നിങ്ങൾക്ക് മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?
നിങ്ങൾക്ക് മാസിഡോണിയയിലേക്കു കടന്നുചെല്ലാമോ?
ഏഷ്യാമൈനറിലെ തുറമുഖപട്ടണമായ ത്രോവാസിൽവെച്ച് അപ്പൊസ്‌തലനായ പൗലോസിന് ഒരു ദർശനം ലഭിക്കുന്നു. മാസിഡോണിയക്കാരനായ ഒരു മനുഷ്യൻ അവനോട്, “മാസിഡോണിയയിലേക്ക് കടന്നുവന്ന് ഞങ്ങളെ സഹായിക്കേണമേ” എന്ന് അപേക്ഷിക്കുന്നു. പൗലോസിന് ഈ ദർശനം ലഭിച്ചശേഷം അവനും സഹയാത്രികരും ‘സുവിശേഷം ഘോഷിക്കാൻ ദൈവം അവരെ വിളിച്ചിരിക്കുന്നു എന്നു മനസ്സിലാക്കി അവിടേക്കു പുറപ്പെട്ടു.’ ഫലമോ? മാസിഡോണിയയിലെ ഒരു പ്രമുഖ നഗരമായ ഫിലിപ്പിയിൽ താമസിച്ചിരുന്ന ലുദിയയും അവളുടെ കുടുംബവും വിശ്വാസികളായിത്തീർന്നു. ആ റോമൻപ്രവിശ്യയിലെ മറ്റുള്ളവരും സത്യം സ്വീകരിച്ചു.—പ്രവൃ. 16:9-15.
ഇന്ന് യഹോവയുടെ സാക്ഷികൾക്കിടയിലും സമാനമായൊരു തീക്ഷ്‌ണത കാണാനാകും. രാജ്യപ്രസംഗകരുടെ ആവശ്യം ഏറെയുള്ള സ്ഥലങ്ങളിലേക്ക് സ്വന്തം ചെലവിൽ പലരും മാറിത്താമസിച്ചിട്ടുണ്ട്. ശുശ്രൂഷ വിപുലപ്പെടുത്താൻ ആഗ്രഹിച്ച ലിസ അങ്ങനെയൊരാളാണ്. അവൾ കാനഡയിൽനിന്ന് കെനിയയിലേക്ക് താമസംമാറ്റി. കാനഡക്കാരായ ട്രെവെറും എമിലിയും ശുശ്രൂഷ വിപുലമാക്കുകയെന്ന ലക്ഷ്യത്തിൽ മലാവിയിലേക്കാണ് പോയത്. ഇംഗ്ലണ്ടുകാരായ പോളും മാഗിയും റിട്ടയർചെയ്‌തതിനുശേഷം, യഹോവയുടെ സേവനത്തിൽ കൂടുതൽ പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തിൽ പൂർവാഫ്രിക്കയിലേക്ക് പോയി. ത്യാഗങ്ങൾ ചെയ്യാനുള്ള ഒരു മനസ്സ് നിങ്ങൾക്കുണ്ടോ? മറ്റൊരു സ്ഥലത്തേക്ക് ഇതുപോലെ താമസം മാറ്റുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? അങ്ങനെ സാധിക്കുമെങ്കിൽ പിൻവരുന്ന ചില ബൈബിൾ തത്ത്വങ്ങളും പ്രായോഗിക നിർദേശങ്ങളും പരിഗണിക്കുന്നത് അഭികാമ്യമായിരിക്കും.
എന്താണ് നിങ്ങളുടെ ലക്ഷ്യം?
ആദ്യമായി പരിഗണിക്കേണ്ടത് നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചുതന്നെയാണ്. “‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടുംകൂടെ സ്‌നേഹിക്കണം’” എന്നുള്ളതാണ് ഏറ്റവും വലിയ കൽപ്പന എന്ന് യേശു പറഞ്ഞു. അതുകൊണ്ട് ദൈവത്തോടുള്ള സ്‌നേഹവും ശിഷ്യരെ ഉളവാക്കുകയെന്ന മത്താ. 22:36-39; 28:19, 20) മറ്റൊരു നാട്ടിൽപോയി പ്രവർത്തിക്കുന്നതിന് കഠിനാധ്വാനവും ത്യാഗമനസ്ഥിതിയും ആവശ്യമാണ്. ഒരു വിദേശപര്യടനത്തിനു പോകുന്നപോലെയല്ല അത്. സ്‌നേഹമായിരിക്കണം നിങ്ങളെ അതിനു പ്രേരിപ്പിക്കുന്നത്. നമീബിയയിൽ സേവിക്കുന്ന നെതർലൻഡുകാരായ റെംകോയും സൂസനും ഇപ്രകാരം പറയുന്നു: “സ്‌നേഹം ഒന്നുമാത്രമാണ് ഞങ്ങളെ ഇവിടെ പിടിച്ചുനിറുത്തുന്നത്.”
നിയോഗം നിവർത്തിക്കാനുള്ള ആഗ്രഹവുമായിരിക്കണം വിദേശവയലിൽ പ്രവർത്തിക്കുന്നതിനുള്ള പ്രേരകങ്ങൾ. യേശു തുടർന്നു പറഞ്ഞു: “രണ്ടാമത്തേത് ഇതിനോടു സമം: ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.’” ആളുകളെ സഹായിക്കാൻ ആത്മാർഥമായി ശ്രമിക്കുമ്പോൾ നാം അയൽസ്‌നേഹം കാണിക്കുകയാണ്. (നമീബിയയിലെ സർക്കിട്ട് മേൽവിചാരകനായ വില്ലി പറയുന്നു: “മറ്റു സ്ഥലങ്ങളിൽപോയി താമസിച്ചിട്ടുള്ളവർ പ്രാദേശിക സഹോദരങ്ങളുടെ സഹായം പ്രതീക്ഷിച്ചുകൊണ്ടല്ല അങ്ങനെ ചെയ്‌തത്. മറിച്ച് അവരോടൊപ്പം സേവിക്കുക, പ്രസംഗവേലയിൽ അവരെ സഹായിക്കുക ഇതായിരുന്നു അവരുടെ ലക്ഷ്യം.”
അതുകൊണ്ട് നിങ്ങളുടെ ലക്ഷ്യമെന്താണെന്ന് വിലയിരുത്തിയശേഷം, സ്വയം ചോദിക്കുക: ‘ഒരു വിദേശവയലിൽ ഉപയോഗപ്രദമാകുന്ന എന്ത് പ്രാപ്‌തിയാണ് എനിക്കുള്ളത്? ഫലപ്രദനായൊരു ശുശ്രൂഷകനാണോ ഞാൻ? ഏതൊക്കെ ഭാഷകൾ സംസാരിക്കാൻ എനിക്കറിയാം? പുതിയൊരു ഭാഷ പഠിക്കാൻ എനിക്കു താത്‌പര്യമുണ്ടോ?’ മറ്റൊരു സ്ഥലത്തേക്ക് മാറുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളുമായി സഗൗരവം ചർച്ചചെയ്യുക. സഭയിലെ മൂപ്പന്മാരോട് അഭിപ്രായം ചോദിക്കുക. യഹോവയോട് ഇക്കാര്യം സംബന്ധിച്ച് പ്രാർഥിക്കേണ്ടതിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇങ്ങനെ സത്യസന്ധമായി കാര്യങ്ങളെ തൂക്കിനോക്കുന്നത്, ഒരു വിദേശ വയലിൽ സേവിക്കുകയെന്ന നിയോഗം ഏറ്റെടുക്കാനുള്ള പ്രാപ്‌തിയും ആത്മാർഥമായ ആഗ്രഹവും നിങ്ങൾക്കുണ്ടോയെന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.—“ സ്വയം വിലയിരുത്തുക” എന്ന ചതുരം കാണുക.
എവിടേക്ക്?
ഒരു ദർശനത്തിലൂടെയാണ് പൗലോസിന് മാസിഡോണിയയിലേക്ക് ക്ഷണം ലഭിച്ചത്. പൗലോസിനെ നയിച്ചതുപോലെ അത്ഭുതകരമായ ഒരു വിധത്തിൽ യഹോവ നമ്മെ നയിച്ചെന്നുവരില്ല. എന്നാൽ ഈ മാസികയിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ള പ്രദേശങ്ങളെക്കുറിച്ച് നാം വായിച്ചറിയുന്നു. അതുകൊണ്ട് ആദ്യംതന്നെ അത്തരം പ്രദേശങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഒരു പുതിയ ഭാഷ പഠിക്കാനോ വിദേശരാജ്യത്തു സ്ഥിരമായി താമസിക്കാനോ നിങ്ങൾക്ക് സാധിക്കില്ലെങ്കിൽ, ആ രാജ്യത്തെതന്നെ നിങ്ങൾക്കറിയാവുന്ന ഭാഷ സംസാരിക്കുന്ന ഒരു പ്രദേശത്ത് സേവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. അതിനുശേഷം വിസ, യാത്രാസൗകര്യം, സുരക്ഷിതത്വം, ജീവിതച്ചെലവ്, കാലാവസ്ഥ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുക. ഇതുപോലെ മാറിത്താമസിച്ചിട്ടുള്ളവരോട് അഭിപ്രായം ചോദിക്കുന്നത് സഹായകമായിരിക്കും. എപ്പോഴും പ്രാർഥനാപൂർവം കാര്യങ്ങൾ ചെയ്യുക. ‘ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കുന്നതിൽനിന്ന്’ പൗലോസിനെയും സഹകാരികളെയും ‘പരിശുദ്ധാത്മാവ് വിലക്കിയതായി’ ഓർക്കുക. പിന്നെ അവർ ബിഥുന്യക്കു പോകാൻ ശ്രമിച്ചെങ്കിലും “യേശുവിന്റെ ആത്മാവ് അവരെ തടഞ്ഞു.” ഇതുപോലെ നിങ്ങളുടെ സേവനം ആവശ്യമുള്ള സ്ഥലം ഏതാണെന്നു നിശ്ചയിക്കുന്നതിന് സമയം ആവശ്യമായി വന്നേക്കാം.—പ്രവൃ. 16:6-10.
ചില സാധ്യതകൾ ഇതിനോടകം നിങ്ങളുടെ മനസ്സിൽ ഉരുത്തിരിഞ്ഞിട്ടുണ്ടാകാം. ഒരു വിദേശരാജ്യത്ത് സേവിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങളുടെ പരിഗണനയിലുള്ള രാജ്യങ്ങളിലെ ബ്രാഞ്ച് ഓഫീസുകളിലേക്ക് എഴുതുക. നിങ്ങൾ മുമ്പ് ചെയ്‌തിട്ടുള്ളതും ഇപ്പോൾ ചെയ്യുന്നതുമായ ആത്മീയ പ്രവർത്തനങ്ങളെക്കുറിച്ചും, ഇനി എന്തെങ്കിലും സേവനപദവികൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ചും ഹ്രസ്വമായി വിവരിക്കുക. അതോടൊപ്പം ജീവിതച്ചെലവ്, താമസസൗകര്യം, ആശുപത്രി സൗകര്യങ്ങൾ, ജോലി സാധ്യതകൾ എന്നിവപോലുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് വിശേഷാൽ എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ അതും ഉൾപ്പെടുത്തുക. അതിനുശേഷം ആ കത്ത്/കത്തുകൾ നിങ്ങളുടെ സഭയിലെ സേവനക്കമ്മിറ്റിക്കു നൽകുക. അവരുടെ ശുപാർശയോടെ ആ കത്തുകൾ നിങ്ങൾ നിർദേശിച്ച ബ്രാഞ്ച് ഓഫീസുകളിലേക്ക് അവർ അയയ്‌ക്കുന്നതാണ്. ലഭിക്കുന്ന മറുപടികളിൽനിന്ന് ഏറ്റവും മെച്ചമായി പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കാൻ നിങ്ങൾക്കു സാധിച്ചേക്കും.
മേൽപരാമർശിച്ച വില്ലിയുടെ അഭിപ്രായം ശ്രദ്ധിക്കുക: “മാറിത്താമസിച്ചതിൽ വിജയം കണ്ടെത്തിയിട്ടുള്ളവർ സാധാരണയായി ചെയ്യുന്നത്, അവർ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന രാജ്യം ആദ്യമേ ഒന്ന് സന്ദർശിക്കുകയെന്നതാണ്. ആ യാത്രയിൽ, തങ്ങൾക്കിണങ്ങിയ പ്രദേശം കണ്ടെത്താനായി പല സ്ഥലങ്ങൾ അവർ സന്ദർശിക്കും. നഗരത്തിൽനിന്നു വളരെ ദൂരെയുള്ള ഒരു പ്രദേശം തങ്ങൾക്കുപറ്റിയതല്ലെന്ന് ഒരു ദമ്പതികൾ മനസ്സിലാക്കി. അതുകൊണ്ട് അവരുടെ സേവനം പ്രയോജനപ്പെടുത്താനാകുന്ന ചെറിയ ഒരു പട്ടണത്തിൽ അവർ താമസമാക്കി. പ്രതീക്ഷിച്ച ജീവിതനിലവാരവും അവർക്കവിടെ കണ്ടെത്താനായി.”
പുതിയ വെല്ലുവിളികൾ
ചിരപരിചിതമായ ചുറ്റുപാടുകളിൽനിന്ന് തീർത്തും അപരിചിതമായ സ്ഥലത്തേക്കുള്ള മാറ്റം ചില ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. “ഒറ്റപ്പെട്ടെന്ന തോന്നലാണ് ഏറ്റവും ദുഷ്‌കരം” എന്ന് നേരത്തെകണ്ട ലിസ പറയുന്നു. അതു തരണം ചെയ്യാൻ അവളെ സഹായിക്കുന്നത് എന്താണ്? പുതിയ സ്ഥലത്തെ സഭയോടൊത്ത് അടുത്തു സഹവസിക്കുന്നത്. എല്ലാവരുടെയും പേര് പഠിക്കാൻ അവൾ ശ്രമം ചെയ്‌തു. അതിനായി അവൾ യോഗങ്ങൾക്കു നേരത്തെ എത്തുകയും യോഗങ്ങൾ കഴിഞ്ഞശേഷം
കുറെസമയം സഹോദരങ്ങളോടു സംസാരിച്ചുകൊണ്ടുനിൽക്കുകയും ചെയ്യുമായിരുന്നു. അതുപോലെ, ശുശ്രൂഷയിൽ അവൾ മറ്റുള്ളവരോടൊപ്പം പ്രവർത്തിക്കുകയും പലരെയും വീട്ടിലേക്കു വിളിക്കുകയും ചെയ്‌തു. അങ്ങനെ പുതിയ സുഹൃത്തുക്കളെ കണ്ടെത്താൻ അവൾക്കായി. അവൾ പറയുന്നു. “ഞാൻ ചെയ്‌ത ത്യാഗങ്ങളെപ്രതി എനിക്കു ഖേദമില്ല. യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.”കുട്ടികളൊക്കെ മുതിർന്നശേഷം, പോളും മാഗിയും അവർ 30 വർഷം താമസിച്ച വീടുവിട്ടു മറ്റൊരു സ്ഥലത്തേക്കു പോയി. പോൾ പറയുന്നു: “ഉണ്ടായിരുന്ന സാധനങ്ങളൊക്കെ ഉപേക്ഷിക്കുക വിചാരിച്ചതിലും എളുപ്പമായിരുന്നു. എന്നാൽ കുടുംബത്തെ വിട്ടുപോരുന്നതിന്റെ വിഷമം പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു. വിമാനത്തിലിരുന്നു ഞങ്ങൾ ഒരുപാടു കരഞ്ഞു. ‘ഞങ്ങൾക്കിതൊന്നും സാധ്യമല്ല’ എന്നു ചിന്തിക്കാൻ വളരെ എളുപ്പമാണല്ലോ. പക്ഷേ ഞങ്ങൾ യഹോവയിൽ ആശ്രയിച്ചു. പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുന്നത് നിങ്ങളുടെ നിശ്ചയദാർഢ്യം ശക്തിപ്പെടുത്തുകയേയുള്ളൂ.”
കാനഡക്കാരായ ഗ്രെഗും ക്രിസ്റ്റലും നമീബിയയിലെ ഇംഗ്ലീഷ് വയലിലേക്കു പോയി. എന്നാൽ ഒരു പ്രാദേശിക ഭാഷ പഠിക്കുന്നത് പ്രയോജനം ചെയ്യുമെന്ന് പിന്നീട് അവർക്കു മനസ്സിലായി. “ഞങ്ങൾ നിരാശയിലായ ചില സാഹചര്യങ്ങളുണ്ട്. എന്നാൽ പ്രാദേശിക ഭാഷ പഠിച്ചതിനുശേഷം മാത്രമാണ് ആ നാട്ടിലെ സംസ്‌കാരം ഞങ്ങൾക്കു മനസ്സിലായത്. അവിടത്തെ സഹോദരങ്ങളോട് കൂടുതൽ അടുത്തത് പുതിയ ചുറ്റുപാടുമായി ഇണങ്ങിച്ചേരാൻ ഞങ്ങളെ സഹായിച്ചു.”
നമ്മുടെ താഴ്‌മയും മനസ്സൊരുക്കവും പ്രാദേശിക സഹോദരങ്ങളുടെമേൽ നല്ല പ്രഭാവം ചെലുത്തും. അയർലൻഡിലേക്കു താമസംമാറിവന്ന കുടുംബങ്ങളെക്കുറിച്ച് അവിടത്തുകാരിയായ ജെന്നി സ്‌നേഹത്തോടെ ഓർക്കുന്നു: “അതിഥിപ്രിയരായിരുന്നു അവരെല്ലാം.” “അവർ വന്നത് മറ്റുള്ളവരെ സേവിക്കാനാണ് അല്ലാതെ സേവിക്കപ്പെടാനല്ല. അവരുടെ തീക്ഷ്‌ണതയും സന്തോഷവും അതേ മാർഗം പിന്തുടരാൻ എന്നെയും പ്രേരിപ്പിച്ചു.” ജെന്നിയും ഭർത്താവും ഇപ്പോൾ മിഷനറിമാരായി ഗാംബിയയിൽ സേവിക്കുന്നു.
യഹോവയുടെ അനുഗ്രഹം ‘സമ്പത്തുണ്ടാക്കുന്നു’
പൗലോസിന്റെ ശുശ്രൂഷയിലെ അവിസ്‌മരണീയമായ ഒരേടായിരുന്നു മാസിഡോണിയയിലെ പ്രവർത്തനം. ഏതാണ്ട് പത്തുവർഷത്തിനുശേഷം, ഫിലിപ്പിയിലുള്ള സഹോദരന്മാർക്ക് അവൻ എഴുതി: “നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു നന്ദി നൽകുന്നു.”—ഫിലി. 1:3.
ഗിലെയാദ് സ്‌കൂളിലേക്കു ക്ഷണം ലഭിക്കുന്നതിനുമുമ്പ് ട്രെവറും എമിലിയും മലാവിയിൽ സേവിച്ചിരുന്നു. ആ കാലത്തെക്കുറിച്ച് അവർ ഓർമിക്കുന്നു: “ഞങ്ങളുടെ ഈ തീരുമാനം പാളിപ്പോയോ എന്നൊരു ചിന്ത വല്ലപ്പോഴും ഞങ്ങളെ പിടികൂടിയിരുന്നെങ്കിലും ഞങ്ങൾ സന്തുഷ്ടരായിരുന്നു. ഞങ്ങൾ പരസ്‌പരം ഒന്നുകൂടെ അടുക്കാൻ ഇത് അവസരമൊരുക്കി. യഹോവയുടെ അനുഗ്രഹം ഞങ്ങൾ അനുഭവിച്ചറിഞ്ഞു.” ഗ്രെഗും ക്രിസ്റ്റലും പറയുന്നു: “ഇതല്ലാതെ മറ്റൊന്നു ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാൻ ഞങ്ങൾക്കാവില്ല.”
എല്ലാവർക്കും ഒരു വിദേശ രാജ്യത്ത് പോയി സേവിക്കാൻ കഴിഞ്ഞെന്നുവരില്ല. ചിലർ സ്വന്തം രാജ്യത്തിനുള്ളിൽത്തന്നെ ആവശ്യം അധികമുള്ള പ്രദേശത്തേക്കു മാറിത്താമസിച്ചുകൊണ്ട് ശുശ്രൂഷ വിപുലമാക്കുന്നു. വീടിനടുത്തുള്ള മറ്റു സഭകളിൽ സേവിക്കാൻ ചിലർ മനസ്സുകാണിക്കുന്നു. പ്രധാനപ്പെട്ട കാര്യം യഹോവയെ സേവിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ്. (കൊലോ. 3:23) അങ്ങനെ ചെയ്‌താൽ പിൻവരുന്ന വാക്കുകൾ നിങ്ങളുടെ കാര്യത്തിലും അന്വർഥമാകും: “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.”—സദൃ. 10:22.
[5-ാം പേജിലെ ചതുരം/ചിത്രം]
സ്വയം വിലയിരുത്തുക
ഒരു വിദേശ വയലിൽ സേവിക്കാൻ നിങ്ങൾക്കു സാധിക്കുമോ എന്ന് വിലയിരുത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ സത്യസന്ധമായി, യാഥാർഥ്യബോധത്തോടെ, പ്രാർഥനാപൂർവം പരിചിന്തിക്കുക. വീക്ഷാഗോപുരത്തിന്റെ പഴയ ലക്കങ്ങളിലെ വിവരങ്ങൾ നിങ്ങളെ അതിനു സഹായിക്കും.
• ആത്മീയ കാഴ്‌ചപ്പാടുള്ള ഒരു വ്യക്തിയാണോ ഞാൻ?—“സന്തുഷ്ടിയിലേക്കുള്ള പടികൾ” (1997 ഒക്‌ടോബർ 15, പേജ് 6)
• ഫലപ്രദനായ ഒരു ശുശ്രൂഷകനാണോ ഞാൻ?—“പയനിയർ ശുശ്രൂഷയിൽ വിജയിക്കാനാകുന്ന വിധം” [1989 മേയ് 15, പേജ് 21, (ഇംഗ്ലീഷ്)]
• കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നും അകന്നു ജീവിക്കാൻ എനിക്കാകുമോ?—“ദൈവസേവനത്തിൽ ഗൃഹവിരഹദുഃഖത്തെ തരണംചെയ്യൽ” (1994 മേയ് 15, പേജ് 28)
• പുതിയൊരു ഭാഷ പഠിക്കാൻ എനിക്കാകുമോ?—“അന്യഭാഷാ സഭയോടൊത്ത് സേവിക്കൽ” (2006 മാർച്ച് 15, പേജ് 17)
• മാറിത്താമസിച്ചു പ്രവർത്തിക്കുന്നതിന് ആവശ്യമായ സാമ്പത്തികഭദ്രത എനിക്കുണ്ടോ? “നിങ്ങൾക്ക് ഒരു വിദേശ വയലിൽ സേവിക്കാനാകുമോ?” (1999 ഒക്‌ടോബർ 15, പേജ് 23)
[6-ാം പേജിലെ ചിത്രം]
നമ്മുടെ താഴ്‌മയും മനസ്സൊരുക്കവും പ്രാദേശിക സഹോദരങ്ങളുടെമേൽ നല്ല പ്രഭാവം ചെലുത്തും
[7-ാം പേജിലെ ചിത്രം]
മറ്റുള്ളവരെ സേവിക്കുക എന്ന ലക്ഷ്യമുള്ളവരാണ് വിജയം കണ്ടെത്തിയിട്ടുള്ളത്