന്ന കാര്യങ്ങളാണ്. പക്ഷേ, അവയൊക്കെ യഥാസ്ഥാനത്തു നിറുത്തണമെന്നുമാത്രം. 1 തിമൊ. 4:8) സമയം വിനിയോഗിക്കുന്ന കാര്യത്തിൽ നിങ്ങൾ പരാജയപ്പെടുന്നെങ്കിൽ അതു പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുക.
(മൂന്നുമക്കളുടെ പിതാവും ഒരു മൂപ്പനുമായ ആദം പറയുന്നു: “ലളിതമായ ഒരു ജീവിതം നയിക്കാൻ ഞാൻ ശ്രമിക്കുന്നു. എന്റെ സമയം കവർന്നെടുക്കുന്ന ഹോബികളും എന്റെ സമയവും ശ്രദ്ധയും ഏറെ ആവശ്യമുള്ള വസ്‌തുക്കളും ഞാൻ ഒഴിവാക്കും. ഇതിന്റെ അർഥം ഞാനൊരു പരിത്യാഗിയാണെന്നല്ല. ലളിതമായ വിനോദങ്ങളിൽ ഞാൻ പങ്കെടുക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്നു.”
നല്ല തീരുമാനങ്ങളെടുത്തതിന്റെ ഗുണഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്, നിങ്ങളുടെ സന്തോഷം മങ്ങാതെ സൂക്ഷിക്കുന്നതിനും ശുഭാപ്‌തിവിശ്വാസമുള്ളവരായിരിക്കുന്നതിനും സഹായകമാണ്. മൂന്നുമക്കളുടെ പിതാവും മൂപ്പനുമായ മാരിയൂഷ് സഹോദരൻ പറയുന്നു: “ബൈബിൾ പഠിക്കാൻ തുടങ്ങിയതോടെ എനിക്കു ശുഭാപ്‌തിവിശ്വാസം കൈവന്നു. ഇടയ്‌ക്ക് ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ നേരിടാറുണ്ട്. അവയിൽ പലതും യഹോവയ്‌ക്കുമാത്രമേ മനസ്സിലാക്കാൻ സാധിക്കൂ. അവന്റെ പിന്തുണയുള്ളതുകൊണ്ട് ഭാവിയിലേക്ക് പ്രത്യാശയോടും സന്തോഷത്തോടുംകൂടെ നോക്കാൻ എനിക്കു കഴിയുന്നു.”
മാരിയൂഷ് സഹോദരന്റെ കാര്യത്തിൽ കണ്ടതുപോലെ ശുഭാപ്‌തിവിശ്വാസം എല്ലാ ഉത്‌കണ്‌ഠകളും ഇല്ലാതാക്കുന്നില്ല. എങ്കിലും മനശ്ശാന്തി പകരാനും ജീവിതത്തിലെ വെല്ലുവിളികളെ നല്ല രീതിയിൽ കൈകാര്യംചെയ്യാനും അത്തരമൊരു മനോഗതി നിങ്ങളെ സഹായിക്കും. തിരുവെഴുത്തിൽ നാം ഇങ്ങനെ കാണുന്നു: “അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.” (സദൃ. 15:15) ദൈവം ഇപ്പോൾത്തന്നെ നിങ്ങളോടു കാണിച്ചിരിക്കുന്ന സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചിന്തിക്കുന്നത് ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം ദൃഢമാക്കാനും യഹോവയിങ്കലെ സന്തോഷം വർധിപ്പിക്കാനും ഉതകും.—മത്താ. 22:37.
യഹോവയ്‌ക്കും അവന്റെ ഉദ്ദേശ്യങ്ങൾക്കും ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നത് കുടുംബത്തിന്റെ സന്തോഷം വർധിപ്പിക്കും. ക്രിസ്‌തീയ ഗുണങ്ങൾ പകർത്തുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള ഉരസലുകൾ കുറയ്‌ക്കാൻ സഹായിക്കും, അത് പരസ്‌പരമുള്ള അടുപ്പവും സന്തോഷവും കൂട്ടുകയും ചെയ്യും. അങ്ങനെ, നിങ്ങളുടെ വീട്ടിൽ ഒരുമയും സമാധാനവും കളിയാടും.—സങ്കീ. 133:1.
കുടുംബം ഒന്നിച്ച് ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിങ്ങൾക്ക് ഏറെ സന്തോഷം പകരും. മാരിയൂഷ് സഹോദരൻ പറയുന്നു: “കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്ന സമയങ്ങളെ ഞാൻ വിലപ്പെട്ടതായി കരുതുന്നു. നിസ്‌തുലമായ പിന്തുണയുമായി ഭാര്യ എപ്പോഴും എന്നോടൊപ്പമുണ്ട്. ഞാൻ ശുശ്രൂഷയ്‌ക്ക് പോകുമ്പോഴും കൺവെൻഷനുകൾക്കുമുമ്പായി സ്റ്റേഡിയം വൃത്തിയാക്കുമ്പോഴും മറ്റു സഭകളിൽ പരസ്യപ്രസംഗത്തിനായി പോകുമ്പോഴും, സാധ്യമാകുമ്പോഴൊക്കെ അവൾ എന്നോടൊപ്പം വരും. ഇത് എനിക്ക് വളരെ പ്രോത്സാഹനമേകുന്നു.”
കുടുംബാംഗങ്ങളുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ ക്രിസ്‌ത്യാനികളോട് തിരുവെഴുത്തുകൾ കൽപ്പിക്കുന്നു. (1 തിമൊ. 5:8) എന്നാൽ നിങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും നല്ലൊരുപങ്ക് നിങ്ങളുടെ തൊഴിൽ കവർന്നെടുക്കുന്നെങ്കിൽ ദൈവസേവനത്തിലെ നിങ്ങളുടെ സന്തോഷം കെടുത്തിക്കളയാൻ അതിനു സാധിക്കും. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ പ്രാർഥനയിൽ യഹോവയുടെ സഹായം അഭ്യർഥിക്കുക. (സങ്കീ. 55:22) ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതിനുവേണ്ടി മറ്റൊരു ജോലി കണ്ടെത്തേണ്ടതുണ്ടെന്ന് ചിലർ മനസ്സിലാക്കിയിരിക്കുന്നു. നിങ്ങളുടെ സമയവും ശ്രദ്ധയും ഏറെ ആവശ്യപ്പെടുന്ന ഒരു ജോലി നൽകുന്ന ഭൗതികനേട്ടങ്ങൾ നിങ്ങളുടെ കണ്ണു മഞ്ഞളിപ്പിക്കരുത്, കാരണം അങ്ങനെ സംഭവിച്ചാൽ പ്രാധാന്യമേറിയ ആത്മീയ കാര്യങ്ങൾ നിങ്ങൾ കാണാതെപോയേക്കും.—സദൃ. 22:3.
പുതിയ ഒരു ജോലി സ്വീകരിക്കുന്നതിനുമുമ്പ് അതിന്റെ ഗുണവും ദോഷവും ഒരു കടലാസിൽ എഴുതിനോക്കുന്നത് നന്നായിരിക്കും. ഇപ്പോഴുള്ള ജോലിയുടെ കാര്യത്തിലും നിങ്ങൾക്ക് ഇതുതന്നെ ചെയ്യാൻ സാധിക്കും. നല്ല ശമ്പളമുള്ള, സംതൃപ്‌തി നൽകുന്ന ജോലി ആരും ആഗ്രഹിക്കും. എന്നാൽ ആ ജോലി നിങ്ങളുടെ കുടുംബത്തിന് ആത്മീയഹാനിവരുത്തുന്ന ഒന്നാണോ? വസ്‌തുനിഷ്‌ഠമായി ഈ കാര്യങ്ങളൊക്കെ വിലയിരുത്തുക, എന്നിട്ട് യഹോവയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുംവിധത്തിലുള്ള തീരുമാനങ്ങളെടുക്കുക.
നിങ്ങളുടെ ഇപ്പോഴത്തെ ജോലി ആത്മീയമായി പുരോഗമിക്കുന്നതിന് ഒരു തടസ്സമായി നിൽക്കുകയാണോ? എങ്കിൽ ചില പോംവഴികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പല ക്രിസ്‌ത്യാനികളും ആത്മീയകാര്യങ്ങൾക്കു കൂടുതൽ സമയം കണ്ടെത്തിയിരിക്കുന്നു. പോളണ്ടിലുള്ള ഒരു സഹോദരൻ പറയുന്നു: “ബിസിനസ്സ് ആവശ്യങ്ങൾക്കായി പലപ്പോഴും യാത്ര ചെയ്യേണ്ടിയിരുന്ന ഒരു ജോലിയായിരുന്നു എന്റേത്. അതുകൊണ്ടുതന്നെ ആത്മീയകാര്യങ്ങൾക്കും മറ്റു കുടുംബകാര്യങ്ങൾക്കും ആവശ്യമായ ശ്രദ്ധകൊടുക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ജോലി ഉപേക്ഷിക്കുക എന്ന ഒരൊറ്റമാർഗമേ എന്റെ മുമ്പിലുണ്ടായിരുന്നുള്ളൂ.” തന്റെ സമയവും ഊർജവും അധികം കവർന്നെടുക്കാത്ത ഒരു ജോലിയാണ് ഇപ്പോൾ അദ്ദേഹം ചെയ്യുന്നത്.
മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുക
“‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ’ എന്ന് കർത്താവായ യേശുതന്നെയും” പറഞ്ഞു. (പ്രവൃ. 20:35) അങ്ങനെ കൊടുക്കാൻ കഴിയുന്ന അനേകം സന്ദർഭങ്ങൾ ഇന്നു ക്രിസ്‌ത്യാനികൾക്കുണ്ട്. ആത്മീയവേലയിൽ വ്യാപൃതരായിരിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാർക്ക് ഒരു പുഞ്ചിരി സമ്മാനിക്കുന്നതോ ഹസ്‌തദാനം ചെയ്യുന്നതോ ആത്മാർഥതയോടെ ഒരു നന്ദിപറയുന്നതോ മതിയാകും ഇരുകൂട്ടർക്കും സന്തോഷം പകരാൻ.
പൗലോസ് അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “വിഷാദമഗ്നരെ സാന്ത്വനപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ.” (1 തെസ്സ. 5:14) നിരാശയിലകപ്പെട്ടു കഴിയുന്നവർക്ക് ഒരുപക്ഷേ ഒറ്റയ്‌ക്ക് അവരുടെ പ്രശ്‌നങ്ങൾ നേരിടാനാവില്ലെന്നു തോന്നിയേക്കാം. അങ്ങനെയുള്ളവർക്ക് സഹായമേകാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങളുടെ സഹോദരങ്ങളിൽ ആർക്കെങ്കിലും യഹോവയുടെ സേവനത്തിലുള്ള സന്തോഷം നഷ്ടമായിട്ടുണ്ടെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങൾക്കും അതൊരു പ്രോത്സാഹനമാകും. ചില പ്രശ്‌നങ്ങൾക്കുള്ള പരിഹാരം നമ്മൾ മനുഷ്യരുടെ കൈകളിലില്ല. എങ്കിലും നിങ്ങൾക്ക് അവരോട് സഹാനുഭൂതിയോടെ ഇടപെടാനും യഹോവയുടെ ഒരിക്കലും നിലയ്‌ക്കാത്ത പിന്തുണയിൽ ആശ്രയിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനുമാകും. അതെ, യഹോവയിൽ ആശ്രയിക്കുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടിവരില്ല.—സങ്കീ. 27:10; യെശ. 59:1.
സന്തോഷം നഷ്ടപ്പെട്ടു കഴിയുന്നവരെ പ്രായോഗികമായി സഹായിക്കാനാകുന്ന മറ്റൊരുവിധം ശുശ്രൂഷയിൽ നിങ്ങളോടൊപ്പം അവരെ കൂട്ടിക്കൊണ്ടു പോകുക എന്നതാണ്. യേശു 70 ശിഷ്യന്മാരെ ശുശ്രൂഷയ്‌ക്ക് അയച്ചപ്പോൾ അവരെ “ഈരണ്ടായി” ആണ് അയച്ചത്. (ലൂക്കോ. 10:1) പരസ്‌പരം പ്രോത്സാഹിപ്പിക്കാനുള്ള ഒരു അവസരമല്ലേ അവൻ അതിലൂടെ സൃഷ്ടിച്ചത്? നിങ്ങൾക്ക് ആ മാതൃക അനുകരിച്ചുകൊണ്ട് സന്തോഷം വീണ്ടെടുക്കാൻ മറ്റുള്ളവരെ സഹായിക്കാൻ സാധിക്കുമോ?
ഉത്‌കണ്‌ഠയുളവാക്കുന്ന നിരവധി കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടെന്നുള്ളത് സത്യമാണ്. എങ്കിലും പൗലോസ് നമ്മെ ആശ്വസിപ്പിക്കുന്നു: “കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ! ഞാൻ വീണ്ടും പറയുന്നു: സന്തോഷിക്കുവിൻ!” (ഫിലി. 4:4) നിങ്ങൾ യഹോവയെ സ്‌നേഹിക്കുകയും അവനെ അനുസരിക്കുകയും അവൻ തന്നിരിക്കുന്ന നിയോഗം തീക്ഷ്‌ണതയോടെ നിറവേറ്റുകയും ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ട്. അത് നിങ്ങളുടെ ജീവിതത്തെ സന്തോഷഭരിതമാക്കും. അതിലുപരി, നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിടാൻ യഹോവ നിങ്ങളെ സഹായിക്കുകയും ചെയ്യും.—റോമ. 2:6, 7.
യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകം എത്ര അടുത്താണെന്ന് നമുക്ക് വിശ്വാസത്തിന്റെ കണ്ണുകളാൽ കാണാനാകും. സന്തോഷിക്കാനുള്ള എത്ര നല്ല കാരണങ്ങളും അനുഗ്രഹങ്ങളുമാണ് അതു നമുക്കേകുന്നത്! (സങ്കീ. 37:34) അതുകൊണ്ട് നമുക്ക് സന്തോഷമുള്ളവരായിരിക്കാം. ഇപ്പോൾപ്പോലും യഹോവ നമ്മെ എത്ര സമൃദ്ധമായാണ് അനുഗ്രഹിക്കുന്നതെന്ന കാര്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ. അങ്ങനെ നമുക്ക് ‘സന്തോഷത്തോടെ യഹോവയെ സേവിക്കാൻ’ കഴിയട്ടെ!—സങ്കീ. 100:2.
[8-ാം പേജിലെ ചിത്രക്കുറിപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
സന്തോഷമുള്ളവരായിരിക്കുന്നതിന്, സമയം വിനിയോഗിക്കുന്ന കാര്യത്തിൽ നിങ്ങൾ മാറ്റം വരുത്തേണ്ടതുണ്ടായിരിക്കാം
വിനോദങ്ങളും ഉല്ലാസങ്ങളും
വീടും കുടുംബവും
ജോലി
ക്രിസ്‌തീയ യോഗങ്ങൾ
വ്യക്തിപരമായ പഠനം
ശുശ്രൂഷ
[10-ാം പേജിലെ ചിത്രങ്ങൾ]
നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാൻ നിങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാനാകുമോ?