വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിശിഹാ: ദൈവം തുറന്ന രക്ഷാമാർഗം!

മിശിഹാ: ദൈവം തുറന്ന രക്ഷാമാർഗം!

മിശിഹാ: ദൈവം തുറന്ന രക്ഷാമാർഗം!

“ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്‌തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.”—1 കൊരി. 15:22.

1, 2. (എ) യേശു ആരാണെന്നു മനസ്സിലാക്കിയ അന്ത്രെയാസും ഫിലിപ്പോസും പ്രതികരിച്ചത്‌ എങ്ങനെ? (ബി) യേശു, മിശിഹായാണെന്നതിന്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെക്കാൾ തെളിവുകൾ നമുക്കുണ്ട്‌ എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

“ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു” എന്ന്‌ അന്ത്രെയാസ്‌ സഹോദരനായ പത്രോസിനോട്‌ പറഞ്ഞപ്പോൾ അവന്റെ ആ വാക്കുകളിൽ നസറായനായ യേശു ദൈവത്തിന്റെ അഭിഷിക്തനാണെന്ന ബോധ്യം പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. മിശിഹായെ തിരിച്ചറിഞ്ഞ ഫിലിപ്പോസ്‌ കൂട്ടുകാരനായ നഥനയേലിനെ തേടിച്ചെന്ന്‌ അവനോടു പറഞ്ഞു: “മോശയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്‌തകങ്ങളിലും എഴുതപ്പെട്ടിരിക്കുന്നവനെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു; യോസേഫിന്റെ മകനായ നസറെത്തിൽനിന്നുള്ള യേശുവാണ്‌ അവൻ.”—യോഹ. 1:40, 41, 45.

2 വാഗ്‌ദത്ത മിശിഹായും യഹോവ നൽകിയിരിക്കുന്ന ‘രക്ഷാനായകനും’ യേശുവാണെന്ന്‌ നിങ്ങൾക്ക്‌ പൂർണബോധ്യമുണ്ടോ? (എബ്രാ. 2:10) യേശുവാണ്‌ മിശിഹാ എന്നതിന്‌ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികൾക്കു ലഭ്യമായിരുന്നതിനെക്കാൾ തെളിവുകൾ ഇന്ന്‌ നമുക്കുണ്ട്‌. യേശുവിന്റെ ജനനംമുതൽ പുനരുത്ഥാനംവരെയുള്ള കാര്യങ്ങളിലേക്ക്‌ വിരൽച്ചൂണ്ടിക്കൊണ്ട്‌, അവനാണ്‌ ക്രിസ്‌തു എന്നതിന്‌ ദൈവത്തിന്റെ നിശ്വസ്‌തവചനം തർക്കമറ്റ തെളിവുകൾ നിരത്തുന്നു. (യോഹന്നാൻ 20:30, 31 വായിക്കുക.) മിശിഹാ എന്ന നിലയിലുള്ള തന്റെ നിയോഗം യേശു സ്വർഗത്തിൽനിന്നു പൂർത്തീകരിക്കുമെന്നും ബൈബിൾ പറയുന്നു. (യോഹ. 6:40; 1 കൊരിന്ത്യർ 15:22 വായിക്കുക.) ഒരു ആത്മീയ അർഥത്തിൽ മിശിഹായെ കണ്ടെത്തിയിരിക്കുന്നുവെന്ന്‌ ഇന്ന്‌ നിങ്ങൾക്കും പറയാൻ കഴിയും. എന്നാൽ, “മിശിഹായെ കണ്ടെത്തിയിരിക്കുന്നു” എന്ന്‌ യേശുവിന്റെ ആദ്യകാല ശിഷ്യന്മാർക്ക്‌ പറയാൻ കഴിഞ്ഞത്‌ എന്തുകൊണ്ടെന്ന്‌ നമുക്കു നോക്കാം.

മിശിഹായെക്കുറിച്ചുള്ള “പാവനരഹസ്യം” ചുരുളഴിയുന്നു

3, 4. (എ) ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർക്ക്‌ മിശിഹായെ കണ്ടെത്താൻ കഴിഞ്ഞതെങ്ങനെ? (ബി) എല്ലാ മിശിഹൈക പ്രവചനങ്ങളും നിവർത്തിക്കാൻ യേശുവിന്‌ മാത്രമേ കഴിയുമായിരുന്നുള്ളൂ എന്ന്‌ നിങ്ങൾ പറയുന്നത്‌ എന്തുകൊണ്ട്‌?

3 യേശുവാണ്‌ മിശിഹായെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ അവന്റെ അനുഗാമികൾക്ക്‌ ഉറപ്പുണ്ടായിരുന്നത്‌ എന്തുകൊണ്ട്‌? വരാനിരിക്കുന്ന മിശിഹായെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ കാലാകാലങ്ങളിൽ യഹോവ പ്രവാചകന്മാരിലൂടെ നൽകിക്കൊണ്ടിരുന്നു. യഹോവ ഇതു ചെയ്‌തവിധം വിശദീകരിക്കുന്നതിന്‌ ഒരു ബൈബിൾ പണ്ഡിതൻ ഒരു ദൃഷ്ടാന്തം ഉപയോഗിക്കുകയുണ്ടായി. വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്ത്‌ ഒരു ശിൽപ്പം ഉണ്ടാക്കുന്നതിനോടാണ്‌ അദ്ദേഹം ഇതിനെ താരതമ്യം ചെയ്‌തത്‌. ഒരിക്കലും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ലാത്ത പല ആളുകൾ ഈ ശിൽപ്പത്തിന്റെ ഓരോ ഭാഗങ്ങൾ ഒരു മുറിയിലേക്കു കൊണ്ടുവരുന്നു. ആ ഭാഗങ്ങൾ കൂട്ടിയിണക്കുമ്പോൾ അത്‌ പിഴവറ്റ ഒരു പൂർണശിൽപ്പമായിത്തീരുന്നെങ്കിൽ നിങ്ങൾ എന്തു നിഗമനത്തിലെത്തും? ഓരോ ഭാഗത്തിന്റെയും അളവും ആകൃതിയും മറ്റും നിർണയിച്ച്‌ ഓരോരുത്തരുടെയും കയ്യിൽ നിശ്ചിത ഭാഗങ്ങൾ കൊടുത്തുവിട്ടതിന്റെ പിന്നിൽ ആരോ ഒരാൾ പ്രവർത്തിച്ചിരിക്കുന്നു! മിശിഹൈക പ്രവചനങ്ങൾ ഓരോന്നും ആ ശിൽപ്പത്തിന്റെ ഓരോ ഭാഗങ്ങൾപോലെയാണ്‌. അവ ഓരോന്നും മിശിഹായെ സംബന്ധിച്ച ഓരോ സുപ്രധാന വിവരങ്ങൾ നമുക്കു നൽകുന്നു.

4 മിശിഹായെ സംബന്ധിച്ച പ്രവചനങ്ങളെല്ലാം ഒരു വ്യക്തിയിൽ നിവൃത്തിയേറുന്നു! ഇത്‌ തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണെന്ന്‌ ചിന്തിക്കാൻ സാധിക്കുമോ? യാദൃച്ഛികമായി ഒരു വ്യക്തി സകല മിശിഹൈക പ്രവചനങ്ങളും നിവർത്തിച്ചതാകാനുള്ള സാധ്യത തീരെ ഇല്ല, അതുകൊണ്ട്‌ അങ്ങനെയൊരു ചോദ്യം ഉദിക്കുന്നില്ല എന്നുതന്നെ പറയാം, എന്നാണ്‌ ഒരു ബൈബിൾ ഗവേഷകൻ എഴുതിയത്‌. “ചരിത്രത്തിൽ യേശുവിന്‌, യേശുവിനുമാത്രമേ, ഈ പ്രവചനങ്ങളെല്ലാം നിവർത്തിക്കാൻ കഴിഞ്ഞുള്ളൂ.”

5, 6. (എ) സാത്താന്‌ എതിരെയുള്ള ന്യായവിധി നടപ്പാക്കുന്നത്‌ എങ്ങനെ? (ബി) വാഗ്‌ദത്ത സന്തതിയുടെ വംശാവലി യഹോവ വെളിപ്പെടുത്തിയത്‌ എങ്ങനെ?

5 മിശിഹൈക പ്രവചനങ്ങളുടെ കേന്ദ്രബിന്ദു ഒരു “പാവനരഹസ്യ”മായിരുന്നു. അത്‌ ബഹുമുഖമായതും ഓരോ വശത്തിനും സാർവത്രിക പ്രാധാന്യം ഉള്ളതുമായിരുന്നു. (കൊലോ. 1:26, 27; ഉല്‌പ. 3:15) മനുഷ്യവർഗത്തെ പാപത്തിലേക്കും മരണത്തിലേക്കും തള്ളിയിട്ട ‘പഴയ പാമ്പായ’ പിശാചായ സാത്താനെതിരെയുള്ള ന്യായവിധി ഈ പാവനരഹസ്യത്തിൽ മറഞ്ഞിരുന്നു. (വെളി. 12:9) ആ ന്യായവിധി എങ്ങനെയാണ്‌ നടപ്പാക്കുക? സാത്താന്റെ തല തകർക്കുന്ന ഒരു “സന്തതി” ഒരു “സ്‌ത്രീ”യിൽനിന്നു ജനിക്കുമെന്ന്‌ യഹോവ മുൻകൂട്ടിപ്പറഞ്ഞു. അവൻ സാത്താന്റെ തല തകർത്തുകൊണ്ട്‌ മത്സരത്തിന്റെയും രോഗത്തിന്റെയും മരണത്തിന്റെയും ആ കാരണത്തെ ഉന്മൂലനം ചെയ്യും. എന്നാൽ ഇതു ചെയ്യുന്നതിനുമുമ്പ്‌ ഒരു ആലങ്കാരിക അർഥത്തിൽ സാത്താൻ സ്‌ത്രീയുടെ ‘സന്തതിയുടെ’ കുതികാൽ തകർക്കുമായിരുന്നു, യഹോവയുടെ അനുമതിയോടെ.

6 ഈ വാഗ്‌ദത്ത “സന്തതി” ആരായിരിക്കുമെന്ന്‌ യഹോവ പടിപടിയായി വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ദൈവം അബ്രാഹാമിനോടു പറഞ്ഞു: “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്‌പ. 22:18) ഈ സന്തതി ഒരു ‘പ്രവാചകൻ’ ആയിരിക്കുമെന്ന്‌ മോശ രേഖപ്പെടുത്തുകയുണ്ടായി, അതെ, മോശയെക്കാൾ വലിയ ഒരു പ്രവാചകൻ. (ആവ. 18:18, 19) മിശിഹാ ദാവീദിന്റെ വംശജനായിരിക്കുമെന്നും എന്നേക്കും അവന്റെ സിംഹാസനത്തിൽ ഇരിക്കുമെന്നും ദൈവം ദാവീദിന്‌ ഉറപ്പുകൊടുത്തു. പിന്നീട്‌ പ്രവാചകന്മാർ അത്‌ സ്ഥിരീകരിക്കുകയും ചെയ്‌തു.—2 ശമൂ. 7:12, 16; യിരെ. 23:5, 6.

മിശിഹാ ആയിരിക്കാൻ യേശു യോഗ്യൻ

7. യേശു ദൈവത്തിന്റെ “സ്‌ത്രീ”യിൽനിന്നു വന്നു എന്നു പറയുന്നത്‌ ഏത്‌ അർഥത്തിലാണ്‌?

7 ആത്മസൃഷ്ടികളടങ്ങുന്ന ഭാര്യാസമാന സംഘടനയിൽനിന്ന്‌ തന്റെ ആദ്യസൃഷ്ടിയായ പുത്രനെ വാഗ്‌ദത്ത “സന്തതി”യായി യഹോവ ഭൂമിയിലേക്ക്‌ അയച്ചു. ഇതിനായി, ദൈവത്തിന്റെ ഏകജാതന്‌ സ്വർഗത്തിൽ “തനിക്കുള്ളതെല്ലാം വിട്ട്‌” ഒരു പൂർണമനുഷ്യനായി ജനിക്കേണ്ടിയിരുന്നു. (ഫിലി. 2:5-7; യോഹ. 1:14) മറിയയുടെമേൽ ‘പരിശുദ്ധാത്മാവ്‌ നിഴലിട്ടു’ എന്ന വസ്‌തുത അവളിൽനിന്നു ജനിക്കാനിരിക്കുന്ന ശിശു ‘വിശുദ്ധനും ദൈവത്തിന്റെ പുത്രനും’ ആണെന്നതിന്‌ ഉറപ്പുനൽകി.—ലൂക്കോ. 1:35.

8. സ്‌നാനമേറ്റപ്പോൾ യേശു മിശിഹൈക പ്രവചനം നിവർത്തിച്ചത്‌ എങ്ങനെ?

8 യേശു ജനിക്കുന്നത്‌ എവിടെയായിരിക്കുമെന്നും എപ്പോഴായിരിക്കുമെന്നും മിശിഹൈക പ്രവചനങ്ങൾ സൂചന നൽകിയിരുന്നു. പറഞ്ഞിരുന്നതുപോലെതന്നെ യേശു ബേത്ത്‌ലെഹെമിൽ ജനിച്ചു. (മീഖാ 5:2) മിശിഹായെക്കുറിച്ചുള്ള അന്നത്തെ യഹൂദജനതയുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരുന്നു. അത്യാകാംക്ഷനിമിത്തം ചിലർ യോഹന്നാൻ സ്‌നാപകനെക്കുറിച്ച്‌, “ഇവൻതന്നെയായിരിക്കുമോ ക്രിസ്‌തു?” എന്ന്‌ ആരായുകയുണ്ടായി. യോഹന്നാന്റെ മറുപടി ഇങ്ങനെയായിരുന്നു: “എന്നെക്കാൾ ശക്തനായവൻ വരുന്നു.” (ലൂക്കോ. 3:15, 16) എ.ഡി. 29-ലെ ശരത്‌കാലത്ത്‌ 30-ാമത്തെ വയസ്സിൽ യേശു യോഹന്നാനാൽ സ്‌നാനമേറ്റു, അങ്ങനെ കൃത്യസമയത്തുതന്നെ ‘മിശിഹാ പ്രത്യക്ഷനായി.’ (ദാനീ. 9:25) “നിശ്ചയിക്കപ്പെട്ട കാലം പൂർത്തിയായി; ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നുപറഞ്ഞുകൊണ്ട്‌ സംഭവബഹുലമായ തന്റെ ശുശ്രൂഷ യേശു ആരംഭിക്കുകയും ചെയ്‌തു.—മർക്കോ. 1:14, 15.

9. എല്ലാ വിശദാംശങ്ങളും അറിയില്ലായിരുന്നെങ്കിലും യേശുവിന്റെ ശിഷ്യന്മാർക്ക്‌ അവനെക്കുറിച്ച്‌ എന്തു ബോധ്യമുണ്ടായിരുന്നു?

9 എന്നാൽ യേശുവിനെക്കുറിച്ചുള്ള ആളുകളുടെ പ്രതീക്ഷകൾക്ക്‌ ഭേദഗതി ആവശ്യമായിരുന്നു. യേശുവിനെ അവർ രാജാവായി സ്വീകരിച്ചതും പ്രകീർത്തിച്ചതും ഉചിതമായിരുന്നെങ്കിലും അവന്റെ ഭരണം ഭാവിയിൽ വരാനിരിക്കുന്നതേയുള്ളുവെന്നും അത്‌ സ്വർഗത്തിൽനിന്നുള്ളതായിരിക്കുമെന്നും അപ്പോൾ അവർ പൂർണമായി മനസ്സിലാക്കിയിരുന്നില്ല. (യോഹ. 12:12-16; 16:12, 13; പ്രവൃ. 2:32-36) എങ്കിൽത്തന്നെയും, “ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്‌?” എന്ന്‌ യേശു ചോദിച്ചപ്പോൾ പത്രോസ്‌ യാതൊരു സന്ദേഹവുംകൂടാതെ, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാകുന്നു” എന്ന്‌ മറുപടി നൽകി. (മത്താ. 16:13-16) യേശുവിന്റെ ഒരു പ്രസ്‌താവന ഉൾക്കൊള്ളാനാവാതെ പലരും പിന്തിരിഞ്ഞുപോയപ്പോഴും പത്രോസ്‌ ഇതേ വിധത്തിൽ ഉത്തരം നൽകുകയുണ്ടായി.—യോഹന്നാൻ 6:68, 69 വായിക്കുക.

മിശിഹായെ സ്വീകരിക്കുക

10. തന്റെ പുത്രനെ ‘ശ്രദ്ധിക്കുവിൻ’ എന്ന്‌ യഹോവ ഊന്നിപ്പറഞ്ഞത്‌ എന്തുകൊണ്ട്‌?

10 ശക്തനായ ഒരു ആത്മസൃഷ്ടിയായി ദൈവത്തിന്റെ ഈ ഏകജാതപുത്രൻ സ്വർഗത്തിൽ വസിച്ചിരുന്നു. ഭൂമിയിൽവന്നപ്പോൾ അവൻ ‘പിതാവിന്റെ വക്താവായിരുന്നു.’ (യോഹ. 16:27, 28) അവൻ പറഞ്ഞു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹ. 7:16) യേശു, മിശിഹായാണെന്ന്‌ സ്ഥിരീകരിച്ചുകൊണ്ട്‌ രൂപാന്തരണസമയത്ത്‌, “ഇവനു ശ്രദ്ധകൊടുക്കുവിൻ” എന്ന്‌ യഹോവ അരുളിച്ചെയ്‌തു. (ലൂക്കോ. 9:35) അതെ, താൻ തിരഞ്ഞെടുത്തവനെ അനുസരിക്കാനാണ്‌ ദൈവം ആവശ്യപ്പെടുന്നത്‌. ഇതിന്‌ വിശ്വാസവും അതിനുചേർന്ന പ്രവൃത്തികളും ആവശ്യമായിരുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും നിത്യജീവൻ നേടുന്നതിനും ഇവ രണ്ടും അനിവാര്യമാണ്‌.—യോഹ. 3:16, 35, 36.

11, 12. (എ) ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ മിശിഹായെ തിരസ്‌കരിച്ചതിന്റെ കാരണങ്ങൾ ഏവ? (ബി) ആരൊക്കെ യേശുവിൽ വിശ്വസിച്ചു?

11 യേശു, മിശിഹാ ആയിരുന്നു എന്നതിന്‌ എണ്ണമറ്റ തെളിവുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നാം നൂറ്റാണ്ടിലെ യഹൂദരിൽ ഭൂരിപക്ഷവും അവനെ തിരസ്‌കരിക്കുകയാണു ചെയ്‌തത്‌. എന്തായിരുന്നു കാരണം? അവർക്കു മിശിഹായെക്കുറിച്ച്‌ അവരുടേതായ ചില കാഴ്‌ചപ്പാടുകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌, റോമാക്കാരുടെ അധീനതയിൽനിന്ന്‌ രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിത്തരുന്ന ഒരു “മിശിഹാ”യെ ആണ്‌ അവർ പ്രതീക്ഷിച്ചിരുന്നത്‌. (യോഹന്നാൻ 12:34 വായിക്കുക.) അതുകൊണ്ടുതന്നെ, “മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും (അവൻ) ഇരുന്നു . . . അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു” എന്ന പ്രവചനം നിവർത്തിച്ച ഒരു മിശിഹായെ അവർക്ക്‌ ഉൾക്കൊള്ളാനായില്ല. (യെശ. 53:3, 5) യേശു ഒരു രാഷ്‌ട്രീയ വിടുതൽ നേടിക്കൊടുക്കാഞ്ഞതിൽ അവന്റെ ശിഷ്യന്മാരിൽ ചിലർക്കുപോലും നിരാശതോന്നി. എങ്കിലും അവർ വിശ്വസ്‌തതയോടെ അവനെ പിന്തുടർന്നു, സമയം വന്നപ്പോൾ അവർക്ക്‌ കൃത്യമായ ഗ്രാഹ്യം ലഭിക്കുകയും ചെയ്‌തു.—ലൂക്കോ. 24:21.

12 യേശു തിരസ്‌കരിക്കപ്പെട്ടതിന്റെ മറ്റൊരു കാരണം അവന്റെ ഉപദേശങ്ങളായിരുന്നു. പലർക്കും അവ ‘കഠിനവാക്കുകളായി’ തോന്നി. ദൈവരാജ്യത്തിൽ കടക്കുന്നതിന്‌, തന്റെ ‘മാംസരക്തങ്ങൾ ഭക്ഷിക്കണം,’ ‘വീണ്ടും ജനിക്കണം,’ ‘തന്നെത്തന്നെ ത്യജിക്കണം,’ ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കണം’ എന്ന്‌ യേശു പഠിപ്പിച്ചു. (മർക്കോ. 8:34; യോഹ. 3:3; 6:53; 17:14, 16) അഹങ്കാരികളും ധനികരും കപടനാട്യക്കാരുമായ ആളുകൾക്ക്‌ ഈ നിബന്ധനകൾ പാലിക്കുക ദുഷ്‌കരമായിത്തോന്നി. എന്നാൽ താഴ്‌മയുള്ള യഹൂദന്മാർ യേശുവിനെ മിശിഹായായി സ്വീകരിച്ചു. ‘ഈ മനുഷ്യൻ നിശ്ചയമായും ലോകരക്ഷകനാണെന്നു ഞങ്ങൾ അറിയുന്നു’ എന്ന്‌ പറഞ്ഞുകൊണ്ട്‌ ചില ശമര്യക്കാരും അവനെ അംഗീകരിച്ചു.—യോഹ. 4:25, 26, 41, 42; 7:31.

13. ആലങ്കാരികമായി യേശുവിന്റെ കുതികാൽ തകർക്കപ്പെട്ടത്‌ എങ്ങനെ?

13 മുഖ്യപുരോഹിതന്മാർ തന്നെ കുറ്റംവിധിക്കുമെന്നും വിജാതീയർ തന്നെ സ്‌തംഭത്തിലേറ്റുമെന്നും, എന്നാൽ മൂന്നാം ദിവസം താൻ ഉയിർത്തെഴുന്നേൽക്കുമെന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 20:17-19) സൻഹെദ്രിമിനുമുമ്പാകെ അവൻ “ദൈവപുത്രനായ ക്രിസ്‌തു”വാണെന്ന്‌ സമ്മതിച്ചത്‌ ദൈവദൂഷണമായി വ്യാഖ്യാനിക്കപ്പെട്ടു. (മത്താ. 26:63-66) പീലാത്തൊസ്‌ അവനിൽ “മരണാർഹമായതൊന്നും” കണ്ടില്ലെങ്കിലും യേശു ജനത്തെ കലാപത്തിനു പ്രേരിപ്പിക്കുന്നു എന്ന്‌ യഹൂദന്മാർ ആരോപിച്ചിരുന്നതിനാൽ അവൻ ‘യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു.’ (ലൂക്കോ. 23:13-15, 25) ദൈവത്താൽ അയയ്‌ക്കപ്പെട്ടവനാണെന്നതിന്‌ തെളിവുകൾ അനവധിയായിരുന്നിട്ടും അവർ അവനെ ‘തള്ളിപ്പറയുകയും’ ആ “ജീവനായകനെ” കൊന്നുകളയാൻ കുതന്ത്രങ്ങൾ മനയുകയും ചെയ്‌തു. (പ്രവൃ. 3:13-15) എ.ഡി. 33-ലെ പെസഹാനാളിൽ അവനെ സ്‌തംഭത്തിലേറ്റി കൊന്നപ്പോൾ, പ്രവചിച്ചിരുന്നതുപോലെ മിശിഹാ ‘ഛേദിക്കപ്പെട്ടു.’ (ദാനീ. 9:26, 27; പ്രവൃ. 2:22, 23) ഈ ക്രൂരമരണമാണ്‌ ഉല്‌പത്തി 3:15-ൽ പ്രവചിച്ചിരുന്ന ‘കുതികാൽ തകർക്കൽ.’

മിശിഹാ മരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

14, 15. (എ) ഏതു രണ്ടുകാരണങ്ങളാലാണ്‌ യേശു മരിക്കാൻ യഹോവ അനുവദിച്ചത്‌? (ബി) പുനരുത്ഥാനശേഷം യേശു എന്തുചെയ്‌തു?

14 യേശു മരിക്കാൻ യഹോവ അനുവദിച്ചതിന്‌ രണ്ടു പ്രധാനകാരണങ്ങളുണ്ട്‌. ഒന്ന്‌, ‘പാവന രഹസ്യത്തിന്റെ’ ഭാഗമായ ഒരു സുപ്രധാന വിവാദവിഷയത്തിനുള്ള ഉത്തരമായിരുന്നു മരണത്തോളമുള്ള അവന്റെ വിശ്വസ്‌തത. ഒരു പൂർണമനുഷ്യന്‌ സാത്താൻ കൊണ്ടുവരുന്ന ഏറ്റവും കഠിനമായ പരിശോധനകളിന്മധ്യേയും “ദൈവഭക്തി” മുറുകെപ്പിടിക്കാനും ദൈവത്തിന്റെ പരമാധികാരത്തിനുവേണ്ടി നിലകൊള്ളാനും കഴിയുമെന്ന്‌ ഒരിക്കലും ചോദ്യംചെയ്യപ്പെടാനിടയില്ലാത്ത വിധത്തിൽ യേശു തെളിയിച്ചു. (1 തിമൊ. 3:16) രണ്ടാമത്തെ കാരണം യേശുവിന്റെ വാക്കുകളിൽനിന്നുതന്നെ നമുക്കു മനസ്സിലാക്കാം: ‘മനുഷ്യപുത്രൻ വന്നത്‌ അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാനത്രേ.’ (മത്താ. 20:28) യേശു കൊടുത്ത ഈ “തത്തുല്യമറുവില” ആദാമിൽനിന്ന്‌ അവന്റെ സന്തതികൾക്കു കൈമാറിക്കിട്ടിയ പാപത്തിന്‌ പ്രായശ്ചിത്തമായി ഉതകി. അങ്ങനെ ദൈവം നൽകിയിരിക്കുന്ന രക്ഷാമാർഗമായി യേശുവിനെ അംഗീകരിക്കുന്ന സകലർക്കും നിത്യജീവൻ ലഭിക്കാൻ വഴിയൊരുങ്ങുകയും ചെയ്‌തു.—1 തിമൊ. 2:5, 6.

15 മൂന്നുദിവസത്തിനുശേഷം ക്രിസ്‌തു ഉയിർത്തെഴുന്നേൽക്കുകയും പിന്നീട്‌ 40 ദിവസം, ശിഷ്യന്മാർക്ക്‌ പ്രത്യക്ഷനായിക്കൊണ്ട്‌ താൻ ജീവിച്ചിരിക്കുന്നുവെന്നതിന്‌ തെളിവുനൽകുകയും അവർക്ക്‌ കൂടുതലായ നിർദേശങ്ങൾ കൊടുക്കുകയും ചെയ്‌തു. (പ്രവൃ. 1:3-5) പിന്നീട്‌ അവൻ, തന്റെ വിലയേറിയ യാഗത്തിന്റെ മൂല്യം യഹോവയുടെ സന്നിധിയിൽ സമർപ്പിക്കാൻ സ്വർഗത്തിലേക്ക്‌ കയറിപ്പോകുകയും മിശിഹൈക രാജാവായുള്ള തന്റെ സാന്നിധ്യം തുടങ്ങുന്ന കാലത്തിനായി കാത്തിരിക്കുകയും ചെയ്‌തു. ആ സമയത്ത്‌ അവന്‌ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.

മിശിഹാ എന്ന നിലയിലുള്ള തന്റെ ഭാഗധേയം പൂർത്തിയാക്കുന്നു

16, 17. സ്വർഗാരോഹണം ചെയ്‌തശേഷം മിശിഹാ എന്ന തന്റെ ഭാഗധേയം യേശു നിർവഹിക്കുന്നത്‌ എങ്ങനെ?

16 പുനരുത്ഥാനശേഷം ഇന്നോളം, താൻ രാജാവായി ഭരിക്കുന്ന ക്രിസ്‌തീയ സഭയുടെ പ്രവർത്തനങ്ങൾക്ക്‌ യേശു വിശ്വസ്‌തതയോടെ മേൽനോട്ടം വഹിച്ചിരിക്കുന്നു. (കൊലോ. 1:13) നിയമിത സമയത്ത്‌, ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിലുള്ള അധികാരം അവൻ മറ്റു മേഖലകളിലും പ്രയോഗിച്ചുതുടങ്ങി. രാജാവായുള്ള യേശുവിന്റെ സാന്നിധ്യവും ‘യുഗസമാപ്‌തിയും’ 1914-ൽ ആരംഭിച്ചുവെന്ന്‌ ബൈബിൾ പ്രവചനങ്ങളും അതുപോലെ ലോകസംഭവങ്ങളും തെളിയിക്കുന്നു. (മത്താ. 24:3; വെളി. 11:15) അതിനുശേഷം അധികം വൈകാതെ, യേശുവും അവന്റെ വിശുദ്ധദൂതന്മാരുംചേർന്ന്‌ സാത്താനെയും അവന്റെ ദൂതന്മാരെയും സ്വർഗത്തിൽനിന്ന്‌ എറിഞ്ഞുകളഞ്ഞു.—വെളി. 12:7-10.

17 എ.ഡി. 29-ൽ യേശു തുടക്കമിട്ട പ്രസംഗ-പഠിപ്പിക്കൽ വേല അതിന്റെ പാരമ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌. ഉടൻതന്നെ ജീവനുള്ള സകലതിനെയും അവൻ ന്യായംവിധിക്കും. അപ്പോൾ അവൻ ചെമ്മരിയാടുതുല്യരായ ആളുകളോട്‌, അതായത്‌ യഹോവ നൽകിയിരിക്കുന്ന രക്ഷാമാർഗമായി തന്നെ അംഗീകരിക്കുന്ന ആളുകളോട്‌, “ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുവിൻ” എന്നു പറയും. (മത്താ. 25:31-34, 41) എന്നാൽ രാജാവായി യേശുവിനെ അംഗീകരിക്കാത്തവരെ സംബന്ധിച്ചെന്ത്‌? തന്റെ സ്വർഗീയ സൈന്യവുമായി സകല ദുഷ്ടതയും തുടച്ചുനീക്കാൻ വരുമ്പോൾ അവൻ അവരെ നശിപ്പിച്ചുകളയും. അതിനുശേഷം, സാത്താനെ ബന്ധനസ്ഥനാക്കി അവനെയും അവന്റെ ഭൂതഗണങ്ങളെയും യേശു ‘അഗാധത്തിലേക്ക്‌’ എറിയും.—വെളി. 19:11-14; 20:1-3.

18, 19. മിശിഹാ എന്ന നിലയിൽ യേശു എന്തൊക്കെ ചെയ്യും, അത്‌ അനുസരണമുള്ള മനുഷ്യവർഗത്തിന്‌ എന്തെല്ലാം അനുഗ്രഹങ്ങൾ സമ്മാനിക്കും?

18 ആയിരംവർഷ വാഴ്‌ചക്കാലത്ത്‌, അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്‌, സമാധാനപ്രഭു തുടങ്ങി തന്റെ എല്ലാ പദവികളോടും അവയുടെ മുഴു അർഥത്തിലും യേശു നീതിപുലർത്തും. (യെശ. 9:6, 7) പുനരുത്ഥാനത്തിൽ വരുന്നവർ ഉൾപ്പെടെ എല്ലാ മനുഷ്യരും ഈ രാജ്യഭരണത്തിൻകീഴിൽ പൂർണതയിലേക്ക്‌ വരുത്തപ്പെടും. (യോഹ. 5:26-29) അനുസരണമുള്ള മനുഷ്യരെ, മിശിഹാ “ജീവജലത്തിന്റെ ഉറവുകളിലേക്ക്‌” നയിക്കും. സമാധാനപൂർണമായ ഒരു ബന്ധം യഹോവയുമായി ആസ്വദിക്കാൻ അത്‌ അവരെ പ്രാപ്‌തരാക്കുകയും ചെയ്യും. (വെളിപാട്‌ 7:16, 17 വായിക്കുക.) അന്തിമ പരിശോധനയ്‌ക്കുശേഷം, സാത്താനും അവന്റെ ദൂതന്മാരും ഉൾപ്പെടെ എല്ലാ മത്സരികളെയും “ഗന്ധകത്തീപ്പൊയ്‌കയിലേക്ക്‌” തള്ളിയിടും. ‘സർപ്പത്തിന്റെ’ തല അങ്ങനെ തകർക്കപ്പെടും.—വെളി. 20:10.

19 മിശിഹാ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വം യേശു എത്ര ഭംഗിയായും കുറ്റമറ്റരീതിയിലുമാണ്‌ നിർവഹിക്കുന്നത്‌! ഭാവിയിൽ ഒരു പറുദീസയായിത്തീരുന്ന ഭൂമി വീണ്ടെടുക്കപ്പെട്ട മനുഷ്യരെക്കൊണ്ട്‌ നിറയും; അവർ പൂർണ ആരോഗ്യത്തോടും സന്തോഷത്തോടുംകൂടെ എന്നേക്കും ജീവിക്കും. യഹോവയുടെ പവിത്രനാമത്തിന്മേൽവീണ സകല കളങ്കവും പൂർണമായി തുടച്ചുനീക്കപ്പെട്ടിരിക്കും, മുഴുപ്രപഞ്ചത്തിന്മേലുമുള്ള അവന്റെ പരമാധികാരം തികച്ചും ശരിയെന്ന്‌ എല്ലാ അർഥത്തിലും തെളിയിക്കപ്പെട്ടിരിക്കും. ദൈവത്തിന്റെ അഭിഷിക്തനെ അനുസരിക്കുന്ന ഏവർക്കുമായി കരുതിവെച്ചിരിക്കുന്നത്‌ എത്ര മഹത്തായ ഒരു പൈതൃകമാണ്‌!

നിങ്ങൾ മിശിഹായെ കണ്ടെത്തിയോ?

20, 21. മിശിഹായെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ നിങ്ങൾക്ക്‌ എന്തെല്ലാം കാരണങ്ങളുണ്ട്‌?

20 ക്രിസ്‌തുവിന്റെ പറൂസിയയുടെ അഥവാ സാന്നിധ്യത്തിന്റെ കാലത്താണ്‌ നാം ജീവിക്കുന്നത്‌. 1914-ൽ അത്‌ ആരംഭിച്ചുവെന്ന്‌ നാം കണ്ടുകഴിഞ്ഞു. ദൈവരാജ്യത്തിന്റെ രാജാവായ അവന്റെ സാന്നിധ്യം നമുക്കു ദൃശ്യമല്ലെങ്കിലും, ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി അവന്റെ രാജത്വത്തിന്‌ ഈടുറ്റ തെളിവുകൾ നൽകുന്നു. (വെളി. 6:2-8) പക്ഷേ, ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരുടെ കാര്യത്തിൽ സംഭവിച്ചതുതന്നെയാണ്‌ ഇന്നും സംഭവിക്കുന്നത്‌—മിശിഹായുടെ സാന്നിധ്യം വ്യക്തമാക്കുന്ന തെളിവുകൾ ഭൂരിപക്ഷംപേരും അവഗണിക്കുന്നു. ഇവർക്കും ആവശ്യം ‘രാഷ്‌ട്രീയക്കാരനായ’ ഒരു മിശിഹായെയാണ്‌, ചുരുങ്ങിയപക്ഷം മനുഷ്യഭരണത്തിൽ ഇടപെട്ടു പ്രവർത്തിക്കുന്ന ഒരു മിശിഹായെ. എന്നാൽ ദൈവരാജ്യത്തിന്റെ രാജാവായി യേശു ഇപ്പോൾ ഭരിക്കുന്നുവെന്ന്‌ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ഇതു മനസ്സിലാക്കിയപ്പോഴുണ്ടായ സന്തോഷത്തിൽ, ‘ഞാൻ മിശിഹായെ കണ്ടെത്തിയിരിക്കുന്നു’ എന്നു ഘോഷിക്കാൻ നിങ്ങൾ പ്രേരിതനായില്ലേ?

21 സത്യത്തെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കുമ്പോൾ മിശിഹാ എന്ന നിലയിൽ യേശു ചെയ്‌തതും ചെയ്‌തുകൊണ്ടിരിക്കുന്നതും ചെയ്യാൻപോകുന്നതുമായ കാര്യങ്ങളെക്കുറിച്ചു നിങ്ങൾ എടുത്തുപറയാറുണ്ടോ? അങ്ങനെ ചെയ്യുന്നെങ്കിൽ അവനോടുള്ള നിങ്ങളുടെ ആദരവും വിലമതിപ്പും തീർച്ചയായും വർധിക്കും. അന്ത്രെയാസിനെയും ഫിലിപ്പോസിനെയും പോലെ നിങ്ങൾ ബന്ധുക്കളോടും കൂട്ടുകാരോടും മിശിഹായെക്കുറിച്ചു സംസാരിച്ചിട്ടുണ്ടാകും എന്നതിനു സംശയമില്ല. എന്നിരുന്നാലും ഒരു പുത്തനുണർവോടെ യേശുക്രിസ്‌തുവാണ്‌ വാഗ്‌ദത്ത മിശിഹാ, ദൈവം നൽകിയിരിക്കുന്ന രക്ഷാമാർഗം എന്ന്‌ അവരോട്‌ വീണ്ടും പറയരുതോ?

വിശദീകരിക്കാമോ?

• ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർക്ക്‌ മിശിഹായെ കണ്ടെത്താൻ കഴിഞ്ഞത്‌ എങ്ങനെ?

• യേശു മരിക്കേണ്ടിയിരുന്നതിന്റെ രണ്ടു പ്രധാനകാരണങ്ങൾ ഏവ?

• മിശിഹാ എന്ന നിലയിൽ യേശുവിന്‌ ഇനി എന്തൊക്കെ നിവർത്തിക്കാനുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രങ്ങൾ]

യേശുവാണ്‌ വാഗ്‌ദത്ത മിശിഹായെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ ആളുകൾക്ക്‌ പറയാൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

[23-ാം പേജിലെ ചിത്രം]

മറ്റുള്ളവരോടു സംസാരിക്കുമ്പോൾ മിശിഹാ എന്ന നിലയിൽ യേശു നിർവഹിക്കുന്ന പങ്കിനെ വിശേഷാൽ നിങ്ങൾ എടുത്തുപറയാറുണ്ടോ?