വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ലേശങ്ങളിലും സന്തോഷിക്കാൻ നിങ്ങൾക്കാകും

ക്ലേശങ്ങളിലും സന്തോഷിക്കാൻ നിങ്ങൾക്കാകും

ക്ലേശങ്ങളിലും സന്തോഷിക്കാൻ നിങ്ങൾക്കാകും

“(യഹോവേ,) നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്‌നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും.”—സങ്കീ. 5:11.

1, 2. (എ) ജീവിതം ക്ലേശപൂർണമാക്കുന്ന ചില കാര്യങ്ങൾ ഏവ? (ബി) ഇവയ്‌ക്കുപുറമേ, സത്യക്രിസ്‌ത്യാനികൾക്ക്‌ മറ്റ്‌ എന്തുകൂടി സഹിക്കേണ്ടിവരുന്നു?

മനുഷ്യരെ പൊതുവിൽ ബാധിക്കുന്ന പ്രശ്‌നങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും യഹോവയുടെ സാക്ഷികളായ നാം ഒഴിവുള്ളവരല്ല. കുറ്റകൃത്യങ്ങളും യുദ്ധങ്ങളുംമറ്റും വരുത്തിവെക്കുന്ന ദുരിതങ്ങളിലൂടെ പല ദൈവദാസർക്കും കടന്നുപോകേണ്ടിവന്നിട്ടുണ്ട്‌. പ്രകൃതിവിപത്തുകൾ, ദാരിദ്ര്യം, രോഗം, മരണം ഇങ്ങനെ ജീവിതം ദുസ്സഹമാക്കുന്ന കാരണങ്ങൾ നിരവധി. അപ്പൊസ്‌തലനായ പൗലോസ്‌ എഴുതിയത്‌ എത്ര സത്യമാണ്‌: “ഇന്നോളം സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദനപ്പെട്ടിരിക്കുന്നു.” (റോമ. 8:22) മാത്രമല്ല, നമ്മുടെതന്നെ അപൂർണതകളും നമ്മെ ഞെരുക്കുന്നു. ദാവീദുരാജാവ്‌ എഴുതി: “എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.” നാം ആരെങ്കിലും ഇതിനോടു വിയോജിക്കുമോ?—സങ്കീ. 38:4.

2 പൊതുവെയുള്ള ഈ പ്രശ്‌നങ്ങൾക്കുപുറമേ, സത്യക്രിസ്‌ത്യാനികൾക്ക്‌ ഒരു ‘ദണ്ഡനസ്‌തംഭവും’ ചുമക്കേണ്ടതുണ്ട്‌. (ലൂക്കോ. 14:27) അതെ, അവർ വിദ്വേഷത്തിനും പീഡനത്തിനും പാത്രമാകുന്നു, അവരുടെ നായകനായ യേശുവിനെപ്പോലെ. (മത്താ. 10:22, 23; യോഹ. 15:20; 16:2) അതുകൊണ്ട്‌, പുതിയലോകത്തിലെ അനുഗ്രഹങ്ങൾക്കായി കാത്തിരിക്കുന്ന ഈ കാലയളവിൽ ക്രിസ്‌തുവിനെ പിന്തുടരുന്നതിന്‌ നമ്മുടെ ഭാഗത്ത്‌ കഠിനശ്രമവും സഹിഷ്‌ണുതയും കൂടിയേതീരൂ.—മത്താ. 7:13, 14; ലൂക്കോ. 13:24.

3. ദൈവത്തെ പ്രസാദിപ്പിക്കാൻ ക്രിസ്‌ത്യാനികൾ ക്ലേശപൂർണമായ ഒരു ജീവിതം നയിക്കേണ്ടതില്ലെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

3 ഇതിനർഥം, സത്യക്രിസ്‌ത്യാനികളുടെ ജീവിതം സന്തോഷം അന്യമായ, സങ്കടങ്ങൾ മാത്രമുള്ള ഒന്നായിരിക്കണമെന്നാണോ? അല്ല. യഹോവ തന്റെ വാഗ്‌ദാനങ്ങൾ നിറവേറ്റുന്ന കാലത്തിനായി കാത്തിരിക്കുന്ന ഈ സമയം നാം സന്തോഷത്തോടെ ജീവിക്കണമെന്നുതന്നെയാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. സത്യാരാധകരെ സന്തോഷമുള്ള ഒരു ജനമായി പരാമർശിക്കുന്ന പല തിരുവെഴുത്തുകളുണ്ട്‌. (യെശയ്യാവു 65:13, 14 വായിക്കുക.) “(യഹോവേ,) നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും” എന്ന്‌ സങ്കീർത്തനം 5:11-ൽ നാം വായിക്കുന്നു. അതെ, കഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാകുമ്പോഴും നല്ലൊരളവുവരെ സന്തോഷവും സംതൃപ്‌തിയും സമാധാനവുമൊക്കെ ഉണ്ടായിരിക്കുക സാധ്യമാണ്‌. സന്തോഷം നഷ്ടമാകാതെതന്നെ ക്ലേശങ്ങളെയും പരിശോധനകളെയും നേരിടാമെന്ന്‌ ബൈബിൾ നമുക്കു കാണിച്ചുതരുന്നു. അത്‌ എങ്ങനെയെന്ന്‌ നമുക്കു നോക്കാം.

യഹോവ—“ധന്യനായ ദൈവം”

4. തന്റെ ഹിതത്തെ തന്റെ സൃഷ്ടികൾ അവഗണിച്ചപ്പോൾ യഹോവയ്‌ക്ക്‌ എന്തുതോന്നി?

4 യഹോവയെക്കുറിച്ചുതന്നെ ചിന്തിക്കാം. സർവശക്തനായ അവന്റെ അധീനതയിലാണ്‌ ഈ മുഴുപ്രപഞ്ചവും. അവന്‌ യാതൊന്നിന്റെയും കുറവില്ല, ആരുടെയും ആവശ്യവുമില്ല. എങ്കിലും, തന്റെ ആത്മപുത്രന്മാരിൽ ഒരാൾ തന്നോട്‌ മത്സരിച്ച്‌ സാത്താനായിത്തീർന്നപ്പോൾ അവന്‌ വേദന തോന്നിയിരിക്കണം. പിന്നീട്‌, മറ്റു ചില ദൂതന്മാരും ആ മത്സരത്തിൽ പങ്കുചേർന്നപ്പോൾ അതും അവനെ ദുഃഖിപ്പിച്ചിട്ടുണ്ടാകും. ഭൗതികപ്രപഞ്ചത്തിലെ തന്റെ അനുപമസൃഷ്ടിയായ ആദ്യമനുഷ്യജോഡി തനിക്കു പുറംതിരിഞ്ഞപ്പോൾ അവനുണ്ടായ വേദനയെക്കുറിച്ച്‌ ഓർക്കുക! അവരുടെ സന്തതിപരമ്പരയിലെ കോടാനുകോടി മനുഷ്യർ അന്നുമുതൽ ഇന്നോളം യഹോവയുടെ അധികാരത്തെ തിരസ്‌കരിച്ചിരിക്കുന്നു.—റോമ. 3:23.

5. യഹോവയെ വിശേഷാൽ ദുഃഖിപ്പിക്കുന്നത്‌ എന്താണ്‌?

5 സാത്താന്റെ മത്സരത്തിന്‌ ഇന്നും ഒട്ടും അയവുവന്നിട്ടില്ല. ഏതാണ്ട്‌ 6,000 വർഷമായി മനുഷ്യൻ ചെയ്‌തുകൊണ്ടിരിക്കുന്ന അക്രമവും കൊലപാതകവും വിഗ്രഹാരാധനയും ലൈംഗിക വൈകൃതങ്ങളും യഹോവ കണ്ടുകൊണ്ടാണിരിക്കുന്നത്‌. (ഉല്‌പ. 6:5, 6, 11, 12) ഇതിനുപുറമേ, തനിക്കെതിരെയുള്ള കടുത്ത ദൂഷണങ്ങളും അപവാദങ്ങളും അവൻ കേട്ടിരിക്കുന്നു. എന്തിന്‌, അവന്റെ ദാസന്മാർപോലും ചിലപ്പോഴൊക്കെ അവന്റെ ഹൃദയത്തെ വേദനിപ്പിച്ചിട്ടുണ്ട്‌. അത്തരമൊരു സാഹചര്യത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.” (സങ്കീ. 78:40, 41) തന്റെ സ്വന്തജനം തന്നെ തള്ളിപ്പറയുമ്പോഴുള്ള അവന്റെ ഹൃദയവേദന വളരെ വലുതാണ്‌. (യിരെ. 3:1-10) അതെ, ദുഃഖകരമായ കാര്യങ്ങൾ സംഭവിക്കുന്നു, അത്‌ യഹോവയെ വളരെയധികം വേദനിപ്പിക്കുകയും ചെയ്യുന്നു.—യെശയ്യാവു 63:9, 10 വായിക്കുക.

6. നിരാശാജനകമായ സാഹചര്യങ്ങളെ യഹോവ എങ്ങനെയാണ്‌ കൈകാര്യം ചെയ്യുന്നത്‌?

6 വേദനിപ്പിക്കുന്ന കാര്യങ്ങൾ സംഭവിക്കുമ്പോൾ യഹോവ ഒരിക്കലും തളർന്നുപോകുന്നില്ല. പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോൾ അതിന്റെ വിനാശകഫലങ്ങൾ ലഘൂകരിക്കാൻ യഹോവ ഉടനടി നടപടികൾ സ്വീകരിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനായി അവൻ ദീർഘകാല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. താനെടുത്ത ഫലവത്തായ നടപടികളിലൂടെ തന്റെ പരമാധികാരത്തെച്ചൊല്ലിയുള്ള വിവാദവിഷയം എന്നേക്കുമായി പരിഹരിക്കപ്പെടുമെന്നും വിശ്വസ്‌തരായ തന്റെ ആരാധകർ അതുവഴി അനുഗ്രഹിക്കപ്പെടുമെന്നും യഹോവയ്‌ക്ക്‌ ഉറപ്പുണ്ട്‌. ആ കാലത്തിനായി യഹോവ സന്തോഷത്തോടെ കാത്തിരിക്കുന്നു. (സങ്കീ. 104:31) ഇക്കാലമത്രയും കണക്കറ്റ നിന്ദയും ദുരാരോപണങ്ങളും തന്റെമേൽ പതിച്ചിട്ടും യഹോവയുടെ സന്തോഷത്തിന്‌ മങ്ങലേറ്റിട്ടില്ല. അവനെ “ധന്യനായ” ദൈവം എന്നാണ്‌ ബൈബിൾ വിളിക്കുന്നത്‌.—1 തിമൊ. 1:11; സങ്കീ. 16:11.

7, 8. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നമുക്കെങ്ങനെ യഹോവയെ അനുകരിക്കാം?

7 പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നകാര്യത്തിൽ നമുക്ക്‌ യഹോവയെപ്പോലെ ആയിരിക്കാൻ കഴിയില്ലെന്നുള്ളതു ശരിതന്നെ. എങ്കിലും ഇക്കാര്യത്തിൽ നമുക്ക്‌ അവനെ മാതൃകയാക്കാൻ കഴിയും. ജീവിതത്തിൽ പ്രശ്‌നങ്ങളും തിരിച്ചടികളുമൊക്കെ ഉണ്ടാകുമ്പോൾ മനസ്സുതളരുക സ്വാഭാവികമാണ്‌. പക്ഷേ ആ നിലയിൽത്തന്നെ നാം തുടരേണ്ടതില്ല. കാരണം, നാം യഹോവയുടെ പ്രതിച്ഛായയിലാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. അതിനാൽത്തന്നെ പ്രശ്‌നങ്ങളെ വിലയിരുത്താനും സാധ്യമാകുമ്പോഴൊക്കെ പ്രായോഗിക പടികൾ സ്വീകരിക്കാനും ആവശ്യമായ ചിന്താപ്രാപ്‌തിയും പ്രായോഗികബുദ്ധിയും നമുക്കുണ്ട്‌.

8 ജീവിതപ്രശ്‌നങ്ങളെ നേരിടുമ്പോൾ നാം മനസ്സിൽപ്പിടിക്കേണ്ട ഒരു കാര്യമുണ്ട്‌: ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനപ്പുറമാണെന്ന വസ്‌തുത. ഇതു തിരിച്ചറിയുന്നത്‌ പ്രശ്‌നങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ നമ്മെ സഹായിക്കും. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ചോർത്ത്‌ വേദനപ്പെട്ടിരിക്കുന്നത്‌ നമ്മുടെ മനോവ്യഥ കൂട്ടുകയേയുള്ളൂ. സത്യാരാധനയോട്‌ ബന്ധപ്പെട്ട്‌ നാം ആസ്വദിക്കുന്ന സന്തോഷമെല്ലാം അത്‌ ചോർത്തിക്കളയും. ഒരു പ്രശ്‌നം പരിഹരിക്കാൻ ന്യായമായ നടപടികൾ സ്വീകരിച്ചശേഷം അതേക്കുറിച്ചുള്ള ചിന്തവിട്ടിട്ട്‌ ഗുണകരമായ മറ്റെന്തെങ്കിലും കാര്യങ്ങളിലേക്ക്‌ ശ്രദ്ധതിരിച്ചുവിടുന്നതാണ്‌ ഏറ്റവുംനന്ന്‌. ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നതാണ്‌ പിൻവരുന്ന ബൈബിൾ വിവരണം.

ന്യായബോധം പ്രധാനം

9. ഹന്നാ ന്യായബോധം പ്രകടമാക്കിയത്‌ എങ്ങനെ?

9 ശമുവേൽ പ്രവാചകന്റെ അമ്മയായ ഹന്നായുടെ ദൃഷ്ടാന്തം നോക്കാം. മക്കളുണ്ടാകാത്തതിൽ വ്യസനിച്ചുകഴിയുകയായിരുന്ന അവൾ കടുത്ത പരിഹാസത്തിനും അപമാനത്തിനും പാത്രമായി. ചിലപ്പോഴൊക്കെ അവൾ സങ്കടവും നിരാശയുംകൊണ്ട്‌ കരഞ്ഞു പട്ടിണികിടക്കുമായിരുന്നു. (1 ശമൂ. 1:2-7) ഒരിക്കൽ യഹോവയുടെ ആലയത്തിൽവെച്ച്‌ അവൾ “മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.” (1 ശമൂ. 1:10) അവൾ പ്രാർഥിച്ചുതീർന്നശേഷം മഹാപുരോഹിതനായ ഏലി അവളുടെ അടുക്കൽവന്ന്‌, “സമാധാനത്തോടെ പൊയ്‌ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്‌കുമാറാകട്ടെ എന്നു . . . പറഞ്ഞു.” (1 ശമൂ. 1:17) ഇതോടെ, തനിക്കു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്‌തുകഴിഞ്ഞു എന്ന്‌ ഹന്നാ മനസ്സിലാക്കി. അവളുടെ വന്ധ്യത അവളുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലായിരുന്നു. ഇവിടെ അവൾ ന്യായബോധം പ്രകടമാക്കി. പിന്നെ അവൾ “തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.”—1 ശമൂ. 1:18.

10. തനിക്ക്‌ പരിഹരിക്കാനാകാത്ത ഒരു പ്രശ്‌നത്തെ നേരിട്ടപ്പോൾ പൗലോസ്‌ യാഥാർഥ്യബോധം പ്രകടമാക്കിയത്‌ എങ്ങനെ?

10 പ്രാതികൂല്യങ്ങൾ നേരിട്ടപ്പോൾ അപ്പൊസ്‌തലനായ പൗലോസും സമാനമായ മനോഭാവമാണ്‌ പ്രകടമാക്കിയത്‌. അവനെ വല്ലാതെ ക്ലേശിപ്പിച്ചിരുന്ന ഒരു പ്രശ്‌നമുണ്ടായിരുന്നു. “ജഡത്തിൽ ഒരു മുള്ള്‌” എന്നാണ്‌ അവൻ അതിനെ വിശേഷിപ്പിച്ചത്‌. (2 കൊരി. 12:7) അത്‌ നീങ്ങിക്കിട്ടാൻ അവൻ ആവുംവിധം ശ്രമിച്ചു, അതായത്‌ യഹോവയോട്‌ പ്രാർഥിച്ചു. എത്രവട്ടം? മൂന്നുവട്ടം. മൂന്നാംപ്രാവശ്യം പ്രാർഥിച്ചപ്പോൾ “ആ മുള്ള്‌” അത്ഭുതകരമായി നീക്കിക്കളയില്ലെന്ന കാര്യം ദൈവം അവനോടു പറഞ്ഞു. പൗലോസ്‌ ആ യാഥാർഥ്യം അംഗീകരിച്ചു. യഹോവയുടെ സേവനത്തിലായിരുന്നു പിന്നീട്‌ അവന്റെ ശ്രദ്ധമുഴുവനും.—2 കൊരിന്ത്യർ 12:8-10 വായിക്കുക.

11. ദുരിതങ്ങളെ നേരിടാൻ പ്രാർഥന എങ്ങനെ സഹായിക്കും?

11 നമ്മുടെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രാർഥിക്കുന്നത്‌ നിറുത്തിക്കളയണമെന്ന്‌ ഈ ദൃഷ്ടാന്തങ്ങൾ സൂചിപ്പിക്കുന്നില്ല. (സങ്കീ. 86:7) മറിച്ച്‌, പ്രാർഥിക്കണമെന്നുതന്നെയാണ്‌ ദൈവവചനം നമ്മോടു പറയുന്നത്‌: “ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.” നിങ്ങളുടെ ഈ അപേക്ഷകൾക്ക്‌ യഹോവ എങ്ങനെയായിരിക്കും ഉത്തരംനൽകുക? ദൈവവചനം പറയുന്നു: “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.” (ഫിലി. 4:6, 7) യഹോവ നമ്മുടെ പ്രശ്‌നങ്ങൾ നീക്കിക്കളഞ്ഞെന്നുവരില്ല. എന്നാൽ നമ്മുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരമായി നമ്മുടെ നിനവുകളെ അഥവാ ചിന്തകളെ അവൻ കാക്കും. എങ്ങനെ? ഒരു കാര്യത്തെക്കുറിച്ച്‌ നാം പ്രാർഥിച്ചുകഴിയുമ്പോൾ നമ്മുടെ മനസ്സൊന്നു ശാന്തമാകും, അപ്പോൾ ഉത്‌കണ്‌ഠയിൽ ആണ്ടുപോകുന്നതിന്റെ അപകടങ്ങൾ നമുക്ക്‌ കുറെക്കൂടി വ്യക്തമായി കാണാനായേക്കും.

ദൈവേഷ്ടം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തുക

12. നിരാശയിലാണ്ടു ജീവിക്കുന്നത്‌ ഹാനികരമായേക്കാവുന്നത്‌ എങ്ങനെ?

12 സദൃശവാക്യങ്ങൾ 24:10-ൽ നാം വായിക്കുന്നു: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” മറ്റൊരു സദൃശവാക്യം പറയുന്നു: “ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.” (സദൃ. 15:13) നിരാശയിൽ ആണ്ടുപോയ ചില ക്രിസ്‌ത്യാനികൾ ബൈബിൾ വായിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതും നിറുത്തിക്കളഞ്ഞിട്ടുണ്ട്‌. അവരുടെ പ്രാർഥനകൾ വെറും ചടങ്ങു മാത്രമായിത്തീരുന്നു, സഹവിശ്വാസികളിൽനിന്ന്‌ ഒറ്റപ്പെട്ടുകഴിയാൻ അവർ ശ്രമിച്ചേക്കാം. നിരാശയിലാണ്ടു കഴിയുന്നത്‌ ഹാനികരമാണ്‌.—സദൃ. 18:1, 14.

13. നിരാശ അകറ്റാനും ഒരുപരിധിവരെ സന്തോഷം കണ്ടെത്താനും നമ്മെ സഹായിക്കുന്ന ചില പ്രവർത്തനങ്ങൾ ഏതൊക്കെയാണ്‌?

13 നേരെമറിച്ച്‌, ശുഭപ്രതീക്ഷയോടെ കാര്യങ്ങളെ വീക്ഷിക്കുന്നത്‌ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ സാധിക്കുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കും. ദാവീദ്‌ എഴുതി: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു.” (സങ്കീ. 40:8) പ്രതിസന്ധികളും വിഷമങ്ങളും ഉണ്ടാകുമ്പോൾ നാം ഒരിക്കലും നമ്മുടെ ആത്മീയ ദിനചര്യയ്‌ക്കു ഭംഗം വരുത്തരുത്‌. വാസ്‌തവത്തിൽ, സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ്‌ സങ്കടങ്ങൾക്കുള്ള ഒരു മറുമരുന്ന്‌. ദൈവവചനം പതിവായി വായിക്കുന്നതും സവിസ്‌തരം അതു പഠിക്കാൻ ശ്രമിക്കുന്നതും സന്തോഷം കണ്ടെത്തുന്നതിനുള്ള ഒരു മാർഗമാണെന്ന്‌ യഹോവ പറയുന്നു. (സങ്കീ. 1:1, 2; യാക്കോ. 1:25) വിശുദ്ധ തിരുവെഴുത്തുകളിൽനിന്നും ക്രിസ്‌തീയ യോഗങ്ങളിൽനിന്നും കേൾക്കുന്ന “ഇമ്പമുള്ള വാക്കുകൾ” നമ്മുടെ ഹൃദയത്തിന്‌ ഉണർവേകുകയും നമ്മെ കൈ പിടിച്ച്‌ ഉയർത്തുകയും ചെയ്യും.—സദൃ. 12:25; 16:24.

14. യഹോവയിൽനിന്നുള്ള ഏത്‌ ഉറപ്പാണ്‌ ഇപ്പോൾ നമുക്ക്‌ സന്തോഷം കൈവരുത്തുന്നത്‌?

14 സന്തോഷമുള്ളവരായിരിക്കുന്നതിന്‌ നമുക്കു പല കാരണങ്ങളുണ്ട്‌. ദൈവം നൽകിയിരിക്കുന്ന രക്ഷയുടെ പ്രത്യാശതന്നെ നമ്മെ സന്തോഷഭരിതരാക്കുന്നില്ലേ? (സങ്കീ. 13:5) ഇപ്പോൾ പ്രശ്‌നങ്ങളും പ്രയാസങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിൽ ഉണ്ടായാലും, തന്നിൽ ആത്മാർഥമായി ആശ്രയിക്കുന്നവർക്കു ദൈവം ഒടുവിൽ പ്രതിഫലം നൽകുമെന്ന്‌ നമുക്കറിയാം. (സഭാപ്രസംഗി 8:12 വായിക്കുക.) പ്രവാചകനായ ഹബക്കൂക്കിന്‌ ആ ഉറപ്പ്‌ ഉണ്ടായിരുന്നു. അവന്റെ പിൻവരുന്ന വാക്കുകളൊന്നു ശ്രദ്ധിക്കൂ: “അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്‌ഫലമായ്‌പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.”—ഹബ. 3:17, 18.

“യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ”

15, 16. ഭാവി അനുഗ്രഹങ്ങൾക്കായി കാത്തിരിക്കവെ ആസ്വദിക്കാൻ കഴിയുന്ന ചില ദൈവിക സമ്മാനങ്ങൾ ഏവ?

15 ഭാവിയിലെ അനുഗ്രഹങ്ങൾക്കായി കാത്തിരിക്കവെ, ഇപ്പോൾ ലഭ്യമായിരിക്കുന്ന നല്ലദാനങ്ങൾ നാം ആസ്വദിക്കാതെ പോകരുതെന്ന്‌ യഹോവ ആഗ്രഹിക്കുന്നു. ബൈബിളിൽ നാം വായിക്കുന്നു: “ജീവിച്ചിരിക്കുമ്പോൾ സന്തോഷമായിരിക്കുകയും നന്മചെയ്യുകയും ചെയ്യുന്നതിനേക്കാൾ മെച്ചമായി മനുഷ്യർക്ക്‌ മറ്റൊന്നുമില്ലെന്നു എനിക്കറിയാം. ഓരോരുത്തരും ഭക്ഷിക്കുകയും പാനം ചെയ്യുകയും പ്രയത്‌നത്തിൽ തൃപ്‌തിനേടുകയും ചെയ്യുന്നു. അതു ദൈവത്തിന്റെ ദാനമാണ്‌.” (സഭാ. 3:12, 13, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) മറ്റുള്ളവർക്കുവേണ്ടി നല്ലകാര്യങ്ങൾ ചെയ്യുന്നത്‌ ‘നന്മചെയ്യുന്നതിൽ’ ഉൾപ്പെടുന്നു. വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്‌ എന്ന്‌ യേശുതന്നെയും പറയുകയുണ്ടായി. നമ്മുടെ ഇണയോടും കുട്ടികളോടും മാതാപിതാക്കളോടും ബന്ധുക്കളോടും കനിവോടെയും പരിഗണനയോടെയും ഇടപെടുന്നത്‌ നമുക്ക്‌ തികഞ്ഞ സംതൃപ്‌തിയേകും. (സദൃ. 3:27) അതുപോലെ നമ്മുടെ സഹവിശ്വാസികളോട്‌ ആർദ്രതയും അതിഥിപ്രിയവും കാണിക്കുന്നതും ക്ഷമിക്കാൻ മനസ്സുകാട്ടുന്നതും സന്തോഷം ഉളവാക്കുന്ന കാര്യങ്ങളാണ്‌, അത്‌ യഹോവയെ പ്രീതിപ്പെടുത്തുകയും ചെയ്യും. (ഗലാ. 6:10; കൊലോ. 3:12-14; 1 പത്രോ. 4:8, 9) ത്യാഗനിർഭരമായ മനസ്ഥിതിയോടെ നമ്മുടെ ശുശ്രൂഷ നിവർത്തിക്കുന്നതും നമ്മെ കൃതാർഥരാക്കും.

16 മേലുദ്ധരിച്ച സഭാപ്രസംഗിയുടെ വാക്കുകൾ, ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നതുപോലുള്ള ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളെക്കുറിച്ചു പറയുന്നു. പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോഴും യഹോവയിൽനിന്നു നമുക്കോരോരുത്തർക്കും കിട്ടിയിരിക്കുന്ന ഭൗതികദാനങ്ങളിൽ നമുക്കു സന്തോഷം കണ്ടെത്താനാകും. കൂടാതെ, മനോജ്ഞമായ സൂര്യാസ്‌തമയം, ചാരുതയാർന്ന പ്രകൃതിദൃശ്യങ്ങൾ, മൃഗക്കുഞ്ഞുങ്ങളുടെ കുസൃതികൾ, പ്രകൃതിയിലെ മറ്റ്‌ ഗംഭീരവിസ്‌മയങ്ങൾ ഇവയൊക്കെ നമ്മുടെ ഹൃദയത്തിന്‌ ആനന്ദം പകരുന്നതിനായി യഹോവ നൽകിയിരിക്കുന്ന ദാനങ്ങളല്ലേ? ഇവയെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോൾ എല്ലാ നല്ല ദാനങ്ങളുടെയും ഉറവിടമായ യഹോവയോടുള്ള സ്‌നേഹം നമ്മുടെ ഹൃദയത്തിൽ നിറഞ്ഞുതുളമ്പുകയില്ലേ?

17. കഷ്ടങ്ങളിൽനിന്നുള്ള പൂർണമുക്തി എങ്ങനെ സാധ്യമാകും, അതുവരെ നമുക്ക്‌ ആശ്വാസം പകരാൻ എന്തിനു കഴിയും?

17 ദൈവം, തന്നെ സ്‌നേഹിക്കുകയും തന്റെ കൽപ്പനകൾ അനുസരിക്കുകയും മറുവിലയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നവരെ ക്ലേശപൂർണമായ ഈ ജീവിതത്തിന്റെ യാതനകളിൽനിന്ന്‌ പൂർണമായും മുക്തരാക്കുകയും നിത്യമായ സന്തോഷത്തിലേക്ക്‌ നയിക്കുകയും ചെയ്യും. (1 യോഹ. 5:3) ആ കാലത്തിനായി കാത്തിരിക്കവെ, നമ്മെ ബാധിക്കുന്ന സകല കഷ്ടങ്ങളെക്കുറിച്ചും യഹോവ ബോധവാനാണ്‌ എന്ന അറിവ്‌ നമുക്ക്‌ ആശ്വാസം പകരും. ദാവീദ്‌ എഴുതി: “ഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.” (സങ്കീ. 31:7) നമ്മെ അകമഴിഞ്ഞ്‌ സ്‌നേഹിക്കുന്ന യഹോവ ഈ കഷ്ടങ്ങളിൽനിന്നെല്ലാം നമ്മെ ഉടൻ വിടുവിക്കും.—സങ്കീ. 34:19.

18. ദൈവജനം സന്തോഷമുള്ളവരാണ്‌, എന്തുകൊണ്ട്‌?

18 ദിവ്യവാഗ്‌ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കുന്ന ഈ സമയത്ത്‌ നമുക്ക്‌ സന്തുഷ്ടദൈവമായ യഹോവയെ അനുകരിക്കാം. നിഷേധാത്മക ചിന്തകളാൽ മനസ്സുമടുത്ത്‌ നാം ആത്മീയമായി തളർന്നുപോകാൻ ഇടവരരുത്‌. പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോൾ നമ്മുടെ ചിന്താപ്രാപ്‌തിയും പ്രായോഗിക ബുദ്ധിയും നമ്മെ വഴിനയിക്കട്ടെ. നമ്മുടെ വൈകാരിക സമനില കൈവിട്ടുപോകാതെ കാക്കാൻ യഹോവയ്‌ക്കാകും. അതുപോലെ ദുരന്തങ്ങളുടെ വിനാശകഫലങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ പ്രായോഗിക നടപടികൾ സ്വീകരിക്കാനും അവൻ നമ്മെ സഹായിക്കും. അതുകൊണ്ട്‌ ഇപ്പോൾ നമുക്ക്‌ യഹോവയിൽനിന്നു വരുന്ന ഭൗതികവും ആത്മീയവുമായ നൽവരങ്ങൾ ആസ്വദിച്ച്‌ അതിൽ സന്തോഷിക്കാം. ദൈവത്തോട്‌ അടുത്തുനിൽക്കുന്നെങ്കിൽ നമുക്ക്‌ സന്തോഷമുള്ളവരായിരിക്കാൻ കഴിയും, കാരണം ‘യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളവരാണ്‌.’—സങ്കീ. 144:15.

നിങ്ങൾ എന്തു പഠിച്ചു?

• പ്രതികൂലസാഹചര്യങ്ങളെ നേരിടുമ്പോൾ നമുക്ക്‌ എങ്ങനെ യഹോവയെ അനുകരിക്കാനാകും?

• പ്രാതികൂല്യങ്ങളിൽ ന്യായബോധം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• വിഷമഘട്ടങ്ങളിൽപ്പോലും ദൈവേഷ്ടം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രങ്ങൾ]

സംഭവിച്ചുകൊണ്ടിരിക്കുന്ന സകല തിന്മകളും യഹോവയെ വേദനിപ്പിക്കുന്നു

[കടപ്പാട]

© G.M.B. Akash/Panos Pictures

[18-ാം പേജിലെ ചിത്രങ്ങൾ]

നാം സന്തോഷത്തോടെയിരിക്കുന്നതിനുള്ള മാർഗങ്ങൾ യഹോവ പ്രദാനം ചെയ്‌തിട്ടുണ്ട്‌